Wednesday 19 August 2009

മത്തി വാഴ്ക, ചാള നീണാള്‍ വാഴ്ക

"അച്ഛാ മത്സ്യത്തിനൊരു പര്യായം പറഞ്ഞ് തരൂ"

ചാള

"ഛെ, അതല്ല, പര്യായം പര്യായം"

മത്തി

"ബെസ്റ്റ്.. എന്നാലും അച്ഛന്‍ തന്നെ ഭേദം. "മറ്റൊരു ചാള" എന്നാണ് അമ്മ പറഞ്ഞത്. ഇങ്ങനേണ്ടാവോ മത്തിപ്രാന്ത്!"

എടാ മത്തിയേക്കുറിച്ച് നിനക്കെന്തറിയാം?

"നാറുമെന്നറിയാം"

മകനേ, മത്തിയെന്നത് മലയാളികളുടെ തനതായ സ്വത്വബോധത്തിന്‍റെ....

"തേങ്ങാക്കൊലയാണ്"

എടാ, പുസ്തകം, മുതിര്‍ന്നവര്‍, മത്തി ഇവയെ നിന്ദിക്കരുതെന്ന് പഠിച്ചിട്ടില്ലേ?

"ആദ്യത്തെ രണ്ടെണ്ണം ഉണ്ട്"

എന്നാ ഇനി മൂന്നാമത്തേതും ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തോ

"അച്ഛാ ദിസ് ഈസ് റ്റൂ മച്ച്. മത്തിയോടുള്ള ആക്രാന്തം വല്ലാതെ കൂടുന്നുണ്ട്"

എടാ നിനക്കറിയോ മത്തികളും നുമ്മളേപ്പോലെ കമ്മ്യൂണിസ്റ്റുകാരാണ്.

"വാട്ട്?"

അതേഡേയ്. നെയ്മീന്‍, ആവോലി, സ്രാവ് തുടങ്ങിയ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികളോട് നിരന്തരം പോരാടി ജനമനസ്സുകളില്‍ ഇടം നേടിയ ധീരസഖാക്കളാണ് മത്തികള്‍.

"ഇനീപ്പൊ സഖാക്കള്‍ തായ്‌ലണ്ടീന്നും മലേഷ്യേന്നുമൊക്കെ വരാമ്പോണൂന്നാ കേട്ടത്"

ആസിയാന്‍ കരാറായിരിക്കും ഉദ്ദേശിച്ചത്. അതിനെതിരെ ഞങ്ങള്‍ സമരം ചെയ്യും

"അതെന്തേ അവിടത്തെ മത്തികള്‍ രാഘവന്‍റെ കമ്മ്യൂണിസ്റ്റാ?"

"......"പോഡേ പോഡേ മെനക്കെടുത്താതെ പോഡേ

"ബാക്കി കൂടി പറയ്"

മത്തി സുന്ദരസുരഭിലമനോജ്ഞമായ ഒരു സമ്പവമാകുന്നു

"ഓഹൊ"

അതൊരു പ്രസ്ഥാനം കൂടിയാണ്

"വലിച്ചുനീട്ടാതെ കാര്യം പറ"

മത്തിയെ സ്നേഹവാല്‍‌സല്യങ്ങളോടെ സമീപിക്കുമ്പോഴേ നമുക്കവരുടെ മഹത്വം മനസ്സിലാകൂ

"അതെങ്ങനെ"

ഉദാഹരണത്തിന് ഷാര്‍ജ്ജ ഫിഷ് മാര്‍ക്കറ്റിലെ നമ്മുടെ പതിവ് സ്ഥലമായ കൊടുങ്ങല്ലൂരുകാരന്‍ കാക്കായുടെ സ്റ്റാളിലെത്തുമ്പോള്‍, "സാറെ നല്ല ബെസ്റ്റ് മത്തീണ്ട്, ഒരു മന്ന് എടുക്ക്വല്ലേ? എന്ന സ്ഥിരം അഭിവാദ്യം വരും. " അഞ്ചു കൊല്ലായിട്ട് ഈ ചീള് മത്തിയല്ലാതെ വെലയൊള്ള ഒരു മീന്‍ വാങ്ങീട്ടില്ല, ശവം" എന്നായിരിക്കും കാക്കയുടെ മനസ്സില്‍. അതു കാര്യാക്കണ്ട. ജുമേറാ ബീച്ചിലെ മദാമ്മമാരെപ്പോലെ നല്ല ചുവന്നു തുടുത്ത നെയ്‌മത്തികള്‍ നിരന്നുകിടപ്പുണ്ടാകും ടേബിളില്‍..

