Thursday, 13 January 2011

മറിയക്കുട്ടി മുതല്‍ ശ്രേയ വരെ

1966ലെ മാടത്തരുവി മറിയക്കുട്ടി കൊലപാതകക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് അപ്പീല്‍‌ക്കോടതിയില്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ സ്വതന്ത്രനാക്കപ്പെടുകയും ചെയ്ത ഫാദര്‍ ബെനഡിക്ട് ഓണംകുളം എന്ന സഹനദാസന്‍ വിശുദ്ധ പദവിയിലേക്കുള്ള ഉയിര്‍പ്പിന്‍റെ പാതയില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ഗ്ഗത്തിലേക്ക് പുതുതായി ഒരു വാതില്‍ കൂടി തുറക്കപ്പെടുന്നതില്‍ വിശ്വാസികള്‍ക്ക് അര്‍മാദിച്ചാഹ്ലാദിക്കാം‍.
"കത്തോലിക്കാസഭ ഫാ. ബെനഡിക്‌ടിനെ വിശുദ്ധനാക്കുവാന്‍ നടപടികള്‍ തുടങ്ങി യോ എന്ന്‌ ഞങ്ങള്‍ക്കറിയില്ല. ഏതായാലും ഞങ്ങളുടെ ആവശ്യങ്ങള്‍ സഹനദാസന്‍ ഓ ണംകുളത്തച്ചന്‍ സാധിച്ചുതരുന്നുണ്ട്‌.'' ഫാ. ബെനഡിക്‌ടിന്റെ കബറിടത്തില്‍ എത്തിയ ഒരു വിശ്വാസിയുടേതാണീ വാക്കുകള്‍. ഫാ. ബെനഡിക്‌ടിന്‌ `സഹനദാസന്‍' എന്ന പദവി വിശ്വാസികള്‍ തന്നെ ചാര്‍ത്തി യതാണ്‌"
"ഗള്‍ഫില്‍ നിന്ന്‌ ഓപ്പറേഷനുവേണ്ടി നാട്ടില്‍ വന്നതിനുശേഷം ബെനഡിക്‌ട്‌ അച്ചന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഓപ്പറേഷന്‍ നടത്താതെ രോഗസൗഖ്യം നേടിയതും എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്കിടെ ബ്ലഡ്‌ ക്യാന്‍സര്‍ പിടിപെട്ട്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവേ ലിജോയെന്ന 15 കാരന്‌ രോഗസൗഖ്യം ലഭിച്ചതും അവയില്‍ ചിലതുമാത്രം. ലിയോയുടെ മുത്തച്ഛന്‍ എം.സി. അലക്‌സാണ്ടര്‍ കബറിടത്തിലെത്തി കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായാണ്‌ മൂന്നു മാസത്തിനകം മരിക്കുമെന്ന്‌ വിധിയെഴുതിയ ലിജോ പൂര്‍ണ ആരോഗ്യവാനായി ഇപ്പോള്‍ പത്താംക്ലാസില്‍ വീണ്ടും പഠിക്കുകയാണ്‌. അതിരമ്പുഴ സെന്റ്‌ മേരീസ്‌ പള്ളിയിലെ കബറിടത്തിനു മുന്‍പില്‍ പ്രാര്‍ത്ഥനയുമായി എത്തുന്നവര്‍ക്ക്‌ ആശ്വാസത്തിന്റെ വെളിച്ചമായി ഓണംകുളത്തച്ചന്‍ എന്ന സഹനദാസനുണ്ട്‌."
ബെനഡിക്ടച്ചന്‍റെ സഹനജീവിതത്തേക്കുറിച്ച് കത്തോലിക്കാ പ്രസിദ്ധീകരണമായ സണ്‌ഡേ ശാലോം എന്ന പത്രം
പ്രസിദ്ധീകരിച്ച ലേഖനത്തിലെ ചില ഭാഗങ്ങളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ഈ കഥയുടെ തികച്ചും വ്യത്യസ്തവും യുക്തിഭദ്രവുമായ ഒരു വേര്‍ഷന്‍
ഇവിടെ വായിക്കാം.
