Thursday 21 October 2010

വിശ്വാസത്തിന്‍റെ വോട്ടുശാസ്ത്രം

കുഞ്ഞാടുകളേ, വിശ്വാസം അതാണല്ലോ എല്ലാം. നിങ്ങളുടെ ഇടയന്മാര്‍ക്കുള്ള അപ്പം, വീഞ്ഞ്, പുട്ട്, കടല, ടച്ചിങ്സ് തുടങ്ങിയ സകല ഐറ്റം‌സിന്‍റെയും സ്രോതസ് വിശ്വാസമാണെന്നുള്ളത് മറക്കരുത്. അതുകൊണ്ട് മേല്പ്പറഞ്ഞ ചരക്കുകളുടെ സ്പ്പ്‌ളൈ ലൈന്‍ മാക്സിമം ക്ലീയറാക്കി നിലനിര്‍ത്താന്‍ നിങ്ങളുടെ ഓരോ വോട്ടും വിശ്വാസികള്‍ക്ക്. അവിശ്വാസി കുശ്മാണ്ഠങ്ങളെ ഒറ്റപ്പെടുത്തുക. അമിതോപയോഗം മൂലം കുഞ്ഞാടുകളുടെ ചിന്താശേഷിക്ക് തേയ്മാനം സം‌ഭവിക്കുന്നതില്‍ ഞങ്ങള്‍ അതീവ ഉല്‍‌ക്കണ്ഠാകുലരാണ്. അതുകൊണ്ട് ജനാധിപത്യം എങ്ങനെയായിരിക്കണം രാഷ്ട്രീയക്കാര്‍ എങ്ങനെ ഭരിക്കണം തുടങ്ങിയ ഭാരിച്ച കാര്യങ്ങളൊക്കെ ഞങ്ങള്‍ തീരുമാനമെടുത്ത് കുഞ്ഞാടുകളെ അറിയിക്കും. ശവമടക്ക് പള്ളിപ്പറമ്പില്‍ വേണമെന്ന് ആഗ്രഹമുള്ള സകല കൂതറകളും റാന്‍ മൂളിക്കൊള്ളണം. നയവ്യക്തതക്കായി‍ ഒരു സാമ്പിള്‍ സ്ഥനാര്‍‌ത്ഥിപ്പട്ടിക താഴെ കൊടുക്കുന്നു.‍ കശ്മലന്മാര്‍ അവിശ്വാസിയാണോ വിശ്വാസിയാണോ എന്നുള്ളത് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്റു (അവിശ്വാസി) vs നാഥുറാം വിനായക് ഗോഡ്സെ (വിശ്വാസി)

പെരിയാര്‍ ഇ വി രാമസ്വാമി (അവി) vs ബാല്‍‌താക്കറേ (വി)

വി എസ് അച്ചുതാനന്ദന്‍ (അവി) vs നരേന്ദ്രമോഡി (വി)

ഭഗത് സിംഗ്(അവി) vs തടിയന്‍റവിട നസീര്‍ (വി)

ക്യാപ്റ്റന്‍ ലക്ഷ്മി (അവി) vs സന്തോഷ് മാധവന്‍ (വി)

അമര്‍ത്യ സെന്‍ (അവി) vs സ്വാമി നിത്യാനന്ദ (വി)

തസ്ലിമ നസ്രീന്‍ (അവി) vs അജ്മല്‍ അമീര്‍ കസബ് (വി)

ഏര്‍‌ണസ്റ്റ് ഹെമിങ്‌വേ (അവി) vs ഒസാമ ബിന്‍ ലാദന്‍ (വി)

സഹോദരന്‍ അയ്യപ്പന്‍ (അവി) vs ഫാദര്‍ ജോസ് പുതൃക്കയില്‍ (വി)

സ്റ്റീഫന്‍ ഹാവ്‌ക്കിങ് (അവി) vs തോമസ് കോട്ടൂര്‍ (വി)

അരുന്ധതി റോയ് (അവി) vs സിസ്റ്റര്‍ സെഫി (വി)



മേല്‍ക്കൊടുത്ത മാതൃകയില്‍ ഹോം‌വര്‍ക്ക് ചെയ്തു പരിശീലിച്ച് കുഞ്ഞാടുകള്‍ എല്ലാ വിശ്വാസി മഹാരഥന്മാരെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ആക്രോശിക്കുകയും വെന്തിങ്ങ കൊന്ത കുരിശ് ചെസ്റ്റിലെയും തൈസിലെയും കട്ടിങ്ങ്‌സ് എന്നിവ കാട്ടി വിരട്ടുകയും ചെയ്തുകൊണ്ട് നിങ്ങളുടെ സ്വന്തം ഇടയന്മാര്‍.
വിശ്വാസം അതാണു മക്കളേ എല്ലാം..

Monday 4 October 2010

അമ്മായി ഗൈഡന്‍സ്

അവധിക്ക് നാട്ടില്‍ പോയി വന്നതാണ്. മലയാളനാട്ടില്‍ മലയോളം വളര്‍ന്ന (മ..ല.. മല തന്നെ) കരിയര്‍ ഗൈഡന്‍സ് പ്രസ്ഥാനങ്ങള്‍ കൈവരിച്ചിരിക്കുന്ന വമ്പിച്ച പുരോഗതി കണ്ട് അന്തം‌വിട്ട ഈ അജ്ഞാനി ബ്ലോഗര്‍ തന്‍റെ അമ്പരപ്പ് സഹബ്ലോഗര്‍‌മാരുമായി പങ്കു വെച്ച് പണ്ടാറടങ്ങുന്നു. അനാദികാലം മുതല്‍ മനുഷ്യകുലത്തിലെ പൊടിമീശക്കാരായ ഇളമുറച്ചാത്തന്മാരെ 'വിദ്യ' അഭ്യസിപ്പിക്കുന്നതില്‍ ലൊക്കാലിറ്റിയിലെ അമ്മായിമാര്‍ക്കുള്ള അതിവിശേഷവും മധുരമനോജ്ഞവുമായ വിരുതിന്‍റെ പരമപ്രാധാന്യം മനസ്സിലാക്കാതെ, കരിയര്‍ ഗൈഡന്‍സ് എന്നാല്‍ മറ്റെന്തോ മാങ്ങാത്തൊലിയാണെന്ന് തെറ്റിദ്ധരിച്ച അവിവേകിയായ ഈ ബ്ലോഗര്‍ പണ്ട് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ അപ്പാവിയുടെ തെറ്റിന് ഒറ്റ പെട്ട മുലച്ചികളായ അഖിലാണ്ഡമണ്ഡല അമ്മായിദൈവങ്ങളേ.. മാപ്പ്.. മാപ്പ്..

Tuesday 27 July 2010

പൊതുസമൂഹം മന്ദബുദ്ധികളല്ല

ഈയുള്ളവനൊരു ഹൈന്ദവനാണ്(സര്‍ട്ടിഫിക്കറ്റിലെങ്കിലും). എന്‍റെ കുടും‌ബത്തില്‍ കമ്യൂണിസ്റ്റുകാരുണ്ട്, കോണ്‍ഗ്രസ്സുകാരുണ്ട്, പിണറായി ഗ്രൂപ്പും അച്ചുതാനനന്ദന്‍ ഗ്രൂപ്പും ഏ ഗ്രൂപ്പും ഐ ഗ്രൂപ്പും എന്തിന് മുരളി ഗ്രൂപ്പും പോലുമുണ്ട്. പക്ഷെ മരുന്നിനു പോലും ഒരു സംഘപരിവാര്‍ അനുയായി ഇല്ല. അതിന്‍റെ കാരണമാലോചിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇതാണ്. ഇന്ത്യയെ ഹൈന്ദവരാജ്യമാക്കുക എന്നതാണ് പരിവാര അജണ്ഡ. നമ്മുടെ മതേതര രാജ്യത്തിന്‍റെ സമാധാനാന്തരീക്ഷം താറുമാറാക്കാന്‍ മാത്രമുപകരിക്കുന്ന ആശയപ്രചാരണങ്ങളാണ് അവരുടേത്. ന്യൂപക്ഷങ്ങളെ കൊന്നൊടുക്കിയിട്ടായാലും ഹൈന്ദവ രാഷ്ട്ര സ്ഥാപനം നടപ്പാക്കണമെന്നു ചിന്തിക്കുന്ന തീവ്രവാദികള്‍ അവരിലുണ്ട്. വിധ്വം‌സക പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ രാജ്യത്തിന്‍റെ ഭരണസം‌വിധാനങ്ങള്‍ പോലും ദുരുപയോഗം ചെയ്യുന്നു. മേല്പ്പറഞ്ഞ തരം പ്രവര്‍ത്തനങ്ങള്‍ മാനവികതക്ക് എതിരും സം‌സ്ക്കാരശൂന്യവും ദേവിരുദ്ധവുമാണെന്നുള്ള തിരിച്ചറിവാണ് എന്നെയും എന്‍റെ കുടും‌ബാം‌ഗങ്ങളെയും സം‌ഘപരിവാറില്‍‌നിന്നും അകറ്റി‌നിര്‍ത്തുന്നത്. വര്‍ഗ്ഗീയവാദത്തിന്‍റെ വിപത്ത് ഇളമുറക്കാരെ ബോദ്ധ്യപ്പെടുത്തുന്നതില്‍ കുടും‌ബത്തിലെ തല മുതിര്‍ന്നവര്‍ ശ്രദ്ധാലുക്കളായിരുന്നു. (ഇതിനായി വാഗമണ്ണില്‍ ക്ലാസ് നടത്തുന്ന ബദ്ധപ്പാടൊന്നുമില്ല. പരിവാരത്തിന്‍റെ ഏതെങ്കിലും വിക്രിയയേക്കുറിച്ചൊരു വാര്‍ത്ത രാവിലെ പത്രത്തില്‍ കാണുമ്പോള്‍ "നായിന്‍റെ മക്കള്‍" എന്നൊന്ന് ഉച്ചത്തില്‍ പിറുപിറുത്താല്‍ മതി. പിള്ളാര്‍ക്ക് കാര്യം മനസ്സിലാകും)

പരിവാരത്തിന്‍റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള അറിവുകള്‍ ഞങ്ങള്‍ക്ക് വെളിക്കിറങ്ങാനിരുന്നപ്പോള്‍ വെളിപാടായി കിട്ടിയതുമല്ല. ഇവിടുത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണസം‌വിധാനങ്ങളും ജുഡീഷ്യറിയുമൊക്കെയാണ് ഈ അറിവുകളുടെ സോര്‍‌സുകള്‍. പ്രജ്ഞാസിം‌ഗ് ഠാക്കൂര്‍ എന്നൊരു ഹിന്ദു സന്യാസിനിയെ അറസ്റ്റു ചെയ്ത് അവരില്‍ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി ലക്ഷ്യമിട്ടുള്ള ബോം‌ബുസ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കി എന്ന കുറ്റം പോലീസ് ആരോപിച്ചപ്പോള്‍, ഹിന്ദുരാഷ്ട്ര സ്ഥാപനം ലക്ഷ്യമിട്ടുള്ള ഭൂരിപക്ഷ ഭീകരവാദം രാജ്യത്ത് വളരുന്നു എന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും വിളിച്ചു പറഞ്ഞപ്പോള്‍, എന്‍റെ മതവികാരമോ രോമമോ പോലും വ്രണപ്പെട്ടില്ല. മറിച്ച് ഞാനുള്‍പ്പെടുന്ന സമുദായത്തില്‍ വളര്‍ന്നു വരുന്ന ദുഷ്‌പ്രവണതകളേക്കുറിച്ച് സ്വയം ബോധവാനാകാനും അവയെ പ്രതിരോധിക്കുന്നതിന് മാനസ്സികമായി തയ്യാറെടുക്കുവാനും ഈ അറിവുകള്‍ സഹായകമാവുകയണു ചെയ്തത്.

പറഞ്ഞുവരുന്നതെന്താണെന്ന് മനസ്സിലായിട്ടുണ്ടാകുമല്ലോ. അദ്ധ്യാപകന്‍റെ കൈ വെട്ടിയ സം‌ഭവമുണ്ടായപ്പോള്‍ അതിനെ കാടത്തമെന്നും ഭീകരവാദമെന്നും ഇസ്ലാം‌വിരുദ്ധമെന്നുമൊക്കെ വിശേഷിപ്പിച്ച് പ്രസ്താവനകളിറക്കുകയും ബ്ലോഗ് പോസ്റ്റുകളിടുകയും ചെയ്ത സകലവരും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മുന്നിര്‍ത്തി സി പി എമ്മിനെതിരെ വാളോങ്ങുന്നതു കാണുമ്പോള്‍ മുന്‍പ് തീവ്രവാദികളെ തള്ളിപ്പറഞ്ഞതിനുള്ള പ്രായശ്ചിത്തമായി തോന്നിപ്പോകുന്നു. ഒരു ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ തീവ്രവാദ നയങ്ങളെ എതിര്‍ക്കുകയും അടുത്ത ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ആരോപണങ്ങള്‍ സമുദായത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന വിചിത്രമായ സര്‍ക്കസാണിവിടെ നടക്കുന്നത്. ഒരു തീവ്രവാദസം‌ഘടനക്കെതിരായുള്ള കുറ്റാരോപണത്തിന്‍റെ പേരില്‍ നാട്ടിലെ സമാധാനപ്രിയരായ ബഹുഭൂരിപക്ഷം മുസ്ലീമുകളേയും ഭീകരവാദികളായി മുദ്രകുത്താന്‍‌മാത്രം മന്ദബുദ്ധികളല്ല പൊതുസമൂഹമെന്നത് 'സമുദായ സ്നേഹികള്‍' ദയവായി തിരിച്ചറിയുക. ഒപ്പം മതസം‌രക്ഷകരുടെ കുപ്പായമണിഞ്ഞ സാമൂഹ്യവിരുദ്ധരുടെ ട്യൂഷന്‍ ക്ലാസും കഴിഞ്ഞ് അവര്‍ കൊടുത്ത ജനാധിപത്യവിരുദ്ധ 'സ്റ്റണ്ട്' പുസ്തകങ്ങളുമായി കൊച്ചുവെളുപ്പാന്‍‌കാലത്ത് വീട്ടില്‍ കയറിവരുന്ന ഇളമുറക്കാരെ പുളിവാറിനടിച്ച് നേര്‍‌വഴി നടത്തുക.

Thursday 22 July 2010

ഭീകരവാദത്തിന്‍റെ ബീജോല്പാദകര്‍

രാജ്യത്ത് അശാന്തി വിതക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഭരണകൂടം തന്നെ ഇന്ധനം പകരുന്ന വൈരുദ്ധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വിധി ഇന്നലെ സുപ്രീം കോടതിയില്‍‌നിന്നും ഉണ്ടായിരിക്കുന്നു. ഫോര്‍‌ബ്സ് റിപ്പോര്‍ട്ടുകളില്‍ പെരുകുന്ന കോടിപതികളുടെ എണ്ണത്തില്‍ അഭിമാനിച്ചും വ്യാവസായിക വികസനത്തിന്‍റെ വര്‍ണ്ണപ്പൊലിമയില്‍ അന്ധത ബാധിച്ചും കൊള്‍മയിര്‍ കൊള്ളുന്ന നഗരവാസി മദ്ധ്യവര്‍ത്തി സമൂഹത്തിന്‍റെ കണ്ണുതുറപ്പിക്കാനുതകുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. അരാഷ്ട്രീയതയുടെ അതിസാരം ബാധിച്ച ചില കോടതികളിലെ "ശുംഭന്‍"മാരുടെ ശൗചാലയങ്ങളില്‍നിന്നുയരുന്ന "വളി" ഘോഷങ്ങള്‍ പോലും ദിവ്യ വെളിപാടുകളായി കൊട്ടിപ്പാടുന്ന ബഹുഭൂരിപക്ഷം മുഖ്യധാരാ മാദ്ധ്യമങ്ങളും ഈ വാര്‍‌ത്തയെ നിസ്സാരവല്‍ക്കരിക്കുകയോ തമസ്ക്കരിക്കുകയോ ചെയ്ത് തങ്ങളെ തീറ്റിപ്പോറ്റുന്ന വ്യവസായ മേലാളന്മാരോടും അവര്‍ക്ക് വിടുവേല ചെയ്യുന്ന വികസനഭീകരതയുടെ രാഷ്ട്രീയത്തോടുമുള്ള വിധേയത്വം പ്രകടമാക്കുന്നു. മാദ്ധ്യമം ദിനപ്പത്രത്തിന്‍റെ ഓണ്‍ലൈന്‍ എഡിഷന്‍റെ പ്രധാന തലക്കെട്ടായി വന്ന വാര്‍ത്ത താഴെ വായിക്കാം.

വികല വികസനം തീവ്രവാദം വളര്‍ത്തുന്നു -സുപ്രീംകോടതി

Thursday, July 22, 2010

ന്യൂദല്‍ഹി: വികസനത്തിന്റെയും ഖനനത്തിന്റെയും മറ്റും പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ഭൂമി കൈയേറ്റത്തെയും കുടിയൊഴിപ്പിക്കലിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമത്തെ നോക്കുകുത്തിയാക്കി, സ്വന്തം മണ്ണില്‍ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ഭൂമി ചൂഷണത്തിന് വിട്ടു കൊടുക്കുകയും പുനരധിവാസം മറക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ രീതി തീവ്രവാദം വളര്‍ത്തുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. ഒറീസയിലെ സുന്ദര്‍ഗഢില്‍ ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു ശേഷവും നഷ്ടപരിഹാരം നല്‍കാത്തതു സംബന്ധിച്ച കേസിലാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, ബി.എസ്. ചൗഹാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ശ്രദ്ധേയമായ നിരീക്ഷണം. നക്‌സലിസത്തിന്റെ വളര്‍ത്തുകേന്ദ്രമാണ് ഇന്ന് സുന്ദര്‍ഗഢ്. ഭൂമിയുടെ ഉടമകള്‍ക്ക് ഭൂമിയിലുള്ള അവകാശം നിഷേധിക്കുന്ന വികസന ശൈലിയില്‍ കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. 'ദശലക്ഷക്കണക്കായ പൗരന്മാര്‍ക്ക് വികസനം എന്നത് ഭീതി നിറക്കുന്ന, വെറുക്കപ്പെട്ട വാക്കായി മാറിയിരിക്കുന്നു. നിലനില്‍പിന്റെ ഇടം തന്നെ നിഷേധിക്കുന്ന ഒന്നാണ് വികസനമെന്ന പ്രതീതിയാണ് അവര്‍ക്കുള്ളത്. വികസനം ആരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്നുവോ, അവര്‍ക്കിടയില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നു. ഇത്തരത്തില്‍ വികസനത്തെക്കുറിച്ച സര്‍ക്കാറിന്റെ കാഴ്ചപ്പാട് വേറിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണ്?' -കോടതി ചോദിച്ചു.

വികസനത്തെക്കുറിച്ച വികലമായ കാഴ്ചപ്പാട്, വികസനം ഏറ്റവുമേറെ ദോഷകരമായി ബാധിക്കുന്നവരോടുള്ള തികഞ്ഞ അവഗണന, നിയമങ്ങള്‍ നടപ്പാക്കണമെന്ന താല്‍പര്യമില്ലായ്മ -ഇതെല്ലാം ചേരുമ്പോള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കിട്ടാതെ പോകുന്നു. ഇടക്കാല നിയമ നിര്‍മാണ സഭയില്‍ അംബേദ്കര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ ശരിയാണെന്ന് വന്നിരിക്കുന്നു. പലപ്പോഴും നിയമങ്ങള്‍ ഭാഗികമായി മാത്രമാണ് നടപ്പാക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവരോട് ഏറെ സഹാനുഭൂതിയുള്ള, കുറ്റമറ്റ നിയമങ്ങളാണ് നിലവിലുള്ളതെന്ന് ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ല. സ്‌കൂള്‍, റോഡ്, ആശുപത്രി, തൊഴില്‍ എന്നിങ്ങനെ, ഭൂമി ഏറ്റെടുക്കാന്‍ നേരത്ത് മുന്നോട്ടു വെക്കുന്ന വാഗ്ദാനങ്ങള്‍ പലതാണ്. പക്ഷേ, മിക്കതും മോഹവലയമായി തുടരുന്നു. വരുമാന നഷ്ടം ഉണ്ടാകാതിരിക്കാനും പുനരധിവാസത്തിനുമുള്ള പരിപാടികളൊക്കെ ഫലത്തില്‍ നടപ്പാവുന്നില്ല. അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിക്കപ്പെടാത്തത് പ്രദേശ വാസികള്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മലിനീകരണത്തിനും കാരണമാക്കുന്നു. വികസനവും സാമ്പത്തിക വളര്‍ച്ചയും മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളോടുള്ള എതിര്‍പ്പിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ജീവനോപാധി നഷ്ടപ്പെടുന്നവര്‍ക്ക് അവകാശങ്ങള്‍ എന്തുകൊണ്ടാണ് ഇല്ലാതാകുന്നത്? എന്തുകൊണ്ടാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കും മനുഷ്യവികസന സൂചികയും വേറിട്ട ചിത്രങ്ങള്‍ നല്‍കുന്നത്? മൊത്ത ആഭ്യന്തര ഉല്‍പാദനം നോക്കിയാല്‍ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. പക്ഷേ യു.എന്നിന്റെ മനുഷ്യ വികസന റിപ്പോര്‍ട്ട് 182 രാജ്യങ്ങളില്‍ 134ാമത്തെ സ്ഥാനമാണ് നമുക്ക് തരുന്നത്. ഭരണകൂടത്തിന് ഭീഷണി ഉയര്‍ത്തുന്ന വിധം ശക്തി സമാഹരിക്കാന്‍ രാഷ്ട്രീയ തീവ്രവാദികള്‍ക്കും അക്രമാസക്തര്‍ക്കും കഴിയുന്നതില്‍ കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇക്കൂട്ടര്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ പരസ്യമായി വെല്ലുവിളിക്കുന്നു. മൃഗീയമായ വഴികളിലൂടെ ഭരണഘടനയെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. വികസനത്തിന്റെ പേരില്‍ വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത സുന്ദര്‍ഗഢില്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തീവ്രവാദികള്‍ 550 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ 2003ല്‍ കൊള്ളയടിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ റെയില്‍വേ സ്‌റ്റേഷന്‍ കത്തിച്ചു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇത്തരം പല സംഭവങ്ങളുമുണ്ട്. ഒറീസയില്‍ ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു് ശേഷവും നഷ്ടപരിഹാരം നല്‍കാത്ത തു സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ക്കായി ആറു മാസത്തിനകം കമീഷന്‍ രൂപവത്കരിക്കാനും തുടര്‍ന്നുള്ള രണ്ടു മാസത്തിനകം തുക കൊടുത്തു തീര്‍ക്കാനും കോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു.
എ.എസ്. സുരേഷ്‌കുമാര്‍

http://www.madhyamam.com/

Read this article in English

Tuesday 20 July 2010

ഷാര്‍ജാ ഡയറി

തിക്കും തിരക്കും ട്രാഫിക്ക് ജാമുമൊക്കെയാണ് നഗരജീവിതത്തിന്‍റെ താളം. ഷാര്‍ജയില്‍ ആ താളം മുറിയുന്ന കാലമാണ് വേനല്‍. സ്കൂളുകള്‍ പൂട്ടിയാല്‍‌പ്പിന്നെ കലാശക്കൊട്ടായി രണ്ടാഴ്ച്ച വരെ നീളുന്ന ഷോപ്പിങ്ങ് പരാക്രമം. പെട്ടിക്കണക്കിന് പൗഡറും സോപ്പും പെര്‍ഫ്യൂമും ടൈഗര്‍ ബാമും നിഡോയുമൊക്കെയായി കുടും‌ബങ്ങള്‍ ബഹുഭൂരിപക്ഷവും നാടുപിടിച്ചുകഴിഞ്ഞാല്‍ ആകെയൊരു ശാന്തതയാണ്. ആളൊഴിഞ്ഞ മൈതാനം പോലെ സൂപ്പര്‍ മാര്‍ക്കറ്റുകളും ഗിഫ്റ്റ് ഷോപ്പുകളും. ട്രാഫിക്ക് ലൈറ്റുകള്‍ക്കു പോലും ഒരു ഉഷാറില്ലെന്നു തോന്നും. കുറച്ചായി സൂപ്പര്‍ മാര്‍ക്കറ്റില്‍ നല്ല പാലക്കാടന്‍ മട്ട കിട്ടാത്തതുകൊണ്ട് റോളയിലെ സ്പൈസ് ഷോപ്പില്‍ ഒരുകൈ നോക്കാന്‍ പോയതാണ് രാത്രി പത്തു മണിക്ക്. കടയുടെ മുന്നില്‍‌ത്തന്നെ യധേഷ്ടം പാര്‍ക്കിങ്ങ്. കൈയ്യിലുള്ളത് ഒരു കാര്‍ മാത്രമായതുകൊണ്ട് ഒരു സ്പേസ് കൈയ്യേറി തൃപ്തിപ്പെട്ടു. പാര്‍ക്കിങ്ങ് കിട്ടാതെ അര മണിക്കൂര്‍ ചുറ്റിയടിക്കുക, ഒടുവില്‍ നോ പാര്‍ക്കിങ്ങ് ഏരിയയില്‍ ഹസാര്‍‌ഡ് ലൈറ്റിട്ട് വണ്ടി നിര്‍ത്തുക, ഫൈനടിക്കാനൊരുങ്ങുന്ന പാര്‍ക്കിങ്ങ് ഇന്‍സ്പെക്ടറോട് കെഞ്ചുക കരയുക ഏത്തമിടുക.. ഇതിന്‍റെയൊക്കെ ത്രല്ലില്ലെങ്കില്‍ എന്തു റോള!

