Tuesday 29 June 2010

ഫുട്ബോള്‍ ഗുണ്ട്

"അങ്ങനെയിപ്പ പോണ്ട. ഫുട്ബോള് കാണണേ നിങ്ങക്ക് വീട്ടിലിരുന്ന് കണ്ടൂടേ. പാതിരാത്രീല് ഫ്രണ്ട്സിന്‍റൂടെയുള്ള ഈ കൂട്ടം‌കൂടലത്ര പന്തിയല്ലേയ്"
"എടീ ഫുട്ബോള് ഒരു ടീം പ്ലേ അല്ലേ. അതൊരു ടീമായിരുന്ന് കണ്ടാലേ ഒരു ഗുമ്മൊള്ളൂ."
"അല്ലേലും എന്‍റേം പിള്ളേരടേം കൂടെയിരിക്കുമ്പം നിങ്ങക്ക് ഗുമ്മ് വരൂല്ലല്ലോ"
"എടങ്ങേറാക്കല്ലേ പൊന്നേ, കളി തൊടങ്ങാറായി. "
"ഇന്നാരൊക്കെയാ കളി?"
"സ്പെയ്നും പോര്‍ച്ചുഗലും"
"എന്നാ സ്പെയ്നിന്‍റെ മൂന്നു കളിക്കാരടെ പേര് തെകച്ചറിയാവേ പറഞ്ഞേച്ചും പൊയ്ക്കോ. വല്യ ഫുട്ബോളു കളിക്കാരനല്ലേ"
"..."
"എന്തേ മിഴുങ്ങിയിരിക്കണേ അറിഞ്ഞൂടാല്ലേ?"
"ഹേ അതല്ല ഞാന്‍ ഓര്‍ത്തെടുക്കുവാരുന്നു.. പാബ്ലൊ പിക്കാസോ.. സൈമണ്‍ ബ്രിട്ടോ..."
"പോരാ ഇനീം ഒരു പേരൂടെ പറയണം"
"ഡെമി മൂറേ"
"ആ അങ്ങനെ വഴിക്കുവാ. കളി തീര്‍ന്നാ വേഗമിങ്ങ് വന്നേക്കണം. പെണ്ണുങ്ങക്ക് ബുദ്ധിയില്ലാന്നാ നിങ്ങടെയൊക്കെ വിചാരം എന്നെ പറ്റിക്കാന്‍ പറ്റൂല്ലാന്ന് ഇപ്പ മനസ്സിലായല്ലോ. .."
"മനസ്സിലായി പൊന്നേ, നീ ആളൊരു പുലി തന്നെ സിമ്മം"
ശുഭം

