Sunday, 4 October 2009

തേക്കടി, ചില സുരക്ഷാ വിചാരങ്ങള്‍

എത്രയോ കുടും‌ബങ്ങളെ കണ്ണീരിലാഴ്ത്തി എത്രയോ ജീവിതങ്ങളെ അനാഥമാക്കി വീണ്ടുമൊരു ദുരന്തം! തേക്കടിയില്‍ സം‌സ്ഥാനത്തിന്‍റെ അതിഥികളായെത്തിയ നാല്പ്പതില്‍‌പ്പരം വിനോദസഞ്ചാരികളെ നമുക്ക് തിരികെ യാത്രയാക്കാനായില്ല. ദുരന്തത്തിന്‍റെ "ആദ്യ ദൃശ്യങ്ങള്‍" പ്രേക്ഷകരിലെത്തിക്കാനുള്ള ചാനല്‍ മത്സരം വിജയിയാരെന്നറിയാതെ പര്യവസാനിച്ചു. ചര്‍ച്ചകളും അന്വേഷണങ്ങളും തുടരുന്നു. സെക്രട്ടറിയേറ്റിലെ അലമാരകളിലേക്ക് മുതല്‍‌കൂട്ടാനായി പതിവുപോലെ സര്‍ക്കാര്‍ ലജ്ജയേതുമില്ലാതെ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അതിനായി ചെലവഴിക്കാന്‍ പോകുന്ന അനേകലക്ഷങ്ങള്‍ പഴയകാല അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ചിലതെങ്കിലും നടപ്പാക്കാന്‍ ഉപയോഗിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

ലൈഫ് ജാക്കറ്റിന്‍റെ അഭാവം, ഡ്രൈവറുടെ പരിചയക്കുറവ്, യാത്രക്കാരുടെ നീക്കങ്ങള്‍, ബോട്ടിന്‍റെ ഡിസൈന്‍ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ അപകടത്തിനിടയാക്കിയതായി വിലയിരുത്തപ്പെടുന്നുണ്ട്. ദാ ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ KTDCയുടെ ബോട്ടുകളില്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കും എന്ന് ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രഖ്യാപനം. ജലഗതാഗത വകുപ്പിന്‍റെയും വനം വകുപ്പിന്‍റെയും ബോട്ടുകളില്‍ സഞ്ചരിക്കുന്നവര്‍ എങ്ങനെയും പണ്ടാറടങ്ങട്ടെ! സമഗ്രമായ ഒരു സുരക്ഷാ സം‌സ്ക്കാരത്തിന്‍റെ അനിവാര്യതയിലേക്കാണ് ഇത്തരം ദുരന്തങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഗതാഗതം, തൊഴില്‍, ആരോഗ്യം എന്നു വേണ്ട, സമസ്ത മേഖലകള്‍ക്കും അനുബന്ധമായി മനുഷ്യജീവന്‍റെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കാനുതകുന്ന ഒരു സം‌വിധാനവും അതോടനുബന്ധിച്ചുള്ള കാര്യക്ഷമമായ ബോധവല്‍ക്കരണപരിപാടികളുമാണ് ഇന്നിന്‍റെ ആവശ്യം. ഏതെങ്കിലും ഒരു മേഖലയെ അടര്‍ത്തിമാറ്റി അവിടെ മാത്രം സുരക്ഷ ഒരുക്കുക പ്രായോഗികമായ ആശയമല്ല. "സുരക്ഷ" അനായാസമായി ഓസില്‍ ഒപ്പിക്കാവുന്ന ഒരു സൗകര്യവുമല്ല. കെട്ടിടത്തിന് സിമന്‍റും കമ്പിയും പോലെ, ബസിന് ടയറും പെട്രോളും പോലെ അതാത് സാഹചര്യത്തിന് അവശ്യവും അനുയോജ്യവുമായ സുരക്ഷാസം‌വിധാനങ്ങള്‍ക്കും സുപ്രധാനമായ ഇടം ലഭിക്കേണ്ടതുണ്ട്. ഇതൊന്നും ഒരു സങ്കല്പ്പമല്ല. വികസിതരാജ്യങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്ന നമ്മില്‍ പലരും അനുഭവിച്ച് പരിചയിച്ചതാണത്. പക്ഷെ ഇക്കാര്യത്തില്‍ അന്ധമായ ഒരനുകരണം ഇന്ത്യ പോലെ ഒരു രാജ്യത്തില്‍ പ്രായോഗികമല്ല എന്നതും അം‌ഗീകരിക്കേണ്ടതുണ്ട്. 9/11 ആക്രമണത്തിന് ശേഷം അമേരിക്കക്കാരന്‍റെ സുരക്ഷാമുന്‍കരുതലുകള്‍ സംശയരോഗത്തോളം വളര്‍ന്നിരിക്കുന്നതായാണ് കേള്‍ക്കുന്നത്. അത്തരം നടപടികള്‍ നമ്മുടെ നാട്ടില്‍ നടപ്പാക്കാനൊരുമ്പെടുന്നത് പരാജയത്തിലേ കലാശിക്കൂ. തൊഴില്‍ ഗതാഗതം പോലുള്ള മേഖലകളില്‍ സുരക്ഷക്കായി ചെലവഴിക്കപ്പെടുന്ന വിഭവങ്ങളുടെ അളവില്‍ വികസ്വര രാജ്യങ്ങള്‍ മിതത്വം പാലിക്കാന്‍ നിര്‍ബന്ധിതരായേക്കും. പരിമിതികള്‍ വേറേയുമുണ്ട്. ഉദാഹരണത്തിന് വാഹനാപകടങ്ങള്‍ തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ പങ്ക് വഹിക്കുന്ന സ്പീഡ് റഡാറുകള്‍ സ്ഥിരമായി കേരളത്തിലെ റോഡുകളില്‍ സ്ഥാപിക്കുന്നത് ഒന്നാലോചിച്ച് നോക്കൂ. ഇരുട്ടിവെളുക്കുമ്പോള്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയായിരിക്കും എന്നത് മൂന്നുതരം. അറ്റകുറ്റപ്പണി നടക്കുന്ന പാതകളിലും ട്രാഫിക് നിയന്ത്രണത്തിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മിത താല്‍‌ക്കാലിക ഡിവൈഡറുകളും കോണുകളും പോലും വൈകുന്നേരങ്ങളില്‍ പെറുക്കി മാറ്റി സൂക്ഷിക്കുന്നത് ട്രാഫിക്ക് പോലീസിന്‍റെ ഒരു പ്രധാന ജോലിയാണ് നാട്ടില്‍.

