Sunday 27 September 2009

നാര്‍ക്കോ CD ചോര്‍ന്ന വഴി?!

അടുത്തകാലത്ത് ദൃശ്യമാദ്ധ്യമങ്ങളിലൂടെ കാണാനിടയായതില്‍ ഏറ്റവും അരോചകമായ കാഴ്ച്ചയായിരുന്നു അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനാ ദൃശ്യങ്ങള്‍. സംസ്ക്കാരശൂന്യവും അപക്വവുമായ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ മറ്റൊരു ഉദാഹരണം. എങ്കിലും പറയത്തക്ക വലിയ പ്രതിഷേധമൊന്നുമില്ലാതെ, അസ്വസ്ഥമായ ഒരു ചിരിയോടെ സാംസ്ക്കാരിക കേരളം ആ കാഴ്ച്ചകള്‍ കണ്ടിരുന്നതിന്‍റെ മുഴുവന്‍ ക്രഡിറ്റും കന്യാസ്ത്രികളുടെ പാവാടച്ചരടില്‍ തങ്ങള്‍ക്കുള്ള അന്യൂനമായ അവകാശം ഉപാധികളില്ലാതെ നിലനിര്‍ത്തിക്കിട്ടാന്‍ അരമനകളിലിരുന്ന് ചരടുവലിച്ച തിരുമേനിമാര്‍ക്ക് തന്നെ. ഒരു നിര്‍ദ്ധനകുടും‌ബത്തിന്‍റെ ദൈവനാമത്തിലുള്ള മഹാത്യാഗമായ നിരാശ്രയയായ ഒരു പാവം പെണ്‍കുട്ടിയെ, അടുക്കളയില്‍ മൂന്നുതലയുള്ള തിരുസ്വരൂപം കണ്ട് ഭയന്നോടിയ നിസ്സഹായയായ ഒരു സന്യാസിനിയെ, കോടാലിക്കടിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞശേഷവും രാഷ്ട്രത്തിന്‍റെ കുറ്റാന്വേഷണ നീതിന്യായ വ്യവസ്ഥയെ മസില്‍-മണി പവറിന്‍റെ ഹുങ്കില്‍ പരിഹാസ്യരാക്കി സമൂഹത്തെ ജവുളിപൊക്കിക്കാണിച്ച് പല്ലിളിച്ച പൗരോഹിത്യ ധാര്‍ഷ്ട്യത്തെ നോക്കി ഒരു വഷളന്‍ ചിരി ചിരിക്കാന്‍ ജനത്തിനു കൈവന്ന അവസരമായി അത്. അങ്ങനെ സിലുമയുടെ ഒടുക്കത്തെ ഷോയും കഴിഞ്ഞപ്പോള്‍ കണ്ണീരായി, പരാതിയായി, അന്വേഷണമായി, ചര്‍ച്ചയായി.. സി ഡി ചോര്‍ന്നതോ ചോര്‍ത്തിയതോ? !

ദാസനെയും വിജയനെയും വരെ CIDകളാക്കിയ നാട്ടില്‍ കേസ് തെളിയിച്ച് പോലീസില്‍ ചേരാന്‍ ഈ ബ്ലോഗര്‍ക്കും മോഹമുണര്‍ന്നത് തെറ്റല്ലല്ലോ. ഏറിയാല്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കോടീശ്വരനായ ഏതെങ്കിലും അറബിയുടെ ജീവന്‍ രക്ഷിച്ച്, പാരിതോഷികമായി അങ്ങേരുടെ ഒന്നോ രണ്ടോ കപ്പലുകളും സ്വന്തമാക്കി നാട്ടില്‍ സെറ്റിലാകാനുള്ള മോഹവുമായി ഗള്‍ഫിലെത്തിയിട്ട് വര്‍ഷം പത്തായി. കൊള്ളാവുന്ന ഒരറബിയെ മര്യാദക്കൊന്ന് കാണാന്‍‌പോലും പറ്റിയിട്ടില്ല ഇതുവരെ. ഇനിയിപ്പോള്‍ ലിതുപോലെ ഏതേലും കേസ് തെളിയിച്ച് പോലീസീ കേറീട്ട് വേണം ദുബായീന്ന് കൈച്ചിലാകാന്‍. അപ്പൊ പറഞ്ഞുവന്നത്, സി ഡി ചോര്‍ന്ന കേസില്‍ കള്ളന്‍ കപ്പലില്‍‌തന്നെ എന്ന് മാളോരെല്ലാം പറയണകേട്ടാണ് നുമ്മടെ ഡിക്കനച്ചന്‍റെ ബൂലോകകപ്പലില്‍ ഒന്നു കയറി തപ്പിനോക്കിയത്. അങ്ങനെ തുഴഞ്ഞുതുഴഞ്ഞ് കഴിഞ്ഞ ഡിസം‌ബര്‍ വരെ എത്തിയപ്പോള്‍ ലോ കെടക്കണു കള്ളന്‍ കുഞ്ഞാപ്പൂന്‍റെ കുറ്റസമ്മതത്തോളം തെളിവാര്‍ന്ന ചില മൊഴിമുത്തുകള്‍. സം‌ഗതി ദോ ദിങ്ങനെ

