Monday 31 August 2009

അമ്മാവന്‍‌സിന്‍‌ഡ്രം ഓണക്കാലത്ത്

ഓണക്കാലമായാല്‍ ഓര്‍മ്മകളുണരണം. ദൗത്യം മത്സരബുദ്ധിയോടെ ഏറ്റെടുക്കുന്നത് ആനുകാലികങ്ങളുടെ ഓണപ്പതിപ്പുകളാണ്. പണ്ടേപോലല്ല. കോമ്പറ്റീഷന്‍ കടുപ്പം. പത്ത് മുന്നൂറ് പേജ് നിറച്ചെടുക്കാനുള്ള് പാട് ചെറുതല്ല. കുറേ ചെറുകഥകളും ഒന്നോ രണ്ടോ നോവലുകള്‍ തന്നെയും പുതിയ പിള്ളേരോട് എഴുതിവാങ്ങാം. പക്ഷെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പഴയ മോഡല്‍ സിംഹങ്ങള്‍ തന്നെ വേണം. വിശ്രമജീവിതത്തിന്‍റെ അര്‍ദ്ധമയക്കത്തില്‍‌നിന്നും തലയും ഓര്‍മ്മയും കുടഞ്ഞുണര്‍ന്ന് അയവിറക്കല്‍ തുടങ്ങും അമ്മാവന്മാര്‍. സാഹിത്യകാരന്‍‌മാര്‍ മാത്രമല്ല കളത്തിലുള്ളത്. ജീവിതസായാഹ്നമായിട്ടും സ്വന്തമായൊരു തട്ടകം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട് "സാംസ്ക്കാരിക നായകന്‍" എന്ന ഫ്രീസൈസ് കുപ്പായത്തിന്‍റെ ബലത്തില്‍ അരി മേങ്ങി കഴിയുന്ന പ്രേതങ്ങളെയും വായനക്കാര്‍ സഹിക്കണം. ഓര്‍മ്മക്കുറിപ്പുകളുടെ അടിസ്ഥാന രസന്ത്രം പുതുതലമുറയെ പുലയാട്ട് നടത്തുകയാണെന്ന് ധരിച്ച് വശായിരിക്കുന്ന അമ്മാവന്മാരേപ്പറ്റിയാണ് പറഞ്ഞുവരുന്നത്. പഴയതെല്ലാം നന്ന് പുതിയതൊക്കെ മ്ലേച്ഛം എന്ന് പറയാതെ പറഞ്ഞുവെക്കുന്ന രീതി. വരികള്‍ക്കിടയിലെങ്ങും ഞരമ്പുകളില്‍ മായാതെ ശേഷിക്കുന്ന മാടമ്പിത്തരത്തോടുള്ള ആരാധന. പടികടന്നെത്തിയിരുന്ന കാഴ്ച്ചകളുടെ വലിപ്പത്തെപ്പറ്റി, ആനയെപ്പറ്റി, തഴമ്പിനെപ്പറ്റി ഗീര്‍‌വാണങ്ങള്‍. സാംസ്ക്കാരിക അധപ്പതനത്തെക്കുറിച്ച്, അധിനിവേശത്തേക്കുറിച്ച് മൂക്ക് പിഴിച്ചിലുകള്‍. സദാചാരഭ്രംശത്തേക്കുറിച്ചുള്ള ആശങ്കകള്‍ ചവച്ച് തുപ്പുമ്പോള്‍ മതമൗലികവാദത്തോളം ചവര്‍പ്പ്. കാലത്തിന്‍റെ മാറ്റം ഉള്‍കൊള്ളുന്നതില്‍ പരാജയപ്പെട്ട ദുരന്തങ്ങളുടെ സ്വരത്തിന് ജീവനോപാധിയേക്കുറിച്ച് ഉത്ക്കണ്ഠാകുലനായ പുരോഹിതന്‍റേതിന് തുല്യമായ തരംഗദൈര്‍ഘ്യം. അധിനിവേശപ്രധിരോധത്തിന്‍റെ അവശ്യഘട്ടങ്ങളില്‍ കാക്കാ പിടിക്കാന്‍ നടന്നതിന്‍റെ ആത്മകഥാവഴികള്‍ സൗകര്യപൂര്‍‌വ്വം മറന്നുകളയാം. അമ്മാവന്മാരുടെ ക്ഷയിച്ച കുതിരശക്തിയെക്കുറിച്ചുള്ള വിഹ്വലതകള്‍ക്കും മെനാപോസിന്‍റെ വിഭ്രാന്തികള്‍ക്കും വിലയിട്ട് വില്‍ക്കുന്ന സീസണല്‍ കച്ചവടം.

