Sunday, 6 June 2010

ആന്‍റിനാ പരീതുമാര്‍ നവലോകത്തില്‍

‍ ഇന്‍ നൈന്‍റീന്‍ എയ്റ്റീസ്. പൂജപ്പുര രവിയുടെ കണ്ണുകള്‍ പോലെ വിജ്രം‌ഭിച്ച് നിന്നിരുന്ന ടെലിവിഷന്‍ പിക്‌ച്ചര്‍ ട്യൂബുകളില്‍ 'ഗ്രെയ്‌ന്‍സ്' എന്ന ഈച്ചക്കൂട്ടം സുലഭമായി പറന്ന് കളിച്ചിരുന്ന കാലം. ദൂരദര്‍ശനില്‍ തേജേശ്വര്‍ സിങ് വായിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുകയും ഗീതഞ്ജലി അയ്യരും റിനി സൈമണും വായിക്കുന്ന വാര്‍ത്തകള്‍ കാണുകയും ചെയ്തിരുന്ന കാലം. അനന്തപുരിയില്‍‌നിന്നും കുന്നുകളും മലകളും താണ്ടി മൃതപ്രായരായെത്തി മേഘങ്ങള്‍ക്കും മരങ്ങള്‍ക്കുമിടയില്‍ ഒളിച്ചുകളിച്ചിരുന്ന സിഗ്നലുകളെ ആകാശത്തോളം ഉയരമുള്ള 'കമ്പി ആന്‍റിന' എന്ന വലവിരിച്ചു പിടിച്ച് ബൂസ്റ്റ് കൊടുത്ത് വളര്‍ത്തി വലുതാക്കി 'ബുനിയാദും' 'ചുനൗത്തിയും' തൊണ്ടതൊടാതെ വിഴുങ്ങിയിരുന്ന കാലം. പിക്‌ച്ചര്‍ ട്യൂബിനെ വെല്ലുന്ന പ്രൊജക്ഷനുമായി കണ്ണു തള്ളിയിരുന്ന് സല്‍മാ സുല്‍ത്താനെയും നീതി രവീന്ദ്രനെയും ആവാഹിച്ചിരുന്ന പ്രേക്ഷകന്‍റെ സ്വപ്നാരാമത്തിലേക്ക് അപ്രതീക്ഷിതമായി തേനീച്ചകളെ ഇളക്കിവിടുന്ന ഔചിത്യമില്ലാത്ത കോമാളിയായിരുന്നു ആന്‍റിന എന്ന വില്ലന്‍. ഒരു ചെറുകാറ്റോ ചാറലോ മതി രണ്ടിഞ്ചിന്‍റെ ജി ഐ പൈപ്പുകളില്‍ തലയുയര്‍ത്തി നിന്നിരുന്ന പഹയന്‍ പണിമുടക്കാന്‍. സ്വാഭാവികമായും ആന്‍റിന ഇന്‍‌സ്റ്റലേഷന്‍ ഏന്‍റ് റിപ്പയര്‍ എന്നൊരു പുതിയ തൊഴില്‍ മേഖല രൂപപ്പെട്ടു. ഉച്ചക്ക് ഈച്ചപിടുത്തവും രാത്രിയില്‍ മാക്രിപിടുത്തവുമായി നടന്നിരുന്ന കുറേ ചെറുപ്പക്കാര്‍ ആന്‍റിന എക്സ്‌പേര്‍ട്ടുകളായി കളത്തിലിറങ്ങി പുട്ടടിക്കാനുള്ള വക കണ്ടെത്തി. ആന്‍റിനയുടെ ഉയരം ഈസ് ഡൈറക്‌ട്‌ലി പ്രൊപ്പോഷണല്‍ ടു പിക്‌ചര്‍ ക്വാളിറ്റി എന്നതായിരുന്നു പൊതു തത്വം. അസം‌ഖ്യം സ്റ്റേ വയറുകളുടെ സഹായമുണ്ടെങ്കിലും ജി ഐ പൈപ്പുകള്‍ക്ക് ചെന്നെത്താന്‍ കഴിയുന്ന ഉയരത്തിന് ഒരു