Thursday 24 December 2009

സുഗം വരണ വണ്‍‌വേ ട്രാഫിക്കുകള്‍

"ഹലോ കോഴി ആള്‍സയില്‍"
"ഹലോ മത്തായിച്ചാ ഇത് രായപ്പനാ"
"ആ എന്നാ രായപ്പാ രാവിലേതന്നെ? നീ കടം ചോദിച്ച കാശിനാണേ സമയം കളയണ്ട. കാലത്ത് തൊറന്നേപ്പിന്നെ മൂന്ന് കോഴി തെകച്ച് വിറ്റിട്ടില്ല."
"ഹ അതല്ലന്നേ. മത്തായിച്ചന്‍ വിവരമൊന്നുമറിഞ്ഞില്ലേ, വാര്‍ത്തയൊന്നും കേട്ടില്ലേ."
"എന്നതാടാ കാര്യം?? കോഴിപ്പനിയെങ്ങാനും പിന്നേമെറങ്ങിയോ"
"മത്തായിച്ചാ ദേണ്ടെ നമ്മടെ അമ്മച്ചിവിഷന്‍ ചാനലില് സ്ക്രോള്‍ ന്യൂസ് വന്നോണ്ടിരിക്കണു, മന്ത്രി പാക്കരന്‍റെ മോനെ പെണ്‍‌വാണിഭക്കേസില് പോലീസ് പിടിച്ചെന്ന്."
"ങ്ഹേ! ഒള്ളതാണോടാ ഈ പറയണേ. വെറുതെ കൊതിപ്പിക്കല്ലേ"
"ഒള്ളത് തന്നെ മത്തായിച്ചാ. പിടിക്കുമ്പം ചെക്കന് മുണ്ടുപോലും ഒണ്ടാരുന്നില്ലാത്രെ"
"ഹൊ! എനിക്കുമേല. കടേലൊരു റേഡിയോ പോലുമില്ലാതായിപ്പോയല്ലോ കര്‍ത്താവേ. രായപ്പാ നീ മുഴുവനും പറയടാ"
"സം‌ഭവം കണ്ടുപിടിച്ച നാട്ടാകാരീച്ചെലര് കലാപരിപാടികളൊക്കെ മൊബൈലില് പിടിച്ചിട്ടുണ്ടത്രെ. ഞങ്ങളൊക്കെ ടി വീടെ മുമ്പീന്ന് മാറാതിരിക്കുവാ. ഒടനേ കാണിക്കുവാരിക്കും."
"ഹെന്‍റെ രായപ്പാ ഞാനിപ്പ എന്നതാടാ ചെയ്യണേ. ഇരിക്കപ്പൊറുതി കിട്ടണില്ലല്ലോടാ."
"വെഷമിക്കണ്ട മത്തായിച്ചാ പുതിയ വിവരം കിട്ടണമൊറക്ക് ഞാന്‍ വിളിച്ചോണ്ടിരിക്കാം."
"മറക്കല്ലേടാ മക്കളേ. നീ ചോദിച്ച കാശ് ഞാന്‍ വൈന്നേരത്തേക്ക് ശരിയാക്കിവെച്ചേക്കാം."
-----------------
"ഹലോ മത്തായിച്ചാ പുതിയ സ്ക്രോള്‍ ന്യൂസൊണ്ട്"
"എന്നതാടാ?!"
"ചെക്കന്‍റെ കൂടെ പ്രായപൂര്‍ത്തിപോലും ആകാത്തതടക്കം നാലു പെണ്ണുങ്ങളുണ്ടാരുന്നുപോലും. ഇത്തവണ പാക്കരന്‍‌മന്ത്രീടെ ചീട്ട് കീറും."

