Thursday 21 January 2010

തൊഴിക്കുന്ന തൊഴിലുകള്‍

കഴിഞ്ഞ അവധിക്കാലത്താണ്. അടുത്ത ബന്ധുവിന്‍റെ മകള്‍ ബാം‌ഗ്ലൂരില്‍ നര്‍‌സിങ്ങിന് ചേരുന്നു. കുട്ടിക്ക് ഈ ജോലിയോടുള്ള താത്പര്യമാണോ തീരുമാനത്തിന് പിന്നിലെന്ന് വെറുതെ അവളുടെ അച്ഛനോട് ചോദിച്ചു. അങ്ങനെയൊന്നുമില്ല അയല്‍‌വാസിയായ അവളുടെ ബെസ്റ്റ് ഫ്രണ്ട് ഇതേ കോഴ്‌സിനാണ് ചേരുന്നത്, അതുകൊണ്ട് അവളും ആ വഴി പോകട്ടെ എന്ന് തീരുമാനിച്ചു എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ മറുപടി.
നമ്മുടെ സമൂഹത്തില്‍ പുതുമയല്ലാത്ത കാര്യം തന്നെ. തൊഴിലധിഷ്ടിത വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോള്‍ ഈയൊരു തീരുമാനത്തിന്‍റെ സത്തയാണ് ആ കുട്ടിയുടെ ശിഷ്ടമുള്ള ആയുസ്സിന് പ്രാണവായു പകരേണ്ടത് എന്ന പ്രധാനപ്പെട്ട വസ്തുത പലരും കണക്കിലെടുക്കാറില്ല. സ്വയം‌പര്യാപ്തതയും അതുവഴി സ്വതന്ത്രമായൊരു വ്യക്തിത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ഏറ്റവും അത്യന്താപേക്ഷിതമായ ഉപജീവനമാര്‍ഗ്ഗം നമ്മള്‍ തിരഞ്ഞെടുക്കുന്നത് തികച്ചും അശ്രദ്ധവും അശാസ്ത്രീയവുമായാണ് എന്ന് പറയാതെ വയ്യ. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സാമൂഹിക സാഹചര്യങ്ങളിലെ ചെറുപ്പക്കാര്‍ക്ക് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പരിമിതമാണ് എന്ന് അം‌ഗീകരിക്കുമ്പോള്‍‌ത്തന്നെ ലഭ്യമായ സാദ്ധ്യതകളെങ്കിലും നമ്മള്‍ ഔചിത്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു തൊഴില്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും സാമ്പത്തികവും തൊഴില്‍‌പരവുമായ സുരക്ഷിതത്വം ഒരു പ്രധാന ഘടകമാണെങ്കിലും അത് ഒരേയൊരു മാനദണ്ഡമാകുന്നിടത്താണ് അപകടം. അച്ചാറില്ലെങ്കില്‍ അലുവ കഴിക്കാം എന്ന് പറയുന്നപോലെഒരേ വിദ്യാര്‍ത്ഥിയുടെ ചോയ്‌സ് ലിസ്റ്റില്‍ ഒന്നാമതായി മെഡിസിനും രണ്ടാമതായി മെക്കാനിക്കല്‍ എഞ്ചിനീറിങ്ങും മൂന്നാമതായി ബിസിനസ് മാനേജ്‌മെന്‍റും കടന്ന് വരുന്നതിലെ കോമാളിത്തം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അത്ഭുതകരമാംവിധം വ്യത്യസ്തങ്ങളായ അഭിരുചികള്‍ ഒളിഞ്ഞിരിക്കുന്ന ജീനുകള്‍ പേറുന്ന മനുഷ്യര്‍ക്കിടയില്‍ എന്തും ചെയ്യും സുകുമാരന്‍ മട്ടിലുള്ള സര്‍‌വ്വകലാവല്ലഭന്മാര്‍ വിരളമായിരിക്കും. ചിത്രം വരക്കുന്നവന്‍ പാട്ട് പാടണമെന്നില്ല, കണക്ക് വഴങ്ങുന്നവന്‍ ചിലപ്പോള്‍ കളിയില്‍ കുഴങ്ങും. ചിത്രത്തിലെ രേഖകളും രൂപങ്ങളും വായിച്ചെടുക്കാന്‍ ജന്മവാസനയില്ലാത്തവന്‍ എങ്ങനെയൊരു നല്ല സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറാകും, മനുഷ്യരെ ഭയക്കുന്ന അന്തര്‍‌മുഖന്‍ ബുദ്ധിജീവിയാണെങ്കിലും എങ്ങനെ നല്ലൊരു അദ്ധ്യാപകനാകും, മുന്ന് വരികള്‍‌ക്കപ്പുറം ലോജിക്കില്ലാത്തവന്‍ എങ്ങനെയൊരു നല്ല പ്രോഗ്രാമറാകും, സഹജീവികളോട് സഹാനുഭൂതിയില്ലാത്തവനെങ്ങനെ നല്ല ഡോക്ടറാകും. തെറ്റായ പ്രവര്‍ത്തിമണ്ഡലത്തില്‍ എത്തിപ്പെടുന്നവന്‍ പത്ത് മുപ്പത് കൊല്ലക്കാലം അവനവനു തന്നെയും സമൂഹത്തിനാകെയും ബാദ്ധ്യതയായി മാറുന്ന ദുരന്തമാവുകയാവും ഫലം. മറിച്ച് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ഒരു വിനോദമെന്നപോലെ പ്രീയത്തോടെ ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിക്ക് ഔദ്യോഗിക പദവിയും പ്രതിഫലവും ലഭിക്കുന്ന അവസ്ഥ എത്ര ആവേശകരമായിരിക്കുമെന്ന് കൂടി ചിന്തിക്കണം.

