Saturday 10 October 2009

സാദാ മല്ലൂസിനോട് ഗള്‍ഫ് മല്ലൂസ്

(ഗുരുതരമായ വിലത്തകര്‍‌ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഗള്‍ഫ് മലയാളിയുടെ കമ്പോളനിലവാരം ശക്തിപ്പെടുത്തി പൂര്‍‌വ്വസ്ഥിതിയിലാക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമായ എല്ലാ മാദ്ധ്യമങ്ങളും ഉപയോഗപ്പെടുത്താനുള്ള അതീവരഹസ്യവും അതിഫയങ്കരവുമായ ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പോസ്റ്റ്. )

ഭൂമുഖത്തുള്ള മൊത്തം മലയാളികളെയും സാദാ മലയാളികള്‍, ഗള്‍ഫ് മലയാളികള്‍ എന്നിങ്ങനെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ. എങ്ങനെയും ഒരു ഗള്‍ഫ് വിസ സം‌ഘടിപ്പിച്ച് അറബിനാട്ടിലെത്തി പത്ത് ഓയില്‍‌മണീസ് സമ്പാദിക്കുക എന്നതായിരുന്നു ഓരോ മല്ലുക്കുഞ്ഞിന്‍റെയും ജന്മോദ്ദേശമെങ്കിലും അതിവിശേഷമായ ബുദ്ധിസാമര്‍‌ത്ഥ്യവും ജാതകത്തിലെ രാജയോഗവും ഒത്തുചേര്‍ന്ന ഭാഗ്യവാന്മാര്‍ക്ക് മാത്രമാണല്ലോ സുന്ദരമനോജ്ഞമായ അറബിലോകത്ത് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നത്. അങ്ങനെയുള്ള ഓരോ ഗള്‍ഫുകാരനെയും ഓരോ അറബിസുല്‍‌ത്താനായിക്കണ്ട് ആരാധിച്ചിരുന്ന സാദാ മല്ലൂസിന് അടുത്തകാലത്തായി ഗള്‍ഫ് മലയാളികളോടുള്ള ബഹുമാനത്തിന്റെ സൂചിക വന്‍‌തോതില്‍ ഇടിഞ്ഞതായി ഞങ്ങളറിയുന്നു. തെണ്ടിത്തിരിഞ്ഞ് അമേരിക്കയിലും യൂറോപ്പിലും കുടിയേറി പിന്തിരിപ്പന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് വിടുവേല ചെയ്യുന്ന ചില കരിങ്കാലി മല്ലൂസിന്‍റെ ഡോളറും യൂറോയും കണ്ടുള്ള പൊളപ്പാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഞങ്ങള്‍ ചൊള ചൊള പോലെ അയച്ചു തന്നിരുന്ന എണ്ണപ്പണം കൊണ്ടാണ് ക്ഷാമകാലത്ത് മൃഷ്ട്ടാന്നമടിച്ച് കഴിഞ്ഞിരുന്നതെന്ന് മറക്കരുത്. വന്നുവന്ന് ഗള്‍ഫുകാരനാണെങ്കില്‍ പെണ്ണു തരില്ല എന്നു പറയാന്‍‌മാത്രം വളറ്ന്നിരിക്കുന്നു അഹങ്കാരം. ഗള്‍ഫില്‍ ആക്രി പെറുക്കി നടന്ന മാക്രികളെ വരെ മരുമകനാക്കി അഭിമാനിക്കാന്‍ ലച്ചം ലച്ചം സ്ത്രീധനവുമായി ക്യൂ നിന്നിരുന്ന കൂട്ടരാണ്. എന്നിട്ടിപ്പഴോ!.. ലീവും തീര്‍ന്ന് വളര്‍ന്ന് മുറ്റി പുരനിറഞ്ഞു നില്‍‌ക്കുന്ന ഗള്‍ഫ് ബാച്ചികളുടെ സങ്കടം കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. ഞങ്ങള്‍ കൈകളില്‍ തൂക്കിപ്പിടിച്ച് വിമാനമിറക്കി കൊണ്ടുവന്ന നാഷണല്‍ പാനാസോണിക്‍ പാട്ടുപെട്ടികളിലാണ് "അബുദാബിക്കാരന്‍ പുതുമണവാളന്‍" പോലുള്ള വാഴ്ത്ത് പാട്ടുകള്‍ പാടി ഞങ്ങളെ നിങ്ങള്‍ സുഖിപ്പിച്ച് കുളിപ്പിച്ച് കിടത്തിയിരുന്നത്. എത്ര കിട്ടിയാലും ആര്‍ത്തിയടങ്ങാതെ "പാവാട വേണം മേലാട വേണം" എന്ന് ഈണത്തിലെരക്കാനും ബോണറ്റ് തുറന്നുവെച്ച ഇമ്പാലാ കാറിന്‍റെ ചന്തമുള്ള ഈ പെട്ടി തന്നെ നിങ്ങളുപയോഗിച്ചു. എന്നിട്ടിപ്പോള്‍ ചില തുക്കട നാടന്‍ സായിപ്പന്‍‌മാരുടെ പരട്ട ജാഡ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വിലയില്ലാതായി. അതിനൊക്കെ സ്മരണ വേണം സ്മരണ! യൂറൊയും ഡോളറുമൊക്കെ വാങ്ങി പോക്കറ്റില്‍ തിരുകുന്നതിന് മുന്‍പ് വാസ്കൊ ഡ ഗാമ, ഈസ്റ്റ് ഇന്ത്യാ കമ്പനി, ജാലിയന്‍ വാലാ ബാഗ് എന്നൊക്കെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

