Tuesday 17 November 2009

പരസ്യങ്ങളിലെ കീടാണുക്കള്‍

പ്രശസ്തമായ ഒരു ആന്‍റിസെപ്റ്റിക് ലോഷന്‍റെ പരസ്യമാണ് ടെലിവിഷനില്‍. ഉന്തുവണ്ടിക്കാരനില്‍നിന്ന് പച്ചക്കറിയോ മറ്റോ വാങ്ങുന്ന കുട്ടി. ബാക്കി പണം തിരികെ നീട്ടുന്ന കച്ചവടക്കാരന്‍റെ കൈയ്യിലെ നോട്ടിന്‍റെ ക്ലോസപ്പ്. വൃത്തത്തില്‍ ഹൈലൈറ്റ് ചെയ്ത ഭാഗത്ത് വിരകളുടെ ചിത്രം. "അയാളുടെ, അയാളുടെ, അയാളുടെ കൈകളില്‍‌നിന്ന് കീടാണുക്കള്‍.." എന്ന് തുടങ്ങുന്ന ഭീഷണമായ സ്ത്രീശബ്ദം പശ്ചാത്തലത്തില്‍. അദ്ധ്വാനിച്ച് ജീവിക്കുന്ന അര്‍ദ്ധപ്പട്ടിണിക്കാരനെ സമൂഹത്തിലെ കീടാണുവാഹകരുടെ പ്രതീകമായി തെരഞ്ഞെടുത്ത പരസ്യനിര്‍മ്മാതാവിന്‍റെ വികൃതഭാവനക്ക് ഒരു നാറുന്ന നമസ്ക്കാരം പറയാതിരിക്കാന്‍ മനസ്സ് വന്നില്ല. ഇത് അശ്രദ്ധമോ യാദൃശ്ചികമോ ആയ ഒരു തിരഞ്ഞെടുപ്പാകാന്‍ വഴിയില്ല. പരസ്യം ഉന്നം വെച്ചിരിക്കുന്ന ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗത്തിന്‍റെ വികാരവിചാരങ്ങള്‍ക്കൊപ്പം നടന്നുകൊണ്ട് അവന്‍റെ വ്യയശീലങ്ങളോട് പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട് ഈ സൃഷ്ടി. പലപ്പോഴും സധാരണക്കാരന്‍ ലോലമായ തന്‍റെ കുടും‌ബ ബഡ്ജറ്റിന്‍റെ പരിമിതികളെ മാന്യമായ കൊടുക്കല്‍ വാങ്ങലിലൂടെ മറികടക്കുന്നത് വഴിവാണിഭക്കാരിലൂടെയാണ്. പരസ്യത്തില്‍ കുട്ടി പണം കൊടുത്ത് വാങ്ങുന്ന ഉല്പ്പന്നത്തില്‍ കീടാണുബാധയുള്ളതായി ചിത്രീകരിച്ച് പ്രേക്ഷകന് അലോസര‍മുണ്ടാക്കുന്നില്ല. മറിച്ച് അണുവാഹകനായ കച്ചവടക്കാരന്‍റെ കൈയ്യില്‍‌നിന്നും കറന്‍സി നോട്ടിലൂടെയാണ് കീടാണുക്കള്‍ പകരുന്നത്. അണുക്കള്‍ എങ്ങിനെയാകും ഈ മ്ലേച്ഛനില്‍ കുടിയേറിയിട്ടുണ്ടാകുക? ഉച്ചക്ക് കഴിക്കാനുള്ള റൊട്ടിയും സവോളയും പൊതിഞ്ഞ് കൊടുത്ത ഭാര്യ തൊട്ടുകൂട്ടാന്‍ ഇതുകൂടിയിരിക്കട്ടെ എന്നുപറഞ്ഞ് ഒരു കഴഞ്ച് കീടാണുക്കളേക്കൂടി സഞ്ചിയിലിട്ട് കൊടുത്തതാകാന്‍ വഴിയില്ല. പിന്നെയുള്ള സാധ്യത അദ്ദേഹത്തിന്‍റെ ഉപഭോക്താക്കള്‍ തന്നെയാണ്. ജലദോഷപ്പനിയുമായി ചികില്‍സ തേടുന്ന പട്ടിണിക്കോലങ്ങളെ രക്തവും മജ്ജയും ഊറ്റിക്കുടിച്ച് രക്താര്‍ബുദരോഗിയാക്കി മാറ്റുന്ന അന്തകഡോക്ടര്‍, കൂട്ടമാനഭം‌ഗത്തിനിരയായി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന പെണ്‍കുട്ടിയെ വല്യേമാന് കൂട്ടിക്കൊടുത്ത് ഗുഡ് സര്‍‌വീസ് എന്‍ട്രി തരപ്പെടുത്തുന്ന പോലീസുകാരന്‍, സിമന്‍റിന് പകരം പാറപ്പൊടി കുഴച്ച് പാലം പണിയുന്ന കാലന്‍റെ അവതാരമായ കോണ്ട്രാക്ടര്‍, വികലാം‌ഗ പെന്‍ഷനുവേണ്ടി സര്‍ക്കാരാപ്പീസ് കയറിയിറങ്ങുന്നവന്‍റെ തള്ളയുടെ കെട്ടുതാലി അഴിച്ച് വാങ്ങുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍ എന്നിങ്ങനെ തൂക്കുകയറിന് സര്‍‌വ്വഥായോഗ്യമായ കഴുത്തില്‍ വെള്ളക്കോളര്‍ അണിഞ്ഞ് ഞെളിയുന്ന സാമൂഹ്യവിരുദ്ധരുടെ സെപ്റ്റിക്ക് ടാങ്കിന് സമാനമായ മനസ്സില്‍ അടിഞ്ഞിരിക്കുന്ന കീടാണുക്കളില്‍ ഒരു പങ്കായിരിക്കണം ഈ പാവപ്പെട്ടവനെയും ആക്രമിച്ചത്. അടിസ്ഥാനവര്‍ഗ്ഗത്തെ കീടാണുവാഹകരായി, തൊട്ടുകൂടാത്തവരായി മുദ്രകുത്തുന്ന ഇത്തരം പടപ്പുകള്‍ ദര്‍ശിക്കുന്ന കുട്ടികളോട് ഒരു വാക്ക്, സഹജീവികളെ മൃഗസമാനരായി കരുതുന്ന വികൃതമനസ്സുകളിലെ കീടാണുക്കള്‍ക്കെതിരെയാണ് ആന്‍റിസെപ്റ്റിക്കുകള്‍ നിങ്ങള്‍ സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടത്.
-----------------------------------------------------------
ധനലബ്ധിയും രോഗശാന്തിയും സര്‍‌വ്വാഭീഷ്ടസിദ്ധിയുമൊക്കെ വാഗ്ദാനം ചെയ്തുള്ള വിശ്വാസത്തട്ടിപ്പുകളുടെ പരസ്യങ്ങള്‍ വടക്കേയിന്ത്യന്‍ ചാനലുകളിലാണ് പലപ്പോഴും കാണാറുള്ളത്. മേപ്പടി ഉഡായിപ്പുകള്‍ ഭൂമിമലയാളത്തിലും കൊണ്ടാടുന്നുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസം ഒരു മലയാളം ചാനലിലെ പരസ്യം കണ്ടപ്പോഴാണ് മനസ്സിലായത്. "നസര്‍ സുരക്ഷാ കവചം" ആണ് ചരക്ക്. "കണ്ണേറ് തടുക്കും കോണകം" എന്ന് മലയാളത്തില്‍ പറയാം. മാലയില്‍ ലോക്കറ്റായി ധരിക്കാവുന്ന ഈ കോണകമണിഞ്ഞ് കണ്ണേറ് ദുരന്തങ്ങളില്‍‌നിന്ന് രക്ഷ നേടിയ ചില കോമാളിക്കഥാപാത്രങ്ങളുടെ അനുഭവസാക്ഷ്യമാണ് പരസ്യത്തിന്‍റെ പ്രധാന ഉള്ളടക്കം. കൂടാതെ ഫലസിദ്ധി ചാത്രീയമായി തെളിയിക്കപ്പെട്ടതിന്‍റെ വെളിപ്പെടുത്തലുമുണ്ട്. പ്രാകൃതം എന്ന് തിരിച്ചറിഞ്ഞ് പല പ്രാചീന ആചാരങ്ങളും വിശ്വാസങ്ങളും നവലോകം വിശാസി-അവിശ്വാസി തര്‍ക്കമില്ലാതെ തള്ളിക്കളയുമ്പോഴും അവയില്‍ കച്ചവടസാദ്ധ്യതയുള്ള തട്ടിപ്പുകള്‍ പുതുവേഷത്തിലും ഭാവത്തിലും തിരികെയെത്തുന്ന കാഴ്ച്ചയാണെങ്ങും. ഓലമറ കാണുന്നിടത്തെല്ലാം ക്യാമറ തിരുകി സ്കൂപ്പുകള്‍ തേടിയുഴലുന്ന മാദ്ധ്യമ സുഹൃത്തുക്കള്‍ തങ്ങളുടെ സ്വന്തം ചാനലുകളുടെ ഈ പരസ്യദാതാക്കളുടെ മേല്‍‌വിലാസം തേടിപ്പോയാല്‍ ലഭിക്കാവുന്ന സ്കൂപ്പുകളേക്കുറിച്ച് ബൊധവാന്‍‌മാരല്ല എന്ന് കരുതണോ. എന്തായാലും ഇത്തരം വിശ്വാസത്തട്ടിപ്പുകളുടെ വഴുവഴുപ്പ് സുഖാനുഭൂതിയായി തോന്നുന്നവര്‍ക്ക് അതാസ്വദിക്കാം. മറിച്ച്, പരസ്യത്തട്ടിപ്പുകാരുടെ വികൃതഗര്‍ഭം വന്‍‌കുടലില്‍ പേറാന്‍ താത്പര്യമില്ലാത്തവര്‍ സ്വയം നിര്‍മ്മിത "ഗുദസുരക്ഷാ കവചങ്ങള്‍" അണിഞ്ഞ് പ്രതിരോധം തീര്‍ക്കുകയാണ് ഏക പോം‌വഴി.

