Thursday, 22 October 2009

Dr.ഭാട്ടിയയെ ഓര്‍മ്മിക്കുമ്പോള്‍

രാത്രി എയര്‍‌പോര്‍ട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ ബോസിനേക്കുറിച്ചായിരുന്നു ചിന്ത. കമ്പനിയുടെ ഒരു VIP അതിഥി എത്തുന്നുണ്ട്. ഡ്രൈവര്‍ ബീരാന്‍‌കുഞ്ഞി എയര്‍പോര്‍ട്ടില്‍ ഹാജരുണ്ടാകും. എങ്കിലും വരുന്നത് സായ്‌വായതുകൊണ്ട് താലപ്പൊലി ആര്‍ഭാടമായിക്കോട്ടെ എന്ന് കരുതിയാകണം "Why don't you go along to say good evening" എന്ന് ലെബനോണ്‍‌കാരന്‍ ബോസിന് വെളിപാടുണ്ടായത്. മോള്‍ക്ക് വാക്സിനേഷന് അപ്പോയിന്‍റ്മെന്‍റ് എടുത്തിരുന്നതാണ്. ഇന്നിനി വിദേശി ആക്രമണം പ്രതിരോധിച്ചശേഷം ഉണ്ണിയാര്‍ച്ചയുടെ പ്രതിരോധശേഷി പോഷിപ്പിക്കാന്‍ സമയമുണ്ടാകില്ല.

വണ്ടി പാര്‍ക്കിങ്ങിലേക്ക് തിരിച്ചപ്പോള്‍‌ത്തന്നെ ബീരാന്‍റെ മിസ്സ്‌‌ഡ് കോള്‍. ഹാജര്‍ വെച്ചതാണ്. തിരികെ വിളിച്ചില്ല. സായ്‌വ് ഭൂമിയിലിറങ്ങാന്‍ ഇനിയും സമയമുണ്ട്. അറൈവല്‍ ഗേറ്റിന് മുന്‍പില്‍ ഒരു സിഗററ്റ് കത്തിച്ചു. സാമാന്യം നല്ല തിരക്ക്. സ്വീകരിക്കാന്‍ വന്നവര്‍, സ്വീകരിക്കാന്‍ ആരുമെത്താത്തവര്‍, പല തരക്കാര്‍, പല നിറക്കാര്‍.. വിമാനത്താവളത്തിന്‍റെ സുഖശീതളിമയിലെ ആര്‍‌ഭാടസുന്ദരമായ സ്വപ്നത്തിന്‍റെ അവസാന ഘട്ടമാണ് ഈ വാതില്‍. ഇതിലൂടെ തോളുരുമ്മി നടന്നിറങ്ങുന്നവരില്‍ ഒരുവന്‍ ലോകത്തിലെ ഏറ്റവും വിലപിടിച്ച ഹോട്ടല്‍ സ്യൂട്ടിലേക്ക് ലിമോസിനില്‍ യാത്രയാകുമ്പോള്‍ മറ്റവന്‍ അന്തിയുറങ്ങുന്നത് ഇരുപതും മുപ്പതും പേര്‍ക്കൊപ്പം വിയര്‍പ്പിന്‍റെയും ഗുട്ക്കയുടെയും ഗന്ധം പേറുന്ന ഒറ്റ മുറി ചാളയില്‍.

പിന്നിലെന്തോ ബഹളം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ഇന്ത്യാക്കാരുടെ വലിയ ഒരു സം‌ഘം. കണ്ടിട്ട് ആന്ധ്രാക്കാരാണ്.പുതുതായി വന്ന നിര്‍മ്മാണ തൊഴിലാളികളായിരിക്കണം. അവരുടെ ഇടയില്‍ നിന്നുകൊണ്ട് കൈയ്യും കലാശവുമായി ഒരു അറബി ഉച്ചത്തിലെന്തൊക്കെയോ‍ പറയുന്നുണ്ട്. തെലുങ്കന്‍റെ മണം സഹിക്കാതെ മൂക്ക് പൊത്തിപ്പിടിച്ചാണ് കക്ഷിയുടെ പ്രസം‌ഗം. ദാരിദ്ര്യത്തിന്‍റെ മനുഷ്യഗന്ധം, വറുതിയുടെ ഭൂതകാലത്തേക്കുറിച്ച് അറബികളെ ഓര്‍മ്മിപ്പിക്കുന്നുണ്ടാകും.
ഇതുപോലെ പണ്ടൊരിക്കല്‍ മസ്ക്കറ്റ് എയര്‍‌പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് കൗതുകകരമഅയ ഒരു കാഴ്ച്ച കണ്ടത്. വിശാലമായ ഡിപ്പാര്‍‌ച്ചര്‍ ലോഞ്ചിലെ തിരക്കിനിടയിലൂടെ കാട്ടുമുയലിന്‍റെ ചടുലതയോടെ ഒരു ചെറിയ മനുഷ്യന്‍ പുറത്തേക്കോടുന്നു. വെള്ളക്കൊടി കെട്ടിയ ഓട്ടോറിക്ഷപോലെ പിന്നാലെയൊരു അറബിയും. കണ്ണെത്തുന്ന ദൂരം വരെയും മുയല്‍ ബഹുദൂരം മുന്നില്‍ തന്നെ. ഇതിവിടെ ഒരു പതിവ് കാഴ്ച്ചയാണെന്ന് ഒപ്പമുണ്ടായിരുന്ന എയര്‍‌പോര്‍ട്ട് ജീവനക്കാരനായ സുഹൃത്താണ് പറഞ്ഞത്. നിര്‍ബന്ധിത പിരിച്ചുവിടലിന് വിധേയരായ ബം‌ഗ്ലാദേശി വീട്ടുജോലിക്കാരെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ എയര്‍പോര്‍ട്ടിലെത്തിക്കുമ്പോള്‍ ഒപ്പമുള്ള അറബിയെ പറ്റിച്ച് ഓടി രക്ഷപെടുന്നതാണത്രെ പാവങ്ങള്‍. പട്ടിണിമരണത്തില്‍‌നിന്നും ജീവിതത്തിലേക്ക് ഉടുതുണി മാത്രം കൈമുതലാക്കിയുള്ള അന്തം‌വിട്ട ഓട്ടം!