പലപ്പോഴും ഉപരിപ്ലവമായ പൊലിമയിലാണ് പല തൊഴില്‍മേഖലകളും വിലയിരുത്തപ്പെടുന്നത്. ഒന്നാമത്തെ ഉദാഹരണമാണ് ഡോക്ടറുടെ തൊഴില്‍. ജോലിക്കുവേണ്ടി സ്വകാര്യജീവിതത്തില്‍ ഇത്രയധികം ത്യാഗങ്ങള്‍ സഹിക്കുന്ന മറ്റൊരു വിഭാഗമുണ്ടെന്ന് തോന്നുന്നില്ല. ക്ലിപ്തതയില്ലാത്ത ജോലിസമയം, സമ്മര്‍ദ്ദങ്ങളും പിരിമുറുക്കവും ഒഴിയാത്ത തൊഴില്‍ മേഖല, പലപ്പോഴും Thankless എന്ന് തോന്നിക്കുന്ന ചുറ്റുപാടുകള്‍. എട്ടും പത്തും കൊല്ലം നീളുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനൊടുവില്‍ ജോലി തുടങ്ങുന്ന വൈദ്യന്മാര്‍ ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലാത്തവിധം അകപ്പെട്ട് പോകുന്ന തൃശങ്കു സ്വര്‍ഗ്ഗത്തിലെ പീഡകള്‍ കാരണമാണോ എന്നറിയില്ല, അവരുടെ ആയുസ്സ് പൊതുശരാശരിയിലും താഴെയാണെന്നുള്ള ഒരു പഠനവും കണ്ടിരുന്നു. അങ്ങേയറ്റത്തെ അര്‍‌പ്പണമനോഭാവവും ഇടവേളകളില്ലാത്ത തുടര്‍‌പഠനസന്നദ്ധതയും ഉള്ളവര്‍ക്ക് മാത്രമേ അപ്പോത്തിക്കിരിയുടെ ജോലി ആസ്വദിക്കാനും അതില്‍ വിജയിക്കാനും കഴിയൂ എന്നാണെന്‍റെ തോന്നല്‍.

