Sunday, 27 September 2009

നാര്‍ക്കോ CD ചോര്‍ന്ന വഴി?!

അടുത്തകാലത്ത് ദൃശ്യമാദ്ധ്യമങ്ങളിലൂടെ കാണാനിടയായതില്‍ ഏറ്റവും അരോചകമായ കാഴ്ച്ചയായിരുന്നു അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനാ ദൃശ്യങ്ങള്‍. സംസ്ക്കാരശൂന്യവും അപക്വവുമായ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ മറ്റൊരു ഉദാഹരണം. എങ്കിലും പറയത്തക്ക വലിയ പ്രതിഷേധമൊന്നുമില്ലാതെ, അസ്വസ്ഥമായ ഒരു ചിരിയോടെ സാംസ്ക്കാരിക കേരളം ആ കാഴ്ച്ചകള്‍ കണ്ടിരുന്നതിന്‍റെ മുഴുവന്‍ ക്രഡിറ്റും കന്യാസ്ത്രികളുടെ പാവാടച്ചരടില്‍ തങ്ങള്‍ക്കുള്ള അന്യൂനമായ അവകാശം ഉപാധികളില്ലാതെ നിലനിര്‍ത്തിക്കിട്ടാന്‍ അരമനകളിലിരുന്ന് ചരടുവലിച്ച തിരുമേനിമാര്‍ക്ക് തന്നെ. ഒരു നിര്‍ദ്ധനകുടും‌ബത്തിന്‍റെ ദൈവനാമത്തിലുള്ള മഹാത്യാഗമായ നിരാശ്രയയായ ഒരു പാവം പെണ്‍കുട്ടിയെ, അടുക്കളയില്‍ മൂന്നുതലയുള്ള തിരുസ്വരൂപം കണ്ട് ഭയന്നോടിയ നിസ്സഹായയായ ഒരു സന്യാസിനിയെ, കോടാലിക്കടിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞശേഷവും രാഷ്ട്രത്തിന്‍റെ കുറ്റാന്വേഷണ നീതിന്യായ വ്യവസ്ഥയെ മസില്‍-മണി പവറിന്‍റെ ഹുങ്കില്‍ പരിഹാസ്യരാക്കി സമൂഹത്തെ ജവുളിപൊക്കിക്കാണിച്ച് പല്ലിളിച്ച പൗരോഹിത്യ ധാര്‍ഷ്ട്യത്തെ നോക്കി ഒരു വഷളന്‍ ചിരി ചിരിക്കാന്‍ ജനത്തിനു കൈവന്ന അവസരമായി അത്. അങ്ങനെ സിലുമയുടെ ഒടുക്കത്തെ ഷോയും കഴിഞ്ഞപ്പോള്‍ കണ്ണീരായി, പരാതിയായി, അന്വേഷണമായി, ചര്‍ച്ചയായി.. സി ഡി ചോര്‍ന്നതോ ചോര്‍ത്തിയതോ? !