ഇനി പൊങ്ങുമ്മൂടന് ഇതിലെന്തു കാര്യം എന്നല്ലേ. തേക്കടി തടാകത്തിന്‍റെ അങ്ങേക്കരയിലെങ്ങോ ഈ ബ്ലോഗാസുരന്‍ തവളച്ചാട്ടം നടത്തിയപ്പോഴുണ്ടായ തിരമാലകളില്‍ ആടിയുലഞ്ഞാണ് ബോട്ട് കീഴ്മേല്‍ മറിഞ്ഞത് എന്ന് ആരോപിക്കാന്‍ തീര്‍ച്ചയായും ഞാനുദ്ദേശിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെതായി ഒരു മലയാളി പരിഷയുടെ ആത്മരോദനങ്ങള്‍ എന്ന പേരില്‍ തേക്കടി ദുരന്തമുണ്ടായ അതേ നാളില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് തലക്കെട്ടിന് പ്രചോദനം. പഴയ ബര്‍‌ണാഡ്ഷാ വചനം, "ജനാധിപത്യത്തില്‍ സമൂഹത്തിന് അവനര്‍ഹിക്കുന്ന സുരക്ഷാസം‌വിധാനങ്ങളേ ലഭിക്കൂ" എന്ന് തിരുത്തിവായിക്കാന്‍ പ്രേരിപ്പിച്ചു ആ കുറിപ്പ്. തനിക്കും തന്‍റെ കുടും‌ബത്തിനും മാത്രം അവകാശപ്പെട്ടതും നിയന്ത്രിതമായ താപനിലയില്‍ സദാ സൂക്ഷിക്കപ്പേടേണ്ടതുമായ തന്‍റെ മനോഹര തലമണ്ടയില്‍ ഹെല്‍‌മറ്റിന്‍റെ വൈരൂപ്യം നിര്‍ബന്ധപൂര്‍‌വ്വം അടിച്ചേല്പ്പിച്ച കോടതിയോടും അതേ നിയമം നടപ്പാക്കാന്‍ റോഡിലിറങ്ങിയിരിക്കുന്ന പോലീസിനോടും കടുത്ത രോഷത്തിലാണ് പൊങ്ങൂസ്. സമൃദ്ധമായ വിവേകത്തിനും സമ്പന്നമായ സാമാന്യബുദ്ധിക്കും ഉടമയാണ് പൊങ്ങുവെന്ന് അദ്ദേഹത്തിന്‍റേ രചനകളില്‍‌നിന്ന് ബൂലോകര്‍ക്ക് അറിവുള്ളതാണ്. അദ്ദേഹത്തിന്‍റെ നൂറുകണക്കായ ഫോളോവര്‍ കുഞ്ഞാടുകളില്‍ ഒരുവനാണ് ഈയുള്ളവനും. എങ്കിലും അദ്ദേഹത്തിന്‍റെ കാഴ്ച്ചപ്പാടുകള്‍ ഒരു സൂചകമായെടുത്താല്‍ സുരക്ഷസം‌വിധാനങ്ങളേക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള തീര്‍ത്തും അനാരോഗ്യകരമായ ഒരു മനോഭാവമാണ് തെളിഞ്ഞുവരിക. ഒരുപക്ഷെ പൊങ്ങുമ്മൂടന്‍ ഉദ്ദേശിച്ച വിഷയമല്ല അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് എന്ന് തോന്നുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ജനത്തിന്‍റെ ചെറിയ നിയമ നിഷേധങ്ങള്‍ കര്‍ശനമായി നേരിടപ്പെടുമ്പോഴും കൂടുതല്‍ ഗൗരവമുള്ള തങ്ങളുടെ ചുമതലകളില്‍നിന്നും ഒളിച്ചോടുന്ന സര്‍ക്കാര്‍ സം‌വിധാനങ്ങളൊടുള്ള പ്രതിഷേധമാകാം പൊങ്ങു പ്രകടിപ്പിച്ചത്.

