Thursday, 11 June 2009

ഒരു 'ഡാര്‍ലിങ്ങ്' ചതിക്കഥ

മോണ്‍സ്റ്റര്‍ പരുവത്തില്‍ രണ്ടെണ്ണം.
മൂത്ത ചാത്തന്‍ ഏഴാം ക്ലാസ് വിദ്യാര്‍‌ത്ഥി. ഇളയവന്‍ മറ്റൊരു സ്കൂളില്‍ നാലാം ക്ലാസില്‍.
ഇതില്‍ ര‍ണ്ടാമത്തെ ഐറ്റം ഞാന്‍ തന്നെ.
ഏണ്‍പതുകളുടെ തുടക്കമാണ് കാലം.

രണ്ടുപേരും ഒരുമിച്ചാണെങ്കില്‍ മാത്രം മാസത്തിലൊന്ന് എന്ന കണക്കില്‍ സിനിമ കണ്ട് വഷളായിക്കൊള്ളാന്‍ അച്ഛന്‍റെ അനുവാദം കിട്ടിയ വര്‍ഷം. പൊതുവേ ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധമാണ് ചാത്തന്‍‌മാര്‍ തമ്മിലെങ്കിലും ഇത്തരം common interests ഉള്ള വിഷയങ്ങളില്‍ രണ്ടുപേരും ഒറ്റക്കെട്ടാണ്.

ടിക്കറ്റെടുത്ത് തീയറ്ററിനുള്ളില്‍ കയറുന്നത് പൊടിഡപ്പി പരുവത്തിലുള്ള ചാത്തന്‍‌മാരാണെങ്കിലും സിനിമ അവസാനിക്കുമ്പോഴേക്കും അതാത് സിനിമകളിലെ നായകന്‍ ചേട്ടനിലേക്ക് പരകായപ്രവേശം നടത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന്, സോപ്പുപെട്ടിക്കഥ കണ്ടിറങ്ങുന്ന ചേട്ടന്‍‍, അനുജന്‍റെ തോളത്തു കൈയ്യിട്ട് സ്നേഹവായ്പോടെ ചേര്‍ത്തുപിടിച്ചാണ് വീട്ടിലേക്കു നടക്കുക. അന്നേ ദിവസം പിന്നെ "മോനേ" എന്നെ എന്നെ വിളിക്കൂ. സോപ്പുപെട്ടിയുടെ പാതി കൈയ്യിലുള്ളതുകൊണ്ട് എനിക്കും പെരുത്തു സന്തോഷം. സിനിമ ആക്ഷനാണെങ്കില്‍, എത്രവലിയ കൊള്ളസം‌ഘത്തേയും ഒറ്റക്കുനേരിട്ട് കൈത്തരിപ്പു തീര്‍ക്കാന്‍ വെമ്പുന്ന ഒരു വ്യാഘ്രസഹോദരനായി മാറും എന്‍റെ ചേട്ടന്‍.

അന്നത്തെ പ്രമേയം മൂന്നോ നാലോ മൂലകളുള്ള സം‌ഭവബഹുലമായ ഒരു പ്രണയകഥ. സിനിമ തീരുമ്പോഴേക്കും ചേട്ടന്‍ ഒരു റോമിയോ/റെസ്പുട്ടിന്‍ ആയി മാറിയിരുന്ന കാര്യം ഞാന്‍ പോലും അറിഞ്ഞില്ല. എന്‍റെ പാഠ്യേതര വിഷയങ്ങളില്‍ പ്രണയം ഇനിയും ലിസ്റ്റ് ചെയ്തിരുന്നില്ലല്ലോ. അങ്ങനെ "ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍‌കിടാവേ.." എന്നൊരു പാട്ടൊക്കെ മൂളി വീട്ടിലേക്കു നടക്കുന്ന വഴി ചേട്ടന്‍ ഒറ്റ ചോദ്യമാണ്!

"ഡാ, നിനക്ക് ഡാര്‍‌ലിങ് ഉണ്ടോ?"

