Sunday 31 May 2009

മൃഗങ്ങള്‍‌ക്കുവേണ്ടി ഒരു മനുഷ്യസ്നേഹിയുടെ വിലാപം

മൃഗശാലകള്‍ എന്ന മൃഗങ്ങളുടെ തടവറകളുടെ പ്രസക്തി (അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍) നഷ്ടപ്പെട്ടിരിക്കുന്നു എന്ന എളിയ അഭിപ്രായം പങ്കുവെക്കാനാണ് ഈ കുറിപ്പ്. ഈ ഉദ്യമത്തിനു പിന്നില്‍ എന്തെങ്കിലും സ്ഥാപിത താത്പര്യമോ സുഖിപ്പിക്കല്‍(പുറം ചൊറിയല്‍) ലക്ഷ്യമോ ഇല്ലെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടേ. കാരണം ഞാനോ എന്‍റെ അടുത്ത കുടും‌ബാം‌ഗങ്ങളോ ഏതെങ്കിലും "മൃഗീയ" വിഭാഗത്തില്‍ പെടുന്നവരല്ല, എന്നു മാത്രമല്ല "പുറം ചൊറിയല്‍" എന്ന കലയില്‍ തീരെ വൈദഗ്ദ്ധ്യം ഉള്ളവരല്ല മൃഗങ്ങള്‍. എന്‍റെ ബ്ലോഗില്‍ ഇന്നെവരെ ഒരു മൃഗവും കമന്‍റിയിട്ടുമില്ല. എന്‍റെ വകയില്‍ ഒരമ്മായിയുടെ പേര്‍ മനേകാ ഗാന്ധി എന്നല്ല എന്നുകൂടി പറഞ്ഞാല്‍ ഈയുള്ളവന്‍റെ ഉദ്ദേശശുദ്ധി വായനക്കാര്‍‌ക്ക് ബോദ്ധ്യമാകും എന്നു വിശ്വസിക്കട്ടെ.


മിണ്ടാപ്രാണികളെ ജയിലിലടച്ച് പീഢിപ്പിക്കുന്ന, മൃഗശാലകള്‍ എന്ന സം‌വിധാനത്തിന്‍ അനേക നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. BC 2500 ല്‍ വരെ മൃഗശാലകള്‍ നിലനിന്നിരുന്നതായി തെളിവുകളുണ്ടെന്ന് വിക്കിയുടെ സാക്ഷ്യം. പുരാതന സാമ്രാജ്യങ്ങളിലെ ഭരണാധികാരികളും പ്രഭുകുടുംബങ്ങളും തങ്ങളുടെ പ്രതാപം പ്രകടിപ്പിക്കാനാണ് പ്രധാനമായും ഈ മൃഗപരിപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് ചരിത്രം പറയുന്നു. സാമന്തന്മാരും മറ്റു വിധേയരും ചക്രവര്‍ത്തിമാരെ സന്തോഷിപ്പിക്കാനായി (സോപ്പ്) അപൂര്‍‌വ്വയിനം മൃഗങ്ങളെയും പറവകളെയും കാഴ്ച്ചയര്‍പ്പിക്കുന്നത് ഒരു പതിവായിരുന്നു. തങ്ങളുടെ കൊട്ടാരങ്ങളോടനുബന്ധിച്ചുള്ള ഉദ്യാനങ്ങളുടെ ഭാഗമായാണ് പലപ്പോഴും ഈ പഴയകാല മൃഗശാലകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്. ശിക്കാറിന്‍റെ ഉള്‍‌വിളി ഉണ്ടാകുമ്പോള്‍ കൂട്ടിലിട്ടു വളര്‍ത്തിയ ഇരകളെ തുറന്നുവിട്ട്, സൗകര്യപ്രദവും സുരക്ഷിതവുമായ ആം‌ഗിളില്‍നിന്ന്‍ അമ്പെയ്തും ഷൂട്ട് ചെയ്തും ശൂരത്വം ആഘോഷിച്ചിരുന്ന ശിക്കാരി ശം‌ഭുമാര്‍ക്കും മൃഗശാലകളുടെ ചരിത്രത്തില്‍ ഇടമുണ്ട്.