"ഹമ്മോ, കേട്ടിട്ട് എനിക്ക് സുഗം വരണെടാ രായപ്പാ, എനിക്ക് സുഗം വരണൂ. അവനും അവളുവാരും തുണിയില്ലാണ്ട്‌ വരുമ്പം മൊബൈലിലെങ്കിലും ഒന്ന് പിടിച്ചേക്കണേ രായപ്പാ. പിന്നെ, നീ മറുത്തൊന്നും പറയല്ല്. ഇന്ന് വൈന്നേരത്തെ പൈന്‍റ് എന്‍റെ വക."
"എല്ലാം മത്തായിച്ചന്‍റെ സന്തോഷം"
--------------------
"ഹലോ മത്തായിച്ചാ ഒരു ചെറിയ പെശകൊണ്ട്"
"എന്നാ പറ്റിയെടാ?!"
"മന്ത്രീടെ മോനല്ല മരുമോനാന്നാ പുതിയ വെവരം"
"ഛെ, അതെന്നാ മറ്റേടത്തെ ഏര്‍പ്പാടാ. മരുമോന്‍‌ന്ന് തന്നെയാണോടാ, അതോ മന്ത്രീടെ രോമം‌ന്ന് വല്ലോമാണോ എഴുതിയിരിക്കണേ?"
"അല്ല മത്തായിച്ചാ മരുമോന്‍‌ന്ന് തന്നാ
ഹാ മരുമോനെങ്കി മരുമോന്‍. ഒള്ളതുവെച്ച് അഡ്ജസ്റ്റ് ചെയ്യാം"
---------------------
"ഹലോ മത്തായിച്ചാ പിന്നേം വാര്‍ത്ത മാറി. അത് മന്ത്രി പാക്കരന്‍റെയല്ല മുന്‍‌മന്ത്രി ചങ്കരന്‍റെ മരുമോനാന്ന്."
"ഭാ! അതെന്നാ പൂ..മാനം പണിയാടാ കോപ്പന്‍ രായപ്പാ ? പിന്നെ നിന്‍റെ അമ്മാമ്മേടെ പതിനാറടിയന്തിരത്തിനാണോ വെറുതേയിരുന്ന എന്നെ പറഞ്ഞ് മോഹിപ്പിച്ചിട്ട്.."
"ഹ മത്തായിച്ചാ അതിനിപ്പ ഞാനെന്നാ ചെയ്യാനാ. അമ്മച്ചിവിഷനീ കണ്ടതല്ലേ ഞാമ്പറഞ്ഞത്? ദേ ചെക്കനേം പെണ്ണുങ്ങളേം നാട്ടുകാര് തലോടണത് മറ്റേ ചാനലീ കാണിച്ചോണ്ടിരിക്കുവാ"
"ഹോ! ഈ ചാനലുകാര് ഇത്ര കണ്ണീച്ചോരയില്ലാത്തോമ്മാരായിപ്പോയല്ലോ. ഒന്നുമല്ലേലും തന്തേം തള്ളേമൊള്ള ഒരു ചെറുക്കനല്ലേ അത്. ഇവമ്മാരോട് ചോദിക്കാനും പറയാനും ആരുമില്ലേ കര്‍ത്താവേ. റബ്ബറ് സ്ലോട്ടറ് വെട്ടണപോലല്ലേ ഇവമ്മാര് മനുഷ്യാവകാശം ലം‌ഘിച്ചിച്ചോണ്ടിരിക്കുന്നേ."

"മത്തായിച്ചാ അപ്പ വൈന്നേരത്തെ പൈന്‍റിന്‍റെ കാര്യം.."

"ഭാ, പന്നക്കഴുവേറി. എന്നാ ഒലത്തിയേനാടാ നിനക്ക് പൈന്‍റ്? ഒണ്ടാക്കിയ മനോവെഷമത്തിന് നീയൊരുഫുള്ള് എനിക്കു മേടിച്ചുതാടാ രോമം രായപ്പാ.. "
------------------

മലയാളികളുടെ പുതുവല്‍സരം കത്തിക്കല്‍ കേസുകളുടെയും പെണ്ണ് കേസുകളുടെയും ധാരാളിത്തംകൊണ്ട് ആനന്ദപ്രദവും സുഗപ്രദവുമാകട്ടെ എന്ന് ആശംസിക്കുന്നു

Thursday 10 December 2009

ഫിലോമിനാ മാങ്ങകള്‍ ഉണ്ടാകുന്നത്

"ഠും,ഠമാര്‍" ശബ്ദഘോഷങ്ങളോടെ മകനുമൊത്തുള്ള പതിവ് ഹോംവര്‍ക്ക് സെഷനു ശേഷം പ്രിയതമ രൗദ്രദേവതയായി മുറിക്ക് പുറത്തുചാടിയത് കുഴപ്പിക്കുന്ന ഒരു പ്രസ്താവനയുമായാണ്.

