Saturday, 26 June 2010

സര്‍ക്കാര് തമ്പ്രാനും കൂതറ ജനവും

"അണ്ണാ ഗവര്‍ണ്മെന്‍റണ്ണാ, ഈ മാവോയിസ്റ്റുകളെ ഇപ്പ എന്തോന്നാണ് ചെയ്യാമ്പോണത്?"
"അണ്ണാന്നാ..! തമ്പ്രാന്ന് വിളീടാ പരട്ടേ"
"ശരി ഗവര്‍‌ണ്മെന്‍റമ്പ്രാ മാവോയിസ്റ്റുകളെ ഒതുക്കാനെക്കൊണ്ട് സൈന്യത്തെ എറക്കാമ്പോണൂന്ന് കേട്ടത് ശരിയാണോമ്പ്രാ?"
"പിന്നല്ലാണ്ട്! പട്ടാളമെറങ്ങിയാ സകല ചെറ്റകളേം മിനിറ്റുവെച്ച് നുമ്മള് തീര്‍ത്തുകെട്ടൂല്ലേന്നും?"
"എന്നാലും തമ്പ്രാ പട്ടാളം‌ന്നൊക്കെ പറഞ്ഞാ, അവരടെ മിനിമം പരിപാടി ആളെ കൊല്ലണതാ. അവരെ നുമ്മടെ നാട്ടുമ്പുറത്തെറക്കണത് ഇച്ചരെ കടുംകയ്യല്ലേ തമ്പ്രാ?"
"അപ്പ മാവോയിസ്റ്റുകള് മനുഷ്യമ്മാരെ കൊല്ലണത് പുണ്യമാന്നാണോടാ കൂതറേ? കൊന്നാ തിരിച്ചു കൊല്ലും.. അതിനാണ് ഗവര്‍ണ്‍‌മെന്‍റ്."
"അതല്ല തമ്പ്രാ, 'മാവോ' എന്നതാ കശുമാവ് എന്നതാന്ന് തിരിച്ചറിയാത്ത നാട്ടുമ്പുറത്തുകാരെയും ആദിവാസികളെയുമാണ് എവമ്മാര് കൂടെ കൂട്ടീരിക്കണത്. അവരെയെല്ലാം കൊന്ന്‍ തീര്‍ക്കണത് നടപ്പൊള്ള കാര്യമാണോ തമ്പ്രാ?"
"എടാ വിഡ്ഡീ, ഒരു എ കെ 47 തോക്കീന്ന് ഒരു സെക്കന്‍റീ പൊറത്ത് വരണത് പന്ത്രണ്ട് ബുള്ളറ്റാ. അപ്പ മിനിറ്റില് 720, മണിക്കൂറില്‍ 43200, ദെവസത്തില്‍ 1036800. ഈക്കണക്കില് കൊന്നുതള്ളിയാ മാവോയിസ്റ്റുകളെ തീര്‍ത്തുകെട്ടാന്‍ എത്ര ദെവസമെടുക്കൂന്ന് നീ തന്നെ കണക്കു കൂട്ടിക്കോ. അല്ലേല് നിനക്കൊക്കെ എന്തറിയാം. നീ വല്ലോം കോളേജീ പോയി രാഷ്ട്രമീമാംസ പഠിച്ചിട്ടൊണ്ടോ."
"എന്നാലും തമ്പ്രാ കഞ്ഞികുടി മുട്ടി, ഒരു ഗതീം പര ഗതീം ഇല്ലാതായവോമ്മാരെയാ ഈ മാവോയിസ്റ്റുകള് കൂടെ കൂട്ടിരിക്കണത്. അവരെയൊക്കെ കൊന്ന് തീര്‍ക്കാന്‍ തൊടങ്ങിയാ കഞ്ഞികുടിക്കാന്‍ വകയൊള്ള അവരടെ സൊന്തക്കാരുണ്ടെങ്കി അവരുംകൂടെ ബോംബെടുക്കില്ലേന്നും?"
"സകല തെണ്ടികളേം നുമ്മള് കൊല്ലും. പട്ടാളം പോരാണ്ട് വന്നാ വ്യോമസേനയെ വിളിക്കും."
"കൊന്നേച്ചും കത്തിച്ചു കളഞ്ഞേക്കണം തമ്പ്രാ. കുഴിച്ചിട്ടാ പിന്നീടു നമ്മള് വ്യവസായം തൊടങ്ങാന്നേരത്ത് പൊങ്ങിവരും ശവങ്ങള്"
"കറക്ട്, ബുദ്ധി വന്നുതുടങ്ങി നിനക്കൊക്കെ"
"പക്ഷേങ്കി നിങ്ങടെ പാര്‍ട്ടീല് പോലും ഇതിനോട് യോജിപ്പില്ലാത്തവരുണ്ടല്ലോ അണ്ണാ"
"ദേ പിന്നേം അണ്ണാന്ന്..! തമ്പ്രാന്ന് വിളീടാ ചെറ്റേ"
"ശരി സര്‍ക്കാര് തമ്പ്രാ. ഈ മനുഷ്യമ്മാരടെ പട്ടിണി മാറ്റാന്‍ എന്തേലും വഴിയൊണ്ടാക്കിയാ അവരെ മാവോയിസ്റ്റുകളടെ കൈയ്യീന്ന് രക്ഷപെടുത്താമ്മേലേന്നാ ഞാഞ്ചോദിക്കണത്."
"പട്ടിണി കെടക്കണ സകല കൂതറകളടേം വീട്ടില് ബിരിയാണി പാര്‍സലെത്തിക്കണതല്ല സര്‍ക്കാരിന്‍റെ പണി."
"ബിരിയാണിയൊന്നും വെണ്ടാമ്പ്രാ. വല്ലോം നട്ടുനനച്ചൊണ്ടാക്കി വെശപ്പടക്കണ പാവത്തുങ്ങടെ ഭൂമി പിടിച്ചടക്കി പട്ടിണിയാക്കണതെങ്കിലും ഒഴിവാക്കിക്കൂടെ തമ്പ്രാ?"
"എടാ നാട്ടില് വികസനോം പുരോഗതീമൊക്കെ വരുമ്പം ചെലരൊക്കെ ഇച്ചരെ നഷ്ടം സഹിക്കണ്ട വരും"
"നഷ്ടം സഹിക്കണ്ട വരണ ഈ "ചെലര്" എപ്പഴും പട്ടിണിക്കാരാന്നൊള്ളതാ കൊഴപ്പം തമ്പ്രാ."
"പിന്നെ രാജ്യത്തിന് ചില്ലറയൊണ്ടാക്കിത്തരണ കച്ചോടക്കാരു വേണോ നഷ്ടം സഹിക്കാന്‍? അല്ലേലും സാധാരണക്കാരുമായിട്ടൊള്ള നുമ്മടെ എടവാട് എപ്പഴും മൈനസിലാ."
"പക്ഷെ തമ്പ്രാ, ഈ സമത്വം സാമൂഹ്യനീതി എന്നൊക്കെ പറയണത്.."
"എടാ പരമ ചെറ്റേ, ഇനീം നിനക്ക് മനസ്സിലായിട്ടില്ലെങ്കി ഞാനൊരു കാര്യം പറഞ്ഞു തരാം. കച്ചോടം ചെയ്ത് പത്ത് തുട്ടൊണ്ടാക്കാന്‍ അറിയണ മൊതലാളിമാര്‍ക്ക് ഞങ്ങ വാരിക്കോരിക്കൊടുക്കും. അതിന്‍റെടേല് താഴെ വീഴണ പൊട്ടും പൊടീം നക്കിത്തിന്ന് മിണ്ടാതിരുന്നേച്ചും ഞങ്ങ പറയുമ്പ പറയുമ്പ വന്ന് വോട്ട് ചെയ്തോണം മറ്റുള്ള തെണ്ടികള്. ഇതിനാണ് ജനാധിപത്യം വികസനം എന്നൊക്കെ പറയണത്. മനസ്സിലായോടാ കൂതറ ജനമേ.."

