Sunday, 17 May 2009

വാഴക്കോടന്‍ വാഴ്ക

കഥയിങ്ങനെ.മറ്റുള്ളവര്‍ വെക്കേഷനു വേണ്ടിയുള്ള തയ്യാറെടുപ്പ് മനസ്സില്‍‌പോലും തുടങ്ങുന്നതിനു മുന്‍പ് നാട്ടിലേക്കുള്ള ടിക്കറ്റുവാങ്ങി കീശയിലിട്ട് അതിബുദ്ധി കാട്ടിയ ഈയുള്ളവനേപ്പോലുള്ള പ്രാരാബ്ദ്ധക്കാരായ പ്രവാസികളെ ത്രിശങ്കുവിലാക്കിക്കൊണ്ട് ജസീറ എയര്‍‌വെയ്സ് തങ്ങളുടെ മുഴുവന്‍ ഇന്ത്യന്‍ ഫ്ലൈറ്റുകളും ക്യാന്‍‌സല്‍ ചെയ്യുന്നു. ചെലവാക്കിയ ചൊള എങ്ങനെ തിരികെ കിട്ടുമെന്നറിയാന്‍ ജസീറയില്‍ വിളിക്കുമ്പോള്‍ "അന്നേക്കാളും ബല്യ പുയ്യാപ്ല ബിളിച്ചിട്ട് മ്മള് ഫോണെടുത്തിട്ടില്ല" എന്നു കിളിനാദം. പരവേശം മൂത്ത് അവരുടെ ഓഫീസിലേക്കോടി നേരിട്ടന്വേഷിച്ചപ്പോള്‍ "ഈ മെയില്‍ അയക്ക് ബലാലേ, പ്രാസം തെകഞ്ഞാല് കായി തരാം" എന്ന് സൗജന്യം. തിരികെവന്ന് ജസീറയുടെ സൈറ്റ് മുഴുവന് അരിച്ചപെറുക്കിയിട്ടും mail address കാണാതെ കലിപ്പുകയറി ഇരിക്കുമ്പോള്‍ ബ്ലോഗില് വാഴക്കോടന്റെ പോസ്റ്റ് കാണുന്നു. ഉടനെ ഇട്ടു "യാരാവത് കാപ്പാത്തുങ്കോ" എന്നൊരു കമന്റ്.

മിനുറ്റുകള്ക്കുള്ളില്‍ വാഴക്കോടന്‍റെ മെയിലൊരെണ്ണം എന്റെ ഇന്‍ബോക്സില്‍. "അന്നെ ഒരു വഴിക്കാക്കണ കാര്യം നോമേറ്റിരിക്കണൂ" എന്ന് കടിതം. മടക്കത്തപാലില്‍ ഫോണ്‍ നമ്പര്‍ അയച്ച ഉടനെ വിളി വന്നു

"ഹലോണ്‍"

"ഹലോ ഞാന്‍ വാഴ.."

"മൈ ഗോഡ് വാഴകള്‍ സംസാരിക്കാനും തുടങ്ങിയോ!!"

"അതല്ലടോ ഞാന്‍ വാഴക്കോടന്‍"

"ഓ ജീസസ്, ബ്ലോഗിലെങ്ങും വാഴപ്പഴങ്ങള്‍ വിതരണം ചെയ്യുന്ന മഹാനുഭാവന്‍!. ഞാന്‍ പഴങ്ങള്‍ ധാരാളമായി കഴിക്കാറുണ്ട്"

"ഓസില്‍ കിട്ടിയാല്‍ ആസിഡും കുടിക്കും, ബ്ലഡി മല്ലൂസ്"

"അതല്ല സര്‍, ഞാന്‍ ശരിക്കും താങ്കളുടെ രചനകള്‍.."

"ചെലക്കാതെ കാര്യം പറയടോ. തനിക്കും തന്‍റെ ബഡുക്കൂസുകള്‍ക്കും നാട്ടലേക്കു ടിക്കറ്റ് വേണം. അതല്ലേ തന്‍റെ പ്രശ്നം?"

"അതേ സര്‍"

"അതു നോമേറ്റു"

"സര്‍!!??"