"സര്‍" എന്ന വിളി കേട്ടപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത്. കോട്ടും ടൈയ്യുമൊക്കെയായി പതിവില്ലാത്ത ചമയത്തില്‍ വെളുക്കെ ചിരിച്ച് ബീരാന്‍‌കുഞ്ഞി. "Dress well and be formal" എന്ന് ബോസിന്‍റെ ഓര്‍ഡര്‍ ഉള്ളതുകൊണ്ട് കല്യാണത്തിനണിഞ്ഞ കുപ്പായം പെട്ടിയില്‍നിന്ന് പൊടിതട്ടിയെടുത്തതാണത്രെ. കൊള്ളാം നന്നായിണങ്ങുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ കണ്ണൂര്‍കാരന് നാണം. സമയമായി, നോക്കിവരാമെന്നു പറഞ്ഞ് സായ്വിന്‍റെ പേരെഴുതിയ കടലാസുമായി അകത്തേക്ക് പോയ ബീരാന്‍റെ പിന്നാലെ നടന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞില്ല, ഉറക്കം തൂങ്ങിയ മുഖമുള്ള ഒരു കുറിയ വെള്ളക്കാരനുമായി ബീരാന്‍ തിരികെയെത്തി. ഇറ്റലിക്കാരന്‍ ഡൊറിയാനൊ കൈ തന്ന് പരിചയപ്പെട്ടു. മുഷിഞ്ഞ് നിറം മങ്ങിയ ടീഷര്‍ട്ടും പിഞ്ഞിക്കീറാറായ കുട്ടിനിക്കറുമാണ് കക്ഷിയുടെ വേഷം. മദ്യം, വിയര്‍പ്പ്, സിഗററ്റ്, ഏതിന്‍റേതെന്ന് തിരിച്ചറിയാനാകാത്ത ദുഷിച്ച വാട. ബീരാന്‍റെ മുഖത്ത് പച്ചാളം ഭാസിയുടെ പത്താം രസം. കല്യാണക്കുപ്പായത്തിന്‍റെ രണ്ടാമൂഴം ഈ വെളുത്ത പിച്ചക്കാരന് വേണ്ടിയായല്ലോ എന്നാകും പാവം.
--------------------------------------------------------
Dr.ഭാട്ടിയ ഒരു മാലാഖയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഗള്‍ഫിലേക്കുള്ള ആദ്യ ഊഴത്തിന് ബോം‌ബെയിലെ പ്രശസ്തമായ റിക്രൂട്ടിങ്ങ് ഏജന്‍സി വഴി തെരഞ്ഞെടുക്കപ്പെട്ട്, തുടര്‍ന്നുള്ള മെഡിക്കല്‍ ചെക്കപ്പിനായാണ് ഭാട്ടിയയുടെ ക്ലിനിക്കില്‍ എത്തിയത്. വലിയ ഒരു സ്ഥാപനം. കെട്ടിടത്തിന് പുറത്തേക്ക് വരെ നീളുന്ന ക്യൂ. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഗള്‍ഫ്‌കാം‌ക്ഷികള്‍. എല്ലാ കണ്ണുകളിലും പ്രതീക്ഷയുടെ തിളക്കം. കുളിച്ചിട്ട് ആഴ്ച്ചകളായ ബീഹാറികളും തെലുങ്കന്‍‌മാരും മുതല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റുകള്‍ക്കിടയില്‍ A/C കോച്ച് പോലെ കോട്ടും സ്യൂട്ടുമിട്ട പരിഷ്ക്കാരികളും ക്യൂവിലുണ്ട്. രജിസ്റ്റ്രേഷനും എക്സ്‌റേയും കഴിഞ്ഞ് Dr.ഭാട്ടിയയുടെ മുറിയിലേക്ക് ട്രെയിന്‍ നിരങ്ങി നീങ്ങുന്നു. പെട്ടന്ന് പിന്നില്‍‌നിന്നും സാമാന്യം ശക്തമായ ഒരു തൊഴി കാലില്‍ കിട്ടിയപ്പോള്‍ തിരിഞ്ഞുനോക്കിയത് ആറ് ആറര അടി പൊക്കമുള്ള ഒരു ഭീമന്‍റെ ബ്ലേസര്‍ ധരിച്ച നെഞ്ചിലേക്കാണ്. മുകളില്‍ ചുവന്ന് ചീര്‍ത്ത മുഖത്തുനിന്നും കാലില്‍ തടഞ്ഞ കൊടിച്ചിപ്പട്ടിയോട് എന്നമട്ടിലുള്ള നോട്ടം