പറഞ്ഞുവന്നതിനെ ഇങ്ങനെ ചുരുക്കാം. ഫലപ്രദമായ ഒരു 'Safety Culture" രൂപപ്പെടുത്താന്‍ നിയമിര്‍മ്മാണമടക്കമുള്ള നടപടികള്‍ അനിവാര്യം. സുരക്ഷാ സം‌വിധാനങ്ങള്‍ ഒരു കഷായമാണ്. അതിന് പാല്‍‌പ്പായസത്തിന്‍റെ മധുരം വേണമെന്ന വാശി നമ്മള്‍ ഉപേക്ഷിക്കേണ്ടതുമുണ്ട്. NIFEകളില്‍ അടവെച്ച് വിരിയിച്ചെടുക്കുന്ന സുരക്ഷാ ആപ്പീസറമ്മാരെ കൊഞ്ചിനും കുരുമുളകിനുമൊപ്പം വിദേശത്തേക്ക് കയറ്റി അയക്കാതെ നാട്ടില്‍‌തന്നെ ഉപയോഗപ്പെടുത്തുന്ന കാര്യം ചിന്തിച്ച് തുടങ്ങുകയുമാകാം.

കുറിപ്പ്:ഒരു പാണ്ടിലൊറിക്കും വിട്ടുകൊടുക്കാതെ നര്‍മ്മത്തിന്‍റെ അക്ഷയഖനിയായ തന്‍റെ സുന്ദര ശിരസ്സ് ഹെല്‍മറ്റണിഞ്ഞ് സുര്‍ക്ഷിതമാക്കാന്‍ പൊങ്ങുമ്മൂടന്‍ കമന്‍റിലൂടെ (അദ്ദേഹത്തിന്‍റെ ബ്ലോഗില്‍) സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുന്നു.

17 comments:

ബിനോയ്//HariNav 4 October 2009 at 09:01  

എത്രയോ കുടും‌ബങ്ങളെ കണ്ണീരിലാഴ്ത്തി എത്രയോ ജീവിതങ്ങളെ അനാഥമാക്കി വീണ്ടുമൊരു ദുരന്തം!

Anonymous 4 October 2009 at 10:05  

You Said it.

