Tuesday 1 December 2009

ഉദ്ധരിക്കല്ലേ സാഹിബേ പ്ലീസ്

അറിഞ്ഞില്ലേ? നമ്മടെ കുഞ്ഞാലിക്കുട്ടി സാഹിബ് ഞങ്ങള് ഗള്‍ഫുകാരെ ഉദ്ധരിക്കമ്പോണൂന്ന്. സര്‍ക്കാരും മുഖ്യമന്ത്രിയും ടീക്കോമിനേക്കുറിച്ച് നടത്തുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ഗള്‍ഫിലെ മലയാളികളുടെ കാര്യം പുകയാവുമെന്നാണ് സാഹിബിന്‍റെ ഭീഷണി. നിങ്ങളാരെയാ സാഹിബേ ഭീഷണിപ്പെടുത്തുന്നത്? സ്വന്തം രാജ്യത്തെയോ? അതിനാരാ നിങ്ങള്‍ക്ക് കൊട്ടേഷന്‍ തന്നത്? സ്മാര്‍ട്ട് സിറ്റിയില്‍നിന്നും ഞൊട്ടിനുണയാന്‍ ഒന്നും കിട്ടാത്തിന്‍റെ കലിപ്പാണോ സാഹിബുമാരും ഉമ്മന്‍‌മാരും കരഞ്ഞ് തീര്‍ക്കുന്നത്?

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍‌നിന്ന് വ്യത്യസ്തമായി ദുബായ് എന്ന വന്‍‌നഗരം വളര്‍ന്നു വന്നത് എണ്ണപ്പണത്തിന്‍റെ പിന്തുണയില്ലാതെയാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള കൃത്യമായ പ്ലാനിങ്ങിന്‍റെ തിളക്കമാര്‍ന്ന വിജയമാണ് നാമിന്നു കാണുന്ന ദുബായ്. കഴിഞ്ഞ നാല് ദശാബ്ദക്കാലത്തെ ദുബായിയുടെ ചരിത്രമറിയുന്ന പഴമക്കാര്‍ക്കറിയാം വളര്‍ച്ചയുടെ അനേക ഘട്ടങ്ങളില്‍ ഈ നഗരം പൊരുതി ജയിച്ച പ്രതിസന്ധികളുടെ പെരുപ്പം. വാണം പോലെ മുകളിലേക്ക് കുതിച്ച ഗ്രാഫില്‍ താത്ക്കാലികമായ ഒരു തിരിച്ചിറക്കമായേ ഇപ്പോഴത്തെ മാന്ദ്യവും കാണേണ്ടതുള്ളൂ. മറ്റേതൊരു ലോകരാജ്യത്തെയും‌പോലെ ആഗോളസാമ്പത്തിക പ്രതിസന്ധി ദുബായിലും ചലനങ്ങളുണ്ടാക്കിയതായി ഇവിടുത്തെ ഗവര്‍ണ്മെന്‍റും സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഈ പ്രതിസന്ധിയൊക്കെ തരണം ചെയ്യാന്‍ ശേഷിയുള്ള ആങ്കുട്ടികള്‍ ഇവിടെയുണ്ട്. കേരളത്തില്‍‌നിന്നും ഡ്യൂപ്ലിക്കേറ്റ് അറബികളെ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്ന് ചുരുക്കം.