"..നാര്‍ക്കോ അനാലിസിസ്‌ പരിശോധനയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണു മൂന്നുപേരെ അറസ്റ്റ്‌ ചെയ്തതെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ആ അവസരത്തില്‍ നാര്‍ക്കോ അനാലിസിസ്‌ പരിശോധനാഫലം അടങ്ങിയ സി.ഡികള്‍ കോടതിയുടെ കസ്റ്റഡിയിലായിരുന്നു. പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ അവ എന്താണെന്ന്‌ അറിയാന്‍ ജനാധിപത്യഭരണക്രമത്തില്‍ പൊതുജനങ്ങള്‍ക്ക്‌ അവകാശമില്ലേ?നാര്‍ക്കോ ടെസ്റ്റില്‍, ട്രൂത്ത്‌ സീറം എന്നറിയപ്പെടുന്ന, മയക്കുമരുന്നു പോലുള്ള രാസവസ്തു കുത്തിവച്ച്‌ അര്‍ധബോധാവസ്ഥയില്‍ കഴിയുന്ന കുറ്റാരോപിതര്‍ ചോദ്യം ചെയ്യലില്‍ എന്തെല്ലാമാണു പറഞ്ഞതെന്നും അവരോട്‌ എന്തെല്ലാം ചോദ്യങ്ങളാണ്‌ ചോദിച്ചതെന്നും വിശദമായി അറിഞ്ഞാലേ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരെപ്പറ്റിയുള്ള പുകമറ നീങ്ങി പൊതുജനത്തിനു മുന്നില്‍ സത്യം വെളിവാകൂ..."

ആഹാ! "പൊതുജനത്തിന് മുന്‍പില്‍ നാര്‍ക്കോ പരിശോധനയുടെ സത്യം വെളിവാക്കാന്‍" ദാഹിച്ചിരുന്ന ഈ കൂട്ടര്‍ തൃക്കൈനീട്ടി കോടതിയില്‍‌നിന്നും സി ഡി കൈപ്പറ്റിയ ദിനത്തിലാണ് ഇടയന്മാരുടെ ഭക്തിപ്പടം ലീക്കായത്. ദേ ഇപ്പം പുടി കിട്ടിയല്ലോ സി ഡി ചോര്‍ത്തിയതാരാണെന്ന്. ഇനിയിപ്പം മുകളില്‍ ചേര്‍ത്തിരിക്കുന്ന ഭാഗം സന്ദര്‍ഭത്തില്‍‌നിന്ന് അടര്‍ത്തിമാറ്റിയതാണോയെന്ന് സം‌ശയിക്കുന്ന വാസുമാര്‍ക്കായി ലിങ്ക് ദാ പിടിച്ചോ.