Tomorrow anybody(Pongans !!) may say "see there are lot of wrong doings,crime etc going on, so I will not stop in RED signal while driving.why I should follow the rule"...these type of arguements/attitude are the exact reason for a Society never improve/progress

രഞ്ജിത് വിശ്വം I ranji 4 October 2009 at 12:05  

അമ്മേ.. തലക്കെട്ടിനേക്കാള്‍ വലിയ ഡാങ്ക്സ് കണ്ടു ഞെട്ടിപ്പോയി. ഇതൊക്കെ ഒരു സ്നേഹമല്ലേ ബിനോയീ.. ബൂലോകം നല്കിയ സ്നേഹം.. നന്ദി സാധാരണ നോം ദ്ര്യവ്യമായാണ് സ്വീകരിക്കാറ്. :)

പോങ്ങുമ്മൂടന്റെ ലേഖനം വായിച്ചപ്പോള്‍ ഈ വികാരം എനിക്കും തോന്നി. ഉദ്ദേശം നല്ലതാണെങ്കിലും അത് പറയാന്‍ സ്വീകരിച്ച രീതി തെറ്റിദ്ധാരണ പരത്തുന്നതായി എന്നെനിക്കും തോന്നിയിരുന്നു.
പിന്നെ അവരൊക്കെ ബൂലോക പുലികളല്ലേ.. ഈ പാവപ്പെട്ടവന്റെ ചാളയിലൊന്നും ഒരിക്കല്‍ പോലും വരാത്തവര്‍ അതിനാല്‍ കമന്റിയില്ല..

കൊച്ചുതെമ്മാടി 4 October 2009 at 20:12  

പൊങ്ങു ഇപ്പോള്‍ നിലനില്‍ക്കുന്ന പല സംവിധാനതോടുമുള്ള പ്രതിഷേതാത്മകമായ അഭിപ്രായങ്ങള്‍ പറഞ്ഞ
രീതി, വേണ്ടത്ര തരത്തില്‍ വിനിമയം ചെയ്യപെട്ടില്ല എന്നാ എനിക്ക് തോനുന്നെ....
പോലീസ് ചെക്കിംഗ് ഇല്ല എങ്കില്‍ ഇപ്പോള്‍ എത്ര ആളുകള്‍ ഹെല്മെത്റ്റ് ധരിക്കും, ഭൂരിപക്ഷം ധരിക്കുന്നവരുടെ കൂട്ടത്തില്‍ ആണെങ്ങില്‍ ഈ ചെക്കിങ്ങിന്റെ ആവശ്യം വരില്ലലോ....


ഓരോ ദുരന്ധം ഉണ്ടാവുമ്പോഴും കേള്‍കാം പുതിയ കുറെ നയങ്ങള്‍, ചിട്ടകള്‍, നിയമങ്ങള്‍...
കാലക്രമേണ അതും....അങ്ങനെ അങ്ങനെ....

ബിനോയ്//HariNav 5 October 2009 at 07:42  

Anony, Thanks for the visit. No point in blaming any individual. We are all part of the same socoety. :)

രഞ്ജിത്ത്‌ജി, അത്തരം മുന്‍‌വിധികളുടെ കാര്യമില്ല എന്നാണ് തോന്നുന്നത്. അവരൊക്കെയും നുമ്മളെ പോലെതന്നെ മനുഷമ്മാരല്ലേ :)

കൊച്ചുതെമ്മാടി, പൊങ്ങുവിന്‍റെ രചനാചാതുരിയോ സ്വഭാവവൈകല്യങ്ങളോ വിലയിരുത്താന്‍ ഞാനുദ്ദേശിച്ചിട്ടില്ല. വിരസമായ വിഷയം, കുത്തിക്കുറിച്ച് വന്നപ്പോള്‍ പൊങ്ങുമ്മൂടന്‍റേ കുറിപ്പ് ഓര്‍മ്മ വന്നു. ഭേദപ്പെട്ട ഒരു crowd puller ആയ അദ്ദേഹത്തെ കൂടി തൊട്ടുപോയാല്‍ പത്തുപേര്‍ കൂടുതല്‍ വായിക്കുമല്ലോ എന്ന് സാമാന്യബുദ്ധിയും. സുരക്ഷാ സം‌സ്ക്കാരം ആണ് വിഷയം, പൊങ്ങുമ്മൂടനല്ല എന്ന് ചുരുക്കം. നന്ദി :)

പോങ്ങുമ്മൂടന്‍ 5 October 2009 at 08:02  

" തേക്കടി, പോങ്ങുമ്മൂടന്‍..” !! അര്‍ത്ഥവത്തായ തലക്കെട്ട്. തേക്കടി ഭൂമിമലയാളത്തിന്റെ / ഭൂലോകത്തിന്റെ ദുരന്തമായപ്പോള്‍ ‘പോങ്ങുമ്മൂടന്‍’ ബൂലോഗത്തിന്റെ ദുരന്തം.
സ്നേഹിതാ..

