Thursday, 13 January 2011

മറിയക്കുട്ടി മുതല്‍ ശ്രേയ വരെ

1966ലെ മാടത്തരുവി മറിയക്കുട്ടി കൊലപാതകക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് അപ്പീല്‍‌ക്കോടതിയില്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ സ്വതന്ത്രനാക്കപ്പെടുകയും ചെയ്ത ഫാദര്‍ ബെനഡിക്ട് ഓണംകുളം എന്ന സഹനദാസന്‍ വിശുദ്ധ പദവിയിലേക്കുള്ള ഉയിര്‍പ്പിന്‍റെ പാതയില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ഗ്ഗത്തിലേക്ക് പുതുതായി ഒരു വാതില്‍ കൂടി തുറക്കപ്പെടുന്നതില്‍ വിശ്വാസികള്‍ക്ക് അര്‍മാദിച്ചാഹ്ലാദിക്കാം‍.
"കത്തോലിക്കാസഭ ഫാ. ബെനഡിക്‌ടിനെ വിശുദ്ധനാക്കുവാന്‍ നടപടികള്‍ തുടങ്ങി യോ എന്ന്‌ ഞങ്ങള്‍ക്കറിയില്ല. ഏതായാലും ഞങ്ങളുടെ ആവശ്യങ്ങള്‍ സഹനദാസന്‍ ഓ ണംകുളത്തച്ചന്‍ സാധിച്ചുതരുന്നുണ്ട്‌.'' ഫാ. ബെനഡിക്‌ടിന്റെ കബറിടത്തില്‍ എത്തിയ ഒരു വിശ്വാസിയുടേതാണീ വാക്കുകള്‍. ഫാ. ബെനഡിക്‌ടിന്‌ `സഹനദാസന്‍' എന്ന പദവി വിശ്വാസികള്‍ തന്നെ ചാര്‍ത്തി യതാണ്‌"
"ഗള്‍ഫില്‍ നിന്ന്‌ ഓപ്പറേഷനുവേണ്ടി നാട്ടില്‍ വന്നതിനുശേഷം ബെനഡിക്‌ട്‌ അച്ചന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഓപ്പറേഷന്‍ നടത്താതെ രോഗസൗഖ്യം നേടിയതും എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്കിടെ ബ്ലഡ്‌ ക്യാന്‍സര്‍ പിടിപെട്ട്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവേ ലിജോയെന്ന 15 കാരന്‌ രോഗസൗഖ്യം ലഭിച്ചതും അവയില്‍ ചിലതുമാത്രം. ലിയോയുടെ മുത്തച്ഛന്‍ എം.സി. അലക്‌സാണ്ടര്‍ കബറിടത്തിലെത്തി കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായാണ്‌ മൂന്നു മാസത്തിനകം മരിക്കുമെന്ന്‌ വിധിയെഴുതിയ ലിജോ പൂര്‍ണ ആരോഗ്യവാനായി ഇപ്പോള്‍ പത്താംക്ലാസില്‍ വീണ്ടും പഠിക്കുകയാണ്‌. അതിരമ്പുഴ സെന്റ്‌ മേരീസ്‌ പള്ളിയിലെ കബറിടത്തിനു മുന്‍പില്‍ പ്രാര്‍ത്ഥനയുമായി എത്തുന്നവര്‍ക്ക്‌ ആശ്വാസത്തിന്റെ വെളിച്ചമായി ഓണംകുളത്തച്ചന്‍ എന്ന സഹനദാസനുണ്ട്‌."
ബെനഡിക്ടച്ചന്‍റെ സഹനജീവിതത്തേക്കുറിച്ച് കത്തോലിക്കാ പ്രസിദ്ധീകരണമായ സണ്‌ഡേ ശാലോം എന്ന പത്രം
പ്രസിദ്ധീകരിച്ച ലേഖനത്തിലെ ചില ഭാഗങ്ങളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ഈ കഥയുടെ തികച്ചും വ്യത്യസ്തവും യുക്തിഭദ്രവുമായ ഒരു വേര്‍ഷന്‍
ഇവിടെ വായിക്കാം.