എന്‍റെ നേര്‍ക്ക്. (ഇയാളാര്, അബുദാബിയിലെ മൈസ്രേട്ടോ?!) ഒരു സോറി പ്രതീക്ഷിച്ച ഞാന്‍ കീറിയ അഭിമാനവുമായി അമരീഷ്‌പുരിയെ കണ്ട ജോണി ലിവറിനേപ്പോലെ തിരിഞ്ഞുനിന്നു. എന്‍റെ ഊഴമെത്തി ഭാട്ടിയയുടെ മുറിയിലേക്ക് കടന്നപ്പോള്‍‌തന്നെ നല്ല ലക്ഷണമൊത്ത നഗ്നമായ ഒരു ആസനമാണ് കണി. എന്‍റെ തൊട്ട് മുന്‍പിലുണ്ടായിരുന്ന ബീഹാറി പാന്‍റ്സ് വലിച്ച് കയറ്റി ഇട്ടുകൊണ്ടിരിക്കുന്നു. ബ്ലഡ് ടെസ്റ്റിനായി അടുത്ത മുറിയിലേക്കുള്ള ക്യൂവിന്‍റെ വാലറ്റം ഡോക്ടറുടെ ക്യാബിനില്‍‍ത്തന്നെയാണ്. ഒരു ഇരക്ക് മറ്റൊന്നിനോടുള്ള സഹാനുഭൂതിയാലാകണം അവരാരും തിരിഞ്ഞ് നോക്കി മാനക്കേടുണ്ടാക്കുന്നില്ല. ഡോക്ടര്‍ ഊ.. എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പാന്‍റ്സൂരി ചീച്ചി മുള്ളാന്‍ നില്‍ക്കുന്ന ഉണ്ണിക്കുട്ടനേപ്പോലെ റഡിയായി നിന്നു. (പഴയ റാഗിം‌ഗ് അനുഭവങ്ങള്‍ക്ക് നന്ദി) ഡോക്ടര്‍ ഗൗരവത്തില്‍ കവലയിലെ കോവിലില്‍ മണികള്‍ കിലുക്കി പരിശോധന തുടങ്ങി.(ഭകതനാണെന്ന് തോന്നുന്നു) . തുടര്‍ന്ന് തിരിഞ്ഞുനില്‍ക്കാനുള്ള ഓര്‍ഡര്‍, അതും ഡോഗി സ്റ്റൈലില്‍. ഒന്നമ്പരന്നു, ഗള്‍ഫിലെന്താണ് ശരിക്കും എന്‍റെ പണി! (യൂ naughty അറബീസ്..!!) പിന്‍‌വാതില്‍ തുറന്നുമടച്ചുമുള്ള പരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ടറെ കൈപിടിച്ച് കുലുക്കി അഭിനന്ദിക്കാന്‍ തോന്നി. സ്വന്തം മുതലായിട്ടുപോലും എനിക്കതൊന്ന് കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ലല്ലോ. പരിശോധന കഴിഞ്ഞ് അടുത്ത ക്യൂവിന്‍റെ പിന്നില്‍ പോയി കൂടിയപ്പോഴാണ് അമരീഷ്‌പുരിയെ ഓര്‍മ്മ വന്നത്. സഹജീവിയോടുള്ള സഹാനുഭൂതിയൊക്കെ മറന്ന് ആ കാഴ്ച്ചയൊന്ന് കാണാനുള്ള മോഹം ഉല്‍ക്കടിച്ചു. എനിക്കും വേണ്ടേ ചെറിയ ചില ജയങ്ങള്‍. തിരിഞ്ഞ്‌നിന്നു തന്നെ നോക്കി. നമ്മുടെ മൈസ്രേട്ട് pants down ആയി ഡോഗി സ്റ്റൈലില്‍ നിന്നുകൊണ്ട് വരിയുടക്കാന്‍ പിടിച്ച ശ്വാനനേപ്പോലെ പരമദയനീയമായി എന്നെ നോക്കുന്നു. Dr.ഭാട്ടിയ ഒരു മാലാഖ തന്നെ. വലിപ്പച്ചെറുപ്പങ്ങളെ തൃണവല്‍ക്കരിച്ച് ഗുദസൗകുമാര്യത്തിന്‍റെ അഴകളവിലുള്ള കര്‍ശനമായ നിഷ്ക്കര്‍ഷയില്‍നിന്ന് അണുവിട വ്യതിചലിക്കാത്ത കര്‍മ്മയോഗി. ഇന്നിപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ചിന്തിക്കുമ്പോള്‍ ഗള്‍ഫ് പ്രവാസത്തിന്‍റെ വിവിധഘട്ടങ്ങളില്‍ "സമത്വം" എന്ന സങ്കല്പ്പം അതിന്‍റെ ഏറ്റവും അസം‌സ്ക്കൃതമായ രൂപഭം‌ഗിയിലെങ്കിലും അവസാനമായി കണ്ട് പിരിഞ്ഞത് അന്ന് Dr.ഭാട്ടിയയുടെ ക്ലിനിക്കിലാണ്.