ഇന്ത്യ മുഴുവന്‍ പിച്ചക്കാരണെന്ന് ധരിച്ചിരിക്കുന്ന ചില ഊളന്‍‍ സായിപ്പന്‍‌മാരെപ്പോലെ ഗള്‍ഫ് മലയാളികളെന്നാല്‍ ദൈന്യതയുടെ പര്യായമാണ് എന്നൊരു ധാരണ പരക്കെയുണ്ട്. എങ്കില്‍ കേട്ടോ, ഞങ്ങള്‍ എണ്ണപ്പണത്തിന്‍റെ സമ്പല്‍‌സമൃദ്ധിയില്‍ അര്‍മാദിക്കുന്നവരാണ്, ആര്‍ഭാടത്തില്‍ ആറാടുന്നവരാണ്, ഏഴും എട്ടും ആടുന്നവരാണ്, ഞങ്ങള്‍ യൂസഫലിയാണ്, ഗള്‍ഫാര്‍ മുഹമ്മദലിയാണ്, B R ഷെട്ടിയാണ്, മാടയാണ് പിന്നെ കോട പോലുമാണ്.. ഞങ്ങള്‍ പപ്പടം കാച്ചുന്നതും നെയ്യപ്പം ചുടുന്നതും എന്തിന് ടോയ്‌ലറ്റിലൊഴിക്കുന്നത് പോലും പെട്രോളാണ്. ഇതിനൊക്കെ ശേഷം ബാക്കിവരുന്ന നക്കാപ്പിച്ചയാണ് നിങ്ങള്‍ക്ക് തരുന്നത്.