യു ഏ ഇയില്‍ സാമ്പത്തികമാന്ദ്യം വീശിയടിച്ചപ്പോള്‍ കടപുഴകിയ ജീവിതങ്ങള്‍ ഏറെയാണ്. പിടിച്ചു നില്‍ക്കാനായവര്‍ അനുഭവിക്കുന്ന രണ്ട് ഗുണഫലങ്ങളും മാന്ദ്യത്തിന്‍റെ അക്കൗണ്ടില്‍ പെടുത്താനുണ്ട്. കുറഞ്ഞ വീട്ടുവാടകയും ഗതാഗതക്കുരുക്കും. റിയല്‍ എസ്റ്റേറ്റ് ഓഫീസുകളില്‍ വളെടുത്തവനെല്ലാം വെളിച്ചപ്പാടായിരുന്നു മുമ്പൊക്കെ. പണം മുടക്കുന്നവന്‍ പിച്ചക്കാരന്‍. കൂടുതല്‍ ഡയലോഗ് വേണ്ട, ഇത്രയാണ് റെന്‍റ്, സൗകര്യമുണ്ടെങ്കില്‍ എട്, ഇല്ലെങ്കില്‍ പോട് എന്നാണ് നയം. ഡോക്ടറും എഞ്ജിനീയറും കമ്പനി എക്സിക്ക്യൂട്ടവുകളുമടക്കം പഞ്ചപുച്ഛമടക്കി കൈമടക്കുമായി സ്വന്തം പേര് കൂട്ടിയെഴുതാനറിയാത്ത ബില്‍‌ഡിങ്ങ് വാച്ച്‌മാന്‍റെ മുന്നില്‍ ക്യൂ നിന്നിരുന്നത് ഒരു കാലം. മാളികമുകളേറിയ മന്നന്‍റെ.. എന്ന മട്ടായി ഇപ്പോള്‍. ഏത് ഏരിയയില്‍, ഏത് ഫ്ലോറില്‍, എത്ര റെന്‍റിന് വേണം സാര്‍.. എന്നായിരിക്കുന്നു. "അന്ന് കാറ് വാങ്ങാന്‍ പോയ ദിവസം ഏമ്മാന്നേ എന്നല്ലല്ലോ വിളിച്ചത്" എന്നു കിലുക്കത്തില്‍ തിലകന്‍ ചോദിച്ചത് ഓര്‍മ്മ വരുന്നത് സ്വാഭാവികം.

അവിടുത്തേപ്പോലെ ഇവിടെയും എന്നല്ല, ഒരു കാര്യം അവിടുത്തേതിലും കടുപ്പമാണിവിടെ എന്നുതന്നെ പറയാം. ഷാര്‍ജയിലിത് കറണ്ടുകട്ടിന്‍റെ കാലമാണ്. മുന്നറിയിപ്പില്ലാതെ എട്ടും പത്തും മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബ്ലാക്കൗട്ടുകള്‍ തുടങ്ങിയിട്ട് മാസമൊന്നു കഴിഞ്ഞെങ്കിലും അതിന്‍റെ അഹങ്കാരമൊന്നും ഞങ്ങള്‍ക്കില്ല. പതിവിനു വിരുദ്ധമായി സം‌ഗതി പത്രമാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ടെങ്കിലും ഇരുട്ടടി ഉഷാറായി നടക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയകളില്‍ സ്ഥാപനങ്ങള്‍ പലതും പ്രതിസന്ധിയിലാണ്. തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്നു, റസ്റ്ററണ്ടുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ കേടാകുന്നു.. പകല്‍സമയങ്ങളില്‍ ചൂട് അമ്പതിനടുത്താണ്. രാത്രി പോലും നാല്പ്പതില്‍ കുറയില്ല. ഏ സി ഇല്ലാതെ അരമണിക്കൂര്‍ വീട്ടിലിരുന്നാല്‍ ഇഡ്ഡലിപ്പാത്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളേക്കുറിച്ച് ഉപന്യാസമെഴുതാനുള്ള ജ്ഞാനമുണ്ടാക്കാം. ഹ്യുമിഡിറ്റി ഏറിയും കുറഞ്ഞുമിരിക്കുന്നെങ്കിലും നാട്ടിലെ അത്രതന്നെ വിയര്‍പ്പില്ല. കഴിഞ്ഞ മാസം കറന്‍റുബില്ല് കൈയ്യില്‍ കിട്ടിയപ്പോഴാണ് ഒടുവില്‍ വെട്ടിവിയര്‍ത്തത് .

Sunday 18 July 2010

ഗണപതിയുടെ (പ്ര) ഗുണ്ടായിസം

ഭക്തരുടെ മനം നിറച്ച് ആനയൂട്ട് ആഘോഷമായി
തൃശ്ശൂര്‍: വടക്കുംനാഥ സന്നിധിയിലെ ആനയൂട്ട് ആഘോഷമായി. 49 ആനകള്‍ ഇക്കുറി ഉണ്ണാനെത്തി. ആയിരങ്ങളെ സാക്ഷിനിര്‍ത്തി മേല്‍ശാന്തി കൊറ്റപിള്ളി നാരായണന്‍ നമ്പൂതിരിയില്‍നിന്ന് മൂന്നു വയസ്സുകാരന്‍ ചേറ്റുവ കണ്ണന്‍ ആദ്യ ഉരുള വാങ്ങി. 28-ാം തവണയാണ് മുടങ്ങാതെ ആനയൂട്ട് നടക്കുന്നത്.........


(മതൃഭൂമി വാര്‍ത്ത)


"പുണ്യമാസമായ കര്‍ക്കിടകത്തെ വരവേല്‍ക്കുന്നതിനായാണ്" ആനയൂട്ടെന്ന് ചിലര്‍. "പൊതുവെ ദുര്‍ഘട മാസമെന്ന് അറിയപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ വിഘ്നങ്ങള്‍ ഒന്നും വരുത്തരുതെന്ന് ഗണപതി ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നതിനും ഭഗവാനെ തൃപ്തിപ്പെടുത്തുന്നതിനുമായാണ് ഈ ചടങ്ങ് നടത്തുന്നതെന്ന്" മറ്റു ചിലര്‍. ചങ്ങലക്കിട്ട ആനകളെ പ്രത്യക്ഷ ഗണപതിയായി സങ്കല്പ്പിച്ചാണത്രെ ചടങ്ങ് നടത്തുന്നത്. എന്തരായാലും ഊണ് എല്ലിനിടയില്‍ കയറിയ ഒരു പ്രത്യക്ഷ ഗണപതി (അതോ കിട്ടിയ ശാപ്പാട്, നടന്ന ദൂരത്തിന് മുതലാകാഞ്ഞതുകൊണ്ടോ) ഇന്നലെ തൃശ്ശൂര്‍ നഗരത്തിലുണ്ടാക്കിയ അലമ്പ് ചില്ലറയല്ല. ഗണപതിയുടെ (പ്ര) കാലിലെ മുള്ളുചങ്ങല പാപ്പാന്‍ വലിച്ചതാണ് ഏടങ്ങേറാക്കിയതെന്നും കേള്‍ക്കുന്നുണ്ട്. പൂങ്കുന്നം പോസ്റ്റോഫീസിനു സമീപം ഇടഞ്ഞ ഗണപതി (പ്ര) ഡാഡി ശിവന്‍റെ മണിയോര്‍‌ഡര്‍ വല്ലതുമുണ്ടോയെന്ന് പോസ്റ്റുമാനോടന്വേഷിച്ച് നിരാശനായി മൂന്നുകുറ്റിയിലെത്തി. പിന്നീട് ഒരു ചെയ്ഞ്ചിനായി റെയില്‍‌വേ ട്രാക്കിലിറങ്ങിയായി ഓട്ടം. പിന്നാലെ പാപ്പാന്മാരും (അതാണല്ലോ അവരുടെ ഡ്യൂട്ടി). നേരെ തൃശ്ശൂര്‍ റെയില്‍‌വേ സ്റ്റേഷനിലെത്തിയ ഗണപതി (പ്ര) കൈലാസത്തിലേക്കുള്ള ട്രെയിന്‍ വൈകിയോടുന്നതറിഞ്ഞ് ക്ഷുഭിതനായി പുറത്തിറങ്ങി ആദ്യം കണ്ട രണ്ടു മാരുതി കാറുകള്‍ പൊക്കിയെടുത്ത് സിസര്‍ക്കട്ടടിച്ച് റിലാക്സ് ചെയ്തു. എന്തായാലും ഗണപതിയെ (പ്ര) മയക്കുവെടി വെച്ച് തളക്കുന്നതുവരെയുള്ള മണിക്കൂറുകള്‍ നഗരം മുള്‍‌മുനയിലായിരുന്നു. ക്ഷേത്രമേല്‍‌ശാന്തി പൂജിച്ച മയക്കുമരുന്നാണോ ഗണപതിയെ (പ്ര) വെടിവെയ്ക്കാന്‍ ഉപയോഗിച്ചത് എന്നതു സം‌ബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല. ഗണപതിയെ (പ്ര) വെടിവെച്ച ഡോക്‌ടര്‍ പാപ പരിഹാരത്തിനായി മൂന്നു റൗണ്ട് വെടിവഴിപാട് നേര്‍ന്നതായും കേള്‍ക്കുന്നുണ്ട്. ഇന്നലെ തന്നെ മറ്റൊരു ഗണപതി (പ്ര) ഗുരുവായര്‍ ആനക്കോട്ടയില്‍ കൂട്ടാനയുടെ കൂമ്പിടിച്ചു കലക്കി ഗുണ്ടായിസം കാട്ടിയതായും വാര്‍ത്ത.


ആനയൂട്ടിന് വിളമ്പുന്ന അവില്‍, ശര്‍ക്കര, പഴം, മലര്‍ തുടങ്ങിയ വിഭവങ്ങളുടെ കോമ്പിനേഷന്‍, ആനകള്‍ക്ക് പ്രത്യേകിച്ച് കുട്ടിയാനകള്‍ക്ക് മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി ഒരു ആരോപണം മുന്‍പ് കേട്ടിരുന്നു. ചെരിഞ്ഞ ചില ആനകളുടെ കുടലില്‍‌നിന്നും കോണ്‍ക്രീറ്റു പോലെ ഉറച്ച ഈ മിശ്രിതം കണ്ടെത്തിയത്രെ. എന്തായാലും തൃശ്ശുരുകാര്‍ക്ക് ആനയുമായി ബന്ധപ്പെട്ടതെന്തും ആഘോഷമാണ്. വഴിയേ പോകുന്നവന്‍റെ കുടും‌ബത്തിന്‍റെ അന്നം മുട്ടിക്കാതെ ഊട്ടും ഓട്ടവുമൊക്കെ നടത്തേണ്ട ഉത്തരവാദിത്ത്വം ആഘോഷക്കാരില്‍ നിക്ഷിപ്തമാക്കേണ്ടതാണ്.

വാല്‍‌ക്കഷണം: "ഭക്തരുടെ മനം നിറച്ച് ആനയൂട്ട് ആഘോഷമായി" എന്ന് മാതൃഭൂമിയുടെ തലക്കെട്ട്. ആനപ്പിണ്ഡം പ്രസാദമാക്കിയിരുന്നെങ്കില്‍ ഭക്തര്‍ക്ക് വയറുകൂടി നിറക്കാമായിരുന്നു എന്ന് കൂട്ടത്തിലൊരു ഗണപതി (പ്ര) പിറുപിറുത്തത്രേ.

ചിതത്തിനു കടപ്പാട് http://www.deepika.com/

Monday 5 July 2010

ഞാനറിഞ്ഞ മുസ്ലീം ഇതല്ല

ഓര്‍മ്മവെച്ച കാലത്തെ പെരുന്നാള്‍‌ ദിനങ്ങളില്‍ അയല്‍‌പക്കത്തുനിന്നും പതിവു തെറ്റാതെ എത്തിയിരുന്ന പത്തിരിയുടെയും നെയ്ച്ചോറിന്‍റെയും മനം മയക്കുന്ന സൗരഭ്യത്തിലൂടെയാണ് ആദ്യമായി മുസ്ലീമിനെ അറിഞ്ഞത്. സ്കൂള്‍മുറ്റത്തെ ചെങ്കല്ലിന്‍റെ പാരുഷ്യം തൊലി ചുരണ്ടിയെടുത്ത മുട്ടുമായി ഏങ്ങിക്കരഞ്ഞുനിന്നപ്പോള്‍ സാരമില്ലാട്ടോ എന്ന് കവിളില്‍ തലോടി ചേര്‍ത്തണച്ച പോക്കറുമാഷിന്‍റെ നെഞ്ചിന്‍റെ ചൂടിലൂടെയാണ് ആ അറിവ് വളര്‍ന്നത്. കലാലയത്തിലെ കലഹം തെരുവിലേക്ക് വളര്‍ന്ന ഒരു ദിനം കുറുവടികള്‍ക്ക് മുന്‍പിലകപ്പെട്ട് നിരാശ്രയനായി നിന്നപ്പോള്‍ പോകിനെടാ എല്ലാം എന്ന ഗര്‍ജ്ജനവുമായി ഇടയില്‍ ചാടിവീണ് സം‌രക്ഷണത്തിന്‍റെ വന്‍‌മതില്‍ തീര്‍ത്ത ചുമട്ടുകാരന്‍ ഖാദറിക്കയിലും ഞാന്‍ മുസ്ലീമിനെ അറിഞ്ഞു. പിള്ളേര്‍ക്ക് ഇഷ്ടമുള്ള മീനാണല്ലോന്നു കരുതി ഞാന്‍ കൊറച്ച് ഇങ്ങോട്ടും വാങ്ങിച്ചു എന്നൊരു ചിരിയുമായി പടികടന്നെത്തിയിരുന്ന പരീതണ്ണന്‍, അയല്‍‌പക്കത്തിന്‍റെ ഐശ്വര്യം. നിലാവിന്‍റെ പാല്‍‌പ്പുഞ്ചിരിയുമായി നാലുമണിച്ചായയും പലഹാരങ്ങളുമൊരുക്കി മകനെയും കൂട്ടുകാരെയും പതിവായി കാത്തിരുന്ന ഒരു ഉമ്മയുടെ വാല്‍‌സല്യം മറ്റൊരറിവ്. ഞങ്ങളിലൊരാള്‍ അകാലത്തില്‍ വേര്‍‌പിരിഞ്ഞപ്പോള്‍ മകനേ എന്ന് ഇടനെഞ്ചുപൊട്ടിവിളിച്ച് അലമുറയിട്ടുകരഞ്ഞ ആ ഉമ്മയുടെ കണ്ണുനീരുന്‍റെ ഉപ്പിന് തുല്യമായൊരറിവ് ഇന്നും നേടാനായിട്ടില്ല. പിന്നീട് പ്രവാസത്തിലും വേര്‍പിരിയാതെ തുടര്‍ന്ന സുഹൃദ്‌ബന്ധങ്ങള്‍, ദുര്‍‌ഘടമായ ജീവിതസന്ധികളില്‍ താങ്ങും തണലുമായി കരുത്തു പകര്‍ന്നവര്‍.. ഞാനറിഞ്ഞ മുസ്ലീം ഇവരൊക്കെയാണ്.

നിയമത്തിന്‍റെ മുന്‍പില്‍ കൈയ്യാമം വെയ്ക്കപ്പെട്ട് സമൂഹത്തിനു മുന്‍പില്‍ നഗ്നനാക്കപെട്ട അല്പബുദ്ധിയായ ഒരു മനുഷ്യനെ സ്വന്തം അമ്മക്കും കൂടപ്പിറപ്പിനും മുന്‍പിലിട്ട് കൊത്തിയരിഞ്ഞ് ദൈവത്തനു ഗുണ്ടാപ്പണി ചെയ്യുന്ന കാട്ടാളന്മാര്‍ ചാര്‍ത്തിയെടുത്തിരിക്കുന്ന പേരും മുസ്ളിം എന്നായതില്‍ ദുഖിക്കുന്നു, പ്രതിഷേധിക്കുന്നു.

Tuesday 29 June 2010

ഫുട്ബോള്‍ ഗുണ്ട്

"അങ്ങനെയിപ്പ പോണ്ട. ഫുട്ബോള് കാണണേ നിങ്ങക്ക് വീട്ടിലിരുന്ന് കണ്ടൂടേ. പാതിരാത്രീല് ഫ്രണ്ട്സിന്‍റൂടെയുള്ള ഈ കൂട്ടം‌കൂടലത്ര പന്തിയല്ലേയ്"
"എടീ ഫുട്ബോള് ഒരു ടീം പ്ലേ അല്ലേ. അതൊരു ടീമായിരുന്ന് കണ്ടാലേ ഒരു ഗുമ്മൊള്ളൂ."
"അല്ലേലും എന്‍റേം പിള്ളേരടേം കൂടെയിരിക്കുമ്പം നിങ്ങക്ക് ഗുമ്മ് വരൂല്ലല്ലോ"
"എടങ്ങേറാക്കല്ലേ പൊന്നേ, കളി തൊടങ്ങാറായി. "
"ഇന്നാരൊക്കെയാ കളി?"
"സ്പെയ്നും പോര്‍ച്ചുഗലും"
"എന്നാ സ്പെയ്നിന്‍റെ മൂന്നു കളിക്കാരടെ പേര് തെകച്ചറിയാവേ പറഞ്ഞേച്ചും പൊയ്ക്കോ. വല്യ ഫുട്ബോളു കളിക്കാരനല്ലേ"
"..."
"എന്തേ മിഴുങ്ങിയിരിക്കണേ അറിഞ്ഞൂടാല്ലേ?"
"ഹേ അതല്ല ഞാന്‍ ഓര്‍ത്തെടുക്കുവാരുന്നു.. പാബ്ലൊ പിക്കാസോ.. സൈമണ്‍ ബ്രിട്ടോ..."
"പോരാ ഇനീം ഒരു പേരൂടെ പറയണം"
"ഡെമി മൂറേ"
"ആ അങ്ങനെ വഴിക്കുവാ. കളി തീര്‍ന്നാ വേഗമിങ്ങ് വന്നേക്കണം. പെണ്ണുങ്ങക്ക് ബുദ്ധിയില്ലാന്നാ നിങ്ങടെയൊക്കെ വിചാരം എന്നെ പറ്റിക്കാന്‍ പറ്റൂല്ലാന്ന് ഇപ്പ മനസ്സിലായല്ലോ. .."
"മനസ്സിലായി പൊന്നേ, നീ ആളൊരു പുലി തന്നെ സിമ്മം"
ശുഭം

