Wednesday, 25 November 2009

ടെന്‍ഷം

"ഹലോ"

"എന്തായടാ??!"

"ഒന്നുമായില്ലാന്നേ. ഞാന്‍ പലരേം വിളിച്ച് നോക്കി"

"ശ്ശെ, ആകെ ടെന്‍ഷനായല്ലോ"

"ദിലീപും നാസറും വിളിച്ചിരുന്നു"

"എന്നിട്ട്??!"

"അവരും ട്രൈ ചെയ്തോണ്ടിരിക്കുവാ. എന്തേലും വിവരം കിട്ടിയാ ഒടനെ വിളിക്കാന്‍ പറഞ്ഞു"

"നിന്‍റെയാ കസിന്‍ ബാങ്കില് വര്‍ക്ക് ചെയ്യണയാള് അവിടേയേതോ ബ്രാഞ്ചിലായിരുന്നില്ലേ?"

"അയ്യാളിപ്പ അബുദാബീലാന്ന്"

"ഇനീപ്പൊ അങ്ങേരടെ പഴയ കൊളീഗ്‌സാരെങ്കിലും ഉണ്ടോന്ന് നോക്കിയാലോ?"

"വരട്ടെ നമ്മടെ അളിയന്‍റെ വൈഫിന്‍റെ ഒരമ്മാവന്‍ ആ ഏരിയയൊക്കെ പരിചയമുള്ള ഒരാളുണ്ട്. അങ്ങേരടെ നമ്പര്‍ കിട്ടുവോന്ന് നോക്കിക്കൊണ്ടിരിക്കുവാ"

"അതിന് അങ്ങേരെ കിട്ടിയാ ഗുണമുണ്ടാകൂന്ന് ഒറപ്പുണ്ടോ?"

"പിന്നേ, പുള്ളി ഈ ഫീല്‍ഡീ പയറ്റിത്തെളിഞ്ഞ ആളാ"

"ശരി ഞാന്‍ വേറെ ചെലരേം‌കൂടെ ഒന്ന് വിളിച്ച് നോക്കട്ടെ"

"ശരി, വേഗായിക്കോട്ടെ"

-------

"ഹലോ"

"അതേയ്, മോള്‍ക്ക് ഷീറ്റും ബ്ലാങ്കറ്റും എടുത്തുവെക്കണോ? ചൊമേടെ മരുന്നും എടുത്തേക്കാല്ലേ?"

"എടീ ഇതൊക്കെ സ്വയമങ്ങ് ചെയ്താ പോരെ? ഈ ചെറിയ കാര്യത്തിന് ഓഫീസ് ടൈമില് എന്നെ വിളിച്ച് ശല്യപ്പെടുത്തണോ?"

"സോറി ബിസിയാരുന്നോ?"

"ങ്ഹാ കൊറച്ച്, പിന്നെ വിളിക്കാം"

--------

"ഹലോ"

"ഡാ ബിജു വിളിച്ചിരുന്നു"

"ഹാ എന്നിട്ട്?!"

"അവന്‍റെ അങ്കിളിന്‍റെ ഒരു പരിചയക്കാരന്‍ ഒരു പാലാക്കാരന്‍ അച്ചായന്‍റെ നമ്പറ് കിട്ടീട്ടൊണ്ട്. നീയൊന്ന് വിളിക്കാമ്പറഞ്ഞു."

"ഹാ ആളെയെനിക്ക് മനസ്സിലായി. നമ്പറ് താ"

---------

"ഹലോ"

"ഹലോ, സണ്ണിച്ചായനല്ലേ?"

"അതേ"

"അച്ചായാ ഞാന്‍ രമേശങ്കിളിന്‍റെ ഫ്രണ്ട് ബിനോ.."

"ങ്ഹാ മോനേ, എന്നാ ഒണ്ട് വിശേഷം?"

"അച്ചായാ രണ്ടീസം അവധിയായതോണ്ട് ഞങ്ങള് കൊറച്ച് ഫ്രണ്ട്സും ഫാമിലീം ഡിബ്ബക്ക് വരണൊണ്ട്"

"ഹൊഹ്ഹോ വെല്‍‌ക്കം വെല്‍‌ക്കം"

"താങ്ക്‌സച്ചായാ.പക്ഷെ ഈ വെള്ളിയാഴ്ച്ച പെരുന്നാളായതോണ്ട്.."

