Monday 29 March 2010

നൂർ സമീറുമാർ നമുക്കായി ചെയ്യുന്നത്

വാർത്തകളിൽ അറിഞ്ഞത്..

കോട്ടയം താഴത്തങ്ങാടിയിൽ നിയന്ത്രണം വിട്ട ഒരു സ്വകാര്യ ബസ് പൊട്ടിവീണ വൈദ്യുതക്കമ്പികളുമായി മീനച്ചിലാറിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നപ്പോൾ വൈദ്യുതാഘാതം ഭയന്ന് ദൃക്സാക്ഷികൾ രക്ഷാപ്രവർത്തനത്തിനിറങ്ങാനാകാതെ പകച്ചു നിന്നു. പക്ഷെ കൺമുൻപിൽ മരണക്കയത്തിലേക്ക് മുങ്ങിത്താഴുന്ന മനുഷ്യജീവനുകളുടെ പിടച്ചിലിന് മുൻപിൽ നിസ്സംഗനാകാൻ സാധിച്ചില്ല കുമ്മനം വാലാവില് സതീഷ് എന്ന നാൽപ്പത്തിരണ്ടുകാരന്. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനായി ആദ്യം പുഴയിലേക്ക് ചാടിയ ധീരൻമാരിൽ ഒരാളായി സതീഷ്. പിന്നീട് പല തവണയായി നാലോ അഞ്ചോ വിദ്യാർത്ഥികളെ സതീഷ് രക്ഷപെടുത്തി കരക്കെത്തിച്ചെന്ന് ദൃക്സാക്ഷികൾ. ഇതിനിടെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹം തിരികെ വീട്ടിലെത്തി ഭാര്യ മിനിയേയും കൂട്ടി കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ചികിത്സ നേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹജീവികളുടെ പ്രാണനുവേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായി ആ മനുഷ്യസ്നേഹി.
താഴത്തങ്ങാടിയിൽ ധീരതയുടെയും മനസ്സാന്നിദ്ധ്യത്തിന്രെയും സഹാനുഭൂതിയുടെയും ഉദാത്ത മാതൃകകളായ എത്രയോ പേർ ഇനിയുമുണ്ട്. കടത്തുകാരൻ ആലുംമൂട് അറുപുഴചിറയില് കബീർ, ദുരന്തത്തിൽ അകപ്പെടുകയും സഹയാത്രികരായിരുന്ന കൂട്ടുകാരികളെ രക്ഷപെടുത്തുകയും ചെയ്ത സൂര്യ, കുമ്മനം തെങ്ങുംപറമ്പില് എം.കെ.ഷിയാദ്, ദുരന്ത ഭൂമികളിൽ പതിവായി സൌജന്യ സേവനം നടത്തുന്ന ഇന്റർഡൈവ് എന്ന മുങ്ങൽവിദഗ്ധരായ യുവാക്കളുടെ സംഘം..

ഇനി നമുക്ക് ഹൈറേഞ്ചിലേക്ക് പോകാം. പൂർണ്ണ ഗർഭിണിയായ ഒരു ആദിവാസി സ്ത്രീ ചികിത്സ നിഷേധിക്കപ്പെട്ട് പ്രസവവേദയോടെ 240 കിലോമീറ്റർ ബസിലും ഓട്ടോറിക്ഷയിലുമായി യാത്ര ചെയ്യുകയും ഒടുവിൽ നാൽപ്പത് മണിക്കൂർ നീണ്ട അലച്ചിലിനൊടുവിൽ കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയായി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയതത് വാർത്തയായിരുന്നു. ( ഈ വിഷയത്തിൽ ചിത്രകാരന്റെ പോസ്റ്റ് ) സ്റ്റെതസ്ക്കോപ്പിനു പകരം കാലപാശം കഴുത്തിലണിഞ്ഞ, കൃത്യവിലോപത്തിൽ മാത്രം ഡോക്ടർ പട്ടത്തിന് അർഹരായ വെള്ളക്കോട്ടണിഞ്ഞ നരാധമന്മാരേക്കുറിച്ച് ഇവിടെയൊന്നും പറയുന്നില്ല. കാരണം ഈ പോസ്റ്റ് മനസ്സാക്ഷി ജീർണ്ണിച്ച ഇത്തരം അഹങ്കാരിപ്പരിഷകളുടെ ദുർഗന്ധത്താൽ മലിനമാക്കാനുള്ളതല്ല. സഹായം നൽകാൻ ബാദ്ധ്യസ്തരായ സർക്കാർ സംവിധാനങ്ങൾ കൈവിട്ടിടത്ത് നിരാലംബരായ ആ കുടുംബത്തിന് ആശ്രയമായത് അനീഷ് എന്ന സാധാരണക്കാരനായ ഒരു ഓട്ടോ തൊഴിലാളിയാണ്. കാട്ടാനശല്യത്താൽ വലിയ വാഹനങ്ങൾ പോലും റോഡിലിറങ്ങാൻ മടിക്കുന്നിടത്താണ് രാത്രി 12 മണിക്ക് ഹൈറേഞ്ചിലെ പൈനാവിൽ നിന്നും കാനനപാതയിലൂടെ തൊടുപുഴയിലേക്കും പിന്നീട് വെളുപ്പിന് രണ്ടരക്ക് 25 കി. മി. അകലെയുള്ള മുവാറ്റുപുഴയിലേക്കും വീണ്ടും 55 കി മി. ദൂരെയുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്കും ഈ യുവാവ് തന്റെ സ്നേഹരഥം തെളിച്ചത്. നിർദ്ധനരും നിരാശ്രയരുമായ ഒരു ആദിവാസി കുടുംബത്തെ പിൻസീറ്റിലിരുത്തി 136 കി. മി തന്റെ കുടുകുടുവണ്ടിയോടിക്കാൻ അനീഷിന് ഇന്ധനമായത് മരവിപ്പ് ബാധിക്കാത്ത മനസ്സാക്ഷി ഒന്നുമാത്രം.