"നിങ്ങടെ മകനെ മലയാളം പഠിപ്പിച്ചു പഠിപ്പിച്ച് ഞാന്‍ വല്ല മലയാളീം ആയിപ്പോകും'!

നാക്ക് വഴുതിയതാണ്.'അപ്പൊ നീ ശരിക്കും ആസാമിയാ?' എന്ന് ചോദിക്കാന്‍ തുടങ്ങിയത് മുളയിലേ വിഴുങ്ങി. ഇടഞ്ഞ കൊമ്പനോട് കളിച്ചാലും ഹോം‌വര്‍ക്കിന്‍റെ മദപ്പാടില്‍ നില്‍ക്കുന്ന മഹിളയോട് കളിക്കരുതെന്നാണല്ലോ പ്രമാണം. അതുമല്ല ഇന്നലെയവള്‍ അല്‍ഫോണ്‍സ മാങ്ങക്ക് പകരം ഫിലോമിന മാങ്ങ എന്നു തെറ്റിപ്പറഞ്ഞതിന് കളിയാക്കിച്ചിരിച്ചതിന്‍റെ കലിപ്പ് ഇപ്പഴും മാറിയ ലക്ഷണമില്ല. "ഓ ഇതിലിത്ര കിണിക്കാനെന്തിരിക്കുന്നു, രണ്ടും ഒന്നു തന്നല്ലേ?" എന്നവള്‍ ചോദിച്ചതിന് "തീര്‍ച്ചയായും പ്രീയേ, അല്‍ഫോണ്‍സക്ക് ഉള്ളതൊക്കെത്തന്നല്ലോ ഫിലോമിനക്കുമുള്ളത്" എന്നു പറഞ്ഞ് കാര്യങ്ങള്‍ കോം‌പ്ലിമെന്‍റ്സാക്കിയെങ്കിലും വൈകിട്ട് അണ്ഡകടാഹം വരെ പുകയുന്ന എരിവുമായി മുന്നിലെത്തിയ എന്‍റെ പ്രീയപ്പെട്ട മത്തിക്കറിക്ക് ഒരു റിവഞ്ചിന്‍റെ മണമുണ്ടായിരുന്നു.

"ഞാന്‍ പറയണതുവല്ലോം നിങ്ങള് കേക്കണുണ്ടോ?"
".."
(മൗനം വിദ്വാന് ഭൂഷണം, വിവാഹിതന് ഭക്ഷണവും)

"അല്ലേലും വീട്ടിലെ കാര്യമൊന്നും നിങ്ങക്കറിയണ്ടല്ലോ. ഒന്നുകില്‍ ടി വി അല്ലെങ്കില്‍ പൊത്തകം. ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ ദേ ഇപ്പഴൊരു ബ്ലോഗും. ഈ ബ്ലോഗ് കണ്ട് പിടിച്ചവനെ ഈച്ചവടിക്കടിച്ച് കൊല്ലണം"

"..."
(ഇന്ന് നല്ല ഫോമിലാണല്ലേ?)
"എനിക്കിപ്പ അറിയണം. നിങ്ങക്ക് ബ്ലോഗോ ഞാനോ വലുത്?

"ബ്ലീയ്"
"എന്തൂട്ട്?!"
"നീയ്‌ന്ന് പറഞ്ഞതാ"
"ഇപ്പം ബ്ലോഗില് എന്തൂട്ട് മഹാകാര്യം കണ്ടിട്ടാണ് അട്ടഹസിച്ചോണ്ടിരുന്നത്? എന്‍റെ മുഖം കാണുമ്പം ഈ ബ്രിങ്ങ്യാസമില്ലല്ലോ."

(നിന്നേക്കണ്ട് പണ്ട് ബ്രിങ്ങ്യസിച്ചതിനാണ് ഇപ്പ അനുഭവിക്കണത്)
"ഹ ഹ ഹതേയ്, ഹമ്മടെ വിശാലന്‍റെ പുതിയ പ്‌ഹോസ്റ്റില് ബാക്കില് പൈപ്പൊക്കെ ഫിറ്റ് ചെയ്ത് ശങ്കരേട്ടന്‍ ഹനുമാനായ ഹാര്യം വ്‌ഹായിച്ചിട്ട് ഹെന്‍റമ്മോ ച്‌ഹിരിച്ചീരിച്ച്..."

