Monday 31 August 2009

അമ്മാവന്‍‌സിന്‍‌ഡ്രം ഓണക്കാലത്ത്

ഓണക്കാലമായാല്‍ ഓര്‍മ്മകളുണരണം. ദൗത്യം മത്സരബുദ്ധിയോടെ ഏറ്റെടുക്കുന്നത് ആനുകാലികങ്ങളുടെ ഓണപ്പതിപ്പുകളാണ്. പണ്ടേപോലല്ല. കോമ്പറ്റീഷന്‍ കടുപ്പം. പത്ത് മുന്നൂറ് പേജ് നിറച്ചെടുക്കാനുള്ള് പാട് ചെറുതല്ല. കുറേ ചെറുകഥകളും ഒന്നോ രണ്ടോ നോവലുകള്‍ തന്നെയും പുതിയ പിള്ളേരോട് എഴുതിവാങ്ങാം. പക്ഷെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പഴയ മോഡല്‍ സിംഹങ്ങള്‍ തന്നെ വേണം. വിശ്രമജീവിതത്തിന്‍റെ അര്‍ദ്ധമയക്കത്തില്‍‌നിന്നും തലയും ഓര്‍മ്മയും കുടഞ്ഞുണര്‍ന്ന് അയവിറക്കല്‍ തുടങ്ങും അമ്മാവന്മാര്‍. സാഹിത്യകാരന്‍‌മാര്‍ മാത്രമല്ല കളത്തിലുള്ളത്. ജീവിതസായാഹ്നമായിട്ടും സ്വന്തമായൊരു തട്ടകം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട് "സാംസ്ക്കാരിക നായകന്‍" എന്ന ഫ്രീസൈസ് കുപ്പായത്തിന്‍റെ ബലത്തില്‍ അരി മേങ്ങി കഴിയുന്ന പ്രേതങ്ങളെയും വായനക്കാര്‍ സഹിക്കണം. ഓര്‍മ്മക്കുറിപ്പുകളുടെ അടിസ്ഥാന രസന്ത്രം പുതുതലമുറയെ പുലയാട്ട് നടത്തുകയാണെന്ന് ധരിച്ച് വശായിരിക്കുന്ന അമ്മാവന്മാരേപ്പറ്റിയാണ് പറഞ്ഞുവരുന്നത്. പഴയതെല്ലാം നന്ന് പുതിയതൊക്കെ മ്ലേച്ഛം എന്ന് പറയാതെ പറഞ്ഞുവെക്കുന്ന രീതി. വരികള്‍ക്കിടയിലെങ്ങും ഞരമ്പുകളില്‍ മായാതെ ശേഷിക്കുന്ന മാടമ്പിത്തരത്തോടുള്ള ആരാധന. പടികടന്നെത്തിയിരുന്ന കാഴ്ച്ചകളുടെ വലിപ്പത്തെപ്പറ്റി, ആനയെപ്പറ്റി, തഴമ്പിനെപ്പറ്റി ഗീര്‍‌വാണങ്ങള്‍. സാംസ്ക്കാരിക അധപ്പതനത്തെക്കുറിച്ച്, അധിനിവേശത്തേക്കുറിച്ച് മൂക്ക് പിഴിച്ചിലുകള്‍. സദാചാരഭ്രംശത്തേക്കുറിച്ചുള്ള ആശങ്കകള്‍ ചവച്ച് തുപ്പുമ്പോള്‍ മതമൗലികവാദത്തോളം ചവര്‍പ്പ്. കാലത്തിന്‍റെ മാറ്റം ഉള്‍കൊള്ളുന്നതില്‍ പരാജയപ്പെട്ട ദുരന്തങ്ങളുടെ സ്വരത്തിന് ജീവനോപാധിയേക്കുറിച്ച് ഉത്ക്കണ്ഠാകുലനായ പുരോഹിതന്‍റേതിന് തുല്യമായ തരംഗദൈര്‍ഘ്യം. അധിനിവേശപ്രധിരോധത്തിന്‍റെ അവശ്യഘട്ടങ്ങളില്‍ കാക്കാ പിടിക്കാന്‍ നടന്നതിന്‍റെ ആത്മകഥാവഴികള്‍ സൗകര്യപൂര്‍‌വ്വം മറന്നുകളയാം. അമ്മാവന്മാരുടെ ക്ഷയിച്ച കുതിരശക്തിയെക്കുറിച്ചുള്ള വിഹ്വലതകള്‍ക്കും മെനാപോസിന്‍റെ വിഭ്രാന്തികള്‍ക്കും വിലയിട്ട് വില്‍ക്കുന്ന സീസണല്‍ കച്ചവടം.