ദാസനെയും വിജയനെയും വരെ CIDകളാക്കിയ നാട്ടില്‍ കേസ് തെളിയിച്ച് പോലീസില്‍ ചേരാന്‍ ഈ ബ്ലോഗര്‍ക്കും മോഹമുണര്‍ന്നത് തെറ്റല്ലല്ലോ. ഏറിയാല്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കോടീശ്വരനായ ഏതെങ്കിലും അറബിയുടെ ജീവന്‍ രക്ഷിച്ച്, പാരിതോഷികമായി അങ്ങേരുടെ ഒന്നോ രണ്ടോ കപ്പലുകളും സ്വന്തമാക്കി നാട്ടില്‍ സെറ്റിലാകാനുള്ള മോഹവുമായി ഗള്‍ഫിലെത്തിയിട്ട് വര്‍ഷം പത്തായി. കൊള്ളാവുന്ന ഒരറബിയെ മര്യാദക്കൊന്ന് കാണാന്‍‌പോലും പറ്റിയിട്ടില്ല ഇതുവരെ. ഇനിയിപ്പോള്‍ ലിതുപോലെ ഏതേലും കേസ് തെളിയിച്ച് പോലീസീ കേറീട്ട് വേണം ദുബായീന്ന് കൈച്ചിലാകാന്‍. അപ്പൊ പറഞ്ഞുവന്നത്, സി ഡി ചോര്‍ന്ന കേസില്‍ കള്ളന്‍ കപ്പലില്‍‌തന്നെ എന്ന് മാളോരെല്ലാം പറയണകേട്ടാണ് നുമ്മടെ ഡിക്കനച്ചന്‍റെ ബൂലോകകപ്പലില്‍ ഒന്നു കയറി തപ്പിനോക്കിയത്. അങ്ങനെ തുഴഞ്ഞുതുഴഞ്ഞ് കഴിഞ്ഞ ഡിസം‌ബര്‍ വരെ എത്തിയപ്പോള്‍ ലോ കെടക്കണു കള്ളന്‍ കുഞ്ഞാപ്പൂന്‍റെ കുറ്റസമ്മതത്തോളം തെളിവാര്‍ന്ന ചില മൊഴിമുത്തുകള്‍. സം‌ഗതി ദോ ദിങ്ങനെ

"..നാര്‍ക്കോ അനാലിസിസ്‌ പരിശോധനയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണു മൂന്നുപേരെ അറസ്റ്റ്‌ ചെയ്തതെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ആ അവസരത്തില്‍ നാര്‍ക്കോ അനാലിസിസ്‌ പരിശോധനാഫലം അടങ്ങിയ സി.ഡികള്‍ കോടതിയുടെ കസ്റ്റഡിയിലായിരുന്നു. പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ അവ എന്താണെന്ന്‌ അറിയാന്‍ ജനാധിപത്യഭരണക്രമത്തില്‍ പൊതുജനങ്ങള്‍ക്ക്‌ അവകാശമില്ലേ?നാര്‍ക്കോ ടെസ്റ്റില്‍, ട്രൂത്ത്‌ സീറം എന്നറിയപ്പെടുന്ന, മയക്കുമരുന്നു പോലുള്ള രാസവസ്തു കുത്തിവച്ച്‌ അര്‍ധബോധാവസ്ഥയില്‍ കഴിയുന്ന കുറ്റാരോപിതര്‍ ചോദ്യം ചെയ്യലില്‍ എന്തെല്ലാമാണു പറഞ്ഞതെന്നും അവരോട്‌ എന്തെല്ലാം ചോദ്യങ്ങളാണ്‌ ചോദിച്ചതെന്നും വിശദമായി അറിഞ്ഞാലേ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരെപ്പറ്റിയുള്ള പുകമറ നീങ്ങി പൊതുജനത്തിനു മുന്നില്‍ സത്യം വെളിവാകൂ..."

ആഹാ! "പൊതുജനത്തിന് മുന്‍പില്‍ നാര്‍ക്കോ പരിശോധനയുടെ സത്യം വെളിവാക്കാന്‍" ദാഹിച്ചിരുന്ന ഈ കൂട്ടര്‍ തൃക്കൈനീട്ടി കോടതിയില്‍‌നിന്നും സി ഡി കൈപ്പറ്റിയ ദിനത്തിലാണ് ഇടയന്മാരുടെ ഭക്തിപ്പടം ലീക്കായത്. ദേ ഇപ്പം പുടി കിട്ടിയല്ലോ സി ഡി ചോര്‍ത്തിയതാരാണെന്ന്. ഇനിയിപ്പം മുകളില്‍ ചേര്‍ത്തിരിക്കുന്ന ഭാഗം സന്ദര്‍ഭത്തില്‍‌നിന്ന് അടര്‍ത്തിമാറ്റിയതാണോയെന്ന് സം‌ശയിക്കുന്ന വാസുമാര്‍ക്കായി ലിങ്ക് ദാ പിടിച്ചോ.