തൂലികയുടെ മാസ്മരിക സ്പര്‍‌ശത്താല്‍ ‍ മണ്ണിന്‍റെ ഗുണവും മണവും വായനക്കാരന്‍റെ സിരകളില്‍ മായാമുദ്രയായി പതിപ്പിച്ച പിതൃതുല്യരായ മലയാളത്തിലെ അനേകം എഴുത്തുകാര്‍ പൊറുക്കുക. പറഞ്ഞതത്രയും നിങ്ങളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവരെക്കുറിച്ചാണ്.
-----------------------------------------------------------------------------------
"പണ്ടത്തെ ഓണ‌ല്ലേ ഓണം കുട്ടാരേ!"
"ശര്യാമ്പ്രാ"
"ദേ പോണ ചെക്കനേതാ?"
"ഇവിടുത്തന്നെ മ്പ്രാ. പാര്‍ഗ്ഗവിപ്പെങ്ങടെ ഏഴാമത്തേത്."
"ഓള്‍‌ടെ രാമന്‍ ഇപ്പളും വരവുണ്ടോ"
"ഉവ്വ്, കഴിഞ്ഞാഴ്ചേം ചൂട്ട് കണ്ടു"
"ഓണായിട്ട് നേരമ്പോക്കൊന്നൂല്ലല്ലോ കുട്ടാരേ"
"ഓ"
"നങ്ങേലീണ്ടോ വീട്ടില്"
"ഓള് പൊറത്താമ്പ്രാ"
"കഷ്ടായി!"

Wednesday 19 August 2009

മത്തി വാഴ്ക, ചാള നീണാള്‍ വാഴ്ക

"അച്ഛാ മത്സ്യത്തിനൊരു പര്യായം പറഞ്ഞ് തരൂ"

ചാള

"ഛെ, അതല്ല, പര്യായം പര്യായം"

മത്തി

"ബെസ്റ്റ്.. എന്നാലും അച്ഛന്‍ തന്നെ ഭേദം. "മറ്റൊരു ചാള" എന്നാണ് അമ്മ പറഞ്ഞത്. ഇങ്ങനേണ്ടാവോ മത്തിപ്രാന്ത്!"

എടാ മത്തിയേക്കുറിച്ച് നിനക്കെന്തറിയാം?

"നാറുമെന്നറിയാം"

മകനേ, മത്തിയെന്നത് മലയാളികളുടെ തനതായ സ്വത്വബോധത്തിന്‍റെ....

"തേങ്ങാക്കൊലയാണ്"

എടാ, പുസ്തകം, മുതിര്‍ന്നവര്‍, മത്തി ഇവയെ നിന്ദിക്കരുതെന്ന് പഠിച്ചിട്ടില്ലേ?

"ആദ്യത്തെ രണ്ടെണ്ണം ഉണ്ട്"

എന്നാ ഇനി മൂന്നാമത്തേതും ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തോ

"അച്ഛാ ദിസ് ഈസ് റ്റൂ മച്ച്. മത്തിയോടുള്ള ആക്രാന്തം വല്ലാതെ കൂടുന്നുണ്ട്"

എടാ നിനക്കറിയോ മത്തികളും നുമ്മളേപ്പോലെ കമ്മ്യൂണിസ്റ്റുകാരാണ്.

"വാട്ട്?"

അതേഡേയ്. നെയ്മീന്‍, ആവോലി, സ്രാവ് തുടങ്ങിയ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികളോട് നിരന്തരം പോരാടി ജനമനസ്സുകളില്‍ ഇടം നേടിയ ധീരസഖാക്കളാണ് മത്തികള്‍.