Saturday 26 June 2010

സര്‍ക്കാര് തമ്പ്രാനും കൂതറ ജനവും

"അണ്ണാ ഗവര്‍ണ്മെന്‍റണ്ണാ, ഈ മാവോയിസ്റ്റുകളെ ഇപ്പ എന്തോന്നാണ് ചെയ്യാമ്പോണത്?"
"അണ്ണാന്നാ..! തമ്പ്രാന്ന് വിളീടാ പരട്ടേ"
"ശരി ഗവര്‍‌ണ്മെന്‍റമ്പ്രാ മാവോയിസ്റ്റുകളെ ഒതുക്കാനെക്കൊണ്ട് സൈന്യത്തെ എറക്കാമ്പോണൂന്ന് കേട്ടത് ശരിയാണോമ്പ്രാ?"
"പിന്നല്ലാണ്ട്! പട്ടാളമെറങ്ങിയാ സകല ചെറ്റകളേം മിനിറ്റുവെച്ച് നുമ്മള് തീര്‍ത്തുകെട്ടൂല്ലേന്നും?"
"എന്നാലും തമ്പ്രാ പട്ടാളം‌ന്നൊക്കെ പറഞ്ഞാ, അവരടെ മിനിമം പരിപാടി ആളെ കൊല്ലണതാ. അവരെ നുമ്മടെ നാട്ടുമ്പുറത്തെറക്കണത് ഇച്ചരെ കടുംകയ്യല്ലേ തമ്പ്രാ?"
"അപ്പ മാവോയിസ്റ്റുകള് മനുഷ്യമ്മാരെ കൊല്ലണത് പുണ്യമാന്നാണോടാ കൂതറേ? കൊന്നാ തിരിച്ചു കൊല്ലും.. അതിനാണ് ഗവര്‍ണ്‍‌മെന്‍റ്."
"അതല്ല തമ്പ്രാ, 'മാവോ' എന്നതാ കശുമാവ് എന്നതാന്ന് തിരിച്ചറിയാത്ത നാട്ടുമ്പുറത്തുകാരെയും ആദിവാസികളെയുമാണ് എവമ്മാര് കൂടെ കൂട്ടീരിക്കണത്. അവരെയെല്ലാം കൊന്ന്‍ തീര്‍ക്കണത് നടപ്പൊള്ള കാര്യമാണോ തമ്പ്രാ?"
"എടാ വിഡ്ഡീ, ഒരു എ കെ 47 തോക്കീന്ന് ഒരു സെക്കന്‍റീ പൊറത്ത് വരണത് പന്ത്രണ്ട് ബുള്ളറ്റാ. അപ്പ മിനിറ്റില് 720, മണിക്കൂറില്‍ 43200, ദെവസത്തില്‍ 1036800. ഈക്കണക്കില് കൊന്നുതള്ളിയാ മാവോയിസ്റ്റുകളെ തീര്‍ത്തുകെട്ടാന്‍ എത്ര ദെവസമെടുക്കൂന്ന് നീ തന്നെ കണക്കു കൂട്ടിക്കോ. അല്ലേല് നിനക്കൊക്കെ എന്തറിയാം. നീ വല്ലോം കോളേജീ പോയി രാഷ്ട്രമീമാംസ പഠിച്ചിട്ടൊണ്ടോ."
"എന്നാലും തമ്പ്രാ കഞ്ഞികുടി മുട്ടി, ഒരു ഗതീം പര ഗതീം ഇല്ലാതായവോമ്മാരെയാ ഈ മാവോയിസ്റ്റുകള് കൂടെ കൂട്ടിരിക്കണത്. അവരെയൊക്കെ കൊന്ന് തീര്‍ക്കാന്‍ തൊടങ്ങിയാ കഞ്ഞികുടിക്കാന്‍ വകയൊള്ള അവരടെ സൊന്തക്കാരുണ്ടെങ്കി അവരുംകൂടെ ബോംബെടുക്കില്ലേന്നും?"
"സകല തെണ്ടികളേം നുമ്മള് കൊല്ലും. പട്ടാളം പോരാണ്ട് വന്നാ വ്യോമസേനയെ വിളിക്കും."
"കൊന്നേച്ചും കത്തിച്ചു കളഞ്ഞേക്കണം തമ്പ്രാ. കുഴിച്ചിട്ടാ പിന്നീടു നമ്മള് വ്യവസായം തൊടങ്ങാന്നേരത്ത് പൊങ്ങിവരും ശവങ്ങള്"
"കറക്ട്, ബുദ്ധി വന്നുതുടങ്ങി നിനക്കൊക്കെ"
"പക്ഷേങ്കി നിങ്ങടെ പാര്‍ട്ടീല് പോലും ഇതിനോട് യോജിപ്പില്ലാത്തവരുണ്ടല്ലോ അണ്ണാ"
"ദേ പിന്നേം അണ്ണാന്ന്..! തമ്പ്രാന്ന് വിളീടാ ചെറ്റേ"
"ശരി സര്‍ക്കാര് തമ്പ്രാ. ഈ മനുഷ്യമ്മാരടെ പട്ടിണി മാറ്റാന്‍ എന്തേലും വഴിയൊണ്ടാക്കിയാ അവരെ മാവോയിസ്റ്റുകളടെ കൈയ്യീന്ന് രക്ഷപെടുത്താമ്മേലേന്നാ ഞാഞ്ചോദിക്കണത്."
"പട്ടിണി കെടക്കണ സകല കൂതറകളടേം വീട്ടില് ബിരിയാണി പാര്‍സലെത്തിക്കണതല്ല സര്‍ക്കാരിന്‍റെ പണി."
"ബിരിയാണിയൊന്നും വെണ്ടാമ്പ്രാ. വല്ലോം നട്ടുനനച്ചൊണ്ടാക്കി വെശപ്പടക്കണ പാവത്തുങ്ങടെ ഭൂമി പിടിച്ചടക്കി പട്ടിണിയാക്കണതെങ്കിലും ഒഴിവാക്കിക്കൂടെ തമ്പ്രാ?"
"എടാ നാട്ടില് വികസനോം പുരോഗതീമൊക്കെ വരുമ്പം ചെലരൊക്കെ ഇച്ചരെ നഷ്ടം സഹിക്കണ്ട വരും"
"നഷ്ടം സഹിക്കണ്ട വരണ ഈ "ചെലര്" എപ്പഴും പട്ടിണിക്കാരാന്നൊള്ളതാ കൊഴപ്പം തമ്പ്രാ."
"പിന്നെ രാജ്യത്തിന് ചില്ലറയൊണ്ടാക്കിത്തരണ കച്ചോടക്കാരു വേണോ നഷ്ടം സഹിക്കാന്‍? അല്ലേലും സാധാരണക്കാരുമായിട്ടൊള്ള നുമ്മടെ എടവാട് എപ്പഴും മൈനസിലാ."
"പക്ഷെ തമ്പ്രാ, ഈ സമത്വം സാമൂഹ്യനീതി എന്നൊക്കെ പറയണത്.."
"എടാ പരമ ചെറ്റേ, ഇനീം നിനക്ക് മനസ്സിലായിട്ടില്ലെങ്കി ഞാനൊരു കാര്യം പറഞ്ഞു തരാം. കച്ചോടം ചെയ്ത് പത്ത് തുട്ടൊണ്ടാക്കാന്‍ അറിയണ മൊതലാളിമാര്‍ക്ക് ഞങ്ങ വാരിക്കോരിക്കൊടുക്കും. അതിന്‍റെടേല് താഴെ വീഴണ പൊട്ടും പൊടീം നക്കിത്തിന്ന് മിണ്ടാതിരുന്നേച്ചും ഞങ്ങ പറയുമ്പ പറയുമ്പ വന്ന് വോട്ട് ചെയ്തോണം മറ്റുള്ള തെണ്ടികള്. ഇതിനാണ് ജനാധിപത്യം വികസനം എന്നൊക്കെ പറയണത്. മനസ്സിലായോടാ കൂതറ ജനമേ.."

വാല്‍‌ക്കഷ്ണം: ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞത്രെ ഏതോ ഒരുത്തന്‍. ആത്മാവിനെന്തിന് ഭക്ഷണം!

Monday 14 June 2010

മുത്തലിക്കിന്‍റെ മാമ അവതാരം

നിത്യാനന്ദ തപസ്സ് തുടങ്ങി; പിന്തുണയുമായി ശ്രീരാമസേന
ബാംഗ്ലൂര്‍: വിവാദ സി.ഡിയിലുള്‍പ്പെട്ട സ്വാമി നിത്യാനന്ദ ബിഡദി ആശ്രമത്തില്‍ തപസ്സ് തുടങ്ങി. ആത്മശാന്തിക്കും ശാരീരികബലത്തിനുമായാണ് നിത്യാനന്ദ ഒരാഴ്ചത്തെ പഞ്ചതപസ്യയ്ക്ക് തുടക്കംകുറിച്ചത്............. ............................................................................

...........53 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ആശ്രമത്തിലെത്തിയ നിത്യാനന്ദയെ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച നിരവധിപേര്‍ എത്തി. ശ്രീരാമസേനാനേതാവ് പ്രമോദ് മുത്തലിക്കാണ് ഇതില്‍ പ്രധാനി. നിത്യാനന്ദയെ പിന്തുണയ്ക്കാനും അദ്ദേഹം മറന്നില്ല. ഹിന്ദു ആശയങ്ങള്‍ 35-ഓളം രാജ്യങ്ങളില്‍ എത്തിച്ച നിത്യാനന്ദയെ തേജോവധം ചെയ്യാന്‍ ക്രിസ്ത്യന്‍ലോബി ആസൂത്രണം ചെയ്തതാണ് വിവാദമെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദു സന്യാസിമാരെ താറടിച്ചുകാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ ശ്രീരാമസേന പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
(മാതൃഭൂമി ദിനപ്പത്രം. 14/06/2010 )

ഇപ്പഴാണ് കാര്യങ്ങള്‍ വെടിപ്പായത്. നിത്യാനന്ദയും മുത്തലിക്കും!. ആര്‍ഷഭാരത സദാചാരമൂല്യങ്ങളുടെ സം‌രക്ഷണത്തിന് ഇതിലും സാര്‍ത്ഥകമായ സമവാക്യം ഏതുണ്ട്? ‘ഉന്നതമായ ഹൈന്ദവ മൂല്യങ്ങള്‍’ക്ക് വന്നുപെട്ട ജീര്‍ണ്ണതയില്‍ അതീവ ഉല്‍ക്കണ്ഠാകുലനാണ് ത്രേതായുഗത്തിന്റെ ഗൃഹാതുരതയില്‍ ജീവിക്കുന്ന മുത്തലിക്ക് അവര്‍കള്‍ എന്നറിയാമല്ലോ. ധാര്‍മ്മികതയുടെയും സംസ്ക്കാരത്തിന്റെയും പളുങ്കുപാത്രം പാഡ് ലോക്കിട്ട ചഡ്ഡികളിലാക്കി ഉടയാതെ സൂക്ഷിക്കേണ്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും ഭാരതനാരികള്‍ക്കു മാത്രമാണ് എന്നതിലും വാനരസേനയുടെ ആചാര്യന് തര്‍ക്കമില്ല. വര്‍ണ്ണവ്യ്‌വസ്ഥയുടെ അകത്തളങ്ങളിലെ സുഖകരമായ അന്ധകാരത്തിലിരുന്ന്, പുരുഷവാനരന്മാരുടെ ആയുധങ്ങള്‍ ഉഴിഞ്ഞും തേച്ചും തിളക്കിയും ഹൈന്ദവരാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കാളികളായി ഒതുങ്ങിക്കഴിയേണ്ട വനിതകള്‍, നസ്രാണിക്കും മാപ്ലക്കുമൊപ്പമിരുന്ന് തൊഴിലെടുക്കുകയും കാമുകന്മാരുമായി പബ്ബുകളും പാര്‍ക്കുകളും കയറിയിറങ്ങുകയും ചെയ്യുന്ന സാംസ്ക്കാരിക ജീര്‍ണ്ണതയില്‍നിന്നും ആര്‍ഷഭാരതത്തെ കരകയറ്റാന്‍ വാനരപ്പടയുടെ തെരുവ് യുദ്ധം മാത്രം മതിയാവില്ല. ബൌദ്ധികവും ആത്മീയവുമായ ആശയപ്രചാരണവും പരമപ്രധാനമത്രെ. ഹിന്ദുക്കളില്‍ പെണ്ണായിപ്പിറന്ന സകലതിനെയും നിത്യാനന്ദമാരുടെ ആശ്രമങ്ങളില്‍ നടക്കിരുത്തുകയല്ലാതെ മറ്റെന്തുവഴി! ‘35 ഓളം രാജ്യങ്ങളിള്‍ ഹിന്ദു ആശയങ്ങള്‍ എത്തിച്ച’ മാഹാശയനാണ് നിത്യാനന്ദസ്വാമിയെന്ന് മുത്തലിക്കണ്ണന്‍ കുളിരുകോരുന്നു. അനുഗ്രഹം ചൊരിഞ്ഞ് മലര്‍ക്കെ തുറന്നുവെച്ച നിത്യാനന്ദയുടെ ശ്രീകോവിലില്‍ മുഖം‌പൂഴ്ത്തി പ്രണമിച്ച ഒരു ഭക്ത ‘ഹിന്ദു ആശയങ്ങള്‍’ വദനമാര്‍ഗ്ഗേ ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ട് ലോകമാകെത്തന്നെ കുളിരുകോരിയതാണ്.

സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സദാചാരത്തിന്റെ കാവലാള്‍ ചമയുന്ന മതതീവ്രവാദികളുടെ ആദ്യ ഇരകള്‍ എന്നും സ്ത്രീകളാണ് എന്നത് ഫാസിസത്തിന്റെ ലോകനീതി. സ്വന്തം രാജ്യത്ത് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ കൊട്ടേഷന്‍ സ്വീകരിക്കുന്ന മുത്തലിക്കിനേപ്പോലുള്ള നരാധമര്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി സ്വന്തം അമ്മപെങ്ങന്മാരെത്തന്നെയും നിത്യാനന്ദമാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ മടിക്കില്ല എന്നതും നിസ്സം‌ശയം.

വാര്‍ത്തക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

Sunday 6 June 2010

ആന്‍റിനാ പരീതുമാര്‍ നവലോകത്തില്‍

‍ ഇന്‍ നൈന്‍റീന്‍ എയ്റ്റീസ്. പൂജപ്പുര രവിയുടെ കണ്ണുകള്‍ പോലെ വിജ്രം‌ഭിച്ച് നിന്നിരുന്ന ടെലിവിഷന്‍ പിക്‌ച്ചര്‍ ട്യൂബുകളില്‍ 'ഗ്രെയ്‌ന്‍സ്' എന്ന ഈച്ചക്കൂട്ടം സുലഭമായി പറന്ന് കളിച്ചിരുന്ന കാലം. ദൂരദര്‍ശനില്‍ തേജേശ്വര്‍ സിങ് വായിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുകയും ഗീതഞ്ജലി അയ്യരും റിനി സൈമണും വായിക്കുന്ന വാര്‍ത്തകള്‍ കാണുകയും ചെയ്തിരുന്ന കാലം. അനന്തപുരിയില്‍‌നിന്നും കുന്നുകളും മലകളും താണ്ടി മൃതപ്രായരായെത്തി മേഘങ്ങള്‍ക്കും മരങ്ങള്‍ക്കുമിടയില്‍ ഒളിച്ചുകളിച്ചിരുന്ന സിഗ്നലുകളെ ആകാശത്തോളം ഉയരമുള്ള 'കമ്പി ആന്‍റിന' എന്ന വലവിരിച്ചു പിടിച്ച് ബൂസ്റ്റ് കൊടുത്ത് വളര്‍ത്തി വലുതാക്കി 'ബുനിയാദും' 'ചുനൗത്തിയും' തൊണ്ടതൊടാതെ വിഴുങ്ങിയിരുന്ന കാലം. പിക്‌ച്ചര്‍ ട്യൂബിനെ വെല്ലുന്ന പ്രൊജക്ഷനുമായി കണ്ണു തള്ളിയിരുന്ന് സല്‍മാ സുല്‍ത്താനെയും നീതി രവീന്ദ്രനെയും ആവാഹിച്ചിരുന്ന പ്രേക്ഷകന്‍റെ സ്വപ്നാരാമത്തിലേക്ക് അപ്രതീക്ഷിതമായി തേനീച്ചകളെ ഇളക്കിവിടുന്ന ഔചിത്യമില്ലാത്ത കോമാളിയായിരുന്നു ആന്‍റിന എന്ന വില്ലന്‍. ഒരു ചെറുകാറ്റോ ചാറലോ മതി രണ്ടിഞ്ചിന്‍റെ ജി ഐ പൈപ്പുകളില്‍ തലയുയര്‍ത്തി നിന്നിരുന്ന പഹയന്‍ പണിമുടക്കാന്‍. സ്വാഭാവികമായും ആന്‍റിന ഇന്‍‌സ്റ്റലേഷന്‍ ഏന്‍റ് റിപ്പയര്‍ എന്നൊരു പുതിയ തൊഴില്‍ മേഖല രൂപപ്പെട്ടു. ഉച്ചക്ക് ഈച്ചപിടുത്തവും രാത്രിയില്‍ മാക്രിപിടുത്തവുമായി നടന്നിരുന്ന കുറേ ചെറുപ്പക്കാര്‍ ആന്‍റിന എക്സ്‌പേര്‍ട്ടുകളായി കളത്തിലിറങ്ങി പുട്ടടിക്കാനുള്ള വക കണ്ടെത്തി. ആന്‍റിനയുടെ ഉയരം ഈസ് ഡൈറക്‌ട്‌ലി പ്രൊപ്പോഷണല്‍ ടു പിക്‌ചര്‍ ക്വാളിറ്റി എന്നതായിരുന്നു പൊതു തത്വം. അസം‌ഖ്യം സ്റ്റേ വയറുകളുടെ സഹായമുണ്ടെങ്കിലും ജി ഐ പൈപ്പുകള്‍ക്ക് ചെന്നെത്താന്‍ കഴിയുന്ന ഉയരത്തിന് ഒരു പരിധിയുണ്ടായിരുന്നു. ഈ അവസരത്തിലാണ് പുതിയൊരു ടെക്നോളജിയുമായി പരീതണ്ണന്‍ എന്ന ആന്‍റിനാപ്പരീത് രം‌ഗപ്രവേശം ചെയ്യുന്നത്. വാനോളം ഉയരമുള്ള കൊന്നത്തെങ്ങുകളുടെ മുകളില്‍ ചുരുങ്ങിയ ചിലവില്‍ ആന്‍റിന ഉറപ്പിച്ചുകൊണ്ട് ദൃശ്യമാദ്ധ്യമങ്ങളുടെ സാങ്കേതികവിദ്യാരം‌ഗത്ത് വിപ്ലവാത്മകമായ ഒരു എപ്പൊസോഡിന് തുടക്കം കുറിക്കപ്പെട്ടു. തെങ്ങാന്‍റിനയുടെ തെളിച്ചം സ്വന്തമാക്കാന്‍ നാട്ടാരെല്ലാം ആന്‍റിനാപ്പരീതിന്‍റെ ഒരു ഡേറ്റിനായി പരക്കം പാഞ്ഞു. ശ്രീകൃഷണന് കൊട്ടേഷന്‍ കൊടുക്കാന്‍ കാവലിരുന്ന ധര്‍മ്മനും ദുര്യോധനനും പകര്‍ന്ന ഇന്‍സ്പിരേഷനില്‍ ആന്‍റിനാപ്പരീതിനെ ബുക്ക് ചെയ്യാനായി ഗൃഹനാഥന്മാര്‍ കൊച്ചുവെളുപ്പാന്‍‌കാലത്ത് ഇടവഴികളില്‍ മല്‍സരയൊട്ടം തന്നെ നടത്തി. 'തൊടിയായാലൊരു തെങ്ങ് വേണം, തെങ്ങായാലൊരു ആന്‍റിന വേണം' എന്നൊരു പഴഞ്ചൊല്ല് മുന്‍‌കാലപ്രാബല്യത്തോടെ പ്രകാശനം ചെയ്യപ്പെട്ടു. തെങ്ങില്‍ ആന്‍റിന ഇല്ല എന്ന ഒറ്റക്കാരണം കൊണ്ട് വീടുകളില്‍ കല്യാണം മുടങ്ങുന്ന അവസ്ഥ സം‌ജാതമായി. നിലവിലെ ഡിമാന്‍റ് മീറ്റ് ചെയ്യാന്‍ ചുരുങ്ങിയത് ഒരു ഡസന്‍ ആന്‍റീനാപ്പരിതുമാര്‍ എങ്കിലും വേണമെന്ന അവസ്ഥയുണ്ടായെങ്കിലും തെങ്ങുകയറ്റവും ആന്‍റിന ഫിക്സിങ്ങിന്‍റെ സാങ്കേതികവിദ്യയും ഒരേപോലെ സ്വായത്തമാക്കിയവരുടെ അഭാവത്തില്‍ പരീതിന് ഒരു ബദല്‍ ഉരുത്തിരിഞ്ഞില്ല. പഴയ ആന്‍റിന എക്സ്പേര്‍ട്ടുകളില്‍ പലരും മാക്രിപിടുത്തത്തിലേക്ക് തിരികെ പോകുകയും ശേഷിച്ചവര്‍ ആന്‍റിനാപ്പരീതിന്‍റെ നിഴലെത്താത്ത നാടുകളിലേക്ക് ഓടിപ്പോകുകയും ചെയ്തു. അധികം വൈകാതെതന്നെ നാട് ഒരു സമ്പൂര്‍ണ്ണ തെങ്ങാന്‍റിന ഗ്രാമമായി മാറിയെങ്കിലും ആന്‍റിനാപ്പരീതിന്‍റെ ഡിമാന്‍റിന് കുറവുവന്നില്ല. അദ്യമാദ്യം തെങ്ങിലേറിയ ആന്‍റിനകളില്‍ തകരാറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടൊപ്പം ആന്‍റിനാപ്പരീതിന്‍റെ സമീപനത്തിലും മാറ്റങ്ങള്‍ ദൃശ്യമായി. ഇന്‍സ്റ്റലേഷന് വേണ്ടിവന്നതിലും അധികം തുക അറ്റകുറ്റപ്പണികള്‍‌ക്കായി ആന്‍റിനാപ്പരീത് ഈടാക്കാന്‍ തുടങ്ങിയതോടെ സ്ത്രീധനത്തിലും അധികം തുക മരുമകന് പോക്കറ്റ് മണിയായി കൊടുക്കണ്ടി വന്ന അമ്മായിഅപ്പന്‍റെ അവസ്ഥയില്‍ നാട്ടുകാര്‍ എത്തിപ്പെട്ടു. ആന്‍റിനാപ്പരീതിന്‍റെ കമ്മീഷന്‍ ഏജന്‍റുമാരായി മാറിയ മക്കളുടെയും മരുമക്കളുടെയും നേതൃത്വത്തിലുള്ള മാഫിയാസം‌ഘങ്ങള്‍ തമ്മിലുള്ള പോരില്‍ നാടിന്‍റെ സമാധാനാന്തരീക്ഷം താറുമാറായി. തെങ്ങിന്‍റെ മണ്ടയില്‍ പണിമുടക്കിയിരിക്കുന്ന ആന്‍റിനകള്‍ താഴെയെത്തിച്ച് കൊടുക്കുകയെങ്കിലും ചെയ്യണമെന്ന അപേക്ഷകള്‍ നിഷ്ക്കരുണം നിരസിക്കപ്പെട്ടു. ആന്‍റിനാപ്പരീതിന്‍റെ സേവനം അപ്രാപ്യമായ വീടുകള്‍ ചിത്രഹാറും ചിത്രമാലയുമില്ലാതെ തളര്‍ന്നു കിടന്നു. ഞായറാഴ്ച്ചകളില്‍ രം‌ഗോളിയില്ലാതെ വീടുകള്‍ വൈകിയുണരുകയും പാതിരാപ്പടമില്ലാതെ നേരത്തെ ഉറങ്ങുകയും ചെയ്തു. ലഘുവായ ഈച്ചശല്യം ഉണ്ടായിരുന്നെങ്കിലും മുടക്കുകാശിന് ഫലം തന്നിരുന്ന ജി ഐ പൈപ്പുകളേക്കുറിച്ച് അമ്മൂമ്മമാര്‍ ഗൃഹാതുരതയോടെ കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്തു.
------------------------
മുകളിലെ കഥയില്‍ സാമാന്യം മസാല കലര്‍ത്തിയിട്ടുണ്ടെങ്കിലും കഥാതന്തു സത്യമാണ്. കഥ നടന്ന കാലത്ത് പൊടിപ്പൈയ്യനായിരുന്ന ഈ ബ്ലോഗര്‍ പില്‍ക്കാലത്താണ് തിരിച്ചറിഞ്ഞത് 'കുത്തക' എന്ന സം‌ഭവത്തിന്‍റെ ഏറ്റവും ലളിതമായ പ്രാദേശിക രൂപമായിരുന്നു ആന്‍റിനാപ്പരീതെന്ന്. നവലോകം ആന്‍റീനാപ്പരീതുമാരുടേതാണ്. മനുഷ്യരാശിയെ സ്വന്തം കാല്‍ക്കീഴില്‍ കുരുക്കിയിടനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന തിരക്കിലാണ് ലോകവിപണിയിലെ കുത്തകകള്‍. നിയന്ത്രണമില്ലാത്ത സ്വകാര്യവല്‍‌ക്കരണത്തിന്‍റെ ട്യൂമര്‍ പൊട്ടിത്തെറിച്ചുണ്ടായ ആഗോള സാമ്പത്തികമാന്ദ്യം എന്ന ദുരന്തം പൊതുമേഖല എന്ന ജീവവായുവിന്‍റെ പ്രാധാന്യം ഇനിയും തിരിച്ചറിയാത്തവര്‍‌ക്കുള്ള പാഠമാകേണ്ടതാണ്. ബാങ്കിങ്ങും ആരോഗ്യവും അടക്കമുള്ള സമസ്തമേഖലകളും ആരോടും പ്രതിബദ്ധതയോ ഉത്തരവാദിത്വമോ ഇല്ലാത്ത സ്വകാര്യ മേഖലക്ക് തീറെഴുതിയതിനുള്ള പിഴ ഒടുക്കേണ്ടിവന്നത് ഒടുവില്‍ നികുതിദായകനും.പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തുക എളുപ്പമല്ല. സാമ്പത്തിക മാന്ദ്യത്തിന്‍റെ അടുത്ത ഊഴത്തില്‍ തകര്‍ച്ചയുടെ ആഘാതം എങ്ങനെ കൂടുതല്‍ ഫലപ്രദമായി പൊതുജനത്തിന്‍റെ അക്കൗണ്ടിലേക്ക് തിരിച്ചുവിടാം എന്നത് മാത്രമായിരിക്കും കുത്തകകള്‍ ഉരുവിടുന്ന പാഠം. വ്യക്തിജീവിതത്തിന്‍റെയും രാഷ്ട്രങ്ങളുടെ ഭരണസം‌വിധാനങ്ങളുടെ തന്നെയും അവശ്യഘടകങ്ങളായി അവതരിക്കപ്പെടുന്ന സാങ്കേതികവിദ്യകളുടെ ഉടമസ്ഥാവകാശം ഏതാനം ചില വ്യക്തികളുടെ സ്വകാര്യസ്വത്തായി നിലനില്‍ക്കുന്നതിലുള്ള അപകടം നാം തിരിച്ചറിയേണ്ടതുണ്ട്. വിജ്ഞാനദാഹത്തിന്‍റെ ഉപോല്പ്പന്നങ്ങളായി ഉരുത്തിരിയുന്ന കണ്ടുപിടുത്തങ്ങള്‍ ഇന്ന് വിരളമായിരിക്കുന്നു. പകരം എന്‍ഡ് പ്രൊഡക്ടും അതിന്‍റെ വിലയും തീരുമാനിച്ചുറപ്പിച്ച് കുത്തകകളുടെ സ്പോണ്‍സര്‍‌ഷിപ്പില്‍ നടത്തപ്പെടുന്ന ഗവേഷണപരീക്ഷണങ്ങള്‍ക്കാണ് മേല്‍ക്കൈ. വായ്ക്ക് രുചി പകരുന്ന ഒരുകെട്ട് പപ്പടമുണ്ടാക്കി വിറ്റഴിച്ച് അതില്‍‌നിന്നുള്ള മാന്യമായ ലാഭം കൊണ്ട് കഞ്ഞികുടിച്ച് കഴിയാം എന്ന ലളിതമായ കച്ചവട തത്വത്തിന് ഇന്നു പ്രസക്തിയില്ല. പപ്പടം എന്ന് ചിന്തിക്കുന്നവനേയെല്ലാം എങ്ങനെ തന്‍റെ പപ്പടം മാത്രം തീറ്റിക്കാമെന്നും ഒരിക്കല്‍ തന്‍റെ പപ്പടം തിന്നുന്നവന്‍റെ പത്ത് തലമുറകളെ അതിന് അടിമകളാക്കി മാറ്റാനുതകുന്ന സാങ്കേതികവിദ്യകള്‍ എങ്ങനെ വികസിപ്പിക്കാമെന്നും തലപുകക്കുന്നവരാണ് ഇന്നിന്‍റെ വിപണിയിലെ ജേതാക്കള്‍. ഇവിടെയാണ് ഒരു ബദല്‍ മരുന്നായി സേവന നിര്‍മ്മാണ മേഖലകളില്‍ ഒരുപോലെ പൊതുമേഖലയെ ഊര്‍ജ്ജ്വസ്വലമായി നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യം.