Saturday, 10 October 2009

സാദാ മല്ലൂസിനോട് ഗള്‍ഫ് മല്ലൂസ്

(ഗുരുതരമായ വിലത്തകര്‍‌ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഗള്‍ഫ് മലയാളിയുടെ കമ്പോളനിലവാരം ശക്തിപ്പെടുത്തി പൂര്‍‌വ്വസ്ഥിതിയിലാക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമായ എല്ലാ മാദ്ധ്യമങ്ങളും ഉപയോഗപ്പെടുത്താനുള്ള അതീവരഹസ്യവും അതിഫയങ്കരവുമായ ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പോസ്റ്റ്. )

ഭൂമുഖത്തുള്ള മൊത്തം മലയാളികളെയും സാദാ മലയാളികള്‍, ഗള്‍ഫ് മലയാളികള്‍ എന്നിങ്ങനെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ. എങ്ങനെയും ഒരു ഗള്‍ഫ് വിസ സം‌ഘടിപ്പിച്ച് അറബിനാട്ടിലെത്തി പത്ത് ഓയില്‍‌മണീസ് സമ്പാദിക്കുക എന്നതായിരുന്നു ഓരോ മല്ലുക്കുഞ്ഞിന്‍റെയും ജന്മോദ്ദേശമെങ്കിലും അതിവിശേഷമായ ബുദ്ധിസാമര്‍‌ത്ഥ്യവും ജാതകത്തിലെ രാജയോഗവും ഒത്തുചേര്‍ന്ന ഭാഗ്യവാന്മാര്‍ക്ക് മാത്രമാണല്ലോ സുന്ദരമനോജ്ഞമായ അറബിലോകത്ത് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നത്. അങ്ങനെയുള്ള ഓരോ ഗള്‍ഫുകാരനെയും ഓരോ അറബിസുല്‍‌ത്താനായിക്കണ്ട് ആരാധിച്ചിരുന്ന സാദാ മല്ലൂസിന് അടുത്തകാലത്തായി ഗള്‍ഫ് മലയാളികളോടുള്ള ബഹുമാനത്തിന്റെ സൂചിക വന്‍‌തോതില്‍ ഇടിഞ്ഞതായി ഞങ്ങളറിയുന്നു. തെണ്ടിത്തിരിഞ്ഞ് അമേരിക്കയിലും യൂറോപ്പിലും കുടിയേറി പിന്തിരിപ്പന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് വിടുവേല ചെയ്യുന്ന ചില കരിങ്കാലി മല്ലൂസിന്‍റെ ഡോളറും യൂറോയും കണ്ടുള്ള പൊളപ്പാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഞങ്ങള്‍ ചൊള ചൊള പോലെ അയച്ചു തന്നിരുന്ന എണ്ണപ്പണം കൊണ്ടാണ് ക്ഷാമകാലത്ത് മൃഷ്ട്ടാന്നമടിച്ച് കഴിഞ്ഞിരുന്നതെന്ന് മറക്കരുത്. വന്നുവന്ന് ഗള്‍ഫുകാരനാണെങ്കില്‍ പെണ്ണു തരില്ല എന്നു പറയാന്‍‌മാത്രം വളറ്ന്നിരിക്കുന്നു അഹങ്കാരം. ഗള്‍ഫില്‍ ആക്രി പെറുക്കി നടന്ന മാക്രികളെ വരെ മരുമകനാക്കി അഭിമാനിക്കാന്‍ ലച്ചം ലച്ചം സ്ത്രീധനവുമായി ക്യൂ നിന്നിരുന്ന കൂട്ടരാണ്. എന്നിട്ടിപ്പഴോ!.. ലീവും തീര്‍ന്ന് വളര്‍ന്ന് മുറ്റി പുരനിറഞ്ഞു നില്‍‌ക്കുന്ന ഗള്‍ഫ് ബാച്ചികളുടെ സങ്കടം കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. ഞങ്ങള്‍ കൈകളില്‍ തൂക്കിപ്പിടിച്ച് വിമാനമിറക്കി കൊണ്ടുവന്ന നാഷണല്‍ പാനാസോണിക്‍ പാട്ടുപെട്ടികളിലാണ് "അബുദാബിക്കാരന്‍ പുതുമണവാളന്‍" പോലുള്ള വാഴ്ത്ത് പാട്ടുകള്‍ പാടി ഞങ്ങളെ നിങ്ങള്‍ സുഖിപ്പിച്ച് കുളിപ്പിച്ച് കിടത്തിയിരുന്നത്. എത്ര കിട്ടിയാലും ആര്‍ത്തിയടങ്ങാതെ "പാവാട വേണം മേലാട വേണം" എന്ന് ഈണത്തിലെരക്കാനും ബോണറ്റ് തുറന്നുവെച്ച ഇമ്പാലാ കാറിന്‍റെ ചന്തമുള്ള ഈ പെട്ടി തന്നെ നിങ്ങളുപയോഗിച്ചു. എന്നിട്ടിപ്പോള്‍ ചില തുക്കട നാടന്‍ സായിപ്പന്‍‌മാരുടെ പരട്ട ജാഡ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വിലയില്ലാതായി. അതിനൊക്കെ സ്മരണ വേണം സ്മരണ! യൂറൊയും ഡോളറുമൊക്കെ വാങ്ങി പോക്കറ്റില്‍ തിരുകുന്നതിന് മുന്‍പ് വാസ്കൊ ഡ ഗാമ, ഈസ്റ്റ് ഇന്ത്യാ കമ്പനി, ജാലിയന്‍ വാലാ ബാഗ് എന്നൊക്കെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