സിനിമയില്‍ "ഡാര്‍ലിങ്" എന്നൊരു സംഭവം പലതവണ കടന്നുവന്നത് എന്‍റെ റഡാര്‍ പിടിച്ചെടുത്തിരുന്നെങ്കിലും പെട്ടന്നുള്ള ചോദ്യത്തില്‍ ഞനൊന്നു പകച്ചു. ഗൂഗിളും യാഹൂവും വെച്ച് മെമ്മറിയില്‍ തപ്പിനോക്കി. സ്കൂളും വീടും അയല്പക്കവുമൊക്കെ സേര്‍ച്ച് ചെയ്ത് തൃപ്തി വരാതെ നിക്കറിന്‍റെ കീശയില്‍ തപ്പിനോക്കി നിരാശനായപ്പോള്‍ ഞാനെന്‍റെ "ഡാര്‍ലിങ് രാഹിത്യം" വെളിപ്പെടുത്തി.
ചേട്ടന്‍ തിക്കും പൊക്കും* നോക്കിയിട്ട് പരമരഹസ്യമായി എന്നോട് പറഞ്ഞു

"എന്നാല്‍ എനിക്കൊരു ഡാര്‍ലിങ്ങുണ്ട്"

ഏഴ് അറകളുള്ള പെന്‍സില്‍ ബോക്സ് ആദ്യമായി കാണുന്ന അമ്പരപ്പോടെയും ആരാധനയോടെയും മിഴിച്ചുനോക്കുന്ന എന്നെ നോക്കി ചേട്ടന്‍ തുടര്‍ന്നു.

"എന്‍റെ ക്ലാസില്‍ തന്നെയാണ് എന്‍റെ ഡാര്‍ലിങ്. (My darling is situated in my class എന്നു ഞാന്‍ മനസ്സില്‍ പരിഭാഷപ്പെടുത്തി). സരിതയെന്നാണ് പേര്. സംഗതി ഞങ്ങള്‍ പരമരഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്. എട്ടാം ക്ലാസിലെ കൊല്ലപ്പരീക്ഷ കഴിഞ്ഞിട്ട് മതി കല്യാണമെന്നാണ് തീരുമാനം. നീയിത് ആരോടും മിണ്ടിയേക്കരുത്"

വിസ്ഫോടനാത്മകമായ ഒരു രഹസ്യത്തിന്‍റെ കാവല്‍‌ക്കാരനായി ഓര്‍ക്കാപ്പുറത്ത് ചുമതലയേല്‍‌ക്കേണ്ടി വന്നതിലുള്ള പരവേശത്തില്‍ ഒന്നു പതറിയെങ്കിലും ഇങ്ങനെയൊരു ദൗത്യത്തിന് തന്നെ വിശ്വാസപൂര്‍‌വ്വം തെരഞ്ഞെടുത്ത ചേട്ടന്‍റെ നടപടിയില്‍ കൃതാര്‍‌ത്ഥനായി, തിക്കും പൊക്കും നോക്കിയിട്ട് പരമരഹസ്യമായിത്തന്നെ ഞാനും പറഞ്ഞു.

"എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"

"എന്ത്?" എന്നു ചേട്ടന്‍

"അല്ല, ഡാര്‍ലിങ്ങ് എനിക്കും ഉണ്ടാകുമ്പോള്‍ പറയാന്ന്"

"ഓ" എന്ന് തലയാട്ടി ചേട്ടന്‍

ഏതാണ്ട് ഒരാഴ്ച്ചക്കു ശേഷം തറവാട്‌‌വീട്ടില്‍ വിഷുവിന്‍റെ തലേന്നാണ് കഥയുടെ അടുത്ത രം‌ഗം. കത്തിയടിക്കാന്‍ ഇളമുറക്കാരെല്ലാം ഒരു മുറിയില്‍ ഒത്തുകൂടിയിരിക്കുകയാണ്. 14 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള യുവസിം‌ഹങ്ങളും സിം‌ഹിണികളും ഒരു ഡസണടുപ്പിച്ചു വരും. ഉതിര്‍ന്നു വീഴുന്ന മൊഴിമുത്തുകള്‍ വാരിയെടുക്കാന്‍ ഞങ്ങള്‍ പീക്കിരിപ്പരുവങ്ങളും ജാഗരൂഗരായുണ്ട്.വലിയ കലപില ചെറുതായൊന്ന് ശാന്തമായ സമയത്താണ് ഒരു അശിരീരി ഉയര്‍ന്നു കേട്ടത്

"എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"വല്യമ്മയുടെ മകള്‍ ബീനേച്ചിയാണ്

എന്‍റെ അപായ സെന്‍സര്‍ ചെറുതായൊരു ബീപ്പടിച്ചു. ഇങ്ങനെയൊരു ഡയലോഗ് സിറ്റുവേഷന് ചേരുന്നില്ലല്ലോ. അതോ തനിക്ക് കണ്ടിന്യുവിറ്റി നഷ്ടപ്പെട്ടതാണോ. നാളെ എറിഞ്ഞിടേണ്ട മാങ്ങകളുടെ കണക്കിലേക്ക് ഇടക്കൊന്ന് മനസ്സ് ചാഞ്ഞിരുന്നു. ഹും.. ഇനി ശ്രദ്ധ പതറരുത്.