"ഹ ഹ ഹനുമാനെ ഹാണണമെങ്കി നിങ്ങള് കണ്ണാടീ ന്ഹോക്കിയാപ്പോരേ"
"കണ്ണാടീ നോക്കിയാ ഹനുമാനെ കാണണത് നിന്‍റെ അപ്പൂപ്പന്‍"
"ദേ ന്‍റെ അപ്പൂപ്പനെ പറഞ്ഞാലുണ്ടല്ലോ!"
"എന്നാ ഹനുമാന്‍ വേണ്ട. സുഗ്രീവന്‍? ബാലി?‍"
"പണ്ട് എന്നെ കെട്ടാന്‍ പിന്നാലെ നടന്നകാലത്ത് ഉമ്മറത്തെ അപ്പൂപ്പന്‍റെ ഫോട്ടോ കണ്ടിട്ട് ചോദിച്ചതോര്‍മ്മയുണ്ടോ?"
"എന്ത്?"
"ഇതാരാ ഇരിങ്ങാലക്കുടേലെ രാജാവാണോന്ന്"
"ഞാനങ്ങനെ ചോദിച്ചിട്ടില്ല"
(രാജാവായേനെ, മൂന്നേ മൂന്ന് വോട്ടിന് മിസ് ആയിപ്പോയീന്നാണ് ഇവളന്ന് തട്ടിവിട്ടത്)
"തെളിവുണ്ട്, പഴയ കത്തെടുക്കട്ടെ?"
"അതെന്തേലും അക്ഷരത്തെറ്റാരിക്കും"
(എല്ലാം സൂക്ഷിച്ച് വെച്ചിരിക്ക്യാ പണ്ടാറടങ്ങാനായിട്ട്)
"എനിക്ക് മനസ്സിലാവണൊണ്ട് ഈയിടെയായി നിങ്ങക്കെന്നെ ഒരു വെലേയില്ല. അറിയാവോ, എനിക്കെത്ര നല്ലനല്ല ആലോചനകള്‍ വന്നതാരുന്നൂന്ന്.."
"അതെയതെ പരവന്‍ ശശി, മൂലവെട്ടി ബാബു, ഇരുട്ട് ശിവന്‍.. അങ്ങനെ എത്രയെത്ര ആലോചനകള്‍.."
"പിന്നെന്തിനാ എന്നെ കെട്ടാന്‍ പറ്റീല്ലേ കാശിക്ക് പോവൂന്ന് പറഞ്ഞത്?"
"ഹ ഹ അത് ഞാന്‍ മാഹി പളനി കൊഡൈക്കനാല്‍ വഴി ടൂറ് പോണകാര്യം പറഞ്ഞതാ."
"അല്ല സന്യസിക്കാമ്പോണൂന്നാ പറഞ്ഞത്"
"അങ്ങനൊരു സം‌ഭവമേ ഉണ്ടായിട്ടില്ല. "
"എടുക്കട്ടെ, കത്തെടുക്കട്ടെ?"
(കൊല്ല് എന്നെയങ്ങ് കൊല്ല്)
"കത്തെടുക്കണേന് മുമ്പ് നീയാ മിഥുനം സിനിമ ഒരു പത്ത് തവണകൂടി കാണ്. ബുദ്ധി തെളിയട്ടെ."
"ഹും ആ പ്രീയദര്‍ശനേം കൊല്ലണം"
അതെയതെ, കൊട്ടേഷന്‍ നമ്മടെ ലിസിക്ക് തന്നെ കൊടുക്കാം. ശ്ശടേന്ന് കാര്യം നടക്കും.
"ഹും, ഞാനെന്‍റെ വീട്ടീ പോവും"
" എന്നാപ്പിന്നെ ഞാനും വരാം കൂടെ"
"എന്തിന്?"
"ഉപ്പില്ലാതെയെന്ത് കഞ്ഞി, ടച്ചിങ്സില്ലാതെ എന്ത് സ്മാള്‍, കൊതുകില്ലാതെയെന്ത് കൊച്ചി, നീയില്ലാതെ എനിക്കെന്ത് ജീവിതം!"
ശുഭം

കുറിപ്പ്: ജീവിതത്തിന് ഫിലോമിന മാങ്ങകളുടെ മധുരം പകര്‍ന്നവള്‍ എന്‍റെ കൈപിടിച്ചിട്ട് ഈ ഡിസം‌ബര്‍ പതിനൊന്നിന് പത്ത് വര്‍ഷം തികയുന്നതിന്‍റെ അര്‍മാദത്തിന്..