തൊടുപുഴയിലേക്ക് ഒരിക്കൽക്കൂടി തിരികെ പോകാം. തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായി വേഷം മാറിയ പിശാചിന്റെ വികൃതിയിൽ ദൈവത്തിന്റെ മാനം കപ്പൽ കയറാതെ കഷ്ടിച്ച് രക്ഷപെടുത്തിയെടുത്തതിന്റെ തൊട്ടുപിറ്റേന്ന് ശനിയാഴ്ച. നഗരത്തിൽ ട്രാഫിക്ക് ഡ്യൂട്ടിയിലായിരുന്ന നൂർ സമീർ എന്ന ട്രാഫിക് കോൺസ്റ്റബിൾ തൊടുപുഴയാറിന് കുറുകെയുള്ള പാലത്തിലെ ജനക്കൂട്ടത്തിന്റെ കാരണമന്വേഷിച്ചെത്തിയപ്പോൾ കണ്ടത് താഴെ പുഴയിലൂടെ ഒഴുകിപ്പോകുന്ന ഒരു പുരുഷനെയാണ്. കൈയ്യിലുണ്ടായിരുന്ന വാക്കി ടോക്കിയും ഷൂസും തൊപ്പിയും ഊരിവെച്ച് പുഴയിലേക്ക് എടുത്തുചാടാൻ നൂർ സമീർ എന്ന ചെറുപ്പക്കാരന് രണ്ടാമതൊന്ന് അലോചിക്കേണ്ടി വന്നില്ല. മുകളിലെ കടവിൽ കുളിക്കാനിറങ്ങി അപകടത്തിൽ‌പ്പെട്ട മാനത്തൂർ പുത്തൻപുരക്കൽ ജോസിന്റെ പിന്നാലെ നീന്തിയെത്തിയ നൂർ സമീർ അദ്ദേഹത്തെ കരക്കടുപ്പിച്ചു. ജോസ് ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നു.(( ഈ വിഷയത്തിൽ മരമാക്രിയുടെ പോസ്റ്റ് )


ഈ മനുഷ്യർ നമുക്കായി ചെയ്യുന്നതെന്താണ്? കാര്യക്ഷമമായ പൊതുസംവിധാനങ്ങളുടെ അപര്യാപ്തതയാൽ ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങൾ, ദിശാബോധം നഷ്ടപ്പെട്ട പ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയും അസംബന്ധ വാചാടോപങ്ങൾ, രക്തരൂക്ഷിതമായ ഗുണ്ടാവിളയാട്ടങ്ങൾ, വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്ന മത സമുദായ വാറോലകൾ എന്നിങ്ങനെ പ്രതിലോമകരമായ വാർത്തകൾ പേജുകൾ നിറക്കുമ്പോൾ ഈ മനുഷ്യസ്നേഹികൾ സൃഷ്ടിക്കുന്ന ബോക്സ് ന്യൂസുകൾ സമൂഹമനസാക്ഷിക്കുള്ള മൃതസഞ്ജീവനികളാകുന്നുണ്ട്. സ്വന്തം ജീവൻ പണയപ്പെടുത്തി ദുരന്തമുഖങ്ങളിലേക്ക് എടുത്ത് ചാടുന്നവർക്ക് പ്രചോദനമാകുന്നത് കറ കളഞ്ഞ മനുഷ്യത്വം ഒന്നു മാത്രം. അത് ചെയ്യാതിരിക്കാൻ അവർക്കാവില്ല തന്നെ. അത്ര മോശം സമൂഹത്തിലൊന്നുമല്ല നമ്മൾ ജീവിച്ചിരിക്കുന്നതെന്ന ബോധമുണർത്തിയതിന്, നന്മയുടെയും നിസ്വാർത്ഥതയുടെയും ഇത്തിരിവെട്ടം പുതുതലമുറക്കായി തെളിച്ചു വെച്ചതിന് നിങ്ങൾക്ക് പ്രണാമം. നരബലിയിൽ സം‌പ്രീതരാകുന്ന ദൈവങ്ങളുടെയും മനുഷ്യന്റെ കുടൽ‌മാല ഹാരമാക്കുന്ന അവതാരങ്ങളുടെയും കെട്ടുകഥകൾക്കു പകരം ഊഷ്മളമായ മാനവസ്നേഹത്തിന്റെ ഈ നിർമ്മല ഗാഥകൾ നമ്മുടെ കുഞ്ഞുങ്ങൾക്കായി കാത്തുവെക്കാം. അവർ ഭയമകന്നുറങ്ങട്ടെ.