"ഇനീപ്പൊ സഖാക്കള്‍ തായ്‌ലണ്ടീന്നും മലേഷ്യേന്നുമൊക്കെ വരാമ്പോണൂന്നാ കേട്ടത്"

ആസിയാന്‍ കരാറായിരിക്കും ഉദ്ദേശിച്ചത്. അതിനെതിരെ ഞങ്ങള്‍ സമരം ചെയ്യും

"അതെന്തേ അവിടത്തെ മത്തികള്‍ രാഘവന്‍റെ കമ്മ്യൂണിസ്റ്റാ?"

"......"പോഡേ പോഡേ മെനക്കെടുത്താതെ പോഡേ

"ബാക്കി കൂടി പറയ്"

മത്തി സുന്ദരസുരഭിലമനോജ്ഞമായ ഒരു സമ്പവമാകുന്നു

"ഓഹൊ"

അതൊരു പ്രസ്ഥാനം കൂടിയാണ്

"വലിച്ചുനീട്ടാതെ കാര്യം പറ"

മത്തിയെ സ്നേഹവാല്‍‌സല്യങ്ങളോടെ സമീപിക്കുമ്പോഴേ നമുക്കവരുടെ മഹത്വം മനസ്സിലാകൂ

"അതെങ്ങനെ"

ഉദാഹരണത്തിന് ഷാര്‍ജ്ജ ഫിഷ് മാര്‍ക്കറ്റിലെ നമ്മുടെ പതിവ് സ്ഥലമായ കൊടുങ്ങല്ലൂരുകാരന്‍ കാക്കായുടെ സ്റ്റാളിലെത്തുമ്പോള്‍, "സാറെ നല്ല ബെസ്റ്റ് മത്തീണ്ട്, ഒരു മന്ന് എടുക്ക്വല്ലേ? എന്ന സ്ഥിരം അഭിവാദ്യം വരും. " അഞ്ചു കൊല്ലായിട്ട് ഈ ചീള് മത്തിയല്ലാതെ വെലയൊള്ള ഒരു മീന്‍ വാങ്ങീട്ടില്ല, ശവം" എന്നായിരിക്കും കാക്കയുടെ മനസ്സില്‍. അതു കാര്യാക്കണ്ട. ജുമേറാ ബീച്ചിലെ മദാമ്മമാരെപ്പോലെ നല്ല ചുവന്നു തുടുത്ത നെയ്‌മത്തികള്‍ നിരന്നുകിടപ്പുണ്ടാകും ടേബിളില്‍..

"ഞങ്ങളെ കൂട്ടാതെ അച്ഛന്‍ ജുമേറ ബീച്ചില്‍ പോയീല്ലേ?"

ഈ ചോദ്യം സന്ദര്‍‌ഭത്തിനും നിന്‍റെ പ്രായത്തിനും ചേരുന്നതല്ല

"സോറി"

അങ്ങനെ നമ്മള്‍ നാലോ അഞ്ചോ കിലോ മത്തിവാങ്ങി പണം കൊടുക്കുന്നു. ഇനിയാണ് പ്രധാനപ്പെട്ട കാര്യം. മദാമ്മമാരെയും ബാഗിലാക്കി പുറത്തേക്കിറങ്ങുമ്പോള്‍ ഫിഷ് ക്ലീന്‍ ചെയ്യുന്ന പാക്കിസ്ഥാനികള്‍ കൈ നീട്ടും. ജീവന്‍ പോയാലും കൊടുക്കരുത്. തരുണീമണികളുടെ തരളമേനിയെ അവന്മാര്‍ നാനാവിധമാക്കിക്കളയും. എത്രയും‌പെട്ടന്ന് കന്യകമാരെ ഡിക്കിയിലാക്കി വീടുപിടിച്ചോണം. വേണമെങ്കില്‍ ആ നെലവിളി ശബ്ദവുമിടാം.

"എന്നിട്ട്?"

വീട്ടിലെത്തിയാല്‍ ഒട്ടും വൈകാതെ ക്ലീനിങ് തുടങ്ങണം.