ബൗദ്ധികമായി വളരെ ഉയര്‍ന്ന തലത്തിലുള്ളവരാണ് ഗള്‍ഫ് മലയാളികളെന്ന് പറയേണ്ട കാര്യമില്ലല്ലോ. ആഗോളതലത്തിലുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ക്ക് വളരെ സുവ്യക്തമായ അഭിപ്രായവും പരിഹാരവുമുണ്ട്. എന്നു മാത്രമല്ല ഈ അറിവുകളൊക്കെ റേഡിയോ മുതല്‍ ബ്ലോഗ് വരെയുള്ള എല്ലാ മാദ്ധ്യമങ്ങളിലൂടെയും ലോകര്‍ക്കായി പങ്കുവെക്കുകയും ചെയ്യും. ഞങ്ങളുടെ ലോകപരിചയവും ബുദ്ധിവൈഭവവും വെച്ചുനോക്കുമ്പോള്‍ കേരളത്തിലെയും ഇന്ത്യയുടെ ആകെത്തന്നെയും മുഴുവന്‍ പ്രശ്നങ്ങളും മിനിറ്റ് വെച്ച് പരിഹരിക്കാവുന്നതേയുള്ളു. പക്ഷെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ലീവ് കിട്ടില്ല എന്നതാണ് ഒരേയൊരു തടസ്സം. പിന്നെ നാട്ടില്‍ ഞങ്ങളുടെ അപ്പനും അമ്മയും വകയില്‍ ചില അമ്മാവന്മാരുമൊഴിച്ചുള്ള രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, പോലീസുകാര്‍,കസ്റ്റം‌സുകാര്‍ എന്നിവരെല്ലാം പരമനാറികളും മഹാ ചെറ്റകളുമാണെന്നുള്ളതില്‍ ഞങ്ങള്‍ക്ക് ഏകാഭിപ്രായമാണ്. തികച്ചും സ്വാഭാവികം, നല്ലവരായ മലയാളികളൊക്കെ ഗള്‍ഫിലായിപ്പോയില്ലേ. ആനുകാലികവിഷയങ്ങളില്‍ ഞങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടാലറിയാം അസാമാന്യമായ ഞങ്ങളുടെ പ്രതികരണശേഷി. ഉദാഹരണത്തിന് കഴിഞ്ഞ മാസം ഷാര്‍ജ്ജയില്‍ കറണ്ട്ചാര്‍ജ്ജ് ഒറ്റയടിക്ക് 50% വര്‍ദ്ധിപ്പിച്ച കാര്യം തന്നെയെടുക്കാം. റേഡിയോവിലാണ് വാര്‍ത്തയറിഞ്ഞത്. ഒട്ടും മടിച്ചില്ല, കാലുമടക്കി ഒറ്റയടി!. കട്ടിലിന്‍റെ കാല് രണ്ടുപീസ്, എന്‍റെ കാല് മൂന്ന് പീസ്.

ഗള്‍ഫില്‍ പ്രത്യേകിച്ച് ദുബായിലുള്ള എല്ലാ മലയാളികളും ബ്ലൊഗര്‍മാരാണ് എന്നറിയാമല്ലോ. ഇനി അങ്ങനെയല്ലാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അടുത്ത ബ്ലോഗ് മീറ്റോടെ അവരെയെല്ലാം ഞങ്ങള്‍ ശരിപ്പെടുത്തും(ബ്ലോഗറാക്കും). ഈ ഞാന്‍ തന്നെ പണ്ടൊരിക്കല്‍ കുറുന്തോട്ടി പറിക്കാന്‍ ദുബായിലൊരു പാര്‍ക്കില്‍ പോയതാണ്. അവിടെ മീറ്റിക്കൊണ്ടിരുന്ന ബ്ലോഗര്‍‌മാരെല്ലാം‌കൂടി എന്നേപ്പിടിച്ച് ബ്ലോഗറാക്കിവിട്ടു. എന്തിന്, അന്ന് ഞാന്‍ പോയ ടാക്സിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പോലും ഇന്ന് ഡെയ്‌ലി ആയിരം ഹിറ്റുള്ള മലയാളം ബ്ലോഗറാണ്.

അമേരിക്കന്‍ യൂറോപ്യന്‍ മലയാളികളോട് ഞങ്ങള്‍ക്ക് അശേഷം അസൂയയില്ല എന്ന് പറയാതറിയാമല്ലോ. സാമ്രാജ്യത്വ പിന്തിരിപ്പന്‍ കുത്തകകളുടെ കൂലിപ്പണിയുമെടുത്ത്, നാണം‌കെട്ട് അന്യരാജ്യത്തിന്‍റെ പൗരത്വവും സ്വീകരിച്ച് ജന്മനാടിനെ മറന്ന് ജീവിക്കുന്ന മാക്രികള്‍.(ഇതില്‍ ബ്ലോഗര്‍ മാക്രിയും പെടും). അപ്പോള്‍ ദുബായിലെ അമേരിക്കന്‍ എമ്പസിക്കു മുന്‍പിലെ ക്യൂ എന്താണെന്നായിരിക്കും? അമേരിക്കയുടെ പൂര്‍‌വ്വേഷ്യന്‍ നയങ്ങളിലുള്ള പ്രതിഷേധം നേരിട്ടറിയിക്കാന്‍ രാവിലെ മുതല്‍ തിക്കിത്തിരക്കുന്നവരാണത്. അല്ലാതെ വിസക്കായി ക്യൂ നില്‍ക്കുന്നവരല്ല. ഗള്‍ഫിലെങ്ങാനും ഞങ്ങള്‍ക്ക് പൗരത്വം തരാന്‍ തീരുമാനിച്ചാല്‍ കാണാമായിരുന്നു, സ്വീകരിക്കാന്‍ ആളില്ലാതെ ഗവര്‍‌ണ്‍‌മന്‍റ് നാണിച്ചു പോകുന്നത്.