ബൃഹത്തായ വിഷയമാണ്. ചുരുക്കുന്നത് സമയക്കറവുകൊണ്ടല്ല. സ്വന്തം കുടും‌ബ ബഡ്ജറ്റിന്‍റെ സാമ്പത്തികശാസ്ത്രം തന്നെ ഇനിയും വേണ്ടവിധം പിടികിട്ടാത്ത ഈ ബ്ലോഗര്‍ പത്രമാസികകള്‍ വായിച്ച് വികസിച്ച സാമാന്യബുദ്ധിയുടെ പുഷ്ടിയില്‍ കുറിച്ചതാണ് ഇതുവരെ. പ്രചോദനമായത് നമ്മുടെ സം‌സ്ഥാനത്തെ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നാലുവര്‍ഷം മുമ്പത്തെ പന്ത്രണ്ടിന്‍റെ സ്ഥാനത്ത്, മുപ്പത്തിരണ്ടെണ്ണവും ലാഭത്തിലായിരിക്കുന്നു എന്ന സന്തോഷമുളവാക്കുന്ന അറിവും. അവശേഷിക്കുന്നവയും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലാകും എന്ന് വ്യവസായമന്ത്രിയുടെ പ്രഖ്യാപനം. പുതുതായി എട്ടോളം സം‌രം‌ഭങ്ങള്‍ക്ക് തുടക്കമിടാനും തീരുമാനിച്ചിരിക്കുന്നു. ലാഭത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ പോലും വിറ്റുതുലക്കുന്ന, വിത്തെടുത്ത് കുത്തുന്ന സമീപനം തലപ്പാവിലെ തൂവലായി കരുതുന്ന സാമ്പത്തികവിദഗ്ധര്‍ രാജ്യം വാഴുമ്പോള്‍ ഈ നേട്ടത്തിനു തിളക്കമേറും. ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്കും അവര്‍ക്ക് വഴികാട്ടിയായ സര്‍ക്കാരിനും അഭിവാദ്യങ്ങള്‍.

വാല്‍‌ക്കഷ്ണം: കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവന് വളമെന്ന പേരില്‍ പാഷാണം വിതരണം ചെയ്യുന്നത് കൊലപാതകത്തിലും നിഷ്ഠൂരമായ കുറ്റകൃത്യമാണ്. ഈ പാതകം കരുതുക്കൂട്ടി നടപ്പിലാക്കിയെന്ന് സം‌സ്ഥാനത്തിനാകെ ബോദ്ധ്യപ്പെട്ട കുത്തകക്കു വേണ്ടി കണ്ണീരൊഴുക്കുന്ന ഒരുദ്യോഗസ്ഥന് താന്‍ നേതൃത്വം കൊടുക്കുന്ന വകുപ്പ് നേടിയ ഈ വിജത്തിലുള്ള പങ്ക് അവകാശപ്പെടാനുള്ള അര്‍ഹതയില്ല എന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഈയുള്ളവനെടുക്കുന്നു.

Sunday 16 May 2010

നടത്തറ ശാന്തേച്ചീടെ അക്ഷയത്രികോണം

(അക്ഷയത്രിതീയ എന്ന ഉഡായിപ്പ് ഉത്സവം ആഘോഷിക്കാന്‍ കൂടുതല്‍ സഭ്യമായ മറ്റൊരു വഴി തെളിയാത്തതുകൊണ്ട്, മുമ്പൊരിക്കല്‍ ഫോട്ടോബ്ലൊഗില്‍ പോസ്റ്റ് ചെയ്തിരുന്ന 'ഗഥ' ചില ചില്ലറ മിനുക്ക് പണികളോട ഇവിടെയിടുന്നു)

നടത്തറ ശാന്തേച്ചിക്കാണ് നന്ദി പറയേണ്ടത്. ഇപ്പഴിപ്പം ജീവിക്കണേന് ഒരു രസമൊക്കെ തോന്നിത്തൊടങ്ങീട്ടൊണ്ട്. എന്നാ ഒടുക്കത്തെ കഷ്ടപ്പാടാരുന്നു അന്നൊക്കെ! വല്ല പട്ടിയോ പൂച്ചയോ ആയി ജനിച്ചാ മതിയാരുന്നൂന്ന് ശരിക്കും തോന്നീട്ടൊണ്ട്. കുഞ്ഞുന്നാളില് തിന്നാനും ഉടുക്കാനുമില്ലാത്തേന്‍റെ കഷ്ടപ്പാട്. കള്ളും കുടിച്ച് മുടിപ്പിച്ചു നടക്കണ തന്തേടെ തൊഴി വേറെ. കൊറച്ച് തൊലിവെളുപ്പ് ഒണ്ടായിപ്പോയതോണ്ട് അരേം മൊലേം ഒറച്ചപ്പമൊതല്‍ നാട്ടില്‍ ആണായിപ്പിറന്ന സകല തേണ്ടികളുടേം പരാക്രമം സഹിച്ചു. ഒടുക്കം തമ്മീ ഭേദമെന്നു തോന്നിയ ഒരുത്തന്‍ വെളുക്കെ ചിരിച്ചു കാണിച്ചപ്പം കൂടെയെറങ്ങി. ഒരുമിച്ചു പൊറുതി തൊടങ്ങീപ്പഴാ മനസ്സിലായത് കെട്ടിയോനു പണി കൂട്ടിക്കൊടുപ്പാണെന്ന്. സ്വന്തം തള്ളേ വരെ കൂട്ടിക്കൊടുക്കണ പട്ടീടെ മോന്‍. പിന്നൊരു മൂന്നാലു കൊല്ലം ജീവിച്ച പാട്.. ദെവസോം മൂന്നും നാലും പേരുടെ കൂടെ.. കാശു മുഴുവന്‍ കെട്ടിയോന്‍ കഴുവേറീടെ മോന്‍ വാങ്ങിച്ചെടുക്കും. ആരുടേന്നറിയാതെ മൂന്നു പിള്ളേരുംകൂടി ആയപ്പം ഈ പോക്ക് ശരിയാവില്ലെന്നു തോന്നി. അങ്ങനെ കെട്ടിയോനെ ചവുട്ടിപ്പുറത്താക്കി കച്ചോടമൊക്കെ നേരിട്ടാക്കി. അതീപ്പിന്നെയാണ് പിള്ളേര്‍ക്ക് വയറുനിറച്ച് തിന്നാന്‍ കൊടുക്കാന്‍ തൊടങ്ങിയത്. എന്നാലും സ്ഥലപ്പേരു ചേര്‍ത്ത് "പ്ലാമൂട് കോമളം"ന്ന് ആള്‍ക്കാരു പറേണ കേക്കുമ്പം സങ്കടം വരും.രാത്രി തലേ മുണ്ടിട്ട് കാര്യം നടത്താന്‍ വരണവനും പകല്‍‌വെളിച്ചത്തീ കണ്ടാ പരമപുച്ഛമാ. നാട്ടിലെ ശീലാവതിമാരുടെ കാര്യമാണേലോ.. ചെകുത്താന്‍ കുരിശു കണ്ടപോലെയാ കോമളത്തിനെ കണ്ടാല്‍. പിന്നെ കാശാണെങ്കില്‍ പത്തും ഇരുപതുമായിട്ട് ചെലവുകാശ് കിട്ടൂന്നല്ലാതെ ഒന്നും മിച്ചം പിടിക്കാന്‍ പറ്റാറില്ല. പൊരയൊന്നു കെട്ടിമേയണോങ്കി ചക്രശ്വാസം വലിക്കണം. അന്നും നടത്തറ ശാന്തേച്ചി മാത്രമാണ് സങ്കടം പറയാനുണ്ടായിരുന്നത്. ശാന്തേച്ചി എന്നേക്കാളൊക്കെ വളരെ പണ്ടേ പണി തൊടങ്ങിയതാ. മിടുക്കും ശുഷ്ക്കാന്തീം ഒള്ളതോണ്ട് ഇപ്പഴും പിടിച്ചു നിക്കണു. എത്ര തെരക്ക് പണിക്കെടേലും പത്രം വായിക്കും ശാന്തേച്ചി. നമ്മടെ പ്രസിടണ്ട് പണിക്കരുചേട്ടന് ശാന്തേച്ചീടങ്ങ് പറ്റുപടിയൊണ്ട്. ചേച്ചിക്കു വയ്യാത്തപ്പം എന്‍റടുത്തും വരാറുണ്ടെങ്കിലും ശാന്തേച്ചിയെ പിടിച്ചപിടിയാണ് പണിക്കരുചേട്ടന്. നാട്ടില് പ്രശ്നംവെയ്പ്പ്, മഷി നോട്ടം, കൂടോത്രം പോലുള്ള പണികള്‍ക്ക് പണിക്കരുചേട്ടനേക്കഴിഞ്ഞേ വേറെ ആളുള്ളൂ എന്നറിയാല്ലോ. ശാന്തേച്ചിയെ കണികണ്ടിറങ്ങി പത്രിക കൊടുത്ത് മെമ്പറായി ജയിച്ചേപ്പിന്നെയാണ് ചേട്ടന് ശാന്തേച്ചീനെ ഇത്രക്കങ്ങ് പിടുത്തമായത്. അങ്ങനെ സന്തോഷമായിട്ടിരിക്കണ ഏതോ നേരത്താണ് പണിക്കരുചേട്ടനോട് ചേച്ചി ചോദിച്ചത് ഞങ്ങളെ കണി കണ്ടാല്‍ ഇത്ര വിശേഷമാണെങ്കി ഞങ്ങക്കുകൂടി ഗുണമൊണ്ടാകണപോലെ എന്തേലുമൊരു സ്ഥിരം ഏര്‍പ്പാട് ചെയ്തുതരാമ്മേലേന്ന്. അങ്ങനെ ചേച്ചി നിര്‍ബന്ധം പിടിച്ചപ്പഴാണ് പണിക്കരുചേട്ടന്‍ ഈ പുത്തി പറഞ്ഞത്. ഞങ്ങളേപ്പോലുള്ള പെണ്ണുങ്ങള്‍ക്ക് ദക്ഷിണതന്ന് കണികാണുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ ഐശ്വര്യം ഒറപ്പാക്കാനൊരു ദിവസം ഒപ്പിച്ചെടുക്കുക. ഏതോ പൊസ്തകം നോക്കി സംസ്കൃതത്തില്‍ ചെല പാട്ടൊക്കെ പാടി കുറച്ച് ഞായങ്ങളും പറഞ്ഞു ചേട്ടന്‍. മശക്കണി കാണണ ദിവസത്തിന് പേരിട്ടതും ചേട്ടന്‍ തന്നെയാണ്. "അക്ഷയ ത്രികോണം". എനിക്കാദ്യം കേട്ടപ്പൊ നാണം വന്നു. ശാന്തേച്ചിയാ പറഞ്ഞുതന്നത് എളുപ്പം കാശുണ്ടാക്കണോങ്കി നാണം എന്നൊന്ന് ഒണ്ടാകാമ്പാടില്ലാന്ന്. കുനിഞ്ഞുനിന്ന് കാലിന്‍റെ എടേക്കൂടെ മേലോട്ട് നോക്കുമ്പം ചന്ദ്രനെ വെള്ളയായി കാണണ ദെവസമാണെന്നു പറഞ്ഞ് ഒരു നാളും കുറിച്ചു തന്നു ചേട്ടന്‍. അതു പിന്നെ എല്ലാ ദിവസോം ചന്ദ്രനെ വെളുത്തു തന്നല്ലേ കാണണേന്ന് ഞാനൊരു ദെവസം ചേട്ടനോട് ചോദിച്ചതാ. ചെയ്തോണ്ടിരുന്ന പണി നിര്‍ത്താണ്ട്തന്നെ ചേട്ടനെന്നെ നോക്കി കണ്ണുരുട്ടി. അങ്ങനെ ചോദിക്കുവോ സംശയിക്കുവോ ചെയ്താ പാപം കിട്ടും, നരകത്തീ പോകൂന്നൊരു പറച്ചിലും. സത്യം പറയാല്ലോ ഇത് ഞങ്ങളൊക്കെ ചേര്‍ന്നു തട്ടിക്കൂട്ടിയ ഉഡായിപ്പാണേലും പാപം നരകംന്നൊക്കെ കേട്ടപ്പൊ ഞാനുമൊന്ന് പേടിച്ചു. ഇനീപ്പം മതം ആചാരം‌ന്നൊക്കെ പറഞ്ഞ് വല്ലോരും കൊടിപിടിക്കാന്‍ വരുവോന്ന് ചേച്ചി പേടിച്ചതാ. പണിക്കരുചേട്ടനതപ്പഴേ ചിരിച്ചുതള്ളി. മുപ്പത്തിമുക്കോടി ദൈവങ്ങളേം മൊത്തമായോ ചില്ലറയായോ വിറ്റ് കാശാക്കാമെന്നൊള്ളതാ നമ്മടെ മതത്തിന്‍റെ ഒരു കൊണമെന്നാ ചേട്ടന്‍ പറയണത്. തീട്ടം പൊതിഞ്ഞ് കൊടുത്താലും എല്ലാം ശാസ്ത്രമാന്ന് പറഞ്ഞാ ആള്‍ക്കാര് വാങ്ങി വിഴുങ്ങിക്കോളും. ഒടുക്കം ഇങ്ങനെയൊരു ഏര്‍പ്പാടുണ്ടെന്ന് കരക്കാരെ അറിയിക്കണ കാര്യം ഞങ്ങള് വിചാരിച്ചേലുമൊക്കെ എളുപ്പം നടന്നു. ചേട്ടന്‍ മുട്ടിച്ചുതന്ന കൊറേ പത്രക്കാരേം ചാനലുകാരേമൊക്കെ ഞങ്ങള് നാലഞ്ച് പെണ്ണുങ്ങള് ശരിക്കങ്ങ് സല്‍ക്കരിച്ചു. ഇതു വല്ലോം ഞങ്ങക്കറിയാന്‍ മേലാത്ത പണിയാണോ. മൂവായിരം കൊല്ലം മുമ്പേ ഒള്ള ശാസ്ത്രപ്രകാരമൊള്ള ആചാരമാണെന്നാ പറഞ്ഞു പരത്തിയത്. അങ്ങനെ ആദ്യത്തെ "അക്ഷയ ത്രികോണം" വന്നപ്പൊ ടെന്‍ഷനാരുന്നു. രാവിലെ ഒറ്റക്കൊറ്റക്ക് ചെലരൊക്കെ വന്നു തൊടങ്ങി. വന്നവരൊക്കെ അമ്പതും നൂറുമൊക്കെ തന്നാണ് കണികണ്ടു പോയത്. അണിഞ്ഞൊരുങ്ങി കണി കാണിച്ചു നിന്നുകോടുക്കാന്‍ ഒരു ചളിപ്പുണ്ടായിരുന്നു. കാശുമായി ക്യൂ നില്‍ക്കണവനില്ലാത്ത ഉളുപ്പ് എനിക്കെന്തിനാന്ന് പിന്നെ വിചാരിച്ചു. ഉച്ചകഴിഞ്ഞപ്പഴേക്കും ഒരുവിധം തെരക്കായി. സന്ധ്യ കഴിഞ്ഞപ്പം ക്യൂ നില്‍ക്കാനാളായി. എന്തിനു പറയണു ആദ്യത്തെ അക്ഷയ ത്രികോണം കൊണ്ടുതന്നെ വീടിന്റെ ചായ്പ് ഞാന്‍ ഓടിട്ടു. ഇതിപ്പൊ അഞ്ചാമത്തെ കൊല്ലമാ. ഇപ്പഴിപ്പം തലേന്നേ തെരക്കു തൊടങ്ങും. സഹായിക്കാന്‍ അയലത്തൂന്നൊക്കെ കുറിയിട്ട് കാവിയുടുത്ത് പിള്ളാരു വരും. കിട്ടണ കാശെണ്ണിത്തീര്‍ക്കാന്‍ തന്നെവേണം ഒരു ദിവസം. നാട്ടുകാരൊന്നും ഇപ്പൊ പഴേപോലല്ല. ഭയങ്കര ബഹുമാനമാ. സ്ഥലപ്പേരു ചേര്‍ത്ത് അറിയണതുതന്നെ ഒരു ഗമയാ. പട്ടിണി കെടന്ന കാലത്ത് ഞാനും വിചാരിച്ചിട്ടൊണ്ട് ദൈവമൊന്നുമില്ലാന്ന്. ഇപ്പൊ എനിക്കു മനസ്സിലായി, ദൈവമൊണ്ട്. ഞങ്ങടെ വിളി കേട്ട ദൈവം അറിഞ്ഞുതന്ന സമ്മാനമാ ഈ അക്ഷയ ത്രികോണം. എന്നാലും നന്ദി പറയണ്ടത് നടത്തറ ശാന്തേച്ചിയോടാ. ശാന്തേച്ചിയില്ലായിരുന്നെങ്കില്‍..
താങ്ക്യൂ നടത്തറ ശാന്തേച്ചീ.. താങ്ക്യൂ.

സമര്‍പ്പണം: ത്രികോണശാസ്ത്രത്തിന്‍റെ വക്താക്കളായ കോവാലകൃഷ്ണന്മാര്‍ക്ക്.

Tuesday 11 May 2010

അമ്മൂമ്മ മാഹാത്മ്യം ഗുരുവായൂര്‍ ഖണ്ഡം

ഈ പോസ്റ്റിന്‍റെ ആദ്യ ഭാഗം ഇവിടെ വായിക്കാം. 'തുടരന്‍' ഒരു ബോറന്‍ തന്നെ. ഇതൊരു ശീലമാക്കില്ല എന്ന് ഏത്തമിട്ട് ഉറപ്പ് തരുന്നു.

നത്തോലി ഫ്രൈ ടച്ചിങ്സായി കിട്ടിയത്ര സന്തോഷത്തോടെ വല്യളിയന്‍ ചോറൂണിനുള്ള ടോക്കണുമായെത്തി. ഇനിയും നമ്മുടെ ഊഴം വരെ കാക്കണം. ഇതിനിടെ സുനിതേച്ചി പലവട്ടം പുറത്തുപ്പോയി തിരിച്ചെത്തി. (പോലീസുകാര്‍ക്കിപ്പോള്‍ ഞങ്ങടെ ടീമിനെ വല്യ റസ്പക്ടാണ്) ബാലേട്ടന്‍ ഇപ്പോഴും അമ്മയെ തേടി എന്ന തിരക്കഥയുടെ പണിപ്പുരയില്‍ തന്നെ. ഇത്രയുമായപ്പോഴേക്കും ഒന്നുറപ്പിച്ചു. അമ്മൂമ്മ ക്ഷേത്രത്തിനുള്ളില്‍ കടന്നിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളില്‍ ആരെങ്കിലുമൊരാള്‍ സ്ഥിരമായി പുറത്തേക്കുള്ള കവാടത്തിനരുകില്‍ അമ്മൂമ്മക്കുള്ള വാറണ്ടുമായി നില്‍‌പ്പുറപ്പിച്ചു. സെറ്റുടുത്ത് മലയാളി മങ്കമാരായി ഒരുങ്ങിവന്ന സ്ത്രീജനങ്ങളും കുട്ടികളും ഇതിനോടകം പിച്ചക്കാര്‍ തോല്‍ക്കുന്ന വേഷത്തിലായിട്ടുണ്ട്. കുഞ്ഞ്‌വാവമാര്‍ കരഞ്ഞ് തളര്‍ന്നുറങ്ങുന്നു.