Saturday 26 June 2010

സര്‍ക്കാര് തമ്പ്രാനും കൂതറ ജനവും

"അണ്ണാ ഗവര്‍ണ്മെന്‍റണ്ണാ, ഈ മാവോയിസ്റ്റുകളെ ഇപ്പ എന്തോന്നാണ് ചെയ്യാമ്പോണത്?"
"അണ്ണാന്നാ..! തമ്പ്രാന്ന് വിളീടാ പരട്ടേ"
"ശരി ഗവര്‍‌ണ്മെന്‍റമ്പ്രാ മാവോയിസ്റ്റുകളെ ഒതുക്കാനെക്കൊണ്ട് സൈന്യത്തെ എറക്കാമ്പോണൂന്ന് കേട്ടത് ശരിയാണോമ്പ്രാ?"
"പിന്നല്ലാണ്ട്! പട്ടാളമെറങ്ങിയാ സകല ചെറ്റകളേം മിനിറ്റുവെച്ച് നുമ്മള് തീര്‍ത്തുകെട്ടൂല്ലേന്നും?"
"എന്നാലും തമ്പ്രാ പട്ടാളം‌ന്നൊക്കെ പറഞ്ഞാ, അവരടെ മിനിമം പരിപാടി ആളെ കൊല്ലണതാ. അവരെ നുമ്മടെ നാട്ടുമ്പുറത്തെറക്കണത് ഇച്ചരെ കടുംകയ്യല്ലേ തമ്പ്രാ?"
"അപ്പ മാവോയിസ്റ്റുകള് മനുഷ്യമ്മാരെ കൊല്ലണത് പുണ്യമാന്നാണോടാ കൂതറേ? കൊന്നാ തിരിച്ചു കൊല്ലും.. അതിനാണ് ഗവര്‍ണ്‍‌മെന്‍റ്."
"അതല്ല തമ്പ്രാ, 'മാവോ' എന്നതാ കശുമാവ് എന്നതാന്ന് തിരിച്ചറിയാത്ത നാട്ടുമ്പുറത്തുകാരെയും ആദിവാസികളെയുമാണ് എവമ്മാര് കൂടെ കൂട്ടീരിക്കണത്. അവരെയെല്ലാം കൊന്ന്‍ തീര്‍ക്കണത് നടപ്പൊള്ള കാര്യമാണോ തമ്പ്രാ?"
"എടാ വിഡ്ഡീ, ഒരു എ കെ 47 തോക്കീന്ന് ഒരു സെക്കന്‍റീ പൊറത്ത് വരണത് പന്ത്രണ്ട് ബുള്ളറ്റാ. അപ്പ മിനിറ്റില് 720, മണിക്കൂറില്‍ 43200, ദെവസത്തില്‍ 1036800. ഈക്കണക്കില് കൊന്നുതള്ളിയാ മാവോയിസ്റ്റുകളെ തീര്‍ത്തുകെട്ടാന്‍ എത്ര ദെവസമെടുക്കൂന്ന് നീ തന്നെ കണക്കു കൂട്ടിക്കോ. അല്ലേല് നിനക്കൊക്കെ എന്തറിയാം. നീ വല്ലോം കോളേജീ പോയി രാഷ്ട്രമീമാംസ പഠിച്ചിട്ടൊണ്ടോ."
"എന്നാലും തമ്പ്രാ കഞ്ഞികുടി മുട്ടി, ഒരു ഗതീം പര ഗതീം ഇല്ലാതായവോമ്മാരെയാ ഈ മാവോയിസ്റ്റുകള് കൂടെ കൂട്ടിരിക്കണത്. അവരെയൊക്കെ കൊന്ന് തീര്‍ക്കാന്‍ തൊടങ്ങിയാ കഞ്ഞികുടിക്കാന്‍ വകയൊള്ള അവരടെ സൊന്തക്കാരുണ്ടെങ്കി അവരുംകൂടെ ബോംബെടുക്കില്ലേന്നും?"
"സകല തെണ്ടികളേം നുമ്മള് കൊല്ലും. പട്ടാളം പോരാണ്ട് വന്നാ വ്യോമസേനയെ വിളിക്കും."
"കൊന്നേച്ചും കത്തിച്ചു കളഞ്ഞേക്കണം തമ്പ്രാ. കുഴിച്ചിട്ടാ പിന്നീടു നമ്മള് വ്യവസായം തൊടങ്ങാന്നേരത്ത് പൊങ്ങിവരും ശവങ്ങള്"
"കറക്ട്, ബുദ്ധി വന്നുതുടങ്ങി നിനക്കൊക്കെ"
"പക്ഷേങ്കി നിങ്ങടെ പാര്‍ട്ടീല് പോലും ഇതിനോട് യോജിപ്പില്ലാത്തവരുണ്ടല്ലോ അണ്ണാ"
"ദേ പിന്നേം അണ്ണാന്ന്..! തമ്പ്രാന്ന് വിളീടാ ചെറ്റേ"
"ശരി സര്‍ക്കാര് തമ്പ്രാ. ഈ മനുഷ്യമ്മാരടെ പട്ടിണി മാറ്റാന്‍ എന്തേലും വഴിയൊണ്ടാക്കിയാ അവരെ മാവോയിസ്റ്റുകളടെ കൈയ്യീന്ന് രക്ഷപെടുത്താമ്മേലേന്നാ ഞാഞ്ചോദിക്കണത്."
"പട്ടിണി കെടക്കണ സകല കൂതറകളടേം വീട്ടില് ബിരിയാണി പാര്‍സലെത്തിക്കണതല്ല സര്‍ക്കാരിന്‍റെ പണി."
"ബിരിയാണിയൊന്നും വെണ്ടാമ്പ്രാ. വല്ലോം നട്ടുനനച്ചൊണ്ടാക്കി വെശപ്പടക്കണ പാവത്തുങ്ങടെ ഭൂമി പിടിച്ചടക്കി പട്ടിണിയാക്കണതെങ്കിലും ഒഴിവാക്കിക്കൂടെ തമ്പ്രാ?"
"എടാ നാട്ടില് വികസനോം പുരോഗതീമൊക്കെ വരുമ്പം ചെലരൊക്കെ ഇച്ചരെ നഷ്ടം സഹിക്കണ്ട വരും"
"നഷ്ടം സഹിക്കണ്ട വരണ ഈ "ചെലര്" എപ്പഴും പട്ടിണിക്കാരാന്നൊള്ളതാ കൊഴപ്പം തമ്പ്രാ."
"പിന്നെ രാജ്യത്തിന് ചില്ലറയൊണ്ടാക്കിത്തരണ കച്ചോടക്കാരു വേണോ നഷ്ടം സഹിക്കാന്‍? അല്ലേലും സാധാരണക്കാരുമായിട്ടൊള്ള നുമ്മടെ എടവാട് എപ്പഴും മൈനസിലാ."
"പക്ഷെ തമ്പ്രാ, ഈ സമത്വം സാമൂഹ്യനീതി എന്നൊക്കെ പറയണത്.."
"എടാ പരമ ചെറ്റേ, ഇനീം നിനക്ക് മനസ്സിലായിട്ടില്ലെങ്കി ഞാനൊരു കാര്യം പറഞ്ഞു തരാം. കച്ചോടം ചെയ്ത് പത്ത് തുട്ടൊണ്ടാക്കാന്‍ അറിയണ മൊതലാളിമാര്‍ക്ക് ഞങ്ങ വാരിക്കോരിക്കൊടുക്കും. അതിന്‍റെടേല് താഴെ വീഴണ പൊട്ടും പൊടീം നക്കിത്തിന്ന് മിണ്ടാതിരുന്നേച്ചും ഞങ്ങ പറയുമ്പ പറയുമ്പ വന്ന് വോട്ട് ചെയ്തോണം മറ്റുള്ള തെണ്ടികള്. ഇതിനാണ് ജനാധിപത്യം വികസനം എന്നൊക്കെ പറയണത്. മനസ്സിലായോടാ കൂതറ ജനമേ.."

