Thursday, 22 October 2009

Dr.ഭാട്ടിയയെ ഓര്‍മ്മിക്കുമ്പോള്‍

രാത്രി എയര്‍‌പോര്‍ട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ ബോസിനേക്കുറിച്ചായിരുന്നു ചിന്ത. കമ്പനിയുടെ ഒരു VIP അതിഥി എത്തുന്നുണ്ട്. ഡ്രൈവര്‍ ബീരാന്‍‌കുഞ്ഞി എയര്‍പോര്‍ട്ടില്‍ ഹാജരുണ്ടാകും. എങ്കിലും വരുന്നത് സായ്‌വായതുകൊണ്ട് താലപ്പൊലി ആര്‍ഭാടമായിക്കോട്ടെ എന്ന് കരുതിയാകണം "Why don't you go along to say good evening" എന്ന് ലെബനോണ്‍‌കാരന്‍ ബോസിന് വെളിപാടുണ്ടായത്. മോള്‍ക്ക് വാക്സിനേഷന് അപ്പോയിന്‍റ്മെന്‍റ് എടുത്തിരുന്നതാണ്. ഇന്നിനി വിദേശി ആക്രമണം പ്രതിരോധിച്ചശേഷം ഉണ്ണിയാര്‍ച്ചയുടെ പ്രതിരോധശേഷി പോഷിപ്പിക്കാന്‍ സമയമുണ്ടാകില്ല.

വണ്ടി പാര്‍ക്കിങ്ങിലേക്ക് തിരിച്ചപ്പോള്‍‌ത്തന്നെ ബീരാന്‍റെ മിസ്സ്‌‌ഡ് കോള്‍. ഹാജര്‍ വെച്ചതാണ്. തിരികെ വിളിച്ചില്ല. സായ്‌വ് ഭൂമിയിലിറങ്ങാന്‍ ഇനിയും സമയമുണ്ട്. അറൈവല്‍ ഗേറ്റിന് മുന്‍പില്‍ ഒരു സിഗററ്റ് കത്തിച്ചു. സാമാന്യം നല്ല തിരക്ക്. സ്വീകരിക്കാന്‍ വന്നവര്‍, സ്വീകരിക്കാന്‍ ആരുമെത്താത്തവര്‍, പല തരക്കാര്‍, പല നിറക്കാര്‍.. വിമാനത്താവളത്തിന്‍റെ സുഖശീതളിമയിലെ ആര്‍‌ഭാടസുന്ദരമായ സ്വപ്നത്തിന്‍റെ അവസാന ഘട്ടമാണ് ഈ വാതില്‍. ഇതിലൂടെ തോളുരുമ്മി നടന്നിറങ്ങുന്നവരില്‍ ഒരുവന്‍ ലോകത്തിലെ ഏറ്റവും വിലപിടിച്ച ഹോട്ടല്‍ സ്യൂട്ടിലേക്ക് ലിമോസിനില്‍ യാത്രയാകുമ്പോള്‍ മറ്റവന്‍ അന്തിയുറങ്ങുന്നത് ഇരുപതും മുപ്പതും പേര്‍ക്കൊപ്പം വിയര്‍പ്പിന്‍റെയും ഗുട്ക്കയുടെയും ഗന്ധം പേറുന്ന ഒറ്റ മുറി ചാളയില്‍.