ഇവിടെയാണ് ഫ്രാങ്ക് പാര്‍‌സണ്‍‌സ് (Frank Parsons)എന്ന വെള്ളക്കാരന്‍ വാദ്ധ്യാരേക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത്. occupational/career guidance എന്ന സേവനമേഖലയുടെ പിതാവായാണ് ഈ സായ്‌വ് അറിയപ്പെടുന്നത്. 1854 മുതല്‍ 1908 വരെ ജീവിച്ചിരുന്ന ഈ അമേരിക്കക്കാരെന്‍റെ Choosing a Vocation എന്ന പുസ്തകമാണ് ഇന്നും കരിയര്‍ ഡവലപ്മെന്‍റിന്‍റെ ബൈബിള്‍ ആയി ഗണിക്കപ്പെടുന്നത്. അദ്ധ്യാപനം, സാമൂഹ്യസേവനം, എഞ്ചിനീയറിങ്ങ് എന്നിങ്ങനെ വിവിധ മേഖലകളിലായി തുടര്‍ന്ന ഔദ്യോഗിക ജീവിതത്തിന്‍റെ അവസാനപാദത്തിലാണ് പാര്‍സണ്‍‌സ് തന്‍റെ ജീവിതനിയോഗം തിരിച്ചറിഞ്ഞത്. കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ടിരുന്ന ഉദ്യോഗാര്‍ത്ഥികളെ തങ്ങളുടെ കഴിവുകളെയും ദൗര്‍ബ്ബല്യങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുകയും അവര്‍ക്ക് യോജിച്ച തൊഴില്‍‌മേഖല തിരഞ്ഞെടുക്കുന്നതിന് ശാസ്ത്രീയവും നിയതവുമായ ഒരു മാര്‍ഗ്ഗരേഖ സൃഷ്ടിക്കുകയുമാണ് പിന്നീടദ്ദേഹം ചെയ്തത്. വളരെ പെട്ടന്നുതന്നെ അദ്ദേഹത്തിന്‍റെ വിശകലനരീതികള്‍ വ്യാപകമായ അം‌ഗീകാരം നേടിയെടുക്കുകയും പ്രശസ്തമായ പല സര്‍‌വ്വകലാശാലകളും career guidance തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു. ഇന്ന് കാലോചിതമായ പരിഷ്ക്കാരങ്ങളോടെ ഈ സേവനം മിക്കവാറും വികസിത രാജ്യങ്ങളില്‍ ഔദ്യോഗിക പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയിട്ടുള്ളത് കൂടാതെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും career guidance & councelling സേവനദാതാക്കളായുണ്ട്.