വാല്‍‌ക്കഷ്ണം: ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞത്രെ ഏതോ ഒരുത്തന്‍. ആത്മാവിനെന്തിന് ഭക്ഷണം!

Monday 14 June 2010

മുത്തലിക്കിന്‍റെ മാമ അവതാരം

നിത്യാനന്ദ തപസ്സ് തുടങ്ങി; പിന്തുണയുമായി ശ്രീരാമസേന
ബാംഗ്ലൂര്‍: വിവാദ സി.ഡിയിലുള്‍പ്പെട്ട സ്വാമി നിത്യാനന്ദ ബിഡദി ആശ്രമത്തില്‍ തപസ്സ് തുടങ്ങി. ആത്മശാന്തിക്കും ശാരീരികബലത്തിനുമായാണ് നിത്യാനന്ദ ഒരാഴ്ചത്തെ പഞ്ചതപസ്യയ്ക്ക് തുടക്കംകുറിച്ചത്............. ............................................................................

...........53 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ആശ്രമത്തിലെത്തിയ നിത്യാനന്ദയെ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച നിരവധിപേര്‍ എത്തി. ശ്രീരാമസേനാനേതാവ് പ്രമോദ് മുത്തലിക്കാണ് ഇതില്‍ പ്രധാനി. നിത്യാനന്ദയെ പിന്തുണയ്ക്കാനും അദ്ദേഹം മറന്നില്ല. ഹിന്ദു ആശയങ്ങള്‍ 35-ഓളം രാജ്യങ്ങളില്‍ എത്തിച്ച നിത്യാനന്ദയെ തേജോവധം ചെയ്യാന്‍ ക്രിസ്ത്യന്‍ലോബി ആസൂത്രണം ചെയ്തതാണ് വിവാദമെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദു സന്യാസിമാരെ താറടിച്ചുകാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ ശ്രീരാമസേന പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
(മാതൃഭൂമി ദിനപ്പത്രം. 14/06/2010 )