"ആയതോണ്ട്??"

"അല്ല പെരുന്നാളായിട്ട് അവിടത്തെ ബ്രാണ്ടിഷാപ്പ് തൊറക്കുവോന്ന്.."

"നീ ധൈര്യായിട്ട് വാടാവെ. ഇവിടെ പെരുന്നാളിന് രണ്ടു പലക കൂടുതല് തോറക്കുകാ പതിവ്."

"ഹോ! രക്ഷപെട്ടു. ഇനീപ്പൊ ദുബായീന്ന് കൊണ്ടരണ്ടല്ലോ."

ശുഭം

Tuesday, 17 November 2009

പരസ്യങ്ങളിലെ കീടാണുക്കള്‍

പ്രശസ്തമായ ഒരു ആന്‍റിസെപ്റ്റിക് ലോഷന്‍റെ പരസ്യമാണ് ടെലിവിഷനില്‍. ഉന്തുവണ്ടിക്കാരനില്‍നിന്ന് പച്ചക്കറിയോ മറ്റോ വാങ്ങുന്ന കുട്ടി. ബാക്കി പണം തിരികെ നീട്ടുന്ന കച്ചവടക്കാരന്‍റെ കൈയ്യിലെ നോട്ടിന്‍റെ ക്ലോസപ്പ്. വൃത്തത്തില്‍ ഹൈലൈറ്റ് ചെയ്ത ഭാഗത്ത് വിരകളുടെ ചിത്രം. "അയാളുടെ, അയാളുടെ, അയാളുടെ കൈകളില്‍‌നിന്ന് കീടാണുക്കള്‍.." എന്ന് തുടങ്ങുന്ന ഭീഷണമായ സ്ത്രീശബ്ദം പശ്ചാത്തലത്തില്‍. അദ്ധ്വാനിച്ച് ജീവിക്കുന്ന അര്‍ദ്ധപ്പട്ടിണിക്കാരനെ സമൂഹത്തിലെ കീടാണുവാഹകരുടെ പ്രതീകമായി തെരഞ്ഞെടുത്ത പരസ്യനിര്‍മ്മാതാവിന്‍റെ വികൃതഭാവനക്ക് ഒരു നാറുന്ന നമസ്ക്കാരം പറയാതിരിക്കാന്‍ മനസ്സ് വന്നില്ല. ഇത് അശ്രദ്ധമോ യാദൃശ്ചികമോ ആയ ഒരു തിരഞ്ഞെടുപ്പാകാന്‍ വഴിയില്ല. പരസ്യം ഉന്നം വെച്ചിരിക്കുന്ന ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗത്തിന്‍റെ വികാരവിചാരങ്ങള്‍ക്കൊപ്പം നടന്നുകൊണ്ട് അവന്‍റെ വ്യയശീലങ്ങളോട് പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട് ഈ സൃഷ്ടി. പലപ്പോഴും സധാരണക്കാരന്‍ ലോലമായ തന്‍റെ കുടും‌ബ ബഡ്ജറ്റിന്‍റെ പരിമിതികളെ മാന്യമായ കൊടുക്കല്‍ വാങ്ങലിലൂടെ മറികടക്കുന്നത് വഴിവാണിഭക്കാരിലൂടെയാണ്. പരസ്യത്തില്‍ കുട്ടി പണം കൊടുത്ത് വാങ്ങുന്ന ഉല്പ്പന്നത്തില്‍ കീടാണുബാധയുള്ളതായി ചിത്രീകരിച്ച് പ്രേക്ഷകന് അലോസര‍മുണ്ടാക്കുന്നില്ല. മറിച്ച് അണുവാഹകനായ കച്ചവടക്കാരന്‍റെ കൈയ്യില്‍‌നിന്നും കറന്‍സി നോട്ടിലൂടെയാണ് കീടാണുക്കള്‍ പകരുന്നത്. അണുക്കള്‍ എങ്ങിനെയാകും ഈ മ്ലേച്ഛനില്‍ കുടിയേറിയിട്ടുണ്ടാകുക? ഉച്ചക്ക് കഴിക്കാനുള്ള റൊട്ടിയും സവോളയും പൊതിഞ്ഞ് കൊടുത്ത ഭാര്യ തൊട്ടുകൂട്ടാന്‍ ഇതുകൂടിയിരിക്കട്ടെ എന്നുപറഞ്ഞ് ഒരു കഴഞ്ച് കീടാണുക്കളേക്കൂടി സഞ്ചിയിലിട്ട് കൊടുത്തതാകാന്‍ വഴിയില്ല. പിന്നെയുള്ള സാധ്യത അദ്ദേഹത്തിന്‍റെ ഉപഭോക്താക്കള്‍ തന്നെയാണ്. ജലദോഷപ്പനിയുമായി ചികില്‍സ തേടുന്ന പട്ടിണിക്കോലങ്ങളെ രക്തവും മജ്ജയും ഊറ്റിക്കുടിച്ച് രക്താര്‍ബുദരോഗിയാക്കി മാറ്റുന്ന അന്തകഡോക്ടര്‍, കൂട്ടമാനഭം‌ഗത്തിനിരയായി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന പെണ്‍കുട്ടിയെ വല്യേമാന് കൂട്ടിക്കൊടുത്ത് ഗുഡ് സര്‍‌വീസ് എന്‍ട്രി തരപ്പെടുത്തുന്ന പോലീസുകാരന്‍, സിമന്‍റിന് പകരം പാറപ്പൊടി കുഴച്ച് പാലം