23 comments:

ബിനോയ്//HariNav 17 November 2009 at 09:16  

പരസ്യങ്ങളിലെ കീടാണുക്കള്‍

തണല്‍ 17 November 2009 at 09:42  

തീഷ്ണം!

നാട്ടുകാരന്‍ 17 November 2009 at 13:05  

അഭിനന്ദനങ്ങൾ! ഇനിയും ഇതുപോലെ തന്നെ തീക്ഷണമായി എഴുതുക.

ഉള്ളിലേക്കു പോകുന്നതല്ല.....ഉള്ളിൽനിന്നു വരുന്നതാണ് ഒരുവനേ അശുധനാക്കുന്നത് എന്നു കേട്ടിട്ടുണ്ടോ?

പയ്യന്‍ / Payyan 17 November 2009 at 15:01  

സബാഷ്... പരസ്യക്കഴുവേറികളുടെ ചെറ്റത്തരത്തിനു ഇത്രയും പറഞ്ഞാല്‍ പോരാ...

രഘുനാഥന്‍ 17 November 2009 at 15:21  

You are right Binoy..Exactly Right..

Best Wishes...

വശംവദൻ 17 November 2009 at 15:23  
This comment has been removed by the author.
വശംവദൻ 17 November 2009 at 15:53  

പ്രിയ ബിനോയ്,

എഴുത്ത് ഗംഭീരം !!

“അദ്ധ്വാനിച്ച് ജീവിക്കുന്ന അര്‍ദ്ധപ്പട്ടിണിക്കാരനെ സമൂഹത്തിലെ കീടാണുവാഹകരുടെ പ്രതീകമായി തെരഞ്ഞെടുത്ത പരസ്യനിര്‍മ്മാതാവിന്‍റെ വികൃതഭാവന“

“സഹജീവികളെ മൃഗസമാനരായി കരുതുന്ന വികൃതമനസ്സുകളിലെ കീടാണുക്കള്‍ക്കെതിരെയാണ് ആന്‍റിസെപ്റ്റിക്കുകള്‍ നിങ്ങള്‍ സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടത്“

പ്രത്യേകിച്ചും ഈ വരികൾ !

അഭിനന്ദനങ്ങൾ !

Anil cheleri kumaran 17 November 2009 at 18:45  

തകര്‍ത്തു.. നന്നായിട്ടുണ്ട്.