ഭാരതം ദൈവങ്ങളുടെ നാടാണ്. കല്ലിലുള്ളതും സിമന്‍റിലുള്ളതും ഇരിക്കുന്നതും കിടക്കുന്നതും ഇഴയുന്നതും വാലുള്ളതും കൊമ്പുള്ളതും വെളുത്തതും കറുത്തതും ജീവനില്ലാത്തതും ജീവനുള്ളതും ഭസ്മമുണ്ടാക്കുന്നതും കെട്ടിപ്പിടിക്കുന്നതും പീഡിപ്പിക്കുന്നതും എന്തിന് നീലപ്പടം പിടിക്കുകയും അതില്‍ അഭിനയിക്കുകയും വരെ ചെയ്യുന്ന ദൈവങ്ങള്‍ നമുക്കുണ്ട്. ആ കൂട്ടത്തിലേക്ക് പുതിയതായി ചില ദൈവങ്ങള്‍ കൂടി അവതരിക്കുന്നതില്‍ തകരാറില്ല എന്നു മാത്രമല്ല വിശുദ്ധരുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ഐക്യരാഷ്ട്രരക്ഷാസമിതിയിലെ സ്ഥിരാം‌ഗംത്വം, ചന്ദ്രനിലൊരു ചായക്കട, ക്രയോജനിക്ക് സാങ്കേതികവിദ്യ തുടങ്ങിയ ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള എളുപ്പവഴി.
വിശുദ്ധപദവിയിലേക്ക് കുപ്പായം തുന്നിയിരിക്കുന്ന പുതൃക്കയിലച്ചന്‍, കോട്ടുരച്ചന്‍ എന്നിവര്‍ തുടങ്ങി സ്വാമിനി പ്രജ്ഞാസിങ് ഠാക്കൂര്‍, സ്വാമി അസീമാനന്ദ് മുതലായ സഹനദാസര്‍ ഇന്ത്യയുടെ സമ്പന്നവും ശോഭനമായ ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും എന്നിലെ ദേശസ്നേഹിയെ അമ്പേ നിരാശപ്പെടുത്തിയ
ഒരു പത്രവാര്‍ത്തയാണ്.ഈ കുറിപ്പിനാധാരം. ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ അക്സപ്റ്റ് കൃപാഭവനില്‍ 12 വയസ്സുകാരിയായ ശ്രേയ എന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ പോലീസ് സം‌ശയിക്കുന്ന ഫാദര്‍ മാത്തുക്കുട്ടിയെന്ന ഭാവിയുടെ വാഗ്ദാനം നാര്‍ക്കോ പരിശോധന എന്ന ദിവ്യകൂദാശയില്‍‌നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. കുറ്റാരോപിതരുടെ സമ്മതമില്ലാതെയുള്ള നാര്‍ക്കോ പരിശോധന വിലക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ വഴിത്തിരിവ്. മൂന്നാം മുറയുടെ മാലപ്പടക്കത്തിനിടെ മര്‍മ്മം ഒഴിവാക്കിയിടിക്കുന്ന പോലീസുകാരന്‍ പുണ്യാളനാകുന്ന ലെവലില്‍ മനുഷ്യാവകാശം നിലനില്‍ക്കുന്ന ഇന്ത്യയിലാണ് നാര്‍ക്കോ പരിശോധനയില്‍ മനുഷ്യാവകാശലം‌ഘനം കണ്ടെത്തിയ ഒരു (അ?)ന്യായാധിപന്‍ ഈ വിധി പ്രഖ്യാപിച്ചത്. ഒറ്റ വിളവു പ്രതീക്ഷിച്ച് കൃഷിയിറക്കിയ ആരെങ്കിലും ആ വിധിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴുണ്ടായ ഈ തുടര്‍‌ക്കൊയ്ത്ത് അവരെ ആനന്ദസാഗരത്തില്‍ ആറാടിച്ചിരിക്കണം. എന്തായാലും ഫാദര്‍ ബെനഡിക്ട് കടന്നുപോയ പീഡനവഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ നാര്‍ക്കോ അനാലിസിസൊക്കെ ഉറുമ്പുകടി മാത്രം. ബനഡിക്ടച്ചന്‍റെ സഹനജീവിതത്തെ മാതൃകയാക്കി മാത്തുക്കുട്ടി മഹാശയനെ നാര്‍ക്കോ പരിശോധന എന്ന തിരുക്കര്‍മ്മത്തിനു പ്രേരിപ്പിച്ച് വളര്‍ന്നുവരുന്ന ഒരു വിശുദ്ധന്‍റെ കൂമ്പു വാടാതെ നയിക്കണമെന്നാണ് ഈയുള്ളവന് സഭാധികാരികളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഒരു വിശുദ്ധന്‍റെ കൂടി അവതാരം കൊണ്ട് ചുരുങ്ങിയത് ഒരു പഞ്ചായത്തിലെ പ്രജകള്‍‌ക്കെങ്കിലും അധികമായി സ്വര്‍ഗ്ഗപ്രാപ്തിയുണ്ടാകുന്നെങ്കില്‍ എന്തിന് മടിക്കണം..