പണിയുന്ന കാലന്‍റെ അവതാരമായ കോണ്ട്രാക്ടര്‍, വികലാം‌ഗ പെന്‍ഷനുവേണ്ടി സര്‍ക്കാരാപ്പീസ് കയറിയിറങ്ങുന്നവന്‍റെ തള്ളയുടെ കെട്ടുതാലി അഴിച്ച് വാങ്ങുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍ എന്നിങ്ങനെ തൂക്കുകയറിന് സര്‍‌വ്വഥായോഗ്യമായ കഴുത്തില്‍ വെള്ളക്കോളര്‍ അണിഞ്ഞ് ഞെളിയുന്ന സാമൂഹ്യവിരുദ്ധരുടെ സെപ്റ്റിക്ക് ടാങ്കിന് സമാനമായ മനസ്സില്‍ അടിഞ്ഞിരിക്കുന്ന കീടാണുക്കളില്‍ ഒരു പങ്കായിരിക്കണം ഈ പാവപ്പെട്ടവനെയും ആക്രമിച്ചത്. അടിസ്ഥാനവര്‍ഗ്ഗത്തെ കീടാണുവാഹകരായി, തൊട്ടുകൂടാത്തവരായി മുദ്രകുത്തുന്ന ഇത്തരം പടപ്പുകള്‍ ദര്‍ശിക്കുന്ന കുട്ടികളോട് ഒരു വാക്ക്, സഹജീവികളെ മൃഗസമാനരായി കരുതുന്ന വികൃതമനസ്സുകളിലെ കീടാണുക്കള്‍ക്കെതിരെയാണ് ആന്‍റിസെപ്റ്റിക്കുകള്‍ നിങ്ങള്‍ സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടത്.
-----------------------------------------------------------
ധനലബ്ധിയും രോഗശാന്തിയും സര്‍‌വ്വാഭീഷ്ടസിദ്ധിയുമൊക്കെ വാഗ്ദാനം ചെയ്തുള്ള വിശ്വാസത്തട്ടിപ്പുകളുടെ പരസ്യങ്ങള്‍ വടക്കേയിന്ത്യന്‍ ചാനലുകളിലാണ് പലപ്പോഴും കാണാറുള്ളത്. മേപ്പടി ഉഡായിപ്പുകള്‍ ഭൂമിമലയാളത്തിലും കൊണ്ടാടുന്നുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസം ഒരു മലയാളം ചാനലിലെ പരസ്യം കണ്ടപ്പോഴാണ് മനസ്സിലായത്. "നസര്‍ സുരക്ഷാ കവചം" ആണ് ചരക്ക്. "കണ്ണേറ് തടുക്കും കോണകം" എന്ന് മലയാളത്തില്‍ പറയാം. മാലയില്‍ ലോക്കറ്റായി ധരിക്കാവുന്ന ഈ കോണകമണിഞ്ഞ് കണ്ണേറ് ദുരന്തങ്ങളില്‍‌നിന്ന് രക്ഷ നേടിയ ചില കോമാളിക്കഥാപാത്രങ്ങളുടെ അനുഭവസാക്ഷ്യമാണ് പരസ്യത്തിന്‍റെ പ്രധാന ഉള്ളടക്കം. കൂടാതെ ഫലസിദ്ധി ചാത്രീയമായി തെളിയിക്കപ്പെട്ടതിന്‍റെ വെളിപ്പെടുത്തലുമുണ്ട്. പ്രാകൃതം എന്ന് തിരിച്ചറിഞ്ഞ് പല പ്രാചീന ആചാരങ്ങളും വിശ്വാസങ്ങളും നവലോകം വിശാസി-അവിശ്വാസി തര്‍ക്കമില്ലാതെ തള്ളിക്കളയുമ്പോഴും അവയില്‍ കച്ചവടസാദ്ധ്യതയുള്ള തട്ടിപ്പുകള്‍ പുതുവേഷത്തിലും ഭാവത്തിലും തിരികെയെത്തുന്ന കാഴ്ച്ചയാണെങ്ങും. ഓലമറ കാണുന്നിടത്തെല്ലാം ക്യാമറ തിരുകി സ്കൂപ്പുകള്‍ തേടിയുഴലുന്ന മാദ്ധ്യമ സുഹൃത്തുക്കള്‍ തങ്ങളുടെ സ്വന്തം ചാനലുകളുടെ ഈ പരസ്യദാതാക്കളുടെ മേല്‍‌വിലാസം തേടിപ്പോയാല്‍ ലഭിക്കാവുന്ന സ്കൂപ്പുകളേക്കുറിച്ച് ബൊധവാന്‍‌മാരല്ല എന്ന് കരുതണോ. എന്തായാലും ഇത്തരം വിശ്വാസത്തട്ടിപ്പുകളുടെ വഴുവഴുപ്പ് സുഖാനുഭൂതിയായി തോന്നുന്നവര്‍ക്ക് അതാസ്വദിക്കാം. മറിച്ച്, പരസ്യത്തട്ടിപ്പുകാരുടെ വികൃതഗര്‍ഭം വന്‍‌കുടലില്‍ പേറാന്‍ താത്പര്യമില്ലാത്തവര്‍ സ്വയം നിര്‍മ്മിത "ഗുദസുരക്ഷാ കവചങ്ങള്‍" അണിഞ്ഞ് പ്രതിരോധം തീര്‍ക്കുകയാണ് ഏക പോം‌വഴി.