അവസാനമായി ഒരു കാര്യം കൂടി. കഞ്ഞിയും കറിയും ഉണ്ടാക്കി ഞണ്ണാന്‍ ഇവിടെനിന്നും നിങ്ങള്‍ കൊണ്ടുപോകുന്ന ഗ്യാസുണ്ടല്ലോ, പ്രകൃതിവാതകം. ബുഹ്‌ഹാഹ.. അത് ഞങ്ങളെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങളറിഞ്ഞാല്‍ നാണം‌കെട്ട് പട്ടിണി കിടന്ന് നിങ്ങളുടെ അവശേഷിക്കുന്ന അഹങ്കാരവും അപ്രത്യക്ഷമാകും.

32 comments:

ബിനോയ്//HariNav 10 October 2009 at 08:46  

ചുമ്മാ കണ്ണാടിയില്‍ നോക്കിയൊരു ചിരി :)

പൊട്ട സ്ലേറ്റ്‌ 10 October 2009 at 08:51  

ഹി ഹി. അത് കലക്കി.

nalini 10 October 2009 at 09:43  

ഗൽഫ് മലയാളികളെ ഒന്നു തോണ്ടിയല്ലോ..!!
നന്നായിട്ടുണ്ട് !!ഇനിയും എഴുതുക !!

VEERU 10 October 2009 at 09:54  

എന്നങ്ങട് കൊല്ല് ബിനോയേ..
എന്തൂട്ട് അലക്കാ.. ഷ്ടാ.. ദ്...
ക്ഷ ..ബോധിച്ചു...എഴുത്ത്...!!
ആശംസകൾ !!

കുക്കു.. 10 October 2009 at 11:11  

hi..hi..adipoli binoy chetta...:)

ennaalum current charge:(

Anil cheleri kumaran 10 October 2009 at 11:51  

നല്ല പോസ്റ്റ്.

Sinochan 10 October 2009 at 12:12  

പാവം നമ്മള്‍ ഗള്‍ഫ് മലയാളികള്‍. എല്ലാത്തിനും ഒരു സമയം ഇല്ലേ? പണ്ടുള്ളവര്‍ ഒത്തിരി അഹങ്കരിച്ചതിന്റെ ശിക്ഷയാവും ഇത്...

രഞ്ജിത് വിശ്വം I ranji 10 October 2009 at 12:58  

ബിനോയീ.. അക്ഷേപ ഹാസ്യത്തിന്റെ മേഖലയില്‍ താങ്കള്‍ക്ക് ഒരുഗ്രന്‍ ഫാവിയുണ്ടെന്ന് നോം ഇതാ പ്രവചിച്ചിരിക്കുന്നു..