പിന്നിലെന്തോ ബഹളം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ഇന്ത്യാക്കാരുടെ വലിയ ഒരു സം‌ഘം. കണ്ടിട്ട് ആന്ധ്രാക്കാരാണ്.പുതുതായി വന്ന നിര്‍മ്മാണ തൊഴിലാളികളായിരിക്കണം. അവരുടെ ഇടയില്‍ നിന്നുകൊണ്ട് കൈയ്യും കലാശവുമായി ഒരു അറബി ഉച്ചത്തിലെന്തൊക്കെയോ‍ പറയുന്നുണ്ട്. തെലുങ്കന്‍റെ മണം സഹിക്കാതെ മൂക്ക് പൊത്തിപ്പിടിച്ചാണ് കക്ഷിയുടെ പ്രസം‌ഗം. ദാരിദ്ര്യത്തിന്‍റെ മനുഷ്യഗന്ധം, വറുതിയുടെ ഭൂതകാലത്തേക്കുറിച്ച് അറബികളെ ഓര്‍മ്മിപ്പിക്കുന്നുണ്ടാകും.
ഇതുപോലെ പണ്ടൊരിക്കല്‍ മസ്ക്കറ്റ് എയര്‍‌പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് കൗതുകകരമഅയ ഒരു കാഴ്ച്ച കണ്ടത്. വിശാലമായ ഡിപ്പാര്‍‌ച്ചര്‍ ലോഞ്ചിലെ തിരക്കിനിടയിലൂടെ കാട്ടുമുയലിന്‍റെ ചടുലതയോടെ ഒരു ചെറിയ മനുഷ്യന്‍ പുറത്തേക്കോടുന്നു. വെള്ളക്കൊടി കെട്ടിയ ഓട്ടോറിക്ഷപോലെ പിന്നാലെയൊരു അറബിയും. കണ്ണെത്തുന്ന ദൂരം വരെയും മുയല്‍ ബഹുദൂരം മുന്നില്‍ തന്നെ. ഇതിവിടെ ഒരു പതിവ് കാഴ്ച്ചയാണെന്ന് ഒപ്പമുണ്ടായിരുന്ന എയര്‍‌പോര്‍ട്ട് ജീവനക്കാരനായ സുഹൃത്താണ് പറഞ്ഞത്. നിര്‍ബന്ധിത പിരിച്ചുവിടലിന് വിധേയരായ ബം‌ഗ്ലാദേശി വീട്ടുജോലിക്കാരെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ എയര്‍പോര്‍ട്ടിലെത്തിക്കുമ്പോള്‍ ഒപ്പമുള്ള അറബിയെ പറ്റിച്ച് ഓടി രക്ഷപെടുന്നതാണത്രെ പാവങ്ങള്‍. പട്ടിണിമരണത്തില്‍‌നിന്നും ജീവിതത്തിലേക്ക് ഉടുതുണി മാത്രം കൈമുതലാക്കിയുള്ള അന്തം‌വിട്ട ഓട്ടം!