കാലം മാറിയിട്ടും കഥ മാറിയില്ല. 18, 19, 20 നൂറ്റാണ്ടുകളില്‍ ലോകമെമ്പാടും ഭരണവ്യവസ്ഥകള്‍ മാറിമറിഞ്ഞപ്പോള്‍ ഈ സ്വകാര്യ കളക്ഷന്‍സ് പലതും പൊതുസ്വത്തായി മാറുകയും പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിനായി തുറന്നുകൊടുക്കപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് മൃഗങ്ങളുടെ ഈ ജയിലുകള്‍ Zoological Gardens അഥവാ Zoo എന്ന ഓമനപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍. (മൃഗങ്ങളുടെ perspective ല്‍ നോക്കുകയാണെങ്കില്‍ "കോരന് കഞ്ഞി കുമ്പിളില്‍ തന്നെ" എന്നും പറയാം). വീരസ്യപ്രകടനമായിരുന്നു മൃഗങ്ങളുടെ കാരാഗ്രഹവാസത്തിന് പണ്ടു കാരണമായതെങ്കില്‍ ‍ പിന്നീടത് വിനോദം, വിജ്ഞാനം, ഗവേഷണം എന്നിങ്ങനെ വിവിധ ന്യായങ്ങളായി നിവ്വചിക്കപ്പെട്ടു. ജീവികളെ കൂട്ടിലടച്ച്, പണംപിരിച്ച് ഷോ നടത്തുകയും, ടിക്കറ്റിന് പണം മുടക്കി കടലയും കൊറിച്ച് ഉള്ളില്‍ കയറുന്നവന് കൂട്ടില്‍ കിടക്കുന്ന വാനരന്‍‌മാരെ നോക്കി പല്ലിളിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയുമാണ് മൃഗസം‌രക്ഷണത്തേക്കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കാനുള്ള എളുപ്പവഴി എന്ന് ആരൊക്കെയോ നമ്മളെ പറഞ്ഞു പഠിപ്പിച്ചു. ഈ പാരതന്ത്ര്യത്തില്‍ കഴിയുന്ന ജന്തുജാലങ്ങളെ കണ്ടുവളരുന്ന കുരുന്നുകളുടെ തലയില്‍ മൃഗാവകാശങ്ങളേക്കുറിച്ച് (Animal rights) വിപരീത ധാരണകള്‍ കയറിക്കൂടിയാല്‍ അത്ഭുതപ്പെടാനില്ല. കാട്ടിലും മാനത്തും വെള്ളത്തിലും സ്വതന്ത്രരായി വിഹരിക്കേണ്ട ജീവജാലങ്ങളെ എന്തോ സൗമനസ്യം ചെയ്യുന്ന ഭാവേന, റേഷന്‍ ഭക്ഷണവും ചലനത്തിന് അതിരും നിശ്ചയിച്ച് ജയിലുകളിലടച്ചിരിക്കുന്നത് മനുഷ്യന്‍റെ സ്വാര്‍ത്ഥതയും, "എനിക്കായി നിര്‍മ്മിക്കപ്പെട്ട പ്രപഞ്ചം" എന്ന വിവരം‌കെട്ട അഹന്തയുമല്ലാതെ മറ്റെന്താണ്. പഠനവും ഗവേഷണവും വംശനാശം സംഭവിക്കാനിടയുള്ള ജീവികളുടെ സം‌രക്ഷണവുമൊക്കെ തീര്‍ച്ചയായും നല്ല ലക്ഷ്യങ്ങള്‍ തന്നെ. പക്ഷെ ഇന്നു ലോകത്ത് നിലവിലുള്ള എത്ര മൃഗശാലകള്‍ ഇത്തരം ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളതാണ് പ്രശ്നം. മേല്പ്പറഞ്ഞ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കച്ചവടതാത്പര്യങ്ങളില്‍‌നിന്നും മുക്തമായി തികച്ചും നിയന്ത്രിതവും പരിമിതവുമായിരിക്കേണ്ടതല്ലേ?