ഇന്ത്യ മുഴുവന്‍ പിച്ചക്കാരണെന്ന് ധരിച്ചിരിക്കുന്ന ചില ഊളന്‍‍ സായിപ്പന്‍‌മാരെപ്പോലെ ഗള്‍ഫ് മലയാളികളെന്നാല്‍ ദൈന്യതയുടെ പര്യായമാണ് എന്നൊരു ധാരണ പരക്കെയുണ്ട്. എങ്കില്‍ കേട്ടോ, ഞങ്ങള്‍ എണ്ണപ്പണത്തിന്‍റെ സമ്പല്‍‌സമൃദ്ധിയില്‍ അര്‍മാദിക്കുന്നവരാണ്, ആര്‍ഭാടത്തില്‍ ആറാടുന്നവരാണ്, ഏഴും എട്ടും ആടുന്നവരാണ്, ഞങ്ങള്‍ യൂസഫലിയാണ്, ഗള്‍ഫാര്‍ മുഹമ്മദലിയാണ്, B R ഷെട്ടിയാണ്, മാടയാണ് പിന്നെ കോട പോലുമാണ്.. ഞങ്ങള്‍ പപ്പടം കാച്ചുന്നതും നെയ്യപ്പം ചുടുന്നതും എന്തിന് ടോയ്‌ലറ്റിലൊഴിക്കുന്നത് പോലും പെട്രോളാണ്. ഇതിനൊക്കെ ശേഷം ബാക്കിവരുന്ന നക്കാപ്പിച്ചയാണ് നിങ്ങള്‍ക്ക് തരുന്നത്.

ബൗദ്ധികമായി വളരെ ഉയര്‍ന്ന തലത്തിലുള്ളവരാണ് ഗള്‍ഫ് മലയാളികളെന്ന് പറയേണ്ട കാര്യമില്ലല്ലോ. ആഗോളതലത്തിലുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ക്ക് വളരെ സുവ്യക്തമായ അഭിപ്രായവും പരിഹാരവുമുണ്ട്. എന്നു മാത്രമല്ല ഈ അറിവുകളൊക്കെ റേഡിയോ മുതല്‍ ബ്ലോഗ് വരെയുള്ള എല്ലാ മാദ്ധ്യമങ്ങളിലൂടെയും ലോകര്‍ക്കായി പങ്കുവെക്കുകയും ചെയ്യും. ഞങ്ങളുടെ ലോകപരിചയവും ബുദ്ധിവൈഭവവും വെച്ചുനോക്കുമ്പോള്‍ കേരളത്തിലെയും ഇന്ത്യയുടെ ആകെത്തന്നെയും മുഴുവന്‍ പ്രശ്നങ്ങളും മിനിറ്റ് വെച്ച് പരിഹരിക്കാവുന്നതേയുള്ളു. പക്ഷെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ലീവ് കിട്ടില്ല എന്നതാണ് ഒരേയൊരു തടസ്സം. പിന്നെ നാട്ടില്‍ ഞങ്ങളുടെ അപ്പനും അമ്മയും വകയില്‍ ചില അമ്മാവന്മാരുമൊഴിച്ചുള്ള രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, പോലീസുകാര്‍,കസ്റ്റം‌സുകാര്‍ എന്നിവരെല്ലാം പരമനാറികളും മഹാ ചെറ്റകളുമാണെന്നുള്ളതില്‍ ഞങ്ങള്‍ക്ക് ഏകാഭിപ്രായമാണ്. തികച്ചും സ്വാഭാവികം, നല്ലവരായ മലയാളികളൊക്കെ ഗള്‍ഫിലായിപ്പോയില്ലേ. ആനുകാലികവിഷയങ്ങളില്‍ ഞങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടാലറിയാം അസാമാന്യമായ ഞങ്ങളുടെ പ്രതികരണശേഷി. ഉദാഹരണത്തിന് കഴിഞ്ഞ മാസം ഷാര്‍ജ്ജയില്‍ കറണ്ട്ചാര്‍ജ്ജ് ഒറ്റയടിക്ക് 50% വര്‍ദ്ധിപ്പിച്ച കാര്യം തന്നെയെടുക്കാം. റേഡിയോവിലാണ് വാര്‍ത്തയറിഞ്ഞത്. ഒട്ടും മടിച്ചില്ല, കാലുമടക്കി ഒറ്റയടി!. കട്ടിലിന്‍റെ കാല് രണ്ടുപീസ്, എന്‍റെ കാല് മൂന്ന് പീസ്.