13 comments:

ബിനോയ്//HariNav 13 January 2011 at 09:16  

ഒരു വിശുദ്ധന്‍റെ കൂടി അവതാരം കൊണ്ട് ചുരുങ്ങിയത് ഒരു പഞ്ചായത്തിലെ പ്രജകള്‍‌ക്കെങ്കിലും സ്വര്‍ഗ്ഗപ്രാപ്തിയുണ്ടാകുന്നെങ്കില്‍..

പകല്‍കിനാവന്‍ | daYdreaMer 13 January 2011 at 12:33  

ഒഴുകി തീര്‍ന്ന ചോരചാലിന്‍റെ അറ്റത്ത്‌
വിശുദ്ധയുടെ കേള്‍കാത്ത രോദനം.
വെള്ളയും കാക്കിയും ചുവപ്പും കറുപ്പും
ത്രിവര്‍ണ്ണവും കള്ളം പറഞ്ഞു ചിരിച്ചു.
വിശ്വാസി കരഞ്ഞു പറഞ്ഞു.
വേദനയുടെ ദേവനെ നെഞ്ഞിലിട്ടു-
ഞാനും ആള്‍ക്കൂട്ടത്തില്‍ ചിരിച്ചു.
ഇല്ല എനിക്ക് മരണമില്ല...
ഞാന്‍ മരിച്ചാലും ജീവിക്കും...