ഇപ്പഴാണ് കാര്യങ്ങള്‍ വെടിപ്പായത്. നിത്യാനന്ദയും മുത്തലിക്കും!. ആര്‍ഷഭാരത സദാചാരമൂല്യങ്ങളുടെ സം‌രക്ഷണത്തിന് ഇതിലും സാര്‍ത്ഥകമായ സമവാക്യം ഏതുണ്ട്? ‘ഉന്നതമായ ഹൈന്ദവ മൂല്യങ്ങള്‍’ക്ക് വന്നുപെട്ട ജീര്‍ണ്ണതയില്‍ അതീവ ഉല്‍ക്കണ്ഠാകുലനാണ് ത്രേതായുഗത്തിന്റെ ഗൃഹാതുരതയില്‍ ജീവിക്കുന്ന മുത്തലിക്ക് അവര്‍കള്‍ എന്നറിയാമല്ലോ. ധാര്‍മ്മികതയുടെയും സംസ്ക്കാരത്തിന്റെയും പളുങ്കുപാത്രം പാഡ് ലോക്കിട്ട ചഡ്ഡികളിലാക്കി ഉടയാതെ സൂക്ഷിക്കേണ്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും ഭാരതനാരികള്‍ക്കു മാത്രമാണ് എന്നതിലും വാനരസേനയുടെ ആചാര്യന് തര്‍ക്കമില്ല. വര്‍ണ്ണവ്യ്‌വസ്ഥയുടെ അകത്തളങ്ങളിലെ സുഖകരമായ അന്ധകാരത്തിലിരുന്ന്, പുരുഷവാനരന്മാരുടെ ആയുധങ്ങള്‍ ഉഴിഞ്ഞും തേച്ചും തിളക്കിയും ഹൈന്ദവരാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കാളികളായി ഒതുങ്ങിക്കഴിയേണ്ട വനിതകള്‍, നസ്രാണിക്കും മാപ്ലക്കുമൊപ്പമിരുന്ന് തൊഴിലെടുക്കുകയും കാമുകന്മാരുമായി പബ്ബുകളും പാര്‍ക്കുകളും കയറിയിറങ്ങുകയും ചെയ്യുന്ന സാംസ്ക്കാരിക ജീര്‍ണ്ണതയില്‍നിന്നും ആര്‍ഷഭാരതത്തെ കരകയറ്റാന്‍ വാനരപ്പടയുടെ തെരുവ് യുദ്ധം മാത്രം മതിയാവില്ല. ബൌദ്ധികവും ആത്മീയവുമായ ആശയപ്രചാരണവും പരമപ്രധാനമത്രെ. ഹിന്ദുക്കളില്‍ പെണ്ണായിപ്പിറന്ന സകലതിനെയും നിത്യാനന്ദമാരുടെ ആശ്രമങ്ങളില്‍ നടക്കിരുത്തുകയല്ലാതെ മറ്റെന്തുവഴി! ‘35 ഓളം രാജ്യങ്ങളിള്‍ ഹിന്ദു ആശയങ്ങള്‍ എത്തിച്ച’ മാഹാശയനാണ് നിത്യാനന്ദസ്വാമിയെന്ന് മുത്തലിക്കണ്ണന്‍ കുളിരുകോരുന്നു. അനുഗ്രഹം ചൊരിഞ്ഞ് മലര്‍ക്കെ തുറന്നുവെച്ച നിത്യാനന്ദയുടെ ശ്രീകോവിലില്‍ മുഖം‌പൂഴ്ത്തി പ്രണമിച്ച ഒരു ഭക്ത ‘ഹിന്ദു ആശയങ്ങള്‍’ വദനമാര്‍ഗ്ഗേ ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ട് ലോകമാകെത്തന്നെ കുളിരുകോരിയതാണ്.

സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സദാചാരത്തിന്റെ കാവലാള്‍ ചമയുന്ന മതതീവ്രവാദികളുടെ ആദ്യ ഇരകള്‍ എന്നും സ്ത്രീകളാണ് എന്നത് ഫാസിസത്തിന്റെ ലോകനീതി. സ്വന്തം രാജ്യത്ത് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ കൊട്ടേഷന്‍ സ്വീകരിക്കുന്ന മുത്തലിക്കിനേപ്പോലുള്ള നരാധമര്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി സ്വന്തം അമ്മപെങ്ങന്മാരെത്തന്നെയും നിത്യാനന്ദമാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ മടിക്കില്ല എന്നതും നിസ്സം‌ശയം.