ഇനി ടീക്കോമിനെയും സ്മാര്‍ട്ട് സിറ്റിയേയും കുറിച്ച്. ടീക്കോം ഒരു കച്ചവട സ്ഥാപനമാണ്. സ്വാഭാവികമായും ലാഭമാണ് അവരുടെ ആത്യന്തികമായ ലക്ഷ്യം. മറ്റേതൊരു ക്ലയന്‍റിനോട് എന്നതുപോലെ കേരള സര്‍ക്കാരിനോട് ഇടപെടുമ്പോഴും കൂടുതല്‍ ലാഭം എന്ന ലക്ഷ്യം മുന്നില്‍‌ക്കണ്ടുള്ള വിലപേശലുകളാവും അവര്‍ നടത്തുക. പക്ഷെ സം‌സ്ഥാനത്തിന്‍റെ താത്പര്യം മുന്നില്‍‌ക്കണ്ട് സമ്മര്‍ദ്ദങ്ങളെ സാധ്യമായ എല്ലാ മറുതന്ത്രങ്ങളും ഉപയോഗിച്ച് ഫലപ്രദമായി പ്രതിരോധിക്കുക എന്നത് സര്‍ക്കാരിന്‍റെ ബാദ്ധ്യതയും അവകാശവുമാണ്. അത് മനസ്സിലാക്കാനുള്ള കിഡ്നി ടീക്കോമിന്‍റെ തലപ്പത്തുള്ളവര്‍ക്കും ഉണ്ടാകും എന്നുള്ളതുകൊണ്ട് സര്‍ക്കാരിന്‍റെ നട്ടെല്ല് നിവര്‍ത്തിയുള്ള നിലപാടിനോട് അവര്‍ക്ക് ബഹുമാനമാകും തോന്നിയിട്ടുണ്ടാകുക. അല്ലാതെ കേവലം ഒരു കച്ചവട കരാറിന്‍റെ പേരില്‍ ഗള്‍ഫിലുള്ള മലയാളികളെ എല്ലാവരെയും ബഞ്ചില്‍ കയറ്റിനിര്‍ത്തി ഇമ്പോസിഷന്‍ എഴുതിച്ചുകളയും എന്ന മട്ടിലുള്ള സാഹിബിന്‍റെ വിരട്ട് രാജാവിനില്ലാത്ത രാജ്യഭക്തിയായി കാണേണ്ടി വരും. അത്ര ബാലിശമായി പ്രതികരിക്കുന്നവരാണ് ഇവിടുത്തെ ഭരണാധികാരികള്‍ എന്ന് പറഞ്ഞുവെച്ച് സാഹിബാണ് യഥാര്ത്ഥത്തില്‍ ഈ രാജ്യത്തെ അവഹേളിക്കുന്നത്. അതുകൊണ്ട് ഗള്‍ഫ് മലയാളികളെ ചൊല്ലിയുള്ള ഈ മുതലക്കണ്ണീര്‍ നിര്‍ത്തി രാജ്യതാത്പര്യത്തിന് പിന്തുണ കൊടുക്കുകയാണ് സാഹിബ് ചെയ്യേണ്ടത്.

കവലക്ക് ചായ കുടിക്കാന്‍ ഇറങ്ങുന്ന ലാഘവത്തോടെ മാസത്തിലൊന്ന് എന്ന കണക്കില്‍ സാഹിബുമാര്‍ ഗള്‍ഫിലെത്തുന്നത് മച്ചാന്‍റെയും മച്ചമ്പിയുടെയും പേരില്‍ ഇവിടെ തുടങ്ങിയിട്ടുള്ള കച്ചവട സെറ്റപ്പുകള്‍ ഉദ്ധരിക്കാന്‍ വേണ്ടിയാണെന്നാണ് ഇവിടങ്ങളിലെ ലുങ്കി ന്യൂസ്. അതുകൊണ്ടും മതിയായില്ലെങ്കില്‍ അടിമത്ത ബോധത്തെ ചില്ലിട്ട് പൂജിക്കുന്ന കര്‍ക്കിടകത്തിലെ അമാവാസിക്ക് തുല്യമായ സ്വന്തം ചിന്താമണ്ഡലത്തെ ചെറുതായെങ്കിലുമൊന്ന് ഉദ്ധരിക്കാന്‍ ശ്രമിച്ച് നോക്കുകയാണ് ചെയ്യേണ്ടത് സാഹിബും ഉമ്മന്‍ ചാണ്ടിയുമൊക്കെ. പ്രതീക്ഷക്ക് വകയില്ല എങ്കിലും..

24 comments:

ബിനോയ്//HariNav 1 December 2009 at 13:54  

പ്രതീക്ഷക്ക് വകയില്ല എങ്കിലും..

