ദുര്‍ബലന്‍ ഗര്‍ഭണനായപ്പോള്‍
നാട്ടില്‍ പോയിവന്നിട്ട് ദിവസം പത്താകുന്നു. കാര്യങ്ങള്‍ ഇനിയും അതിന്‍റെ ട്രാക്കിലായിട്ടില്ല. ആകെയൊരു എരിപൊരി. ഭാര്യയും പൊടികളും ഇനിയും എത്തിയിട്ടില്ല. നാട്ടിലെ മണ്‍സൂണ്‍ ആഘോഷത്തിമര്‍പ്പില്‍നിന്നും ഇവിടെ പറന്നിറങ്ങിയപ്പോള്‍ ചൂട്, പൊടിക്കാറ്റ്, വീണ്ടും വഷളായ മാന്ദ്യം..
വായനയും ബ്ലൊഗിങ്ങുമൊന്നും ഉഷാറാകുന്നില്ല. പഴയൊരു ഡ്രാഫ്റ്റ് പൊടിതട്ടിയെടുത്ത് പൗഡറും നിക്കറും ഇട്ട് പോസ്റ്റി. സിസ്റ്റര്‍ ജെസ്മിയുടെ "ആമേന്‍" വായിക്കാനെടുത്തത് ഇഴഞ്ഞ് നീങ്ങുന്നു.വെക്കേഷന്‍ പ്രമാണിച്ച് ബാച്ചിലര്‍ഷിപ്പ് കിട്ടിയ അളിയനും കസിനും ഷാര്‍ജയില്‍ സമീപം തന്നെ താമസമുണ്ട്. വീട്ടില്‍ തനിയെ ഇരുന്ന് തല പെരുക്കുന്നത് ഒഴിവാക്കാന്‍ വൈകുന്നേരങ്ങളില്‍ നേരെ അവിടേക്ക് വെച്ചുപിടിക്കും. അല്പം പാചകം, കത്തി, വാട്ടര്‍ബറീസ് അങ്ങനെ സമയം പോക്കാം.
ഈയിടെയായി ടി വി തുറക്കുന്നത് ഒരു വകയാണ്. ലാവ്‌ലിന്‍.. മുരളീധരന്‍.. വമനേച്ഛ ഉണ്ടാക്കുന്നു ചര്‍ച്ചകള്‍. വേര്‍പാടുകളുടെ തുടര്‍ച്ചയായി ലോഹിതദാസ്, രാജന്‍ പി ദേവ് അവസാനം തങ്ങള്‍.. മുരളീധരനെ കോണ്‍ഗ്രസിന്‍റെ ഗര്‍ഭപാത്രത്തിലേക്കെ തിരികെ പ്രവേശിപ്പിക്കാന്‍ ചാനലുകളുടെ റിവേര്‍സ് പ്രസവവേദന കണ്ട് പ്രാന്തായി റിമോട്ടെടുക്കാന്‍ ഓടിയ വഴി സോഫയില്‍ കാലിന്‍റെ ചെറുവിരലൊന്ന് കോര്‍ത്തു. നക്ഷത്രങ്ങള്‍ കുറച്ചധികം എണ്ണി. ഉയര്‍ന്ന് പൊങ്ങിയ പ്രാണന്‍ സ്വര്‍ഗ്ഗവാതില്‍ കാണാതെ ജബ്ബാര്‍മാഷിന്‍റെയും സി.കെ.ബാബുമാഷിന്‍റെയും ബ്ലോഗുകളില്‍ കയറി സംശയനിവൃത്തി വരുത്തി, രണ്ടാം ദിവസം എല്ലുരോഗവിദഗ്ദ്ധന്‍റെ കട്ടിലില്‍ ലാന്‍റ് ചെയ്തു. എക്സ് റേ എടുത്ത് വിരലില്‍ ഫ്രാക്‌ച്ചര്‍ എന്ന് സര്‍ട്ടീറ്റ് കിട്ടിയപ്പോള്‍ കൃതാര്‍ത്ഥനായി. ഭയപ്പെട്ടതുപോലെ കാലുമൂടി പ്ലാസ്റ്റര്‍ ഇട്ടില്ല. ചെത്തുന്ന പനയില്‍ ഏണി കെട്ടി ഉറപ്പിക്കുന്നപോലെ അടുത്ത വിരലിനോട് ചേര്‍ത്ത് സ്ട്രാപ്പ് ചെയ്തുറപ്പിച്ചു. ആശ്വാസം! നടക്കുന്നതിന് പ്രശ്നമില്ല. ഇതുവരെയും സന്തോഷവാര്‍ത്ത നാട്ടിലറിയിച്ചിട്ടില്ല. അവര്‍ വരുമ്പോള്‍ എയര്‍പ്പോര്‍ട്ടില്‍ സര്‍പ്രൈസ് കൊടുക്കാം. പരിഭവം അടിപിടിയിലെത്തിക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്.