നമ്മുടെ നാട്ടില്‍ ഇപ്പോഴും വലിയ നഗരങ്ങളില്‍ മാത്രം ലഭ്യമായതും ഭൂരിപക്ഷത്തിന് കിട്ടാക്കനിയുമായ ഒരു സേവനമാണ് career guidance എന്നാണ് അറിവ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നഗരപ്രദേശങ്ങളില്‍ ഉള്ളതായി കേട്ടിരുന്നു. ഇത്തരം സൗകര്യങ്ങള്‍ പൊതുവിദ്യാഭാസത്തിന്‍റെ ഭാഗമാക്കുന്നതിനേക്കുറിച്ച് ഭരണതലത്തില്‍ എന്തെങ്കിലും ആലോചനപോലും നടക്കുന്നതായി കേട്ടിട്ടില്ല. ലക്ഷ്‌യ ബോധമില്ലാത്ത ആട്ടിന്‍‌പറ്റത്തേപ്പോലെ സ്കൂളുകളുടെ കവാടങ്ങള്‍ തുറന്ന് പുറത്തേക്കൊഴുകുന്ന പുതുതലമുറ നേരും നെറിയും കെട്ട വിദ്യാഭ്യാസക്കച്ചവടക്കാരുടെ വലയില്‍‌ കുടുങ്ങി ജീവിതം നരകതുല്യമാക്കുകയാണ് പലപ്പോഴും. മന്ദഗതിയിലുള്ള നമ്മുടെ വികസനപാതയില്‍ Career guidance പോലുള്ള സേവനങ്ങള്‍ പൊതുസംവിധാനങ്ങളുടെ ഭാഗമാകുന്നതിന് ഇനിയും ഒരു ദശാബ്ദമെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം. എങ്കിലും വിഷയത്തിന്‍റെ ശാസ്ത്രീയതയേക്കുറിച്ചും അനിവാര്യതയേക്കുറിച്ചും തിരിച്ചറിവുള്ളവര്‍ കുറച്ചൊന്നദ്ധ്വാനിച്ചാല്‍ പിന്‍‌തലമുറക്കായി പലതും ചെയ്യാനാകും. എന്‍‌ട്രന്‍സ് കോച്ചിങ്ങിനായി ചെലവാക്കുന്ന തുകയുടെ ഒരു ചെറിയ ഭാഗം ഇത്തരം സേവനങ്ങള്‍ക്കായി ചിലവാക്കുന്നതും നഷ്ടമാകാനിടയില്ല. ഈ വിഷയത്തില്‍ ആധികാരികമായ മാര്‍ഗ്ഗനിര്‍‌ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രാപ്തരായവര്‍ നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകണം. ഇന്‍റര്‍‌നെറ്റില്‍ത്തന്നെ ഈ സേവനമേഖലയേക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. താരത്മ്യേന ലളിതമായി തോന്നിയ ചില വൊക്കേഷണല്‍ ടെസ്റ്റുകളുടെ സാമ്പിള്‍ ചോദ്യാവലി ഇവിടെ കൊടുക്കുന്നു. ഇത്തരം ടെസ്റ്റുകളുടെ കൂടെ ഘട്ടങ്ങളായുള്ള കൗണ്‍സലിങ്ങും ചേര്‍ന്നതാണ് വിശകലനരീതി. ഓര്‍മ്മിക്കുക ലിങ്കിലുള്ളത് നമ്മുടെ സാമൂഹ്യ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഒരു സമ്പൂര്‍ണ്ണ പരിശോധനാ സഹായി അല്ല. ലളിതമായ ഒരുദാഹരണം മാത്രം.
Test A
Test B
Scoring
Mini Job Chart
പറഞ്ഞുവന്നത് ഇങ്ങനെ ചുരുക്കാം മിഥ്യാഭിമാനത്തിന്‍റെ സായൂജ്യം തേടി ലക്ഷങ്ങള്‍ കോഴകൊടുത്ത് മക്കള്‍‌ക്കായി പട്ടങ്ങള്‍ ലേലത്തില്‍ പിടിക്കുന്ന മാതാപിതാക്കള്‍ ഒരു കാര്യം ഓര്‍മ്മിക്കേണ്ടതുണ്ട് പിന്നീടൊരു മൂന്നോ നാലോ ദശാബ്ദക്കാലം ആ ചെറുപ്പക്കാരെ കൊല്ലാതെ കൊല്ലുന്ന പീഡനയന്ത്രങ്ങളാകരുത് നിങ്ങള്‍ വില കൊടുത്ത് വാങ്ങുന്ന മുള്‍ക്കിരീടങ്ങള്‍. ഇനിയും തെളിച്ച് പറഞ്ഞാല്‍ ജോലിയൊരു പണിയാകരുത് എന്ന്.
Career Guidanceന്‍റെ ചിരിത്രത്തേക്കുറിച്ചും Frank Parsonsന്‍റെ സം‌ഭാവനകളേക്കുറിച്ചുമുള്ള ഒരു ചെറുലേഖനം ഇവിടെ കാണാം

Tuesday 5 January 2010

മലയാള മര്യാദകള്‍

കേരളത്തിന്‍റെ സമ്പന്നമായ പൈതൃകത്തിന്‍റെയും തനതായ സം‌സ്ക്കാരത്തിന്‍റെയും ബ്രാന്‍ഡ് അമ്പാസഡര്‍‌മാര്‍ ആകേണ്ടവരാണ് നമ്മുടെ ഇളമുറക്കാര്‍. പക്ഷെ നിര്‍ഭാഗ്യവശാല്‍ തൊഴില്‍‌പരമായ സാഹചര്യങ്ങള്‍ ചെറുപ്രായത്തിലേ അവരെ പ്രവാസികളാക്കുന്നതുകൊണ്ട് കേരളീയസമൂഹവുമായി അടുത്തിടപഴകി നമ്മുടെ പൊതുശീലങ്ങള്‍ സ്വായത്തമാക്കാനുള്ള അവസരം അവര്‍ക്ക് നഷ്ടമാകുന്നുണ്ട്. കുളിക്കുന്നത് ആര്‍ഭാടമായും ചന്തി കഴുകുന്നത് അഹങ്കാരമായും ഗണിക്കപ്പെടുന്ന സായ്‌പ്പിന്‍റെ നാട്ടില്‍ എത്തിപ്പെടുന്ന നമ്മുടെ ചെറുപ്പക്കാരുടെ ആഭിമുഖ്യം ആ ദേശത്തെ ശീലങ്ങളോടാവുക സ്വാഭാവികം. വഴി മാറി സഞ്ചരിക്കുന്ന ഇത്തരക്കാര്‍ക്കായി മലയാളികളുടെ വ്യക്തിശുചിത്വത്തിന്‍റെ കാര്‍ക്കശ്യവും പൊതു ഇടങ്ങളിലെ തനതായ പെരുമാറ്റ മര്യാദകളും പരിചയപ്പെടുത്തിക്കൊടുക്കാനുള്ള എളിയ ശ്രമമാണ് ഈ കുറിപ്പ്.