വാല്‍‌ക്കഷ്ണം: ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞത്രെ ഏതോ ഒരുത്തന്‍. ആത്മാവിനെന്തിന് ഭക്ഷണം!

5 comments:

ബിനോയ്//HariNav 26 June 2010 at 10:09  
This comment has been removed by the author.
ബിനോയ്//HariNav 26 June 2010 at 10:12  

മനസ്സിലായോടാ കൂതറ ജനമേ..

ഒഴാക്കന്‍. 26 June 2010 at 11:25  

കൂതറെ ... നിന്നോടാ

Unknown 26 June 2010 at 13:58  

അപ്പൊ അതാണ്‌ വികസനം, ഇപ്പോള്‍ ജനങ്ങള്‍ക്ക്‌ മനസ്സിലായി വരുന്നു!

ഹരീഷ് തൊടുപുഴ 27 June 2010 at 05:10  

കച്ചോടം ചെയ്ത് പത്ത് തുട്ടൊണ്ടാക്കാന്‍ അറിയണ മൊതലാളിമാര്‍ക്ക് ഞങ്ങ വാരിക്കോരിക്കൊടുക്കും. അതിന്‍റെടേല് താഴെ വീഴണ പൊട്ടും പൊടീം നക്കിത്തിന്ന് മിണ്ടാതിരുന്നേച്ചും ഞങ്ങ പറയുമ്പ പറയുമ്പ വന്ന് വോട്ട് ചെയ്തോണം മറ്റുള്ള തെണ്ടികള്. ഇതിനാണ് ജനാധിപത്യം വികസനം എന്നൊക്കെ പറയണത്. മനസ്സിലായോടാ കൂതറ ജനമേ.."

koLLaam..
zakthamayi ezhuthiyirikkunnu..