"ഈ പറക്കണ വണ്ടിക്ക് രസീതെഴുതുന്ന ഗമ്പനിയിലാഡോ എന്‍റെ പണി"

"പക്ഷേ സര്‍ നമ്മള്‍ തമ്മില്‍ ഒരു പരിചയം പോലുമില്ലാതെ.."

"ഡൊണ്ട് വറി മൈ ബോയ്, പരസഹായം എന്‍റെ ഒരു വീക്ക്‌നെസ്സാണ്"

"വളരെ നന്ദി സര്‍"

"പിന്നെ, ഈ സര്‍ വിളി വേണമെന്നില്ല"

"ഒഴിവാക്കാം സര്‍"

"വല്ലപ്പോഴുമൊക്കെ 'മൊതലാളി' എന്നു വിളിക്കാം"

"ഇനി അങ്ങനയേ വിളിക്കൂ വാഴമൊതലാളീ"

കേസേറ്റുടുത്ത വാഴക്കോടന്‍ കാല്‍ക്കുലേറ്ററെടുത്ത് പല കൂട്ടല്‍ കിഴിക്കലുകള്‍ക്കു ശേഷം അടുത്ത വിളി എമിറേറ്റ്സ് എയര്‍‌ലൈന്‍സിന്‍റെ ഓഫീസിലേക്ക്

"ഹലൊ" ഫിലിപ്പിനൊ കിളിനാദം

"ഹലോ, എമിറേറ്റ്സ് എന്ന പേരില്‍ മാനത്തൂടെ ഓട്ടോറിക്ഷ പറപ്പിക്കണ ഗമ്പനി അല്ലേ?"

"തന്നെ അപ്പീ തന്നെ"

"അന്‍റെ വല്യ മൂപ്പന്‍‌സായ്‌വിന് ഫോണ്‍ കൊട് പെണ്ണേ"

"താനാരാ, ഹൂ ആര്‍ യൂ, തും കോന്‍ ഹൊ, ക്യങ് പുങ് തങ്??"

"ഞാന്‍ ബ്ലൊഗര്‍ വാഴക്കോടന്‍"

"എന്‍റമ്മച്ചീ എനിക്കു പെട്ടന്ന് മനസ്സിലായില്ല. ക്ഷമിക്കണം വാഴേട്ടാ."

"സാരമില്ല, ബട് ഡോണ്ട് റിപ്പീറ്റിറ്റ്. കൗപീനത്തില്‍ സോറി ഫിലിപ്പീനത്തില്‍ വാഴകളൊക്കെ നന്നായി വളരുന്നില്ലേ?"

"ഇക്കൊല്ലം വിളവല്‍‌പ്പം മോശമാണ് വാഴേട്ടാ"

"ചാണകമിടുന്നില്ലേ?"

"രാവിലേയും വൈകിട്ടും പണ്ടേ ഉള്ള ശീലമാണ്"

"ഉം.. ഉം.. രസികത്തി രസികത്തി, മൂപ്പന് ഫോണ്‍ കൊട്"

"ഹലോ മൂപ്പന്‍ ഹിയര്‍"

"ഞാന്‍ വാഴയാണ്. ഒരു സങ്കടം പറയാനുണ്ട്"

"ടെല്‍ മീ മൈ ബോയ്"

"തൊടുപുഴക്കാരന്‍ ഒരു ബ്ലോഗര്‍ വലിയ കഷ്ടപ്പാടിലാണ്"

"ഓനെന്തു പറ്റി?"

"ഒമ്പതു കൊല്ലം മുന്‍പ് ലവനൊരു ഇരിങ്ങാലക്കുടക്കാരിയെ കെട്ടി"

"മൈ ഗോ))))ഡ്"

"അബദ്ധത്തിലല്ലാതെ രണ്ട് പിള്ളേരുമുണ്ടായി, ഒരു പെട്രോമാക്സും ഒരു ട്രോഫിയും"

"വാട്ട് എ പിറ്റീ!"

"സകലതും ഷാര്‍‌ജയിലാണിപ്പോള്‍ അടുപ്പ് കൂട്ടിയിരിക്കുന്നത്"

"ഇനി കൂടുതലൊന്നും പറയണ്ട മി. വാഴ. എന്‍റെ എന്തു സഹായമാണ് വേണ്ടത്?"