വാഴക്കോടന്‍ ‍// vazhakodan 17 November 2009 at 19:15  

പ്രിയപ്പെട്ട ബിനോയ്, വളരെ നന്നായി എഴുതി! തുടര്ന്നും പ്രതികരിക്കുക! ആശമ്സകള്‍

chithrakaran:ചിത്രകാരന്‍ 17 November 2009 at 22:12  

അതെ... ആ പരസ്യം ഒരു തന്തയില്ലായ്മയുടെ മൂല്യബോധമില്ലാത്ത വൃത്തിബോധം പ്രചരിപ്പിക്കുന്നുണ്ട്.
അയാളുടെ,.. അയാളുടെ,... എന്ന് ഉച്ചരിക്കുന്നിടത്ത്
സമൂഹത്തിലേക്ക് വിഷപ്രവാഹംതന്നെ ഉണ്ടാകുന്നുണ്ട്.

ഹാരിസ് 17 November 2009 at 22:55  

പരസ്യങ്ങള്‍ പ്രോഡക്റ്റല്ല,കണ്‍സെപ്റ്റാണ് വില്‍ക്കുന്നത് എന്നാണല്ലോ.എത്ര പ്രതിലോമകരമായ കണ്‍സെപ്റ്റുകളാണ് അവ വിനിമയം ചെയ്യുന്നത് എന്നത് ഒരു വലിയ സബ്ജകറ്റാണ്.മഞ്ഞു മലയുടെ അറ്റം മാത്രമാണ് നീ എഴുതിയത്.സിനിമയും പഠനപരിധിയല്‍ പെടുത്തണം.വര്‍ഗ്ഗിയമായ (മതമല്ല,വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള)വേര്‍തിരുവകള്‍,വിദ്യാഭ്യാസമുള്ളവരില്‍ വരെ സ്വധീനം ചെലുത്തുന്ന അരാഷ്ട്റീയവല്‍ക്കരണം,അന്ധവിശ്വാസങ്ങള്‍ ,തൊലിയുടെയും നിറത്തിന്റെയും അമിതപ്രാധാന്യം,അങ്ങനെയങ്ങനെ അസംഖ്യം.എഴുതുക.ആഴത്തിലുള്ള പഠനമാവിശ്യപ്പെടുന്നതാണ് പലതും.

പ്രദീപ്‌ 18 November 2009 at 00:45  

നിങ്ങള് ആള് കൊള്ളാം മാഷേ . എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് നിങ്ങളുടെ വികാരം . അത്രയ്ക്ക് ചൂടുണ്ട് വാക്കുകള്‍ക്‌ .
തുടരൂ .....

രാജീവ്‌ .എ . കുറുപ്പ് 18 November 2009 at 10:13  

"അയാളുടെ, അയാളുടെ, അയാളുടെ കൈകളില്‍‌നിന്ന് കീടാണുക്കള്‍.."

പ്രതികരിക്കാന്‍ ഉദ്ദേശിച്ചിരുന്ന വിഷയം, കാരണം ഒത്തിരി അലോസരം ഉണ്ടാക്കുന്ന പരസ്യം തന്നെ അത്. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ കോല് ഐസും, തുപ്പല് മിട്ടായിയും ഒക്കെ തിന്നു വളര്‍ന്ന നമ്മള്‍ക്ക് ഒരു കീടാണ് ബാധയും ഉണ്ടായിട്ടില്ലല്ലോ. പരസ്യത്തില്‍ കാണിക്കുന്ന അയാളുടെ അയാളുടെ എന്ന് പറയുന്നത് അച്ഛന്‍ അമ്മ മകന്‍ അതൊക്കെ തന്നെയാണ്. നാട്ടില്‍ കുളിക്കുമ്പോള്‍ വീട്ടിലെ കുളക്കടവില്‍ അലക്ക് കല്ലിനു സമീപത്തെ സോപ്പ് പെട്ടിയില്‍ ഒരു സോപ്പേ കാണൂ. അത് എല്ലാവരും കൂടെ ഷെയര്‍ ചെയ്താണ് കുളിക്കുന്നെ, ഇന്നും അങ്ങനെ തന്നെ. അപ്പോളും കീടാനുബാധ ഇല്ലാ. ബിനോയ്‌ ഇവന്റെയൊക്കെ പ്രോഡക്റ്റ് വിറ്റുപോണം അത് തന്നെ, അതിനു അധ്വാനിക്കുന്ന അര്‍ദ്ധ പട്ടിണിക്കാരനെ ഇവനൊക്കെ എന്ത് വില. ഇവന്റെയൊക്കെ കീടം ബാധിച്ച മനസിനാണ് ആ പ്രോഡക്റ്റ് ഉത്തമം. മച്ചൂ നീ ആ കൈ ഇങ്ങു തന്നെ. ഒരു ഉമ്മ ഈ പോസ്റ്റിനു.