പേരിനു പറയാനെങ്കിലും പഴയകാലത്ത് ചില കാരണങ്ങളുണ്ടായിരുന്നു. ഇങ്ങനെയും ചില ജീവജാലങ്ങള്‍ നമുക്കു ചുറ്റും നിലനില്‍ക്കുന്നുണ്ട് എന്നൊരു ദൃശ്യമായ സാക്ഷ്യപ്പെടുത്തല്‍ മൃഗശാലകള്‍‌വഴി മാത്രം സാദ്ധ്യമായിരുന്ന കാലം നാം താണ്ടിക്കഴിഞ്ഞു. ഇന്ന്, ലോകത്തൊരു മൃഗശാലക്കും കാട്ടിത്തരാന്‍ പറ്റാത്തത്ര വിശദമായി ജീവജാലങ്ങളെ പരിചയപ്പെടുത്താന്‍ ദൃശ്യമാദ്ധ്യമങ്ങള്‍ നമ്മുടെ സ്വീകരണമുറികളില്‍ ക്യൂ നില്‍ക്കുന്നു. മൃഗശാലകള്‍ക്ക് പകരം വെയ്ക്കാനായി Virtual reality പോലുള്ള ശാസ്ത്രത്തിന്‍റെ മറ്റ് നൂതന സങ്കേതങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ന് ലോകത്തെമ്പാടും നിലവിലുള്ള എണ്ണമറ്റ മൃഗശാലകള്‍ക്ക് പകരമായി, സാമ്പത്തികമായ അധികഭാരം ഇല്ലാതെതന്നെ, ഒന്നിനു പത്ത് എന്ന തോതില്‍ ഇത്തരം virtual theatreകള്‍ സ്ഥാപിക്കാന്‍ കഴിയും.



അതുകൊണ്ട് ഒരു തുടക്കമെന്ന നിലയില്‍ ഇരുമ്പഴികളുടെ നിയന്ത്രണങ്ങള്‍ കുറവായ സഫാരികളും മറ്റ് പരിധിരഹിത(?) മൃഗസം‌രക്ഷണകേന്ദ്രങ്ങളും ഒഴിച്ചുള്ള മൃഗശാലകള്‍ നമുക്ക് അടച്ചുപൂട്ടാം.


നഗരങ്ങളുടെ കണ്ണായ ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൃഗശാലകള്‍ കാലിയിടാന്‍ വൈമുഖ്യമുണ്ടെങ്കില്‍, മൃഗങ്ങള്‍ക്ക് പകരം‌വെക്കാന്‍ പറ്റിയ ഇനം വിത്തുകള്‍ നമ്മള്‍ മനുഷ്യരുടെ ഇടയില്‍ തന്നെയുണ്ട്. അതിലേക്കയി ഈയുള്ളവന്‍റെ ചില suggetions താഴെ കൊടുക്കുന്നു.


രാജവെമ്പാല - ഒസാമ ബിന്‍ ലാദന്‍, നരേന്ദ്രമോഡി

ഈനാം‌പേച്ചി and മരപ്പെട്ടി - ജോര്‍ജ്ജ് ബുഷ് and കോണ്ടലിസ റൈസ്

കണ്ടാമൃഗം - രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷിബു സോറന്

‍അണ്ണാന്‍ (അണ്ടി കളഞ്ഞത്) - കെ.മുരളീധരന്

ഓന്ത് - ലാലു, മുലായം, ജയലളിത, ചന്ദ്രബാബു, മായാവതി..

കൊരങ്ങന്‍ (വാനരന്‍, മര്‍ക്കടന്‍) - ശ്രീശാന്ത്(ക്രിക്കറ്റ് താരം)

എരുമ(ഹൈബ്രിഡ്) - നമിത (സിനിമാതാരം)

കുയില്‍(നാദം) - എം.എം.ഹസ്സന്‍


ഇനിയും എത്രയെങ്കിലും ബാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ വായനക്കാര്‍ക്കായി വിട്ടുതരുന്നു.


ഈ കുറിപ്പിന്‍റെ ആദ്യം പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കളിയല്ല(വിശ്വസിക്കൂ പ്ലീസ്). ഇത്തരം ഒരു ചെറുകുറിപ്പില്‍ ഒതുക്കാന്‍‌മാത്രം ലളിതമായ വിഷയമല്ലിത്. ലോകമെമ്പാടുമുള്ള മൃഗസ്നേഹികള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒരാവശ്യമാണ് മൃഗശാലകളുടെ മേലുള്ള നിയന്ത്രണം. അതുകൊണ്ട് ഗോണ്ടനാമോകള്‍ക്കൊപ്പം നമുക്ക് മൃഗശാലകളും അടച്ചുപൂട്ടാം. (ഇന്നുതന്നെ വേണമെന്നില്ല, നാളെയോ മറ്റന്നാളോ സൗകര്യം‌പോലെ..)