അങ്കിള്‍ 1 December 2009 at 14:09  

“സര്‍ക്കാരിന്‍റെ നട്ടെല്ല് നിവര്‍ത്തിയുള്ള നിലപാടിനോട് അവര്‍ക്ക് ബഹുമാനമാകും തോന്നിയിട്ടുണ്ടാകുക.“

മാസങ്ങൾക്ക് മുമ്പ് മുഖ്യന്റെ സാന്നിധ്യത്തിൽ സംസ്ഥന സെക്രട്ടറി ഒപ്പിട്ട് കൊടുത്ത ധാരണാ പത്രത്തിൽ 12% ഫ്രീഹോൾഡ് കൊടുക്കാമെന്നേൾക്കുകയും ഇപ്പോൾ വില്പനാവകാശമുള്ള ഒരിഞ്ച് ഭൂമിപോലും കൊടുക്കില്ലെന്നും പറയുന്നതാണോ ബിനോയ് നട്ടെല്ല് നിവര്‍ത്തിയുള്ള നിലപാട്

Joker 1 December 2009 at 14:15  

സ്മാര്‍ട്ട്സിറ്റി അധികൃതര്‍ ആവശ്യപ്പെടുന്നത് സെസിന് പുറത്തുള്ള ഭൂമി: മുന്‍ ഐ.ടി ഉപദേഷ്ടാവ്

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി അധികൃതര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് പ്രത്യേക സാമ്പത്തിക മേഖലക്ക് പുറത്തുള്ള ഭൂമിയാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഉപദേഷ്ടാവും സംസ്ഥാന സര്‍ക്കാറും സ്മാര്‍ട്ട് സിറ്റിയുമായുള്ള കരാറിന്റെ ആസൂത്രകരില്‍ പ്രധാനിയുമായ ജോസഫ് മാത്യു പറഞ്ഞു. കരാര്‍ വ്യവസ്ഥ അനുസരിച്ച് 246 ഏക്കര്‍ ഉള്‍പ്പെടുന്ന പദ്ധതി പ്രദേശം മുഴുവന്‍ പ്രത്യേക സാമ്പത്തിക മേഖല (സെസ്) യാണ്. ഈ 246 ഏക്കറില്‍ 88 ശതമാനം ഭൂമി പാട്ടത്തിനും 12 ശതമാനം ഭൂമി ടീകോമിന് ഉടമസ്ഥാവകാശത്തിനുമാണ് നല്‍കുന്നത്. ഇപ്പോള്‍ സെസിന് പുറത്തെ ഭൂമി ആവശ്യപ്പെടുന്നത് കരാറിലെ വ്യവസ്ഥകളില്‍ നിന്നുള്ള പിന്നാക്കം പോകലാണെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. പദ്ധതി പ്രദേശത്തെ സെസായി കണക്കാക്കണമെന്നത് ടീകോമിന്റെ ആവശ്യമായിരുന്നു. എന്നാലിപ്പോള്‍ സെസിന് പുറത്ത് ഭൂമി വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കരാര്‍ പ്രകാരം നൂറു ശതമാനം ഭൂമിയും സെസിനുള്ളിലാണ്. ഭൂമിയുടെ സ്വതന്ത്ര വിനിമയ അവകാശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് തര്‍ക്കമില്ല.

contd..