ഗള്‍ഫില്‍ പ്രത്യേകിച്ച് ദുബായിലുള്ള എല്ലാ മലയാളികളും ബ്ലൊഗര്‍മാരാണ് എന്നറിയാമല്ലോ. ഇനി അങ്ങനെയല്ലാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അടുത്ത ബ്ലോഗ് മീറ്റോടെ അവരെയെല്ലാം ഞങ്ങള്‍ ശരിപ്പെടുത്തും(ബ്ലോഗറാക്കും). ഈ ഞാന്‍ തന്നെ പണ്ടൊരിക്കല്‍ കുറുന്തോട്ടി പറിക്കാന്‍ ദുബായിലൊരു പാര്‍ക്കില്‍ പോയതാണ്. അവിടെ മീറ്റിക്കൊണ്ടിരുന്ന ബ്ലോഗര്‍‌മാരെല്ലാം‌കൂടി എന്നേപ്പിടിച്ച് ബ്ലോഗറാക്കിവിട്ടു. എന്തിന്, അന്ന് ഞാന്‍ പോയ ടാക്സിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പോലും ഇന്ന് ഡെയ്‌ലി ആയിരം ഹിറ്റുള്ള മലയാളം ബ്ലോഗറാണ്.

അമേരിക്കന്‍ യൂറോപ്യന്‍ മലയാളികളോട് ഞങ്ങള്‍ക്ക് അശേഷം അസൂയയില്ല എന്ന് പറയാതറിയാമല്ലോ. സാമ്രാജ്യത്വ പിന്തിരിപ്പന്‍ കുത്തകകളുടെ കൂലിപ്പണിയുമെടുത്ത്, നാണം‌കെട്ട് അന്യരാജ്യത്തിന്‍റെ പൗരത്വവും സ്വീകരിച്ച് ജന്മനാടിനെ മറന്ന് ജീവിക്കുന്ന മാക്രികള്‍.(ഇതില്‍ ബ്ലോഗര്‍ മാക്രിയും പെടും). അപ്പോള്‍ ദുബായിലെ അമേരിക്കന്‍ എമ്പസിക്കു മുന്‍പിലെ ക്യൂ എന്താണെന്നായിരിക്കും? അമേരിക്കയുടെ പൂര്‍‌വ്വേഷ്യന്‍ നയങ്ങളിലുള്ള പ്രതിഷേധം നേരിട്ടറിയിക്കാന്‍ രാവിലെ മുതല്‍ തിക്കിത്തിരക്കുന്നവരാണത്. അല്ലാതെ വിസക്കായി ക്യൂ നില്‍ക്കുന്നവരല്ല. ഗള്‍ഫിലെങ്ങാനും ഞങ്ങള്‍ക്ക് പൗരത്വം തരാന്‍ തീരുമാനിച്ചാല്‍ കാണാമായിരുന്നു, സ്വീകരിക്കാന്‍ ആളില്ലാതെ ഗവര്‍‌ണ്‍‌മന്‍റ് നാണിച്ചു പോകുന്നത്.

അവസാനമായി ഒരു കാര്യം കൂടി. കഞ്ഞിയും കറിയും ഉണ്ടാക്കി ഞണ്ണാന്‍ ഇവിടെനിന്നും നിങ്ങള്‍ കൊണ്ടുപോകുന്ന ഗ്യാസുണ്ടല്ലോ, പ്രകൃതിവാതകം. ബുഹ്‌ഹാഹ.. അത് ഞങ്ങളെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങളറിഞ്ഞാല്‍ നാണം‌കെട്ട് പട്ടിണി കിടന്ന് നിങ്ങളുടെ അവശേഷിക്കുന്ന അഹങ്കാരവും അപ്രത്യക്ഷമാകും.

Sunday, 4 October 2009

തേക്കടി, ചില സുരക്ഷാ വിചാരങ്ങള്‍

എത്രയോ കുടും‌ബങ്ങളെ കണ്ണീരിലാഴ്ത്തി എത്രയോ ജീവിതങ്ങളെ അനാഥമാക്കി വീണ്ടുമൊരു ദുരന്തം! തേക്കടിയില്‍ സം‌സ്ഥാനത്തിന്‍റെ അതിഥികളായെത്തിയ നാല്പ്പതില്‍‌പ്പരം വിനോദസഞ്ചാരികളെ നമുക്ക് തിരികെ യാത്രയാക്കാനായില്ല. ദുരന്തത്തിന്‍റെ "ആദ്യ ദൃശ്യങ്ങള്‍" പ്രേക്ഷകരിലെത്തിക്കാനുള്ള ചാനല്‍ മത്സരം വിജയിയാരെന്നറിയാതെ പര്യവസാനിച്ചു. ചര്‍ച്ചകളും അന്വേഷണങ്ങളും തുടരുന്നു. സെക്രട്ടറിയേറ്റിലെ അലമാരകളിലേക്ക് മുതല്‍‌കൂട്ടാനായി പതിവുപോലെ സര്‍ക്കാര്‍ ലജ്ജയേതുമില്ലാതെ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അതിനായി ചെലവഴിക്കാന്‍ പോകുന്ന അനേകലക്ഷങ്ങള്‍ പഴയകാല അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ചിലതെങ്കിലും നടപ്പാക്കാന്‍ ഉപയോഗിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