ഒരു മനുഷ്യസ്നേഹിക്ക് എങ്ങനെ ഒരു മൃഗസ്നേഹിയാകാതിരിക്കാന്‍ കഴിയും! (ഠിം!).

Wednesday 20 May 2009

സന്തോഷ് മാധവന് സ്വീകരണം!

2025 MAY 20
ബഹു പാര്‍ട്ടി സെക്രട്ടറി അറിയുന്നതിലേക്കായി മാനസാന്തരപ്പെട്ട സന്തോഷ് മാധവ സ്വാമികള്‍ എഴുതുന്നത്,

കഴിഞ്ഞ് കുറെ നാളുകളായി എന്‍റെ അളിയന്‍ പ്ലാത്തറ സുരാജനും മറ്റനുയായികളും താങ്കളുമായി നടത്തിവന്ന ചര്‍ച്ചകളുടെ ബാക്കിയാണ് ഈ കത്ത്. താങ്കള്‍ക്കറിയാവുന്നതുപോലെ പതിനാറു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം അടുത്തമാസം ഞാന്‍ ‌മോചിതനാകുകയാണ്. കഴിഞ്ഞ മൂന്നു പൊതുതിരഞ്ഞെടുപ്പുകളിലും രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും എന്‍റെയും അനുയായികളുടെയും പിന്തുണ താങ്കളുടെ പാര്‍ട്ടിക്കായിരുന്നു എന്നു ഞാന്‍ ഓര്‍മ്മപ്പെടുത്തേണ്ടതില്ലല്ലോ. പല വെറൈറ്റി ദുഷ്ടശക്തികളുടെ സ്വാധീനത്താല്‍ വിഘടിച്ചു പോയിരുന്ന ഈഴവ വോട്ടുകള്‍ നമ്മുടെ മുന്നണിക്ക് അനുകൂലമാക്കാന്‍ ഞങ്ങളുടെ പിന്തുണ സഹായകരമായി എന്ന് തെളിയിക്കപ്പെട്ടതാണ്.

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ നമ്മള്‍ തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞതിന് എന്‍റെ അഭിനന്ദനം അറിയിക്കട്ടെ. എന്‍റെ ജാതിക്കാരുടെ വോട്ടുകള്‍ അപ്പാടെ പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ സാധിക്കും എന്ന കണക്കുകൂട്ടല്‍ മാത്രമല്ല താങ്കളുടെ ഈ തീരുമാനത്തിനു പിന്നിലുള്ളതെന്ന് ജനങ്ങള്‍ തിരിച്ചറിയും. എന്നെയും അനുയായികളെയും മുന്നണിയില്‍ എടുത്തില്ലെങ്കില്‍ ഞാന്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പാവപ്പെട്ട പെണ്‍കുട്ടികളെ പൂജാമുറിയിലിട്ടു പീഡിപ്പിച്ച് നീലച്ചിത്രമെടുത്തു രസിക്കുന്ന പഴയ നീചവഴികളിലേക്ക് തിരിച്ചുപോകാനിടയുണ്ടെന്ന് അവര്‍ക്കറിയാം. അപ്പോള്‍‌പിന്നെ അവരുടെ അമ്മപെങ്ങന്‍‌മാരുടെ മാനം രക്ഷിക്കനുള്ള എളുപ്പവഴി എന്നെ മുന്നണിയില്‍ എടുക്കുകയാണെന്ന് വ്യക്തമാണല്ലോ. പാര്‍ട്ടി മുന്‍‌കാലങ്ങളിലെടുത്ത പല നിലപാടുകളും അത് തെളിയിച്ചതാണ്.