"സര്‍" എന്ന വിളി കേട്ടപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത്. കോട്ടും ടൈയ്യുമൊക്കെയായി പതിവില്ലാത്ത ചമയത്തില്‍ വെളുക്കെ ചിരിച്ച് ബീരാന്‍‌കുഞ്ഞി. "Dress well and be formal" എന്ന് ബോസിന്‍റെ ഓര്‍ഡര്‍ ഉള്ളതുകൊണ്ട് കല്യാണത്തിനണിഞ്ഞ കുപ്പായം പെട്ടിയില്‍നിന്ന് പൊടിതട്ടിയെടുത്തതാണത്രെ. കൊള്ളാം നന്നായിണങ്ങുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ കണ്ണൂര്‍കാരന് നാണം. സമയമായി, നോക്കിവരാമെന്നു പറഞ്ഞ് സായ്വിന്‍റെ പേരെഴുതിയ കടലാസുമായി അകത്തേക്ക് പോയ ബീരാന്‍റെ പിന്നാലെ നടന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞില്ല, ഉറക്കം തൂങ്ങിയ മുഖമുള്ള ഒരു കുറിയ വെള്ളക്കാരനുമായി ബീരാന്‍ തിരികെയെത്തി. ഇറ്റലിക്കാരന്‍ ഡൊറിയാനൊ കൈ തന്ന് പരിചയപ്പെട്ടു. മുഷിഞ്ഞ് നിറം മങ്ങിയ ടീഷര്‍ട്ടും പിഞ്ഞിക്കീറാറായ കുട്ടിനിക്കറുമാണ് കക്ഷിയുടെ വേഷം. മദ്യം, വിയര്‍പ്പ്, സിഗററ്റ്, ഏതിന്‍റേതെന്ന് തിരിച്ചറിയാനാകാത്ത ദുഷിച്ച വാട. ബീരാന്‍റെ മുഖത്ത് പച്ചാളം ഭാസിയുടെ പത്താം രസം. കല്യാണക്കുപ്പായത്തിന്‍റെ രണ്ടാമൂഴം ഈ വെളുത്ത പിച്ചക്കാരന് വേണ്ടിയായല്ലോ എന്നാകും പാവം.
--------------------------------------------------------
Dr.ഭാട്ടിയ ഒരു മാലാഖയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഗള്‍ഫിലേക്കുള്ള ആദ്യ ഊഴത്തിന് ബോം‌ബെയിലെ പ്രശസ്തമായ റിക്രൂട്ടിങ്ങ് ഏജന്‍സി വഴി തെരഞ്ഞെടുക്കപ്പെട്ട്, തുടര്‍ന്നുള്ള മെഡിക്കല്‍ ചെക്കപ്പിനായാണ് ഭാട്ടിയയുടെ ക്ലിനിക്കില്‍ എത്തിയത്. വലിയ ഒരു സ്ഥാപനം. കെട്ടിടത്തിന് പുറത്തേക്ക് വരെ നീളുന്ന ക്യൂ. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഗള്‍ഫ്‌കാം‌ക്ഷികള്‍. എല്ലാ കണ്ണുകളിലും പ്രതീക്ഷയുടെ തിളക്കം. കുളിച്ചിട്ട് ആഴ്ച്ചകളായ ബീഹാറികളും തെലുങ്കന്‍‌മാരും മുതല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റുകള്‍ക്കിടയില്‍ A/C കോച്ച് പോലെ കോട്ടും സ്യൂട്ടുമിട്ട പരിഷ്ക്കാരികളും ക്യൂവിലുണ്ട്. രജിസ്റ്റ്രേഷനും എക്സ്‌റേയും കഴിഞ്ഞ് Dr.ഭാട്ടിയയുടെ മുറിയിലേക്ക് ട്രെയിന്‍ നിരങ്ങി നീങ്ങുന്നു. പെട്ടന്ന് പിന്നില്‍‌നിന്നും സാമാന്യം ശക്തമായ ഒരു തൊഴി കാലില്‍ കിട്ടിയപ്പോള്‍ തിരിഞ്ഞുനോക്കിയത് ആറ് ആറര അടി പൊക്കമുള്ള ഒരു ഭീമന്‍റെ ബ്ലേസര്‍ ധരിച്ച നെഞ്ചിലേക്കാണ്. മുകളില്‍ ചുവന്ന് ചീര്‍ത്ത മുഖത്തുനിന്നും കാലില്‍ തടഞ്ഞ കൊടിച്ചിപ്പട്ടിയോട് എന്നമട്ടിലുള്ള നോട്ടം എന്‍റെ നേര്‍ക്ക്. (ഇയാളാര്, അബുദാബിയിലെ മൈസ്രേട്ടോ?!) ഒരു സോറി പ്രതീക്ഷിച്ച ഞാന്‍ കീറിയ അഭിമാനവുമായി അമരീഷ്‌പുരിയെ കണ്ട ജോണി ലിവറിനേപ്പോലെ തിരിഞ്ഞുനിന്നു. എന്‍റെ ഊഴമെത്തി ഭാട്ടിയയുടെ മുറിയിലേക്ക് കടന്നപ്പോള്‍‌തന്നെ നല്ല ലക്ഷണമൊത്ത നഗ്നമായ ഒരു ആസനമാണ് കണി. എന്‍റെ തൊട്ട് മുന്‍പിലുണ്ടായിരുന്ന ബീഹാറി പാന്‍റ്സ് വലിച്ച് കയറ്റി ഇട്ടുകൊണ്ടിരിക്കുന്നു. ബ്ലഡ് ടെസ്റ്റിനായി അടുത്ത മുറിയിലേക്കുള്ള ക്യൂവിന്‍റെ വാലറ്റം ഡോക്ടറുടെ ക്യാബിനില്‍‍ത്തന്നെയാണ്. ഒരു ഇരക്ക് മറ്റൊന്നിനോടുള്ള സഹാനുഭൂതിയാലാകണം അവരാരും തിരിഞ്ഞ് നോക്കി മാനക്കേടുണ്ടാക്കുന്നില്ല. ഡോക്ടര്‍ ഊ.. എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പാന്‍റ്സൂരി ചീച്ചി മുള്ളാന്‍ നില്‍ക്കുന്ന ഉണ്ണിക്കുട്ടനേപ്പോലെ റഡിയായി നിന്നു. (പഴയ റാഗിം‌ഗ് അനുഭവങ്ങള്‍ക്ക് നന്ദി) ഡോക്ടര്‍ ഗൗരവത്തില്‍ കവലയിലെ കോവിലില്‍ മണികള്‍ കിലുക്കി പരിശോധന തുടങ്ങി.(ഭകതനാണെന്ന് തോന്നുന്നു) . തുടര്‍ന്ന് തിരിഞ്ഞുനില്‍ക്കാനുള്ള ഓര്‍ഡര്‍, അതും ഡോഗി സ്റ്റൈലില്‍. ഒന്നമ്പരന്നു, ഗള്‍ഫിലെന്താണ് ശരിക്കും എന്‍റെ പണി! (യൂ naughty അറബീസ്..!!) പിന്‍‌വാതില്‍ തുറന്നുമടച്ചുമുള്ള പരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ടറെ കൈപിടിച്ച് കുലുക്കി അഭിനന്ദിക്കാന്‍ തോന്നി. സ്വന്തം മുതലായിട്ടുപോലും എനിക്കതൊന്ന് കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ലല്ലോ. പരിശോധന കഴിഞ്ഞ് അടുത്ത ക്യൂവിന്‍റെ പിന്നില്‍ പോയി കൂടിയപ്പോഴാണ് അമരീഷ്‌പുരിയെ ഓര്‍മ്മ വന്നത്. സഹജീവിയോടുള്ള സഹാനുഭൂതിയൊക്കെ മറന്ന് ആ കാഴ്ച്ചയൊന്ന് കാണാനുള്ള മോഹം ഉല്‍ക്കടിച്ചു. എനിക്കും വേണ്ടേ ചെറിയ ചില ജയങ്ങള്‍. തിരിഞ്ഞ്‌നിന്നു തന്നെ നോക്കി. നമ്മുടെ മൈസ്രേട്ട് pants down ആയി ഡോഗി സ്റ്റൈലില്‍ നിന്നുകൊണ്ട് വരിയുടക്കാന്‍ പിടിച്ച ശ്വാനനേപ്പോലെ പരമദയനീയമായി എന്നെ നോക്കുന്നു. Dr.ഭാട്ടിയ ഒരു മാലാഖ തന്നെ. വലിപ്പച്ചെറുപ്പങ്ങളെ തൃണവല്‍ക്കരിച്ച് ഗുദസൗകുമാര്യത്തിന്‍റെ അഴകളവിലുള്ള കര്‍ശനമായ നിഷ്ക്കര്‍ഷയില്‍നിന്ന് അണുവിട വ്യതിചലിക്കാത്ത കര്‍മ്മയോഗി. ഇന്നിപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ചിന്തിക്കുമ്പോള്‍ ഗള്‍ഫ് പ്രവാസത്തിന്‍റെ വിവിധഘട്ടങ്ങളില്‍ "സമത്വം" എന്ന സങ്കല്പ്പം അതിന്‍റെ ഏറ്റവും അസം‌സ്ക്കൃതമായ രൂപഭം‌ഗിയിലെങ്കിലും അവസാനമായി കണ്ട് പിരിഞ്ഞത് അന്ന് Dr.ഭാട്ടിയയുടെ ക്ലിനിക്കിലാണ്.