Monday, 2 November 2009

സഖാവേ നുമ്മക്ക് നന്നാകാം

എവടെ വരെയായീ സഗാവേ റിപ്പോര്‍ട്ടിങ്ങ്?

"എന്തടേ സഖാവിന്‍റെ "ഖ"ക്ക് ഒരു ബലക്ഷയം?"

നിങ്ങള് തെറ്റ് മുഴുക്കനും തിരുത്തി മര്യാദക്കാരാവണ വരേക്കും ഈ ബലം‌വെച്ച് അഡ്ജസ്റ്റ് ചെയ്യ് സഗാവേ

"എന്നാലും മുമ്പൊന്നുമില്ലാത്ത ഒരു ബഹുമാനക്കുറവ്..!"

ഇത് പണ്ടേ ഉണ്ടേരുന്ന്. പുറത്ത് കാണിക്കാന്‍ ഇപ്പളാണ് ധൈര്യം കിട്ടീത്.

"ഇപ്പളെന്തടേ രാത്രീ സൂര്യനുദിച്ചോ?"

ഞങ്ങടെ പോളിറ്റ്‌ബ്യൂറൊ പറഞ്ഞല്ല് നിങ്ങള് ചെയ്തോണ്ടിരുന്നത് പലതും പോക്രിത്തരാന്ന്..

"പോളിറ്റ്‌ബ്യൂറൊ അങ്ങനെയാണോ പറഞ്ഞത്?"