ജയില്‍ മോചിതനായി വരുമ്പോള്‍ എന്നെ സ്വീകരിച്ചാദരിക്കാനായി താങ്കളൊരുക്കുന്ന ചടങ്ങ് സാമ്രാജ്യത്വ ശക്തികള്‍ക്കുള്ള ഉറച്ച താക്കീതായിരിക്കണം. അതിലേക്കായി ചുരുങ്ങിയത് നാല് മന്ത്രിമാരെങ്കിലും പങ്കെടുക്കേണ്ടതുണ്ട് എന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍‌നിന്നും ചടങ്ങിനെത്തുന്ന എന്‍റെ പഴയ പീഡനാനുയായികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഏര്‍പ്പാടാക്കാന്‍ ശ്രദ്ധിക്കുമല്ലോ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ വാഹനങ്ങള്‍ ഒരുക്കുന്നതായിരിക്കും നല്ലത്. ഞങ്ങളെ മുന്നണിയില്‍ എടുക്കുന്ന പ്രഖ്യാപനം ഇനിയും ഉണ്ടാകാത്ത സ്ഥിതിക്ക് അവര്‍ പഴയ നേരമ്പോക്കുകളൊന്നും മറന്നിട്ടുണ്ടാകാന്‍ വഴിയില്ല. പ്രഖ്യാപനം ഉണ്ടായാലുടന്‍ ഞാന്‍ അതിനുള്ള സ്വിച്ച് ഇടുന്നതായിരിക്കും.

മുന്നണിയെ ശക്തിപ്പെടുത്താനുള്ള സജീവമായ പ്രവര്ത്തനങ്ങള്‍ ഞാന്‍ ജയിലിലും തുടരുന്നുണ്ട് എന്നറിയാമല്ലോ. മാറാട് കേസില്‍ ശ്ക്ഷിക്കപ്പെട്ട അരയന്‍‌മാര്‍, അതേ കേസില്‍ അകത്തുള്ള മുസ്ലീമുകള്‍, അഭയ കേസില്‍ അകപ്പെട്ട അച്ചന്‍‌മാര്‍, വിവിധ കൊലപാതക പിടിച്ചുപറി കേസുകളില്‍ പ്രതികളായ നായന്മാര്‍, വെള്ളാള പിള്ളമാര്‍, പറയന്മാര്‍, പുലയന്മാര്‍, മലമ്പണ്ഡാരങ്ങള്‍ തുടങ്ങി നാനാജാതി മതസ്ഥര്‍ ജയില്‍ ചാടിയോ ശിക്ഷ തീര്‍ന്നോ പുറത്തുവന്നാലുടന്‍ നമ്മുടെ മുന്നണിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അതുവഴി ഈ സമുദായക്കാരായ സകല വിവരദോഷികളും നമ്മുടെ മുന്നണിക്ക് ക്യൂനിന്ന് വോട്ടുചെയ്യും എന്ന് പറയേണ്ടതില്ലല്ലോ. കിഴക്കന്‍ മലകളില്‍ "തോപ്പാളര്‍" എന്നൊരു വര്‍ഗ്ഗം ഉള്ളതായി കേട്ടിട്ടുണ്ട്. ആ കൂട്ടത്തില്‍ നിന്നാരും ജയിലില്‍ ഇല്ലാത്തതുകൊണ്ട് വിപ്ലവം നടപ്പാക്കുന്നത് വൈകാന്‍ സാദ്ധ്യതയുണ്ട്.

ഞങ്ങളെ മുന്നണിയില്‍ ചേര്‍ക്കുന്നതിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ "വരട്ടുവാദി", "വികസനവിരോധി", "ബക്കറ്റ് കോരി" തുടങ്ങിയ വിശേഷണനങ്ങള്‍ കൊടുത്ത് സകല ചെറ്റകളേയും പാര്‍ട്ടിയില്‍‌നിന്നും പുറത്താക്കേണ്ടതുണ്ട് എന്നും ഓറ്മ്മിപ്പിക്കട്ടെ. കൂടുതല്‍ ആലോചനകള്‍ക്കായി ഞാന്‍ വീണ്ടും ബന്ധപ്പെടുന്നതാണ്. സ്വീകരണച്ചടങ്ങ് ഗംഭീരമാക്കുവാന്‍ എല്ലാ ആശംസകളും നേരുന്നു.