വാര്‍ത്തക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

Sunday 6 June 2010

ആന്‍റിനാ പരീതുമാര്‍ നവലോകത്തില്‍

‍ ഇന്‍ നൈന്‍റീന്‍ എയ്റ്റീസ്. പൂജപ്പുര രവിയുടെ കണ്ണുകള്‍ പോലെ വിജ്രം‌ഭിച്ച് നിന്നിരുന്ന ടെലിവിഷന്‍ പിക്‌ച്ചര്‍ ട്യൂബുകളില്‍ 'ഗ്രെയ്‌ന്‍സ്' എന്ന ഈച്ചക്കൂട്ടം സുലഭമായി പറന്ന് കളിച്ചിരുന്ന കാലം. ദൂരദര്‍ശനില്‍ തേജേശ്വര്‍ സിങ് വായിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുകയും ഗീതഞ്ജലി അയ്യരും റിനി സൈമണും വായിക്കുന്ന വാര്‍ത്തകള്‍ കാണുകയും ചെയ്തിരുന്ന കാലം. അനന്തപുരിയില്‍‌നിന്നും കുന്നുകളും മലകളും താണ്ടി മൃതപ്രായരായെത്തി മേഘങ്ങള്‍ക്കും മരങ്ങള്‍ക്കുമിടയില്‍ ഒളിച്ചുകളിച്ചിരുന്ന സിഗ്നലുകളെ ആകാശത്തോളം ഉയരമുള്ള 'കമ്പി ആന്‍റിന' എന്ന വലവിരിച്ചു പിടിച്ച് ബൂസ്റ്റ് കൊടുത്ത് വളര്‍ത്തി വലുതാക്കി 'ബുനിയാദും' 'ചുനൗത്തിയും' തൊണ്ടതൊടാതെ വിഴുങ്ങിയിരുന്ന കാലം. പിക്‌ച്ചര്‍ ട്യൂബിനെ വെല്ലുന്ന പ്രൊജക്ഷനുമായി കണ്ണു തള്ളിയിരുന്ന് സല്‍മാ സുല്‍ത്താനെയും നീതി രവീന്ദ്രനെയും ആവാഹിച്ചിരുന്ന പ്രേക്ഷകന്‍റെ സ്വപ്നാരാമത്തിലേക്ക് അപ്രതീക്ഷിതമായി തേനീച്ചകളെ ഇളക്കിവിടുന്ന ഔചിത്യമില്ലാത്ത കോമാളിയായിരുന്നു ആന്‍റിന എന്ന വില്ലന്‍. ഒരു ചെറുകാറ്റോ ചാറലോ മതി രണ്ടിഞ്ചിന്‍റെ ജി ഐ പൈപ്പുകളില്‍ തലയുയര്‍ത്തി നിന്നിരുന്ന പഹയന്‍ പണിമുടക്കാന്‍. സ്വാഭാവികമായും ആന്‍റിന ഇന്‍‌സ്റ്റലേഷന്‍ ഏന്‍റ് റിപ്പയര്‍ എന്നൊരു പുതിയ തൊഴില്‍ മേഖല രൂപപ്പെട്ടു. ഉച്ചക്ക് ഈച്ചപിടുത്തവും രാത്രിയില്‍ മാക്രിപിടുത്തവുമായി നടന്നിരുന്ന കുറേ ചെറുപ്പക്കാര്‍ ആന്‍റിന എക്സ്‌പേര്‍ട്ടുകളായി കളത്തിലിറങ്ങി പുട്ടടിക്കാനുള്ള വക കണ്ടെത്തി. ആന്‍റിനയുടെ ഉയരം ഈസ് ഡൈറക്‌ട്‌ലി പ്രൊപ്പോഷണല്‍ ടു പിക്‌ചര്‍ ക്വാളിറ്റി എന്നതായിരുന്നു പൊതു തത്വം. അസം‌ഖ്യം സ്റ്റേ വയറുകളുടെ സഹായമുണ്ടെങ്കിലും ജി ഐ പൈപ്പുകള്‍ക്ക് ചെന്നെത്താന്‍ കഴിയുന്ന ഉയരത്തിന് ഒരു പരിധിയുണ്ടായിരുന്നു. ഈ അവസരത്തിലാണ് പുതിയൊരു ടെക്നോളജിയുമായി പരീതണ്ണന്‍ എന്ന ആന്‍റിനാപ്പരീത് രം‌ഗപ്രവേശം ചെയ്യുന്നത്. വാനോളം ഉയരമുള്ള കൊന്നത്തെങ്ങുകളുടെ മുകളില്‍ ചുരുങ്ങിയ ചിലവില്‍ ആന്‍റിന ഉറപ്പിച്ചുകൊണ്ട് ദൃശ്യമാദ്ധ്യമങ്ങളുടെ സാങ്കേതികവിദ്യാരം‌ഗത്ത് വിപ്ലവാത്മകമായ ഒരു എപ്പൊസോഡിന് തുടക്കം കുറിക്കപ്പെട്ടു. തെങ്ങാന്‍റിനയുടെ തെളിച്ചം സ്വന്തമാക്കാന്‍ നാട്ടാരെല്ലാം ആന്‍റിനാപ്പരീതിന്‍റെ ഒരു ഡേറ്റിനായി പരക്കം പാഞ്ഞു. ശ്രീകൃഷണന് കൊട്ടേഷന്‍ കൊടുക്കാന്‍ കാവലിരുന്ന ധര്‍മ്മനും ദുര്യോധനനും പകര്‍ന്ന ഇന്‍സ്പിരേഷനില്‍ ആന്‍റിനാപ്പരീതിനെ ബുക്ക് ചെയ്യാനായി ഗൃഹനാഥന്മാര്‍ കൊച്ചുവെളുപ്പാന്‍‌കാലത്ത് ഇടവഴികളില്‍ മല്‍സരയൊട്ടം തന്നെ നടത്തി. 