Unknown 18 November 2009 at 10:48  

പരസ്യങ്ങള്‍ ജീവിതചര്യയെ തന്നെ മാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അനിവാര്യമായ ഒരു തീക്ഷ്ണ പ്രതികരണം...
അഭിനന്ദനങ്ങള്‍.

Anonymous 18 November 2009 at 20:14  

"അദ്ധ്വാനിച്ച് ജീവിക്കുന്ന അര്‍ദ്ധപ്പട്ടിണിക്കാരനെ സമൂഹത്തിലെ കീടാണുവാഹകരുടെ പ്രതീകമായി തെരഞ്ഞെടുത്ത പരസ്യനിര്‍മ്മാതാവിന്‍റെ വികൃതഭാവനക്ക് ഒരു നാറുന്ന നമസ്ക്കാരം"

ഇവന്മാരുടെ ദ്രാവകം/സോപ്പ്/പേസ്റ്റ്/ ഉപയോഗിച്ചതിനു ശേഷമുള്ള ഫലം എന്നു പറഞ്ഞ് ഒരു സീന്‍ കാണിക്കും അതിലുംകാണും ഒന്നോരണ്ടോ കീടാണു. അതവരുടെ പുഴുത്ത മനസ്സില്‍ നിന്നു കൊഴിഞ്ഞു വീഴുന്നതാവണം

★ Shine 19 November 2009 at 06:13  

ബിനോയി ഈ post ന്‌ നീണ്ട ഒരു പ്രതികരണം എഴുതണമെന്നു കരുതിയിരുന്നതാണ്‌. സത്യത്തിൽ പരസ്യങ്ങൾ നമ്മുടെ ചിന്തയെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നു ഒരു post എഴുതണമെന്നും കരുതിയതാണ്‌.

Branding & Marketing തന്ത്രങ്ങൾ എപ്പോഴും സമൂഹം സ്വീകരിക്കാൻ തയ്യാറാവുന്നതേ കൊടുക്കു, അല്ലെങ്കിൽ അവർ കുറേയേറെ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ അവതരിപ്പിച്ച്‌, അടിച്ചേൽപ്പിക്കും. ഇത്തരം അടിച്ചേൽപ്പിക്കലുകൾ കുറച്ചു ചിന്തിക്കുന്ന ആർക്കും മനസ്സിലാവും. പക്ഷെ വളർന്നു വരുന്ന അടുത്ത തലമുറ തീർച്ചയായും വിശ്വസിക്കും മറ്റുള്ളവർ എല്ലാം കീടാണുക്കൾ നിറഞ്ഞ "അസ്പൃശ"രാണെന്ന്. പക്ഷെ കേരളം പോലെ easy money നിറഞ്ഞ ഒരു സംസ്ഥാനത്ത്‌ മുതിർന്നവർ പോലും ചിന്തിക്കാറില്ല ഇത്തരം കാര്യങ്ങൾ! അതു പരസ്യ നിർമ്മാതാക്കൾക്ക്‌ നന്നായി അറിയാം. നമ്മൾക്കു പ്രതികരിക്കണമെങ്കിൽ നയിക്കാൻ ഒരെ leader വേണം...പിന്നെന്തു ചെയ്യും?

പരസ്യങ്ങളെ കുറ്റം പറയുമ്പൊൾ അതിലെ നല്ല വശങ്ങളും പറയാതെ വയ്യ. മലബാർ ഗോൾഡിന്റെ പുതിയ പരസ്യം കണ്ടില്ലേ? നമ്മുടെ നാട്‌ സുന്ദരമായി ഇടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ മോഹൻലൽ പറയുന്നത്‌. Social Responsibility പ്രകടമാക്കുന്ന ഇത്തരം പരസ്യങ്ങൾ നമ്മുടെ നാട്ടിലെ advertising & marketing culture ന്റെ വാഴ്ത്തപ്പെടേണ്ട പുതിയ മുഖവും കാണിച്ചു തരുന്നു.

ഒരു നല്ല വായനക്ക്‌ നന്ദി, ബിനോയ്‌.