Nasiyansan 13 January 2011 at 14:57  

സംഭവസ്ഥലത്ത് ഒരു അഭിഭാഷകന്‍ എത്തിയെന്നായിരുന്നു ആദ്യത്തെ പ്രചാരണം. എന്നാല്‍, ഇതു ശ്രേയയോടൊപ്പം ക്യാമ്പില്‍ പങ്കെടുത്തിരുന്ന മറ്റൊരു വിദ്യാര്‍ഥിനിയുടെ പിതാവാണെന്നു വ്യക്തമായതോടെ മറ്റ് ആരോപണങ്ങളിലേക്കു തിരിഞ്ഞു. കൃപാഭവന്‍ അധികൃതരെ ഏതുവിധേനയും പ്രതിസ്ഥാനത്തു നിര്‍ത്താനുള്ള ശ്രമങ്ങളാണ് തുടര്‍ച്ചയായി ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായത്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു നീക്കിയതിനെക്കുറിച്ചും ആരോപണങ്ങളുയര്‍ന്നു. എന്നാല്‍, ഫയര്‍ഫോഴ്സാണ് കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു കൊണ്ടുപോയതെന്ന വസ്തുത ആരോപണമുന്നയിച്ചവര്‍ തമസ്കരിച്ചു. കുട്ടിയുടെ ചുണ്ടില്‍ കണ്ട മുറിവിനെക്കുറിച്ചായിരുന്നു അടുത്ത പ്രചാരണം. എന്നാല്‍, ഇതു ജലജീവികള്‍ കടിച്ചുണ്ടായതാകാമെന്ന പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആ ആരോപണത്തിന്റെയും മുനയൊടിച്ചു. വൈകാതെ കുളത്തില്‍ മീനുകള്‍ ഇല്ലെന്ന പ്രചാരണമാണ് ഇക്കൂട്ടര്‍ ഏറ്റെടുത്തത്. എന്നാല്‍, കുളം വറ്റിച്ചപ്പോള്‍ മീനുകളെയും ആമകളെയും കണ്െടത്തിയതോടെ ഈ ആരോപണവും കെട്ടിച്ചമച്ചതാണെന്നു വ്യക്തമായിരിക്കുകയാണ്. ചില മാധ്യമങ്ങളുടെ സഹായത്തോടെയാണ് ആരോപണങ്ങളും കെട്ടുകഥകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. കുളത്തില്‍ നേരത്തെ തന്നെ ജലജീവികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ജലം പരിശോധിച്ച തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയിലെ സയന്റിഫിക് അസി. ഡോ. ശ്രീവിദ്യയും ഇക്കാര്യം ശരിവയ്ക്കുന്നു. കുളത്തില്‍നിന്നു മരണവുമായി ബന്ധപ്പെട്ടു ദുരൂഹതയുണര്‍ത്തുന്ന യാതൊന്നും ലഭിച്ചിട്ടില്ല. ആലപ്പുഴ സൌത്ത് സിഐ വി.കെ. സനല്‍കുമാറാണ് ആദ്യം കേസ് അന്വേഷിച്ചത്. കുട്ടിയുടെ മരണം സ്വപ്നാടനം മൂലമാണോ അല്ലെങ്കില്‍ തനിയെ എണീറ്റു പുറത്തുപോയതുമൂലമാണോയെന്ന കാര്യമാണ് അന്വേഷിച്ചത്. എന്നാല്‍, ഈ നിഗമനങ്ങള്‍ തെറ്റാണെന്നും സംഭവത്തിനു മറ്റെന്തോ കാരണമുണ്െടന്നും കാണിച്ചു മുഖ്യമന്ത്രിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ആദ്യം ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വേണുഗോപാലാണ് കേസ് അന്വേഷിച്ചത്. എന്നാല്‍, വേണുഗോപാല്‍ ആലപ്പുഴ സ്വദേശിയായതിനാല്‍ കേസന്വേഷണത്തെ ഇതു സ്വാധീനിക്കാനിടയുണ്െടന്നു കാണിച്ചു ചിലര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി. രാജഗോപാലിനു കൈമാറിയത്. എന്നാല്‍, ലോക്കല്‍ പോലീസും രണ്ടാമത് കേസന്വേഷിച്ച ഡിവൈഎസ്പി വേണുഗോപാലിന്റെയും കണ്െടത്തലില്‍നിന്നു വിരുദ്ധമായി ഇതുവരെ ഒന്നും ഡി. രാജഗോപാല്‍ കണ്െടത്തിയിട്ടില്ല . . ഇതോടെ, നിര്‍ഭാഗ്യകരമായ ഒരു സംഭവത്തിന്റെ പേരില്‍ ക്രൈസ്തവ സഭയെയും കൃപാഭവന്‍ അധികൃതരെയും അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് മറനീക്കുന്നത്. അതിന്റെ ഏറ്റവും പുതിയ എപ്പിസോഡാ ണ് ഈ പോസ്റ്റ്‌ ...

Nasiyansan 13 January 2011 at 15:01  

മാടത്തരുവി കൊലക്കേസ്

Nasiyansan 13 January 2011 at 15:05  

അഗ്നിയിൽ സ്ഫുടം ചെയ്ത ജീവിതം

P. M. Pathrose 13 January 2011 at 21:27  

എന്റെ നാടായ ആലപ്പുഴയിലാണ് ഈ സംഭവം നടന്നത്. ഇതിനെ പറ്റി ചര്‍ച്ചകള്‍, ആരോപണ-പ്രത്യാരോപണങ്ങള്‍, വിശദീകരണങ്ങള്‍, പഴിചാരലുകള്‍, കരിതേച്ചു കാട്ടല്‍, കലക്കവെള്ളത്തില്‍ മീന്‍പിടിക്കല്‍ തുടങ്ങിയവയൊക്കെ മൂന്നോ നാലോ റൌണ്ട്‌ കഴിഞ്ഞതാണ്. ഇപ്പോഴാണോ ഇതൊക്കെ താങ്കള്‍ അറിയുന്നത്? ഷാര്‍ജയില്‍ ജയിലിലാണോ?