പിന്നൊരു കാര്യം! ഡിക്കനച്ചന്‍റെ ബ്ലോഗില്‍ പോകുന്ന പുതുബ്ലോഗര്‍‌മാര്‍ക്കായി ഒരു Statutory Warning ഉണ്ട്. "Keep away from sharp objects"! അങ്ങേരുടെ ചില മാരക പോസ്റ്റുകള്‍ വായിച്ച് പരിസരം മറന്ന് വീണുരുണ്ട് ചിരിക്കുമ്പോള്‍ (ROTFL) പരിക്കുപറ്റാന്‍ സാധ്യതയുണ്ട്. കൊച്ചുവെളുപ്പാങ്കാലത്ത് അടുക്കളയില്‍ കഞ്ഞീം കറീം വെച്ച് കളിക്കുന്ന ശീലമില്ലാത്ത കുഞ്ഞുകന്യാസ്ത്രികള്‍ തങ്ങളുടെ മുറികളില്‍ ആവശ്യത്തിന് കുടിവെള്ളം കരുതണം എന്നോര്‍മ്മിപ്പിക്കാനായി അഭയ എന്നൊരു മനോരോഗിയുടെ ഫോട്ടോയും പതിപ്പിച്ചിട്ടുണ്ട് അങ്ങേരുടെ ബ്ലോഗില്‍.

എന്‍റെ തറവാട്ടിലുമുണ്ട് അപ്പൂപ്പന്‍ വേട്ടയാടിക്കൊന്ന ഒരു മാന്‍‌പേടയുടെ തല!

Monday 21 September 2009

ദൈവങ്ങള്‍ സയനൈഡ് നുണയുമ്പോള്‍


മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും ഒട്ടുംകുറയാത്ത അവരുടെ ക്ഷേത്രങ്ങള്‍ക്കും ഏകാനാകാത്ത പുണ്യം അയലത്ത് അവതരിക്കുന്ന ഷക്കീലദൈവങ്ങള്‍ ചുരത്തുമെന്ന പ്രതീക്ഷയില്‍ അവരുടെ അകിടുകളുടെ മുഴുപ്പില്‍ മോക്ഷം തേടി സമയവും സമ്പത്തും ഹോമിക്കുന്ന വിഡ്ഡ്യാസുരന്മാര്‍ക്ക് ചിന്ത റിഫ്രഷ് ചെയ്യാന്‍ ഒരവസരം കൂടി. മനുഷ്യദൈവങ്ങള്‍ക്കും അടിതെറ്റുമെന്നും, അടിതെറ്റിയാല്‍ ചാകാന്‍ തോന്നുമെന്നും, ചാകണമെങ്കില്‍ സയനൈഡ് കഴിക്കണമെന്നും, സയനൈഡ് തിന്നുന്നവര്‍ ചത്ത് ചീയുമെന്നും, അതുകൊണ്ടുതന്നെ അവര്‍ ദൈവങ്ങളല്ല പച്ച മനുഷ്യരാണെന്നും തിരിച്ചറിയാന്‍ ഒരുപക്ഷെ വല്യ മൂപ്പന്‍ ദൈവം നൂലില്‍ കെട്ടി ഇറക്കിത്തന്ന ഒരവസരമെന്നും വ്യാഖ്യാനിക്കാം.