ലൈഫ് ജാക്കറ്റിന്‍റെ അഭാവം, ഡ്രൈവറുടെ പരിചയക്കുറവ്, യാത്രക്കാരുടെ നീക്കങ്ങള്‍, ബോട്ടിന്‍റെ ഡിസൈന്‍ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ അപകടത്തിനിടയാക്കിയതായി വിലയിരുത്തപ്പെടുന്നുണ്ട്. ദാ ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ KTDCയുടെ ബോട്ടുകളില്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കും എന്ന് ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രഖ്യാപനം. ജലഗതാഗത വകുപ്പിന്‍റെയും വനം വകുപ്പിന്‍റെയും ബോട്ടുകളില്‍ സഞ്ചരിക്കുന്നവര്‍ എങ്ങനെയും പണ്ടാറടങ്ങട്ടെ! സമഗ്രമായ ഒരു സുരക്ഷാ സം‌സ്ക്കാരത്തിന്‍റെ അനിവാര്യതയിലേക്കാണ് ഇത്തരം ദുരന്തങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഗതാഗതം, തൊഴില്‍, ആരോഗ്യം എന്നു വേണ്ട, സമസ്ത മേഖലകള്‍ക്കും അനുബന്ധമായി മനുഷ്യജീവന്‍റെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കാനുതകുന്ന ഒരു സം‌വിധാനവും അതോടനുബന്ധിച്ചുള്ള കാര്യക്ഷമമായ ബോധവല്‍ക്കരണപരിപാടികളുമാണ് ഇന്നിന്‍റെ ആവശ്യം. ഏതെങ്കിലും ഒരു മേഖലയെ അടര്‍ത്തിമാറ്റി അവിടെ മാത്രം സുരക്ഷ ഒരുക്കുക പ്രായോഗികമായ ആശയമല്ല. "സുരക്ഷ" അനായാസമായി ഓസില്‍ ഒപ്പിക്കാവുന്ന ഒരു സൗകര്യവുമല്ല. കെട്ടിടത്തിന് സിമന്‍റും കമ്പിയും പോലെ, ബസിന് ടയറും പെട്രോളും പോലെ അതാത് സാഹചര്യത്തിന് അവശ്യവും അനുയോജ്യവുമായ സുരക്ഷാസം‌വിധാനങ്ങള്‍ക്കും സുപ്രധാനമായ ഇടം ലഭിക്കേണ്ടതുണ്ട്. ഇതൊന്നും ഒരു സങ്കല്പ്പമല്ല. വികസിതരാജ്യങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്ന നമ്മില്‍ പലരും അനുഭവിച്ച് പരിചയിച്ചതാണത്. പക്ഷെ ഇക്കാര്യത്തില്‍ അന്ധമായ ഒരനുകരണം ഇന്ത്യ പോലെ ഒരു രാജ്യത്തില്‍ പ്രായോഗികമല്ല എന്നതും അം‌ഗീകരിക്കേണ്ടതുണ്ട്. 9/11 ആക്രമണത്തിന് ശേഷം അമേരിക്കക്കാരന്‍റെ സുരക്ഷാമുന്‍കരുതലുകള്‍ സംശയരോഗത്തോളം വളര്‍ന്നിരിക്കുന്നതായാണ് കേള്‍ക്കുന്നത്. അത്തരം നടപടികള്‍ നമ്മുടെ നാട്ടില്‍ നടപ്പാക്കാനൊരുമ്പെടുന്നത് പരാജയത്തിലേ കലാശിക്കൂ. തൊഴില്‍ ഗതാഗതം പോലുള്ള മേഖലകളില്‍ സുരക്ഷക്കായി ചെലവഴിക്കപ്പെടുന്ന വിഭവങ്ങളുടെ അളവില്‍ വികസ്വര രാജ്യങ്ങള്‍ മിതത്വം പാലിക്കാന്‍ നിര്‍ബന്ധിതരായേക്കും. പരിമിതികള്‍ വേറേയുമുണ്ട്. ഉദാഹരണത്തിന് വാഹനാപകടങ്ങള്‍ തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ പങ്ക് വഹിക്കുന്ന സ്പീഡ് റഡാറുകള്‍ സ്ഥിരമായി കേരളത്തിലെ റോഡുകളില്‍ സ്ഥാപിക്കുന്നത് ഒന്നാലോചിച്ച് നോക്കൂ. ഇരുട്ടിവെളുക്കുമ്പോള്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയായിരിക്കും എന്നത് മൂന്നുതരം. അറ്റകുറ്റപ്പണി നടക്കുന്ന പാതകളിലും ട്രാഫിക് നിയന്ത്രണത്തിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മിത താല്‍‌ക്കാലിക ഡിവൈഡറുകളും കോണുകളും പോലും വൈകുന്നേരങ്ങളില്‍ പെറുക്കി മാറ്റി സൂക്ഷിക്കുന്നത് ട്രാഫിക്ക് പോലീസിന്‍റെ ഒരു പ്രധാന ജോലിയാണ് നാട്ടില്‍.