പിന്നൊരു കാര്യം! ഡിക്കനച്ചന്‍റെ ബ്ലോഗില്‍ പോകുന്ന പുതുബ്ലോഗര്‍‌മാര്‍ക്കായി ഒരു Statutory Warning ഉണ്ട്. "Keep away from sharp objects"! അങ്ങേരുടെ ചില മാരക പോസ്റ്റുകള്‍ വായിച്ച് പരിസരം മറന്ന് വീണുരുണ്ട് ചിരിക്കുമ്പോള്‍ (ROTFL) പരിക്കുപറ്റാന്‍ സാധ്യതയുണ്ട്. കൊച്ചുവെളുപ്പാങ്കാലത്ത് അടുക്കളയില്‍ കഞ്ഞീം കറീം വെച്ച് കളിക്കുന്ന ശീലമില്ലാത്ത കുഞ്ഞുകന്യാസ്ത്രികള്‍ തങ്ങളുടെ മുറികളില്‍ ആവശ്യത്തിന് കുടിവെള്ളം കരുതണം എന്നോര്‍മ്മിപ്പിക്കാനായി അഭയ എന്നൊരു മനോരോഗിയുടെ ഫോട്ടോയും പതിപ്പിച്ചിട്ടുണ്ട് അങ്ങേരുടെ ബ്ലോഗില്‍.

എന്‍റെ തറവാട്ടിലുമുണ്ട് അപ്പൂപ്പന്‍ വേട്ടയാടിക്കൊന്ന ഒരു മാന്‍‌പേടയുടെ തല!

21 comments:

ബിനോയ്//HariNav 28 September 2009 at 10:00  

നാര്‍ക്കോ CD ചോര്‍ന്ന വഴി?!

Unknown 28 September 2009 at 10:48  

"എന്റെ തറവാട്ടിലുമുണ്ടു് അപ്പൂപ്പൻ വേട്ടയാടി കൊന്ന ഒരു മാൻപേടയുടെ തല."

എല്ലാ കത്തോലിക്കാദേവാലയങ്ങളുടെയും അകത്തും പുറത്തുമുണ്ടു് പൗരോഹിത്യനീചത്വം പണ്ടു് വേട്ടയാടി കുരിശിൽ തറച്ചു് കൊന്ന ഒരു മരപ്പണിക്കാരന്റെ രക്തമൊഴുകുന്ന ഉടലിന്റേയും തലയുടെയും എത്രയോ വിഗ്രഹങ്ങൾ! അപ്പനെ കൊന്നു് അയയിൽ തൂക്കുന്നവർക്കുണ്ടോ മകളുടെ ഫോട്ടോ ബ്ലോഗിൽ തൂക്കിയിടാൻ ഉളുപ്പു്? ദൈവനാമത്തെയും ദൈവമക്കളെയും ഒരുപോലെ വ്യഭിചരിക്കുന്ന അവസരവാദികൾ!!

ലേഖനം നന്നായി എന്നു് മാത്രം പറഞ്ഞു് പോകാൻ തോന്നിയില്ല.

VEERU 28 September 2009 at 11:56  

"എന്റെ തറവാട്ടിലുമുണ്ടു് അപ്പൂപ്പൻ വേട്ടയാടി കൊന്ന ഒരു മാൻപേടയുടെ തല." ഇത് മാത്രം മതി..കൊള്ളേണ്ടിടത്തു കൊള്ളാൻ...
ഈ വരികളിലെ ആക്ഷേപഹാസ്യം മനോഹരമായിട്ടുണ്ട് ബിനോയിയേ...!!

Raveesh 28 September 2009 at 12:14  

ങ്ങടെ സ്റ്റൈൽ കൊള്ളാട്ടാ....!!