വര്‍ഷങ്ങളോളം മനോരോഗത്തിന് ചികിത്സയിലായിരുന്നു പുതുക്കാട് മുളങ്ങ് ചീരമ്പത്ത് മോഹനന്‍റെ മകളായ ദിവ്യ എന്ന ചെറുപ്പക്കാരി. ഇതിനിടെ അച്ഛന്‍റെ സഹായിയായി അവതരിച്ച് ഭര്‍ത്താവായി പ്രമോഷന്‍ നേടിയ ജോഷി എന്ന തരികിട തന്‍റെ റെന്‍റ് എ കാര്‍ ബിസ്സിനസ് പൊളിഞ്ഞപ്പോഴാണത്രെ ദിവ്യയുടെ സം‌ഗമസ്ഥാനങ്ങളില്‍ വിഷ്ണുമായയുടെ ഒലിപ്പ് കണ്ടെത്തി മര്‍ക്കറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ദുരൂഹമായ സാഹചര്യത്തില്‍ ദിവ്യയുടെ പിതാവ് മോഹനന്‍ പൊള്ളലേറ്റ് മരണപ്പെട്ട സം‌ഭവവും ഇതിനിടെ ഉണ്ടായി.
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിച്ച് ഈറന്‍ ഒറ്റമുണ്ട് ധരിച്ച് മോക്ഷമര്‍മ്മങ്ങള്‍ പ്രദര്‍ശിപ്പിച്ച് ദര്‍ശനം നല്‍കുന്ന കച്ചവടതന്ത്രമാണ് മാര്‍ക്കറ്റില്‍ ഹിറ്റായതത്രെ. വളര്‍ച്ചയുടെ പ്രാരം‌ഭഘട്ടങ്ങളില്‍ എല്ലാ ലുഡായിപ്പ് മനുഷ്യദൈവങ്ങളും ഭക്ത(?)രെ ആകര്‍ഷിക്കാന്‍ ഇങ്ങനെ ചില നമ്പറുകള്‍ പതിവുണ്ടെന്ന് കാണാം. സുതാര്യമായുള്ള വസ്ത്രത്തില്‍ നനഞ്ഞുകുതിര്‍ന്നുള്ള ആട്ടവും പാട്ടുമായിരുന്നു പണ്ട് നമ്മുടെ ഒ.രാജഗോപാല്‍ കാലില്‍‌വീണ് പ്രശസ്തയാക്കിയ മറ്റൊരു അവതാരത്തിന്‍റെ മാസ്റ്റര്‍പ്പീസ്. പതിവായി ഇത്തരം "ഒലിപ്പുകള്‍" തേടി നടക്കുന്ന സിനിമാക്കാരും കള്ളപ്പണക്കാരും ചേര്‍ന്ന് ദിവ്യ ജോഷിയുടെയും അരങ്ങ് കൊഴിപ്പിച്ചു. പട്ടണത്തില്‍ തമിഴന്മാര്‍ പോലും കൊതിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍, സഞ്ചരിക്കാന്‍ ആഡം‌ബരകാറുകള്‍, കൊട്ടാരസദൃശ്യമായ വീട്.. അങ്ങനെ അര്‍മാദിച്ചു ജീവിച്ച് വരുന്നതിനിയില്‍ സന്തോഷ് മാധവന്‍ പിടിയിലായപ്പോഴുണ്ടായ കാറ്റിലാണ് ദിവ്യ ജോഷിയും കടപുഴകിയത്. പിന്നീട് കേസുകള്‍, വക്കാണങ്ങള്‍, അറസ്റ്റ്, ഇപ്പോള്‍ ആത്മഹത്യയും.

ഇങ്ങനെ പാതിവഴിയില്‍ അസ്തമിക്കുന്ന അവതാരങ്ങള്‍ക്കും സായിബാബ, അമൃതാനന്ദമയി പോലുള്ള എസ്റ്റാബ്ലിഷ്ഡ് ദൈവങ്ങള്‍ക്കുമിടയിലുള്ള ദൂരം എത്രയോ ചെറുതാണെന്നുള്ള ആശങ്കയുളവാക്കുന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതുണ്ട്. 500 കോടിയുടെ നിധി സ്വന്തമാക്കാന്‍ 95 ലക്ഷം ദൈവത്തിന് കപ്പം കൊടുക്കുന്ന മണ്ടശിരോമണികള്‍ നമ്മുടെ സമുഹത്തെ ബാധിച്ചിരിക്കുന്ന മനോരോഗത്തിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ്. അത്താണി തേടുന്നവന് അഭയസ്ഥാനമായി ദൈവം എന്ന സങ്കല്പ്പം ആര്‍ക്കെങ്കിലും ആശ്വാസമാകുന്നെങ്കില്‍ നല്ലത്. പക്ഷെ പട്ടി മുള്ളാന്‍ നില്‍ക്കുന്നത് ഒറ്റക്കാലിലുള്ള തപസായി വ്യാഖ്യാനിച്ച് കപ്പവും പൂജയുമായി പിന്നാലെ കൂടുന്നതിന്‍റെ പേര്‍ ഭ്രാന്ത് എന്നല്ലാതെ മറ്റെന്താണ്!?




Wednesday 16 September 2009

എന്‍റെ മാതൃഭൂമ്യേ!!

