Sunday 27 February 2011

മക്കാവു മുത്തപ്പന്‍ ഈ മുന്നണിയുടെ നാഥന്‍

   ഈ നേട്ടം യു ഡി എഫിന് മാത്രം സ്വന്തം.  അഞ്ചു വര്‍ഷം പ്രതിപക്ഷത്തിരുന്നിട്ടും തെരഞ്ഞെടുപ്പ് മുറ്റത്തെത്തിയപ്പോള്‍ കൗപീനത്തില്‍ പുളിയനുറുമ്പ് കയറിയ അവസ്ഥ. ഏത് ആരോപണത്തിന് മറുപടി പറയും ഏതു പ്രശ്നം പരിഹരിക്കും എന്ന എരിപൊരിസഞ്ചാരം. ഐസ്ക്രീം എന്ന മാധുര്യമുള്ള വാക്കിന്‍റെ അര്‍ത്ഥാന്തരകല്പനകളിലെ അനന്തസാധ്യതകളെ ഭൂമിമലയാളത്തിനു വെളിപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി സാഹിബാണ് ടോപ് സ്കോറര്‍. ഒന്നിലേറെ സ്ത്രീപീഡനങ്ങള്‍, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ പണം നല്‍കി സ്വാധീനിക്കല്‍, ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കി വിധി അട്ടിമറിക്കല്‍.. യു ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാവിന്‍റെ കിരീടത്തിലെ പൊന്‍‌തൂവലുകളാണ് ഇതൊക്കെ. നികുതിദായകന്‍റെ പണം മോഷ്ടിച്ച് പുട്ടടിച്ചതിന്‍റെ പേരില്‍ മറ്റൊരു യു ഡി എഫ് നേതാവ് പൂജപ്പുരയില്‍ ഗോതമ്പുണ്ട തിന്നുന്നു. കുറ്റക്കാരനെന്ന് സുപ്രീം കോടതി കണ്ടെത്തി ശിക്ഷ വിധിച്ച പ്രതിക്ക് സ്വീകരണയോഗമൊരുക്കി ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിച്ചവന്മാരുടെ തൊലി ഏതിനം ജന്തുക്കളുടേതാണെന്ന സം‌ശയത്തിലാണ് ജനം. ജഡ്ജിക്ക് കൈക്കൂലി കൊടുത്ത് കേസ് ജയിച്ചതിന്‍റെ മേനി പറഞ്ഞ് സ്വയം‌പാരയായി മറ്റൊരു സവിശേഷ ജന്മം. അല്ലെങ്കിലും കുഞ്ഞാലിക്കുട്ടി മുതലിങ്ങോട്ട് യു ഡി എഫില്‍ ഇത് സ്വയം പാരകളുടെ സീസണാണ്. ബാര്‍ ലൈസന്‍സുകള്‍ക്കായി പത്മജയും വയലാര്‍ രവിയുമടക്കം പണം വാങ്ങിയ കഥയുടെ കുളിര് വേറെ. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയിരിക്കുന്ന മാണിസാര്‍ ഉണ്ടാക്കുന്ന അലമ്പ് മറ്റൊരു സന്തോഷം. മാണിസാറിന്‍റെ പാര്‍ട്ടിയുടെ ഒരു നേതാവാണ് പൂജപ്പുരയില്‍ പിള്ളക്ക് കമ്പനി. മറ്റൊരു നേതാവ് പീറ്റര്‍ വക്കീല്‍ വിതുര പെണ്‍‌വാണിഭക്കേസില്‍ കോടതി കയറിയിറങ്ങുന്ന നേരത്താണ് ഇന്ത്യാവിഷന്‍റെ പീസ് പടത്തില്‍ അഭിനയിച്ച് പിന്നേം കയറി ഫേമസായത്. ഇതിന്നിടയില്‍ ഏതോ ചില കോടതികള്‍ കുരിയാര്‍‌കുറ്റി അഴിമതി എന്നൊക്കെ പറഞ്ഞ് ജേക്കബ്ബച്ചായനെ വിരട്ടിക്കൊണ്ടിരിക്കുന്നു. ജയിലിലേക്ക് പോകുന്നതിനുമുമ്പുള്ള സ്വീകരണയോഗത്തിന് മൈക്ക്‌സെറ്റ് കാലേക്കൂട്ടി ബുക്ക് ചെയ്തുവെക്കാന്‍ തങ്കച്ചനോട് പറഞ്ഞിട്ടുണ്ട്. ഇനിയങ്ങോട്ട് യോഗങ്ങളുടെ ഒരു ഘോഷയാത്രക്കുതന്നെയാണ് സാധ്യത കാണുന്നത്.