Raveesh 10 October 2009 at 14:30  


ഗള്‍ഫില്‍ പ്രത്യേകിച്ച് ദുബായിലുള്ള എല്ലാ മലയാളികളും ബ്ലൊഗര്‍മാരാണ് എന്നറിയാമല്ലോ. ഇനി അങ്ങനെയല്ലാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അടുത്ത ബ്ലോഗ് മീറ്റോടെ അവരെയെല്ലാം ഞങ്ങള്‍ ശരിപ്പെടുത്തും(ബ്ലോഗറാക്കും). ഈ ഞാന്‍ തന്നെ പണ്ടൊരിക്കല്‍ കുറുന്തോട്ടി പറിക്കാന്‍ ദുബായിലൊരു പാര്‍ക്കില്‍ പോയതാണ്. അവിടെ മീറ്റിക്കൊണ്ടിരുന്ന ബ്ലോഗര്‍‌മാരെല്ലാം‌കൂടി എന്നേപ്പിടിച്ച് ബ്ലോഗറാക്കിവിട്ടു. എന്തിന്, അന്ന് ഞാന്‍ പോയ ടാക്സിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പോലും ഇന്ന് ഡെയ്‌ലി ആയിരം ഹിറ്റുള്ള മലയാളം ബ്ലോഗറാണ്.


ഇതിനൊരു കയ്യടി...

Bibin 10 October 2009 at 16:36  

തകര്‍ത്തു ആശാനെ ,ആഹാ ഞങ്ങളോടാണോ കളി

OAB/ഒഎബി 10 October 2009 at 17:58  

ഇവിടെ കമന്റിട്ടില്ലെങ്കിൽ ഞാനൊരു പിന്തിരിപ്പൻ ഗൾഫ് മല്ലു ബ്ലോഗർ ആയിപ്പോക്കും:):‌)
കാര്യങ്ങൾ തമാശയിൽ എഴുതിയത് നന്നായി ചിരിച്ചു തന്നെ വായിച്ചു.
സത്യത്തിൽ സാദാ മല്ലുവിന്റെ ഇപ്പോഴുള്ള ഈ നെഗളിപ്പിന് കാരണം പ്രത്യക്ഷമായും പരോക്ഷമായും ഗൾഫ് കാരൻ തന്നെയെന്ന കാര്യത്തിൽ ഒരെതിരഭിപ്രായം, ചിന്തിക്കുന്നവർക്ക് ഉണ്ടാവുമെന്ന് തോന്നുന്നില്ല.

ഞാൻ ഹാപ്പി.

Joker 10 October 2009 at 18:22  

അന്ന് ഞാന്‍ പോയ ടാക്സിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പോലും ഇന്ന് ഡെയ്‌ലി ആയിരം ഹിറ്റുള്ള മലയാളം ബ്ലോഗറാണ്. ..

ha ha ha

ദീപു 10 October 2009 at 18:42  

ഹ..ഹ..ഹ.. കലക്കി..
എന്നാലും നമ്മളുടെ ആ പ്രതികരണശേഷി ഇങ്ങനെ പബ്ലിക്കാക്കണ്ടായിരുന്നു..

chithrakaran:ചിത്രകാരന്‍ 10 October 2009 at 20:10  

മനോഹരമായിരിക്കുന്നല്ലോ എഴുത്തിന്റെ ആങ്കിള്‍ !

ഗള്‍ഫിലെ അറബികളുടെ മലയാളികളായ അടിമകള്‍ കേരളത്തെ കുളിപ്പിച്ചു കിടത്തിയതിന്റെ ചരിത്രം പറയുന്ന ചിത്രകാരന്റെ പോസ്റ്റ് ലിങ്ക്.കേരളത്തില്‍ വിപ്ലവം നടത്തിയ ഗള്‍ഫ് മലയാളി

Areekkodan | അരീക്കോടന്‍ 10 October 2009 at 21:16  

ഹ ഹ ഹാ ...നന്നായി

Seema Menon 10 October 2009 at 22:11  

ഹ ഹ ഹ , അതു നന്നായി.
യൂറോപ്യൻ മല്ലൂസിനും പ്ണ്ടത്തെ ഡിമാണ്ട് ഒന്നുമില്ല ബിനോയ്. ഈ റിസെഷൺ കാരണം ജീവിക്കൻ പറ്റാതായി..