അങ്ങനെ തന്നേണ്. ചെയ്ത കാര്യങ്ങള് എണ്ണിയെണ്ണി പറയേം ചെയ്ത്."

എടാ മനുഷ്യമ്മാരായാ തെറ്റ് പറ്റും. അത് തിരുത്താനുള്ള മനസ്സുണ്ടാവണതല്ലേ വല്യ കാര്യം?"

തന്നെ സഗാവേ. അതുതന്നെയാണല്ലും നുമ്മക്കീ പാര്‍ട്ടിയോടുള്ള സ്നേകം. പക്ഷെ കുറേക്കാലമായിട്ട് ഈ തെറ്റുകള് ചൂണ്ടിക്കാണിച്ചവരെ നിങ്ങള് കൈകാര്യം ചെയ്ത രീതി കണ്ടാ പെറ്റതള്ള സഹിക്കൂല്ലന്നും.

"എടാ അതുപിന്നെ പാര്‍ട്ടി അച്ചടക്കം, ലെനിനിസ്റ്റ് സം‌ഘടനാ തത്വങ്ങള്‍..."

ഒവ്വ, അതൊക്കെ പുരക്കകത്തും പന്തലിലുമ്മൊക്കെ സ്ഥാനമുള്ള നിങ്ങള് പാര്‍ട്ടി മെമ്പറമ്മാര്‍ക്കല്ലേ ബാധകം സഗാവേ. പറമ്പിലും വേലിക്കലുമൊക്കെ കറങ്ങിത്തിരിഞ്ഞ് നിക്കണ ഞങ്ങളേപ്പോലുള്ളവരടെ കാര്യം മറന്നാലെങ്ങനെ? അല്ലാണ്ട് മെമ്പറമ്മാരടെ മാത്രം വോട്ട് കിട്ടിയാല് കെട്ടിവെച്ച കാശ് പോവില്ലേന്നും?

"നീയിപ്പളെന്താണീ പറഞ്ഞ് വരണത്?"

ഈ പാര്‍ട്ടിയെ സ്നേഹിച്ചും വിശ്വസിച്ചും ജീവിക്കണ ഒരുപാട് ആളോള് നിങ്ങടെ സം‌ഘടനാ സം‌വിധാനത്തിന് പുറത്തുണ്ട്. നിങ്ങള് ചെയ്യണത് ശരിയല്ലെന്ന് തോന്നിയാ അവരത് പറഞ്ഞെന്നിരിക്കും.അല്ലാണ്ട് പോളിറ്റ് ബ്യൂറോ കൂടണവരെയൊന്നും അവര് കാക്കൂല്ല. ഈ വിമര്‍‌ശനത്തിന്‍റെ പേരില് നിങ്ങള് മെക്കിട്ട് കേറിയ കാരണം ഒത്തിരിപ്പേര് പാര്‍ട്ടിയോട് പിണങ്ങി നിക്കണൊണ്ട്.

"വിമര്‍‌ശനത്തിന് ഞങ്ങള് മറുപടി പറയണ്ടേടേ"

അസഹിഷ്ണുതയേത് മറുപടിയേത് എന്ന് തിരിച്ചറിയാനൊള്ള പുത്തിയൊക്കെ നമ്മടെ നാട്ടുകാര്‍ക്കൊണ്ട് സഗാവേ. അതുമല്ല ഇപ്പഴത്തേക്കാലത്ത് മനുഷമ്മാരോട് മര്യാദക്ക് സംസാരിച്ചില്ലെങ്കി അവര് പോയി പണിനോക്കാമ്പറയും. സ്കൂളില് പിള്ളേരെ തല്ലിയ സാറിനെ കാര്‍ന്നോമ്മാര് തിരിച്ചുതല്ലണ കാലമാണ്. എല്ലാത്തിനും ഒരു മയം വേണം. നമ്മടെ ചെല നേതാക്കമ്മാരടെ വായീന്ന് വരണത് കേട്ടാ കേട്ടാ ആസകലം ചൊറിഞ്ഞ് വരും. കഠിനമായ ജീവിതാനുഭവങ്ങളുടെ എരിതീയില്‍ പാകപ്പെട്ട ഇരുമ്പുലക്ക ശൈലി എന്ന ഞായമൊന്നും ഇപ്പ ചെലവാകുവേല. ഒള്ളത് പറഞ്ഞാ മൊട്ടേന്ന് വരിയാത്ത ചെല SFIക്കാര് പിള്ളേരടെ വരെ പത്രസമ്മേളനം കാണുമ്പ പേടിയേണ്. എവമ്മാര് ശ്വാസം പിടിച്ച് പിടിച്ച് നുമ്മടെ വിജയന്‍‌മാഷിന് പറ്റിയപോല വല്ലോം വന്നുപോകുവോന്ന്. ഒരു സഹായം ചോദിച്ച് ചെല്ലാന്‍ നാട്ടുകാര്ക്ക് ധൈര്യം വരണ്ടേന്നും.?