നിയമം ഒന്ന്- അപാരമായ ഏകാഗ്രത ഇവിടെ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ചെയ്യുന്ന പ്രവൃത്തി നാലാള് കൂടുന്നിടത്താകുമ്പോള്‍‍ അത് വൃത്തിയായിത്തന്നെ നിര്‍‌വ്വഹിക്കണം. മൈതാനത്ത് മോതിരം തിരയുന്നവന്‍റെ ശ്രദ്ധയും പൊന്നുരുക്കുന്ന തട്ടാന്‍റെ സൂക്ഷ്മതയുമാണ് ആവശ്യം. പൊതുസ്ഥലത്ത് മൂക്കില്‍ വിരലിടുന്നതിനേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അതീവഗൗരവഭാവം മൂക്കില്‍ ഖനനം നടക്കുന്ന വേളയിലുടനീളം മുഖത്ത് നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തം കാല്‍‌പ്പാദത്തിലേക്ക് നൊക്കിക്കൊണ്ട് കണ്ണുകള്‍ പാതിയടഞ്ഞ ഒരു ഫീലിങ്സ് വരുത്തുകയാവും ഉത്തമം. മറ്റ് പല ഖനനപ്രവര്‍ത്തനങ്ങളിലും എന്നപോലെ നടുവിരലാണ് മൂക്കിലെ പര്യവേഷണത്തിനും യോജിക്കുക. കാലിയായ വിക്സ് കുപ്പിയില്‍‌നിന്നും അവശേഷിക്കുന്ന നനവ് തുടച്ചെടുക്കാന്‍ വിരല്‍ ചുഴറ്റുന്ന മട്ടില്‍‌വേണം പ്രയോഗം. കൈയ്യില്‍ തടയുന്ന ഉല്പന്നങ്ങളെ ‍താഴെയിടാതെ ശ്രദ്ധാപൂര്‍‌വ്വം ഒന്നൊന്നായി വിരലുകള്‍ക്കൊണ്ട് തിരുമ്മിയുരുട്ടി പൂര്‍ണ്ണ ഗോളാകൃതി കൈവരുത്തണം. എന്നിട്ട് ശാന്തിക്കാരന്‍ പൂജാപുഷ്പ്പങ്ങള്‍ അര്‍പ്പിക്കുന്ന മട്ടില്‍ കൈപ്പത്തി മലര്‍ത്തിപ്പിടിച്ച് വേണം അവയെ ഞൊട്ടിക്കളയേണ്ടത്. ഇത്രയും ചെയ്തുകഴിഞ്ഞാല്‍ ചുറ്റുമൊന്ന് കണ്ണോടിച്ച് പ്രേക്ഷകരുടെ അനുമോദന പാര്‍‌വ്വൈകള്‍ ഏറ്റുവാങ്ങാവുന്നതാണ്.