തൂലികയുടെ മാസ്മരിക സ്പര്‍‌ശത്താല്‍ ‍ മണ്ണിന്‍റെ ഗുണവും മണവും വായനക്കാരന്‍റെ സിരകളില്‍ മായാമുദ്രയായി പതിപ്പിച്ച പിതൃതുല്യരായ മലയാളത്തിലെ അനേകം എഴുത്തുകാര്‍ പൊറുക്കുക. പറഞ്ഞതത്രയും നിങ്ങളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവരെക്കുറിച്ചാണ്.
-----------------------------------------------------------------------------------
"പണ്ടത്തെ ഓണ‌ല്ലേ ഓണം കുട്ടാരേ!"
"ശര്യാമ്പ്രാ"
"ദേ പോണ ചെക്കനേതാ?"
"ഇവിടുത്തന്നെ മ്പ്രാ. പാര്‍ഗ്ഗവിപ്പെങ്ങടെ ഏഴാമത്തേത്."
"ഓള്‍‌ടെ രാമന്‍ ഇപ്പളും വരവുണ്ടോ"
"ഉവ്വ്, കഴിഞ്ഞാഴ്ചേം ചൂട്ട് കണ്ടു"
"ഓണായിട്ട് നേരമ്പോക്കൊന്നൂല്ലല്ലോ കുട്ടാരേ"
"ഓ"
"നങ്ങേലീണ്ടോ വീട്ടില്"
"ഓള് പൊറത്താമ്പ്രാ"
"കഷ്ടായി!"

20 comments:

ബിനോയ്//HariNav 31 August 2009 at 07:48  

ഇത്തവണത്തെ ഓണപ്പതിപ്പികളൊന്നും കണ്ടിട്ടില്ല എന്ന് മുന്‍‌കൂര്‍ ജാമ്യം. :)

തിരൂര്കാരന്‍ 31 August 2009 at 08:11  

മാധ്യമം ഓണപതിപ്പ് കണ്ടു. താങ്കള്‍ പരഞതില്‍ നിന്നും വിഭിന്ന മനന്നു തോനുന്നു. കുറെ നല്ല എഴുത്തുകള്‍. ആഗോള വല്കരണത്തിനെതിരെ സ്വന്തം ജീവിതം കൊണ്ട് പൊരുതുന്ന കുറെ നല്ലവരായ ആളുകളെ പരിച്ചയപെടുത്തുന്നു. ജൈവ ജീവിതങ്ങള്‍ എന്ന തലകെട്ടില്‍. പിന്നെ യുവ പത്ര പ്രവര്‍ത്തകരെ പരിചയ പെടുത്തുന്നു . പരസ്യങ്ങളുടെ വേലിയേറ്റം ഇല്ല... എന്തുകൊണ്ടും നല്ല ഒരു പുസ്തകം... കൂട്ടത്തില്‍ പറയട്ടെ വാര്‍ഷിക പതിപ്പും കൊള്ളാം....