18 comments:

ബിനോയ്//HariNav 22 October 2009 at 07:54  

ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ പറയുന്നതിനേക്കാള്‍ നല്ലതാണാല്ലോ... :))

ഹാരിസ് 22 October 2009 at 09:41  

യൂ naughty അറബീസ്..!!

വശംവദൻ 22 October 2009 at 11:57  

"പട്ടിണിമരണത്തില്‍‌നിന്നും ജീവിതത്തിലേക്ക് ഉടുതുണി മാത്രം കൈമുതലാക്കിയുള്ള അന്തം‌വിട്ട ഓട്ടം"

ദയനീയം !

:(

രാജീവ്‌ .എ . കുറുപ്പ് 22 October 2009 at 13:27  

ഇന്നിനി വിദേശി ആക്രമണം പ്രതിരോധിച്ചശേഷം ഉണ്ണിയാര്‍ച്ചയുടെ പ്രതിരോധശേഷി പോഷിപ്പിക്കാന്‍ സമയമുണ്ടാകില്ല. (കലക്കി ആ വാചകം )

അറൈവല്‍ ഗേറ്റിന് മുന്‍പില്‍ ഒരു സിഗററ്റ് കത്തിച്ചു.(ഏതാ ബ്രാന്‍ഡ്‌ , ചുമ്മാ )

പണ്ട് ദുബൈയില്‍ പോകാന്‍ നേരത്ത് ഡല്‍ഹിയിലെ സൌത്ത് എക്സില്‍ ഉള്ള ഒരു ഹോസ്പിറ്റലില്‍ ഞാനും പോയിരുന്നു, ഇത് പോലെ ചീച്ചി മുള്ളാന്‍ നിന്നതൊക്കെ ഓര്‍ത്തു. പക്ഷെ പിന്‍വാതില്‍ പരിശോധന ഇല്ലാരുന്നു
ഡോക്ടര്‍ ഗൗരവത്തില്‍ കവലയിലെ കോവിലില്‍ മണികള്‍ കിലുക്കി പരിശോധന തുടങ്ങി.(ഭകതനാണെന്ന് തോന്നുന്നു) (ഹഹഹഹഹഹ കിടിലന്‍ )