"ഞങ്ങളെ കൂട്ടാതെ അച്ഛന്‍ ജുമേറ ബീച്ചില്‍ പോയീല്ലേ?"

ഈ ചോദ്യം സന്ദര്‍‌ഭത്തിനും നിന്‍റെ പ്രായത്തിനും ചേരുന്നതല്ല

"സോറി"

അങ്ങനെ നമ്മള്‍ നാലോ അഞ്ചോ കിലോ മത്തിവാങ്ങി പണം കൊടുക്കുന്നു. ഇനിയാണ് പ്രധാനപ്പെട്ട കാര്യം. മദാമ്മമാരെയും ബാഗിലാക്കി പുറത്തേക്കിറങ്ങുമ്പോള്‍ ഫിഷ് ക്ലീന്‍ ചെയ്യുന്ന പാക്കിസ്ഥാനികള്‍ കൈ നീട്ടും. ജീവന്‍ പോയാലും കൊടുക്കരുത്. തരുണീമണികളുടെ തരളമേനിയെ അവന്മാര്‍ നാനാവിധമാക്കിക്കളയും. എത്രയും‌പെട്ടന്ന് കന്യകമാരെ ഡിക്കിയിലാക്കി വീടുപിടിച്ചോണം. വേണമെങ്കില്‍ ആ നെലവിളി ശബ്ദവുമിടാം.

"എന്നിട്ട്?"

വീട്ടിലെത്തിയാല്‍ ഒട്ടും വൈകാതെ ക്ലീനിങ് തുടങ്ങണം.

"ആ പേരില്‍ രണ്ട് പെഗ്ഗും ഒഴിക്കാം"

ഡേ ഡേയ് ഓവറാവല്ലേ

"സോറി"

ഇനി അരുമയായി എല്ലാ സുന്ദരികളുടെയും ചെതുമ്പല്‍ നീക്കിയ ശേഷം ആവേശോജ്ജ്വലമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

"എന്താണത്?"

അതായത് നമ്മള്‍ സകല മല്‍സ്യാവതാരങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ആദ്യത്തെ മത്തിയുടെ വയറ് തുറക്കുന്നു. ഠിം! അവിടെ ഇടത്തരം നത്തോലിയുടെ വലിപ്പമുള്ള രണ്ടു രസികന്‍ മുട്ടകള്‍ നമ്മളെ നോക്കി ചിരിക്കുന്നുണ്ടോ.. എങ്കില്‍ ഇന്നത്തെ മത്തിക്കച്ചവടം സക്സസ്. പന്നിമലത്ത് കളിക്കുന്ന ത്രില്ലാണ് പിന്നീടങ്ങോട്ട്. പ്രത്യക്ഷപ്പെടുന്ന ഓരോ മുട്ടയുടെയും വലിപ്പത്തിനനുസരിച്ച് ചെറുതായി തുള്ളിച്ചാടിയോ ശൂളമടിച്ചൊ സന്തോഷം പ്രകടിപ്പിക്കാം.

"ഹും..!"

ഇനി ഇന്‍സ്റ്റന്‍റായി വറുത്തെടുക്കാന്‍ പത്തോ പതിനഞ്ചോ മദാമ്മമാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ലൈനിടണം (അതല്ല). മത്തിയെടുത്ത് കൈവെള്ളയില്‍ വെച്ചശേഷം നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെറുതായി ഒന്നു വരയുക. നല്ല ശുദ്ധമായ ചന്ദനത്തിന്‍റെ നിറമുള്ള നെയ്യ് മുറിപ്പാടിലൂടെ പനിച്ചുവരുന്ന നയനാനന്ദകരമായ ദൃശ്യത്തിന്‍റെ ആലസ്യം മാറുന്നതുവരെ ഭിത്തയില്‍ തലചായ്ച്ച് ഊറിച്ചിരിച്ച് നില്‍ക്കണം.