Joker 1 December 2009 at 14:17  

Contd...
സെസിന് പുറത്ത് ഭൂമി വേണമെന്ന് ചര്‍ച്ചകളില്‍ ടീകോം ആവശ്യപ്പെട്ടിരുന്നു. സെസിന് പുറത്ത് വരുന്ന ഭൂമി കൈമാറാമെന്നും പക്ഷേ ഭൂമി കൈമാറ്റം ചെയ്യില്ലെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. സെസിന് പുറത്ത് ഭൂമി വേണമെന്ന ടീകോമിന്റെ പിടിവാശിയോടുള്ള സര്‍ക്കാറിന്റെ സ്വാഭാവിക പ്രതികരണമാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അനുവദിക്കല്‍ അടക്കം നടപടികള്‍ സര്‍ക്കാറാണ് പൂര്‍ത്തീകരിക്കേണ്ടതെന്ന സ്മാര്‍ട്ട്സിറ്റി സി.ഇ.ഒ ഫരീദ് അബ്ദുറഹ്മാന്റെ വാദം ശരിയല്ലെന്നും ജോസഫ് മാത്യു ചൂണ്ടിക്കാട്ടി.കരാറിലെ 5.8 വ്യവസ്ഥ പ്രകാരം സ്റ്റാറ്റ്യൂട്ടറി അതോറിട്ടി സ്റ്റാമ്പ് ഡ്യൂട്ടി വേണമെന്ന് പറഞ്ഞാല്‍ കമ്പനി സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് രജിസ്റ്റര്‍ ചെയ്യണമെന്നാണ്. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് വേണമെങ്കില്‍ അത് പിന്നീട് അപേക്ഷിക്കാവുന്നതാണ്. സ്റ്റാമ്പ് ഡ്യൂട്ടി തര്‍ക്കം ഉന്നയിച്ച് ഭൂമി രജിസ്ട്രേഷന്‍ വൈകിപ്പിക്കരുതെന്നും കരാറില്‍ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

madhyamam

Joker 1 December 2009 at 14:19  

റിയല്‍ എസ്റ്റേഎറ്റ് കച്ചവടത്തിന്‍ ഭൂമി കൊടുക്കണം എന്നാണോ അങ്കിള്‍ പറയുന്നത്.

ശ്രീ.ബിനോയ്

കുഞ്ഞാലി കുട്ടി സാഹിബിനും , എം.എം.ഹസന്‍ സായിബിനും ഒക്കെയുള്ള രാഷ്ട്രീയം ബിസിനസ് കഴിഞേ ഉള്ളൂ. ലീഗ് ആന്റ് കോണ്‍ഗ്രസ്സ് പ്രവറ്റ് ലിമിറ്റഡ് ആണ് സംഭവം.

പയ്യന്‍ / Payyan 1 December 2009 at 14:38  

ലത് കലക്കി ബിനോയ്‌ സാറേ...

കരംചന്ദ്‌ 1 December 2009 at 14:53  

GOOD..

ബിനോയ്//HariNav 1 December 2009 at 15:24  

അങ്കിള്‍, ലിങ്കിന് നന്ദി. താങ്കളുടെ കമന്‍റിനുള്ള മറുപടി ജോക്കര്‍ പറഞ്ഞുകഴിഞ്ഞു. അവകാശവാദങ്ങളുടെ നിജസ്ഥിതിയേക്കുറിച്ച് അവസാനവാക്ക് പറയാന്‍ ഞാനാളല്ല. കരാറിന് പുറത്തുള്ള ആവശ്യമാണ് ടീക്കോം ഉന്നയിക്കുന്നത് എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആരോപിക്കുമ്പോഴും തൃപ്തികരമായ ഒരു മറുപടി ടീക്കോമിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിക്കണ്ടില്ല. നമ്മുടെ തന്നെ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാരിന്‍റെ നിലപാടാണ് വിശ്വസനീയമായി തോന്നിയത്. അതെന്തുമാകട്ടെ, സ്മാര്‍ട്ട് സിറ്റി കരാറിന്‍റെ merits and demerits നമ്മള്‍ വേണ്ടുവോളം ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്‍റെ പോസ്റ്റിന്‍റെ വിഷയം അതല്ല. കേരള സര്‍‌ക്കാരും ടീക്കോമുമായുള്ള കച്ചവടത്തിന് ഗള്‍ഫ് മലയാളിയുടെ സുരക്ഷിതത്വവുമായി എന്തു ബന്ധം! ഞങ്ങളെന്താ ചൂതുകളിയുടെ പണയപ്പണ്ടങ്ങളോ? കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന താങ്കള്‍ ടെലിവിഷനില്‍ കണ്ടിരുന്നോ എന്നറിയില്ല. ആത്മാഭിമാനമുള്ള ഒരുവനും അം‌ഗീകരിക്കാന്‍ പറ്റാത്ത ഭാഷയിലും ശൈലിയിലുമായിരുന്നു കക്ഷിയുടെ പ്രകടനം. കെല്‍‌ട്രോണും തമിഴ്‌നാട് സര്‍ക്കാരുമായുള്ള് കച്ചവടക്കരാറില്‍ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടായാല്‍ കേരളത്തില്‍ കാന മാന്തുന്ന തമിഴമ്മാരെയെല്ലാം മലയാളികള്‍ ശരിപ്പെടുത്തിക്കളയും എന്ന് പറയുന്നത്ര ബാലിശമല്ലേ സാഹിബിന്‍റെ വാദം?