പോള്‍‌വധവുമായി ബന്ധപ്പെട്ട് ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ "പോലീസുമായി ചിരിച്ചുല്ലസിച്ച് ഓം‌പ്രകാശും രാജേഷും" എന്ന തലക്കെട്ടോടെ വന്ന ഒരു വാര്‍ത്തയുടെ സ്ക്രീന്‍‌ഷോട്ടാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. പത്രത്തിന്‍റെ സര്‍ക്കാര്‍ വിരോധം മനോരോഗത്തോളം വളര്‍ന്നതിന്‍റെ തെളിവായി വേണം ഈ വാര്‍ത്തയെ കാണാന്‍. ഇന്നത്തെ മാതൃഭൂമി ഇന്‍റര്‍നെറ്റ് എഡിഷന്‍റെ കേരള പേജില്‍ പോള്‍‌വധക്കേസുമായി ബന്ധപ്പെട്ട് മാത്രം പതിനാലോളം വാര്‍ത്തകളുണ്ട്. സാങ്കേതികമായോ സൃഷ്ടിപരമായോ ശരാശരി നിലവാരമെങ്കിലും പുലര്‍ത്തുന്ന ഒരു വാര്‍ത്തപോലും അക്കൂട്ടത്തിലില്ല എന്നു വിലയിരുത്താന്‍ പതിവായി പത്രങ്ങള്‍ വായിച്ചുള്ള അനുഭവപരിചയം മാത്രം മതിയാകും.
മുകളില്‍ കൊടുത്തിരിക്കുന്ന വാര്‍ത്ത തന്നെ നോക്കുക.

"..ഒരു ഉല്ലാസയാത്രയുടെ പ്രതീതിയായിരുന്നു ആ പോലീസ്‌ വണ്ടിയില്‍. പോലീസും ഗുണ്ടകളും ചിരിച്ചുകളിച്ച്‌ പോലീസ്‌ അകമ്പടിയോടെ ഒരു സുഖയാത്ര.."
"ചിരിച്ചുകളിച്ച്‌" എന്നതിനുപകരം "ചീട്ടുകളിച്ച്" എന്നായിരുന്നെങ്കില്‍ പത്രത്തിന്‍റെ രോഷത്തില്‍ കഴമ്പുണ്ടായിരുന്നു. "പോലീസ് അകമ്പടിയോടെ സുഖയാത്ര"!! പോലീസിനെ എന്തായാലും ഒഴിവാക്കുക വയ്യ. സുഖയാത്ര അസുഖയാത്രയാക്കാന്‍ ഗുണ്ടകളുടെ ആസനത്തില്‍ മൂലക്കുരു സന്നിവേശിപ്പിച്ച് കൊടുക്കേണ്ടി വരും!

"..ചൊവ്വാഴ്‌ച കൊല്ലത്ത്‌ പോള്‍വധക്കേസ്സില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന കുപ്രസിദ്ധ ഗുണ്ടകളായ ഒാംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കാണാന്‍ വന്‍ ജനക്കൂട്ടം രാവിലെമുതല്‍ ചവറയിലും പരിസരത്തും കാത്തുനിന്നിരുന്നു. ഇതിനിടയിലാണ്‌ സ്റ്റേഷനിലേക്ക്‌ അപ്രതീക്ഷിതമായി ഗുണ്ടാനേതാക്കളെ വഹിച്ച പോലീസ്‌ വണ്ടി എത്തിയത്‌.."
"രാവിലെ മുതല്‍ കാത്തുനില്‍ക്കുന്ന" ജനക്കൂട്ടത്തിനിടയിലേക്ക് "അപ്രതീക്ഷിതമായി" അവതരിക്കുന്ന വിദ്യ എന്താണാവോ! ഭൂമി പിളര്‍ന്നുണ്ടായ വിടവിലൂടെ പോലീസ് വണ്ടി പൊന്തി വന്നു എന്ന് പറയാത്തത് ഭാഗ്യം.

"..ഒപ്രകാശിനെയും രാജേഷിനെയും പുറത്തിറക്കാതെ തെളിവെടുപ്പ്‌ നടത്തിയതിന്റെ ത്രില്ലിലായിരുന്നു പോലീസ്‌.."
കഷ്ടം!