ബിനോയ്//HariNav 14 January 2011 at 09:50  

പത്രോസേട്ടോ "മൂന്നോ നാലോ റൗണ്ട്" കഴിയുമ്പോള്‍ എല്ലാവനും മിണ്ടാതെ വീട്ടീ പോയിരുന്നേല്‍ കാര്യങ്ങള്‍ എളുപ്പമാരുന്നു അല്ലിയോ? അഭയ കേസ് ഇപ്പം എത്രാമത്തെയാ റൗണ്ട്?
"..........നിരാശപ്പെടുത്തിയ ഒരു പത്രവാര്‍ത്തയാണ്
ഈ കുറിപ്പിനാധാരം..........". പോസ്റ്റില്‍ ഇങ്ങനെയൊരു വാചകം കണ്ടാരുന്നോ.ആ ലിങ്കേല് ഒന്നു ഞെക്കി നോക്കാരുന്നില്ലേ? പ്ത്രോസേട്ടന് മലയാളം കമ്മിയാ അല്ലിയോ? അതോ ആശുപത്രീല് അഡ്മിറ്റാണോ:)
വായക്കും പ്രതികരണത്തിനും നന്ദി :)

Nasiyansan 14 January 2011 at 14:03  

ഒരു വാര്‍ത്ത കൂടി പോസ്റ്റു ചെയ്യുന്നു ..വാര്‍ത്താ ചാനലുകളില്‍ വന്ന ഒരു പത്ര സമ്മേളനത്തിന്റെ രസകരമായ ചില ഏടുകള്‍ ഇവിടെ വായിക്കാം ...

ആലപ്പുഴ: അക്സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ണ്ടെടത്തിയ ശ്രേയയുടെ, മാതാപിതാക്കളെ കരുവാക്കി സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞു. പൊതുപ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട കളര്‍കോട് വേണുഗോപാലന്‍നായരാണ് ശ്രേയയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു കൂട്ടിക്കൊണ്ടു വന്നു ആലപ്പുഴയില്‍ പത്രസമ്മേളനം നടത്തിയത്. എന്നാല്‍, പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തങ്ങളുടെ അഭിപ്രായമല്ലെന്നു മാതാപിതാക്കള്‍ പിന്നീടു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇതോടെ പത്രസമ്മേളനം സംബന്ധിച്ചു ദുരൂഹത ഉയര്‍ന്നിരിക്കുകയാണ്. തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പത്രസമ്മേളനത്തിനു കൊണ്ടുവന്നതെന്നും ഇയാള്‍ പറഞ്ഞതൊന്നും തങ്ങളുടെ അഭിപ്രായമല്ലെന്നും ശ്രേയയുടെ പിതാവ് ബെന്നി പിന്നീടു പത്രലേഖകരെ അറിയിച്ചതോടെയാണ് കള്ളക്കളി പൊളിഞ്ഞത്. ഇതിനുമുമ്പും പല വിവാദങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് പത്രസമ്മേളനത്തിന് എത്തിയ കളര്‍കോട് വേണുഗോപാലന്‍ നായര്‍.

ശ്രേയക്കേസ് അന്വേഷണചുമതലയില്‍നിന്ന് അന്വേഷണഉദ്യോഗസ്ഥനെ നീക്കം ചെയ്യരുതെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ഇയാള്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. ശ്രേയയുടെ മാതാപിതാക്കളെയും കൂട്ടിക്കൊണ്ടു വന്നിരുന്നു. മാതാപിതാക്കളെ അധികം സംസാരിക്കാന്‍ അനുവദിക്കാതെയായിരുന്നു പത്രസമ്മേളനം. ശ്രേയക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു അക്സപ്റ്റുമായി ബന്ധപ്പെട്ട വൈദികനെ അറസ്റുചെയ്യാന്‍ ഐജി ആഭ്യന്തരമന്ത്രാലയത്തില്‍ അനുമതി തേടിയെന്നും എന്നാല്‍, സഭ സ്വാധീനം ചെലുത്തുന്നതിനാല്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്കിയില്ലെന്നും ഇയാള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കേസ് തെളിയാതിരിക്കാന്‍ ചങ്ങനാശേരി അതിരൂപതാ അധികൃതര്‍ സ്വാധീനം ചെലുത്തുകയാണെന്നും ആരോപിച്ചു. എന്നാല്‍, ഇതു നിങ്ങളുടെകൂടെ അഭിപ്രായമാണോയെന്നു ശ്രേയയുടെ മാതാപിതാക്കളോടു ചോദിച്ചപ്പോള്‍ കേസിനെ സംബന്ധിച്ചു മാധ്യമങ്ങളില്‍ക്കൂടി അറിയുന്നതിനപ്പുറം യാതൊരു വിവരവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. അതോടെ പൊതുപ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ടയാളുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചു സംശയമുയര്‍ന്നു. ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചു തെളിവുകള്‍ നല്കാന്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്ത വ്യക്തിയോടു മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. ശ്രേയയുടെ മാതാപിതാക്കളെ സഭയുമായി ബന്ധമുള്ളവര്‍ ഭീഷണിപ്പെടുത്തുകയും അയല്‍വാസികള്‍ ഒറ്റപ്പെടുത്തുകയും ചെയ്തെന്നായിരുന്നു ഇയാളുടെ മറ്റൊരു ആരോപണം. എന്നാല്‍, ശ്രേയയുടെ മാതാവ് ജെസി പത്രസമ്മേളനത്തില്‍തന്നെ ഇക്കാര്യം നിഷേധിച്ചു. ഒരു നിലയ്ക്കും അത്തരമൊരു ഭീഷണി തങ്ങള്‍ക്കുണ്ടായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