രഞ്ജിത് വിശ്വം I ranji 28 September 2009 at 12:30  

എന്റെ ബിനോയീ.. അത്തരം പലമാന്‍പേടകളേയും വിശുദ്ധരാക്കാന്‍ സഭ ഓടി നടക്കുന്ന കാലമല്ലേ.. കലികാലം...
ലിങ്ക്‍ തന്ന ബ്ലോഗില്‍ നേരത്തെ പോയിട്ടുണ്ട്... വായിച്ച് ചിരിച്ചു മറിഞ്ഞു.. കമന്റണമെന്നു തോന്നി പിന്നെ വേണ്ടെന്നു വെച്ചു .. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്ത്താന്‍ പറ്റില്ലല്ലോ..
കത്തോലിക്കാ സഭ കേരളത്തിലെ ഇടതുപക്ഷത്തിനെതിരെ കുഞ്ഞാടുകള്‍ക്കിടയില്‍ നടത്തുന്ന വിഷപ്രചാരണത്തിന്റെ തീവ്രത എത്രയെന്നറിയാന്‍ ആ ബ്ലോഗ് ഏറ്റവും വലിയ തെളിവാണ്.

Koonanurumpu 28 September 2009 at 13:38  

പണവും അധികാരവും വേണ്ടുവോളം കുമിഞ്ഞു കൂടുമ്പോ ഏത് അച്ചന് കന്ന്യസ്ത്രീക്കും ചില ആഗ്രഹങ്ങള്‍ ഉണ്ടാവുകയും . സഫലീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും . രാജ്യത്തിന്റെ നീതിയും നിയമവും തങ്ങള്‍ക്ക് ബാധകമല്ല എന്ന് ചിന്തിക്കുന്ന കുറച്ചു തിരുമേനി മാറും പാതിരിമാരും ആണ് ഇന്നു ക്രിസ്തവ സഭ നിയന്ത്രിക്കുന്നത് (കേരളത്തില്‍ ) ആദര്‍ശം നഷ്ടമാകുന്ന കേരളത്തിലെ ഇടതു പക്ഷത്തെ പോലെ , ആത്മീയത നഷ്ടപെടുന്ന പുരോഹിത വര്‍ഗം ആണ് ഇന്നുള്ളത് . ഇതൊക്കെ ക്രിസ്ത്യാനി ആയ ഞാന്‍ തന്നെ പറയുന്നതില്‍ എനിക്ക് തന്നെ വിഷമം ഉണ്ട് . ഒരുപാടു കഷ്ടപെടുന്ന ക്രിസ്തീയ മിഷനറി മാരെ ഉത്തരേന്ത്യയിലും മറ്റും പോയാല്‍ കാണാം . അവര്‍ക്കൊക്കെ തീരാ കളങ്കം ആണിവര്‍.

shajkumar 28 September 2009 at 19:11  

വിമൊചന സമരത്തിനു വല്ല സ്കൊപ്പും ഉണ്ടൊ ആവൊ

വാഴക്കോടന്‍ ‍// vazhakodan 29 September 2009 at 13:01  

എന്‍റെ തറവാട്ടിലുമുണ്ട് അപ്പൂപ്പന്‍ വേട്ടയാടിക്കൊന്ന ഒരു മാന്‍‌പേടയുടെ തല!

Thats it!

chithrakaran:ചിത്രകാരന്‍ 29 September 2009 at 20:05  

നല്ല നിരീക്ഷണങ്ങള്‍.
ജനങ്ങളുതന്നെയാണ് കുറ്റക്കാര്‍ എന്നേ ചിത്രകാരന്‍ പറയു. പള്ളീലച്ഛന്മാരെ വ്യഭിചാരക്കാരായും,കന്യാസ്ത്രീകളെ
പഴയ ദേവദാസികളായും ദേവദാസികളുടെ കുറച്ചുകൂടി ചീഞ്ഞരൂപമായ തേവ്ടിശ്ശിയായും സംബോധന ചെയ്യാന്‍ ജനത്തിനു ധൈര്യമുണ്ടായിത്തുടങ്ങിയാല്‍ എല്ലാം ശരിയാകും.അയ്യഭാവം പറയുന്ന സ്ത്രൈണത പാടില്ല. കുറഞ്ഞപക്ഷം ഏടാ പള്ളീലച്ചാ എന്നും എടാ മെത്രാനെ എന്നും വിളിച്ചു തുടങ്ങിയാല്‍ തന്നെ
ഈ ചൂലുകളുടെ ശരീരത്തിലെ കൊഴുപ്പ് ഉരുകാന്‍ തുടങ്ങും.