ബിനോയ്//HariNav 19 November 2009 at 13:46  

തണല്‍, നാട്ടുകാരന്‍, പയ്യന്‍, രഘുനാഥന്‍, വശം‌വദന്‍, കുമാരന്‍, വാഴ, വായനക്ക് നന്ദി :)

ചിത്രകാരന്‍, ഹാരിസ്, വളരെ ശരി. ആ വിഷപ്രവാഹം സമൂഹമനസ്സാക്ഷിയുടെ തെളിനീര്‍ സ്രോതസ്സുകളെയാകെ നിശ്ശബ്ദമായി മലിനമാക്കിക്കോണ്ടിരിക്കുന്നു. നേരും നേറിവും കെട്ട വിപണനതന്ത്രങ്ങളുടെ ഉപോല്പ്പന്നങ്ങള്‍ വിനാശകരമാം വിധം മാരകമാണ്.

പ്രദീപ്, നന്ദി :)

കുറുപ്പിന്‍റെ കണക്ക് പുസ്തകം, ആന്‍റിസെപ്റ്റിക്കുകള്‍ ഡിറ്റര്‍‌ജന്‍റുകള്‍ ഡിഷ് വാഷറുകള്‍ ടോയ്ലറ്റ് ക്ക്ലീനറുകള്‍ എല്ലാം ചേര്‍ന്ന് നമ്മുടെ വീടുകളെ കീടങ്ങളുടെ ശവപ്പറമ്പാക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണത്രെ വേണ്ടത്. ഈ സെമിത്തേരികളില്‍ ജനിച്ച് വളരുന്ന കുട്ടികള്‍ക്ക് പ്രതിരോധശേഷി കുറഞ്ഞ് പോകുന്നു എന്നൊരു വാദവുമുണ്ട്. നന്ദി :)

പിപഠിഷു, നന്ദി :)

അനോണി, ഉപകാരികളായ അണുക്കള്‍ നശിപ്പിക്കപ്പെടുന്നില്ല എന്ന് തെറ്റിദ്ധരിപ്പിക്കാനാകണം അത്. നന്ദി

കുട്ടേട്ടന്‍, തീര്‍ച്ചയായും. ഇത്തരം പരസ്യങ്ങള്‍ കാണുന്ന കുട്ടികളെ മനസ്സില്‍ കണ്ടാണ് ഇങ്ങനെയൊരു പ്രതികരണം എഴുതാന്‍ തോന്നിയത് തന്നെ. പിന്നെ നല്ല സന്ദേശം തരുന്ന പ്രസ്യങ്ങളേപ്പറ്റി. കലാപരമായും സാങ്കേതികമായും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പരസ്യങ്ങളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നത് എന്നാണെന്‍റെ തോന്നല്‍. നിഷ്ക്കളങ്കമായി ആശയം വിനിമയം ചെയ്യപ്പേടുന്ന എത്രയോ പരസ്യങ്ങള്‍ എടുത്തു കാണിക്കാന്‍ കഴിയും.
വായനക്കും വിശദമായ അഭിപ്രായത്തിനും നന്ദി :)

പ്രദീപ്‌ 20 November 2009 at 03:05  

ആശാനെ നിങ്ങളുടെ സാദാ മല്ലൂസിനോട് ഗള്‍ഫു മല്ലൂസ് എന്ന പോസ്റ്റ്‌ ഇപ്പോഴാണ് ഞാന്‍ കണ്ടത് . അണ്ണാ കിടു പോസ്റ്റ്‌ .
നല്ല ശൈലി യാണ് കേട്ടോ .
ഇന്ത്യ മുഴുവന്‍ പിച്ചക്കാരണെന്ന് ധരിച്ചിരിക്കുന്ന ചില ഊളന്‍‍ സായിപ്പന്‍‌മാരെപ്പോലെ ഗള്‍ഫ് മലയാളികളെന്നാല്‍ ദൈന്യതയുടെ പര്യായമാണ് എന്നൊരു ധാരണ പരക്കെയുണ്ട്

പിന്നെ നാട്ടില്‍ ഞങ്ങളുടെ അപ്പനും അമ്മയും വകയില്‍ ചില അമ്മാവന്മാരുമൊഴിച്ചുള്ള രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, പോലീസുകാര്‍,കസ്റ്റം‌സുകാര്‍ എന്നിവരെല്ലാം പരമനാറികളും മഹാ ചെറ്റകളുമാണെന്നുള്ളതില്‍ ഞങ്ങള്‍ക്ക് ഏകാഭിപ്രായമാണ്.
ഈ ഞാന്‍ തന്നെ പണ്ടൊരിക്കല്‍ കുറുന്തോട്ടി പറിക്കാന്‍ ദുബായിലൊരു പാര്‍ക്കില്‍ പോയതാണ്