നിയമം രണ്ട്- അല്പ്പം‌കൂടി ലാഘവത്തോടെ നിര്‍‌വ്വഹിക്കാവുന്ന കര്‍മ്മമാണ് പല്ലിടകുത്തല്‍. ഈ പ്രക്രീയ നടന്നുകൊണ്ടിരിക്കുമ്പോള്‍ തലയുയര്‍ത്തി ചുറ്റുപാടും വീക്ഷിക്കുകയും ജന്തുജാലങ്ങളാല്‍ സമ്പന്നമായതും പൊതു കം‌ഫര്‍ട്ട് സ്റ്റേഷനിലെ ക്ലോസറ്റിന്‍റെ നിറമുള്ള പല്ലുകള്‍ എറിഞ്ഞ് പിടിപ്പിച്ചമട്ടില്‍ വിന്യസിക്കപ്പെട്ടതുമായ വദനത്തിന്‍റെ സൗകുമാര്യം മാലോകര്‍ക്കായി തുറന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്യാവുന്നതാണ്. കുത്തല്‍ നടന്നുകൊണ്ടിരിക്കെത്തന്നെ വായിലെ മിനി വാക്വം ക്ലീനര്‍ നിര്‍ത്താതെ പ്രവര്‍ത്തിപ്പിച്ച് തട്ടിന്‍‌പുറത്ത് എലികള്‍ കുടും‌ബയോഗം ചേരുന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കണം കുത്തിയെടുക്കുന്ന വിഭവങ്ങള്‍ അഭിരുചിക്കനുസരിച്ച് വെജ് നോണ്‍‌വെജ് തരം‌തിരിച്ച് തുപ്പിക്കളയുകയോ നാക്കിലേക്ക് ആവാഹിച്ച് രുചിച്ച ശേഷം വിഴുങ്ങുകയോ ചെയ്യാം. തുപ്പിക്കളയുകയാണെങ്കില്‍ പരമാവധി ശബ്ദഘോഷങ്ങള്‍ സൃഷ്ടിക്കുകയും ഇതൊക്കെ നമുക്ക് എത്ര നിസ്സാരം എന്നൊരു ഭാവം മുഖത്ത് വരുത്തുകയും ചെയ്യുന്നത് ജനത്തിന്‍റെ ആരാധന വര്‍ദ്ധിക്കാന്‍ സഹായകമാകും

നിയമം മൂന്ന്- ജിം‌നാസ്റ്റിക്സിന്‍റെ ലാസ്യഭം‌ഗി ഇഴുക്കിച്ചേര്‍ക്കാവുന്ന കലയാണ് മൂക്ക് ചീറ്റല്‍. വ്യക്തിശുചിത്വത്തിലുള്ള നമ്മുടെ അതീവജാഗ്രത പ്രകടമാക്കാനായി മൂക്ക് എന്ന നികൃഷ്ടദ്വാരത്തെ ശരീരത്തിന്‍റെ മറ്റ് പാവനഭാഗങ്ങളില്‍‌നിന്നും പരമാവധി അകലേക്ക് മാറ്റേണ്ടതുണ്ട്. അതിനായി അരക്ക് മുകളിലേക്കുള്ള ശരീരഭാഗം തറക്ക് സമാന്തരമായി കൊണ്ടുവരണം. ഒരു കാല് കൂടി പിന്നോട്ടുയര്‍ത്തി ബാലന്‍സ് ചെയ്ത് നില്‍ക്കുന്നത് പ്രേക്ഷകരുടെ മതിപ്പേറ്റാന്‍ സഹായിക്കും. പ്രഷര്‍ കുക്കറിന്‍റെ സേഫ്റ്റി‌വാല്‍‌വ് അടിച്ചുപോയ ശബ്ദത്തിലുള്ള ചീറ്റലില്‍ ഞെട്ടിത്തിരിയുന്ന മാളോര്‍ക്ക് ഒരറ്റം മൂക്കിലും ഒരറ്റം തറയിലുമായി സ്റ്റേ വയര്‍ അടിച്ചിരിക്കുന്ന മട്ടില്‍ തൂങ്ങിക്കിടക്കുന്ന കൊഴുത്ത തീര്‍ത്ഥം കണ്ട് സായൂജ്യമടയാനുള്ള ഭാഗ്യമുണ്ടാകണം.