കുളിക്കുന്നത് പണ്ടേ മെനക്കേടാണ്. ഇപ്പോള്‍ ഗര്‍ഭിണിയും എന്നായി. കാലില്‍ പ്ലാസ്റ്റിക്ക് പൊതിഞ്ഞ്, പട്ടി മുള്ളാന്‍ നില്‍ക്കുന്നപോലെ ടബ്ബില്‍ കാലുയര്‍ത്തിവെച്ചാണ് കുളി. അവളുണ്ടായിരുന്നെങ്കില്‍ ഒരു സ്റ്റൂളിട്ട് ഇരുന്നുകൊടുത്താല്‍ രാജകലയില്‍ നീരാട്ട് നടന്നേനെ. അതിന്‍റെ സുഖം ഒരു മാസത്തോളം പണ്ട് അനുഭവിച്ചതാണ്.
ഇന്നലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഇളയ സന്താനം, ഒന്നര വയസുകാരി ചെല്ലൂസിന്‍റെ പുതിയ വെള്ളി പാദസരത്തിന്‍റെ കിലുക്കം ഫോണിലൂടെ കേള്‍പ്പിക്കാന്‍ വളരെ പണിപ്പെട്ടു അവളുടെ അമ്മ. ഒന്നും കേള്‍ക്കാനായില്ല. അല്ലെങ്കിലും ഈ യന്ത്രങ്ങള്‍ അങ്ങനെയാണ്. കളിക്കിടയില്‍ പിണങ്ങിവന്നിരിക്കുന്ന മൂത്ത മഹാന്‍റെ കൈയ്യില്‍ ഫോണ്‍ കൊടുത്തു. ഏഴ് വയസ്സുള്ള വലിയ കുട്ടികള്‍ പിണങ്ങാന്‍ പാടുണ്ടോ അപ്പുണ്ണീ.. എന്ന് ആശ്വസിപ്പിച്ചു. പിണക്കം "അച്ഛാ" എന്നു വിളിച്ചുള്ള ഏങ്ങലടിയായി മാറിയതുകേട്ടു തൊണ്ടയിലെന്തോ തടഞ്ഞത് ഗ്യാസിന്‍റെയാകുമെന്ന് സ്വയം ന്യായീകരിച്ചു. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ കുടുംബത്തെയെങ്കിലും നാട്ടില്‍ നങ്കൂരമിടീക്കണം എന്ന് ലാഘവത്തോടെ തീരുമാനമെടുത്തിരിക്കുന്ന പുലികളാണ്. കൈയ്യില്‍ ജോര്‍ജ്ജൂട്ടി എന്തെങ്കിലും ബാക്കിവരണമെങ്കില്‍ അത് ചെയ്തേ പറ്റൂ. പക്ഷെ ഹ്രസ്വമായ വേര്‍പാടുകള്‍ പോലും ഇത്തരം തീരുമാനങ്ങളുടെ പ്രായോഗികതയെ സംശയത്തിലാക്കുന്നു.
25 comments:
ദുര്‍ബലന്‍ ഗര്‍ഭണനായപ്പോള്‍
എന്തു ചെയ്യാം ബിനോയി ..ഈ പ്രവാസം അനുഭവിച്ചു തന്നെ അറിയണം
ജീവിതത്തിന്‍റെ നല്ല കാലം നഷ്ടപ്പെടുത്തി കരുതി വയ്ക്കുന്ന ജോര്‍ജൂട്ടിക്ക് മഹത്വമില്ല എന്നതാണ് എന്‍റെ പക്ഷം. ജീവിതം ഒന്നല്ലേ ഉള്ളൂ മാഷേ.......
STARIGHT AND HONEST(JUST LIKE YOU).
അപ്പോ പിന്നെ സ്ഥിരം ബാച്ഛികളായി ഇവിടെ കഴിയേണ്ടിവരുന്ന എന്നെപ്പോലെയുള്ളവരുടെയൊക്കെ അവസ്ഥ?