"അവറ്റകളെ വെക്കേഷന് നാട്ടിലെത്തിക്കാന്‍ സൗജന്യമായി മൂന്നു കസേര വണ്ടിയിലിട്ടു തരണം. ഒന്ന് മടിയിലൊതുങ്ങും"

"ഡണ്‍ മി. വാഴ ഡണ്‍"

കാര്യങ്ങള്‍ കണക്കുകൂട്ടിയപോലെ പുരോഗമിക്കുന്നതിന്‍റെ സന്തോഷത്തില്‍ വാഴക്കോടന്‍റെ അടുത്ത കോള്‍ സ്വന്തം ബോസിന്

"സര്‍ വാഴയാണ്"

"ടെല്‍ മീ വാഴ, വിളവെങ്ങനെയുണ്ട്?"

"തകര്‍ത്തുവാരുകയാണ് സര്‍"

"ഗുഡ്"

"ഇപ്പൊ വിളിച്ചത് ഒരു സന്തോഷവാര്‍ത്ത പറയാനാണ്"

"എന്താണത്, നിന്‍റെ ബ്ലോഗില്‍ പത്തു കമന്‍റ് തെകഞ്ഞോ?"

"അതല്ല സര്‍, തൊടുപുഴക്കാരന്‍ ഒരു മന്ദിപ്പ് ബ്ലോഗറുടെ പേരില്‍ നുമ്മടെ സായ്‌വിനെ ചാക്കിട്ട് ഫ്രീയായി മൂന്നു ടിക്കറ്റ് തരാക്കീട്ടുണ്ട്"

"മിടുക്കന്‍"

"ഇനി അത് അന്യായവിലക്ക് തൊടുപുഴക്കാരന്‍ പരട്ടയെ പിടിപ്പിക്കണം"

"പക്ഷേ അവന്‍ മന്ദിപ്പാണെന്ന് എങ്ങനെ മനസ്സിലായി?"

"ഓന്‍റെ പോസ്റ്റുകള്‍ കണ്ടാലറിയാം സര്‍"

"എക്സലന്‍റ്"

"സര്‍ എന്‍റെ ഇന്‍‌ക്രിമന്‍റ്?"

"അനക്കിഷ്ടമുള്ളത് എഴുതിയെടുത്തോ. കഴുക്കോല് ബാക്കി വെച്ചേക്കണം"

"ഡാങ്ക്യൂ സര്‍"

ഒടുവില്‍ സംഭവത്തിന്‍റെ ക്ലൈമാക്സ് ഇങ്ങനെ.

യന്ത്രത്തിന്‍റെ ഒരറ്റത്ത് കാര്‍‌ക്കോട.. സോറി വാഴക്കോടന്‍ മൊതലാളിയും മറുതലക്കല്‍ ഈയുള്ളവനും

"ഹലോ ഞാന്‍ വാഴയാണ്"

"മുതലാളീ ഞാന്‍ പഴമാണ്"

"മിടുക്കന്‍, നല്ല ഒഴുക്ക്!"

"ഞാന്‍ ഒലിക്കാനും തയ്യാറാണ് മുതലാളീ"

"കൊടുത്തയച്ച ടിക്കറ്റുകള്‍ കിട്ടിയില്ലേ"

"കിട്ടിയ ഉടനെ ഞാന്‍ കൗപീനത്തില്‍ ഒളിപ്പിച്ചൂ മൊതലാളീ"

"ഇനി കാശ്.."

"ടിക്കറ്റ് തന്നെ വലിയ ഉപകാരം മൊതലാളീ, ഇനി കാശൊന്നും വേണ്ട"

"അതല്ല, വിലയുടെ കാര്യം.."

"മറക്കില്ല മൊതലാളീ മറക്കില്ല, ഈ ഉപകാരത്തിന്‍റെ വില ഞാന്‍ മറക്കില്ല"

"എടോ അതല്ല, പണം.. പണം.."