ബിനോയ്//HariNav 31 August 2009 at 09:29  

വളരെ നല്ലത് തിരൂര്‍‌ക്കാരാ. മാദ്ധ്യമം ഓണപ്പതിപ്പിനേക്കുറിച്ച് ഇന്നലെ ഇന്ത്യാവിഷനില്‍ ജയശങ്കര്‍ പരാമര്‍ശിച്ച് കണ്ടിരുന്നു. എന്‍റെ മുന്‍‌കാല വായനാനുഭവങ്ങളാണ് ഈ കുറിപ്പിന് പ്രേരകം. നന്ദി :)

രഞ്ജിത് വിശ്വം I ranji 31 August 2009 at 10:17  

മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമേയുള്ളൂ എന്ന് മാവേലി പറഞ്ഞില്ലെങ്കിലും അതൊരു സത്യമല്ലാതാകുന്നില്ലല്ലോ. ലോകവും മനുഷ്യരും മാറുമ്പോള്‍ ഓണം മാത്രം മാറാതിരിക്കുമോ. ആഘോഷങ്ങളുടെ സ്വഭാവത്തിലെ മാറ്റമല്ല, ഓണം പകര്ന്നു തരുന്ന "എല്ലാരും ഒന്നുപോലെ"യെന്ന സോഷ്യലിസ്റ്റ് ആശയത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യേണ്ടത് എന്നു തോന്നുന്നു.പുകള്‍ പെറ്റ സാസ്കാരിക പുംഗവന്മാര്‍ക്കൊന്നും അതിനു നേരമില്ലെന്നു തോന്നുന്നു.
ഓണാശംസകള്‍..

VEERU 31 August 2009 at 13:06  

ഹോ...ഒരു കൊട്ട് കൊടുത്തൂലോ...എന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു എന്നു പറയണ കെളവന്മാർക്ക് തലമണ്ടക്കിട്ടു തന്നെ...ഓണാശംസകളും നേരുന്നു..!!

വാഴക്കോടന്‍ ‍// vazhakodan 31 August 2009 at 15:56  

പകല്‍കിനാവന്റെ കയ്യില്‍ മാധ്യമം ഓണപ്പതിപ്പ് കണ്ട് ഞാന്‍ ചോദിച്ചതാ, ദുഷ്ടന്‍ തന്നില്ല :(
എങ്കിലും നല്ല നല്ല രചനകള്‍ അതില്‍ അടങ്ങിയിട്ടുണ്ട് എന്നു മനസ്സിലായി.
നിന്റെ ജാമ്യം ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു :)
എന്ത് കാണായിരുന്നു?
“നിന്റെ കയ്യീന്ന് ഓണപ്പതിപ്പു വാങ്ങി വായിക്കുന്നത് :)

ഓണാശംസകള്‍

Typist | എഴുത്തുകാരി 31 August 2009 at 16:07  

ഇക്കൊല്ലത്തെ ഒരോണപ്പതിപ്പും വായിച്ചിട്ടില്ല. മാദ്ധ്യമത്തേപ്പറ്റി ഇവിടെ ഒന്നുരണ്ടു പേര്‍ പറഞ്ഞിട്ടുണ്ടല്ലോ. ബാക്കിയൊക്കെ എങ്ങനെയാണാവോ?

വയനാടന്‍ 31 August 2009 at 21:12  

തല്ലവിടെ നിൽക്കട്ടേ
ഹ്രുദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

Unknown 1 September 2009 at 14:56  

“ഇത്തവണത്തെ ഓണപ്പതിപ്പികളൊന്നും കണ്ടിട്ടില്ല എന്ന് മുന്‍‌കൂര്‍ ജാമ്യം“
ബിനോയ്, അതേതായാലും നന്നായി.
ഓണം ഏതായാലും ഉഷാറാകട്ടെ...