മച്ചൂ പോസ്റ്റ്‌ കലക്കി, എല്ലാം വിഷ്വല്‍ ആയി വന്നു. എത്ര ജീവിതങ്ങള്‍ താങ്ങള്‍ വരച്ചു കാട്ടി അതും ലളിതമായി (നീ പുലിയായിരുന്നല്ലേ)

വാഴക്കോടന്‍ ‍// vazhakodan 22 October 2009 at 15:56  

ഇന്നിനി വിദേശി ആക്രമണം പ്രതിരോധിച്ചശേഷം ഉണ്ണിയാര്‍ച്ചയുടെ പ്രതിരോധശേഷി പോഷിപ്പിക്കാന്‍ സമയമുണ്ടാകില്ല.
കവലയിലെ കോവിലില്‍ മണികള്‍ കിലുക്കി പരിശോധന തുടങ്ങി.(ഭകതനാണെന്ന് തോന്നുന്നു)

യൂ naughty ബിനോയ്!!!!

രഞ്ജിത് വിശ്വം I ranji 22 October 2009 at 19:01  

ചില കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ പറയാതിര്‍ക്കുന്നതിനേക്കാള്‍ പറയാതിരിക്കുന്നതാണല്ലോ... അല്ല പറയുന്നതാണല്ലോ..ഹമ്മോ ആകെ തെറ്റി എന്നാലും പറയാതിരിക്കാന്‍ വയ്യ. ഗള്ഫ് പ്രവാസത്തെ രണ്ട് അനുഭവങ്ങള്‍ കൊണ്ടും ചില വാക്‍ ചിത്രങ്ങള്‍ കൊണ്ടും എത്ര സരസമായും ശക്തവുമായാണ് വിവരിച്ചിരിക്കുന്നത്.. കഴിഞ്ഞ പോസ്റ്റിലെ എന്റെ പ്രവചനം.. അത് ഓര്മ്മയുണ്ടല്ലോ..

Anil cheleri kumaran 22 October 2009 at 20:56  

:)

ഉഗാണ്ട രണ്ടാമന്‍ 22 October 2009 at 21:32  

യൂ നോയ്ട്ടി...:)

Jijo 23 October 2009 at 01:41  

എന്തുകൊണ്ടും അതി സുന്ദരമായ പോസ്റ്റ്‌. സ്റ്റീരിയോടൈപ്പുകളുടെ വ്യര്‍ത്ഥത രണ്ടു ചെറു കുറിപ്പുകളിലൂടെ സരസമായി പറഞ്ഞിരിക്കുന്നു. ഉയരത്തില്‍ നിന്നും ഇമേജുകള്‍ ഭൂമിയില്‍ വീണു ചിതറുന്നത്‌ കാണുമ്പോള്‍ അശ്ളീലമെങ്കിലും ഒരു സംതൃപ്തി.

ഇതെന്തു പരിശോധനയാണ്‌ ഹരീ? ഈ മണികിലൂക്കത്തിലും പിന്‍വാതില്‍ പരിശോധനയിലും എന്താണു കണ്ടുപിടിക്കുന്നത്‌? അറിവുള്ളവര്‍ ആരെങ്കിലും പറഞ്ഞു തരണേ...