പരിധിയുണ്ടായിരുന്നു. ഈ അവസരത്തിലാണ് പുതിയൊരു ടെക്നോളജിയുമായി പരീതണ്ണന്‍ എന്ന ആന്‍റിനാപ്പരീത് രം‌ഗപ്രവേശം ചെയ്യുന്നത്. വാനോളം ഉയരമുള്ള കൊന്നത്തെങ്ങുകളുടെ മുകളില്‍ ചുരുങ്ങിയ ചിലവില്‍ ആന്‍റിന ഉറപ്പിച്ചുകൊണ്ട് ദൃശ്യമാദ്ധ്യമങ്ങളുടെ സാങ്കേതികവിദ്യാരം‌ഗത്ത് വിപ്ലവാത്മകമായ ഒരു എപ്പൊസോഡിന് തുടക്കം കുറിക്കപ്പെട്ടു. തെങ്ങാന്‍റിനയുടെ തെളിച്ചം സ്വന്തമാക്കാന്‍ നാട്ടാരെല്ലാം ആന്‍റിനാപ്പരീതിന്‍റെ ഒരു ഡേറ്റിനായി പരക്കം പാഞ്ഞു. ശ്രീകൃഷണന് കൊട്ടേഷന്‍ കൊടുക്കാന്‍ കാവലിരുന്ന ധര്‍മ്മനും ദുര്യോധനനും പകര്‍ന്ന ഇന്‍സ്പിരേഷനില്‍ ആന്‍റിനാപ്പരീതിനെ ബുക്ക് ചെയ്യാനായി ഗൃഹനാഥന്മാര്‍ കൊച്ചുവെളുപ്പാന്‍‌കാലത്ത് ഇടവഴികളില്‍ മല്‍സരയൊട്ടം തന്നെ നടത്തി. 'തൊടിയായാലൊരു തെങ്ങ് വേണം, തെങ്ങായാലൊരു ആന്‍റിന വേണം' എന്നൊരു പഴഞ്ചൊല്ല് മുന്‍‌കാലപ്രാബല്യത്തോടെ പ്രകാശനം ചെയ്യപ്പെട്ടു. തെങ്ങില്‍ ആന്‍റിന ഇല്ല എന്ന ഒറ്റക്കാരണം കൊണ്ട് വീടുകളില്‍ കല്യാണം മുടങ്ങുന്ന അവസ്ഥ സം‌ജാതമായി. നിലവിലെ ഡിമാന്‍റ് മീറ്റ് ചെയ്യാന്‍ ചുരുങ്ങിയത് ഒരു ഡസന്‍ ആന്‍റീനാപ്പരിതുമാര്‍ എങ്കിലും വേണമെന്ന അവസ്ഥയുണ്ടായെങ്കിലും തെങ്ങുകയറ്റവും ആന്‍റിന ഫിക്സിങ്ങിന്‍റെ സാങ്കേതികവിദ്യയും ഒരേപോലെ സ്വായത്തമാക്കിയവരുടെ അഭാവത്തില്‍ പരീതിന് ഒരു ബദല്‍ ഉരുത്തിരിഞ്ഞില്ല. പഴയ ആന്‍റിന എക്സ്പേര്‍ട്ടുകളില്‍ പലരും മാക്രിപിടുത്തത്തിലേക്ക് തിരികെ പോകുകയും ശേഷിച്ചവര്‍ ആന്‍റിനാപ്പരീതിന്‍റെ നിഴലെത്താത്ത നാടുകളിലേക്ക് ഓടിപ്പോകുകയും ചെയ്തു. അധികം വൈകാതെതന്നെ നാട് ഒരു സമ്പൂര്‍ണ്ണ തെങ്ങാന്‍റിന ഗ്രാമമായി മാറിയെങ്കിലും ആന്‍റിനാപ്പരീതിന്‍റെ ഡിമാന്‍റിന് കുറവുവന്നില്ല. അദ്യമാദ്യം തെങ്ങിലേറിയ ആന്‍റിനകളില്‍ തകരാറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടൊപ്പം ആന്‍റിനാപ്പരീതിന്‍റെ സമീപനത്തിലും മാറ്റങ്ങള്‍ ദൃശ്യമായി. ഇന്‍സ്റ്റലേഷന് വേണ്ടിവന്നതിലും അധികം തുക അറ്റകുറ്റപ്പണികള്‍‌ക്കായി ആന്‍റിനാപ്പരീത് ഈടാക്കാന്‍ തുടങ്ങിയതോടെ സ്ത്രീധനത്തിലും അധികം തുക മരുമകന് പോക്കറ്റ് മണിയായി കൊടുക്കണ്ടി വന്ന അമ്മായിഅപ്പന്‍റെ അവസ്ഥയില്‍ നാട്ടുകാര്‍ എത്തിപ്പെട്ടു. ആന്‍റിനാപ്പരീതിന്‍റെ കമ്മീഷന്‍ ഏജന്‍റുമാരായി മാറിയ മക്കളുടെയും മരുമക്കളുടെയും നേതൃത്വത്തിലുള്ള മാഫിയാസം‌ഘങ്ങള്‍ തമ്മിലുള്ള പോരില്‍ നാടിന്‍റെ സമാധാനാന്തരീക്ഷം താറുമാറായി. തെങ്ങിന്‍റെ മണ്ടയില്‍ പണിമുടക്കിയിരിക്കുന്ന ആന്‍റിനകള്‍ താഴെയെത്തിച്ച് കൊടുക്കുകയെങ്കിലും ചെയ്യണമെന്ന അപേക്ഷകള്‍ നിഷ്ക്കരുണം നിരസിക്കപ്പെട്ടു. ആന്‍റിനാപ്പരീതിന്‍റെ സേവനം അപ്രാപ്യമായ വീടുകള്‍ ചിത്രഹാറും ചിത്രമാലയുമില്ലാതെ തളര്‍ന്നു കിടന്നു. ഞായറാഴ്ച്ചകളില്‍ രം‌ഗോളിയില്ലാതെ വീടുകള്‍ വൈകിയുണരുകയും പാതിരാപ്പടമില്ലാതെ നേരത്തെ ഉറങ്ങുകയും ചെയ്തു. ലഘുവായ ഈച്ചശല്യം ഉണ്ടായിരുന്നെങ്കിലും മുടക്കുകാശിന് ഫലം തന്നിരുന്ന ജി ഐ പൈപ്പുകളേക്കുറിച്ച് അമ്മൂമ്മമാര്‍ ഗൃഹാതുരതയോടെ കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്തു.
------------------------
മുകളിലെ കഥയില്‍ സാമാന്യം മസാല കലര്‍ത്തിയിട്ടുണ്ടെങ്കിലും കഥാതന്തു സത്യമാണ്. കഥ നടന്ന കാലത്ത് പൊടിപ്പൈയ്യനായിരുന്ന ഈ ബ്ലോഗര്‍ പില്‍ക്കാലത്താണ് തിരിച്ചറിഞ്ഞത് 'കുത്തക' എന്ന സം‌ഭവത്തിന്‍റെ ഏറ്റവും ലളിതമായ പ്രാദേശിക രൂപമായിരുന്നു ആന്‍റിനാപ്പരീതെന്ന്. നവലോകം ആന്‍റീനാപ്പരീതുമാരുടേതാണ്. മനുഷ്യരാശിയെ സ്വന്തം കാല്‍ക്കീഴില്‍ കുരുക്കിയിടനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന തിരക്കിലാണ് ലോകവിപണിയിലെ കുത്തകകള്‍. നിയന്ത്രണമില്ലാത്ത സ്വകാര്യവല്‍‌ക്കരണത്തിന്‍റെ ട്യൂമര്‍ പൊട്ടിത്തെറിച്ചുണ്ടായ ആഗോള സാമ്പത്തികമാന്ദ്യം എന്ന ദുരന്തം പൊതുമേഖല എന്ന ജീവവായുവിന്‍റെ പ്രാധാന്യം ഇനിയും തിരിച്ചറിയാത്തവര്‍‌ക്കുള്ള പാഠമാകേണ്ടതാണ്. ബാങ്കിങ്ങും ആരോഗ്യവും അടക്കമുള്ള സമസ്തമേഖലകളും ആരോടും പ്രതിബദ്ധതയോ ഉത്തരവാദിത്വമോ ഇല്ലാത്ത സ്വകാര്യ മേഖലക്ക് തീറെഴുതിയതിനുള്ള പിഴ ഒടുക്കേണ്ടിവന്നത് ഒടുവില്‍ നികുതിദായകനും.പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തുക എളുപ്പമല്ല. സാമ്പത്തിക മാന്ദ്യത്തിന്‍റെ അടുത്ത ഊഴത്തില്‍ തകര്‍ച്ചയുടെ ആഘാതം എങ്ങനെ കൂടുതല്‍ ഫലപ്രദമായി പൊതുജനത്തിന്‍റെ അക്കൗണ്ടിലേക്ക് തിരിച്ചുവിടാം എന്നത് മാത്രമായിരിക്കും കുത്തകകള്‍ ഉരുവിടുന്ന പാഠം. വ്യക്തിജീവിതത്തിന്‍റെയും രാഷ്ട്രങ്ങളുടെ ഭരണസം‌വിധാനങ്ങളുടെ തന്നെയും അവശ്യഘടകങ്ങളായി അവതരിക്കപ്പെടുന്ന സാങ്കേതികവിദ്യകളുടെ ഉടമസ്ഥാവകാശം ഏതാനം ചില വ്യക്തികളുടെ സ്വകാര്യസ്വത്തായി നിലനില്‍ക്കുന്നതിലുള്ള അപകടം നാം തിരിച്ചറിയേണ്ടതുണ്ട്. വിജ്ഞാനദാഹത്തിന്‍റെ ഉപോല്പ്പന്നങ്ങളായി ഉരുത്തിരിയുന്ന കണ്ടുപിടുത്തങ്ങള്‍ ഇന്ന് വിരളമായിരിക്കുന്നു. പകരം എന്‍ഡ് പ്രൊഡക്ടും അതിന്‍റെ വിലയും തീരുമാനിച്ചുറപ്പിച്ച് കുത്തകകളുടെ സ്പോണ്‍സര്‍‌ഷിപ്പില്‍ നടത്തപ്പെടുന്ന ഗവേഷണപരീക്ഷണങ്ങള്‍ക്കാണ് മേല്‍ക്കൈ. വായ്ക്ക് രുചി പകരുന്ന ഒരുകെട്ട് പപ്പടമുണ്ടാക്കി വിറ്റഴിച്ച് അതില്‍‌നിന്നുള്ള മാന്യമായ ലാഭം കൊണ്ട് കഞ്ഞികുടിച്ച് കഴിയാം എന്ന ലളിതമായ കച്ചവട തത്വത്തിന് ഇന്നു പ്രസക്തിയില്ല. പപ്പടം എന്ന് ചിന്തിക്കുന്നവനേയെല്ലാം എങ്ങനെ തന്‍റെ പപ്പടം മാത്രം തീറ്റിക്കാമെന്നും ഒരിക്കല്‍ തന്‍റെ പപ്പടം തിന്നുന്നവന്‍റെ പത്ത് തലമുറകളെ അതിന് അടിമകളാക്കി മാറ്റാനുതകുന്ന സാങ്കേതികവിദ്യകള്‍ എങ്ങനെ വികസിപ്പിക്കാമെന്നും തലപുകക്കുന്നവരാണ് ഇന്നിന്‍റെ വിപണിയിലെ ജേതാക്കള്‍. ഇവിടെയാണ് ഒരു ബദല്‍ മരുന്നായി സേവന നിര്‍മ്മാണ മേഖലകളില്‍ ഒരുപോലെ പൊതുമേഖലയെ ഊര്‍ജ്ജ്വസ്വലമായി നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യം.