"..കഷ്ടം"

ഇങ്ങനെ ലൈനടിച്ച മത്തികളെയെല്ലാം അരപ്പുകൊണ്ട് ഫേഷ്യല്‍ ചെയ്ത് റെഡിയാക്കി വറുത്തെടുക്കുന്ന പണി നിന്‍റെ അമ്മയെ ഏല്പ്പിച്ച് കുളിക്കാന്‍ പോകാം. വറുക്കുമ്പോല്‍ അടുക്കളയിലെ എക്സോസ്റ്റ് ഓണ്‍ ചെയ്യരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കണം.

"*#@*$"

കുളിച്ച് കുട്ടപ്പനായി വരുമ്പോഴേക്കും വറുത്ത മത്തിയുടെ അതുല്യസുന്ദരമായ സൗരഭ്യം വീടാകെ പരന്നിട്ടുണ്ടാകും. നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുത്തപ്പോള്‍ മദാമ്മമാരൊക്കെ അതിസുന്ദരികളായ കാപ്പിരിപ്പെണ്ണുങ്ങളായി മേശമേലങ്ങനെ നിരന്നിരിക്കുന്നു. അവരെ പുണര്‍ന്നുറങ്ങുന്ന കുഞ്ഞുകാപ്പിരികളായി മുട്ടകളും. ഇനി വെച്ചു താമസിപ്പിക്കരുത്. ഒരു കസേരയടുപ്പിച്ച് അവര്‍ക്കു മുന്‍പിലിരിക്കണം. ...ഹൊ!....എന്നിട്ട്....

"എന്നിട്ട്?"

.... എന്നിട്ട്....എന്നിട്ടു പൊട്ടിപ്പൊട്ടിയങ്ങ് കരയണം മകനേ.. പൊട്ടിപ്പൊട്ടിയങ്ങ് കരയണം

"പുവര്‍ മാന്‍. ആക്രാന്തം മൂത്ത് സോഫ്റ്റ്വേര്‍ കറപ്റ്റായി. കഷ്ടം!

ശുഭം.

32 comments:

ബിനോയ്//HariNav 20 August 2009 at 08:02  

.... എന്നിട്ട്....എന്നിട്ടു പൊട്ടിപ്പൊട്ടിയങ്ങ് കരയണം മകനേ.. പൊട്ടിപ്പൊട്ടിയങ്ങ് കരയണം

SHEKHAR 20 August 2009 at 09:21  

പോസ്റ്റ് തകര്‍ത്തു. ഞാനും മത്തി പ്രേമിയാണേ. പക്ഷെ മണം അണ്‍‌സഹിക്കബിള്‍.

VEERU 20 August 2009 at 09:36  

athu kalakki ezhuthinte style superb !!carry on...!!!

ചാര്‍ളി (ഓ..ചുമ്മാ ) 20 August 2009 at 10:55  

തര്‍ത്തു മച്ചാ..
മത്തി കീ ജെയ്...
മത്തി ഫാന്‍സ് അസോസിയേഷനില്‍ എന്നേം കെട്ടിയോളേം കൂടി കൂട്ടിക്കോ..

രഞ്ജിത് വിശ്വം I ranji 20 August 2009 at 11:07  

മീനെന്നാല്‍ മത്തി തന്നെ ബിനോയ് .. ഞങ്ങള്‍ കോട്ടയംകാര്‍ക്കും അങ്ങിനെ തന്നെ..പിന്നെ മത്തിയുടെ മണത്തിനോളം സുന്ദരമായ മീന്‍ മണം എവിടെയുണ്ട്..? കിടുക്കന്‍ ബിനോയ്.. ആ മേശമേല്‍ ഇരിക്കുന്ന മത്തിയുടെ കാര്യം ഓര്‍ക്കുമ്പോള്‍.. ഓഹോ..

Seema Menon 20 August 2009 at 14:29  

മത്തി ഭയങ്കര കൊതി ആണെങ്ങിലും 'മണ'ത്തെ പേടിച്ചു തിന്നാറില്ല. ഇനിയിപ്പോ നാട്ടില്‍ പോയിട്ട് വേണം....