കാസിം മാഷെ ക്ഷമിക്കണം. താങ്കള്‍ പറഞ്ഞ കാര്യം ആലോചിക്കാതെയല്ല. കുടുംബമായി ഒന്നിച്ച് ജീവിക്കാന്‍ സാധിക്കുക എന്ന സൗഭാഗ്യത്തിന്‍റെ വിലയെക്കുറിച്ച് ഉത്തമബോദ്ധ്യമുണ്ട്. ഡയറിക്കുറിപ്പ് പോലെ ചില മനോവിചാരങ്ങള്‍ ഇവിടെ കുറിച്ചു എന്നേ ഉള്ളൂ. വായനക്ക് നന്ദി :)
രഞ്ജിത് വിശ്വം :)
മാറുന്ന മലയാളി, അതേ മനോഭാവം കൊണ്ടുതന്നെയാണ് ഞങ്ങളിപ്പോഴും ഒരുമിച്ച് കഴിയുന്നത്. നന്ദി :)
ഹാരിസ്, We can measure straightness, but honesty!!.. :)))))
ഇവിടെ ഞാന്‍ ആദ്യമാണെന്നു തോന്നുന്നു. ഒരുകണക്കിനു ഞാനും പ്രവാസിയാണ്.
പഴയതുപോലെ കുടുംബവുമൊന്നിച്ചു അവിടെക്കഴിയാന്‍ ജോര്‍ജ്ജൂട്ടി അനുവദിയ്ക്കുന്നുണ്ടോ..?
an honest story.. good one
പരിചയക്കുറവു കൊണ്ടായിരിക്കാം, എന്‍റെ എഴുത്ത് തെറ്റായ വായനക്ക് കാരണമായിട്ടുണ്ടോ എന്നൊരു സംശയം. നാട്ടില്‍ പോയി വന്നതിന് ശേഷമുള്ള വിശേഷങ്ങള്‍ വെറുതെ കുത്തിക്കുറിച്ചതാണ്. ഇതൊക്കെയാണ് ഒരു ഗുള്‍ഫ് പ്രവാസിയുടെ ദുഖങ്ങള്‍ എന്നൊരു സാമാന്യവല്‍ക്കരണം ഉദ്ദേശിച്ചിട്ടില്ല. ഒരുപാട് സന്തോഷങ്ങളുള്ള പറയാന്‍ മാത്രം ദുഖങ്ങളൊന്നുമില്ലാത്ത ഇടത്തരക്കാരായ പ്രവാസികളാണ് ഞങ്ങള്‍. ഇവിടെ പരിതാപകരമായ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്ന സഹജീവികളെ കണ്‍ തുറന്ന് കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. എന്‍റെ കുറിപ്പിന് ഒരു "പതം പറച്ചില്‍" ടോണ്‍ വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ചില കുഞ്ഞു നൊമ്പരങ്ങള്‍ പറഞ്ഞത് അതിനുപിന്നിലെ വലിയ സന്തോഷങ്ങള്‍ പങ്കുവെക്കാന്‍ മാത്രമാണ്.
കൊട്ടോട്ടിക്കാരാ, ഹ ഹ ജോര്‍ജ്ജൂട്ടിയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. അങ്ങനെ കഴിഞ്ഞു പോകുന്നു എന്നേ ഉള്ളൂ. നന്ദി :
മുക്കുവന്‍ജി, നന്ദി :)
പോസ്റ്റും അതിലെ നിഷ്‌കളങ്കതയും 9-ാമത്തെ കമെന്റും ഇഷ്ടപ്പെട്ടു.
ഡയറിയെഴുത്ത് (മനോവിചാരങ്ങള്‍) തുടരുക. ആശംസകൾ
ബിനോയീ .. ഡോണ്ട് വറിയാകാതെ ഇരിക്ക്...വഴിയുണ്ടാക്കാം..
(ഹും ഉരലു ചെന്ന് മദ്ധളത്തോട് ഡോണ്ട് വറി പറയുന്നത് പോലെ അല്ലെ )
ഒന്നര വയസ്സുകാരി ചെല്ലൂസിന്റെ പാദസരക്കിലുക്കമ് ഞാനും കേട്ടു..
നന്നായി ട്ടോ..ഇഷ്ടപ്പെട്ട പോസ്റ്റ്..
എന്തായി സിസ്റ്റര്‍ ജെസ്മിയുടെ'ആമേന്‍' വായിച്ചു കഴിഞ്ഞോ?
വശംവദന്‍, രഘുനാഥന്‍, വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി :)
സ്മിത, "ആമേന്‍" കഴിഞ്ഞിട്ടില്ല. സമയക്കുറവുണ്ട്. പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പാണ് വാങ്ങിയത്. (അതാണ് ഒറിജിനല്‍ വേര്‍ഷന്‍). മലയാളം വായിക്കുന്ന സ്പീഡില്‍ ഇംഗ്ലീഷ് വായിക്കാന്‍ പറ്റാറില്ല.
വായനക്ക് വളരെ നന്ദി :)
നന്ദി ബിനോയ്, ബ്ലോഗില്‍ വന്നതിനും വായിച്ചതിനും.
ഗള്‍ഫ് ഫ്ലൈറ്റ്‌കള്‍ക്ക് തൊട്ടു മുന്പ് എയര്‍പോര്‍ട്ട്-ലെ രംഗങ്ങള്‍ ആണ് ഏറ്റവും സങ്കടം. വിതുമ്പി പൊട്ടി നില്‍കുന്ന ഭാര്യയും, കരയുന്ന മക്കളെ മാരോടനക്കുന യാത്രക്കാരനും, കണ്ണ് നിറയ്ക്കുന്ന കുടുംബവും.. അത് കണ്ടു നില്ക്കുന്നത് തന്നെ വല്ലാത്തൊരു അനുഭവം ആണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ കുട്ടിക്കാലത്ത് , ഗള്‍ഫിലേക്ക് തിരിക്കുന്നതിനു മുന്‍പ് വിതുമ്പിക്കൊണ്ട് അമ്മാവന്‍ ഞങ്ങളോട് യാത്ര പറയുമ്പോള്‍ ഞാനോര്‍ക്കാറുണ്ട് ; എന്തിനീ വിഷമം . ഇത്രയും നല്ലൊരു സ്ഥലത്തേക്ക് പോകുമ്പോള്‍ എന്തിനീ വ്യസനം എന്ന് . വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും അങ്ങനെയൊരു ഘട്ടത്തിലൂടെ കടന്നു പോയപ്പോളാണ് അതിന്‍റെ വിഷമം പിടി കിട്ടിയത് . ഞാനിതൊരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ എന്നെ ചേര്‍ത്ത് പിടിച്ചു പുറത്തു തട്ടി വിതുമ്പിക്കൊണ്ട് .
മാഷെ ... ഒക്കെ ശരിയാകും ... ഞാനടക്കം ഒരായിരം പ്രാവാസികളുണ്ട് താങ്കളുടെ കൂടെ ...
നല്ല അവതരണം . ഹൃദ്യമായിത്തോന്നി ... ഏതായാലും വായന നടക്കട്ടെ ...
എല്ലാ ശരിയാവും ..ആശംസകൾ
എല്ലാം ശരിയാകുമെടാ.. നുമ്മളൊക്കെ ഒന്നുമില്ലേലും പ്രവാസികളല്ലേ,...
:)
well expressed...
പ്രവാസിയല്ല.. വേദനയുമില്ല.
സീമ, വിനോദ്, ബഷീര്‍, പകല്‍കിനാവന്‍, ഉഗണ്ട് രണ്ടാമന്‍,വ്യാസ്, നന്ദി :)
മനോഹരമായ എഴുത്ത്. ജീവിതം ഇങ്ങനെയൊക്കെ എന്നു കരുതി സമാധാനിക്കുക തന്നെ.
യ്യോ..ഇതിപ്പൊഴാ കണ്ടത്..
മത്തിയില്‍ നിന്നും വരണ വഴിയാ..
എനിവേ..ജോര്‍ജ്ജുകുട്ടിയെ പറഞ്ഞത് സത്യം ..
പിള്ളേരേം കെട്ടിയോളോം വീട്ടില്‍ വിടാന്‍ മടിയും...
ശരിക്കും മടുത്തു
കുമാരന്‍, ചാര്‍ളി, വായനക്ക് നന്ദി :)
വിപ്രലംഭ പര്വ്വം അനുഭവിയ്ക്കുന്ന ഒരാള്‍ടെ നല്ല (?) പാതി ഞാനും. പണ്ടും ഒരു വിപ്രലംഭ (http://vivahithar.blogspot.com/2006/10/blog-post.html) പര്വ്വം ഇത് പോലെ കുറിച്ചിട്ടിരുന്നു. ആളാരാന്ന് പറയൂല്ലാട്ടോ.
അതുല്യച്ചേച്ചി, ഇതുവഴി വന്നതില്‍ വളരെ നന്ദി. ലിങ്കിലുള്ള പോസ്റ്റ് വായിച്ചു. മനോഹരമായ എഴുത്ത്. കുറേ സീനിയര്‍ ബൂലോകരെയും കമന്‍റുകളില്‍ അടുത്തറിഞ്ഞു. :)
Post a Comment