കാത്തിരിപ്പിനിടയില്‍ വീണ്ടും ‘വഴി വഴി‘ എന്ന ആക്രോശം. തന്ത്രിമാരുടെ മറ്റൊരു സം‌ഘം. മുതിര്‍ന്ന കുട്ടികളെ ഈ യാത്രയില്‍ കൂട്ടേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. ഇപ്പോള്‍ കണ്ട ഏര്‍പ്പാട് പണ്ട് തെരുവില്‍ ചെയ്തിരുന്നതിനല്ലേ വിവേകാനന്ദസ്വാമികള്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതെന്ന് കുട്ടികളാരെങ്കിലും ചോദിക്കുമോ എന്ന് ഞാന്‍ ഭയന്നു. ചരിത്രപാഠപുസ്തകത്തിന്റെ പിഞ്ഞിത്തുടങ്ങിയ ഏടുകളില്‍ കണ്ടുമറന്ന പ്രാകൃത ആചാരങ്ങള്‍ പലതും ഇന്നും ചില തമോഗര്‍ത്തങ്ങളില്‍ നിലനില്‍ക്കുന്നു എന്നവര്‍ തിരിച്ചറിയുന്നുണ്ടാകണം.

കല്യാണം പോലുള്ള ശുഭകാര്യങ്ങള്‍ ഗുരുവായൂരില്‍ നടത്തുന്നത് ലളിതമായി പറഞ്ഞാല്‍ സ്വയം പീഡനവും പരപീഡനവുമാണ്. പറഞ്ഞറിയിക്കാനാകാത്തതാണ് തിരക്കുള്ള ദിനങ്ങളില്‍ വിവാഹാര്‍ത്ഥികള്‍ ഇവിടെയനുഭവിക്കുന്ന യാതന. ജീവിതത്തിലെ ഏറ്റവും മെമ്മറബിള്‍ ആയ ചടങ്ങുകളിലൊന്നാണിത് എന്നുകൂടി ഓര്‍ക്കണം. ഇന്ന് റിലീസായ അണ്ണന്റെ സിനിമക്ക് ചെന്നൈ സത്യം തിയറ്ററിനു മുന്‍പിലെ തിരക്കാണ് മണ്ഡപങ്ങള്‍ക്ക് ചുറ്റും. ചറപറാ വിവാഹങ്ങള്‍ നടന്നുകൊണ്ടിരിക്കും. ചെറുക്കനും പെണ്ണും മാറിപ്പോകുന്ന സിനിമാക്കഥയില്‍ ഒട്ടും അതിശയോക്തിയില്ല എന്ന് ഇവിടുത്തെ കോലാഹലം നേരിട്ട് കണ്ടാല്‍ മനസ്സിലാകും. നടന്നത് വിവാഹമോ റേപ്പോ എന്ന് ശങ്കിക്കും വിധമായിരിക്കും താലികെട്ട് കഴിഞ്ഞിറങ്ങുന്ന വധൂവരന്മാരുടെ അലങ്കോലമായ വേഷഭൂഷാദികളും അലങ്കാരപ്പണികളും. തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നെങ്കില്‍ അവരവരുടെ ഇഷ്ടം എന്ന് സമാധാനിക്കാം. ലോകരെ ക്ഷണിച്ച് നടത്തുന്ന ചടങ്ങുകള്‍ ഇത്തരത്തിലാകുന്നത് തികഞ്ഞ അന്യായമെന്നുതന്നെ പറയേണ്ടിവരും.
ഭഗവാന്‍ സര്‍വ്വവ്യാപിയായിരിക്കുമ്പോള്‍ എന്തിന് ഗുരുവായൂര്‍ എന്ന് ഭക്തര്‍ ചിന്തിക്കാത്തതെന്ത്? അറബിനാട്ടിലെ ഇസ്ലാം മണ്ണല്‍നിന്നും ശീമയിലെ നസ്രാണിയുടെ കമ്പനി കുഴിച്ചെടുത്ത പെട്രോള്‍ ജപ്പാനിലെ ബുദ്ധന്മാര്‍ നിര്‍മ്മിച്ച വാഹനത്തിലൂറ്റി വേണോ ഹിന്ദുദൈവങ്ങളിലെ സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ ഭക്തര്‍ കാസറഗോഡ് നിന്നും ഗുരുവായൂരിലെത്തേണ്ടത്? ഈ നാഷണല്‍ വെയ്സ്റ്റിന് തിരിച്ചറിയപ്പെടാതെ പോകുന്നതെന്തുകൊണ്ട്? അര നൂറ്റാണ്ട് മുമ്പ് ഈ ക്ഷേത്രത്തിന്റെ സമീപത്തെ പൊതുവഴികളില്‍ പോലും പ്രവേശമില്ലാതിരുന്ന വിഭാഗങ്ങളാണ് ഇന്നിവിടെ ഈച്ചകളേപ്പോലെ ആര്‍ക്കുന്നതില്‍ ഭൂരിപക്ഷവുമെന്നത് മറ്റൊരു വിരോധാഭാസം. സ്വന്തം അയല്‍‌പക്കത്ത് ഒരു ക്ഷേത്രമില്ലാത്ത ഏത് ഹൈന്ദവനുണ്ട് കേരളത്തില്‍? വെണ്ടിങ്ങ് മെഷീനുകളില്‍ പുണ്യം വില്‍ക്കുന്ന ഗുരുവായൂരും ശബരിമലയും പോലുള്ള എസ്റ്റാബ്ലിഷ്ഡ് കേന്ദ്രങ്ങളിലെ കുതന്ത്രിമാരുടെ ദുര്‍മേദസ്സിന് സം‌ഭാവന ചെയ്യുന്ന പണം സ്വന്തം നാട്ടിലെ കുഞ്ഞ് ക്ഷേത്രത്തിലേക്ക് വഴിതിരിച്ച് വിടാനുള്ള ഔചിത്യമെങ്കിലും ഭക്തര്‍ കാണിച്ചാല്‍ അര്‍ദ്ധപ്പട്ടിണിക്കാരായ കുറേ പൂജാരികള്‍ക്കെങ്കിലും വിശപ്പടക്കാനാകും. പകരമായി, വണ്ടിയിടിച്ച് വഴിയില്‍ കിടക്കുമ്പോള്‍ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തിക്കാനുള്ള മുഖപരിചയമെങ്കിലും അവര്‍ക്കുണ്ടാകും. വര്‍ണ്ണവെറിയുടെ അണയാക്കനലുകളായ പെരിയ തന്ത്രിമാര്‍ക്ക്, മതില്‍‌ക്കെട്ടിനുള്ളിലെ ഈ ഫ്യൂഡല്‍ പ്രഭുക്കള്‍ക്ക് അങ്ങനെയൊരു സൌമനസ്യം തോന്നാനിടയില്ല.

ഗുരുവായൂരപ്പനെ കണികണ്ടുണരാം എന്ന റിയല്‍ എസ്റ്റേറ്റ് വാഗ്ദാനത്തില്‍ കുടുങ്ങി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഭക്തി വ്യവസായകേന്ദ്രത്തില്‍ സ്ഥിരതാമസമാക്കുന്നവര്‍ തെല്ലൊന്നുമല്ല ജാഗ്രത പാലിക്കേണ്ടത്. ഭാവിയില്‍ അവരുടെ മക്കള്‍ കണ്ണില്‍ ചോരയില്ലാത്ത ഒരു തട്ടിപ്പ് സംഘാം‌ഗമാകാനുള്ള സാധ്യത ഏറെയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പളനി ഒരുദാഹരണം. മഴവില്‍ക്കാവടിയിലെ നിഷ്ക്കളങ്കനായ നായകന്‍ പളനിയില്‍ കാലുകുത്തിയ ദിനം തന്നെ പോക്കറ്റടിക്കാരനായത് യാദൃശ്ചികമല്ല, മറിച്ച് സ്വാഭാവികമായ പരിണാമമാണ്. അനുഭവസ്ഥര്‍ക്കറിയാം, പളനിയില്‍ വണ്ടിയിറങ്ങുന്ന നിമിഷം തട്ടിപ്പുകാരാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന ഭക്തര്‍ ചവറും ചണ്ടിയുമായാണ് അവിടെനിന്നും തിരികെ യാത്രയാകുക. അവിടെ തൂണിലും തുരുമ്പിലുമുള്ളത് തട്ടിപ്പും പിടിച്ചുപറിയുമാണ്. നഗരഭരണത്തില്‍നിന്നും പളനിയാണ്ടവന്‍ എന്നേ പുറത്താക്കപ്പെട്ടിരിക്കുന്നു. ആ ദുര്‍ഗ്ഗതി ഗുരുവായൂരിന് സം‌ഭവിക്കാതിരിക്കട്ടെ.

കഥയിലേക്ക് തിരികെ വരാം. ചോറൂണിന് ഞങ്ങളുടെ ഊഴമെത്തി. അച്ഛന്‍റെ സ്ഥാനത്തുനിന്ന് മൂത്ത അളിയന്‍ വേണം ചടങ്ങ് നടത്താന്‍. വമ്പിച്ച തിരക്കാണ് ചോറൂണ് നടക്കുന്ന സ്ഥലത്ത്. ഒരേ സമയം ഡസനിലധികം കുട്ടികളെ നിരത്തിയിരുത്തിയാണ് പരിപാടി. ഇടിച്ച് നില്‍ക്കുന്ന രക്ഷിതാക്കളെയും ബന്ധുജനങ്ങളെയും മറികടന്ന് മുന്നിലേക്കെത്തണമെങ്കില്‍ റസ്ലിങ്ങ് പഠിക്കണം. ആദ്യശ്രമത്തില്‍ തന്നെ ഇടിയുടെ കാഠിന്യം രുചിച്ചറിഞ്ഞതോടെ ഞങ്ങളുടെ സംഘത്തിലെ പ്രായമായവരും കുട്ടികളും ആനന്ദപുളകിതരായി പിന്മാറി. അളിയനും ചോറൂണുകാരനും(അവനെ ഒഴിവാക്കാനാകില്ലല്ലോ) അവന്‍റെ അമ്മയും മാത്രം വല്ല വിധേനയും മുന്നിലെത്തി. മോശമാക്കാന്‍ പാടില്ലല്ലോ, ചോറൂണുകാരന്‍റെ ചേട്ടനുമായി ഞാനും പിന്നാലെ ഇടിച്ചുകയറി നോക്കി. കുഞ്ഞുങ്ങളോ സ്ത്രീകളോ എന്ന് പോലും നോക്കാത്ത തമിഴന്‍റെയും തെലുങ്കന്‍റെയും പരാക്രമം കട്ടിയെ ചതച്ചരക്കുമെന്നായപ്പോള്‍ ഞാനും പിന്‍‌വാങ്ങി. ഒരു ഡസനിലേറെ ആളുകള്‍ രണ്ടു ദിക്കില്‍ നിന്നും മെനക്കെട്ടിറങ്ങിയതാണ്. അതില്‍ രണ്ടുപേര്‍ക്കൊഴിച്ച് ആര്‍ക്കും ചടങ്ങ് കാണാനോ എന്തിന് വേദിയുടെ സമീപമൊന്ന് എത്താനോ പോലുമുള്ള അവസരമുണ്ടായില്ല. ഒരുകണക്കിന് ഞങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഞങ്ങളെവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അമൂമ്മയെവിടെയാണെന്ന് അമ്മൂമ്മക്കെങ്കിലും അറിയുമോ എന്ന് സം‌ശയം. പത്ത് മിനുറ്റ് കൊണ്ട് ചടങ്ങ് തീര്‍ത്ത് ആറടി രണ്ടിഞ്ചുകാരനായ അളിയന്‍റെ തോളിലേറി കരഞ്ഞുതളര്‍ന്ന കഥാനായകന്‍ തിരിച്ചെത്തി. തിരിച്ചറിവില്ലാത്ത പ്രായമായത് നന്നായി. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയേപ്പോലെ ഈ പീഡാനുഭവത്തിന്‍റെ ഓര്‍മ്മയില്‍ കുട്ടി ചോറ് കാണുമ്പോള്‍‍ അലറിവിളിക്കുന്ന അവസ്ഥയുണ്ടായേനെ.

വീണ്ടും ബാലേട്ടനെ ബന്ധപ്പെട്ട് അമ്മൂമ്മ ഇപ്പോഴും റേഞ്ചിലില്ല എന്ന് ഉറപ്പ് വരുത്തി ഞങ്ങള്‍ പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ത്തന്നെ അന്വേഷണത്തിനിറങ്ങി. അരമണിക്കൂറോളം റോന്ത് ചുറ്റിക്കഴിഞ്ഞപ്പോഴാണ് അളിയന്‍ ഒരു ചെറുചിരിയോടെ എന്‍റെ തോളില്‍തട്ടി ഒരു കാഴ്ച്ച കണിച്ചുതന്നത്. അല്പം ഉയര്‍ന്ന ഒരു തറയില്‍ ക്ഷേത്രത്തൂണില്‍ കെട്ടിപ്പിടിച്ചുനിന്ന്, മരം‌ചുറ്റിക്കളിക്കുന്ന എഴുപതുകളിലെ ഷീലയേപ്പോലെ ഒരു കാല്‍ മുന്നോട്ടും പിന്നോട്ടുമാട്ടി ജില്‍ ജില്ലെന്ന് നില്‍ക്കുന്നു അമ്മൂമ്മ ദ ഗ്രേറ്റ്! ഞങ്ങളെ കണ്ടയുടെനെ ഐസ്‌ക്രീം കണ്ട കുട്ടിയേപ്പോലെ നിഷ്ക്കളങ്കമായൊരു ചിരിയുമായി ഉര്‍‌വ്വശി സ്റ്റൈലില്‍ ഓടിവന്നു അമ്മൂമ്മ. മണിക്കൂറുകള്‍ നീണ്ട അലച്ചില്‍ കാരണം തെല്ലൊന്ന് ക്ഷീണിച്ചിട്ടുണ്ടെങ്കിലും അള്‍ ഉഷാറില്‍ തന്നെ. മൂത്രപ്പുരയില്‍‌നിന്നിറങ്ങി ബാലേട്ടനെ കാണാതയപ്പോള്‍ ക്യൂവില്‍ ഞങ്ങളെ കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നത്രെ. ക്യൂ മാറിപ്പോയതുകൊണ്ടോ എന്തോ നടന്നില്ല. (ദര്‍‌ശനത്തിനും വഴിപാടിനും രണ്ട് ക്യൂവാണ്). എല്ലായിടവും തിരഞ്ഞ് നടക്കുന്നതിനിടയില്‍ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തുവരെ പോയിനോക്കി കക്ഷി. ഒടുവില്‍ ക്യൂ നിന്ന് ക്ഷേത്രത്തിനുള്ളില്‍ കടന്നിട്ടിപ്പോള്‍ കുറേ മണിക്കൂറുകളായി. ഇതിനിടയില്‍ തന്നെ തിരഞ്ഞ് നടക്കുന്നവര്‍ക്ക് കാഴ്ച്ച എളുപ്പമാക്കാന്‍ കല്യാണമണ്ഡപങ്ങളിലൊന്നില്‍ വലിഞ്ഞ് കയറി നില്‍ക്കുകയും ചെയ്തു കുറേ സമയം.

കൊച്ചിക്കാര്‍ക്ക് സ്റ്റാമിന അല്പം കൂടുതലായതുകൊണ്ട് അവര്‍ വീണ്ടും ദര്‍ശനത്തിനായുള്ള ക്യൂവിലേക്ക് നീങ്ങാന്‍ പരിപാടിയിട്ടുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ഇരിങ്ങാലക്കുട ടീം യജ്ഞം മതിയാക്കി ക്ഷേത്രത്തില്‍‌നിന്നിറങ്ങി. രാവിലെ കണ്ട വധുക്കളിലൊരാള്‍ തന്‍റെ പുതുമണവാളനുമായി തോളുകള്‍ കൊണ്ട് പറ്റാവുന്ന നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ട് നടന്ന് നീങ്ങുന്നു. പെണ്‍കുട്ടി ഉടുത്തിരിക്കുന്ന സാരിയുടെ അവസ്ഥയും തലയിലെ മുല്ലപ്പൂ അവശിഷ്ടങ്ങളും കണ്ടപ്പോള്‍ എന്തുകൊണ്ടോ ടി ജി രവിയെ ഓര്‍മ്മ വന്നു.

കല്യാണമണ്ഡപത്തില്‍ കയറിനിന്ന അമ്മൂമ്മയുടെ തീക്കളിയേക്കുറിച്ചായിരുന്നു തിരികെയുള്ള യാത്രയിലത്രയും എന്‍റെ ചിന്ത. 'ഒരു പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെയൊക്കെ വേണ്ടിവന്നു മക്കളേ' എന്നുപറഞ്ഞ് കൈയ്യില്‍ ബൊക്കെയും കഴുത്തില്‍ മാലയും അരികിലൊരു മാരനുമായി മോണകാട്ടി നാണിച്ച് നില്‍ക്കുന്ന അമ്മൂമ്മയെ സങ്കല്പ്പത്തില്‍ കണ്ടതിന്‍റെ ഞെട്ടലില്‍ ഞാന്‍ ആക്സിലറേറ്റര്‍ ആഞ്ഞ് ചവുട്ടി.. ഗുരുവായൂരില്‍‌നിന്നും ദൂരേക്ക്..

വാല്‍‌ക്കഷ്ണം: വൈകിട്ട് ഫോണ്‍ ചെയത്പ്പോഴാണറിഞ്ഞത്. അമ്മൂമ്മ വീണ്ടുമൊരിക്കല്‍‌ക്കൂടി മിസ് ആയത്രെ. കണ്ടുപിടിക്കാന്‍ രണ്ടു മണിക്കൂറെടുത്തു പോലും. അമ്മൂമ്മ ഉണ്ണിക്കണ്ണനുമായി സാറ്റ് കളിക്കുന്നതാകണം. പാവം.

Sunday 9 May 2010

ഗുരുവായൂരിൽ മിസ് അമ്മൂമ്മ

ഒരു ഗുരുവായൂർ യാത്രയേക്കുറിച്ചാണ്. ഇവിടെ ക്ഷേത്രദർശനം ശീലമുള്ളവർ പുതുമയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ലേഖകനും ക്ഷേത്രങ്ങളും തമ്മിലുള്ള ബന്ധം കേരളാ കോണ്‍ഗ്രസ്സും ആദർശവും പോലെയേ ഉള്ളൂ എന്നതിനാൽ ഈ കുറിപ്പ് തികച്ചും വ്യക്തിപരമായ കൌതുകം എന്ന് കണ്ടാൽ മതി. ക്ഷമാശീലർക്ക് സ്വാഗതം.

മിഥുനമാസത്തിലെ അവസാന ഞായറാഴ്ച്ച. കഴിഞ്ഞ വർഷമാണ്. നിൽക്കുന്നത് ഗുരുവായൂരിലാകുമ്പോൾ ഈ ദിനത്തിനൊരു പ്രത്യേകതയുണ്ട്. വരുന്നത് കർക്കിടകം. കല്യാണങ്ങൾ‌ക്കോ മറ്റ് ശുഭകാര്യങ്ങൾ‌ക്കോ യോജിക്കാത്ത മാസം. അതുകൊണ്ടുതന്നെ ഗുരുവായൂരപ്പൻ ലോങ്ങ്‌ലീവിൽ പ്രവേശിക്കുന്നതിന് മുൻപ് ശുഭകാര്യങ്ങൾ നടത്തിയെടുക്കാനുള്ള അവസാന ചാൻസെന്ന നിലയിൽ ഭക്തജനങ്ങൾ ഇരമ്പിയെത്തുന്ന ദിനമാ‍ണിത്. ഇന്ന് ഇവിടെയാണ് ദേവൂട്ടന്റെ ചോറൂണ്. എന്റെ അളിയനും പ്രീയസുഹൃത്തുമായ അവന്റെ അച്ഛൻ അങ്ങ് ദുബായിൽ ലീവും കാൻസൽ ചെയ്ത് റിസഷനിൽ കുടുങ്ങിക്കിടക്കുന്നു. ഇവിടെ ഞങ്ങൾ അവൈലബിൾ പി ബി വേണം ചടങ്ങ് നടത്താൻ.

ഈയുള്ളവനും ഒരു വയസ്സ് തികയാത്ത മകളും എഴുപത് കഴിഞ്ഞ അമ്മായിയമ്മയും ഇന്നലത്തെ ആറ് പെഗ്ഗ്iന്‍റെ ഹാങ്ങ് ഓവറിൽ ഉണർന്ന മൂത്ത അളിയനും മറ്റ് സ്ത്രീജനങ്ങളുമൊക്കെ അടങ്ങുന്ന സം‌ഘം കൊച്ചുവെളുപ്പാൻ‌കാലത്ത് തന്നെ കുളിച്ചൊരുങ്ങി ഇരിങ്ങാലക്കുടയില്‍‌നിന്നും ഗുരുവായൂരിൽ എത്തിയിരിക്കുകയാണ്. ചോറൂണുകാരൻ കഥാനായകൻ അവന്റെ അമ്മയുടെ നാടായ എറണാകുളത്തുനിന്നും പരിവാരസമേതം പുറപ്പെട്ടിട്ടുണ്ട്. പുലർച്ചെ ആറരയായപ്പോഴേക്കും നഗരം തിരക്കിലമർന്നിരിക്കുന്നു. പെയ്ഡ് പാർക്കിങ്ങുകളൊക്കെ ഹൗസ്‌ഫുൾ. ഒടുവിൽ കുയിൽ കാക്കക്കൂട്ടിൽ മുട്ടയിടുന്നപോലെ, മുന്നിൽക്കണ്ട ഒരു വിവാഹ സം‌ഘത്തിൽ നുഴഞ്ഞ് കയറി കല്യാണ മണ്ഡപത്തിന്‍റെ പാർക്കിങ്ങിൽ വണ്ടിയുപേക്ഷിച്ച് തമിഴ്‌നാട്ടിലെ ഒരു പഞ്ചായത്തിൽ വിരിഞ്ഞ മൊത്തം മുല്ലപ്പൂവും തലയിൽ ചൂടിയ വധുവിനും സംഘത്തിനും പിന്നലെ ക്ഷേത്രത്തിലേക്ക് നടന്നു. ദര്‍ശനത്തിനുള്ള ക്യൂ ആനക്കൊണ്ട പോലെ വളഞ്ഞ് പുളഞ്ഞ് പന്തൽ നിറഞ്ഞിട്ടുണ്ട്. പറഞ്ഞ സമയം കഴിഞ്ഞിട്ടും കൊച്ചിക്കാരെ കാണാഞ്ഞ് വിളിച്ച് നോക്കിയപ്പോൾ വഴിയിൽ മറ്റേതോ അമ്പലത്തിൽ തൊഴാൻ കയറിയിരിക്കുന്നു സൈന്യം. മഗധം ലക്ഷ്യമാക്കി പട നയിച്ച അലക്സാണ്ടർ പോകുന്ന പോക്കിൽ വഴിയിൽക്കണ്ട ചെല ചീള് നാട്ടുരാജാക്കന്‍‌മാരെ ചുമ്മാ മസില് കാട്ടി വിരട്ടി സാമന്തന്മാരാക്കിയ പോലെ.