ജോക്കര്‍, പയ്യന്‍, കരം‌ചന്ദ് നന്ദി :)

Unknown 1 December 2009 at 15:25  

അധരവ്യായാമവും ലൈംഗികവ്യായാമവുമല്ലാതെ മറ്റു് 'വ്യായാമങ്ങൾ' ഒന്നും ശീലിച്ചിട്ടില്ലാത്ത കുറേ നേതാക്കൾ. അവരെസംബന്ധിച്ചു് പദ്ധതികളല്ല, അവനവന്റെ പക്ഷമാണു് വിജയിക്കേണ്ടതു്. എന്തു് ചവറു് വിളിച്ചുപറഞ്ഞാലും "ലച്ചം ലച്ചം പിന്നാലെ" എന്നാർത്തുവിളിച്ചു് പുറകെ നടക്കാൻ ആരവവ്യായാമവും ലൈംഗികവ്യായാമവുമല്ലാതെ മറ്റൊന്നും ശീലിച്ചിട്ടില്ലാത്ത 'പ്രബുദ്ധ'കേരളവും! തള്ളെടാ തള്ളു്! തള്ളോ തള്ളു്!

ഒറ്റവാക്കിൽ പറഞ്ഞാൽ 'തൈരുവട' (തുളയുള്ള ഇനം)!

ബിനോയ്//HariNav 1 December 2009 at 15:30  

Any problem with Chintha? I cannot list there.

രഞ്ജിത് വിശ്വം I ranji 1 December 2009 at 15:48  

അല്ല ഇവരെ കേരളത്തിലേക്ക് കൊണ്ടു വരുന്നത് ഭൂമി മറിച്ചു വിറ്റ് കേരളത്തെ പുഷ്ടിപ്പെടുത്താനൊന്നുമല്ലല്ലോ. ഐ ടി വ്യവസായത്തിനല്ലേ. അതിനാവശ്യമായ സ്ഥലം വേണ്ട വ്യവസ്ഥകളോടെ നല്കിയിട്ടും ഉണ്ട്.ഇപ്പോള്‍ വില്ക്കാന്‍ സ്ഥലം വേണേ എന്നു പറഞ്ഞു കരയുന്നത് കാണുമ്പോഴാണ് യഥാര്‍ത്ഥത്തൊല്‍ എന്താണിവരുടെ പരിപാടി എന്നു വീണ്ടും സംശയം തോന്നുന്നത്.