ദാ വീണ്ടും "എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"

ഇക്കുറി കുഞ്ഞമ്മാവനാണ്"നീ പറയുവോടീ?" എന്ന് ചോദ്യം അടുത്തയാള്‍ക്ക് പാസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇത്തവണ എന്‍റെ സെന്‍സര്‍ നിര്‍ത്താതെ ബീപ്പുന്നുണ്ട്. ഈ ഡയലോഗ് താനെവിടെയോ കേട്ടിട്ടുണ്ട്.(ഇന്ത നോസ് നാന്‍ എങ്കയോ പാത്തിരുക്ക്..) എല്ലാവരും എന്നെതന്നെയാണല്ലോ നോക്കുന്നതും.

മൈ ഗോഡ്! ചതി.. കൊടും ചതി!

താന്‍ പരമരഹസ്യമായി ജേഷ്ടന്‍ റോമിയോയുടെ ചെവിയിലോതിയ ഡയലോഗല്ലേ തമിഴന്‍റെ ലോറിക്കടിയില്‍ പെട്ട തണ്ണിമത്തങ്ങ പോലെ കെടന്നു ചതയുന്നത്!

എവിടെ ചേട്ടന്‍ കശ്മലന്‍! ഹും.. ആരുടെയോ മൂട്ടില്‍ സുരക്ഷിതമായി ഒളിഞ്ഞിരിക്കുകയാണ്. ഹൊ! ഇന്‍ഡോറായതുകൊണ്ട് കല്ലും കിട്ടാനില്ല. എന്തായാലും ഇത്രയുമായസ്ഥിതിക്ക് ചേട്ടന്‍‌കൊരങ്ങന്‍റെ ഡാര്‍ലിങ് രഹസ്യം പൊളിക്കുക തന്നെ..

ഞാന്‍ വാ തുറക്കുന്നതിനു മുന്‍‌പേ അട്ടഹാസച്ചിരികള്‍ക്കിടയില്‍ സദസ്സ്യരുടെ അറിവിലേക്കായി കുഞ്ഞമ്മാവന്‍റെ കഥാസ‌ം‌ഗ്രഹം വന്നു. പക്ഷേ സ്ക്രിപ്റ്റ് പാടേ മാറിമറിഞ്ഞിരിക്കുന്നു. ജ്യേഷ്ടന്‍ ഇല്ലാത്ത ഒരു ഡാര്‍ലിങ്ങ് കഥ പടച്ചുണ്ടാക്കി എന്നെ പറഞ്ഞു കേള്‍പ്പിച്ചെന്നും, ഈ ചെറിയ പ്രായത്തില്‍ പോലും ഗജപോക്രിയായതുകൊണ്ട് ഞാന്‍ തന്‍റെ വരുംകാല പ്രണയിനിയേക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തിയെന്നും ഓക്കെയാണ് പുതിയ വേര്‍ഷന്‍.

ദ്രോഹി! സിനിമയുടെ ബാധ കയറിയപ്പോള്‍ അറിയാതെ വെളിപ്പെടുത്തിപ്പോയ ഡാര്‍ലിങ്ങ് രഹസ്യം പാരയായി മാറുന്നതിനുമുന്‍‌പ് ഒരു മുഴം മുന്‍പേ എറിഞ്ഞതണ്, വഞ്ചകന്‍. ഈ പാവം തന്‍റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ നിഷ്ക്കരുണം അവഗണിക്കപ്പെട്ടു.

എന്തിനേറെ പറയുന്നു. മിക്സിക്കുള്ളില്‍‌ അബദ്ധത്തില്‍ അകപ്പെട്ട ചെരട്ടക്കഷ്ണത്തിന്‍റെ അവസ്ഥയിലാക്കിക്കളഞ്ഞു എല്ലാവരും‌കൂടിയെന്നെ.
അതോടുകൂടി ഞാനൊരു പാഠം പഠിച്ചു സുഹൃത്തുക്കളേ. സിനിമ കണ്ട മദപ്പാടില്‍ നില്‍ക്കുന്ന ഒരു ചേട്ടന്‍‌മാരെയും നമ്പാന്‍ കൊള്ളില്ല.