"..പോലീസ്‌ വണ്ടി പിന്തുടരുന്നതുകണ്ട്‌ ആംഗ്യം കാണിച്ച്‌ ഒാംപ്രകാശും രാജേഷും ആസ്വദിച്ച്‌ ചിരിക്കുന്നുണ്ടായിരുന്നു. ഒപ്പം പോലീസും പങ്കുചേരുന്നതു കണ്ടു. മുതിര്‍ന്ന പോലിസ്‌ ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ഇതൊക്കെ നടക്കുമ്പോള്‍ ഒരു ഉല്ലാസയാത്രയുടെ ആലസ്യം മാത്രമായിരുന്നു ഗുണ്ടകളുടെ മുഖത്ത്‌.."
വാഹനത്തിലെ മദ്യപാനത്തിനിടയില്‍ ഓം‌പ്രകാശ് തന്‍റെ മൂക്കില്‍ വിരലിട്ടു കിട്ടിയത് അടുത്തിരുന്ന പോലീസുകാരന് ടച്ചിങ്സായി വായില്‍ വെച്ചുകൊടുക്കുന്നത് കാണാമായിരുന്നു എന്നെഴുതിയിരുന്നെങ്കില്‍ ഇത്രയും വമനേച്ഛ ഉണ്ടാകുമായിരുന്നില്ല.

അന്ധമായ "ചിരി" വിരോധം സാധാരണ കണ്ടുവരുന്നത് അപകര്‍ഷതാബോധം മൂത്ത് ഭ്രാന്തായവര്‍ക്കാണ്. ഈ ലേഖകന്‍റെ കാര്യം അറിയില്ല. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ അധികരിച്ച ഡിമാന്‍റിന്‍റെ സമ്മര്‍ദ്ദത്തില്‍ ലേഖകന്മാര്‍ തങ്ങളുടെ കുട്ടികളെവരെ രചനക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് തോന്നിക്കും‌വിധമാണ് പല സൃഷ്ടികളുടെയും ഭാഷാനിലവാരം. മുതലാളിമാരുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സം‌വിധാനങ്ങളെ പുലയാട്ട് നടത്തുന്നവര്‍ ഓര്‍മ്മിക്കുക ഇത് സി പി എമ്മിന്‍റെ മാത്രം സര്‍ക്കാരല്ല, സം‌സ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ഭരണസം‌വിധാനമാണ്.

Sunday 13 September 2009

ഓം‌പ്രകാശളിയനും മറ്റേ മച്ചമ്പീം

മ്മടെ ഓം‌പ്രകാശിനേപ്പോലൊരു ചുള്ളനെ അളിയനായിക്കിട്ടാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. പെങ്ങള്‍ടെ കാര്യം പൊക ആയേക്കും എന്ന ചെറിയ ഒരു റിസ്ക്കൊഴിവാക്കിയാല്‍ അളിയന്‍റെ ചെലവില്‍ നുമ്മക്കൊന്ന് അര്‍മാദിക്കം എന്ന അറ്റ്രാക്ഷന്‍ ചെറുതല്ല. അല്ലേല് എന്തിന് കൊതിക്കുന്നു, ഏതോ ഒരു ഭാഗ്യം ചെയ്ത അളിയന്‍ ഇതിനകം അളിയനെ അളിയാനാക്കിക്കഴിഞ്ഞു. ബോളിവുഡ് ലുക്ക്, ആറരക്കട്ട ശരീരം, നാട്ടില്‍ നാലുപേരറിയണ ദിവ്യന്‍‌മാരുമായി ചങ്ങാത്തം, ടച്ചിങ്സ് ആയി സിലുമാനടികളുമായി സുഡാങ്കി.. ഹൊ! ഈ ഓം‌പ്രകാശളിയന്‍ ‍ ഒരു സമ്പവം തന്നെ. മനസാക്ഷിക്കൊരു ബൂസ്റ്റ് കിട്ടാന്‍ പണ്ടത്തെ ചില വിപ്ലവസ്മരണകളുമുണ്ട്. ഈ കേസും പുക്കാറുമൊക്കെ ഒന്നു കഴിഞ്ഞുകിട്ടിയാല്‍ അണ്ണനിനി വെച്ചടി വെച്ചടി കയറ്റമായിരിക്കും. നുമ്മടെ ബിസിനസ്സിന് അത്യാവശ്യം വേണ്ട റോ മെറ്റീരിയം മനുശ്ശമ്മാരുടെ പേടിയാണ്. അതിപ്പം ചാനലുകാരും പത്രക്കാരുമൊക്കെ കൈയ്യയച്ചു സഹായിച്ച് വേണ്ടുവോളം ഒത്തുകിട്ടീട്ടുണ്ട്. എന്തിനധികം! ചെല തലതിരിഞ്ഞ മന്ത്രിപുത്രന്മാരുടെ ചങ്ങായിയാണ് എന്ന പേര് മതിയാകും വിലപേശലില്ലാതെ കൊട്ടേഷന്‍ തേടിവരാന്‍.