പക്ഷേ, നമുക്കതിന് കഴിയില്ല.
നമ്മളെല്ലാം വളരെ മാന്യന്മാരായി വെള്ള ഷര്‍ട്ടും ധരിച്ച് പുണ്യാത്മാക്കളായി നില്‍ക്കുകയാണ്.
അമാന്യവും സംസ്കാര ശൂന്യവുമായ സത്യ സന്ധതയും,നഗ്നതയും ചെറ്റ സംസ്ക്കാരത്തിന്റെ അളവുകോലുകളാണെന്ന് കുഞ്ഞാടുകളായ നാം കാണാപ്പാഠം പഠിച്ചുവച്ചിട്ടുണ്ട്.

തറനിരപ്പില്‍ നില്‍ക്കുന്ന മനുഷ്യരാകാതെ,വെറും പണം കൊണ്ടുമാത്രം
സമൂഹത്തിന് സാംസ്കാരിക അടിത്തറ പണിയാനാകില്ലെന്നത്
ചിത്രകാരന്റെ വെളിപാട് :)

ചിത്രകാരന്റെ കമന്റ് അഹിതമായെങ്കില്‍ ഒഴിവാക്കാന്‍
മടിക്കരുത്.
ആശംസകളോടെ.

വയനാടന്‍ 29 September 2009 at 21:45  

കിടിലം സുഹ്രുത്തേ! തിരുമേനിമാർക്കിനിയും നേരം വെളുത്തിട്ടില്ല. അവരങ്ങനെ കണ്ണടച്ചു പാൽ കുടിച്ചു കൊണ്ടേ ഇരിക്കട്ടേ, സീ ഡികൾ ഇന്യും പുറത്തു വരട്ടേ

ബിനോയ്//HariNav 29 September 2009 at 22:23  

ബാബുമാഷ്, സത്യം! നിരാലം‌ബയായ ഒരു പാവം പെണ്‍കുട്ടിയെ തല്ലിക്കൊന്ന് കിണറ്റിലിട്ട്, അവളുടെ കുടുംബത്തെ അപമാനിച്ച്, പൊതുസമൂഹത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച്, ഒടുവില്‍ ജനത്തിന് മുന്‍പില്‍ നിക്കറില്ലാതെ പിടിക്കപ്പെട്ട്.. ഇതിനൊക്കെ ശേഷം ആ പെങ്കൊച്ചിന്‍റെ പടം ബ്ലോഗില്‍ ചില്ലിട്ട് തൂക്കാന്‍ കാണിച്ച ആ ഉളുപ്പില്ലായ്മ തന്നെയാണ് ഈ പോസ്റ്റിന് പ്രകോപനവും പ്രചോദനവും. ഇഷ്ടമില്ലതിരുന്നിട്ടും സന്ദര്‍ഭവശാല്‍ ആ ബ്ലോഗില്‍ എത്തിപ്പെട്ടതാണ്. ചില്ലിട്ടുവെച്ച ഇരയെ കണ്ടപ്പോള്‍ പൊതുസമൂഹത്തിന്‍റെ ഭാഗമായ ഈ ബ്ലോഗറും അപമാനിതനായതായി തോന്നി. അതുകൊണ്ടുതന്നെയാണ് വലിയ കാതലൊന്നുമില്ലാത്ത ഒരു കാരണമുണ്ടാക്കി കലിപ്പടക്കിയത്.
വായനക്കും അഭിപ്രായത്തിനും നന്ദി :)

Veeru, Raveesh, Ranjith, Rtk, Shajikumar, വാഴ, വായനക്കും കമന്‍റിനും നന്ദി :)