സം‌സ്ഥാനത്തെ കുഞ്ഞന്മാര്‍ ഇങ്ങനെ മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുമ്പോള്‍ കേന്ദ്രം മോശമാക്കാന്‍ പാടുണ്ടോ. എത്രയോ പൂജ്യമുള്ള ഒരു സം‌ഖ്യയുടെ അഴിമതി നടത്തിയതിന് നല്ല പെടക്കണ സൈസിലുള്ള ക്യാബിനറ്റ് മന്ത്രിയൊരെണ്ണമാണ് അകത്ത് കിടക്കുന്നത്. ഇതില്‍ രാജ, രാജ മാത്രമാണ് കുറ്റക്കാരനെന്ന് ജനം കണ്ണുമടച്ചങ്ങ് വിശ്വസിച്ചേക്കണമെന്നത്രെ ഹൈക്കമാണ്ട് തമ്പുരാന്‍റെ ഉത്തരവ്. കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ കല്‍‌മാഡിസാറിന്‍റെ ഫോട്ടോയ്ക്ക് വന്‍ ഡിമാന്‍റാണ് മാര്‍ക്കറ്റില്‍. പ്രാദേശികതലത്തില്‍ അഴിമതിക്ക് പഠിക്കുന്ന ഛോട്ടാ നേതാക്കളിപ്പോള്‍‍ കല്‍മാഡിയുടെ പടത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി അനുഗ്രഹം തേടിയ ശേഷമാണത്രെ ഖദറണിയുന്നത്.

അങ്ങനെ ത്രിശങ്കുസ്വര്‍ഗ്ഗ്ത്തില്‍‌നിന്ന് എങ്ങനെ കരകയറാം എന്നാലോചിക്കാനായി ഉന്നതാധികാരസമിതി യോഗം ചേര്‍ന്ന് പരസ്പരം മൂക്കു പിഴിഞ്ഞും സമാധാനിപ്പിച്ചും ഹതാശരായിരുന്ന നേതാക്കളുടെ മുന്‍പിലാണ് സാക്ഷാല്‍ മക്കാവു മുത്തപ്പന്‍ പ്രത്യക്ഷപ്പെട്ടത്. വിനയകുനയന്മാരായതുകൊണ്ടും അത്യാഗ്രഹമില്ലാത്തതുകൊണ്ടും കിട്ടിയ കച്ചിത്തുരുമ്പ് ലൈഫ് ബോട്ടുകിട്ടിയ ആവേശത്തോടെ സ്വീകരിക്കപ്പെട്ടു. എന്തിനേറെപ്പറയുന്നു ഇനിയങ്ങോട്ട് മുന്നണിയുടെ ഭാവി മുഴുവന്‍ മക്കാവു മുത്തപ്പന്‍റെ കൃപയിലത്രെ. മുഖ്യമന്ത്രിയുടെ മകന്‍ മക്കാവു ദ്വീപില്‍ പോയത് ഉഴിച്ചിലിനോ പിഴിച്ചിലിനോ, ഉഴിച്ചിലിനെങ്കില്‍ സംഗതി നടന്ന ശരീരഭാഗങ്ങളേതെല്ലാം, സംഭവാനന്തരം പ്രതിയുടെ ശരീരത്തില്‍ സം‌ഭവിച്ച ജൈവിക മാറ്റങ്ങള്‍ എന്തെല്ലാം, ഉഴിഞ്ഞ മക്കാവു തരുണികളുടെ പ്രായം, അളവുകള്‍ മുതലായവയെത്ര അടുത്ത അഞ്ച് വര്‍ഷം കേരളം ഭരിക്കുന്നതാര് എന്നു തീരുമാനിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളില്‍ ചിലത്. അരുണ്‍‌കുമാറിന്‍റെ ശരീരത്തില്‍ മക്കാവു തരുണികളുടെ ശേഷിപ്പുകള്‍ തപ്പാന്‍ ഒരു കമ്മറ്റിയെയും നിയോഗിച്ചിട്ടുണ്ടത്രെ മുന്നണി. ഹസ്സന്‍ സാഹിബാണ് ഒരു കമ്മറ്റി മെമ്പര്‍. ഇപ്പോഴാണ് ഹസ്സന്‍റെ ശുഷ്ക്കാന്തിക്കു പറ്റിയ ഒരു പണി കിട്ടിയതെന്ന് ജനം. ഇതിനാണ് സര്‍ കഴിവിന് അം‌ഗീകാരം എന്നൊക്കെ പറയുന്നത്. തിരഞ്ഞെടുപ്പുവരെ ദിനവും ഒരു പത്രസമ്മേളനമെങ്കിലും ഹസ്സന്‍റേതായി ഉണ്ടകണമെന്നാണ് എല്‍ ഡി എഫുകാരുടെയും പ്രാര്‍ത്ഥന‍. മക്കാവു യാത്രക്ക് മുന്‍പ് 'പോയി ഉഴിഞ്ഞു വരൂ മകനേ' എന്ന് മുഖ്യമന്ത്രി തന്‍റെ പുത്രനെ ആശിര്‍‌വദിക്കുന്നതിന്‍റെ വീഡിയോ ക്ലിപ്പിങ്ങുകള്‍ തെളിവായി ഹസ്സന്‍റെ കൈയ്യിലുണ്ട്. പക്ഷെ ഹസ്സനും ഫ്രണ്ട്സും തെളിവുകളെല്ലാം ലോക്കറില്‍ വെച്ച് പൂട്ടിയിരിക്കുകയാണ്. പുറത്തെടുത്താല്‍ കശ്മലന്മാര്‍ തെളിവ് നശിപ്പിച്ച് കളയും. സം‌ഗതി ലോക്കറില്‍ തന്നെ സൂക്ഷിച്ച്, ചാകുമ്പോള്‍ കൂടെക്കൊണ്ടുപോകാനാണ് തീരുമാനം. പിന്നൊന്ന് മക്കാവു ദ്വീപില്‍ ഉഴിച്ചില്‍ നടത്തിയിട്ടുള്ളവന്‍റെ തന്ത ഇന്ത്യാമഹാരാജ്യത്ത് മുഖ്യമന്ത്രിപദം കൈയ്യാളുന്നതില്‍‍ ഗുരുതരമായ ചില ഭരണഘടനാ പ്രശ്നങ്ങളുമുള്ളതായി ഹസ്സന്‍റെ ഫ്രണ്ട് സതീശന്‍ വക്കീല്‍ നിയമോപദേശവും കൊടുത്തിട്ടുണ്ടത്രെ. ഹൊ! മക്കാവു മുത്തപ്പന്‍ കനിഞ്ഞാല്‍ ഹസ്സനും പ്രണ്ട്സും കൂടി മുഖ്യനെയും എല്‍ ഡി എഫിനെയും ഒരു വഴിക്കാക്കിയതുതന്നെ. മക്കാവുമുത്തപ്പാ.. കാത്തോളണേ..