Sunday 31 May 2009

മൃഗങ്ങള്‍‌ക്കുവേണ്ടി ഒരു മനുഷ്യസ്നേഹിയുടെ വിലാപം

മൃഗശാലകള്‍ എന്ന മൃഗങ്ങളുടെ തടവറകളുടെ പ്രസക്തി (അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍) നഷ്ടപ്പെട്ടിരിക്കുന്നു എന്ന എളിയ അഭിപ്രായം പങ്കുവെക്കാനാണ് ഈ കുറിപ്പ്. ഈ ഉദ്യമത്തിനു പിന്നില്‍ എന്തെങ്കിലും സ്ഥാപിത താത്പര്യമോ സുഖിപ്പിക്കല്‍(പുറം ചൊറിയല്‍) ലക്ഷ്യമോ ഇല്ലെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടേ. കാരണം ഞാനോ എന്‍റെ അടുത്ത കുടും‌ബാം‌ഗങ്ങളോ ഏതെങ്കിലും "മൃഗീയ" വിഭാഗത്തില്‍ പെടുന്നവരല്ല, എന്നു മാത്രമല്ല "പുറം ചൊറിയല്‍" എന്ന കലയില്‍ തീരെ വൈദഗ്ദ്ധ്യം ഉള്ളവരല്ല മൃഗങ്ങള്‍. എന്‍റെ ബ്ലോഗില്‍ ഇന്നെവരെ ഒരു മൃഗവും കമന്‍റിയിട്ടുമില്ല. എന്‍റെ വകയില്‍ ഒരമ്മായിയുടെ പേര്‍ മനേകാ ഗാന്ധി എന്നല്ല എന്നുകൂടി പറഞ്ഞാല്‍ ഈയുള്ളവന്‍റെ ഉദ്ദേശശുദ്ധി വായനക്കാര്‍‌ക്ക് ബോദ്ധ്യമാകും എന്നു വിശ്വസിക്കട്ടെ.


മിണ്ടാപ്രാണികളെ ജയിലിലടച്ച് പീഢിപ്പിക്കുന്ന, മൃഗശാലകള്‍ എന്ന സം‌വിധാനത്തിന്‍ അനേക നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. BC 2500 ല്‍ വരെ മൃഗശാലകള്‍ നിലനിന്നിരുന്നതായി തെളിവുകളുണ്ടെന്ന് വിക്കിയുടെ സാക്ഷ്യം. പുരാതന സാമ്രാജ്യങ്ങളിലെ ഭരണാധികാരികളും പ്രഭുകുടുംബങ്ങളും തങ്ങളുടെ പ്രതാപം പ്രകടിപ്പിക്കാനാണ് പ്രധാനമായും ഈ മൃഗപരിപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് ചരിത്രം പറയുന്നു. സാമന്തന്മാരും മറ്റു വിധേയരും ചക്രവര്‍ത്തിമാരെ സന്തോഷിപ്പിക്കാനായി (സോപ്പ്) അപൂര്‍‌വ്വയിനം മൃഗങ്ങളെയും പറവകളെയും കാഴ്ച്ചയര്‍പ്പിക്കുന്നത് ഒരു പതിവായിരുന്നു. തങ്ങളുടെ കൊട്ടാരങ്ങളോടനുബന്ധിച്ചുള്ള ഉദ്യാനങ്ങളുടെ ഭാഗമായാണ് പലപ്പോഴും ഈ പഴയകാല മൃഗശാലകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്. ശിക്കാറിന്‍റെ ഉള്‍‌വിളി ഉണ്ടാകുമ്പോള്‍ കൂട്ടിലിട്ടു വളര്‍ത്തിയ ഇരകളെ തുറന്നുവിട്ട്, സൗകര്യപ്രദവും സുരക്ഷിതവുമായ ആം‌ഗിളില്‍നിന്ന്‍ അമ്പെയ്തും ഷൂട്ട് ചെയ്തും ശൂരത്വം ആഘോഷിച്ചിരുന്ന ശിക്കാരി ശം‌ഭുമാര്‍ക്കും മൃഗശാലകളുടെ ചരിത്രത്തില്‍ ഇടമുണ്ട്.