രഘുനാഥന്‍ 20 August 2009 at 15:11  

ബിനോയീ .....മത്തി വറുത്തതും റമ്മും...ഹോ ഓര്‍ത്തിട്ടു മത്താകുന്നു...നല്ല പോസ്റ്റ്‌ ആശംസകള്‍

Anonymous 20 August 2009 at 15:26  

mathikothiyan chettaa.... post kalakki.... same pinch.... enikku mathi jeevana... :)

athu pole.. june july masangalil mathi clean cheyyan pretheka ulasahamanu.. karanam mutta thanne mashe.... ah samayathu.. 10 kilo meen thannalum njan vettum.. :P ... he he he he....

Nice one...
Tin2

Junaiths 20 August 2009 at 16:26  

ചാള ചാളേയ്............

ആർപീയാർ | RPR 20 August 2009 at 17:14  

ഇതെന്നേ മാത്രം ഉദ്ദേശിച്ചാണ്.... എന്നെത്തന്നെ ഉദ്ദേശിച്ചാണ്...

വാഴക്കോടന്‍ ‍// vazhakodan 20 August 2009 at 18:55  

മത്തി പുരാണം കസറി മോനെ..
അപ്പൊ സ്ഥിരം മത്തിയാണല്ലേ : )
മത്തി തിന്നുന്ന മലയാളിക്കു കേടില്ല എന്നൊരു ചൊല്ലും കേട്ടായിരുന്നു. ഈ മത്തീടെ ഒരു കാര്യം! :)

chithrakaran:ചിത്രകാരന്‍ 20 August 2009 at 21:29  

പ്രാസം ചേര്‍ത്ത് എഴുതുകയാണെങ്കില്‍ മത്തി മാഹാത്മ്യം എന്നുതന്നെ പറയണം.
വളരെ നന്നായിരിക്കുന്നു മത്തി മാഹാത്മ്യം !!!

ഹാരിസ് 20 August 2009 at 21:41  

ആഗോള മത്തിമദാമ്മ ലോബിയുടെ കുഴലൂത്തുകാരനും കൂലിയെഴുത്തുകാരനുമായി അധംപതിച്ചിരിയ്ക്കുന്നു ഈ സഖാവ്.
നല്ല പതുപതുത്ത ചീനയ്ക്കാരി പെണ്ണുങ്ങളെപ്പോലുള്ള കിളിമീനും(പുയ്യാപ്ളക്കോര) ഈട്ടിത്തടിപോലിരിയ്ക്കുന്ന മുറ്റ് ക്യൂബന്‍ അയലപ്പെണ്ണുങ്ങളും ഷാര്ജയില്‍ സുലഭമായിരിയ്ക്കുമ്പോഴാണു ഈ മത്ത്യാധിഷ്ടിത ഭൌതികവാദം എന്നത് ഇത്തരുണത്തില്‍ ഊന്നിപ്പറയേണ്ടതുണ്ട്.

ഹരീഷ് തൊടുപുഴ 21 August 2009 at 06:28  

എടാ നിനക്കറിയോ മത്തികളും നുമ്മളേപ്പോലെ കമ്മ്യൂണിസ്റ്റുകാരാണ്.

"വാട്ട്?"

അതേഡേയ്. നെയ്മീന്‍, ആവോലി, സ്രാവ് തുടങ്ങിയ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികളോട് നിരന്തരം പോരാടി ജനമനസ്സുകളില്‍ ഇടം നേടിയ ധീരസഖാക്കളാണ് മത്തികള്‍.


തികച്ചും സത്യമായ ഒരു പ്രസ്താവനയാണിത്..!!
മത്തിയോളം ജനമദ്ധ്യത്തിൽ വേരോടാൻ കഴിഞ്ഞ ഭാഗ്യം മറ്റൊരുമീനിനുമുണ്ടാകില്ല..
ജയ് മതി സഖാവ്..!!
ലാൽ സലാം..

ഹരീഷ് തൊടുപുഴ 21 August 2009 at 06:30  

ജയ് മതി സഖാവ്..!!

അക്ഷരപിശാച്..

മതിയെന്നത് ‘മത്തി’ യെന്നു തിരുത്തി വായിക്കൻ അപേക്ഷ..