ബൃഹത്തായ വിഷയമാണ്. ചുരുക്കുന്നത് സമയക്കറവുകൊണ്ടല്ല. സ്വന്തം കുടും‌ബ ബഡ്ജറ്റിന്‍റെ സാമ്പത്തികശാസ്ത്രം തന്നെ ഇനിയും വേണ്ടവിധം പിടികിട്ടാത്ത ഈ ബ്ലോഗര്‍ പത്രമാസികകള്‍ വായിച്ച് വികസിച്ച സാമാന്യബുദ്ധിയുടെ പുഷ്ടിയില്‍ കുറിച്ചതാണ് ഇതുവരെ. പ്രചോദനമായത് നമ്മുടെ സം‌സ്ഥാനത്തെ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നാലുവര്‍ഷം മുമ്പത്തെ പന്ത്രണ്ടിന്‍റെ സ്ഥാനത്ത്, മുപ്പത്തിരണ്ടെണ്ണവും ലാഭത്തിലായിരിക്കുന്നു എന്ന സന്തോഷമുളവാക്കുന്ന അറിവും. അവശേഷിക്കുന്നവയും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലാകും എന്ന് വ്യവസായമന്ത്രിയുടെ പ്രഖ്യാപനം. പുതുതായി എട്ടോളം സം‌രം‌ഭങ്ങള്‍ക്ക് തുടക്കമിടാനും തീരുമാനിച്ചിരിക്കുന്നു. ലാഭത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ പോലും വിറ്റുതുലക്കുന്ന, വിത്തെടുത്ത് കുത്തുന്ന സമീപനം തലപ്പാവിലെ തൂവലായി കരുതുന്ന സാമ്പത്തികവിദഗ്ധര്‍ രാജ്യം വാഴുമ്പോള്‍ ഈ നേട്ടത്തിനു തിളക്കമേറും. ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്കും അവര്‍ക്ക് വഴികാട്ടിയായ സര്‍ക്കാരിനും അഭിവാദ്യങ്ങള്‍.