അപ്പോള്‍ ദുബായിലെ അമേരിക്കന്‍ എമ്പസിക്കു മുന്‍പിലെ ക്യൂ എന്താണെന്നായിരിക്കും? അമേരിക്കയുടെ പൂര്‍‌വ്വേഷ്യന്‍ നയങ്ങളിലുള്ള പ്രതിഷേധം നേരിട്ടറിയിക്കാന്‍ രാവിലെ മുതല്‍ തിക്കിത്തിരക്കുന്നവരാണത്. അല്ലാതെ വിസക്കായി ക്യൂ നില്‍ക്കുന്നവരല്ല. ഗള്‍ഫിലെങ്ങാനും ഞങ്ങള്‍ക്ക് പൗരത്വം തരാന്‍ തീരുമാനിച്ചാല്‍ കാണാമായിരുന്നു, സ്വീകരിക്കാന്‍ ആളില്ലാതെ ഗവര്‍‌ണ്‍‌മന്‍റ് നാണിച്ചു പോകുന്നത്.
അണ്ണാ എടുത്തെഴുതാന്‍ പോയാല്‍ മൊത്തം കോപ്പി ചെയ്യേണ്ടി വരും . ഹഹഹ കിടു അണ്ണാ കിടു

ഭൂതത്താന്‍ 20 November 2009 at 11:59  

കലക്കന്‍ ..കല ..കലക്കന്‍ പോസ്റ്റ് ....ഈ ചിന്തയും ..തൂലികയും എന്നും ഇങ്ങനെ തന്നെ പ്രതികരിക്കട്ടെ ...ശരിക്കും ഒരു സുന്ദരന്‍ വിമര്‍ശം ...

ശ്രീ 21 November 2009 at 05:07  

പോസ്റ്റ് നന്നായി

Unknown 21 November 2009 at 20:28  

ഇതിനെക്കാള്‍ കടുപ്പമാണ് സുഹൃത്തേ ബാക്റ്റീരിയ എന്നു പറഞ്ഞ് നിലവിളിക്കുന്ന പരസ്യം .ബാക്റ്റീരിയ ശരീരത്തിലില്ലെങ്കില്‍ ഇവനൊന്നും മര്യാദയ്ക്ക് അപ്പിയിടാന്‍ പോലും പറ്റില്ല.
നിങ്ങള്‍ പറഞ്ഞ പരസ്യം കൊഞ്ഞനം കുത്തുന്നത് നമ്മുടെ സാമൂഹ്യനീതിക്കു നേരെ . ഇപ്പോള്‍ റഞ്ഞ പരസ്യം കൊഞ്ഞനം കുത്തുന്നത് നമ്മുടെ ശാസ്ത്രബോധത്തിനു നേരെ

ഭായി 23 November 2009 at 11:19  

ശ്രീ.ബിനോയ്,
വളരെ നല്ല നിരീക്ഷണം!

കുറുപ്പിന്റെ കമന്റിനു താഴെ എന്റെ ഒപ്പ്!
കാരണം, ഞാന്‍ പറയാന്‍ വന്നതു തന്നെയാണ് കുറുപ്പ് കുറിച്ചതും!

കൂട്ടത്തില്‍ ഒന്ന് കൂടി, നമ്മുടെ മക്കള്‍ ഇത് പോലുള്ള പരസ്യങള്‍ കണ്ട് സഹജീവികളെ തരം തിരിക്കാന്‍ ഇടവരരുത്.
ഇത് പോലുള്ള പരസ്യം കാണുംബോള്‍ നമ്മുടെ കുട്ടികളെ നേര്‍ വഴിക്ക് നയിക്കാനും സ്നേഹം,ക്ഷേമം,കരുണ,ബഹുമാനം..ഇതൊക്കെ ഒന്നുകൂടി അവരെ ഉണര്‍ത്തുവാനുമുള്ള പ്രചോദനമാകട്ടെ!!

ആശംസകള്‍!

jayanEvoor 23 November 2009 at 18:36  

തീക്ഷ്ണം; ലക്ഷ്യവേധി !