സ്വന്തം

പുതിയ(Brand New) സന്തോഷ് മാധവ സ്വാമികള്‍

Sunday 17 May 2009

വാഴക്കോടന്‍ വാഴ്ക

കഥയിങ്ങനെ.മറ്റുള്ളവര്‍ വെക്കേഷനു വേണ്ടിയുള്ള തയ്യാറെടുപ്പ് മനസ്സില്‍‌പോലും തുടങ്ങുന്നതിനു മുന്‍പ് നാട്ടിലേക്കുള്ള ടിക്കറ്റുവാങ്ങി കീശയിലിട്ട് അതിബുദ്ധി കാട്ടിയ ഈയുള്ളവനേപ്പോലുള്ള പ്രാരാബ്ദ്ധക്കാരായ പ്രവാസികളെ ത്രിശങ്കുവിലാക്കിക്കൊണ്ട് ജസീറ എയര്‍‌വെയ്സ് തങ്ങളുടെ മുഴുവന്‍ ഇന്ത്യന്‍ ഫ്ലൈറ്റുകളും ക്യാന്‍‌സല്‍ ചെയ്യുന്നു. ചെലവാക്കിയ ചൊള എങ്ങനെ തിരികെ കിട്ടുമെന്നറിയാന്‍ ജസീറയില്‍ വിളിക്കുമ്പോള്‍ "അന്നേക്കാളും ബല്യ പുയ്യാപ്ല ബിളിച്ചിട്ട് മ്മള് ഫോണെടുത്തിട്ടില്ല" എന്നു കിളിനാദം. പരവേശം മൂത്ത് അവരുടെ ഓഫീസിലേക്കോടി നേരിട്ടന്വേഷിച്ചപ്പോള്‍ "ഈ മെയില്‍ അയക്ക് ബലാലേ, പ്രാസം തെകഞ്ഞാല് കായി തരാം" എന്ന് സൗജന്യം. തിരികെവന്ന് ജസീറയുടെ സൈറ്റ് മുഴുവന് അരിച്ചപെറുക്കിയിട്ടും mail address കാണാതെ കലിപ്പുകയറി ഇരിക്കുമ്പോള്‍ ബ്ലോഗില് വാഴക്കോടന്റെ പോസ്റ്റ് കാണുന്നു. ഉടനെ ഇട്ടു "യാരാവത് കാപ്പാത്തുങ്കോ" എന്നൊരു കമന്റ്.

മിനുറ്റുകള്ക്കുള്ളില്‍ വാഴക്കോടന്‍റെ മെയിലൊരെണ്ണം എന്റെ ഇന്‍ബോക്സില്‍. "അന്നെ ഒരു വഴിക്കാക്കണ കാര്യം നോമേറ്റിരിക്കണൂ" എന്ന് കടിതം. മടക്കത്തപാലില്‍ ഫോണ്‍ നമ്പര്‍ അയച്ച ഉടനെ വിളി വന്നു

"ഹലോണ്‍"

"ഹലോ ഞാന്‍ വാഴ.."

"മൈ ഗോഡ് വാഴകള്‍ സംസാരിക്കാനും തുടങ്ങിയോ!!"

"അതല്ലടോ ഞാന്‍ വാഴക്കോടന്‍"

"ഓ ജീസസ്, ബ്ലോഗിലെങ്ങും വാഴപ്പഴങ്ങള്‍ വിതരണം ചെയ്യുന്ന മഹാനുഭാവന്‍!. ഞാന്‍ പഴങ്ങള്‍ ധാരാളമായി കഴിക്കാറുണ്ട്"

"ഓസില്‍ കിട്ടിയാല്‍ ആസിഡും കുടിക്കും, ബ്ലഡി മല്ലൂസ്"

"അതല്ല സര്‍, ഞാന്‍ ശരിക്കും താങ്കളുടെ രചനകള്‍.."

"ചെലക്കാതെ കാര്യം പറയടോ. തനിക്കും തന്‍റെ ബഡുക്കൂസുകള്‍ക്കും നാട്ടലേക്കു ടിക്കറ്റ് വേണം. അതല്ലേ തന്‍റെ പ്രശ്നം?"

"അതേ സര്‍"

"അതു നോമേറ്റു"

"സര്‍!!??"

"ഈ പറക്കണ വണ്ടിക്ക് രസീതെഴുതുന്ന ഗമ്പനിയിലാഡോ എന്‍റെ പണി"

"പക്ഷേ സര്‍ നമ്മള്‍ തമ്മില്‍ ഒരു പരിചയം പോലുമില്ലാതെ.."