ഉഗാണ്ട രണ്ടാമന്‍ 21 August 2009 at 13:24  

മത്തി പുരാണം തകര്‍ത്തു...:)

ബിനോയ്//HariNav 22 August 2009 at 01:44  

ശേഖര്‍, വീരു, നന്ദി :)

ചാര്‍ളി, ഇങ്ങനെയൊരു സം‌ഘടനയെപ്പറ്റി നമുക്ക് ഗൗരവമായി ആലോചിക്കണം :)

രഞ്ജിത്ത്, സീമ, മത്തിയുടെ മണത്തേപ്പറ്റി രഞ്ജിത്ത്‌ഭായ് പറഞ്ഞത് കേട്ടോ സീമാജീ. ഞാന്‍ കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ വിഹാരഭരിതനായിപ്പോകും :))

രഘുനാഥന്‍‌മാഷേ കൊതിപ്പിക്കല്ലേ :)

തിന്‍റു, അപ്പോള്‍ മ്മടെ അസ്സോസിയേഷനില്‍ ഒരു മെം‌ബര്‍‌ഷിപ്പ് എടുക്കാം‌ല്ലേ :)

junaith, നന്ദി :)

ആർപീയാർ | RPR, പിന്നല്ലാണ്ട്.. ദല്ലേ മണ്ണിന്‍റെ ഗുണം :)

വാഴേ, ആദ്യായിട്ട് കേള്‍ക്കുവാണെങ്കിലും അന്‍റെ ചൊല്ല് മ്മടെ കൊടീല് പതിപ്പിക്കാം

ചിത്രകാരന്‍‌മാഷേ, ഈ ബള്‍ബ് സമയത്ത് കത്തിയിരുന്നെങ്കില്‍ പോസ്റ്റിന്‍റെ ടൈറ്റില്‍ "മത്തി മാഹാത്മ്യം" എന്നു തന്നെ പെടച്ചേനെ. വായനക്ക് നന്ദി :)

ഹാരിസേ പഹയാ, അന്നെ ഞാന്‍ "വരട്ടുവാദി", "ബക്കറ്റ് കോരി" എന്നിങ്ങനെ അധിക്ഷേപിച്ചിരിക്കുന്നു. ഹും! :)

ഹരീഷ്‌ഭായ്, ലാല്‍ സലാം :)

ഉഗാണ്ട രണ്ടാമന്‍, നന്ദി :)

കുക്കു.. 22 August 2009 at 10:40  

ബിനോയ്‌ ചേട്ടാ...കലക്കി...!!

ചാണക്യന്‍ 22 August 2009 at 11:50  

മത്തി കഥ വായിച്ച് മത്തായി.....:)

പോസ്റ്റ് കലക്കി..അഭിനന്ദനങ്ങൾ.....

വശംവദൻ 22 August 2009 at 16:09  

"നെയ്മീന്‍, ആവോലി, സ്രാവ് തുടങ്ങിയ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികളോട് നിരന്തരം പോരാടി ജനമനസ്സുകളില്‍ ഇടം നേടിയ ധീരസഖാക്കളാണ് മത്തികള്‍".

ഇത് ഇഷ്ടപ്പെട്ടു.

ബിനോയ്//HariNav 22 August 2009 at 20:08  

കുക്കു, ചാണക്യന്‍,വശം‌വദന്‍, നന്ദി :))

രാജീവ്‌ .എ . കുറുപ്പ് 25 August 2009 at 10:50  

ഇനി ഇന്‍സ്റ്റന്‍റായി വറുത്തെടുക്കാന്‍ പത്തോ പതിനഞ്ചോ മദാമ്മമാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ലൈനിടണം (അതല്ല). മത്തിയെടുത്ത് കൈവെള്ളയില്‍ വെച്ചശേഷം നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെറുതായി ഒന്നു വരയുക. നല്ല ശുദ്ധമായ ചന്ദനത്തിന്‍റെ നിറമുള്ള നെയ്യ് മുറിപ്പാടിലൂടെ പനിച്ചുവരുന്ന നയനാനന്ദകരമായ ദൃശ്യത്തിന്‍റെ ആലസ്യം മാറുന്നതുവരെ ഭിത്തയില്‍ തലചായ്ച്ച് ഊറിച്ചിരിച്ച് നില്‍ക്കണം.