ഭാരതം ദൈവങ്ങളുടെ നാടാണ്. കല്ലിലുള്ളതും സിമന്‍റിലുള്ളതും ഇരിക്കുന്നതും കിടക്കുന്നതും ഇഴയുന്നതും വാലുള്ളതും കൊമ്പുള്ളതും വെളുത്തതും കറുത്തതും ജീവനില്ലാത്തതും ജീവനുള്ളതും ഭസ്മമുണ്ടാക്കുന്നതും കെട്ടിപ്പിടിക്കുന്നതും പീഡിപ്പിക്കുന്നതും എന്തിന് നീലപ്പടം പിടിക്കുകയും അതില്‍ അഭിനയിക്കുകയും വരെ ചെയ്യുന്ന ദൈവങ്ങള്‍ നമുക്കുണ്ട്. ആ കൂട്ടത്തിലേക്ക് പുതിയതായി ചില ദൈവങ്ങള്‍ കൂടി അവതരിക്കുന്നതില്‍ തകരാറില്ല എന്നു മാത്രമല്ല വിശുദ്ധരുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ഐക്യരാഷ്ട്രരക്ഷാസമിതിയിലെ സ്ഥിരാം‌ഗംത്വം, ചന്ദ്രനിലൊരു ചായക്കട, ക്രയോജനിക്ക് സാങ്കേതികവിദ്യ തുടങ്ങിയ ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള എളുപ്പവഴി.
വിശുദ്ധപദവിയിലേക്ക് കുപ്പായം തുന്നിയിരിക്കുന്ന പുതൃക്കയിലച്ചന്‍, കോട്ടുരച്ചന്‍ എന്നിവര്‍ തുടങ്ങി സ്വാമിനി പ്രജ്ഞാസിങ് ഠാക്കൂര്‍, സ്വാമി അസീമാനന്ദ് മുതലായ സഹനദാസര്‍ ഇന്ത്യയുടെ സമ്പന്നവും ശോഭനമായ ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും എന്നിലെ ദേശസ്നേഹിയെ അമ്പേ നിരാശപ്പെടുത്തിയ
ഒരു പത്രവാര്‍ത്തയാണ്.ഈ കുറിപ്പിനാധാരം. ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ അക്സപ്റ്റ് കൃപാഭവനില്‍ 12 വയസ്സുകാരിയായ ശ്രേയ എന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ പോലീസ് സം‌ശയിക്കുന്ന ഫാദര്‍ മാത്തുക്കുട്ടിയെന്ന ഭാവിയുടെ വാഗ്ദാനം നാര്‍ക്കോ പരിശോധന എന്ന ദിവ്യകൂദാശയില്‍‌നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. കുറ്റാരോപിതരുടെ സമ്മതമില്ലാതെയുള്ള നാര്‍ക്കോ പരിശോധന വിലക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ വഴിത്തിരിവ്. മൂന്നാം മുറയുടെ മാലപ്പടക്കത്തിനിടെ മര്‍മ്മം ഒഴിവാക്കിയിടിക്കുന്ന പോലീസുകാരന്‍ പുണ്യാളനാകുന്ന ലെവലില്‍ മനുഷ്യാവകാശം നിലനില്‍ക്കുന്ന ഇന്ത്യയിലാണ് നാര്‍ക്കോ പരിശോധനയില്‍ മനുഷ്യാവകാശലം‌ഘനം കണ്ടെത്തിയ ഒരു (അ?)ന്യായാധിപന്‍ ഈ വിധി പ്രഖ്യാപിച്ചത്. ഒറ്റ വിളവു പ്രതീക്ഷിച്ച് കൃഷിയിറക്കിയ ആരെങ്കിലും ആ വിധിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴുണ്ടായ ഈ തുടര്‍‌ക്കൊയ്ത്ത് അവരെ ആനന്ദസാഗരത്തില്‍ ആറാടിച്ചിരിക്കണം. എന്തായാലും ഫാദര്‍ ബെനഡിക്ട് കടന്നുപോയ പീഡനവഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ നാര്‍ക്കോ അനാലിസിസൊക്കെ ഉറുമ്പുകടി മാത്രം. ബനഡിക്ടച്ചന്‍റെ സഹനജീവിതത്തെ മാതൃകയാക്കി മാത്തുക്കുട്ടി മഹാശയനെ നാര്‍ക്കോ പരിശോധന എന്ന തിരുക്കര്‍മ്മത്തിനു പ്രേരിപ്പിച്ച് വളര്‍ന്നുവരുന്ന ഒരു വിശുദ്ധന്‍റെ കൂമ്പു വാടാതെ നയിക്കണമെന്നാണ് ഈയുള്ളവന് സഭാധികാരികളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഒരു വിശുദ്ധന്‍റെ കൂടി അവതാരം കൊണ്ട് ചുരുങ്ങിയത് ഒരു പഞ്ചായത്തിലെ പ്രജകള്‍‌ക്കെങ്കിലും അധികമായി സ്വര്‍ഗ്ഗപ്രാപ്തിയുണ്ടാകുന്നെങ്കില്‍ എന്തിന് മടിക്കണം..