എന്റെ കുറിപ്പിനെ വിവരദോഷമായി കാണുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ പോസ്റ്റ്
‘ഹെല്‍മെറ്റ് വയ്ക്കില്ല എന്ന എന്റെ ധാര്‍ഷ്ട്യം‘ ബൂലോഗത്തെ അറിയിക്കാനുള്ള ശ്രമമായി മനസ്സിലാക്കുന്നതില്‍ നിരാശയുണ്ടെന്നുമാത്രം പറയുന്നു.

കുറച്ചുകാലം മുന്‍പ് ഹെല്‍മെറ്റ് കേരളത്തില്‍ നിര്‍ബന്ധമാക്കി സമയത്ത് തിരുവനന്തപുരത്ത് 300 രൂപ മുതല്‍ ലഭിക്കുന്ന ഐ.എസ്.ഐ മുദ്രയില്ലാത്തെ ഹെല്‍മെറ്റ് വാങ്ങി പലരും ഉപയോഗിച്ചു. പിന്നീട് പോലീസ് ‘ഐ.എസ്.ഐ’ മുദ്രയില്ലാത്ത ഹെല്‍മെറ്റിന് പെറ്റി അടിച്ചു തുടങ്ങിയപ്പോള്‍ തകരപ്പറമ്പ് റോഡില്‍ ഐ.എസ്.ഐ’ മുദ്ര പതിപ്പിച്ചു കൊടുക്കുന്ന ‘സ്ഥാപനം‘ അതിന് പരിഹാരമുണ്ടാക്കി. ഇത്തരം ഹെല്‍മെറ്റിന് എന്തു സുരക്ഷയാണ് നല്‍കാനാവുക? ആരാണ് നിലവാരയോഗ്യമല്ലാത്ത ഹെല്‍മെറ്റ് വില്‍ക്കരുതെന്ന് നിര്‍ദ്ദേശിക്കേണ്ടത്? പുതുതായി വാങ്ങുന്ന ഇരുചക്രവാഹനത്തോടൊപ്പം നിലവാരയോഗ്യമായ ഹെല്‍മെറ്റും കൂടി നല്‍കിയിരുന്നെങ്കില്‍ എത്ര മാത്രം പ്രയോജനപ്രദമാകുമായിരുന്നു. എന്തുകൊണ്ടാണ് പിന്‍‌സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാത്തത്? അവരുടെ ജീവനു വിലയില്ലേ? ടീവീലര്‍ അപകടത്തില്‍ പെട്ടാല്‍ കൂടുതല്‍ അപകടസാധ്യത പിന്‍‌സീറ്റ് യാത്രക്കാരനാണെന്നാണ് കേട്ടറിവ്. ഇവിടെ പിന്നിലിരിയ്ക്കുന്നവര്‍ പോലീസ് പരിശോധനയില്‍ പെടുന്നില്ല. സ്ത്രീജനങ്ങള്‍ ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ അവരെ പോലീസ് കണ്ടതായി നടിയ്ക്കാറില്ല. ഒപ്പം സ്ത്രീയെ പിന്നിലിരുത്തി ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്ന പുരുഷനു നേരെയും പോലീസിന്റെ കൈകള്‍ നീളുന്നില്ല.

ഞാന്‍ പറഞ്ഞത് നിയമ നടപ്പിലാക്കാനുള്ള ത്വരയോ, പൊതുജനത്തിന്റെ ജീവനേക്കുറിച്ചുള്ള ഉത്കണ്ഠയോ ഒന്നുമല്ല പോലീസിന്റെ ഹെല്‍മെറ്റ് വേട്ടയ്ക്കു പിന്നില്‍ എന്നാണ്. അതും ഒരു ചടങ്ങുമാത്രം. ടാര്‍ജറ്റ് അച്ചീവ് ചെയ്യാനുള്ള അവരുടെ പെടാപ്പാട് മാത്രം.