'തൊടിയായാലൊരു തെങ്ങ് വേണം, തെങ്ങായാലൊരു ആന്‍റിന വേണം' എന്നൊരു പഴഞ്ചൊല്ല് മുന്‍‌കാലപ്രാബല്യത്തോടെ പ്രകാശനം ചെയ്യപ്പെട്ടു. തെങ്ങില്‍ ആന്‍റിന ഇല്ല എന്ന ഒറ്റക്കാരണം കൊണ്ട് വീടുകളില്‍ കല്യാണം മുടങ്ങുന്ന അവസ്ഥ സം‌ജാതമായി. നിലവിലെ ഡിമാന്‍റ് മീറ്റ് ചെയ്യാന്‍ ചുരുങ്ങിയത് ഒരു ഡസന്‍ ആന്‍റീനാപ്പരിതുമാര്‍ എങ്കിലും വേണമെന്ന അവസ്ഥയുണ്ടായെങ്കിലും തെങ്ങുകയറ്റവും ആന്‍റിന ഫിക്സിങ്ങിന്‍റെ സാങ്കേതികവിദ്യയും ഒരേപോലെ സ്വായത്തമാക്കിയവരുടെ അഭാവത്തില്‍ പരീതിന് ഒരു ബദല്‍ ഉരുത്തിരിഞ്ഞില്ല. പഴയ ആന്‍റിന എക്സ്പേര്‍ട്ടുകളില്‍ പലരും മാക്രിപിടുത്തത്തിലേക്ക് തിരികെ പോകുകയും ശേഷിച്ചവര്‍ ആന്‍റിനാപ്പരീതിന്‍റെ നിഴലെത്താത്ത നാടുകളിലേക്ക് ഓടിപ്പോകുകയും ചെയ്തു. അധികം വൈകാതെതന്നെ നാട് ഒരു സമ്പൂര്‍ണ്ണ തെങ്ങാന്‍റിന ഗ്രാമമായി മാറിയെങ്കിലും ആന്‍റിനാപ്പരീതിന്‍റെ ഡിമാന്‍റിന് കുറവുവന്നില്ല. അദ്യമാദ്യം തെങ്ങിലേറിയ ആന്‍റിനകളില്‍ തകരാറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടൊപ്പം ആന്‍റിനാപ്പരീതിന്‍റെ സമീപനത്തിലും മാറ്റങ്ങള്‍ ദൃശ്യമായി. ഇന്‍സ്റ്റലേഷന് വേണ്ടിവന്നതിലും അധികം തുക അറ്റകുറ്റപ്പണികള്‍‌ക്കായി ആന്‍റിനാപ്പരീത് ഈടാക്കാന്‍ തുടങ്ങിയതോടെ സ്ത്രീധനത്തിലും അധികം തുക മരുമകന് പോക്കറ്റ് മണിയായി കൊടുക്കണ്ടി വന്ന അമ്മായിഅപ്പന്‍റെ അവസ്ഥയില്‍ നാട്ടുകാര്‍ എത്തിപ്പെട്ടു. ആന്‍റിനാപ്പരീതിന്‍റെ കമ്മീഷന്‍ ഏജന്‍റുമാരായി മാറിയ മക്കളുടെയും മരുമക്കളുടെയും നേതൃത്വത്തിലുള്ള മാഫിയാസം‌ഘങ്ങള്‍ തമ്മിലുള്ള പോരില്‍ നാടിന്‍റെ സമാധാനാന്തരീക്ഷം താറുമാറായി. തെങ്ങിന്‍റെ മണ്ടയില്‍ പണിമുടക്കിയിരിക്കുന്ന ആന്‍റിനകള്‍ താഴെയെത്തിച്ച് കൊടുക്കുകയെങ്കിലും ചെയ്യണമെന്ന അപേക്ഷകള്‍ നിഷ്ക്കരുണം നിരസിക്കപ്പെട്ടു. ആന്‍റിനാപ്പരീതിന്‍റെ സേവനം അപ്രാപ്യമായ വീടുകള്‍ ചിത്രഹാറും ചിത്രമാലയുമില്ലാതെ തളര്‍ന്നു കിടന്നു. ഞായറാഴ്ച്ചകളില്‍ രം‌ഗോളിയില്ലാതെ വീടുകള്‍ വൈകിയുണരുകയും പാതിരാപ്പടമില്ലാതെ നേരത്തെ ഉറങ്ങുകയും ചെയ്തു. ലഘുവായ ഈച്ചശല്യം ഉണ്ടായിരുന്നെങ്കിലും മുടക്കുകാശിന് ഫലം തന്നിരുന്ന ജി ഐ പൈപ്പുകളേക്കുറിച്ച് അമ്മൂമ്മമാര്‍ ഗൃഹാതുരതയോടെ കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്തു.
------------------------