Tuesday 1 December 2009

ഉദ്ധരിക്കല്ലേ സാഹിബേ പ്ലീസ്

അറിഞ്ഞില്ലേ? നമ്മടെ കുഞ്ഞാലിക്കുട്ടി സാഹിബ് ഞങ്ങള് ഗള്‍ഫുകാരെ ഉദ്ധരിക്കമ്പോണൂന്ന്. സര്‍ക്കാരും മുഖ്യമന്ത്രിയും ടീക്കോമിനേക്കുറിച്ച് നടത്തുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ഗള്‍ഫിലെ മലയാളികളുടെ കാര്യം പുകയാവുമെന്നാണ് സാഹിബിന്‍റെ ഭീഷണി. നിങ്ങളാരെയാ സാഹിബേ ഭീഷണിപ്പെടുത്തുന്നത്? സ്വന്തം രാജ്യത്തെയോ? അതിനാരാ നിങ്ങള്‍ക്ക് കൊട്ടേഷന്‍ തന്നത്? സ്മാര്‍ട്ട് സിറ്റിയില്‍നിന്നും ഞൊട്ടിനുണയാന്‍ ഒന്നും കിട്ടാത്തിന്‍റെ കലിപ്പാണോ സാഹിബുമാരും ഉമ്മന്‍‌മാരും കരഞ്ഞ് തീര്‍ക്കുന്നത്?

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍‌നിന്ന് വ്യത്യസ്തമായി ദുബായ് എന്ന വന്‍‌നഗരം വളര്‍ന്നു വന്നത് എണ്ണപ്പണത്തിന്‍റെ പിന്തുണയില്ലാതെയാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള കൃത്യമായ പ്ലാനിങ്ങിന്‍റെ തിളക്കമാര്‍ന്ന വിജയമാണ് നാമിന്നു കാണുന്ന ദുബായ്. കഴിഞ്ഞ നാല് ദശാബ്ദക്കാലത്തെ ദുബായിയുടെ ചരിത്രമറിയുന്ന പഴമക്കാര്‍ക്കറിയാം വളര്‍ച്ചയുടെ അനേക ഘട്ടങ്ങളില്‍ ഈ നഗരം പൊരുതി ജയിച്ച പ്രതിസന്ധികളുടെ പെരുപ്പം. വാണം പോലെ മുകളിലേക്ക് കുതിച്ച ഗ്രാഫില്‍ താത്ക്കാലികമായ ഒരു തിരിച്ചിറക്കമായേ ഇപ്പോഴത്തെ മാന്ദ്യവും കാണേണ്ടതുള്ളൂ. മറ്റേതൊരു ലോകരാജ്യത്തെയും‌പോലെ ആഗോളസാമ്പത്തിക പ്രതിസന്ധി ദുബായിലും ചലനങ്ങളുണ്ടാക്കിയതായി ഇവിടുത്തെ ഗവര്‍ണ്മെന്‍റും സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഈ പ്രതിസന്ധിയൊക്കെ തരണം ചെയ്യാന്‍ ശേഷിയുള്ള ആങ്കുട്ടികള്‍ ഇവിടെയുണ്ട്. കേരളത്തില്‍‌നിന്നും ഡ്യൂപ്ലിക്കേറ്റ് അറബികളെ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്ന് ചുരുക്കം.