"ആ പേരില്‍ രണ്ട് പെഗ്ഗും ഒഴിക്കാം"

ഡേ ഡേയ് ഓവറാവല്ലേ

"സോറി"

ഇനി അരുമയായി എല്ലാ സുന്ദരികളുടെയും ചെതുമ്പല്‍ നീക്കിയ ശേഷം ആവേശോജ്ജ്വലമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

"എന്താണത്?"

അതായത് നമ്മള്‍ സകല മല്‍സ്യാവതാരങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ആദ്യത്തെ മത്തിയുടെ വയറ് തുറക്കുന്നു. ഠിം! അവിടെ ഇടത്തരം നത്തോലിയുടെ വലിപ്പമുള്ള രണ്ടു രസികന്‍ മുട്ടകള്‍ നമ്മളെ നോക്കി ചിരിക്കുന്നുണ്ടോ.. എങ്കില്‍ ഇന്നത്തെ മത്തിക്കച്ചവടം സക്സസ്. പന്നിമലത്ത് കളിക്കുന്ന ത്രില്ലാണ് പിന്നീടങ്ങോട്ട്. പ്രത്യക്ഷപ്പെടുന്ന ഓരോ മുട്ടയുടെയും വലിപ്പത്തിനനുസരിച്ച് ചെറുതായി തുള്ളിച്ചാടിയോ ശൂളമടിച്ചൊ സന്തോഷം പ്രകടിപ്പിക്കാം.

"ഹും..!"

ഇനി ഇന്‍സ്റ്റന്‍റായി വറുത്തെടുക്കാന്‍ പത്തോ പതിനഞ്ചോ മദാമ്മമാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ലൈനിടണം (അതല്ല). മത്തിയെടുത്ത് കൈവെള്ളയില്‍ വെച്ചശേഷം നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെറുതായി ഒന്നു വരയുക. നല്ല ശുദ്ധമായ ചന്ദനത്തിന്‍റെ നിറമുള്ള നെയ്യ് മുറിപ്പാടിലൂടെ പനിച്ചുവരുന്ന നയനാനന്ദകരമായ ദൃശ്യത്തിന്‍റെ ആലസ്യം മാറുന്നതുവരെ ഭിത്തയില്‍ തലചായ്ച്ച് ഊറിച്ചിരിച്ച് നില്‍ക്കണം.

"..കഷ്ടം"

ഇങ്ങനെ ലൈനടിച്ച മത്തികളെയെല്ലാം അരപ്പുകൊണ്ട് ഫേഷ്യല്‍ ചെയ്ത് റെഡിയാക്കി വറുത്തെടുക്കുന്ന പണി നിന്‍റെ അമ്മയെ ഏല്പ്പിച്ച് കുളിക്കാന്‍ പോകാം. വറുക്കുമ്പോല്‍ അടുക്കളയിലെ എക്സോസ്റ്റ് ഓണ്‍ ചെയ്യരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കണം.

"*#@*$"

കുളിച്ച് കുട്ടപ്പനായി വരുമ്പോഴേക്കും വറുത്ത മത്തിയുടെ അതുല്യസുന്ദരമായ സൗരഭ്യം വീടാകെ പരന്നിട്ടുണ്ടാകും. നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുത്തപ്പോള്‍ മദാമ്മമാരൊക്കെ അതിസുന്ദരികളായ കാപ്പിരിപ്പെണ്ണുങ്ങളായി മേശമേലങ്ങനെ നിരന്നിരിക്കുന്നു. അവരെ പുണര്‍ന്നുറങ്ങുന്ന കുഞ്ഞുകാപ്പിരികളായി മുട്ടകളും. ഇനി വെച്ചു താമസിപ്പിക്കരുത്. ഒരു കസേരയടുപ്പിച്ച് അവര്‍ക്കു മുന്‍പിലിരിക്കണം. ...ഹൊ!....എന്നിട്ട്....

"എന്നിട്ട്?"