"കറക്റ്റ് മൊതലാളീ കറക്റ്റ്, പണമില്ലാത്തവന്‍ പിണമാണ് പിണം. അതുകൊണ്ടാണല്ലോ മൊതലാളിയുടെ സഹായം തേടേണ്ടിവന്നത്"

"എടോ അതല്ല, ടിക്കറ്റിന്‍റെ വില.."

"തന്നെ മൊതലാളീ തന്നെ, വെല മതിക്കാന്‍ പറ്റാത്ത ടിക്കറ്റാണിത്. ഇനിയും ഇങ്ങനെ എന്തെങ്കിലും ആവശ്യം വരമ്പോള്‍ ഞാന്‍ മൊതലാളിയെ വിളിക്കാം" "ക്ടിം"

"ഹലോ.. ഹലോ.. മൈ ഗോഡ് എന്‍റെ ഇന്‍‌ക്രിമന്‍റ്.. എന്‍റെ ജ്വാലി.."

ശുഭം

27 comments:

ബിനോയ് 17 May 2009 at 14:01  

ശുഭം

...പകല്‍കിനാവന്‍...daYdreamEr... 17 May 2009 at 14:46  

സര്‍വ ശ്രീ .. ബായക്കോടന്‍ മൊതലാളി വഹ എനിക്കും കിട്ടി മൂന്നു ഫ്രീ ടിക്കറ്റ്‌ ..
(ഹഹ ഓന്‍ കേക്കണ്ട..കായ്‌ ഇതേ വരെ കൊടുത്തിട്ടില്ല )
കലക്കി ബിനോയ്‌ ..

വാഴക്കോടന്‍ ‍// vazhakodan 17 May 2009 at 15:49  

കഥ തീര്‍ന്നിട്ടില്ല തുടരുന്നു:

" ഹലോ എമിരേറ്റ്സിന്റെ അപ്പീസല്ലേ? ഞമ്മള് ബായക്കൊടന്റെ പി എ സൂറയാണ്"

"യെസ്, വാട്ടീസ്‌ യുവര്‍ പ്രോബ്ലം?

" അള്ളാ, വാട്ടീസോന്നും ബേണ്ട പൊന്നെ അത് ഞമ്മക്ക്‌ ഹറാമാ, ഞമ്മള് ബേറെ ഒരു കാര്യം പരയാനെക്കൊണ്ട് ബിളിച്ചതാ"

"ഓക്കേ ടെല്‍ മി"

"അതേയ് ഒരു തൊടുപുഴക്കാരന്‍ ബ്ലോഗര്‍ നാല് ടിക്കറ്റ് മേന്ഗീണ്ട്, ഒനാണെങ്കില്‍ കായി ചോയിക്കുംബം കംബ്ലിപുതപ്പേ കംബ്ലിപുതപ്പേ ന്ന് പറയാ, ഓന് ബല്യ ബെളവനാന്ന ബിജാരം!ബായക്കൊടനോടാ കളി!ഓനെ ഇങ്ങളൊന്നു സൂക്ഷിചോളീട്ടോ, ഓന് പുതിയ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ചിന്താ ഡോട്ട് കോം അന്ത്യ ഡോട്ട് കൊമായി, ഓരുടെ ആപ്പീസ് പൂട്ടി. അത് പോലെ ഒനെയും ഓന്റെ കൂട്ടക്കാരെയും ഇങ്ങള് ഇങ്ങടെ വണ്ടീല് കേറ്റിയാ ഇങ്ങടെ ആപ്പീസും പൂട്ടും! അതോണ്ട് ഓന്റെ ടിക്കറ്റ് ഒക്കെ അങ്ങട് ക്യാനസലാക്കി സെറ്റില്മെന്റാക്കി ബെചാലീന്‍ അത് പറയാന്‍ ബേണ്ടി ബിളിച്ചതാ.ഓന് കായി തന്നാ ഞമ്മള് അത് ശരിയാക്കാന്‍ ബിലിക്കാം ട്ടോലീന്‍"

സൂറ ഫോണ്‍ കട്ട് ചെയ്തതും ബായക്കോടന്‍ അങ്ങോട്ട്‌ കയറി വന്നു.

"സ്വീറ്റ് ഗേള്‍, സൂറ ആ ബ്ലോഗന്റെ ടിക്കെറ്റ് ഒക്കെ ക്യാന്സലാക്കീല്ലേ?"