വാഴക്കോടന്‍ ‍// vazhakodan 11 October 2009 at 12:38  

ചക്കരേ...... ഉമ്മ!
കലക്കീടാ മച്ചൂ,
ബൈ ദി ബൈ ഏതാടാ ആ പാക്കിസ്താനി ബ്ലോഗര്‍? ഒരു ദക്ഷിണ വെക്കട്ടേ!:)

shahir chennamangallur 11 October 2009 at 14:06  

"പക്ഷെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ലീവ് കിട്ടില്ല എന്നതാണ് ഒരേയൊരു തടസ്സം"

ഭാഗ്യം

ഹരീഷ് തൊടുപുഴ 12 October 2009 at 05:48  

ഈ ഞാന്‍ തന്നെ പണ്ടൊരിക്കല്‍ കുറുന്തോട്ടി പറിക്കാന്‍ ദുബായിലൊരു പാര്‍ക്കില്‍ പോയതാണ്. അവിടെ മീറ്റിക്കൊണ്ടിരുന്ന ബ്ലോഗര്‍‌മാരെല്ലാം‌കൂടി എന്നേപ്പിടിച്ച് ബ്ലോഗറാക്കിവിട്ടു. എന്തിന്, അന്ന് ഞാന്‍ പോയ ടാക്സിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പോലും ഇന്ന് ഡെയ്‌ലി ആയിരം ഹിറ്റുള്ള മലയാളം ബ്ലോഗറാണ്.


നാട്ടുകാരോ.. ഉഗ്രൻ!!
അത്യുഗ്രൻ..!!

Koonanurumpu 12 October 2009 at 08:10  

ഞങ്ങള്‍ക്ക എല്ലാവര്‍ക്കും കൂടി ലീവ് കിട്ടിയിരുന്നേല്‍ കാണിച്ചു തരാമായിരുന്നു--
മൂന്നു ഹാ

വശംവദൻ 12 October 2009 at 08:32  

"ടാക്സിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പോലും ഇന്ന് ഡെയ്‌ലി ആയിരം ഹിറ്റുള്ള മലയാളം ബ്ലോഗറാണ്"

:)

Jijo 12 October 2009 at 23:51  

പ്രിയ ബിനോയ്‌,

മാന്ദ്യം കാരണം ഇവിടെ ജീവിക്കാന്‍ വയ്യാതായി. അപ്പോഴാണ്‌ ഡോളറിണ്റ്റെ വില കുത്തനെ ഇങ്ങോട്ട്‌ പോരുന്നത്‌. എല്ലാം കൂടി ആത്മഹത്യാ മുനമ്പിലെത്തി നില്‍ക്കുമ്പോഴാണ്‌ ഈ പോസ്റ്റ്‌ കാണുന്നത്‌. ഞാന്‍ ആത്മഹത്യാ ഡേറ്റ്‌ മാറ്റി. ആകെ ഒരു ഉന്‍മേഷം.

എന്ന് നന്ദിയോടെ,

ഒരു അമേരിക്കന്‍ മല്ലു.

ശ്രീ 13 October 2009 at 17:41  

ഹ ഹ. കൊള്ളാം

ബിനോയ്//HariNav 13 October 2009 at 22:01  

പൊട്ട സ്ലേറ്റ്, നന്ദി :)
നളിനി, നന്ദി :)
VEERU, നന്ദി :)
കുക്കു, നന്ദി :)
കുമാരന്‍, നന്ദി :)
വാഴക്കാവരയന്‍, നന്ദി :)
രഞ്ജിത്ത്, ഒവ്വ് :)
രവീഷ്, ഡാങ്ക്സ് :)
bibin, പിന്നല്ലാണ്ട്. നന്ദി :)
OAB/ഒഎബി, തീര്‍ച്ചയായും മാഷേ. വീണ്ടും പറയട്ടെ ഇത് കണ്ണാടിയില്‍ നോക്കിയുള്ള ഒരു ചിരിയാണ്.
Joker, നന്ദി :)
ദീപു, നന്ദി :)
chithrakaran:ചിത്രകാരന്‍, നന്ദി :)
Areekkodan | അരീക്കോടന്‍, നന്ദി
Seema Menon, ഉരലും മദ്ദളവും അല്ലേ. നന്ദി :)
വാഴക്കോടന്‍ ‍// vazhakodan, ഉമ്മ വരവ് വെച്ചിരിക്കണു. ദക്ഷിണ കുപ്പ്യായിട്ടാണ് നോം സ്വീകരിക്കാറ് :)
shahir chennamangallur, നന്ദി :)
ഹരീഷ്‌ഭായ്, നന്ദി :)
Rtk, നന്ദി :)
വശംവദൻ, നന്ദി :)
Jijo, ഹ ഹ ഞാന്‍ കാരണം ഒരു ജീവന്‍ രക്ഷപെട്ടൂല്ലേ. നന്ദി :)
ശ്രീ, നന്ദി :)