ചിത്രകാരന്‍‌മാഷേ, കമന്‍റ് അഹിതമായില്ലെന്നു മാത്രമല്ല ക്ഷ പിടിക്കുകയും ചെയ്തു. കുറ്റം ജനത്തിന്‍റേത് തന്നെ എന്ന നിരീക്ഷണം ശരിതന്നെ. ചിത്രകാരനെ പോലുള്ളവരെ അവര്‍ ഒരിക്കലും ലക്ഷ്യമിടാറില്ല. തങ്ങളുടെ ഇരകളേ കൃത്യമായി തിരിച്ചറിഞ്ഞ് മസ്തിഷ്ക്കപ്ര്ഷാളനം നടത്താനുള്ള അസാമാന്യമായ കഴിവ് പരമ്പരാഗതമായി പുരോഹിതവര്‍ഗ്ഗം ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്. ഈ പരാന്നഭോജികളേക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നിയോഗമുള്ള രാഷ്ട്രീയക്കാരാകട്ടെ ഈത്തയുമൊലിപ്പിച്ച് അവരുടെ തിണ്ണ നിരങ്ങുന്നു. ചെയ്യാനുള്ളത് ഒന്നേയുള്ളു. സ്വയം ബോധവാന്മാരായിരിക്കുക. സ്വന്തം കുടും‌ബത്തിലെങ്കിലും ഉറക്കെ ചിന്തിക്കുക. അതിന്‍റെ ഗുണഫലം സമൂഹത്തിനും സ്വന്തമാകും.
വായനക്കും അഭിപ്രായത്തിനും നന്ദി :)

വയനാടന്‍‌മാഷേ നന്ദി :)

Anil cheleri kumaran 1 October 2009 at 19:45  

:)

Suraj 3 October 2009 at 00:25  

മൂര്‍ച്ച...വീണ്ടും...അല്ല, എപ്പഴത്തെയും പോലെ.

സ്വതന്ത്രന്‍ 3 October 2009 at 09:04  

ഈ കേസ് ഈ നുറ്റാണ്ടില്‍ എങ്കിലും തെളിയുമോ ആവോ .,....

എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട് എന്റെ ബ്ലോഗ്

ഭായി 3 October 2009 at 14:24  

ഈ പ്രതി അച്ചന്മ്മര്‍ക്കും പ്രതിനി സഹോദരിക്കും കഞീം കറീം കളിയേ അറിയൂ...?
“ഒളിച്ചു കളി“ അറിയില്ലേ..?
അതല്ലേ ഈ കുഴപ്പ്മൊക്കെയുണ്ടായത്..
അടുത്ത ഒരു സി ബി ഐ കുറിപ്പിനായി കാത്തിരിക്കുന്നു...

കലക്കീട്ടോ...

Anonymous 16 November 2009 at 17:08  
This comment has been removed by a blog administrator.
Anonymous 16 November 2009 at 22:13  
This comment has been removed by a blog administrator.
Anonymous 17 November 2009 at 23:06  
This comment has been removed by a blog administrator.
Anonymous 18 November 2009 at 10:35  
This comment has been removed by a blog administrator.
ബിനോയ്//HariNav 18 November 2009 at 11:01  

ഏതോ അന്യദേശക്കാരനായ ഒരു പാവം അനോണി രണ്ടുനാലായി ഇവിടെ തിരിഞ്ഞ്കളിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഭാഷ പോലും നമുക്ക് അജ്ഞാതമായതുകൊണ്ട് (ഏതോ പാവനഭൂമിയിലെ ദൈവികമോ വൈദികമോ ആയ ഭാഷയാണെന്ന് തോന്നുന്നു) കമന്‍റുകള്‍ ഡിലീറ്റുന്നു. ഇത് ഇനിയും വരാന്‍ സാദ്ധ്യതയുള്ള അനോണി കമന്‍റുകള്‍ക്ക് കൂടിയുള്ള മറുപടിയായി ഗണിക്കണമെന്ന് അപേക്ഷ. നന്ദി

Anonymous 19 November 2009 at 09:06  
This comment has been removed by a blog administrator.