കാലം മാറിയിട്ടും കഥ മാറിയില്ല. 18, 19, 20 നൂറ്റാണ്ടുകളില്‍ ലോകമെമ്പാടും ഭരണവ്യവസ്ഥകള്‍ മാറിമറിഞ്ഞപ്പോള്‍ ഈ സ്വകാര്യ കളക്ഷന്‍സ് പലതും പൊതുസ്വത്തായി മാറുകയും പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിനായി തുറന്നുകൊടുക്കപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് മൃഗങ്ങളുടെ ഈ ജയിലുകള്‍ Zoological Gardens അഥവാ Zoo എന്ന ഓമനപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍. (മൃഗങ്ങളുടെ perspective ല്‍ നോക്കുകയാണെങ്കില്‍ "കോരന് കഞ്ഞി കുമ്പിളില്‍ തന്നെ" എന്നും പറയാം). വീരസ്യപ്രകടനമായിരുന്നു മൃഗങ്ങളുടെ കാരാഗ്രഹവാസത്തിന് പണ്ടു കാരണമായതെങ്കില്‍ ‍ പിന്നീടത് വിനോദം, വിജ്ഞാനം, ഗവേഷണം എന്നിങ്ങനെ വിവിധ ന്യായങ്ങളായി നിവ്വചിക്കപ്പെട്ടു. ജീവികളെ കൂട്ടിലടച്ച്, പണംപിരിച്ച് ഷോ നടത്തുകയും, ടിക്കറ്റിന് പണം മുടക്കി കടലയും കൊറിച്ച് ഉള്ളില്‍ കയറുന്നവന് കൂട്ടില്‍ കിടക്കുന്ന വാനരന്‍‌മാരെ നോക്കി പല്ലിളിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയുമാണ് മൃഗസം‌രക്ഷണത്തേക്കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കാനുള്ള എളുപ്പവഴി എന്ന് ആരൊക്കെയോ നമ്മളെ പറഞ്ഞു പഠിപ്പിച്ചു. ഈ പാരതന്ത്ര്യത്തില്‍ കഴിയുന്ന ജന്തുജാലങ്ങളെ കണ്ടുവളരുന്ന കുരുന്നുകളുടെ തലയില്‍ മൃഗാവകാശങ്ങളേക്കുറിച്ച് (Animal rights) വിപരീത ധാരണകള്‍ കയറിക്കൂടിയാല്‍ അത്ഭുതപ്പെടാനില്ല. കാട്ടിലും മാനത്തും വെള്ളത്തിലും സ്വതന്ത്രരായി വിഹരിക്കേണ്ട ജീവജാലങ്ങളെ എന്തോ സൗമനസ്യം ചെയ്യുന്ന ഭാവേന, റേഷന്‍ ഭക്ഷണവും ചലനത്തിന് അതിരും നിശ്ചയിച്ച് ജയിലുകളിലടച്ചിരിക്കുന്നത് മനുഷ്യന്‍റെ സ്വാര്‍ത്ഥതയും, "എനിക്കായി നിര്‍മ്മിക്കപ്പെട്ട പ്രപഞ്ചം" എന്ന വിവരം‌കെട്ട അഹന്തയുമല്ലാതെ മറ്റെന്താണ്. പഠനവും ഗവേഷണവും വംശനാശം സംഭവിക്കാനിടയുള്ള ജീവികളുടെ സം‌രക്ഷണവുമൊക്കെ തീര്‍ച്ചയായും നല്ല ലക്ഷ്യങ്ങള്‍ തന്നെ. പക്ഷെ ഇന്നു ലോകത്ത് നിലവിലുള്ള എത്ര മൃഗശാലകള്‍ ഇത്തരം ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളതാണ് പ്രശ്നം. മേല്പ്പറഞ്ഞ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കച്ചവടതാത്പര്യങ്ങളില്‍‌നിന്നും മുക്തമായി തികച്ചും നിയന്ത്രിതവും പരിമിതവുമായിരിക്കേണ്ടതല്ലേ?



പേരിനു പറയാനെങ്കിലും പഴയകാലത്ത് ചില കാരണങ്ങളുണ്ടായിരുന്നു. ഇങ്ങനെയും ചില ജീവജാലങ്ങള്‍ നമുക്കു ചുറ്റും നിലനില്‍ക്കുന്നുണ്ട് എന്നൊരു ദൃശ്യമായ സാക്ഷ്യപ്പെടുത്തല്‍ മൃഗശാലകള്‍‌വഴി മാത്രം സാദ്ധ്യമായിരുന്ന കാലം നാം താണ്ടിക്കഴിഞ്ഞു. ഇന്ന്, ലോകത്തൊരു മൃഗശാലക്കും കാട്ടിത്തരാന്‍ പറ്റാത്തത്ര വിശദമായി ജീവജാലങ്ങളെ പരിചയപ്പെടുത്താന്‍ ദൃശ്യമാദ്ധ്യമങ്ങള്‍ നമ്മുടെ സ്വീകരണമുറികളില്‍ ക്യൂ നില്‍ക്കുന്നു. മൃഗശാലകള്‍ക്ക് പകരം വെയ്ക്കാനായി Virtual reality പോലുള്ള ശാസ്ത്രത്തിന്‍റെ മറ്റ് നൂതന സങ്കേതങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ന് ലോകത്തെമ്പാടും നിലവിലുള്ള എണ്ണമറ്റ മൃഗശാലകള്‍ക്ക് പകരമായി, സാമ്പത്തികമായ അധികഭാരം ഇല്ലാതെതന്നെ, ഒന്നിനു പത്ത് എന്ന തോതില്‍ ഇത്തരം virtual theatreകള്‍ സ്ഥാപിക്കാന്‍ കഴിയും.