പിന്നെ ഉമ്മന്‍ ചാണ്ടിയും, കുഞ്ഞാലിക്കുട്ടിയുമൊക്കെ ആദര്‍ശധീരരും അഴിമതി രഹിതരുമായ മാത്രുകാ ഭരണ കര്ത്താക്കളല്ലേ. പൊതു പ്രവര്ത്തനം കൊണ്ട് അവരൊക്കെ എന്തു നേടി എന്നന്വേഷിക്കന്‍ ഈ നാട്ടില്‍ ആര്‍ക്കും സമയവുമില്ല സൌകര്യവുമില്ല. കച്ചവടം , താല്പര്യം, ബിനാമി , അഴിമതി തുടങ്ങിയ പദങ്ങളൊന്നും അവര്‍ കേട്ടിട്ടു കൂടി ഉണ്ടാകില്ല. പാവങ്ങള്‍ അവര്‍ ഗള്ഫ് മലയാളികളെ വന്‍ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ ആത്മാര്ത്ഥമായി പറഞ്ഞതല്ലേ ബിനോയീ. ഒരു കച്ചവട താല്പര്യോം കാണില്ല ഇന്‍ഡ്യാവിഷനാണേ, ഏഷ്യാനെറ്റാണേ മനോരമയാണേ സത്യം.

ഭൂതത്താന്‍ 2 December 2009 at 09:57  

പ്രസക്തമായ പോസ്റ്റ് ....


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

മണിഷാരത്ത്‌ 2 December 2009 at 11:22  

എനിക്ക്‌ തോന്നിയത്‌ മറ്റൊരു വഴിക്കാണ്‌.സ്മാര്‍ട്ട്‌ സിറ്റി എന്നത്‌ അത്ര വലിയൊരു ബൃഹത്‌ പദ്ധതിയാണോ?12000 -15000 കോടിയുടെ പദ്ധതികളാണ്‌ തമിഴ്‌നാട്ടില്‍ വരുന്നത്‌.ഇപ്പോള്‍ മുത്തൂറ്റും സ്മാര്‍ട്ട്‌ സിറ്റിക്ക്‌ തയ്യാറണെന്ന് പറയുന്നു.ടീക്കോമിനെ ഒഴിവാക്കുന്നത്‌ കൊണ്ട്‌ എന്തെങ്കിലും നഷ്ടമുണ്ടോ

ജിവി/JiVi 2 December 2009 at 11:47  

സ്മാര്‍ട്ട് സിറ്റി കരാറിന്റെ വിശദാംശങ്ങളെക്കാളുപരി കുഞ്ഞാലിക്കുട്ടി-ഉമ്മന്‍ മാരുടെ നൊടിച്ചിലിനോടാണ് ബിനോയുടെ പ്രതിഷേധം എന്ന് ഓര്‍മ്മപ്പെടുത്തുന്നു അങ്കിളിനോടും ജോക്കറിനോടും ഇനി ഈ രീതിയില്‍ ഇടപെടാന്‍ താല്പര്യപ്പെടുന്ന ഏവരോടും. അത് വേറെ ചര്‍ച്ചചെയ്യാവുന്ന വിഷയമാണ്.

ഇത് മറ്റൊരു കാര്യമാണ്. കേരളത്തില്‍നിന്ന് ആരെങ്കിലും ഗള്‍ഫിനെ ഏതെങ്കിലും രീതിയില്‍ വിമര്‍ശിക്കുന്ന ഒരു പ്രസ്താവന്‍ നടത്തുമ്പോഴേക്കും കുഞ്ഞാലികള്‍ വന്നുകൊള്ളും ഇത്തരം വാചാടോപവുമായി. ഗള്‍ഫ് മലയാളികള്‍ കഷ്ടത്തിലാവും പോലും.

ഇവന്റെയൊക്കെ കുറെ ബിനാമി കമ്പനികള്‍ ഈ പ്രതിസന്ധിയില്‍ ഒലിച്ചുപോയിട്ടുണ്ടെങ്കില്‍ അത് മലയാളികള്‍ക്ക് വലീയ ദോഷം ചെയ്യും. ഇനി ഭരണം കിട്ടേണ്ടതാമസം പോയതെല്ലാം തിരിച്ചുപിടിക്കാനുള്ള ആക്രാന്തപ്പരിപാടികളായിരുക്കുമല്ലോ. കേരളം ജാഗ്രതൈ!