നിയമം നാല്- ചൊള ചെലവാക്കി വാങ്ങുന്ന പെയ്സ്റ്റുപയോഗിച്ച് ഡെയ്‌ലി പല്ല് തേക്കുന്ന ശീലമുള്ളത് നാലുപേര്‍ അറിഞ്ഞില്ലെങ്കില്‍ കോള്‍ഗേറ്റും കുമ്മായവും തമ്മിലെന്ത് വ്യത്യാസം? വീട്ടില്‍ വാഷ്‌ബേസിനുണ്ടെങ്കിലും പല്ലുതേപ്പ് പറമ്പില്‍ തന്നെ വേണം. ഗൃഹനാഥന്‍റെ കലാചാതുരി വിളിച്ചോതിക്കൊണ്ട് നാളെത്തെ കറിക്കുള്ള ചീരയും ഇന്നത്തെ കണിക്കുള്ള റോസാ പുഷ്പവും അടക്കമുള്ള വൈവിധ്യമാര്‍ന്ന കാന്‍‌വാസില്‍ വെളുത്ത ചായത്തിലുള്ള അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ തൊടിയെ അലങ്കരിക്കണം. അതിസാരം വന്ന കാക്ക മൂക്കിന്മേലിരുന്ന് തൂറിയ മട്ടില്‍ വായി‌ല്‍‌നിന്ന് ഒലിച്ചിറങ്ങുന്ന വെളുത്ത് കൊഴുത്ത ദ്രാവകവുമൊലിപ്പിച്ച് കൈയ്യില്‍ ബ്രഷുമേന്തിയുള്ള പരാക്രമം അങ്കക്കലി പൂണ്ട ചേകവരെ അനുസ്മരിപ്പിക്കണം. മള്‍ട്ടി ടാസ്കിങ്ങും പബ്ലിക്ക് റിലേഷന്‍‌സും ഇമ്പ്രൂവ് ചെയ്യാനായി ഈ സമയം വഴിയേ പോകുന്ന പരിചയക്കാരെ തടഞ്ഞ് നിര്‍ത്തി മുനിസിപ്പാലിറ്റിയുടെ ശുചിത്വമില്ലായ്മയേക്കുറിച്ചും ആരോഗ്യവകുപ്പിന്‍റെ പിടിപ്പുകേടിനേക്കുറിച്ചും ഘോരഘോരം പ്രസം‌ഗിക്കാവുന്നതാണ്.

നിയമം അഞ്ച്- പ്രവാചകര്‍ പൊതുവേ ലജ്ജാശീലരായതുകൊണ്ട് മാത്രം സ്വര്‍‌ഗ്ഗീയ സുഖങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ഒന്നാണ് പൃഷ്ടം ചൊറിയല്‍. അതിന്‍റെ സുഖം ആസ്വദിച്ചറിഞ്ഞവര്‍ കൃമിമരുന്നുകള്‍ നിര്‍ത്തലാക്കാന്‍ ഹര്‍ത്താലാചരിക്കും. ഏത് സമയത്തും ഏത് വേദിയിലും ഈ സ്വര്‍ഗ്ഗീയസുഖം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമാണ് 1947ല്‍ നമ്മള്‍ നേടിയെടുത്തത്. ഏത് കൈ കൊണ്ടാണോ ചൊറിയന്നത് അതിന് വിപരീത വശത്തുള്ള കാലിന്‍റെ ഉപ്പൂറ്റി തെല്ലൊന്നുയര്‍ത്തി ചെറുതായൊരു ലിഫ്റ്റ് കൊടുക്കുന്നത് നന്നായിരിക്കും. ചൊറിച്ചില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുമ്പോഴേക്കും പിടികൂടാനിടയുള്ള മയക്കം മുന്നില്‍‌ക്കണ്ട് ഒഴിവുള്ള കൈകൊണ്ട് ഇലക്ട്രിക്ക് പോസ്റ്റിലോ ബസ് ഷെല്‍ട്ടറിന്‍റെ തൂണിലോ സപ്പോര്‍ട്ട് കൊടുക്കാന്‍ ശ്രദ്ധിക്കണം. വേട്ടയാടിപ്പിടിച്ച പോത്തിന്‍റെ തല സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്നതുപോലെ, പൂര്‍ത്തിയാക്കിയ ധീരകൃത്യത്തിന്‍റെ വിളമ്പരമായി ഉടുവസ്ത്രം പൃഷ്ടത്തിന്‍റെ വിടവില്‍‌ത്തന്നെ നിലനിര്‍ത്തുന്നത് ജനത്തിന്‍റെ ബഹുമാനം ആര്‍ജ്ജിക്കാന്‍ ഉപകരിക്കും.

വിസ്താരഭയത്താല്‍ തല്‍ക്കാലം ചുരുക്കുന്നു. പ്രധാനപ്പെട്ട പോയിന്‍റുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ മറ്റ് പൈതൃകസംരക്ഷകര്‍ ഇടപെട്ട് പൂര്‍ത്തിയാക്കണമെന്ന് അപേക്ഷ. ദൈവത്തിന്‍റെ സ്വന്തം നാട് ടൂറിസം വ്യവസായത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇത്തരം പെരുമാട്ടച്ചട്ടങ്ങള്‍ക്ക് വന്‍ പ്രസക്തിയുണ്ട്.