"ആക്കി മൊതലാളീ.."

"ആക്കിമോതലാളീയോ? ഓക്കേ ബൈ തി ബൈ, വേറെ ഒരു മൂന്നെണ്ണം കൂടി ക്യാന്‍സല്‍ ചെയ്യൂ..."

"ആരുടെയാ മൊതലാളീ?"

'അത് മറ്റൊരു ബ്ലോഗര്‍, ഏതോ കാന്റീന്‍ ജീവനക്കാരനാ, ഒരു പകല്ക്കിനാവന്‍, കിനാവത്തി, പിന്നെ ഒരു നിലാവ്! അത് കുട്ടിയാ ഓക്കേ.

" ഇപ്പൊ ക്യാന്‍സല്‍ ചെയ്യിക്കാം മൊതലാളീ..."

"പിന്നെ സൂറ, ക്യാന്‍സല്‍ ചെയ്ത വിവരം അറിഞ്ഞാല്‍ ആ ബ്ലോഗര്‍മാര്‍ അലറി വിളിക്കും. ഞാന്‍ ഒരു വിദേശ ടൂറിനു പോയി എന്ന് പറഞ്ഞേക്കൂ ഓക്കേ.

"ശരി മൊതലാളീ"

"ബൈ തി ബൈ സൂറ പോരുന്നോ ഒരു കമ്പനിക്കു?

"അള്ളോ, ഉമ്മാക്ക് ബരാനെക്കൊണ്ട് ഒഴിവുണ്ടാവില്ല! എന്നെ ഒറ്റയ്ക്ക് ഇങ്ങടെ കൂടെ ഓര് ബിടൂല്ല!"

"സില്ലി ഗേള്‍...സ്വീറ്റ് സൂറ!

പിന്നീട് ബയക്കൊടന്റെ ഓഫീസില്‍ ഫോണ്‍ ഇടതടവില്ലാതെ അടിച്ചു കൊണ്ടിരുന്നു, രണ്ടു ബ്ലോഗര്‍മാര്‍ മുട്ടി വിളിക്കുകയായിരുന്നു!
(കഥ വീണ്ടും ശുഭം!)

...പകല്‍കിനാവന്‍...daYdreamEr... 17 May 2009 at 17:13  

കള്ള ഹിമാറെ ,,, ബായക്കൊട,,, അന്റെ സൂറനെ ഇപ്പൊ ഞമ്മള് കിട്നാപ്പ്‌ ശേയ്തിരിക്കുന്നു.. ഓളെ ബിട്ടു കിട്ടണേ ഞമ്മടെ ടിക്കറ്റ് ഇയ്യ്‌ കണ്ഫെം ആക്കിക്കോ..

അല്ലെ ബിനോയ്‌..
:)

വാഴക്കോടന്‍ ‍// vazhakodan 17 May 2009 at 18:02  

"ഹലോ ഹലോ സി ഐ ഡി കുഞ്ഞിമൂസയല്ലേ? ബായക്കൊടനാണ്, ഏതോ ഒരു പകല്കിനാവന്‍ ഇന്റെ സൂറാനെ കിനാവ് കണ്ടു ഓളെ തട്ടികൊണ്ട്‌ പോകാന്‍ പദ്ധതിയിടുന്നു,"

" തട്ടികൊണ്ട്‌ പോകാന്‍ സൂറായെന്താ പന്താണാ?"

"അല്ല കുഞ്ഞിമൂസക്കാ, ഓന് ടിക്കെറ്റ് കിട്ടാത്ത കെറുവാ, ഓന്റെ കൂടെ ഒരു തൊടുപുഴ ബ്ലോഗറും ഉണ്ട്"

"ആരാത്, ആ ചിന്ത അഗ്രിഗേറ്ററിന്റെ ഫീസ്‌ ഊരിയ ആളാണോ?"