ബിനോയ്//HariNav 23 October 2009 at 09:08  

ഹാരിസ്, നന്ദി
വശം‌വദന്‍, നന്ദി
കുറ്പ്പിന്‍റെ കണക്ക് പുസ്തകം, നന്ദി
വാഴക്കോടന്‍, യൂ നോട്ടി ബായ.. :)
കമാരന്‍, നന്ദി
ഉഗാണ്ട രണ്ടാമന്‍, നന്ദി
രഞ്ജിത്ത്, ജിജൊ, ഗള്‍ഫിലെ പ്രവാസികള്‍ക്ക് സുപരിചിതമായ ചില ചൊറിച്ചില്‍ അനുഭവങ്ങളുടെ പ്രകോപനത്തില്‍ വെറുതെ കുത്തിക്കുറിച്ചതാണ്. കലിപ്പടങ്ങിയപ്പോള്‍ വല്ലാതെ ദീര്‍ഘിച്ച് പോയി. എങ്കിലും ഛര്‍ദ്ദിച്ച് വെച്ചതില്‍ വീണ്ടും മാന്താന്‍ മൂഡ് വന്നില്ല. വെറുമൊരു "ചിരി" പോസ്റ്റാക്കാനും തോന്നിയില്ല. ഇതൊക്കെത്തന്നെയല്ലേ ബ്ലോഗിന്‍റെ സ്വാതന്ത്ര്യം. ഞാനാഗ്രഹിച്ച വായന ചിലര്‍ക്കെങ്കിലും സാധിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി :)

Seema Menon 24 October 2009 at 01:52  

ദുബായിയിലെ ‘ജെനറൽ മാനേജറ്മാരെ‘ കണ്ട് കണ്ണു പുളിച്ചിരുന്ന കാലത്തു ലണ്ട്ൻ എന്നൽ ഭൂമിയിലേ സ്വർഗ്ഗം ആണെന്നാണു കരുതിറ്യിരുന്നതു. ആദ്യത്തെ യൂറോപിയൻ റ്റ്രിപ്പിന്റെ മുഖ്യ ആകറ്ഷണം റോഡിലെ കുപ്പ പറക്കുന്ന ‘കോണ്ട്രക്റ്റ്സ്‘ മാനേജരും റ്റോയ്ലറ്റ് കഴുകുന്ന ‘ഓപെരേഷൻ‘ മാനേജരും തന്നെ ആയിരുന്നു. നമ്മൽ കവാത്തു മറക്കുന്നതു പൈസ കണ്ടിട്ടആണെന്നു പറയാം, അറബികൽക്ക് എന്തിന്റെ കുറവാ??

വയനാടന്‍ 24 October 2009 at 22:45  

മനോഹരമായ കുറിപ്പു; ചില വരികൾ മനസ്സിൽ പതിഞ്ഞു:

ദാരിദ്ര്യത്തിന്‍റെ മനുഷ്യഗന്ധം,
"വറുതിയുടെ ഭൂതകാലത്തേക്കുറിച്ച് അറബികളെ ഓര്‍മ്മിപ്പിക്കുന്നുണ്ടാകും"
"പട്ടിണിമരണത്തില്‍‌നിന്നും ജീവിതത്തിലേക്ക് ഉടുതുണി മാത്രം കൈമുതലാക്കിയുള്ള അന്തം‌വിട്ട ഓട്ടം!"

അരുണ്‍ കായംകുളം 25 October 2009 at 22:05  

:)

naakila 27 October 2009 at 17:02  

വൈകിയാണ് വന്നത്
നല്ല ബ്ലോഗാണ്
ആശംസകള്‍

കണ്ണനുണ്ണി 27 October 2009 at 19:27  

കൊറേ നല്ല അലക്കുകള്‍ ഉണ്ടല്ലോ...നന്നായി

ഗീത 31 October 2009 at 17:22  

ജീവിക്കാനുള്ള തത്രപ്പാടിന്റെ ചിത്രങ്ങള്‍.
കരയിപ്പിക്കലും ചിരിപ്പിക്കലും ഒരേ പോസ്റ്റില്‍ തന്നെ.

ഭായി 1 November 2009 at 07:24  

@@@ഇതിലൂടെ തോളുരുമ്മി നടന്നിറങ്ങുന്നവരില്‍ ഒരുവന്‍ ലോകത്തിലെ ഏറ്റവും വിലപിടിച്ച ഹോട്ടല്‍ സ്യൂട്ടിലേക്ക് ലിമോസിനില്‍ യാത്രയാകുമ്പോള്‍ മറ്റവന്‍ അന്തിയുറങ്ങുന്നത് ഇരുപതും മുപ്പതും പേര്‍ക്കൊപ്പം വിയര്‍പ്പിന്‍റെയും ഗുട്ക്കയുടെയും ഗന്ധം പേറുന്ന ഒറ്റ മുറി ചാളയില്‍.@@@

നര്‍മ്മത്തില്‍ ചാലിച്ച കുറേ സത്യങള്‍...

നന്നായി..!!ആശംസകള്‍!!

രഘുനാഥന്‍ 5 November 2009 at 09:09  

കൊള്ളാം ബിനോയ്‌ ..ആശംസകള്‍