"വേറെ എന്തൊക്കെയാടേ നെന്‍റെ പരാതികള്?"

കുറേകാലായിട്ട് പാര്‍ട്ടീം ജനോം ചന്തി‌തിരിഞ്ഞാണ് നിക്കണത്. സര്‍ക്കാരിനേക്കാളും വല്യ നെറ്റ്‌വര്‍ക്കൊള്ള പാര്‍ട്ടിയാണ് നുമ്മടേത്. പണ്ടൊക്കെ ഒരു തെരഞ്ഞെടുപ്പ് വരുമ്പം പാര്‍ട്ടീടെ കണക്കെടുപ്പുകള് കിറുകൃത്യമായിരുന്നു. ഇപ്പൊ അത് സ്ഥിരമായി തെറ്റണതെന്താന്ന് മനസ്സിലായാ? പ്രാദേശിക ഘടകങ്ങളിലെ നേതാക്കള്‍ക്ക്‌വരെ ജനത്തിന്‍റെ പള്‍സ് മനസിലാകാഞ്ഞിട്ടേണ്.
പിന്നെ പാര്‍ട്ടിടേം നേതാക്കളടേം ചെല കൂട്ടുകെട്ടുകള് നുമ്മക്കുണ്ടാക്കിയ ക്ഷീണം ചെറുതാന്നാണാ വിചാരം. പാര്‍ട്ടി നല്ല ഫിങ്ങ്‌ഫിങ്ങെന്ന് സ്ട്രോങ്ങായി നിക്കണ നേരത്താണ് ആ പെഴച്ച ചെക്കന്‍ മുരളീധരന്‍റെ തോളത്ത് കൈയ്യിടാമ്പോയത്. കേരളത്തിലൊരു വീട്ടിന്ന് കഞ്ഞിവെള്ളം പോലും കിട്ടൂല്ലാത്തവനാണത്. നമ്മടെ ഡിഫിക്കാര് പിള്ളേര് മുരളിക്ക് വേണ്ടി വോട്ട് പിടിക്കാനെറങ്ങണ അശ്ലീലം സ്വപ്നം കണ്ട് ഞാന്‍ ഞെട്ടി നെലവളിച്ചിട്ടൊണ്ട്, അറിയാവാ.

"നീയടങ്ങ്, ആ കൂട്ട് നമ്മള് വിട്ടല്ലൊ"

അതുപോലെ കേരളത്തില് നുമ്മടെ പ്രധാന ശത്രു കോണ്‍ഗ്രസാണേലും അതിലും വെറുക്കപ്പെടേണ്ടവര് വര്‍ഗ്ഗീയകക്ഷികളാണെന്നാ കൊച്ചിലേമൊതല് നിങ്ങള് പറഞ്ഞ് പഠിപ്പിച്ചത്. എന്നിട്ടേണ് മദനിയേപ്പോലത്തവമ്മാരുമായി നിങ്ങള് കൂട്ടുകൂടാമ്പോയത്.