അനോണി ആന്റണി 15 October 2009 at 13:15  

ടേപ്പ് റിക്കോര്‍ഡര്‍ കണ്ടുപിടിച്ചത് ആരാണെന്നു ചോദിച്ചാല്‍ അത് പിന്നെ മാഗ്നറ്റിക്ക് റിക്കോര്‍ഡിങ്ങ് ആശയം സ്മിത്തിന്റേത് ആദ്യം ചെയ്തത് പോള്‍സണ്‍ ആദ്യം കാസറ്റ് ഉണ്ടാക്കിയത് ഫ്ലൂമര്‍, മാര്‍ക്കറ്റിലിറക്കിയത് ഫിലിപ്സ് എന്നൊക്കെ ഞഞ്ഞാമിഞ്ഞയേ പറയാന്‍ പറ്റൂ. പക്ഷേ ഇന്ന് ഒരു മുപ്പതു വയസ്സൊക്കെ കഴിഞ്ഞ ഏതു മലയാളിയോടും ആദ്യം ടേപ്പ് റിക്കാര്‍ഡര്‍ കണ്ടത് എവിടെയാന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരം കേള്‍ക്കാം- ഗള്‍ഫുകാരന്റെ കയ്യില്‍.

ഒരു ഗതിയും പരഗതിയും ഇല്ലാത്ത കേരളത്തിനു പുറത്തേക്കോടി മണ്ണു ചുമന്നും റോഡു തൂത്തും പത്തു ചക്രം കൊടുത്ത ഗള്‍ഫന്‍. വീട്ടില്‍ പപ്പടം ചുടാന്‍ പോലും ശീലിച്ചിട്ടില്ലാഞ്ഞിട്ടും ഖുബൂസ് പരത്താനും പിന്നെ ഷവര്‍മ്മ ചുരുട്ടാനും പഠിച്ച് ചായക്കട നടത്തിയ ഗള്‍ഫന്‍. പട്ടന്‍ മൂത്ത് പട്ടരാകുമ്പോലെ ഗള്‍ഫന്‍ മൂത്ത് 'ഗള്‍ഫാര്‍' വരെയായരുണ്ട് ഞങ്ങളുടെയിടയില്‍.

നിങ്ങടെ അപ്പന്മാര്‍ക്ക് വാക്കിങ്ങ് സ്റ്റിക്കും നിങ്ങടെ അനുജന്മാര്‍ക്ക് വാക്ക്‌മാനും നിങ്ങടെ ബേബിക്ക് വാക്കറും നിങ്ങള്‍ക്ക് ജോണി വാക്കറും തന്നിരുന്ന ഗള്‍ഫന്‍.

നിങ്ങളെ നാട്ടിലെ ടാക്സിക്കാര്‍ ലോങ്ങ് ഡിസ്റ്റന്‍സ് ഓടാന്‍ പഠിച്ചത് ഗള്‍ഫനെ എയര്‍പ്പോര്‍ട്ടില്‍ വിട്ടും തിരിച്ചു വിളിച്ചും ആയിരുന്നു, വയ്യാത്ത വല്യപ്പനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി ആയിരുന്നില്ല.
മലയാളവും തമിഴുമല്ലാത്ത ഭാഷകളിലും പാട്ടുണ്ടെന്ന് നിങ്ങളെ കേള്‍പ്പിച്ചു തന്ന ഗള്‍ഫന്‍. വിമാനത്തില്‍ കയറുന്നതെങ്ങനെയെന്നും സാന്‍ഡ്വിച്ച് ഉണ്ടാക്കുന്നതെങ്ങനെയെന്നും നിങ്ങളെ പഠിപ്പിച്ച ഗള്‍ഫന്‍.