വീണുകിട്ടിയ സമയം കൊണ്ട് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ആദ്യം കണ്ട ബ്രാഹ്‌മിണ്‍സ് ഹോട്ടലിൽ ഇടിച്ചുകയറി. ( ഇന്ത്യൻ‍ സെക്യുലറിസത്തിന്‍റെ ഒരു രീതിവെച്ച്‍ സർക്കാരിന്റെ പങ്കാളിത്തത്തിൽ തിയ്യൻസ്, പുലയൻസ്, മാപ്ലാസ്.. എന്നിങ്ങനെ തീനിടങ്ങൾ ആരം‌ഭിക്കാൻ ഇടത് പാർട്ടികളെങ്കിലും മുൻകൈ എടു‍ക്കേണ്ടതാണ്) ഓരോ ഇഞ്ച് തറയും ക്ഷേത്രമുറ്റത്തെ അഴുക്കും വാഷ്‌റൂമിൽ നിന്നുള്ള വെള്ളവും ചേർന്ന മിശ്രിതത്തിൽ കുതിർന്നിരിക്കുകയാണ്. ചെരിപ്പുകൾ എല്ലാവരും ബുദ്ധിപൂർ‌വ്വം വണ്ടിയിൽ അഴിച്ച് വെച്ചതുകൊണ്ട് ആണിരോഗം പിടിപെട്ടവരേപ്പോലെ കാല്‍ തറയിൽ തൊട്ടും തൊടാതെയുമിരുന്ന് ഭക്ഷണം കഴിച്ചെന്ന് വരുത്തി. ദോഷം പറയരുതല്ലോ ഇഡ്ഡലിയും ഇടിക്കട്ടയും ദോശയും പശയും എല്ലാം ഒന്നാണെന്ന് തോന്നിക്കുന്ന, സർവ്വവും മായയാണെന്ന് ഭക്തരെ ഓര്‍മ്മിപ്പിക്കുന്ന മാരക ടേസ്റ്റ്.

അധികം വൈകാതെ കൊച്ചിപ്പട എത്തിച്ചേര്‍ന്നു. ടീമം‌ഗങ്ങളെ ഒന്ന് പരിചയപ്പെടുത്തേണ്ടതുണ്ട്. ദേവൂട്ടൻ (ചോറൂണുകാരൻ), അവന്റെ ചേട്ടൻ (പേട്രോമാക്സ് പരുവം), ഇവരുടെ അമ്മ, സുനിതേച്ചി(ചോറൂണുകാരന്‍റെ അമ്മയുടെ ചേച്ചി), ഭൂകമ്പം റിക്ടർ സ്കെയ്ലിൽ എട്ടടിക്കുമ്പോൾ കസേരയുടെ കാലുറപ്പിക്കാൻ ചുറ്റിക തപ്പുന്ന ടൈപ്പ് ബലേട്ടൻ(സുനിതേച്ചിയുടെ ഹസ്)‍, ഇവരുടെ മക്കള്‍ രെണ്ടെണ്ണം(മെയ്‌ൽ ആന്റ് ഫീമെയ്‌ൽ ചാത്തൻ‌സ്), ഓടിക്കോ സുനാമി വരണൂ എന്ന് പറഞ്ഞാൽ ‘ബക്കറ്റിലിത്തിരി വെള്ളം പിടിച്ചേച്ച് വന്നേക്കാം മക്കളെ‘ എന്ന് പറയുന്ന ടൈപ് അമ്മൂമ്മ ഒരെണ്ണം(ബാലേട്ടന്‍റെ അമ്മ). അങ്ങനെ കോറം തികഞ്ഞ് എല്ലാവരും ആനക്കൊണ്ടയുടെ വാലറ്റത്ത് സ്ഥാനം പിടിച്ചു. നിന്നും നിരങ്ങിയും നീങ്ങുന്ന ക്യൂവില്‍ അര മണിക്കൂർ പിന്നിട്ടപ്പോൾ ശങ്ക കലശലായ അമ്മൂമ്മയെ കൂട്ടി മൂത്രപ്പുരയിലേക്ക് പോയത് ബാലേട്ടനാണ്. ഒരു പതിനഞ്ച് മിനുറ്റ് കഴിഞ്ഞപ്പോൾ കക്ഷി ഒരു മൂളിപ്പാട്ടൊക്കെ പാടി തിരികെയെത്തി, തനിയെ! അമ്മൂമ്മയെവിടെ എന്ന് ചോദിച്ചതിന് ഒരു നിമിഷം ബ്ലാങ്കായി നിന്നിട്ട് ഹീറോ ഹാപ്പിയായി പറഞ്ഞു, ‘മൂത്രോഴിച്ചിട്ട് എറങ്ങീപ്പോ അമ്മേടെ കാര്യം ഞാമ്മറന്ന് പോയി‘. ഭേഷ്! ഒരു ഇമാജിനറി റിവോൾവിങ് ലൈറ്റ് തലയിൽ ഫിറ്റ് ചെയ്ത് ബാലേട്ടനെ ട്രെയ്ലറാക്കി ജനത്തെ ഇടിച്ചുതെറിപ്പിച്ച് സുനിതേച്ചി മൂത്രപ്പുരയിലേക്ക് പാഞ്ഞു. സം‌ഭവസ്ഥലം അകവും പുറവും പരിസരവുമൊക്കെ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. കാര്യമുറപ്പിച്ചു, അമ്മൂമ്മ ഈസ് മിസ്സിങ്ങ്. ഈ ടൈമിങ്ങിനാണ് കാശ്. റെക്കോഡ് തിര‍ക്കിലാണ് ക്ഷേത്രപരിസരം. ഒരുപിടി മണ്ണിട്ടാല്‍ നിലത്ത് വീഴില്ല. എല്ലാവരും ഇനിയെന്ത് എന്ന പരിഭ്രമത്തിലായപ്പോള്‍ സുനിതേച്ചിയാണ് പറഞ്ഞത്. ആരും ക്യൂവില്‍ നിന്ന് മാറണ്ട. ബാലേട്ടന്‍ പുറത്തുതന്നെ നിന്ന് അന്വേഷണം തുടരട്ടെ. ചെറിയ തീയിലൊന്നും വാടുന്ന ഇനമല്ല അമ്മൂമ്മയെന്ന ആശ്വാസവുമുണ്ട്. മുക്കാല്‍ മണിക്കൂറോളം വിണ്ടും കടന്നുപോയി. ബാലേട്ടന്‍ വെറും കൈയ്യോടെ വന്നും പോയുമിരിക്കുന്നുണ്ട്. ക്യൂ ക്ഷേത്രത്തിന് സമീപമെത്തിയതോടെ എല്ലാവരുടെയും മൊബൈല്‍ ഫോണുകൾ ക്ലോക്ക് റൂമിൽ ഏൽ‌പ്പിക്കേണ്ടിയും വന്നു. അങ്ങനെ അകത്ത് കടന്നതോടെ ബാലേട്ടനുമായുള്ള ലൈവ് കമ്മ്യൂണീക്കേഷൻ മുറിഞ്ഞു.

പൂരത്തിരക്കാണ് ക്ഷേത്രത്തിനുള്ളിൽ. അസഹനീയമായ ചൂടിന് ബോണസായി ഉയര്‍ന്ന ഹ്യുമിഡിറ്റിയും. കവാടത്തിലെ തിക്കും തിരക്കും പല വെറൈറ്റി വിയർപ്പുകളുടെ മണവും ഗുണവും തൊട്ടറിയാനും ചിലപ്പോഴൊക്കെ രുചിച്ച് തന്നെ അറിയാനുമുള്ള അസുലഭാവസരമാണ്. എല്ലാം ഹൈന്ദവ വിയർപ്പുകളായതുകൊണ്ട് അശുദ്ധമില്ല എന്നതാണൊരാശ്വാസം. അകത്ത് കടന്നപ്പോൾ മലയാളവും തെലുങ്കും തമിഴും ശരണം വിളിയും വഴക്കും കുട്ടികളുടെ കരച്ചിലും എല്ലാമായി ഭക്തിസാന്ദ്രമായ അന്തരീക്ഷം. കുട്ടിക്ക് ചോറു കൊടുക്കാൻ ടോക്കൺ എടുക്കേണ്ടതുണ്ട്. അതിന് മറ്റൊരു ക്യൂവാണ്. ആനക്കൊണ്ടയല്ലെങ്കിലും രാജവെമ്പാല തന്നെ. വല്യളിയൻ ദൗത്യമേറ്റ് ടോക്കണെടുക്കാൻ പോയിരിക്കുന്നു. പരിചയമില്ലാത്ത തിരക്കും ചൂടുമൊക്കെക്കൊണ്ട് ചെറിയ കുട്ടികൾ കരച്ചിൽ ആരം‌ഭിച്ചിട്ടുണ്ട്. കുഞ്ഞുവാവകൾക്ക് പാല് കൊടുക്കാൻ പറ്റിയ ഒഴിഞ്ഞ സ്ഥലമുണ്ടോ എന്ന് നോക്കൂ എന്ന് ഭാര്യ. ശരിക്കൊന്ന് ശ്വാസം വിടണമെങ്കിൽ അമ്പലത്തിന്‍റെ ഒരു കിലോമീറ്റര്‍ ദൂരെയെത്തണം, പിന്നെയാണ് ഒഴിഞ്ഞ സ്ഥലം! ഒന്ന് കറങ്ങിനോക്കിയപ്പോൾ സ്ത്രീസാന്ദ്രത കൂടിയ ഒരിടം കണ്ടെത്തി. രണ്ട് വശം തുറന്ന ഒരു പഴയ എടുപ്പാണ്. അതിനുള്ളില്‍‌ത്തന്നെ ഒരു പ്രത്യേകഭാഗത്ത് ശര്‍ക്കരയിൽ ഈച്ച പൊതിഞ്ഞിരിക്കുന്നതുപോലെ കുറേ സ്ത്രീകള്‍ വിയർത്തൊലിച്ച് തൊട്ടുരുമിയിരിക്കുന്നു. ഇതെന്ത് കഥ എന്ന് അതിശയിച്ചപ്പോഴാണ് കണ്ടത്, മുകളിൽ തിരിഞ്ഞ് കളിക്കുന്ന ഒരു പങ്കയുടെ ചെറുകാറ്റാണ് തരുണികളുടെ ഒരുമക്ക് നിദാനം. എന്തായാലും കരച്ചിൽ ഉച്ചസ്ഥായിയിലാക്കിയ കുട്ടികളെയും സ്ത്രീജനങ്ങളെയും കൂട്ടിക്കൊണ്ടുവന്ന് പുതിയ ഷെല്‍ട്ടറിലാക്കി. അമ്മൂമ്മ മിസ് ആയിട്ടിപ്പോൾ രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ട്. ‘ബാലേട്ടനിപ്പോൾ ആളെ കണ്ടുപിടിച്ചിട്ടുണ്ടാകുമല്ലേ‘ എന്ന് ആരോ ചോദിച്ചത് ഒരാശ്വാസത്തിനാണ്. ‘ഹും, അങ്ങേരിപ്പോൾ എവിടെയെങ്കിലും പത്രം വായിച്ചിരിക്കുന്നുണ്ടാകും‘ എന്ന് സുനിതേച്ചിയുടെ മറുപടി. വിളിച്ച് നോക്കാനാണെങ്കിൽ മൊബൈലും കൈയ്യിലില്ല. പുറത്തിറങ്ങിയാൽ വീണ്ടും അകത്ത് കയറണമെങ്കിൽ ക്യൂ നിൽക്കണം. ഒടുവിൽ ചെവിയിൽ ചവീട് മൂളുന്ന ശല്യം സഹിക്കാതായപ്പോൾ ക്യൂ നിയന്ത്രിക്കുന്ന പോലീസുകാർ സുനിതേച്ചിക്ക് മാത്രം പുറത്ത് പോയിവരാനുള്ള അനുവാദം കൊടുത്തു.

പെട്ടന്നാണ് ഞങ്ങൾ നിന്നിരുന്ന ഭാഗത്ത് ആൾക്കൂട്ടത്തിന് ഒരു ചലനമുണ്ടായത്. ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ തന്ത്രിമാരുടെ സം‌ഘം ഈറനുമുടുത്തുള്ള വരവാണ്. തീണ്ടൽ ഒഴിവാക്കാനായി ‘വഴി വഴി‘ എന്ന് ഉറക്കെ വിളിച്ച് മുൻപിൽ നടന്നൊരാൾ വഴിയൊരുക്കുന്നു. ഭക്തർ ഭയഭക്തിബഹുമാനത്തോടെ ചിതറിമാറുന്നു, കുട്ടികളുടെ കണ്ണുകളിൽ പരിഭ്രമം. നനഞ്ഞ ഒറ്റമുണ്ടിലെ അശ്ലീല പ്രദർശനത്തിൽനിന്ന് സ്ത്രീകൾ മുഖം തിരിക്കുന്നു. ഇതിൽ ഏത് കൌപീനധാരിയാണാവോ സ്ത്രീകളുടെ ചുരിദാറിൽ ഗുരുവായൂരപ്പനുള്ള അനിഷ്ടം കണ്ടുപിടിച്ചത്!

ക്ലോക്ക് റൂമില്‍ നിന്നും മൊബൈലെടുത്ത് ബാലേട്ടനെ വിളിച്ച ശേഷം സുനിതേച്ചി തിരികെയെത്തി. അമ്മൂമ്മ ഇപ്പോഴും ഔട്ട് ഓഫ് റേഞ്ച് തന്നെ. ബാലേട്ടൻ സേർച്ച് തുടരുന്നുണ്ട്. ഇതിനകം അമ്മൂമ്മ ക്ഷേത്രത്തിനുള്ളിൽ കടന്നിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഞങ്ങളും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉയരം കുറഞ്ഞ അമ്മൂമ്മയെ ജനക്കൂട്ടത്തിനിടയിൽ തിരയുന്നതും ശ്രമകരം. തുലാഭാരത്തിനും ചോറൂണിനുമാണ് തിരക്കേറെ. തുലാഭാരം ഒന്നു കാണേണ്ട കാഴ്ച്ച തന്നെയാണ്. കൃത്യമായി പണമടച്ചാൽ തടിക്ക് സമം തൂക്കേണ്ട ഐറ്റം‌സ്- അരി, ശര്‍ക്കര, പഞ്ചാര തുടങ്ങി നാണയം വരെ- എല്ലാം പന്തലില്‍ റെഡി. അനിയന്ത്രിതമായ തിരക്ക് കാരണം ഏതാനം സെക്കന്‍റുകൾ മാത്രമേ ഓരോ വഴിപാടുകാരനും അനുവദിക്കുന്നുള്ളു. ആക്രിക്കടയിൽ പാട്ട തൂക്കുന്ന മട്ടിൽ ‍കാര്യങ്ങൾ നീക്കുന്ന ദേവസ്വം ജോലിക്കാർ തട്ടിൽ കയറിയിരിക്കുന്ന ഭക്തന്മാരോട് വഴിയിൽ തൂറാനിരിക്കുന്നവനോടുള്ള അനുഭാവം പോലും കാണിക്കാത്തത് സ്വാഭാവികം. പണം വാങ്ങി പുണ്യം വില്‍ക്കുന്ന കച്ചവടത്തിന്‍റെ അകവും പുറവും അറിയുന്നവരല്ലോ അവർ. അതല്ലെങ്കിൽ അരിക്കും പിണ്ണാക്കിനും പകരം തട്ടിൽ വെക്കാൻ സ്വർണ്ണവും വെള്ളിയുമായി വരട്ടെ- ഏത് കാട്ടുകള്ളനാണെങ്കിലും- മൂത്ത തന്ത്രിയടക്കം വന്ന് ഓച്ഛാനിച്ച് നില്‍ക്കും.

തുലാഭാരക്കാരുടെ തിരക്കില്‍‌നിന്നും പുറത്ത് ചാടിയപ്പോൾ കണ്ടത് മറ്റൊരു ദയനീയ കാഴ്ച്ചയാണ്. ഒരു കൽ‌മണ്ഡപത്തോട് ചേർന്ന തറയിൽക്കിടന്ന് ദീനമായി കരയുന്നു അമ്പതിന് മുകളില്‍ പ്രായമുള്ള ഒരു സ്ത്രീ. കുറച്ച്‌കൂടി ചെറുപ്പമായൊരുത്തി സമീപമിരുന്ന് വീശിക്കൊടുക്കുന്നുണ്ട്. കാര്യമന്വേഷിച്ചപ്പോൾ നെഞ്ചുവേദനയെന്ന് മറുപടി. കൂടെയുള്ളവർ ദര്‍‌ശനത്തിനായി പോയിരിക്കുന്നു. അവർ വന്നിട്ട് ജീവനുണ്ടെങ്കിൽ ചികിത്സയേക്കുറിച്ച് ആലോചിക്കാം. മറിച്ചായാൽ മക്കൾ വഴിയാധാരമാകുമെങ്കിലും കണ്ണന്‍റെ സവിധത്തിലായതുകൊണ്ട് ആത്മാവിന് മോക്ഷമുറപ്പ്.
ഓരൊ കൊല്ലവും ഗുരുവായൂരും ശബരിമലയും വേളാങ്കണ്ണിയും പോലുള്ള തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് ഉറക്കമൊഴിച്ചുള്ള യാത്രക്കിടയിൽ റോഡുകളിൽ പൊലിയുന്ന ജീവനുകൾ എത്രയുണ്ടാകും. ശാന്തി തേടി തങ്ങളുടെ സവിധത്തിലേക്ക് ശരണം വിളിച്ചെത്തുന്ന ഭക്തരുടെ പ്രാണൻ കാക്കാനുള്ള സാമാന്യ മര്യാദ പോലും ഈ ദൈവങ്ങൾ കാണിക്കാത്തതെന്ത്!
(തുടരും)
ഈ പോസ്റ്റിന്‍റെ ബാക്കി ഭാഗം ഇവിടെ വായിക്കാം
സോറി. ഒരു ചെറുകുറിപ്പിൽ അധികം ഉദ്ദേശിച്ചിരുന്നതല്ല. എഴുതിവന്നപ്പോൾ റബ്ബർ ബാൻഡ് പോലെ നീണ്ടു പോയി. ബാക്കി ഭാഗം മറ്റൊരു പോസ്റ്റാക്കിയിടാം.

Monday 29 March 2010

നൂർ സമീറുമാർ നമുക്കായി ചെയ്യുന്നത്

വാർത്തകളിൽ അറിഞ്ഞത്..

കോട്ടയം താഴത്തങ്ങാടിയിൽ നിയന്ത്രണം വിട്ട ഒരു സ്വകാര്യ ബസ് പൊട്ടിവീണ വൈദ്യുതക്കമ്പികളുമായി മീനച്ചിലാറിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നപ്പോൾ വൈദ്യുതാഘാതം ഭയന്ന് ദൃക്സാക്ഷികൾ രക്ഷാപ്രവർത്തനത്തിനിറങ്ങാനാകാതെ പകച്ചു നിന്നു. പക്ഷെ കൺമുൻപിൽ മരണക്കയത്തിലേക്ക് മുങ്ങിത്താഴുന്ന മനുഷ്യജീവനുകളുടെ പിടച്ചിലിന് മുൻപിൽ നിസ്സംഗനാകാൻ സാധിച്ചില്ല കുമ്മനം വാലാവില് സതീഷ് എന്ന നാൽപ്പത്തിരണ്ടുകാരന്. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനായി ആദ്യം പുഴയിലേക്ക് ചാടിയ ധീരൻമാരിൽ ഒരാളായി സതീഷ്. പിന്നീട് പല തവണയായി നാലോ അഞ്ചോ വിദ്യാർത്ഥികളെ സതീഷ് രക്ഷപെടുത്തി കരക്കെത്തിച്ചെന്ന് ദൃക്സാക്ഷികൾ. ഇതിനിടെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹം തിരികെ വീട്ടിലെത്തി ഭാര്യ മിനിയേയും കൂട്ടി കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ചികിത്സ നേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹജീവികളുടെ പ്രാണനുവേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായി ആ മനുഷ്യസ്നേഹി.
താഴത്തങ്ങാടിയിൽ ധീരതയുടെയും മനസ്സാന്നിദ്ധ്യത്തിന്രെയും സഹാനുഭൂതിയുടെയും ഉദാത്ത മാതൃകകളായ എത്രയോ പേർ ഇനിയുമുണ്ട്. കടത്തുകാരൻ ആലുംമൂട് അറുപുഴചിറയില് കബീർ, ദുരന്തത്തിൽ അകപ്പെടുകയും സഹയാത്രികരായിരുന്ന കൂട്ടുകാരികളെ രക്ഷപെടുത്തുകയും ചെയ്ത സൂര്യ, കുമ്മനം തെങ്ങുംപറമ്പില് എം.കെ.ഷിയാദ്, ദുരന്ത ഭൂമികളിൽ പതിവായി സൌജന്യ സേവനം നടത്തുന്ന ഇന്റർഡൈവ് എന്ന മുങ്ങൽവിദഗ്ധരായ യുവാക്കളുടെ സംഘം..

ഇനി നമുക്ക് ഹൈറേഞ്ചിലേക്ക് പോകാം. പൂർണ്ണ ഗർഭിണിയായ ഒരു ആദിവാസി സ്ത്രീ ചികിത്സ നിഷേധിക്കപ്പെട്ട് പ്രസവവേദയോടെ 240 കിലോമീറ്റർ ബസിലും ഓട്ടോറിക്ഷയിലുമായി യാത്ര ചെയ്യുകയും ഒടുവിൽ നാൽപ്പത് മണിക്കൂർ നീണ്ട അലച്ചിലിനൊടുവിൽ കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയായി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയതത് വാർത്തയായിരുന്നു. ( ഈ വിഷയത്തിൽ ചിത്രകാരന്റെ പോസ്റ്റ് ) സ്റ്റെതസ്ക്കോപ്പിനു പകരം കാലപാശം കഴുത്തിലണിഞ്ഞ, കൃത്യവിലോപത്തിൽ മാത്രം ഡോക്ടർ പട്ടത്തിന് അർഹരായ വെള്ളക്കോട്ടണിഞ്ഞ നരാധമന്മാരേക്കുറിച്ച് ഇവിടെയൊന്നും പറയുന്നില്ല. കാരണം ഈ പോസ്റ്റ് മനസ്സാക്ഷി ജീർണ്ണിച്ച ഇത്തരം അഹങ്കാരിപ്പരിഷകളുടെ ദുർഗന്ധത്താൽ മലിനമാക്കാനുള്ളതല്ല. സഹായം നൽകാൻ ബാദ്ധ്യസ്തരായ സർക്കാർ സംവിധാനങ്ങൾ കൈവിട്ടിടത്ത് നിരാലംബരായ ആ കുടുംബത്തിന് ആശ്രയമായത് അനീഷ് എന്ന സാധാരണക്കാരനായ ഒരു ഓട്ടോ തൊഴിലാളിയാണ്. കാട്ടാനശല്യത്താൽ വലിയ വാഹനങ്ങൾ പോലും റോഡിലിറങ്ങാൻ മടിക്കുന്നിടത്താണ് രാത്രി 12 മണിക്ക് ഹൈറേഞ്ചിലെ പൈനാവിൽ നിന്നും കാനനപാതയിലൂടെ തൊടുപുഴയിലേക്കും പിന്നീട് വെളുപ്പിന് രണ്ടരക്ക് 25 കി. മി. അകലെയുള്ള മുവാറ്റുപുഴയിലേക്കും വീണ്ടും 55 കി മി. ദൂരെയുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്കും ഈ യുവാവ് തന്റെ സ്നേഹരഥം തെളിച്ചത്. നിർദ്ധനരും നിരാശ്രയരുമായ ഒരു ആദിവാസി കുടുംബത്തെ പിൻസീറ്റിലിരുത്തി 136 കി. മി തന്റെ കുടുകുടുവണ്ടിയോടിക്കാൻ അനീഷിന് ഇന്ധനമായത് മരവിപ്പ് ബാധിക്കാത്ത മനസ്സാക്ഷി ഒന്നുമാത്രം.