ദയവായി ഈ വിഷയത്തെ മറന്നേക്കുക. ഇത്തരമൊരു പോസ്റ്റ് കുറിച്ചുപോയതിലുള്ള ദു:ഖം ഞാന്‍ രേഖപ്പെടുത്തുന്നു. മേലില്‍ ആവര്‍ത്തിക്കാതെ നോക്കാം. എല്ലാവരും എന്നോട് ക്ഷമിക്കുക.

പ്രിയ അനോണി: താങ്കള്‍ക്കെന്നോടുള്ള നീരസം അതിന്റെ എല്ലാ ശക്തിയോടെയും ഞാന്‍ അറിയുന്നു. ഒരു ട്രാഫിക് നിയമവും തെറ്റിച്ച് ഞാന്‍ വാഹനമോടിയ്ക്കാറില്ല. എന്റെ ബൈക്ക് 40 കി.മീ.-നു അപ്പുറത്തേയ്ക്കൊരു വേഗതയില്‍ ഞാന്‍ ഓടിച്ചിട്ടില്ല. പത്തുവര്‍ഷത്തെ ഡ്രൈവിംഗ്/റൈഡിംഗ് ജീവിതത്തില്‍ ഒരാള്‍ക്കു പോലും ഞാന്‍ അപകടമോ ഭയമോ ഉണ്ടാക്കുന്ന വിധം വാഹനത്തെ നിയന്ത്രിച്ചിട്ടില്ല. നന്ദി.

പ്രിയ രഞ്ജിത് വിശ്വം : ദയവായി താങ്കളെന്നെ പുലി ഗണത്തില്‍ പെടുത്തരുതേ.. എന്റെ ഉദ്ദേശത്തെ താങ്കള്‍ മാനിച്ചതില്‍ സന്തോഷമുണ്ട്. പറഞ്ഞ രീതി തെറ്റിദ്ധാരണ ഉണ്ടാക്കും വിധമായി പോയെന്നു മാത്രം. അതെന്റെ ദൌര്‍ഭാഗ്യം. നന്ദി സ്നേഹിതാ..

കൊച്ചുതെമ്മാടി : വളരെ സന്തോഷം.

ബിനോയ്//HariNav 5 October 2009 at 08:49  

പൊങ്ങുമ്മൂടന്‍, വരവിന് നന്ദി. താങ്കളെ ഏതെങ്കിലും തരത്തില്‍ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. താങ്കള്‍‌ക്കും ഞാനടക്കമുള്ള പൊതുസമൂഹത്തിനും, അസൗകര്യമുണ്ടാക്കുന്ന സുരക്ഷാ‌മുന്‍‌കരുതലുകളോട് അല്പം അസഹിഷ്ണുത ഉണ്ട് എന്ന സത്യം ചൂണ്ടിക്കാണിക്കുകയായിരുന്നു ലക്ഷ്യം. താങ്കള്‍ ഉദ്ദേശിച്ച വിഷയം എവിടെയോ വഴുതിപ്പോയി എന്ന സം‌ശയം ഞാനും പറഞ്ഞിരുന്നു. പോലീസിന്‍റെ നടപടികളേക്കുറിച്ച് താങ്കള്‍ പറഞ്ഞതിനോടത്രയും യോജിപ്പാണുള്ളത്. എങ്കിലും ഹെല്‍‌മറ്റ് ധരിക്കില്ല എന്ന പ്രഖ്യാപനം കണ്ടപ്പോള്‍ ചെറുതായൊരു കല്ലുകടി തോന്നി. അതുകൊണ്ടാണ് ദുരന്തത്തേക്കുറിച്ച് എഴുതി വന്നപ്പോള്‍ സന്ദര്‍‌ഭവശാല്‍ താങ്കളുടെ കുറിപ്പും പരാമര്‍‌ശിക്കപ്പെട്ടത്. പിന്നെ ഈ തലക്കെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് ഞാന്‍ ഒര്‍‌ക്കേണ്ടിയിരുന്നു.. വിവരക്കേടിന്‍റെ അസ്ക്കിത അല്പം ജാസ്തിയാണ്. ഈ കുഞ്ഞാടിനോട് ക്ഷമി.. ദേ മാറ്റി.