.... എന്നിട്ട്....എന്നിട്ടു പൊട്ടിപ്പൊട്ടിയങ്ങ് കരയണം മകനേ.. പൊട്ടിപ്പൊട്ടിയങ്ങ് കരയണം

"പുവര്‍ മാന്‍. ആക്രാന്തം മൂത്ത് സോഫ്റ്റ്വേര്‍ കറപ്റ്റായി. കഷ്ടം!

ശുഭം.

Monday 3 August 2009

ദുര്‍ബലന്‍ ഗര്‍‌ഭണനായപ്പോള്‍

നാട്ടില്‍ പോയിവന്നിട്ട് ദിവസം പത്താകുന്നു. കാര്യങ്ങള്‍ ഇനിയും അതിന്‍റെ ട്രാക്കിലായിട്ടില്ല. ആകെയൊരു എരിപൊരി. ഭാര്യയും പൊടികളും ഇനിയും എത്തിയിട്ടില്ല. നാട്ടിലെ മണ്‍സൂണ്‍ ആഘോഷത്തിമര്‍പ്പില്‍‌നിന്നും ഇവിടെ പറന്നിറങ്ങിയപ്പോള്‍ ചൂട്, പൊടിക്കാറ്റ്, വീണ്ടും വഷളായ മാന്ദ്യം..

വായനയും ബ്ലൊഗിങ്ങുമൊന്നും ഉഷാറാകുന്നില്ല. പഴയൊരു ഡ്രാഫ്റ്റ് പൊടിതട്ടിയെടുത്ത് പൗഡറും നിക്കറും ഇട്ട് പോസ്റ്റി. സിസ്റ്റര്‍ ജെസ്മിയുടെ "ആമേന്‍" വായിക്കാനെടുത്തത് ഇഴഞ്ഞ് നീങ്ങുന്നു.വെക്കേഷന്‍ പ്രമാണിച്ച് ബാച്ചിലര്‍‌ഷിപ്പ് കിട്ടിയ അളിയനും കസിനും ഷാര്‍ജയില്‍ സമീപം തന്നെ താമസമുണ്ട്. വീട്ടില്‍ തനിയെ ഇരുന്ന് തല പെരുക്കുന്നത് ഒഴിവാക്കാന്‍ വൈകുന്നേരങ്ങളില്‍ നേരെ അവിടേക്ക് വെച്ചുപിടിക്കും. അല്പം പാചകം, കത്തി, വാട്ടര്‍ബറീസ് അങ്ങനെ സമയം പോക്കാം.

ഈയിടെയായി ടി വി തുറക്കുന്നത് ഒരു വകയാണ്. ലാവ്‌ലിന്‍.. മുരളീധരന്‍.. വമനേച്ഛ ഉണ്ടാക്കുന്നു ചര്‍ച്ചകള്‍. വേര്‍പാടുകളുടെ തുടര്‍ച്ചയായി ലോഹിതദാസ്, രാജന്‍ പി ദേവ് അവസാനം തങ്ങള്‍.. മുരളീധരനെ കോണ്‍ഗ്രസിന്‍റെ ഗര്‍ഭപാത്രത്തിലേക്കെ തിരികെ പ്രവേശിപ്പിക്കാന്‍ ചാനലുകളുടെ റിവേര്‍സ് പ്രസവവേദന കണ്ട് പ്രാന്തായി‍ റിമോട്ടെടുക്കാന്‍ ഓടിയ വഴി സോഫയില്‍ കാലിന്‍റെ ചെറുവിരലൊന്ന് കോര്‍ത്തു. നക്ഷത്രങ്ങള്‍ കുറച്ചധികം എണ്ണി. ഉയര്‍ന്ന് പൊങ്ങിയ പ്രാണന്‍ സ്വര്‍ഗ്ഗവാതില്‍ കാണാതെ ജബ്ബാര്‍മാഷിന്‍റെയും സി.കെ.ബാബുമാഷിന്‍റെയും ബ്ലോഗുകളില്‍ കയറി സംശയനിവൃത്തി വരുത്തി, രണ്ടാം ദിവസം എല്ലുരോഗവിദഗ്ദ്ധന്‍റെ കട്ടിലില്‍ ലാന്‍റ് ചെയ്തു. എക്സ് റേ എടുത്ത് വിരലില്‍ ഫ്രാക്‌ച്ചര്‍ എന്ന് സര്‍‌ട്ടീറ്റ് കിട്ടിയപ്പോള്‍ കൃതാര്‍ത്ഥനായി. ഭയപ്പെട്ടതുപോലെ കാലുമൂടി പ്ലാസ്റ്റര്‍ ഇട്ടില്ല. ചെത്തുന്ന പനയില്‍ ഏണി കെട്ടി ഉറപ്പിക്കുന്നപോലെ അടുത്ത വിരലിനോട് ചേര്‍ത്ത് സ്ട്രാപ്പ് ചെയ്തുറപ്പിച്ചു. ആശ്വാസം! നടക്കുന്നതിന് പ്രശ്നമില്ല. ഇതുവരെയും സന്തോഷവാര്‍ത്ത നാട്ടിലറിയിച്ചിട്ടില്ല. അവര്‍ വരുമ്പോള്‍ എയര്‍‌പ്പോര്‍ട്ടില്‍ സര്‍‌പ്രൈസ് കൊടുക്കാം. പരിഭവം അടിപിടിയിലെത്തിക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്.