"എടാ അതിന് മദനിയെ കോടതി കുറ്റവിമുക്തനാക്കീല്ലേ"

ഒവ്വ. മദനി ബോംബ് കേസില്‍ പ്രതിയായതുകൊണ്ടല്ലല്ലും പാര്‍ട്ടി അങ്ങേരെ എതിര്‍ത്തിരുന്നത്. അതിനൊക്കെ മുമ്പേ തന്നെ അങ്ങേരടേ കൈയ്യിലിരിപ്പും വായിലിരിപ്പും നാടിന്‍റെ നാശത്തിനാന്ന് തിരിച്ചറിഞ്ഞതോണ്ടാണ് നുമ്മളൊരു നെലപാടെടുത്തത്. ജയിലീക്കെടക്കുമ്പം എല്ലാരും നെഞ്ചത്തടിക്കുവേം നെലവളിക്കുവേമൊക്കെ ചെയ്യും. ഒടനേ ദേ മാനസാന്തരം‌ന്ന് പറഞ്ഞ് അവരെ പിടിച്ച് കൂടേക്കെടത്താമ്പാടൊണ്ടോ. ഇതൊക്കെ മുസ്ലീം സമുദായത്തിനെടേല് സ്വാധീനം കൂട്ടാനാന്ന് പറയണതും മണ്ടത്തരേണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ഒരു പൊന്നുമോന്‍റേം സഹയമില്ലാതല്ലേന്നും നുമ്മള് മലപ്പുറത്ത് അടിച്ചു കേറീത്.
അതുപോല പാര്‍ട്ടിക്ക് കാശ് വേണമെന്ന് മനസ്സിലാക്കാനൊള്ള വെവരമൊക്കെ നുമ്മക്കൊണ്ട്. പക്ഷെ ഒരുപാട് കാശ് ഒരുമിച്ച് തരണവമ്മാരുമായിട്ടൊള്ള എടവാട് നുമ്മക്ക് വേണ്ട സഗാവേ. ചെലവമ്മാരടെ കാശ് വാങ്ങി പോക്കറ്റിലിട്ടാ അവമ്മാര് വീട്ടീക്കേറിവന്ന് അമ്മേം പെങ്ങളേം ചൂണ്ടിക്കാണിക്കും. അതോണ്ട് ആ കാശിനൊള്ളത് കൊറച്ചിട്ട് നിങ്ങള് പാര്‍ട്ടി നന്നാക്കിയാ മതി. ഞങ്ങയങ്ങട് സഹിച്ച്.

"പിന്നെ ഞങ്ങളെ കുറ്റം പറയല്ല്"

ഓ ഏറ്റ്.
പിന്നെ നേതാക്കളടെ കുടും‌ബാംഗങ്ങളടെ വിശേഷമൊക്കെ പോളിറ്റ്‌ബ്യൂറോ പറഞ്ഞത് കേട്ടല്ല്. ഏതെങ്കിലും നേതാക്കമ്മാര്‍ക്ക് തലതിരിഞ്ഞ മക്കളുണ്ടായിട്ടുണ്ടെങ്കി അവരെ ചൊമക്കണ്ട പണി പാര്‍ട്ടി ചെയ്യാമ്പാടില്ലാന്ന്.

"എടാ നീയും യു ഡി എഫ് നെ സഹായിക്കണ മാദ്ധ്യമങ്ങള് പറേണ കേട്ടിട്ട്..."

ഒന്ന് ചുമ്മാതിരി സഖാവേ. ഇരുട്ടിവെളുക്കുമ്പം പോയി വര്‍ഗ്ഗശത്രുക്കള്‍ക്ക് ചമതിച്ച് കൊടുക്കണത് നിങ്ങള് നേതാക്കളേണ്. നുമ്മയല്ല. രാഗവനും ഗൗരിയമ്മയും മൊതല് അബ്ദുള്ളക്കുട്ടി വരെയൊള്ള സകല ചതിയമ്മാരും നേതാക്കളേരുന്ന്. അവര് പോയപ്പം ഞങ്ങ ഒറ്റക്കുഞ്ഞും കൂടപ്പോയിട്ടില്ല. അതുകൊണ്ട് ആദ്യം നിങ്ങള് നേതാക്കള് നന്നാകാന്‍ നോക്ക്, എന്നിട്ട് മതി സ്വയം നന്നാകണത്.

ഓ ടോ: സം‌ഗതിയൊക്കെ ശരി.ഉപതെരഞ്ഞെടുപ്പില് നുമ്മ ചെയ്യണ വോട്ട് ഇടതിനാണ്. കാരണമെന്താന്നാ. ഞങ്ങ നന്നാവാമ്പോവേണ്.