ഹോ എന്നെ അങ്ങ് കൊല്ല്.
മത്തി പുരാണം കലക്കി മച്ചൂ

ശ്രദ്ധേയന്‍ | shradheyan 25 August 2009 at 16:12  

"ഞങ്ങളെ കൂട്ടാതെ അച്ഛന്‍ ജുമേറ ബീച്ചില്‍ പോയീല്ലേ?"

ഈ ചോദ്യം സന്ദര്‍‌ഭത്തിനും നിന്‍റെ പ്രായത്തിനും ചേരുന്നതല്ല

"സോറി"

അത് കലക്കി...

ന്നാലും മത്തി മത്തി തന്ന്യാ...!!

കൂട്ടുകാരൻ 25 August 2009 at 21:15  

പൊരിച്ച മത്തി തിന്നാന്‍ കൊതിയാവുന്നു. നല്ല വിവരണം

ramanika 27 August 2009 at 18:27  

മത്തികളും നുമ്മളേപ്പോലെ കമ്മ്യൂണിസ്റ്റുകാരാണ്.

"വാട്ട്?"

അതേഡേയ്. നെയ്മീന്‍, ആവോലി, സ്രാവ് തുടങ്ങിയ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികളോട് നിരന്തരം പോരാടി ജനമനസ്സുകളില്‍ ഇടം നേടിയ ധീരസഖാക്കളാണ് മത്തികള്‍

മത്തി പുരാണം കസറി!

വയനാടന്‍ 30 August 2009 at 21:22  

മത്തികളും നുമ്മളേപ്പോലെ കമ്മ്യൂണിസ്റ്റുകാരാണ്....

വായിക്കാൻ വൈകിപ്പോയി.
ഉഗ്രൻ നിരീക്ഷണം സുഹ്രുത്തേ.

ഓണാശംസകൾ

ഗുപ്തന്‍ 2 September 2009 at 10:49  

തകര്‍പ്പനെഴുത്ത്! ഇവിടെയെത്തിച്ച സൂരജിനു നന്ദി.

ബിനോയ്//HariNav 3 September 2009 at 10:42  

കുറുപ്പിന്‍റെ കണക്കു പുസ്തകം, വായനക്ക് നന്ദി :)

ശ്രദ്ധേയന്‍, കൂട്ടുകാരന്‍, രമണിക നന്ദി :)

വയനാടന്‍, നന്ദി :)

ഗുപ്തന്‍, നുമ്മടെ ഡോട്ടറെയാണോ ഉദ്ദേശിച്ചത്? മ്മള് അങ്ങേരടെ ഒരു ഫാനാ. നന്ദി :)

അനോണി ആന്റണി 5 September 2009 at 12:20  

ആഹ. അണ്ണനും ചാളേടെ ആളാ? കൊട് കൈ.


ചാള കിട്ടാത്തെ പണ്ട് പാഞ്ചാലി കരഞ്ഞപ്പോള്‍ ആണു ചാളയില്ലാത്ത ലോകം സങ്കല്പ്പിക്കാന്‍ വയ്യെന്ന് എനിക്കും മനസ്സിലായത്.

ബിനോയ്//HariNav 8 September 2009 at 11:43  

ഹ ഹ തന്നെയണ്ണാ തന്നെ. യൂണിയത്തിലേക്ക് ഒരു ടിക്കറ്റ് എടുക്കട്ടെ.

നന്ദി അന്തോണിച്ചാ :)

ഉറുമ്പ്‌ /ANT 1 April 2010 at 14:54  

എന്നെ ഇവിടെയെത്തിച്ച ദേവേന്‍‌ജിക്കു നന്ദി. മത്തി പുരാണം സൂപ്പര്‍.
എനിക്കൂടെ ഒരു മെംബര്‍ഷിപ്പ് തര്വോ?

ബിനോയ്//HariNav 5 April 2010 at 09:31  

ഉറുമ്പ്‌ /ANT, വായനക്ക് നന്ദി. മാഷ് മുമ്പെപ്പോഴോ ഈ ബ്ലോഗില്‍ വന്നിട്ടുണ്ട്. കൃത്യമായി ഓര്‍മ്മയില്ല. നന്ദി :)