തൊടുപുഴയിലേക്ക് ഒരിക്കൽക്കൂടി തിരികെ പോകാം. തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായി വേഷം മാറിയ പിശാചിന്റെ വികൃതിയിൽ ദൈവത്തിന്റെ മാനം കപ്പൽ കയറാതെ കഷ്ടിച്ച് രക്ഷപെടുത്തിയെടുത്തതിന്റെ തൊട്ടുപിറ്റേന്ന് ശനിയാഴ്ച. നഗരത്തിൽ ട്രാഫിക്ക് ഡ്യൂട്ടിയിലായിരുന്ന നൂർ സമീർ എന്ന ട്രാഫിക് കോൺസ്റ്റബിൾ തൊടുപുഴയാറിന് കുറുകെയുള്ള പാലത്തിലെ ജനക്കൂട്ടത്തിന്റെ കാരണമന്വേഷിച്ചെത്തിയപ്പോൾ കണ്ടത് താഴെ പുഴയിലൂടെ ഒഴുകിപ്പോകുന്ന ഒരു പുരുഷനെയാണ്. കൈയ്യിലുണ്ടായിരുന്ന വാക്കി ടോക്കിയും ഷൂസും തൊപ്പിയും ഊരിവെച്ച് പുഴയിലേക്ക് എടുത്തുചാടാൻ നൂർ സമീർ എന്ന ചെറുപ്പക്കാരന് രണ്ടാമതൊന്ന് അലോചിക്കേണ്ടി വന്നില്ല. മുകളിലെ കടവിൽ കുളിക്കാനിറങ്ങി അപകടത്തിൽ‌പ്പെട്ട മാനത്തൂർ പുത്തൻപുരക്കൽ ജോസിന്റെ പിന്നാലെ നീന്തിയെത്തിയ നൂർ സമീർ അദ്ദേഹത്തെ കരക്കടുപ്പിച്ചു. ജോസ് ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നു.(( ഈ വിഷയത്തിൽ മരമാക്രിയുടെ പോസ്റ്റ് )


ഈ മനുഷ്യർ നമുക്കായി ചെയ്യുന്നതെന്താണ്? കാര്യക്ഷമമായ പൊതുസംവിധാനങ്ങളുടെ അപര്യാപ്തതയാൽ ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങൾ, ദിശാബോധം നഷ്ടപ്പെട്ട പ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയും അസംബന്ധ വാചാടോപങ്ങൾ, രക്തരൂക്ഷിതമായ ഗുണ്ടാവിളയാട്ടങ്ങൾ, വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്ന മത സമുദായ വാറോലകൾ എന്നിങ്ങനെ പ്രതിലോമകരമായ വാർത്തകൾ പേജുകൾ നിറക്കുമ്പോൾ ഈ മനുഷ്യസ്നേഹികൾ സൃഷ്ടിക്കുന്ന ബോക്സ് ന്യൂസുകൾ സമൂഹമനസാക്ഷിക്കുള്ള മൃതസഞ്ജീവനികളാകുന്നുണ്ട്. സ്വന്തം ജീവൻ പണയപ്പെടുത്തി ദുരന്തമുഖങ്ങളിലേക്ക് എടുത്ത് ചാടുന്നവർക്ക് പ്രചോദനമാകുന്നത് കറ കളഞ്ഞ മനുഷ്യത്വം ഒന്നു മാത്രം. അത് ചെയ്യാതിരിക്കാൻ അവർക്കാവില്ല തന്നെ. അത്ര മോശം സമൂഹത്തിലൊന്നുമല്ല നമ്മൾ ജീവിച്ചിരിക്കുന്നതെന്ന ബോധമുണർത്തിയതിന്, നന്മയുടെയും നിസ്വാർത്ഥതയുടെയും ഇത്തിരിവെട്ടം പുതുതലമുറക്കായി തെളിച്ചു വെച്ചതിന് നിങ്ങൾക്ക് പ്രണാമം. നരബലിയിൽ സം‌പ്രീതരാകുന്ന ദൈവങ്ങളുടെയും മനുഷ്യന്റെ കുടൽ‌മാല ഹാരമാക്കുന്ന അവതാരങ്ങളുടെയും കെട്ടുകഥകൾക്കു പകരം ഊഷ്മളമായ മാനവസ്നേഹത്തിന്റെ ഈ നിർമ്മല ഗാഥകൾ നമ്മുടെ കുഞ്ഞുങ്ങൾക്കായി കാത്തുവെക്കാം. അവർ ഭയമകന്നുറങ്ങട്ടെ.

Saturday 20 February 2010

ബാച്ചിലര്‍ കശ്മലന്‍‌സ്

ഗള്‍ഫിലെ Forced bachelors ന്‍റെ സങ്കടങ്ങളേക്കുറിച്ച് പറയാന്‍ ഏവര്‍ക്കും നൂറ് നാവാണ്. വിരഹവേദന, ഗൃഹാതുരത്വം.. തേങ്ങാക്കൊല!
ഞങ്ങള്‍ വടക്കുനോക്കിയന്ത്രങ്ങളുടെ വേപഥു ആരിവൂ..

ഷാര്‍ജ റോളയിലെ ഒരു റസിഡന്‍ഷ്യല്‍ ബില്‍‌ഡിങ്ങ് കവാടം

Monday 8 February 2010

തുരങ്കം‌സ് ഓഫ് ദുബായ്സ്

അത്ഭുതങ്ങളുടെ നഗരമാണ് ദുബായ്. അമ്പരപ്പിക്കുന്ന വേഗത്തിലുള്ള വികസനം. നിരത്തുകള്‍ക്ക് ഇരുവശവും തണല്‍ മരങ്ങള്‍ക്ക് പകരം എന്നപോലെ സ്ഫടിക സൗധങ്ങള്‍. കടലില്‍ വീണ മരം പോലെ മനുഷ്യ നിര്‍മ്മിത ദ്വീപുകള്‍. ആഡം‌ബരത്തിന്‍റെ അവസാനവാക്കായ സെവന്‍ സ്റ്റാര്‍ ഹോട്ടലുകള്‍. അവിടെ താമസക്കാരായ ലോക കോടീശ്വരന്മാരെ അമ്പരപ്പിച്ചുകൊണ്ട് ബീച്ചില്‍ ലുങ്കിയുടുത്ത് ജോഗ് ചെയ്യുന്ന മലയാളികള്‍.. സന്ദര്‍‌ശകര്‍ക്കായി വിസ്മയക്കാഴ്ച്ചകള്‍ തന്നെ എങ്ങും.

കഴിഞ്ഞ ആഴ്ച്ച ഇവിടുത്തെ പ്രധാന പത്രങ്ങളിലൊന്നില്‍ വന്ന ഒരു വാര്‍ത്ത മുന്‍പറഞ്ഞ അത്ഭുതങ്ങളേയൊക്കെ കവച്ച് വെക്കുന്നതായി. "രഹസ്യ തുരങ്കം" കണ്ടെത്തിയതായാണ് തലക്കെട്ട്. ഏതോ പ്രാചീനയുഗത്തില്‍ നിര്‍മ്മിക്കപ്പെട്ട രഹസ്യതുരങ്കത്തിന്‍റെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കാര്‍ കണ്ടെത്തിയ വാര്‍ത്തയാണെന്ന് കരുതിയാല്‍ തെറ്റി. ഒരു കിലോമീറ്ററിലധികം നീളത്തില്‍ പണി പൂര്‍ത്തിയായ ഒരു അണ്ടര്‍‌പാത്ത് എങ്ങനെയോ ശ്രദ്ധിക്കപ്പെടാതെ കിടന്നുപോയതാണ്. അതും ലോകശ്രദ്ധയാകര്‍ഷിച്ച ബുര്‍ജ് ഖലീഫയെന്ന കെട്ടിടഭീമന്‍റെ കാല്‍ച്ചുവട്ടില്‍. infrastructure development പ്രളയത്തില്‍ കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞരുവി! വാര്‍ത്ത കണ്ട് നോക്കൂ

Secret tunnel: SZ Road traffic woes could ease

Dubai: You can't help feeling a bit like Batman while driving into an apparently secret, subterranean car tunnel coursing under the Downtown Burj Khalifa area.
There are no street signs or nameplates, just four empty lanes of asphalt divided by a concrete divider and two long ceiling slots to allow in air and sunlight.
Several visits by XPRESS to the completely unknown 1.1-kilometre bypass tunnel revealed an empty thoroughfare save for a couple of straggler cars clipping through the concrete passageway.
‘Not aware'
A Roads and Transport Authority (RTA) official said they weren't aware of the tunnel which links Downtown Burj Khalifa to Al Mafraq Road and bypasses heavy Dubai Mall traffic congestion on Financial Centre Road (formerly Doha Road).
"We may have announced this already, but I'm not aware of it," said the official. "It sounds like it will save drivers a lot of time."
The official couldn't say when the tunnel had actually opened.
A Dubai Taxi driver said he was overjoyed when he stumbled upon the find by accident.
Using the underground tunnel instead of braving the construction work at Defence Roundabout and Financial Centre Road southerly towards Dubai Mall has saved him many times in recent weeks, he said.
"On busy traffic days, it can take a lot of time to go from Shaikh Zayed Road past Dubai Mall and down the road behind (Al Mafraq Road) to get to Dubai Exhibition Centre," he said. "There is so much traffic at the [Dubai] Mall. This tunnel has made life much easier."
To access the tunnel from a westerly direction on Shaikh Zayed Road, drivers can turn in to the Downtown Burj Khalifa exit before the Defence Roundabout exit. Once inside Downtown Burj Khalifa, motorists proceed to the second small roundabout and then turn left towards Emaar Square. The road directly enters the tunnel at the foot of Emaar Square office towers.
It takes about a minute to pass through the tunnel and exit directly onto Al Mafraq Road with the Al Murooj Rotana hotel on the driver's side

വാര്‍ത്തക്ക് കടപ്പാട്: GulfNews (www.gulfnews.com)

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ വേണം പറമ്പൊക്കെ നന്നായൊന്ന് കിളച്ച് നോക്കാന്‍. അപ്പനപ്പൂപ്പന്മാരായിട്ട് പണിത വല്ല തുരങ്കവും മറഞ്ഞ് കിടപ്പുണ്ടെങ്കിലോ..! പറയാന്‍ പറ്റില്ലേ..

Wednesday 3 February 2010

അണ്ട്രാവിയിട്ട വാര്‍ത്തകള്‍

ടെയ്‌ലറിങ്ങും പറ്റുമെങ്കില്‍ ഫാഷന്‍ ഡിസൈനിങ്ങും കൂടി ജേര്‍‌ണലിസം കോഴ്സിന്‍റെ ഭാഗമാക്കണമെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം. കാരണം ചില പത്രങ്ങളിലെ വാര്‍ത്തകള്‍ പലതുമിപ്പോള്‍ നിക്കറിട്ടാണ് വെളിച്ചം കാണുന്നത്. അബ്ദുള്‍ റൗഫ് എന്നൊരു പാവം വ്യവസായിയെ ഇക്കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്ക് വേണ്ടി അനുവദിക്കുന്ന ഭൂമിയില്‍‌ കുറച്ച് (1000 ഏക്കറോ മറ്റോ, ചുമ്മാ) അടിച്ചുമാറ്റിയത്രെ സാധു. സ്വന്തമായി ഭൂമിയില്ല, പട്ടിണിയാണ്, കിട്ടുന്ന ഭൂമില്‍ വല്ല ചേനയോ ചേമ്പോ നട്ടുണ്ടാക്കി വേവിച്ച് കൊടുത്തിട്ടുവേണം പൈതങ്ങള്‍ക്ക് വിശപ്പകറ്റാന്‍ എന്നൊക്കെ കരഞ്ഞു പറഞ്ഞ് നിക്കറിന്‍റെ കീശയും കാലിയായ പേര്‍‌സുമൊക്കെ കാണിച്ച്‌കൊടുത്തിട്ടും കേരളാവില്‍‌നിന്നുള്ള സര്‍ട്ടീറ്റ് തന്നെ വേണം എന്ന് വാശിപിടിച്ച മറാത്തികളാണ് തെറ്റുകാര്‍. കൃത്യാന്തരബാഹുല്യത്താല്‍ നട്ടം തിരിയുന്ന കേരളത്തിലെ ഉഗ്യോഗസ്ഥരെ ഇത്തരം ചീള് ചേന ചേമ്പ് സര്‍ട്ടീറ്റുകള്‍ക്കായി ശല്യം ചെയ്യുന്നത് നാടിന്‍റെ വികസനത്തേത്തന്നെ പിന്നോട്ടടിക്കും. അതുകൊണ്ട് നാടിന്‍റെ നന്മയെ കരുതി (അതുകൊണ്ട് മാത്രം) ആവശ്യമുള്ള കടലാസൊക്കെ എഴുതിയുണ്ടാക്കി ശ്ശടേന്ന് ഒരു സീലും തഹസില്‍‌ദാരുടെ ഒപ്പും സ്വയമങ്ങ് ചാര്‍ത്തി മറാത്തിക്ക് പണ്ടാറടങ്ങി. ഇതൊരു തെറ്റാണോ? ആണെന്നാണ് ഇപ്പോള്‍ പോലീസുകാര് പറയുന്നത്. എന്തായാലും വ്യാജരേഖാക്കേസില്‍ അവര് പൊക്കിയ റൗഫണ്ണനെ പിറ്റേന്ന് കോടതി പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡും ചെയ്തു.

വിഷയമതല്ല. ഈ പാവം വ്യവസായിയുടെ പേര് പത്രത്താളുകളില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ജനാബ് കുഞ്ഞാലിക്കുട്ടി സാഹിബും മാദകത്തിടമ്പ് റജീനാരാജകുമാരിയും തമ്മിലുള്ള XXX പ്രണയകാവ്യം ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരുന്ന കാലം. സാഹിബിന്‍റെ ഭാര്യാസഹോദരീഭര്‍ത്താവായ അദ്ബുള്‍ റൗഫ് സാക്ഷികളെ കൂറ് മാറ്റാന്‍ നടത്തിയ ഇടപെടലുകള്‍ മുതല്‍ കേസ് നടത്തിപ്പിന്‍റെ ചുക്കാന്‍ പിടിക്കുന്നതടക്കമുള്ള പഴയ വാര്‍ത്തകള്‍ വെബ്ബിലൊന്ന് തിരഞ്ഞാല്‍ ഗൂഗിളമ്മച്ചി കാണിച്ച് തരും. ഇദ്ദേഹവും സാഹിബുമായുള്ള കൂട്ടുകച്ചവടങ്ങളേക്കുറിച്ചുള്ള ഗോസിപ്പുകള്‍ കോഴിക്കോട്ടുകാര്‍ക്കെങ്കിലും പുതുമയല്ല. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണെന്ന കാര്യം കേരളത്തിലെ മിക്കവാറും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ നമ്മുടെ മാതൃഭൂമി മനോരമ പത്രങ്ങള്‍ മാത്രം ഇക്കാര്യമറിഞ്ഞില്ല. അറസ്റ്റ് നടന്ന വിവരം മറ്റെല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ മനോരമ പൂര്‍‌ണ്ണമായും വാര്‍ത്ത ഒഴിവാക്കി.(എവിടെയെങ്കിലും പ്രാദേശിക കോളത്തില്‍ വന്നിട്ടുണ്ടോ എന്നറിയില്ല). മാതൃഭൂമിയിലാകട്ടെ ഏതോ ഒരു റൗഫ് അറസ്റ്റില്‍ എന്ന മട്ടിലൊരു വാര്‍ത്ത കൊടുത്തു. ഇന്ന് രണ്ടാം ദിനം മറ്റ് പത്രങ്ങള്‍ക്കൊപ്പം തുടര്‍‌വാര്‍ത്ത കൊടുത്തപ്പോഴും കുഞ്ഞാലിക്കുട്ടിയുമായുള്ള റൗഫിന്‍റെ ബന്ധുത്വം മനോരമയും മാതൃഭൂമിയും അറിഞ്ഞിട്ടില്ല. ഇതാണത്രെ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ ഉദാത്ത മാതൃകകള്‍. റൗഫിന്‍റെ സ്ഥാനത്ത് സി പി എമ്മിലെ ഏതെങ്കിലുമൊരു ചോട്ടാ നേതാവിന്‍റെ മുള്ളിത്തെറിച്ച ബന്ധമെങ്കിലുമുള്ള ഒരുവനായിരുന്നു എങ്കില്‍ കാണേണ്ടിയിരുന്നു പുകില്‍. അവന്‍റെ മൂലവും പൂരാടവുമടക്കം ചൊറിഞ്ഞ് പുറത്തിട്ട് ആഘോഷമാക്കിയിട്ടുണ്ടാകും വീരവാനരന്മാരും മനോരമയും ഒപ്പം ചാനലുകളും.

മൂടുതാങ്ങുന്നത് ഒരു കലയാണ്. താങ്ങുന്ന മൂടുകളുടെ ജീര്‍ണ്ണിച്ച നഗ്നതയില്‍ മണ്ണും പുല്ലും തടഞ്ഞ് അലോസരമുണ്ടാകാതെ അണ്ട്രാവിയണിയിച്ച് സം‌രക്ഷിക്കേണ്ടത് നല്ല മൂടുതാങ്ങികളുടെ ബാദ്ധ്യതയത്രെ.

Thursday 21 January 2010

തൊഴിക്കുന്ന തൊഴിലുകള്‍

കഴിഞ്ഞ അവധിക്കാലത്താണ്. അടുത്ത ബന്ധുവിന്‍റെ മകള്‍ ബാം‌ഗ്ലൂരില്‍ നര്‍‌സിങ്ങിന് ചേരുന്നു. കുട്ടിക്ക് ഈ ജോലിയോടുള്ള താത്പര്യമാണോ തീരുമാനത്തിന് പിന്നിലെന്ന് വെറുതെ അവളുടെ അച്ഛനോട് ചോദിച്ചു. അങ്ങനെയൊന്നുമില്ല അയല്‍‌വാസിയായ അവളുടെ ബെസ്റ്റ് ഫ്രണ്ട് ഇതേ കോഴ്‌സിനാണ് ചേരുന്നത്, അതുകൊണ്ട് അവളും ആ വഴി പോകട്ടെ എന്ന് തീരുമാനിച്ചു എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ മറുപടി.
നമ്മുടെ സമൂഹത്തില്‍ പുതുമയല്ലാത്ത കാര്യം തന്നെ. തൊഴിലധിഷ്ടിത വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോള്‍ ഈയൊരു തീരുമാനത്തിന്‍റെ സത്തയാണ് ആ കുട്ടിയുടെ ശിഷ്ടമുള്ള ആയുസ്സിന് പ്രാണവായു പകരേണ്ടത് എന്ന പ്രധാനപ്പെട്ട വസ്തുത പലരും കണക്കിലെടുക്കാറില്ല. സ്വയം‌പര്യാപ്തതയും അതുവഴി സ്വതന്ത്രമായൊരു വ്യക്തിത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ഏറ്റവും അത്യന്താപേക്ഷിതമായ ഉപജീവനമാര്‍ഗ്ഗം നമ്മള്‍ തിരഞ്ഞെടുക്കുന്നത് തികച്ചും അശ്രദ്ധവും അശാസ്ത്രീയവുമായാണ് എന്ന് പറയാതെ വയ്യ. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സാമൂഹിക സാഹചര്യങ്ങളിലെ ചെറുപ്പക്കാര്‍ക്ക് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പരിമിതമാണ് എന്ന് അം‌ഗീകരിക്കുമ്പോള്‍‌ത്തന്നെ ലഭ്യമായ സാദ്ധ്യതകളെങ്കിലും നമ്മള്‍ ഔചിത്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു തൊഴില്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും സാമ്പത്തികവും തൊഴില്‍‌പരവുമായ സുരക്ഷിതത്വം ഒരു പ്രധാന ഘടകമാണെങ്കിലും അത് ഒരേയൊരു മാനദണ്ഡമാകുന്നിടത്താണ് അപകടം. അച്ചാറില്ലെങ്കില്‍ അലുവ കഴിക്കാം എന്ന് പറയുന്നപോലെഒരേ വിദ്യാര്‍ത്ഥിയുടെ ചോയ്‌സ് ലിസ്റ്റില്‍ ഒന്നാമതായി മെഡിസിനും രണ്ടാമതായി മെക്കാനിക്കല്‍ എഞ്ചിനീറിങ്ങും മൂന്നാമതായി ബിസിനസ് മാനേജ്‌മെന്‍റും കടന്ന് വരുന്നതിലെ കോമാളിത്തം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അത്ഭുതകരമാംവിധം വ്യത്യസ്തങ്ങളായ അഭിരുചികള്‍ ഒളിഞ്ഞിരിക്കുന്ന ജീനുകള്‍ പേറുന്ന മനുഷ്യര്‍ക്കിടയില്‍ എന്തും ചെയ്യും സുകുമാരന്‍ മട്ടിലുള്ള സര്‍‌വ്വകലാവല്ലഭന്മാര്‍ വിരളമായിരിക്കും. ചിത്രം വരക്കുന്നവന്‍ പാട്ട് പാടണമെന്നില്ല, കണക്ക് വഴങ്ങുന്നവന്‍ ചിലപ്പോള്‍ കളിയില്‍ കുഴങ്ങും. ചിത്രത്തിലെ രേഖകളും രൂപങ്ങളും വായിച്ചെടുക്കാന്‍ ജന്മവാസനയില്ലാത്തവന്‍ എങ്ങനെയൊരു നല്ല സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറാകും, മനുഷ്യരെ ഭയക്കുന്ന അന്തര്‍‌മുഖന്‍ ബുദ്ധിജീവിയാണെങ്കിലും എങ്ങനെ നല്ലൊരു അദ്ധ്യാപകനാകും, മുന്ന് വരികള്‍‌ക്കപ്പുറം ലോജിക്കില്ലാത്തവന്‍ എങ്ങനെയൊരു നല്ല പ്രോഗ്രാമറാകും, സഹജീവികളോട് സഹാനുഭൂതിയില്ലാത്തവനെങ്ങനെ നല്ല ഡോക്ടറാകും. തെറ്റായ പ്രവര്‍ത്തിമണ്ഡലത്തില്‍ എത്തിപ്പെടുന്നവന്‍ പത്ത് മുപ്പത് കൊല്ലക്കാലം അവനവനു തന്നെയും സമൂഹത്തിനാകെയും ബാദ്ധ്യതയായി മാറുന്ന ദുരന്തമാവുകയാവും ഫലം. മറിച്ച് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ഒരു വിനോദമെന്നപോലെ പ്രീയത്തോടെ ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിക്ക് ഔദ്യോഗിക പദവിയും പ്രതിഫലവും ലഭിക്കുന്ന അവസ്ഥ എത്ര ആവേശകരമായിരിക്കുമെന്ന് കൂടി ചിന്തിക്കണം.