കിട്ടിയ പണിക്കൊരു മറുപണി കാലങ്ങള്‍ക്കുശേഷം ഞാന്‍ കൊടുത്തതുകൂടി പറഞ്ഞാലേ കഥ പൂര്‍‌ണ്ണമാകൂ

ജ്യേഷ്ടന്‍ റോമിയോ ഇപ്പോള്‍ നാട്ടില്‍ സാമാന്യം തിരക്കുള്ള വക്കീലാണ്. എന്‍റെ കഴിഞ്ഞ ലീവിലാണ് സം‌ഭവം. ഞാന്‍ രാവിലെ പത്രം വായിച്ച് വരാന്തയിലിരിക്കുന്നു. ജ്യേഷ്ടനെ കാണാനായി വന്ന ഒരു കക്ഷി എന്‍റെ സമീപം വന്നിരുന്നു. നാട്ടില്‍ വേറേ കൊള്ളാവുന്ന വക്കീലന്മാര്‍ ആരുമില്ലേ ആവോ. ഞാനും വക്കീലിനെ കാണാന്‍ വെയിറ്റ് ചെയ്യുകയാണെന്നാണ് ആഗതന്‍റെ വിചാരം

"വക്കീലിനെ കണ്ടില്ലേ" എന്ന് ചോദ്യം എന്നോട്
"അകത്ത് മറ്റൊരു കക്ഷിയുണ്ട്"
അവന്‍റെ ആധാരം എഴുതി വാങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് ആത്മഗതം

"വക്കീലിനിപ്പൊ നല്ല തെരക്കാല്ലേ"

"ഓ.. തന്നെ" എന്ന് താത്പര്യമില്ലാതെ ഞാന്‍

ഇത്രയുമായപ്പോള്‍ ഞാന്‍ പതുക്കെ കക്ഷിയെ കണ്ണുകാണിച്ച് അടുത്തേക്ക് വിളിച്ച് അങ്ങുമിങ്ങും നോക്കിയിട്ട് ചെവിയില്‍ പറഞ്ഞു

"വക്കീല് ആള് മിടുക്കന്‍ തന്നെ. പക്ഷേ രഹസ്യമായിട്ടൊരു കാര്യം പറയാന്‍ കൊള്ളില്ല. ചതി പറ്റും"

കക്ഷി എന്‍റെ മുഖത്ത് മിഴിച്ചുനോക്കി, ഞാന്‍ പറഞ്ഞത് സീരിയസ്സായിത്തന്നെ എന്നുറപ്പിച്ചു.

കുറച്ചുനേരം ആലോചിച്ചിരുന്നശേഷം എന്നെയും കണ്ണുകാണിച്ച് അടുത്തേക്ക് വിളിച്ചിട്ട് അതീവ രഹസ്യമായി ചെവിയില്‍ പറഞ്ഞു

"ഞാനൊരു ബീഡി വാങ്ങീട്ട് ഇപ്പൊ വരാം"

ഇതും പറഞ്ഞ് വന്നതിന്‍റെ ഇരട്ടി സ്പീഡില്‍ ആളിറങ്ങി നന്നു.

ഹ ഹ അന്നു ബീഡി വാങ്ങാന്‍ പോയ കക്ഷിയെ പിന്നീടാ ജില്ലയില്‍ ആരും കണ്ടിട്ടില്ല

ഹും.. അനിയന്‍‌മാരോടാ കളി.

പിന്‍‌കുറിപ്പ് : ചതി പറ്റിയെങ്കിലും ഞാന്‍ വാക്കു പാലിച്ചു. എനിക്കൊരു "ഡാര്‍ലിങ്ങ്" ഉണ്ടായപ്പോള്‍ ഞാന്‍ ചേട്ടനോട് പറഞ്ഞു. എന്നിട്ട് അങ്ങേരെന്താ ചെയ്തത്! അച്ഛനോട് പറഞ്ഞ് ശ്ശടേന്ന് പിടിച്ച് കെട്ടിച്ച് തന്നു.
ചതിയന്‍!