വൈകാതെ മാധ്യമപ്രവര്‍ത്തകര്‍ ശ്രേയയുടെ പിതാവ് കൈതവന ഏഴരപ്പറയില്‍ ബെന്നിയോടു കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ:- പത്രസമ്മേളനത്തിനു കൂട്ടികൊണ്ടുവന്ന വ്യക്തിയെ ആദ്യമായാണ് കാണുന്നത്.

ശ്രേയയുടെ മരണവുമായി ബന്ധപ്പെട്ടു പ്രതിയെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചെന്നും ഇതുസംബന്ധിച്ച ഒരു പത്രസമ്മേളനമാണെന്നും പറഞ്ഞാണ് വിളിച്ചത്. പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്നു പറഞ്ഞതുകൊണ്ടാണ് ഓടിയെത്തിയത്. തുടര്‍ന്ന് ഇയാള്‍ പ്രസ്ക്ളബ്് കോണ്‍ഫറന്‍സ് ഹാളിലേക്കു കൂട്ടികൊണ്ടുപോകുകയായിരുന്നു. എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെപ്പറ്റി യാതൊരു സൂചനയും നല്കിയിരുന്നില്ല. പത്രസമ്മേളനം തുടങ്ങിയപ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.

പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണ്, ഞങ്ങളുടെ അഭിപ്രായമല്ല. അയാള്‍ നിരീശ്വരവാദിയാണെന്നാണ് തോന്നുന്നത്. അക്സപ്റ്റ് ഡയറക്ടറെ ഞങ്ങള്‍ക്കു യാതൊരു സംശയവും ഇല്ല. പക്ഷേ, ഞങ്ങളുടെ കുഞ്ഞിന് എന്തുസംഭവിച്ചുവെന്ന് അറിയണം. അതിന് ഏതറ്റംവരെ പോകാനും ഞങ്ങള്‍ തയാറാണ്.' ആര്‍ക്കുവേണ്ടിയാണ് 'പൊതുപ്രവര്‍ത്തകന്‍' പത്രസമ്മേളനം നടത്തിയതെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

Nasiyansan 14 January 2011 at 14:39  

കേരളത്തിലിനി ആരും നാര്‍ക്കോ അനാലിസിസിനു സംമ്മദിക്കുമെന്നു തോന്നുന്നില്ല ...ഒരു പഴയ കേരളകൌമുദി വാര്‍ത്ത ഇവിടെ വായിക്കാം

മുക്കുവന്‍ 14 January 2011 at 18:38  

ഈ നാര്‍കോ ടെസ്റ്റ് നമ്മുടെ പാര്‍ട്ടി നേതാക്കള്‍ക്ക് ഒന്ന് ചെയ്യാ‍മോ ആവോ? ഇല്ലേല്‍ അവരുടെ പിള്ളേരുടെ ആയാലും മതി... അല്ലാ അവരെല്ലാവരും വിശുദ്ധരേക്കാളും മേലെ ആണോ ആവോ? പാലം പണിതാ അങ്ങോട്ടും ഇങ്ങോട്ടും വേണേ..