"ഡൊണ്ട് വറി മൈ ബോയ്, പരസഹായം എന്‍റെ ഒരു വീക്ക്‌നെസ്സാണ്"

"വളരെ നന്ദി സര്‍"

"പിന്നെ, ഈ സര്‍ വിളി വേണമെന്നില്ല"

"ഒഴിവാക്കാം സര്‍"

"വല്ലപ്പോഴുമൊക്കെ 'മൊതലാളി' എന്നു വിളിക്കാം"

"ഇനി അങ്ങനയേ വിളിക്കൂ വാഴമൊതലാളീ"

കേസേറ്റുടുത്ത വാഴക്കോടന്‍ കാല്‍ക്കുലേറ്ററെടുത്ത് പല കൂട്ടല്‍ കിഴിക്കലുകള്‍ക്കു ശേഷം അടുത്ത വിളി എമിറേറ്റ്സ് എയര്‍‌ലൈന്‍സിന്‍റെ ഓഫീസിലേക്ക്

"ഹലൊ" ഫിലിപ്പിനൊ കിളിനാദം

"ഹലോ, എമിറേറ്റ്സ് എന്ന പേരില്‍ മാനത്തൂടെ ഓട്ടോറിക്ഷ പറപ്പിക്കണ ഗമ്പനി അല്ലേ?"

"തന്നെ അപ്പീ തന്നെ"

"അന്‍റെ വല്യ മൂപ്പന്‍‌സായ്‌വിന് ഫോണ്‍ കൊട് പെണ്ണേ"

"താനാരാ, ഹൂ ആര്‍ യൂ, തും കോന്‍ ഹൊ, ക്യങ് പുങ് തങ്??"

"ഞാന്‍ ബ്ലൊഗര്‍ വാഴക്കോടന്‍"

"എന്‍റമ്മച്ചീ എനിക്കു പെട്ടന്ന് മനസ്സിലായില്ല. ക്ഷമിക്കണം വാഴേട്ടാ."

"സാരമില്ല, ബട് ഡോണ്ട് റിപ്പീറ്റിറ്റ്. കൗപീനത്തില്‍ സോറി ഫിലിപ്പീനത്തില്‍ വാഴകളൊക്കെ നന്നായി വളരുന്നില്ലേ?"

"ഇക്കൊല്ലം വിളവല്‍‌പ്പം മോശമാണ് വാഴേട്ടാ"

"ചാണകമിടുന്നില്ലേ?"

"രാവിലേയും വൈകിട്ടും പണ്ടേ ഉള്ള ശീലമാണ്"

"ഉം.. ഉം.. രസികത്തി രസികത്തി, മൂപ്പന് ഫോണ്‍ കൊട്"

"ഹലോ മൂപ്പന്‍ ഹിയര്‍"

"ഞാന്‍ വാഴയാണ്. ഒരു സങ്കടം പറയാനുണ്ട്"

"ടെല്‍ മീ മൈ ബോയ്"

"തൊടുപുഴക്കാരന്‍ ഒരു ബ്ലോഗര്‍ വലിയ കഷ്ടപ്പാടിലാണ്"

"ഓനെന്തു പറ്റി?"

"ഒമ്പതു കൊല്ലം മുന്‍പ് ലവനൊരു ഇരിങ്ങാലക്കുടക്കാരിയെ കെട്ടി"

"മൈ ഗോ))))ഡ്"

"അബദ്ധത്തിലല്ലാതെ രണ്ട് പിള്ളേരുമുണ്ടായി, ഒരു പെട്രോമാക്സും ഒരു ട്രോഫിയും"

"വാട്ട് എ പിറ്റീ!"

"സകലതും ഷാര്‍‌ജയിലാണിപ്പോള്‍ അടുപ്പ് കൂട്ടിയിരിക്കുന്നത്"

"ഇനി കൂടുതലൊന്നും പറയണ്ട മി. വാഴ. എന്‍റെ എന്തു സഹായമാണ് വേണ്ടത്?"

"അവറ്റകളെ വെക്കേഷന് നാട്ടിലെത്തിക്കാന്‍ സൗജന്യമായി മൂന്നു കസേര വണ്ടിയിലിട്ടു തരണം. ഒന്ന് മടിയിലൊതുങ്ങും"

"ഡണ്‍ മി. വാഴ ഡണ്‍"

കാര്യങ്ങള്‍ കണക്കുകൂട്ടിയപോലെ പുരോഗമിക്കുന്നതിന്‍റെ സന്തോഷത്തില്‍ വാഴക്കോടന്‍റെ അടുത്ത കോള്‍ സ്വന്തം ബോസിന്

"സര്‍ വാഴയാണ്"

"ടെല്‍ മീ വാഴ, വിളവെങ്ങനെയുണ്ട്?"