Calvin H 2 December 2009 at 18:52  

പിന്നല്ല... കേരളസർക്കാർ ടീകോമിനോട് എന്ത് പറയുന്ന് എന്ന് നൊക്കിയല്ലേ ദൂബായിക്കാർ മലയാളികളോട് പെരുമാറാൻ പോവുന്നത്. ഒന്ന് പൊ സാഹിബ്ബേ

പ്രദീപ്‌ 3 December 2009 at 03:26  

ആശാനെ നിങ്ങള്‍ ആണ്കുട്ടിയാടോ .
നമ്മുടെ നാട് നന്നാകാന്‍ എന്ത് ചെയ്യണം എന്ന വിഷയത്തെ ആധാരമാക്കി ഒരു പോസ്റ്റ്‌ ഇട്ടു കൂടെ ??
ആശംസകള്‍

രഘുനാഥന്‍ 3 December 2009 at 10:52  

കുറച്ചുനാള്‍ വെറുതെ കുത്തിയിരുന്നു കഴിയുമ്പോള്‍ ഒന്ന് ഫ്രഷ്‌ ആകാനായി പറയുന്ന വാക്കുകളല്ലേ ബിനോയീ..ക്ഷമിച്ചു കള..

സാഹിബ്ബിനിപ്പോള്‍ പഴയത് പോലെ "ഉദ്ധരിക്കാന്‍" പറ്റില്ലെന്ന് നമുക്കൊക്കെ അറിയില്ലേ?

Baiju Elikkattoor 3 December 2009 at 11:21  

:)

Pongummoodan 3 December 2009 at 11:59  

ഈ പ്രതികരണം നന്നായി ബിനോയ്.

വാഴക്കോടന്‍ ‍// vazhakodan 3 December 2009 at 18:20  

നല്ല പ്രതികരണം ! സ്വന്തം ബിനാമി ബിസിനെസ്സ് എന്തായിപ്പോകുമോ എന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞതാകും കുഞ്ഞാലിക്ക് ഈ ആശയം :)

ഷിബിന്‍ 4 December 2009 at 20:42  

ഇന്നലെ എന്‍റെ മുതലാളി അറബി എന്നെ പിടിച്ചു നിര്‍ത്തി കുറെ വഴക്ക് പറഞ്ഞു. ടി കോമിനു ഭൂമി കൊടുതില്ലെങ്കി എന്നെയും കമ്പനിയിലെ മറ്റു 45 മലയാളികളെയും പിരിച്ചു വിടുമെന്ന് ഭീഷണി പെടുത്തി. സാഹിബ് എത്രയും പെട്ടന്ന് ഇവിടം വരെ വന്നു കാര്യം ശരിയാക്കി തരണം......


election ആകാരായില്ലേ.. ഇനി ഇങ്ങനെ പലതും കേള്‍ക്കേണ്ടി വരും..

വശംവദൻ 5 December 2009 at 13:36  

എഴുത്ത് പതിവ്പോലെ തീക്ഷ്ണം ! നന്നായി.

Unknown 7 December 2009 at 12:17  

ഈ പ്രതിസന്ധിയൊക്കെ തരണം ചെയ്യാന്‍ ശേഷിയുള്ള ആങ്കുട്ടികള്‍ ഇവിടെയുണ്ട്. കേരളത്തില്‍‌നിന്നും ഡ്യൂപ്ലിക്കേറ്റ് അറബികളെ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്ന് ചുരുക്കം.

കലക്കി ബിനോയ്‌ ..

ബിനോയ്//HariNav 10 December 2009 at 11:55  

ബാബുമാഷ്, രഞ്ജിത്ത്, ഭൂതത്താന്‍, മണിഷാരത്ത്, ജിവി, കാല്‍‌വിന്‍, പ്രദീപ്, രഘുനാഥന്‍, ബൈജു, വായനക്കും അഭിപ്രായത്തിനും നന്ദി :)

പൊങ്ങുമ്മൂടന്‍, വാഴക്കോടന്‍, കുമാരന്‍, കൊസ്രാ കൊള്ളി, വശം‌വദന്‍, തെച്ചിക്കോടന്‍, വായനക്കും അഭിപ്രായത്തിനും നന്ദി :)