മുകളിലെ കഥയില്‍ സാമാന്യം മസാല കലര്‍ത്തിയിട്ടുണ്ടെങ്കിലും കഥാതന്തു സത്യമാണ്. കഥ നടന്ന കാലത്ത് പൊടിപ്പൈയ്യനായിരുന്ന ഈ ബ്ലോഗര്‍ പില്‍ക്കാലത്താണ് തിരിച്ചറിഞ്ഞത് 'കുത്തക' എന്ന സം‌ഭവത്തിന്‍റെ ഏറ്റവും ലളിതമായ പ്രാദേശിക രൂപമായിരുന്നു ആന്‍റിനാപ്പരീതെന്ന്. നവലോകം ആന്‍റീനാപ്പരീതുമാരുടേതാണ്. മനുഷ്യരാശിയെ സ്വന്തം കാല്‍ക്കീഴില്‍ കുരുക്കിയിടനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന തിരക്കിലാണ് ലോകവിപണിയിലെ കുത്തകകള്‍. നിയന്ത്രണമില്ലാത്ത സ്വകാര്യവല്‍‌ക്കരണത്തിന്‍റെ ട്യൂമര്‍ പൊട്ടിത്തെറിച്ചുണ്ടായ ആഗോള സാമ്പത്തികമാന്ദ്യം എന്ന ദുരന്തം പൊതുമേഖല എന്ന ജീവവായുവിന്‍റെ പ്രാധാന്യം ഇനിയും തിരിച്ചറിയാത്തവര്‍‌ക്കുള്ള പാഠമാകേണ്ടതാണ്. ബാങ്കിങ്ങും ആരോഗ്യവും അടക്കമുള്ള സമസ്തമേഖലകളും ആരോടും പ്രതിബദ്ധതയോ ഉത്തരവാദിത്വമോ ഇല്ലാത്ത സ്വകാര്യ മേഖലക്ക് തീറെഴുതിയതിനുള്ള പിഴ ഒടുക്കേണ്ടിവന്നത് ഒടുവില്‍ നികുതിദായകനും.പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തുക എളുപ്പമല്ല. സാമ്പത്തിക മാന്ദ്യത്തിന്‍റെ അടുത്ത ഊഴത്തില്‍ തകര്‍ച്ചയുടെ ആഘാതം എങ്ങനെ കൂടുതല്‍ ഫലപ്രദമായി പൊതുജനത്തിന്‍റെ അക്കൗണ്ടിലേക്ക് തിരിച്ചുവിടാം എന്നത് മാത്രമായിരിക്കും കുത്തകകള്‍ ഉരുവിടുന്ന പാഠം. വ്യക്തിജീവിതത്തിന്‍റെയും രാഷ്ട്രങ്ങളുടെ ഭരണസം‌വിധാനങ്ങളുടെ തന്നെയും അവശ്യഘടകങ്ങളായി അവതരിക്കപ്പെടുന്ന സാങ്കേതികവിദ്യകളുടെ ഉടമസ്ഥാവകാശം ഏതാനം ചില വ്യക്തികളുടെ സ്വകാര്യസ്വത്തായി നിലനില്‍ക്കുന്നതിലുള്ള അപകടം നാം തിരിച്ചറിയേണ്ടതുണ്ട്. വിജ്ഞാനദാഹത്തിന്‍റെ ഉപോല്പ്പന്നങ്ങളായി ഉരുത്തിരിയുന്ന കണ്ടുപിടുത്തങ്ങള്‍ ഇന്ന് വിരളമായിരിക്കുന്നു. പകരം എന്‍ഡ് പ്രൊഡക്ടും അതിന്‍റെ വിലയും തീരുമാനിച്ചുറപ്പിച്ച് കുത്തകകളുടെ സ്പോണ്‍സര്‍‌ഷിപ്പില്‍ നടത്തപ്പെടുന്ന ഗവേഷണപരീക്ഷണങ്ങള്‍ക്കാണ് മേല്‍ക്കൈ. വായ്ക്ക് രുചി പകരുന്ന ഒരുകെട്ട് പപ്പടമുണ്ടാക്കി വിറ്റഴിച്ച് അതില്‍‌നിന്നുള്ള മാന്യമായ ലാഭം കൊണ്ട് കഞ്ഞികുടിച്ച് കഴിയാം എന്ന ലളിതമായ കച്ചവട തത്വത്തിന് ഇന്നു പ്രസക്തിയില്ല. പപ്പടം എന്ന് ചിന്തിക്കുന്നവനേയെല്ലാം എങ്ങനെ തന്‍റെ പപ്പടം മാത്രം തീറ്റിക്കാമെന്നും ഒരിക്കല്‍ തന്‍റെ പപ്പടം തിന്നുന്നവന്‍റെ പത്ത് തലമുറകളെ അതിന് അടിമകളാക്കി മാറ്റാനുതകുന്ന സാങ്കേതികവിദ്യകള്‍ എങ്ങനെ വികസിപ്പിക്കാമെന്നും തലപുകക്കുന്നവരാണ് ഇന്നിന്‍റെ വിപണിയിലെ ജേതാക്കള്‍. ഇവിടെയാണ് ഒരു ബദല്‍ മരുന്നായി സേവന നിര്‍മ്മാണ മേഖലകളില്‍ ഒരുപോലെ പൊതുമേഖലയെ ഊര്‍ജ്ജ്വസ്വലമായി നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യം.