അഞ്ചാറു പിള്ളേര്‍ കമ്പ്യൂട്ടറോടിക്കാന്‍ പഠിച്ച് അമേരിക്കേലും ആസ്ത്രേലിയേലും പോയപ്പോ ഞങ്ങളെ നിങ്ങള്‍ക്ക് വിലയില്ലാതായല്ലേ. അങ്ങനെ മോരിന്റെ പുളി പോകാന്‍ ഈ പശുക്കള്‍ ചത്തിട്ടില്ലെടേ.

ഇരുപതു ലക്ഷം പ്രവാസികളുള്ളതില്‍ പതിനെട്ടു ലക്ഷവും ഗള്‍ഫിലാടേ. ബാക്കിയുള്ള രണ്ടുലക്ഷം ദരിദ്രവാസികളെ കണ്ടാണോടേ നിങ്ങളൊക്കെ തുള്ളുന്നത്? ഞങ്ങക്കിത്തിരി കോളേജ് പഠിപ്പു കുറഞ്ഞതാണോടേ പ്രശ്നം? എന്നാ ഞാനൊന്ന് ചോദിക്കട്ടെ, നിങ്ങളെ കമ്പ്യൂട്ടറിന്റെ പണിയിലെ വല്യ മൊതലാളി ബില്‍ ഗേറ്റ്സ് എവിടെ വരെ പഠിച്ചിട്ടുണ്ടെടേ? ലാറി എല്ലിസണോ? സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സൂപ്പര്‍മാന്‍ ഫിലിപ്പ് എമിഗ്വാലി ഏതു കോളേജില്‍ പോയെടേ? ക്രിസ് മോറിസനു എത്ര ഡിഗ്രീ ഒണ്ടെടേ?

ഞങ്ങള്‍ അടങ്ങത്തില്ല. ഞങ്ങടെ ഈ അവഗണനയില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ കരിവാരം നടത്തും. വെറും കരിവാരമല്ല, കരി ഓയില്‍ വാരം നടത്തും.

Jijo 15 October 2009 at 22:51  

ആത്മഹത്യ ചെയ്യിച്ചേ അടങ്ങൂ അല്ലേ അന്തോണീ....

Unknown 16 October 2009 at 05:40  

"കഴിഞ്ഞ മാസം ഷാര്‍ജ്ജയില്‍ കറണ്ട്ചാര്‍ജ്ജ് ഒറ്റയടിക്ക് 50% വര്‍ദ്ധിപ്പിച്ച കാര്യം തന്നെയെടുക്കാം. റേഡിയോവിലാണ് വാര്‍ത്തയറിഞ്ഞത്. ഒട്ടും മടിച്ചില്ല, കാലുമടക്കി ഒറ്റയടി!. കട്ടിലിന്‍റെ കാല് രണ്ടുപീസ്, എന്‍റെ കാല് മൂന്ന് പീസ്."

അസാധ്യ എഴുത്ത്.ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.

ബിനോയ്//HariNav 18 October 2009 at 14:22  

അന്തോണിച്ചാ, പിന്നല്ലാണ്ട്.. അധികം കളിച്ചാല്‍ നുമ്മക്ക് ക്രൂഡ് ഓയില്‍ വാരം തന്നെ നടത്തണം. :))

Jijo, Swasthika, നന്ദി :)

Typist | എഴുത്തുകാരി 19 October 2009 at 21:12  

ഗംഭീരായിട്ടുണ്ട് മാഷേ.

ഭൂമിപുത്രി 24 October 2009 at 07:31  

കയ്പ്പ് നിറഞ്ഞ ഈ ചിരി അസ്സലായി ബിനോയ്

Unknown 11 December 2009 at 19:40  

ബുഹ്‌ഹാഹ... കലക്കി...

Unknown 20 February 2010 at 11:34  

ബൗദ്ധികമായി വളരെ ഉയര്‍ന്ന തലത്തിലുള്ളവരാണ് ഗള്‍ഫ് മലയാളികളെന്ന് പറയേണ്ട കാര്യമില്ലല്ലോ...
അതു പഷ്ട്‌............