രഞ്ജിത് വിശ്വം I ranji 5 October 2009 at 10:23  

@ പോങ്ങുമ്മൂടന്‍
ക്ഷമിക്കണം സാര്‍ .. എന്റെ ബ്ലോഗ് വഴി താങ്കള്‍ വരാത്തതിലുള്ള അമര്ഷം പ്രകടിപ്പിക്കാന്‍ ഒരു കമന്റിട്ടതല്ല. കമന്റിലൂടെയും മെയില്‍ അപേക്ഷകളിലൂടെയുമല്ല നിലവാരമുള്ള രചനകളിലൂടെയാണ് വായനക്കാരെ ആകര്ഷിക്കേണ്ടത് എന്ന നല്ല ബോധ്യമുണ്ട്. താങ്കളുടെ ബ്ലോഗ് അതിനു നല്ല ഉദാഹരണവുമാണ്.
പിന്നെ ഈ കമന്റ് ഇവിടെയിട്ടത് സത്യത്തില്‍ ഒരു ദുരുദ്ദേശത്തോടെയായിരുന്നു താനും. താങ്കള്‍ വിനയപൂര്‍വം നിരസിച്ചെങ്കിലും മലയാളബ്ലോഗിലെ പുലി തന്നെയായ താങ്കള്‍ ഈയിടെയായി ബ്ലോഗില്‍ നടക്കുന്ന ആരോഗ്യകരമായ ചര്‍ച്ചകളില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറുന്നതായി കാണുന്നു.
സ്വന്തം ബ്ലോഗിലെ പോസ്റ്റുകളില്‍ കമന്റ് രൂപത്തില്‍ വരുന്ന ചര്‍ച്ചകളില്‍ പോലും താങ്കളുടെ ഈ ഒഴിഞ്ഞുമാറല്‍ നന്നായി അനുഭവപ്പെടുന്നുണ്ട്.
അതു പോലെ തന്നെ ബൂലോകത്ത് പ്രതിഭാധനനായി അറിയപ്പെടുന്ന ഒരു വ്യക്തി എന്ന നിലയില്‍ തങ്ങള്‍ എഴുതിയ ഒരു പോസ്റ്റിനെക്കുറിച്ച് ശ്രീ പോങ്ങുമ്മൂടന്‍ എന്തു പറയുന്നു എന്നറിയാന്‍ വലുതും ചെറുതുമായ ബ്ലോഗെഴുത്തുകാരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പ്രശസ്തവും അപ്രശസ്തവുമായ പോസ്റ്റുകളില്‍ വിരലിലെണ്ണാവുന്നവയിലൊഴിച്ച് താങ്കളുടെ കമന്റുകളും കാണുന്നില്ല.
പൊതുവെ ബ്ലോഗെഴുത്തുകാര്‍ പ്രശസ്തരായാല്‍ പിടികൂടുന്ന ഒരു രോഗത്തിന്റെ തുടക്കം എന്ന നിലയിലാണ് ഞാനതിനെ കണ്ടത്.(അങ്ങിനെയല്ലെങ്കില്‍ ക്ഷമിക്കുമല്ലോ)ഇങ്ങനെ തോന്നാന്‍ കാരണം കമന്റുകള്‍ക്ക് മറു കമന്റുകള്‍ കൊണ്ട് സജീവമായ താങ്കളുടെ ആദ്യകാല ബ്ലോഗുകളുടെ വായനയാണ് താനും.
ഇതൊരു പോസ്റ്റാക്കിയാലോ എന്ന്‍ ആലോചിച്ചു .തമ്മിലടിക്കു പഞ്ഞമില്ലാത്ത ബൂലോകത്ത് ഞാനായിട്ട് ഇനി ഒന്നു തുടങ്ങണ്ട എന്ന് വിചാരിച്ചു വേണ്ടെന്നു വെച്ചു.അപ്പോഴാണ് ബിനോയിയുടെ ലേഖനം കണ്ടത്. എന്നാല്‍ ഇതു പറയാന്‍ ഇതു തന്നെ അവസരം എന്നു കരുതി. വിചാരിച്ചത് പോലെ താങ്കള്‍ പ്രതികരിക്കുകയും ചെയ്തു.. നന്ദി..
മറ്റൊന്നും ഉദ്ദേശിച്ചില്ല കേട്ടോ.:)
ബിനോയി..സത്യം ..അതായിരുന്നു ഉദ്ദേശം..അല്ലാതെ നമ്മുടെ പൊട്ടസാഹിത്യം നാട്ടുകാരെ ഭീഷണിപ്പെടുത്തി വായിപ്പിക്കാന്‍ മാത്രം വിവരമില്ലായ്മ ഞാനെന്ന വിവരദോഷിക്കുണ്ടോ..? :)