വെറുമൊരു പിന്തിരിപ്പന്‍ ചുവ മാത്രമുണ്ടായിരുന്ന "മന്ത്രിപുത്രന്‍" എന്ന സാദാ മലയാളപദത്തിന് "ഗബ്ബാര്‍‌സിങ്", "കാലമാടന്‍" എന്നൊക്കെ പറയും‌പോലുള്ള മാരക എഫക്ട് ഉണ്ടാക്കിയെടുത്ത മറ്റേ കരുപ്പിനെ സമ്മതിക്കണം. സ്വന്തം പാര്‍ട്ടിക്കാരുതന്നെ തല്ലിക്കൊല്ലുന്നതിനു മുന്‍പ് കല്യാണഭാഗ്യമെങ്കിലും ഉണ്ടാകട്ടെ എന്നു കരുതിയാണെന്നുതോന്നുന്നു ചെക്കന്‍റെ നിശ്ചയച്ചടങ്ങ് കല്യാണം തന്നെയാക്കി മാറ്റിയത്. ഈ മൊതലിനെ സ്ഥിരമായി സഹിക്കുന്ന തന്ത അടുത്ത ഇലക്ഷനില്‍ സഹതാപവോട്ടിന്‍റെ മാത്രം ബലത്തില്‍ ജയിച്ചുകയറാന്‍ എല്ലാ സാധ്യതയുമുണ്ട്.

അന്ന് അച്ചുമാമനെ തോല്പ്പിച്ച് ആഭ്യന്തരം പിടിച്ചുവാങ്ങി കോക്കിരി കാട്ടിയപ്പോള്‍‍ ഇമ്മാതിരി പാരയാവും എന്ന് കരുതിയില്ല. കലിപ്പ് കൂട്ടാനുംവേണ്ടി പിണറായി സഖാവ് ഈയിടെയായി പിടവിട്ട ഒരു മിസ്റ്ററി ലൈനിലാണ്. പത്രസമ്മേളനങ്ങള് നടത്തി എന്തരൊക്കെയോ പറയുന്നു. വഴിയേ പോകുന്നവന്‍റെയൊക്കെ വായില്‍ കോലിട്ടുകുത്തി സുഭിക്ഷമായി തെറിവിളി കേള്‍ക്കുന്നു, ഒരുവീതം പാര്‍ട്ടിക്കാരെയും കേള്‍പ്പിക്കുന്നു. കൈരളി തുറക്കുമ്പോള്‍ മനോരമവിഷന്‍ കാണുന്നു, ഏഷ്യനെറ്റ് വെക്കുമ്പോള്‍ കൈരളി കാണുന്നു.. ആകെ കണ്‍ഫൂസനായല്ലോ എന്ന് അണികളും. നമ്മുടെ പാര്‍ട്ടിക്ക് ഇതിലെന്താ കാര്യം. പോള്‍ ജോര്‍ജ്ജിനെ കൊന്നത് കാരിയോ ഓം‌പ്രകാശോ കൊല്ലനോ സിനിമാനടിയോ അതുമല്ലെങ്കില്‍ ഷക്കീലയോ!? ഇവരിലാരാ നമ്മടെ പാര്‍ട്ടി!


ഓ.ടോ. പാര്‍ട്ടിയെ ചൊറിഞ്ഞു കളിക്കരുത് എന്ന് ഇന്നലെ ഫോണ്‍ ചെയ്തപ്പോഴും അച്ഛന്‍ പറഞ്ഞതാണ്. പക്ഷേ... ഇത്തവണ കൂടി സോറിയാക്കൂ മൈ ഡാഡ് സോറിയാക്കൂ..