ബൃഹത്തായ വിഷയമാണ്. ചുരുക്കുന്നത് സമയക്കറവുകൊണ്ടല്ല. സ്വന്തം കുടും‌ബ ബഡ്ജറ്റിന്‍റെ സാമ്പത്തികശാസ്ത്രം തന്നെ ഇനിയും വേണ്ടവിധം പിടികിട്ടാത്ത ഈ ബ്ലോഗര്‍ പത്രമാസികകള്‍ വായിച്ച് വികസിച്ച സാമാന്യബുദ്ധിയുടെ പുഷ്ടിയില്‍ കുറിച്ചതാണ് ഇതുവരെ. പ്രചോദനമായത് നമ്മുടെ സം‌സ്ഥാനത്തെ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നാലുവര്‍ഷം മുമ്പത്തെ പന്ത്രണ്ടിന്‍റെ സ്ഥാനത്ത്, മുപ്പത്തിരണ്ടെണ്ണവും ലാഭത്തിലായിരിക്കുന്നു എന്ന സന്തോഷമുളവാക്കുന്ന അറിവും. അവശേഷിക്കുന്നവയും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലാകും എന്ന് വ്യവസായമന്ത്രിയുടെ പ്രഖ്യാപനം. പുതുതായി എട്ടോളം സം‌രം‌ഭങ്ങള്‍ക്ക് തുടക്കമിടാനും തീരുമാനിച്ചിരിക്കുന്നു. ലാഭത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ പോലും വിറ്റുതുലക്കുന്ന, വിത്തെടുത്ത് കുത്തുന്ന സമീപനം തലപ്പാവിലെ തൂവലായി കരുതുന്ന സാമ്പത്തികവിദഗ്ധര്‍ രാജ്യം വാഴുമ്പോള്‍ ഈ നേട്ടത്തിനു തിളക്കമേറും. ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്കും അവര്‍ക്ക് വഴികാട്ടിയായ സര്‍ക്കാരിനും അഭിവാദ്യങ്ങള്‍.

വാല്‍‌ക്കഷ്ണം: കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവന് വളമെന്ന പേരില്‍ പാഷാണം വിതരണം ചെയ്യുന്നത് കൊലപാതകത്തിലും നിഷ്ഠൂരമായ കുറ്റകൃത്യമാണ്. ഈ പാതകം കരുതുക്കൂട്ടി നടപ്പിലാക്കിയെന്ന് സം‌സ്ഥാനത്തിനാകെ ബോദ്ധ്യപ്പെട്ട കുത്തകക്കു വേണ്ടി കണ്ണീരൊഴുക്കുന്ന ഒരുദ്യോഗസ്ഥന് താന്‍ നേതൃത്വം കൊടുക്കുന്ന വകുപ്പ് നേടിയ ഈ വിജത്തിലുള്ള പങ്ക് അവകാശപ്പെടാനുള്ള അര്‍ഹതയില്ല എന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഈയുള്ളവനെടുക്കുന്നു.