കുളിക്കുന്നത് പണ്ടേ മെനക്കേടാണ്. ഇപ്പോള്‍ ഗര്‍ഭിണിയും എന്നായി. കാലില്‍ പ്ലാസ്റ്റിക്ക് പൊതിഞ്ഞ്, പട്ടി മുള്ളാന്‍ നില്‍ക്കുന്നപോലെ ടബ്ബില്‍ കാലുയര്‍ത്തിവെച്ചാണ് കുളി. അവളുണ്ടായിരുന്നെങ്കില്‍ ഒരു സ്റ്റൂളിട്ട് ഇരുന്നുകൊടുത്താല്‍ രാജകലയില്‍ നീരാട്ട് നടന്നേനെ. അതിന്‍റെ സുഖം ഒരു മാസത്തോളം പണ്ട് അനുഭവിച്ചതാണ്.

ഇന്നലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഇളയ സന്താനം, ഒന്നര വയസുകാരി ചെല്ലൂസിന്‍റെ പുതിയ വെള്ളി പാദസരത്തിന്‍റെ കിലുക്കം ഫോണിലൂടെ കേള്‍പ്പിക്കാന്‍ വളരെ പണിപ്പെട്ടു അവളുടെ അമ്മ. ഒന്നും കേള്‍ക്കാനായില്ല. അല്ലെങ്കിലും ഈ യന്ത്രങ്ങള്‍ അങ്ങനെയാണ്. കളിക്കിടയില്‍ പിണങ്ങിവന്നിരിക്കുന്ന മൂത്ത മഹാന്‍റെ കൈയ്യില്‍ ഫോണ്‍ കൊടുത്തു. ഏഴ് വയസ്സുള്ള വലിയ കുട്ടികള്‍ പിണങ്ങാന്‍ പാടുണ്ടോ അപ്പുണ്ണീ.. എന്ന് ആശ്വസിപ്പിച്ചു. പിണക്കം "അച്ഛാ" എന്നു വിളിച്ചുള്ള ഏങ്ങലടിയായി മാറിയതുകേട്ടു തൊണ്ടയിലെന്തോ തടഞ്ഞത് ഗ്യാസിന്‍റെയാകുമെന്ന് സ്വയം ന്യായീകരിച്ചു. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ കുടും‌ബത്തെയെങ്കിലും നാട്ടില്‍ നങ്കൂരമിടീക്കണം എന്ന് ലാഘവത്തോടെ തീരുമാനമെടുത്തിരിക്കുന്ന പുലികളാണ്. കൈയ്യില്‍ ജോര്‍ജ്ജൂട്ടി എന്തെങ്കിലും ബാക്കിവരണമെങ്കില്‍ അത് ചെയ്തേ പറ്റൂ. പക്ഷെ ഹ്രസ്വമായ വേര്‍പാടുകള്‍ പോലും ഇത്തരം തീരുമാനങ്ങളുടെ പ്രായോഗികതയെ സംശയത്തിലാക്കുന്നു.