വാല്‍‌ക്കഷ്ണം: കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവന് വളമെന്ന പേരില്‍ പാഷാണം വിതരണം ചെയ്യുന്നത് കൊലപാതകത്തിലും നിഷ്ഠൂരമായ കുറ്റകൃത്യമാണ്. ഈ പാതകം കരുതുക്കൂട്ടി നടപ്പിലാക്കിയെന്ന് സം‌സ്ഥാനത്തിനാകെ ബോദ്ധ്യപ്പെട്ട കുത്തകക്കു വേണ്ടി കണ്ണീരൊഴുക്കുന്ന ഒരുദ്യോഗസ്ഥന് താന്‍ നേതൃത്വം കൊടുക്കുന്ന വകുപ്പ് നേടിയ ഈ വിജത്തിലുള്ള പങ്ക് അവകാശപ്പെടാനുള്ള അര്‍ഹതയില്ല എന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഈയുള്ളവനെടുക്കുന്നു.

14 comments:

ബിനോയ്//HariNav 6 June 2010 at 08:39  

ആന്‍റിനാ പരീതുമാര്‍ നവലോകത്തില്‍

രഞ്ജിത് വിശ്വം I ranji 6 June 2010 at 11:15  

ജി മെയിലില്‍ അക്കൌണ്ട് തുടങ്ങുമ്പോള്‍ കേട്ട വാചകമെന്തായിരുന്നു. ഇനിയൊരിക്കലും നിംഗളുടെ മെയിലുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വരില്ല എന്ന്..അത്ര സ്റ്റോറേജ് സ്പേസ് നല്കുമത്രേ.. വന്നു വന്ന് ഇപ്പോള്‍ പറയുന്നു നിംഗള്‍ 90 ശതമാനം കഴിഞ്ഞു ഇനി വേണേല്‍ കാശ് കൊടുത്ത് വാങ്ങിക്കണമെന്ന്. എല്ലാര്‍ക്കും അറിയാവുന്ന മെയില്‍ ഐഡി എന്നതിനാല്‍ ഉപേക്ഷിക്കാനും പറ്റുന്നില്ല. ഇതു തന്നെയല്ലേ ആന്റീന പരീതും ചെയ്തത്. പുതിയ ശീലങ്ങളിലേക്ക് മനുഷ്യനെ നയിക്കുക.. അതിന്റെ അടിമയാക്കുക എന്നിട്ട് വില പേശുക..

സുശീല്‍ കുമാര്‍ 6 June 2010 at 11:25  

ആന്റിനാ പരീതുമാരും, കൂട്ടിക്കൊടുപ്പുകാരായ ഭരണക്കാരും, ഉപഭോഗത്തിനുവേണ്ടി ഭ്രാന്തുപിടിച്ചു പായുന്ന ജനവും. രാഷ്ട്രീയാവബോധമെന്നത് പൊറുക്കപ്പെടാത്ത തെറ്റാകുന്ന കാലവും.

ജനശക്തി 6 June 2010 at 12:03  

പൊതുമേഖല ശക്തിപ്പെടുത്തേണ്ടത് എത്രയും ആവശ്യമാണ്. പൊതുമേഖല ഇല്ലാതാകുമ്പോഴേ അതിന്റെ വിലയറിയൂ.

ഒഴാക്കന്‍. 6 June 2010 at 18:11  

വായിച്ചു , കൊള്ളാം

ഷിബിന്‍ 6 June 2010 at 19:24  

സ്വകാര്യ മേഖലയുടെ ഊതി വീര്‍പ്പിച്ച കുമിള പോട്ടിക്കഴിഞ്ഞു.. എല്ലാവരും പഴഞ്ഞനെന്നു അതിക്ഷേപിച്ച പോതുമെഖലക്കാണ് ഇനി ഭാവി.. ഇന്നത്തെ യുവത്വം വെറും 2 വര്ഷം മുന്‍പ് വരെ സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ വേണ്ടെന്നു വെക്കുമായിരുന്നു.... കനത്ത ശമ്പളം കിട്ടുന്ന സ്വകാര്യ മേഖലയല്ലേ കിടക്കുന്നത്... ഇന്ന് എല്ലാവരും(ഈയുള്ളവനും) ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടു കഴിയുന്നു...

സമാന്തരന്‍ 7 June 2010 at 08:11  

ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളക്കരയിലെ മുഴുവന്‍ ജനങ്ങളും പ്രത്യേകിച്ച് ചെറുപ്പക്കാര്‍ പലവുരു വായിച്ച് പ്രാവര്‍ത്തികമാക്കേണ്ട ഒരു സുവര്‍ണ്ണ ചിന്തയാണ് താങ്കള്‍ പകര്‍ന്നത്. സ്വകാര്യമേഖലകളുടെ വളര്‍ച്ച അതിഭീകരമെന്ന് നോക്കി കാണാനുള്ള വിചാരങ്ങള്‍ ഇപ്പോഴനുഭവിച്ച സാമ്പത്തിക മാന്ദ്യത്തില്‍നിന്നെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