P. M. Pathrose 14 January 2011 at 22:28  

ഒരു വ്യക്തി കുറ്റക്കാരനാണെന്ന് തെളിയുന്നതു വരെയും അയാളെ നിരപരാധിയായി വേണം കണക്കാക്കാന്‍ എന്ന നിയമത്തിന്റെ പ്രാഥമികപാഠം പോലും താങ്കള്‍ക്ക് അറിയില്ലെന്നുണ്ടോ? ക്രിസ്തീയസഭയെയും സഭാനേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന വര്‍ഗീയ വിഷജന്തുക്കള്‍ക്ക് ഇത്തരത്തിലുള്ള കെട്ടിച്ചമച്ച കേസുകളുടെ സത്യാവസ്ഥയെ കുറിച്ചറിയുന്നതില്‍ താല്പര്യം ഉണ്ടാകാന്‍ ഇടയില്ല. തികച്ചും നിര്‍ഭാഗ്യകരമായ ഒരു സംഭവം. എന്നാല്‍ ഇതിനെ തങ്ങളുടെ എതിരാളികള്‍ക്കെതിരെയുള്ള ഒരു ശത്രുസംഹാരപൂജ ആക്കിയെടുത്ത കുടിലമനസുകള്‍ ഓര്‍മ്മിപ്പിക്കുന്നത് ആടുകളെ തമ്മിലിടിപ്പിച്ചു ചോരനക്കിക്കുടിക്കാന്‍ കാത്തിരിക്കുന്ന കുറുക്കനെയാണ്.

ഇത്രയേറെ "റൌണ്ട്‌ ചര്‍ച്ച ചെയ്തി"ട്ടും വര്‍ഷങ്ങളായി നീട്ടി വലിച്ചുകൊണ്ടുപോയിട്ടും അഭയ കേസിലെ കുറ്റാരോപിതരെ കുറ്റക്കാര്‍ എന്നുതെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കെട്ടിച്ചമച്ച കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്ന വ്യക്തികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍, കേസുപറഞ്ഞു നഷ്ടപ്പെടുന്ന വര്‍ഷങ്ങള്‍, നിന്ദ, അപമാനം, എല്ലാം സഹിച്ചു ഒടുക്കം കുറ്റവിമുക്തരായി പുറത്തുവന്നാലോ കേസന്വേഷണം അട്ടിമറിച്ചു, തേച്ചുമാച്ചുകളഞ്ഞു, അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു, പണമൊഴുക്കി രക്ഷപെട്ടു എന്നൊക്കെയാവും ആരോപണങ്ങള്‍.

അസിമാനന്ദ, സന്തോഷ് മാധവന്‍, സ്വാമി നിത്യാനന്ദ തുടങ്ങി തങ്ങളുടെ മത നേതാക്കന്‍മാരെല്ലാം രാജ്യദ്രോഹക്കുറ്റം, അനാശാസ്യം, സ്ത്രീപീഡനം തുടങ്ങിയ കേസുകളില്‍ പെട്ട് ഗോതമ്പുണ്ടയും തിന്ന് പുണ്യാശ്രമത്തില്‍ കഴിയുന്നതിന്റെ ചൊരുക്ക് തീര്‍ക്കാനും അത്തരം വാര്‍ത്തകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും സര്‍വ്വോപരി നിക്കര്‍പ്പടയിലെ കൊഴിഞ്ഞുപോക്കിന് തടയിടാനും വേണ്ടി ഹിന്ദുത്വ വര്‍ഗീയമനോരോഗികളുടെ അടുക്കളയില്‍ വേവിച്ചെടുക്കപ്പെടുന്ന ഇതൊക്കെ ഏറ്റുപാടാന്‍ ഇവിടുത്തെ കൈവെട്ടി ഇസ്ലാമിസ്റ്റുകളും മാര്‍ക്സിസ്റ്റ് അക്രമസമരക്കാരും റെഡിയാണ്. എതിരാളികളെന്നു അവകാശപ്പെടുന്ന ഇവര്‍ ഈ ഒറ്റ കാര്യത്തില്‍ മാത്രം ഒറ്റക്കെട്ടാണ്.

::pm::

Anonymous 19 January 2011 at 21:12  

നിക്കര്‍ പട....കൈവെട്ടുകാര്‍ ....കമ്മുണിസ്റ്റു ഗുണ്ടകള്‍...ശ്ശൊ ഈ കഴുകന്മാര്‍ക്കിടയില്‍ പാവം കൃസ്ത്യാനി കോഴിക്കുഞ്ഞുങ്ങള്‍ എങ്ങിനെ ജീവിക്കും...

Harisankar KR 7 May 2016 at 01:34  

Pls Listen..
https://www.youtube.com/watch?v=z7izE0MMG-Y

https://www.youtube.com/watch?v=CNZ35s2j28w