അതുകൊണ്ട് ഒരു തുടക്കമെന്ന നിലയില്‍ ഇരുമ്പഴികളുടെ നിയന്ത്രണങ്ങള്‍ കുറവായ സഫാരികളും മറ്റ് പരിധിരഹിത(?) മൃഗസം‌രക്ഷണകേന്ദ്രങ്ങളും ഒഴിച്ചുള്ള മൃഗശാലകള്‍ നമുക്ക് അടച്ചുപൂട്ടാം.


നഗരങ്ങളുടെ കണ്ണായ ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൃഗശാലകള്‍ കാലിയിടാന്‍ വൈമുഖ്യമുണ്ടെങ്കില്‍, മൃഗങ്ങള്‍ക്ക് പകരം‌വെക്കാന്‍ പറ്റിയ ഇനം വിത്തുകള്‍ നമ്മള്‍ മനുഷ്യരുടെ ഇടയില്‍ തന്നെയുണ്ട്. അതിലേക്കയി ഈയുള്ളവന്‍റെ ചില suggetions താഴെ കൊടുക്കുന്നു.


രാജവെമ്പാല - ഒസാമ ബിന്‍ ലാദന്‍, നരേന്ദ്രമോഡി

ഈനാം‌പേച്ചി and മരപ്പെട്ടി - ജോര്‍ജ്ജ് ബുഷ് and കോണ്ടലിസ റൈസ്

കണ്ടാമൃഗം - രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷിബു സോറന്

‍അണ്ണാന്‍ (അണ്ടി കളഞ്ഞത്) - കെ.മുരളീധരന്

ഓന്ത് - ലാലു, മുലായം, ജയലളിത, ചന്ദ്രബാബു, മായാവതി..

കൊരങ്ങന്‍ (വാനരന്‍, മര്‍ക്കടന്‍) - ശ്രീശാന്ത്(ക്രിക്കറ്റ് താരം)

എരുമ(ഹൈബ്രിഡ്) - നമിത (സിനിമാതാരം)

കുയില്‍(നാദം) - എം.എം.ഹസ്സന്‍


ഇനിയും എത്രയെങ്കിലും ബാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ വായനക്കാര്‍ക്കായി വിട്ടുതരുന്നു.


ഈ കുറിപ്പിന്‍റെ ആദ്യം പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കളിയല്ല(വിശ്വസിക്കൂ പ്ലീസ്). ഇത്തരം ഒരു ചെറുകുറിപ്പില്‍ ഒതുക്കാന്‍‌മാത്രം ലളിതമായ വിഷയമല്ലിത്. ലോകമെമ്പാടുമുള്ള മൃഗസ്നേഹികള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒരാവശ്യമാണ് മൃഗശാലകളുടെ മേലുള്ള നിയന്ത്രണം. അതുകൊണ്ട് ഗോണ്ടനാമോകള്‍ക്കൊപ്പം നമുക്ക് മൃഗശാലകളും അടച്ചുപൂട്ടാം. (ഇന്നുതന്നെ വേണമെന്നില്ല, നാളെയോ മറ്റന്നാളോ സൗകര്യം‌പോലെ..)



ഒരു മനുഷ്യസ്നേഹിക്ക് എങ്ങനെ ഒരു മൃഗസ്നേഹിയാകാതിരിക്കാന്‍ കഴിയും! (ഠിം!).

10 comments:

ബിനോയ്//HariNav 1 June 2009 at 05:33  

ഒരു മനുഷ്യസ്നേഹിക്ക് എങ്ങനെ ഒരു മൃഗസ്നേഹിയാകാതിരിക്കാന്‍ കഴിയും! (ഠിം!).