"തന്നെ തന്നെ ലവന്‍ തന്നെ, അവരെ ഒന്ന് സൂക്ഷിക്കണേ! ഇന്റെ സൂറാനെ ഞാന്‍ ഇത് വരെ ഒന്ന് കുത്തി നോവിച്ച്ചിട്ടു പോലുമില്ല! അവരെങ്ങാന്‍ തട്ടികൊണ്ട്‌ പോയാല്‍, തലശ്ശേരിക്കാര് നടത്തിയ കഫ്ടീരിയ പോലെയാകും എന്റെ സൂറ.ആ വെഷമം കൊണ്ട് വിളിച്ചതാ എന്റെ കുഞ്ഞിമൂസക്കാ!"

ശിവ 17 May 2009 at 18:21  

ജസീറ ഇതുവല്ലതും അറിയുന്നുണ്ടാവുമോ!

ശിവ 17 May 2009 at 18:27  

ഒരു കാര്യം കൂടി...അല്‍ ജസീറയില്‍ ഒരു ജൊലി തരപ്പെടുത്തി തരാമോ?

ശിവ 17 May 2009 at 18:27  

ഒരു കാര്യം കൂടി...അല്‍ ജസീറയില്‍ ഒരു ജോലി തരപ്പെടുത്തി തരാമോ?

Prayan 17 May 2009 at 19:40  

ഇതു കൊള്ളാലൊ വാഴെ...പോസ്റ്റിപ്പോള്‍ കമന്റ് പോലെ വന്നുതുടങ്ങിയോ?

ബിനോയ് 17 May 2009 at 19:57  

ഞാന്‍ സംസ്ഥാനത്തില്ലാത്തതിനാല്‍ ഗമന്‍റുകള്‍ക്ക് മറുപടി പറയാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു :)

കാപ്പിലാന്‍ 18 May 2009 at 00:05  

:) Kalakki :)

ബഷീര്‍ വെള്ളറക്കാട്‌ / pb 18 May 2009 at 13:12  

ഹ.ഹ..ഹ.. (പഴയ ഫാന്റം ചിരി )

കാൻസലാക്കിയതായാലും രണ്ട് ടിക്കറ്റ് കിട്ടിയിരുന്നെങ്കിൽ എന്നാശിച്ച് പോയി..

ബഷീര്‍ വെള്ളറക്കാട്‌ / pb 18 May 2009 at 13:32  

ഓ.ടോ :

ചിന്തക്കെന്തു പറ്റി ?

hAnLLaLaTh 18 May 2009 at 16:23  

ഞാനീ ബൂലോകത്ത് പുലികള്‍ ഉണ്ടെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ...
എനടമ്മോ ...ഇപ്പൊ കണ്ടു തൃപ്തിയായി...!!
മഹാ സംഭവങ്ങള്‍ ...
:)
...തന്നെ തന്നെ...!!

dineshkavil 18 May 2009 at 22:09  

ഈ ജസീറയ്ക്ക് എന്തു പ്രായം കാണും........... മുപ്പത്തിയെട്ടിനും ന്നാല്‍പ്പതിനുമിടയ്ക്കു ആണോ

അനില്‍@ബ്ലോഗ് 18 May 2009 at 22:24  

കൊള്ളാം,
ബായക്കോടനൊരു പുലി തന്നെ !

കാപ്പിലാന്‍ 19 May 2009 at 00:23  

അയ്യോ ഞാനിതിലിട്ട എന്‍റെ കമെന്റ് എന്തിയെ , കാണാന്‍ ഇല്ല .അതോ എനിക്ക് തോന്നിയതാകുമോ ? ഇന്നലെ ഞാന്‍ ഇതില്‍ എഴുതിയെന്നാണു എന്‍റെ ചിന്ത .അപ്പോള്‍ ചിന്തക്കെന്ത്‌ പറ്റി :)
വാഴേ :) കൂയി .