ഇനി പൊങ്ങുമ്മൂടന് ഇതിലെന്തു കാര്യം എന്നല്ലേ. തേക്കടി തടാകത്തിന്‍റെ അങ്ങേക്കരയിലെങ്ങോ ഈ ബ്ലോഗാസുരന്‍ തവളച്ചാട്ടം നടത്തിയപ്പോഴുണ്ടായ തിരമാലകളില്‍ ആടിയുലഞ്ഞാണ് ബോട്ട് കീഴ്മേല്‍ മറിഞ്ഞത് എന്ന് ആരോപിക്കാന്‍ തീര്‍ച്ചയായും ഞാനുദ്ദേശിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെതായി ഒരു മലയാളി പരിഷയുടെ ആത്മരോദനങ്ങള്‍ എന്ന പേരില്‍ തേക്കടി ദുരന്തമുണ്ടായ അതേ നാളില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് തലക്കെട്ടിന് പ്രചോദനം. പഴയ ബര്‍‌ണാഡ്ഷാ വചനം, "ജനാധിപത്യത്തില്‍ സമൂഹത്തിന് അവനര്‍ഹിക്കുന്ന സുരക്ഷാസം‌വിധാനങ്ങളേ ലഭിക്കൂ" എന്ന് തിരുത്തിവായിക്കാന്‍ പ്രേരിപ്പിച്ചു ആ കുറിപ്പ്. തനിക്കും തന്‍റെ കുടും‌ബത്തിനും മാത്രം അവകാശപ്പെട്ടതും നിയന്ത്രിതമായ താപനിലയില്‍ സദാ സൂക്ഷിക്കപ്പേടേണ്ടതുമായ തന്‍റെ മനോഹര തലമണ്ടയില്‍ ഹെല്‍‌മറ്റിന്‍റെ വൈരൂപ്യം നിര്‍ബന്ധപൂര്‍‌വ്വം അടിച്ചേല്പ്പിച്ച കോടതിയോടും അതേ നിയമം നടപ്പാക്കാന്‍ റോഡിലിറങ്ങിയിരിക്കുന്ന പോലീസിനോടും കടുത്ത രോഷത്തിലാണ് പൊങ്ങൂസ്. സമൃദ്ധമായ വിവേകത്തിനും സമ്പന്നമായ സാമാന്യബുദ്ധിക്കും ഉടമയാണ് പൊങ്ങുവെന്ന് അദ്ദേഹത്തിന്‍റേ രചനകളില്‍‌നിന്ന് ബൂലോകര്‍ക്ക് അറിവുള്ളതാണ്. അദ്ദേഹത്തിന്‍റെ നൂറുകണക്കായ ഫോളോവര്‍ കുഞ്ഞാടുകളില്‍ ഒരുവനാണ് ഈയുള്ളവനും. എങ്കിലും അദ്ദേഹത്തിന്‍റെ കാഴ്ച്ചപ്പാടുകള്‍ ഒരു സൂചകമായെടുത്താല്‍ സുരക്ഷസം‌വിധാനങ്ങളേക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള തീര്‍ത്തും അനാരോഗ്യകരമായ ഒരു മനോഭാവമാണ് തെളിഞ്ഞുവരിക. ഒരുപക്ഷെ പൊങ്ങുമ്മൂടന്‍ ഉദ്ദേശിച്ച വിഷയമല്ല അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് എന്ന് തോന്നുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ജനത്തിന്‍റെ ചെറിയ നിയമ നിഷേധങ്ങള്‍ കര്‍ശനമായി നേരിടപ്പെടുമ്പോഴും കൂടുതല്‍ ഗൗരവമുള്ള തങ്ങളുടെ ചുമതലകളില്‍നിന്നും ഒളിച്ചോടുന്ന സര്‍ക്കാര്‍ സം‌വിധാനങ്ങളൊടുള്ള പ്രതിഷേധമാകാം പൊങ്ങു പ്രകടിപ്പിച്ചത്.

പറഞ്ഞുവന്നതിനെ ഇങ്ങനെ ചുരുക്കാം. ഫലപ്രദമായ ഒരു 'Safety Culture" രൂപപ്പെടുത്താന്‍ നിയമിര്‍മ്മാണമടക്കമുള്ള നടപടികള്‍ അനിവാര്യം. സുരക്ഷാ സം‌വിധാനങ്ങള്‍ ഒരു കഷായമാണ്. അതിന് പാല്‍‌പ്പായസത്തിന്‍റെ മധുരം വേണമെന്ന വാശി നമ്മള്‍ ഉപേക്ഷിക്കേണ്ടതുമുണ്ട്. NIFEകളില്‍ അടവെച്ച് വിരിയിച്ചെടുക്കുന്ന സുരക്ഷാ ആപ്പീസറമ്മാരെ കൊഞ്ചിനും കുരുമുളകിനുമൊപ്പം വിദേശത്തേക്ക് കയറ്റി അയക്കാതെ നാട്ടില്‍‌തന്നെ ഉപയോഗപ്പെടുത്തുന്ന കാര്യം ചിന്തിച്ച് തുടങ്ങുകയുമാകാം.

കുറിപ്പ്:ഒരു പാണ്ടിലൊറിക്കും വിട്ടുകൊടുക്കാതെ നര്‍മ്മത്തിന്‍റെ അക്ഷയഖനിയായ തന്‍റെ സുന്ദര ശിരസ്സ് ഹെല്‍മറ്റണിഞ്ഞ് സുര്‍ക്ഷിതമാക്കാന്‍ പൊങ്ങുമ്മൂടന്‍ കമന്‍റിലൂടെ (അദ്ദേഹത്തിന്‍റെ ബ്ലോഗില്‍) സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുന്നു.