വികടശിരോമണി 1 September 2009 at 18:34  

കൈകൊട്,ബിനോയ്.:)
ഇക്കാര്യം പറഞ്ഞിട്ടും എഴുതീട്ടും ഗുണമില്ലെന്നു തോന്നി നിർത്തീതാണ്.ഈ പോസ്റ്റ് കണ്ടിരുന്നുവോ?
http://vikatasiromani.blogspot.com/2009/05/blog-post.html

ഈ ഓണത്തിനും ബ്ലോഗുലകത്തിലെ മൂപ്പിത്സ് ഇറങ്ങീട്ടുണ്ട്,പുറം നിറയെ കണ്ണിരൊലിപ്പിച്ച്.
ഓണപ്പതിപ്പുകളുടെ പഴയ ഫ്ലേവറുകൾ മാറിവരുന്നത് സന്തോഷപ്രദം.

Seema Menon 1 September 2009 at 18:50  

:)

Calvin H 2 September 2009 at 06:23  

ഓർ‌മയിലെ ഓണത്തിലെ മാങ്ങാത്തൊലി എന്നും പറഞ്ഞ് പാവം പിള്ളാരെ സെന്റി അടിപ്പിക്കാൻ അമ്മാവൻ സിൻഡ്രോംകാർ എറങ്ങിക്കോളും. ബിനോയിയുടെ അവസാനത്തെ പാര പറയുന്നുണ്ട് എല്ലാം.

പറയാനുള്ളത് പണ്ട് വികടശിരോമണിയിൽ കമന്റായി ഇട്ടത് കാരണം ആവർത്തിക്കുന്നില്ല.

അഭിനന്ദനങ്ങൾ!

Suraj 2 September 2009 at 07:15  

ഗലഗ്ഗി !

ബിനോയ്//HariNav 2 September 2009 at 10:31  

രഞ്ജിത്ത്, വീരു, വായനക്ക് നന്ദി :)

വാഴേ, ഞാന്‍ കഷ്ടി രക്ഷപെട്ടു :)

എഴുത്തുകാരി, ഇത്തവണ "മാദ്ധ്യമം" കയറി ഹിറ്റായി എന്ന് തോന്നുന്നു അല്ലേ? നന്ദി :)

വയനാടന്‍, ഉഗ്രന്‍ ഓണാശംസകള്‍ ഞാനും നേരുന്നു. നന്ദി :)

ഏകലവ്യന്‍, വരവിന് നന്ദി. ഓണാശംസകള്‍ :)

സീമാജി, വായനക്ക് നന്ദി :)

വികടശിരോമണി, താങ്കളുടെ പോസ്റ്റ് ഞാന്‍ വായിച്ചതാണ്. കമന്‍റുകയും ചെയ്തിരുന്നു. വിശദവും കൃത്യവുമായ നിരീക്ഷണങ്ങളഅയിരുന്നു അത്. വായനക്ക് നന്ദി :)

കാല്‍‌വിന്‍, സൂരജ്, നന്ദി :)

ധനേഷ് 2 September 2009 at 22:20  

രസിച്ചു.. ഇതേ അഭിപ്രായം മുന്‍പ് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ഓണപ്പതിപ്പുകള്‍ ഒക്കെ വായിക്കുന്നത് കുറവാണ്, കിട്ടുന്ന്ത് തന്നെ സെലക്റ്റീവ് വായനയേ ഉള്ളൂ..

താങ്കളുടെ ശൈലി എനിക്ക് വലിയ ഇഷ്ടമാണ്. അധികം കമന്റാറില്ലെങ്കിലും പോസ്റ്റുകലൊക്കെ വായിക്കാറുണ്ട്.. :-)

ഓണാശസകള്‍..

പകല്‍കിനാവന്‍ | daYdreaMer 3 September 2009 at 09:58  

ഇതൊക്കെ കച്ചവടം അല്ലെ ബിനോയ്‌. സമയമാകുമ്പോള്‍ എന്തെങ്കിലും തട്ടികൂട്ടി ഇറക്കണം. പക്ഷെ മാധ്യമം ഇത്തവണ അല്പം വേറിട്ട്‌ നില്‍ക്കുന്നു എന്ന് തോന്നി. കുറിപ്പ് നന്നേ രസിച്ചു :)

അനോണി ആന്റണി 5 September 2009 at 12:13  

ഒരു കമന്റു വഴി ക്ലിക്കി വന്നെത്തിയതാ ഞാന്‍.

സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളെ ഒന്ന് കൊഴുപ്പിക്കുന്ന പരിപാടി തന്നെ ഈ ഓണം ഓണം എന്നു പറയുന്നത് എന്നു തോന്നുന്നു ബിനോയിയേ.

എല്ലാവരും എന്നും ചെയ്യുന്നത് ഓണത്തിനു ശകലം കൂടുതല്‍ ചെയ്യും.
കുടിയന്മാരു കൂടുതല്‍ കുടിക്കും തീറ്റക്കാരു കൂടുതല്‍ തിന്നും, പിരിവുകാരു കൂടുതല്‍ പിരിക്കും. എഴുത്തുകാരു സ്വല്പ്പം കൂടുതല്‍ എഴുതും, ചാനലുകാരു കൂടുതല്‍ ഇന്റര്‌വീലും സിനിമേം കാണിക്കും.

അമ്മാച്ചന്മ്മാരു കൂടുതല്‍ പൊങ്ങച്ചം പറയും. കൊഴപ്പം ഇപ്പ ഇപ്പ ആളുകള്‍ അതങ്ങു വിശ്വസിച്ച് രസിക്കുന്നൂന്നുള്ളതാ. "എഴിച്ചു പോടേ കരുവാട് കെളവാ" എന്ന് പറയുന്നതിനു പകരം അയാടെ ദ്രോഹപൂര്‍ണവും തെമ്മാടിത്തം നിറഞ്ഞതുമായ കല്ലുവച്ച ചരിത്രമെല്ലാം കേട്ട് ചാളുവ ഒലിപ്പിച്ചു ടീവീടെ മുന്നിലോ എറായത്തോ നില്‍ക്കാന്‍ ആളുണ്ട് ഇപ്പോള്‍, ഏത്.

ബിനോയ്//HariNav 8 September 2009 at 11:49  

ധനേഷ്, പകലാ നന്ദി :)

കറക്റ്റ് അന്തോണച്ചാ. സത്യമെന്തെന്ന് തേടിപ്പിടിച്ചറിയുന്നവനേ ഇപ്പം ചൊറിച്ചിലുണ്ടാകൂ. നന്ദി :)

കാട്ടിപ്പരുത്തി 9 September 2009 at 11:14  

രണ്ട് പുസ്തകങ്ങളില്‍ നിറയുന്ന പരസ്യങ്ങള്‍ക്കിടയില്‍ ഒരാവര്‍ത്തനം പോലൊരു വായന

എതിരന്‍ കതിരവന്‍ 13 September 2009 at 20:09  

മാ‍ാതൃഭൂമി ഓണപ്പതിപ്പ് നോക്കി. 20 മുതൽ 94 പേജ് വരെ വി. ആർ. സുധീഷിനു മറ്റു എഴുത്തുകാരിൽ നിന്നും കിട്ടിയ എഴുത്തുകളുടെ വിവരണവും ഗദ്ഗദങ്ങളും. മലയാളസാഹിത്യചരിത്രത്തിന്റെ നിർണ്ണായകമുഹൂർത്തങ്ങൾ വല്ലോം മിസ് ചെയ്യുമോ എന്നു വിചാരിച്ച് മുഴുവൻ വായിച്ച എന്നെ വേണം പറയാൻ!
എഡിറ്റർമാർ സാഹിത്യകാർന്മാരോട് പറയുന്നത് ‘അനെക്ഡോട്സ്” വല്ലതും എഴുതി അയയ്ക്കാനാണ്. അല്ലെങ്കിൽ ഇന്റെർവ്യൂ. “ എന്റെ കൊച്ചിലേ എന്നാ വെള്ളപ്പൊക്കമായിരുന്നു..” എന്നൊക്കെ എഴുത്തുകാരെക്കൊണ്ടു പറയിപ്പിക്കാൻ അഭിമുഖക്കാരും.