ബിനോയ് 19 May 2009 at 07:53  

പകല്‍‌മാഷേ, ഓന്‍റെ ബെരട്ടുകേട്ട് കായി കൊടുത്തേക്കല്ലേ. പഹയന്‍ മേലാല്‍ ആര്‍ക്കും ഒരുപകാരം ചെയ്യരുത്. നന്ദി :)

വാഴമൊതലാളീ, ഇനിയും ഇതുപോലുള്ള ഫ്രീ സര്‍‌വീസുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാന്‍ മടിക്കരുത് :)

ശിവ, prayan, നന്ദി :)

ബഷീര്‍‌മാഷേ, ചിന്ത കുറേസമയം തുറക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പുതിയ രൂപത്തിലേക്കു മാറാനുള്ള തയ്യാറെടുപ്പായിരുന്നു എന്നു തോന്നുന്നു നന്ദി :)

മോനേ ദിനേശാ, ഡോണ്‌ഡൂ ഡോണ്‍‌ഡൂ :)

അനില്‍ജീ, പുലിയാണെന്നാ ഓന്‍റെ ബിചാരം :)

ബിനോയ് 19 May 2009 at 07:53  

കാപ്പിലാന്‍‌മാഷേ, ഇന്നലെ ഏതായിരുന്നു ബ്രാന്‍ഡ്? ഗമന്‍റ് യഥാസ്ഥാനത്തുതന്നെ ഉണ്ട്. വായിച്ചതിനും ഞാന്‍ ജീവനോടെ ഉണ്ടോ എന്നാറിയാന്‍ വീണ്ടും വന്നതിനും നന്ദി :)

കെ.കെ.എസ് 19 May 2009 at 10:31  

kollam ...this funny post

ധൃഷ്ടദ്യുമ്നൻ 19 May 2009 at 13:34  
This comment has been removed by the author.
ധൃഷ്ടദ്യുമ്നൻ 19 May 2009 at 13:35  

ഹ ഹ ഹ ...വാഴക്കിട്ടൊരു പണി ഇവിടെ കിടപ്പുണ്ടാരുന്നോ??
ഇതിപ്പം വാഴയും ജസീറയും ചേർന്നുള്ള ഒരു കളിയാണോന്നാ എന്റെ സംശയം..:D

ബോണ്‍സ് 19 May 2009 at 14:57  

ഹ ഹ ഹ..ഇതല്ലാതെ എന്ത് പറയാന്‍?? കള്ളാ ഹിമാറുകള്‍!!

പണ്യന്‍കുയ്യി 21 May 2009 at 23:48  

ഹെന്റെ പടച്ചോനെ ഇവര്‍ക്കെല്ലാവര്‍ക്കും വട്ടായോ..? നിങ്ങളെല്ലാരും കൂടി ഇവിടെ ബ്ലോഗ്‌ഏറു നടത്തുകയാണോ ...? എല്ലാവരും ഇത് നിര്‍ത്തി തിരിച്ചു വരുന്നില്ലെങ്കില്‍ ....

അരുണ്‍ കായംകുളം 2 June 2009 at 05:49  

ഹ.ഹ..ഹ..:))

O.M.Ganesh Omanoor 26 June 2009 at 12:04  

അറിയാഞ്ഞിട്ടു ചോദിക്കുവാ​‍ാ​‍ാ.....നിങ്ങള്‍ പ്രവാസികളിങ്ങനെ എഴുതിക്കൂട്ടി ചിരിപ്പിച്ചു കൊന്നാല്‍ ഞങ്ങള്‍ക്കും ജീവിക്കേണ്ടേ....!
ഇവിടെ നമ്മുടെ കേരളത്തില്‍ പാര്‍ക്കുന്ന നര്‍മസാഹിത്യന്മാരുടെ കൃതികള്‍ വായിച്ച് കൃമി മാന്തി എണീറ്റു പോകേണ്ട ഗതിയാണു...!
നമ്മുടെ ബഷീറിക്ക (വൈക്കം) ഉണ്ടായിരുന്നേല്‍ നിങ്ങളുടെ ബ്ലോഗ് വായിച്ച് തീര്‍ച്ചയായും നിങ്ങള്‍ക്കോരോ പഴുത്ത മാങ്കൊസ്റ്റയിന്‍ കായ തന്നേനെ...!!!


അഭിനന്ദനങ്ങളുടെ പഴുത്ത വരിക്കച്ചക്കച്ചുള ഒരു നാലു പെട്ടി അയയ്ക്കുന്നു....! ഒപ്പിട്ടു വാങ്ങുമല്ലോ..!

അബ്‌കാരി 23 July 2009 at 15:20  

കൊള്ളാം മോനെ അടിപൊളി