രഞ്ജിത് വിശ്വം I ranji 5 October 2009 at 10:32  
This comment has been removed by the author.
ശാരദനിലാവ്‌ 5 October 2009 at 13:58  

സുരക്ഷാ സം‌വിധാനങ്ങള്‍ ഒരു കഷായമാണ്. അതിന് പാല്‍‌പ്പായസത്തിന്‍റെ മധുരം വേണമെന്ന വാശി നമ്മള്‍ ഉപേക്ഷിക്കേണ്ടതുമുണ്ട്.

വളരെ നന്നായിരിക്കു .. അഭിനന്ദനങ്ങള്‍ ..തികച്ചും സമയോചിതമായ പോസ്റ്റ്‌ ..

ഗള്‍ഫിലെ നിര്‍മ്മാണ മേഖലകളില്‍ സേഫ്ടി ഷൂ, ഹെല്‍മെറ്റ്‌ , കണ്ണട..ഇങ്ങനെ വേണ്ട അവശ്യ സാധനങ്ങളുടെ നിഷ്കര്‍ഷയും , പരിശോധനയും കാണുമ്പോള്‍ സുരക്ഷാ നിയമങ്ങളും , സുരക്ഷാ ബോധവല്‍ക്കരണവും , സുരക്ഷാ സംസ്കാരവും നമ്മുടെ നാട്ടിലും അനിവാര്യതയായി നടപ്പിലാക്കെണ്ടിയിരിക്കുന്നു .

നായരച്ഛന്‍ 6 October 2009 at 00:00  

ഞാനൊരു പുതിയ ബ്ലോഗറാണ്, എന്റെ ബ്ലോഗില്‍ ഒന്നു വരുമോ ?
സ്നേഹത്തോടെ,

നായരച്ഛന്‍
നായര് പിടിച്ച പുലിവാല്

പോങ്ങുമ്മൂടന്‍ 6 October 2009 at 09:16  

രഞ്ജിത്തേട്ടാ,

താങ്കള്‍ പറഞ്ഞത് ശരിയാണ്. അത്തരമൊരു വീഴ്ച എന്റെ ഭാഗത്തുനിന്ന് വന്നിട്ടുണ്ട്. എന്നാല്‍ അത് മറ്റേ രോഗം കൊണ്ടുണ്ടായതല്ല. ഞാനത് വിശദമായി തന്നെ ഒരു പോസ്റ്റാക്കാം. തീര്‍ച്ചയായും ഈ വിമര്‍ശനത്തെ ഞാന്‍ ഗൌരവത്തോടെ കാണുന്നു. പരിഹരിക്കുകയും ചെയ്യും. നന്ദി.

പോങ്ങുമ്മൂടന്‍ 6 October 2009 at 09:18  

എന്റെ ബിനോയ്, തലക്കെട്ട് മാറ്റേണ്ടിയിരുന്നില്ല. അതു വായിച്ചാല്‍ ആദ്യം അത്തരമൊരു ഫീല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതുകൊണ്ട് ചൂണ്ടിക്കാണിച്ചുവെന്നുമാത്രം. എനിക്ക് സത്യത്തില്‍ പരിഭവം തോന്നിയിരുന്നില്ല സ്നേഹിതാ. നന്ദി. ഇനിയും വരാം. കൂടുതലായി എഴുതുക.

ബിനോയ്//HariNav 6 October 2009 at 11:46  

പൊങ്ങ്‌സ്, വളരെ നന്ദി :)))

hshshshs 6 October 2009 at 18:28  

നിങ്ങൾക്കൊന്നും വേറെ പണിയില്ലേടാ പിള്ളേരെ??

വശംവദൻ 8 October 2009 at 08:53  

പതിവ് പോലെ നല്ല എഴുത്ത് ബിനോയ്.

ഒരു ദുരന്തം കൂടി ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്കാഗ്രഹിക്കാം, അതിനായി പ്രാർത്ഥിക്കാം.

ആശംസകൾ

Seema Menon 9 October 2009 at 14:12  

Good topic' Binoy.

It too agree that one should be more concerned about one's own safety than any government should.

May be the lack of safety education in the schools??