വാഴക്കോടന്‍ ‍// vazhakodan 1 June 2009 at 09:40  

എരുമ(ഹൈബ്രിഡ്) - നമിത (സിനിമാതാരം)

ഈ എരുമയില്‍ നിന്നും എത്ര ഇടങ്ങഴി പാല് കിട്ടും? :)

ബിനോയ്//HariNav 1 June 2009 at 22:08  

വാഴക്കോടാ അനക്കു ഞാന്‍ ഗപ്പെടുത്തു ബെച്ചിട്ടുണ്ട്. ജ്ജല്ലാണ്ട് ഒരാളീ വഴിക്കുവന്നിട്ടില്ല. ആരും കമന്‍റിയില്ലെന്നതോ പോകട്ടെ, ഹിറ്റ് കൗണ്ടര്‍ കണ്ടിട്ട് എന്നിലെ മൃഗസ്നേഹിക്ക് നെഞ്ചെരിച്ചിലുണ്ടായി. കറന്ന്‍ പാലു കുടിക്കാനും, സുഖസവാരിക്കും, എന്തിന് ദൈവത്തിന് തല ട്രാന്‍സ്പ്ലാന്‍റ് ചെയ്യാന്‍ വരെ മൃഗങ്ങളെ വേണം. ഞങ്ങടെ സങ്കടം കേള്‍ക്കാന്‍ മാത്രം ഒരാളില്ല. വല്ല "നമിതയുടെ എരുമ" എന്നു വല്ലതും ടൈറ്റില്‍ കൊടുത്താല്‍ മതിയാരുന്നു. ഹും.. മൃഗാധിപത്യം വന്നോട്ടെ, ആദ്യം ഞങ്ങള്‍ ആപ്പീസ് പൂട്ടിക്കുന്നത് ബ്ലോഗന്‍‌മാരുടേതായിരിക്കും.

വാഴക്കോടന് നന്ദീട്ടാ. (ഓന്‍റെ ഫോട്ടോ കണ്ടാലറിയാം ഒരു മൃഗസ്നേഹിയാണെന്ന്)

Unknown 2 June 2009 at 12:05  

നല്ല ഉപമ കൊള്ളാം.

ബിനോയ്//HariNav 2 June 2009 at 12:31  

ആഹ ഒരു പുലി തന്നെ ഇവിടം സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷം :)

ഹന്‍ല്ലലത്ത് Hanllalath 3 June 2009 at 12:20  

ആദ്യ ഭാഗങ്ങള്‍ ഗൌരവത്തോടെ വായിച്ചു വന്നതാണ്...
അവസാനം നമിത എരുമ..!!
:):)

മി | Mi 4 June 2009 at 16:15  

ബിനോയ്,

അഭിപ്രായങ്ങളോട് യോജിക്കുന്നു. മൃഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് അടര്‍ത്തി മാറ്റി, മനുഷ്യരുടെ കാഴ്ച സുഖത്തിനായി പ്രദര്‍ശനമെന്ന പേരില്‍ പീഠിപ്പിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ പറ്റില്ല. ഇന്ത്യയിലെ മിക്ക മൃഗശാലകളിലെയും സ്ഥിതി പരിതാപകരമാണ്. ഏറ്റവും നല്ല മൃഗശാല എന്നു പേരു കേട്ട മൈസൂര്‍ മൃഗശാലയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. തണുത്ത കാലാവസ്ഥയില്‍ ജീവിക്കുന്ന ചില മൃഗങ്ങളെ യു എ ഇയിലെ അല്‍ ഐന്‍ മൃഗശാലയിലെ കൊടും ചൂടില്‍ പാര്‍പ്പിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. അല്പമെങ്കിലും നല്ല രീതിയില്‍ മൃഗങ്ങളെ സംരക്ഷിച്ചിരിക്കുന്നത് സിംഗപ്പൂര്‍ ആണെന്നു തോന്നുന്നു.

സന്ദര്‍ശകരുടെ ക്രൂരതയ്ക്ക് ഇരയാകാനാണ് മിക്കപ്പോഴും ഈ ജീവികളുടെ വിധി.

VEERU 10 June 2009 at 14:38  
This comment has been removed by the author.
VEERU 10 June 2009 at 14:43  

sahodara...sukshichu !!! mrugangale pole thanne mruga snehikaleyum kaanunna oru samoohathinu naduvilaanu naamennorkkuka.. udeshya shudhi nannu...njaanum aathmaarthamaayi thanne koodeyundu...

Anonymous 4 September 2009 at 10:52  

ബിനോയ്‌, ആദ്യം പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണു`.

അവസാനത്തിലെ വെടിക്കെട്ട്‌ അതിലും ഉഗ്രനായി.