ഇനി ടീക്കോമിനെയും സ്മാര്‍ട്ട് സിറ്റിയേയും കുറിച്ച്. ടീക്കോം ഒരു കച്ചവട സ്ഥാപനമാണ്. സ്വാഭാവികമായും ലാഭമാണ് അവരുടെ ആത്യന്തികമായ ലക്ഷ്യം. മറ്റേതൊരു ക്ലയന്‍റിനോട് എന്നതുപോലെ കേരള സര്‍ക്കാരിനോട് ഇടപെടുമ്പോഴും കൂടുതല്‍ ലാഭം എന്ന ലക്ഷ്യം മുന്നില്‍‌ക്കണ്ടുള്ള വിലപേശലുകളാവും അവര്‍ നടത്തുക. പക്ഷെ സം‌സ്ഥാനത്തിന്‍റെ താത്പര്യം മുന്നില്‍‌ക്കണ്ട് സമ്മര്‍ദ്ദങ്ങളെ സാധ്യമായ എല്ലാ മറുതന്ത്രങ്ങളും ഉപയോഗിച്ച് ഫലപ്രദമായി പ്രതിരോധിക്കുക എന്നത് സര്‍ക്കാരിന്‍റെ ബാദ്ധ്യതയും അവകാശവുമാണ്. അത് മനസ്സിലാക്കാനുള്ള കിഡ്നി ടീക്കോമിന്‍റെ തലപ്പത്തുള്ളവര്‍ക്കും ഉണ്ടാകും എന്നുള്ളതുകൊണ്ട് സര്‍ക്കാരിന്‍റെ നട്ടെല്ല് നിവര്‍ത്തിയുള്ള നിലപാടിനോട് അവര്‍ക്ക് ബഹുമാനമാകും തോന്നിയിട്ടുണ്ടാകുക. അല്ലാതെ കേവലം ഒരു കച്ചവട കരാറിന്‍റെ പേരില്‍ ഗള്‍ഫിലുള്ള മലയാളികളെ എല്ലാവരെയും ബഞ്ചില്‍ കയറ്റിനിര്‍ത്തി ഇമ്പോസിഷന്‍ എഴുതിച്ചുകളയും എന്ന മട്ടിലുള്ള സാഹിബിന്‍റെ വിരട്ട് രാജാവിനില്ലാത്ത രാജ്യഭക്തിയായി കാണേണ്ടി വരും. അത്ര ബാലിശമായി പ്രതികരിക്കുന്നവരാണ് ഇവിടുത്തെ ഭരണാധികാരികള്‍ എന്ന് പറഞ്ഞുവെച്ച് സാഹിബാണ് യഥാര്ത്ഥത്തില്‍ ഈ രാജ്യത്തെ അവഹേളിക്കുന്നത്. അതുകൊണ്ട് ഗള്‍ഫ് മലയാളികളെ ചൊല്ലിയുള്ള ഈ മുതലക്കണ്ണീര്‍ നിര്‍ത്തി രാജ്യതാത്പര്യത്തിന് പിന്തുണ കൊടുക്കുകയാണ് സാഹിബ് ചെയ്യേണ്ടത്.

കവലക്ക് ചായ കുടിക്കാന്‍ ഇറങ്ങുന്ന ലാഘവത്തോടെ മാസത്തിലൊന്ന് എന്ന കണക്കില്‍ സാഹിബുമാര്‍ ഗള്‍ഫിലെത്തുന്നത് മച്ചാന്‍റെയും മച്ചമ്പിയുടെയും പേരില്‍ ഇവിടെ തുടങ്ങിയിട്ടുള്ള കച്ചവട സെറ്റപ്പുകള്‍ ഉദ്ധരിക്കാന്‍ വേണ്ടിയാണെന്നാണ് ഇവിടങ്ങളിലെ ലുങ്കി ന്യൂസ്. അതുകൊണ്ടും മതിയായില്ലെങ്കില്‍ അടിമത്ത ബോധത്തെ ചില്ലിട്ട് പൂജിക്കുന്ന കര്‍ക്കിടകത്തിലെ അമാവാസിക്ക് തുല്യമായ സ്വന്തം ചിന്താമണ്ഡലത്തെ ചെറുതായെങ്കിലുമൊന്ന് ഉദ്ധരിക്കാന്‍ ശ്രമിച്ച് നോക്കുകയാണ് ചെയ്യേണ്ടത് സാഹിബും ഉമ്മന്‍ ചാണ്ടിയുമൊക്കെ. പ്രതീക്ഷക്ക് വകയില്ല എങ്കിലും..