"തകര്‍ത്തുവാരുകയാണ് സര്‍"

"ഗുഡ്"

"ഇപ്പൊ വിളിച്ചത് ഒരു സന്തോഷവാര്‍ത്ത പറയാനാണ്"

"എന്താണത്, നിന്‍റെ ബ്ലോഗില്‍ പത്തു കമന്‍റ് തെകഞ്ഞോ?"

"അതല്ല സര്‍, തൊടുപുഴക്കാരന്‍ ഒരു മന്ദിപ്പ് ബ്ലോഗറുടെ പേരില്‍ നുമ്മടെ സായ്‌വിനെ ചാക്കിട്ട് ഫ്രീയായി മൂന്നു ടിക്കറ്റ് തരാക്കീട്ടുണ്ട്"

"മിടുക്കന്‍"

"ഇനി അത് അന്യായവിലക്ക് തൊടുപുഴക്കാരന്‍ പരട്ടയെ പിടിപ്പിക്കണം"

"പക്ഷേ അവന്‍ മന്ദിപ്പാണെന്ന് എങ്ങനെ മനസ്സിലായി?"

"ഓന്‍റെ പോസ്റ്റുകള്‍ കണ്ടാലറിയാം സര്‍"

"എക്സലന്‍റ്"

"സര്‍ എന്‍റെ ഇന്‍‌ക്രിമന്‍റ്?"

"അനക്കിഷ്ടമുള്ളത് എഴുതിയെടുത്തോ. കഴുക്കോല് ബാക്കി വെച്ചേക്കണം"

"ഡാങ്ക്യൂ സര്‍"

ഒടുവില്‍ സംഭവത്തിന്‍റെ ക്ലൈമാക്സ് ഇങ്ങനെ.

യന്ത്രത്തിന്‍റെ ഒരറ്റത്ത് കാര്‍‌ക്കോട.. സോറി വാഴക്കോടന്‍ മൊതലാളിയും മറുതലക്കല്‍ ഈയുള്ളവനും

"ഹലോ ഞാന്‍ വാഴയാണ്"

"മുതലാളീ ഞാന്‍ പഴമാണ്"

"മിടുക്കന്‍, നല്ല ഒഴുക്ക്!"

"ഞാന്‍ ഒലിക്കാനും തയ്യാറാണ് മുതലാളീ"

"കൊടുത്തയച്ച ടിക്കറ്റുകള്‍ കിട്ടിയില്ലേ"

"കിട്ടിയ ഉടനെ ഞാന്‍ കൗപീനത്തില്‍ ഒളിപ്പിച്ചൂ മൊതലാളീ"

"ഇനി കാശ്.."

"ടിക്കറ്റ് തന്നെ വലിയ ഉപകാരം മൊതലാളീ, ഇനി കാശൊന്നും വേണ്ട"

"അതല്ല, വിലയുടെ കാര്യം.."

"മറക്കില്ല മൊതലാളീ മറക്കില്ല, ഈ ഉപകാരത്തിന്‍റെ വില ഞാന്‍ മറക്കില്ല"

"എടോ അതല്ല, പണം.. പണം.."

"കറക്റ്റ് മൊതലാളീ കറക്റ്റ്, പണമില്ലാത്തവന്‍ പിണമാണ് പിണം. അതുകൊണ്ടാണല്ലോ മൊതലാളിയുടെ സഹായം തേടേണ്ടിവന്നത്"

"എടോ അതല്ല, ടിക്കറ്റിന്‍റെ വില.."

"തന്നെ മൊതലാളീ തന്നെ, വെല മതിക്കാന്‍ പറ്റാത്ത ടിക്കറ്റാണിത്. ഇനിയും ഇങ്ങനെ എന്തെങ്കിലും ആവശ്യം വരമ്പോള്‍ ഞാന്‍ മൊതലാളിയെ വിളിക്കാം" "ക്ടിം"

"ഹലോ.. ഹലോ.. മൈ ഗോഡ് എന്‍റെ ഇന്‍‌ക്രിമന്‍റ്.. എന്‍റെ ജ്വാലി.."

ശുഭം