പലപ്പോഴും ഉപരിപ്ലവമായ പൊലിമയിലാണ് പല തൊഴില്‍മേഖലകളും വിലയിരുത്തപ്പെടുന്നത്. ഒന്നാമത്തെ ഉദാഹരണമാണ് ഡോക്ടറുടെ തൊഴില്‍. ജോലിക്കുവേണ്ടി സ്വകാര്യജീവിതത്തില്‍ ഇത്രയധികം ത്യാഗങ്ങള്‍ സഹിക്കുന്ന മറ്റൊരു വിഭാഗമുണ്ടെന്ന് തോന്നുന്നില്ല. ക്ലിപ്തതയില്ലാത്ത ജോലിസമയം, സമ്മര്‍ദ്ദങ്ങളും പിരിമുറുക്കവും ഒഴിയാത്ത തൊഴില്‍ മേഖല, പലപ്പോഴും Thankless എന്ന് തോന്നിക്കുന്ന ചുറ്റുപാടുകള്‍. എട്ടും പത്തും കൊല്ലം നീളുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനൊടുവില്‍ ജോലി തുടങ്ങുന്ന വൈദ്യന്മാര്‍ ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലാത്തവിധം അകപ്പെട്ട് പോകുന്ന തൃശങ്കു സ്വര്‍ഗ്ഗത്തിലെ പീഡകള്‍ കാരണമാണോ എന്നറിയില്ല, അവരുടെ ആയുസ്സ് പൊതുശരാശരിയിലും താഴെയാണെന്നുള്ള ഒരു പഠനവും കണ്ടിരുന്നു. അങ്ങേയറ്റത്തെ അര്‍‌പ്പണമനോഭാവവും ഇടവേളകളില്ലാത്ത തുടര്‍‌പഠനസന്നദ്ധതയും ഉള്ളവര്‍ക്ക് മാത്രമേ അപ്പോത്തിക്കിരിയുടെ ജോലി ആസ്വദിക്കാനും അതില്‍ വിജയിക്കാനും കഴിയൂ എന്നാണെന്‍റെ തോന്നല്‍.

ഇവിടെയാണ് ഫ്രാങ്ക് പാര്‍‌സണ്‍‌സ് (Frank Parsons)എന്ന വെള്ളക്കാരന്‍ വാദ്ധ്യാരേക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത്. occupational/career guidance എന്ന സേവനമേഖലയുടെ പിതാവായാണ് ഈ സായ്‌വ് അറിയപ്പെടുന്നത്. 1854 മുതല്‍ 1908 വരെ ജീവിച്ചിരുന്ന ഈ അമേരിക്കക്കാരെന്‍റെ Choosing a Vocation എന്ന പുസ്തകമാണ് ഇന്നും കരിയര്‍ ഡവലപ്മെന്‍റിന്‍റെ ബൈബിള്‍ ആയി ഗണിക്കപ്പെടുന്നത്. അദ്ധ്യാപനം, സാമൂഹ്യസേവനം, എഞ്ചിനീയറിങ്ങ് എന്നിങ്ങനെ വിവിധ മേഖലകളിലായി തുടര്‍ന്ന ഔദ്യോഗിക ജീവിതത്തിന്‍റെ അവസാനപാദത്തിലാണ് പാര്‍സണ്‍‌സ് തന്‍റെ ജീവിതനിയോഗം തിരിച്ചറിഞ്ഞത്. കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ടിരുന്ന ഉദ്യോഗാര്‍ത്ഥികളെ തങ്ങളുടെ കഴിവുകളെയും ദൗര്‍ബ്ബല്യങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുകയും അവര്‍ക്ക് യോജിച്ച തൊഴില്‍‌മേഖല തിരഞ്ഞെടുക്കുന്നതിന് ശാസ്ത്രീയവും നിയതവുമായ ഒരു മാര്‍ഗ്ഗരേഖ സൃഷ്ടിക്കുകയുമാണ് പിന്നീടദ്ദേഹം ചെയ്തത്. വളരെ പെട്ടന്നുതന്നെ അദ്ദേഹത്തിന്‍റെ വിശകലനരീതികള്‍ വ്യാപകമായ അം‌ഗീകാരം നേടിയെടുക്കുകയും പ്രശസ്തമായ പല സര്‍‌വ്വകലാശാലകളും career guidance തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു. ഇന്ന് കാലോചിതമായ പരിഷ്ക്കാരങ്ങളോടെ ഈ സേവനം മിക്കവാറും വികസിത രാജ്യങ്ങളില്‍ ഔദ്യോഗിക പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയിട്ടുള്ളത് കൂടാതെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും career guidance & councelling സേവനദാതാക്കളായുണ്ട്.

നമ്മുടെ നാട്ടില്‍ ഇപ്പോഴും വലിയ നഗരങ്ങളില്‍ മാത്രം ലഭ്യമായതും ഭൂരിപക്ഷത്തിന് കിട്ടാക്കനിയുമായ ഒരു സേവനമാണ് career guidance എന്നാണ് അറിവ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നഗരപ്രദേശങ്ങളില്‍ ഉള്ളതായി കേട്ടിരുന്നു. ഇത്തരം സൗകര്യങ്ങള്‍ പൊതുവിദ്യാഭാസത്തിന്‍റെ ഭാഗമാക്കുന്നതിനേക്കുറിച്ച് ഭരണതലത്തില്‍ എന്തെങ്കിലും ആലോചനപോലും നടക്കുന്നതായി കേട്ടിട്ടില്ല. ലക്ഷ്‌യ ബോധമില്ലാത്ത ആട്ടിന്‍‌പറ്റത്തേപ്പോലെ സ്കൂളുകളുടെ കവാടങ്ങള്‍ തുറന്ന് പുറത്തേക്കൊഴുകുന്ന പുതുതലമുറ നേരും നെറിയും കെട്ട വിദ്യാഭ്യാസക്കച്ചവടക്കാരുടെ വലയില്‍‌ കുടുങ്ങി ജീവിതം നരകതുല്യമാക്കുകയാണ് പലപ്പോഴും. മന്ദഗതിയിലുള്ള നമ്മുടെ വികസനപാതയില്‍ Career guidance പോലുള്ള സേവനങ്ങള്‍ പൊതുസംവിധാനങ്ങളുടെ ഭാഗമാകുന്നതിന് ഇനിയും ഒരു ദശാബ്ദമെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം. എങ്കിലും വിഷയത്തിന്‍റെ ശാസ്ത്രീയതയേക്കുറിച്ചും അനിവാര്യതയേക്കുറിച്ചും തിരിച്ചറിവുള്ളവര്‍ കുറച്ചൊന്നദ്ധ്വാനിച്ചാല്‍ പിന്‍‌തലമുറക്കായി പലതും ചെയ്യാനാകും. എന്‍‌ട്രന്‍സ് കോച്ചിങ്ങിനായി ചെലവാക്കുന്ന തുകയുടെ ഒരു ചെറിയ ഭാഗം ഇത്തരം സേവനങ്ങള്‍ക്കായി ചിലവാക്കുന്നതും നഷ്ടമാകാനിടയില്ല. ഈ വിഷയത്തില്‍ ആധികാരികമായ മാര്‍ഗ്ഗനിര്‍‌ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രാപ്തരായവര്‍ നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകണം. ഇന്‍റര്‍‌നെറ്റില്‍ത്തന്നെ ഈ സേവനമേഖലയേക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. താരത്മ്യേന ലളിതമായി തോന്നിയ ചില വൊക്കേഷണല്‍ ടെസ്റ്റുകളുടെ സാമ്പിള്‍ ചോദ്യാവലി ഇവിടെ കൊടുക്കുന്നു. ഇത്തരം ടെസ്റ്റുകളുടെ കൂടെ ഘട്ടങ്ങളായുള്ള കൗണ്‍സലിങ്ങും ചേര്‍ന്നതാണ് വിശകലനരീതി. ഓര്‍മ്മിക്കുക ലിങ്കിലുള്ളത് നമ്മുടെ സാമൂഹ്യ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഒരു സമ്പൂര്‍ണ്ണ പരിശോധനാ സഹായി അല്ല. ലളിതമായ ഒരുദാഹരണം മാത്രം.
Test A
Test B
Scoring
Mini Job Chart
പറഞ്ഞുവന്നത് ഇങ്ങനെ ചുരുക്കാം മിഥ്യാഭിമാനത്തിന്‍റെ സായൂജ്യം തേടി ലക്ഷങ്ങള്‍ കോഴകൊടുത്ത് മക്കള്‍‌ക്കായി പട്ടങ്ങള്‍ ലേലത്തില്‍ പിടിക്കുന്ന മാതാപിതാക്കള്‍ ഒരു കാര്യം ഓര്‍മ്മിക്കേണ്ടതുണ്ട് പിന്നീടൊരു മൂന്നോ നാലോ ദശാബ്ദക്കാലം ആ ചെറുപ്പക്കാരെ കൊല്ലാതെ കൊല്ലുന്ന പീഡനയന്ത്രങ്ങളാകരുത് നിങ്ങള്‍ വില കൊടുത്ത് വാങ്ങുന്ന മുള്‍ക്കിരീടങ്ങള്‍. ഇനിയും തെളിച്ച് പറഞ്ഞാല്‍ ജോലിയൊരു പണിയാകരുത് എന്ന്.
Career Guidanceന്‍റെ ചിരിത്രത്തേക്കുറിച്ചും Frank Parsonsന്‍റെ സം‌ഭാവനകളേക്കുറിച്ചുമുള്ള ഒരു ചെറുലേഖനം ഇവിടെ കാണാം

Tuesday 5 January 2010

മലയാള മര്യാദകള്‍

കേരളത്തിന്‍റെ സമ്പന്നമായ പൈതൃകത്തിന്‍റെയും തനതായ സം‌സ്ക്കാരത്തിന്‍റെയും ബ്രാന്‍ഡ് അമ്പാസഡര്‍‌മാര്‍ ആകേണ്ടവരാണ് നമ്മുടെ ഇളമുറക്കാര്‍. പക്ഷെ നിര്‍ഭാഗ്യവശാല്‍ തൊഴില്‍‌പരമായ സാഹചര്യങ്ങള്‍ ചെറുപ്രായത്തിലേ അവരെ പ്രവാസികളാക്കുന്നതുകൊണ്ട് കേരളീയസമൂഹവുമായി അടുത്തിടപഴകി നമ്മുടെ പൊതുശീലങ്ങള്‍ സ്വായത്തമാക്കാനുള്ള അവസരം അവര്‍ക്ക് നഷ്ടമാകുന്നുണ്ട്. കുളിക്കുന്നത് ആര്‍ഭാടമായും ചന്തി കഴുകുന്നത് അഹങ്കാരമായും ഗണിക്കപ്പെടുന്ന സായ്‌പ്പിന്‍റെ നാട്ടില്‍ എത്തിപ്പെടുന്ന നമ്മുടെ ചെറുപ്പക്കാരുടെ ആഭിമുഖ്യം ആ ദേശത്തെ ശീലങ്ങളോടാവുക സ്വാഭാവികം. വഴി മാറി സഞ്ചരിക്കുന്ന ഇത്തരക്കാര്‍ക്കായി മലയാളികളുടെ വ്യക്തിശുചിത്വത്തിന്‍റെ കാര്‍ക്കശ്യവും പൊതു ഇടങ്ങളിലെ തനതായ പെരുമാറ്റ മര്യാദകളും പരിചയപ്പെടുത്തിക്കൊടുക്കാനുള്ള എളിയ ശ്രമമാണ് ഈ കുറിപ്പ്.

നിയമം ഒന്ന്- അപാരമായ ഏകാഗ്രത ഇവിടെ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ചെയ്യുന്ന പ്രവൃത്തി നാലാള് കൂടുന്നിടത്താകുമ്പോള്‍‍ അത് വൃത്തിയായിത്തന്നെ നിര്‍‌വ്വഹിക്കണം. മൈതാനത്ത് മോതിരം തിരയുന്നവന്‍റെ ശ്രദ്ധയും പൊന്നുരുക്കുന്ന തട്ടാന്‍റെ സൂക്ഷ്മതയുമാണ് ആവശ്യം. പൊതുസ്ഥലത്ത് മൂക്കില്‍ വിരലിടുന്നതിനേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അതീവഗൗരവഭാവം മൂക്കില്‍ ഖനനം നടക്കുന്ന വേളയിലുടനീളം മുഖത്ത് നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തം കാല്‍‌പ്പാദത്തിലേക്ക് നൊക്കിക്കൊണ്ട് കണ്ണുകള്‍ പാതിയടഞ്ഞ ഒരു ഫീലിങ്സ് വരുത്തുകയാവും ഉത്തമം. മറ്റ് പല ഖനനപ്രവര്‍ത്തനങ്ങളിലും എന്നപോലെ നടുവിരലാണ് മൂക്കിലെ പര്യവേഷണത്തിനും യോജിക്കുക. കാലിയായ വിക്സ് കുപ്പിയില്‍‌നിന്നും അവശേഷിക്കുന്ന നനവ് തുടച്ചെടുക്കാന്‍ വിരല്‍ ചുഴറ്റുന്ന മട്ടില്‍‌വേണം പ്രയോഗം. കൈയ്യില്‍ തടയുന്ന ഉല്പന്നങ്ങളെ ‍താഴെയിടാതെ ശ്രദ്ധാപൂര്‍‌വ്വം ഒന്നൊന്നായി വിരലുകള്‍ക്കൊണ്ട് തിരുമ്മിയുരുട്ടി പൂര്‍ണ്ണ ഗോളാകൃതി കൈവരുത്തണം. എന്നിട്ട് ശാന്തിക്കാരന്‍ പൂജാപുഷ്പ്പങ്ങള്‍ അര്‍പ്പിക്കുന്ന മട്ടില്‍ കൈപ്പത്തി മലര്‍ത്തിപ്പിടിച്ച് വേണം അവയെ ഞൊട്ടിക്കളയേണ്ടത്. ഇത്രയും ചെയ്തുകഴിഞ്ഞാല്‍ ചുറ്റുമൊന്ന് കണ്ണോടിച്ച് പ്രേക്ഷകരുടെ അനുമോദന പാര്‍‌വ്വൈകള്‍ ഏറ്റുവാങ്ങാവുന്നതാണ്.

നിയമം രണ്ട്- അല്പ്പം‌കൂടി ലാഘവത്തോടെ നിര്‍‌വ്വഹിക്കാവുന്ന കര്‍മ്മമാണ് പല്ലിടകുത്തല്‍. ഈ പ്രക്രീയ നടന്നുകൊണ്ടിരിക്കുമ്പോള്‍ തലയുയര്‍ത്തി ചുറ്റുപാടും വീക്ഷിക്കുകയും ജന്തുജാലങ്ങളാല്‍ സമ്പന്നമായതും പൊതു കം‌ഫര്‍ട്ട് സ്റ്റേഷനിലെ ക്ലോസറ്റിന്‍റെ നിറമുള്ള പല്ലുകള്‍ എറിഞ്ഞ് പിടിപ്പിച്ചമട്ടില്‍ വിന്യസിക്കപ്പെട്ടതുമായ വദനത്തിന്‍റെ സൗകുമാര്യം മാലോകര്‍ക്കായി തുറന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്യാവുന്നതാണ്. കുത്തല്‍ നടന്നുകൊണ്ടിരിക്കെത്തന്നെ വായിലെ മിനി വാക്വം ക്ലീനര്‍ നിര്‍ത്താതെ പ്രവര്‍ത്തിപ്പിച്ച് തട്ടിന്‍‌പുറത്ത് എലികള്‍ കുടും‌ബയോഗം ചേരുന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കണം കുത്തിയെടുക്കുന്ന വിഭവങ്ങള്‍ അഭിരുചിക്കനുസരിച്ച് വെജ് നോണ്‍‌വെജ് തരം‌തിരിച്ച് തുപ്പിക്കളയുകയോ നാക്കിലേക്ക് ആവാഹിച്ച് രുചിച്ച ശേഷം വിഴുങ്ങുകയോ ചെയ്യാം. തുപ്പിക്കളയുകയാണെങ്കില്‍ പരമാവധി ശബ്ദഘോഷങ്ങള്‍ സൃഷ്ടിക്കുകയും ഇതൊക്കെ നമുക്ക് എത്ര നിസ്സാരം എന്നൊരു ഭാവം മുഖത്ത് വരുത്തുകയും ചെയ്യുന്നത് ജനത്തിന്‍റെ ആരാധന വര്‍ദ്ധിക്കാന്‍ സഹായകമാകും

നിയമം മൂന്ന്- ജിം‌നാസ്റ്റിക്സിന്‍റെ ലാസ്യഭം‌ഗി ഇഴുക്കിച്ചേര്‍ക്കാവുന്ന കലയാണ് മൂക്ക് ചീറ്റല്‍. വ്യക്തിശുചിത്വത്തിലുള്ള നമ്മുടെ അതീവജാഗ്രത പ്രകടമാക്കാനായി മൂക്ക് എന്ന നികൃഷ്ടദ്വാരത്തെ ശരീരത്തിന്‍റെ മറ്റ് പാവനഭാഗങ്ങളില്‍‌നിന്നും പരമാവധി അകലേക്ക് മാറ്റേണ്ടതുണ്ട്. അതിനായി അരക്ക് മുകളിലേക്കുള്ള ശരീരഭാഗം തറക്ക് സമാന്തരമായി കൊണ്ടുവരണം. ഒരു കാല് കൂടി പിന്നോട്ടുയര്‍ത്തി ബാലന്‍സ് ചെയ്ത് നില്‍ക്കുന്നത് പ്രേക്ഷകരുടെ മതിപ്പേറ്റാന്‍ സഹായിക്കും. പ്രഷര്‍ കുക്കറിന്‍റെ സേഫ്റ്റി‌വാല്‍‌വ് അടിച്ചുപോയ ശബ്ദത്തിലുള്ള ചീറ്റലില്‍ ഞെട്ടിത്തിരിയുന്ന മാളോര്‍ക്ക് ഒരറ്റം മൂക്കിലും ഒരറ്റം തറയിലുമായി സ്റ്റേ വയര്‍ അടിച്ചിരിക്കുന്ന മട്ടില്‍ തൂങ്ങിക്കിടക്കുന്ന കൊഴുത്ത തീര്‍ത്ഥം കണ്ട് സായൂജ്യമടയാനുള്ള ഭാഗ്യമുണ്ടാകണം.

നിയമം നാല്- ചൊള ചെലവാക്കി വാങ്ങുന്ന പെയ്സ്റ്റുപയോഗിച്ച് ഡെയ്‌ലി പല്ല് തേക്കുന്ന ശീലമുള്ളത് നാലുപേര്‍ അറിഞ്ഞില്ലെങ്കില്‍ കോള്‍ഗേറ്റും കുമ്മായവും തമ്മിലെന്ത് വ്യത്യാസം? വീട്ടില്‍ വാഷ്‌ബേസിനുണ്ടെങ്കിലും പല്ലുതേപ്പ് പറമ്പില്‍ തന്നെ വേണം. ഗൃഹനാഥന്‍റെ കലാചാതുരി വിളിച്ചോതിക്കൊണ്ട് നാളെത്തെ കറിക്കുള്ള ചീരയും ഇന്നത്തെ കണിക്കുള്ള റോസാ പുഷ്പവും അടക്കമുള്ള വൈവിധ്യമാര്‍ന്ന കാന്‍‌വാസില്‍ വെളുത്ത ചായത്തിലുള്ള അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ തൊടിയെ അലങ്കരിക്കണം. അതിസാരം വന്ന കാക്ക മൂക്കിന്മേലിരുന്ന് തൂറിയ മട്ടില്‍ വായി‌ല്‍‌നിന്ന് ഒലിച്ചിറങ്ങുന്ന വെളുത്ത് കൊഴുത്ത ദ്രാവകവുമൊലിപ്പിച്ച് കൈയ്യില്‍ ബ്രഷുമേന്തിയുള്ള പരാക്രമം അങ്കക്കലി പൂണ്ട ചേകവരെ അനുസ്മരിപ്പിക്കണം. മള്‍ട്ടി ടാസ്കിങ്ങും പബ്ലിക്ക് റിലേഷന്‍‌സും ഇമ്പ്രൂവ് ചെയ്യാനായി ഈ സമയം വഴിയേ പോകുന്ന പരിചയക്കാരെ തടഞ്ഞ് നിര്‍ത്തി മുനിസിപ്പാലിറ്റിയുടെ ശുചിത്വമില്ലായ്മയേക്കുറിച്ചും ആരോഗ്യവകുപ്പിന്‍റെ പിടിപ്പുകേടിനേക്കുറിച്ചും ഘോരഘോരം പ്രസം‌ഗിക്കാവുന്നതാണ്.

നിയമം അഞ്ച്- പ്രവാചകര്‍ പൊതുവേ ലജ്ജാശീലരായതുകൊണ്ട് മാത്രം സ്വര്‍‌ഗ്ഗീയ സുഖങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ഒന്നാണ് പൃഷ്ടം ചൊറിയല്‍. അതിന്‍റെ സുഖം ആസ്വദിച്ചറിഞ്ഞവര്‍ കൃമിമരുന്നുകള്‍ നിര്‍ത്തലാക്കാന്‍ ഹര്‍ത്താലാചരിക്കും. ഏത് സമയത്തും ഏത് വേദിയിലും ഈ സ്വര്‍ഗ്ഗീയസുഖം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമാണ് 1947ല്‍ നമ്മള്‍ നേടിയെടുത്തത്. ഏത് കൈ കൊണ്ടാണോ ചൊറിയന്നത് അതിന് വിപരീത വശത്തുള്ള കാലിന്‍റെ ഉപ്പൂറ്റി തെല്ലൊന്നുയര്‍ത്തി ചെറുതായൊരു ലിഫ്റ്റ് കൊടുക്കുന്നത് നന്നായിരിക്കും. ചൊറിച്ചില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുമ്പോഴേക്കും പിടികൂടാനിടയുള്ള മയക്കം മുന്നില്‍‌ക്കണ്ട് ഒഴിവുള്ള കൈകൊണ്ട് ഇലക്ട്രിക്ക് പോസ്റ്റിലോ ബസ് ഷെല്‍ട്ടറിന്‍റെ തൂണിലോ സപ്പോര്‍ട്ട് കൊടുക്കാന്‍ ശ്രദ്ധിക്കണം. വേട്ടയാടിപ്പിടിച്ച പോത്തിന്‍റെ തല സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്നതുപോലെ, പൂര്‍ത്തിയാക്കിയ ധീരകൃത്യത്തിന്‍റെ വിളമ്പരമായി ഉടുവസ്ത്രം പൃഷ്ടത്തിന്‍റെ വിടവില്‍‌ത്തന്നെ നിലനിര്‍ത്തുന്നത് ജനത്തിന്‍റെ ബഹുമാനം ആര്‍ജ്ജിക്കാന്‍ ഉപകരിക്കും.

വിസ്താരഭയത്താല്‍ തല്‍ക്കാലം ചുരുക്കുന്നു. പ്രധാനപ്പെട്ട പോയിന്‍റുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ മറ്റ് പൈതൃകസംരക്ഷകര്‍ ഇടപെട്ട് പൂര്‍ത്തിയാക്കണമെന്ന് അപേക്ഷ. ദൈവത്തിന്‍റെ സ്വന്തം നാട് ടൂറിസം വ്യവസായത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇത്തരം പെരുമാട്ടച്ചട്ടങ്ങള്‍ക്ക് വന്‍ പ്രസക്തിയുണ്ട്.