Suraj 7 June 2010 at 09:54  

കേരളം കണ്ട ഏറ്റവു മികച്ച ഒരുകൂട്ടം മന്ത്രിമാരുടെ ടീമാണ് അടുത്ത മേയ് മാസത്തോടെ ഊഴമവസാനിപ്പിക്കുന്നത്. അയ്യഞ്ചുവര്‍ഷം കേരളത്തെ പാട്ടത്തിനെടുക്കുന്ന ലൂസിഫറുകള് ചാണകവെള്ളവും കൊണ്ട് ഇറങ്ങിക്കഴിഞ്ഞു. ഇത്രയും കാലം "ചുവന്ന തലേക്കെട്ടുള്ള കപ്പടാമീശക്കാരന് വികസനം മുടക്കി‍" എന്ന ബക്കറ്റിലായിരുന്നു ചാണകവെള്ളം. അവന് കട്ടന്‍ ചായ മാറ്റി പാല്‍ച്ചായ കുടിക്കാനുള്ള പാങ്ങുണ്ടായപ്പോള്‍ "യെവനൊക്കെ കട്ടനും പരിപ്പുവടയും മറന്നോ !" എന്ന നൊസ്റ്റാള്‍ജിക് ചാണകവെള്ളവുമായി അണ്ണന്മാര്‍ ഇറങ്ങി. തൊഴിലാളിയുടെ ചട്ടിയില്‍ നിന്ന് വരെ വാരിയിട്ടും ഒടുക്കം പൂട്ടാന്‍ അച്ചുകുത്തി വച്ചിരുന്ന വ്യവസായങ്ങളടക്കം ലാഭത്തിലായപ്പോഴോ, ചാണകവെള്ളത്തിനു പുതിയ ലേബലായി - "വികസന ഭീകരത". കൊച്ചിയിലെ കാടുപിടിച്ചുകിടക്കുന്ന എസ്റ്റേറ്റ് തെളിച്ചാല്‍ ചാണകവെള്ളത്തിനു വേറെ പേരാവും - "വനനശീകരണം".കൃഷിയുല്പാദനം സര്‍‌വകാല റെക്കോഡിലാണ്, മരമില്ലാത്തിടത്ത് വ്യവസായം തുടങ്ങാമെന്ന് വച്ചാലോ, "കൃഷി ഭൂമി നികത്തുന്ന" വേറേ ചാണകവെള്ളം പുറകേ വരും. വനവിസ്തൃതി സര്‍‌വകാല റെക്കോഡില്‍ വര്‍ധിച്ചു എന്ന് പറഞ്ഞാല്‍ "അതിരപ്പള്ളീ"ന്ന് ചാണകവെള്ളം വരും.

ലാഭത്തിലായ 32 സ്ഥാപനങ്ങളുടെ വിജയഗാഥകളോ വര്‍ഷം മുഴുവന്‍ തുറന്നുകിടന്ന ട്രഷറിയോ സര്‍‌വകാല റെക്കോഡിലേക്ക് കുതിക്കുന്ന നികുതിപിരിവോ പച്ചക്കറി സംഭരണത്തിലെ നൂറ്റിപ്പത്തുശതമാനം വര്‍ധനയോ അഭൂതപൂര്‍‌വമായ കടാശ്വാസപദ്ധതികളോ ക്ഷമാമമറിയാത്ത സര്‍ക്കാര്‍ ഖജനാവോ ഒന്നുമല്ല നമ്മുടെ രാഷ്ട്രീയം അടുത്ത അഞ്ചു വര്‍ഷം എങ്ങനെയാവണമെന്ന് നിശ്ചയിക്കാന്‍ പോകുന്നത്. അത് നിശ്ചയിക്കാന്‍ പോകുന്നത് കരുണാകരനെയും മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയെയും ജേക്കബിനെയും പോലുള്ള, 2006ന് മുന്‍പത്തെ അഞ്ചുകൊല്ലം കൊണ്ട് "ദുര്‍‌ഭരണ"ത്തിന് പുതിയ നിര്‍‌വചനം സൃഷ്ടിച്ച,മെഗാ പാഴുകളാണ്..... അതാണ് സങ്കടം...അതുമാത്രമാണ് സങ്കടം !

രഘു 7 June 2010 at 10:36  

കൊള്ളാം നന്നായിരിക്കുന്നു.
ആഗോളവത്കരണത്തെക്കാള്‍ അപകടകരമാണ് ഈ കച്ചവടവത്കരണം എന്നെനിക്കു തോന്നുന്നു!
നന്മ എന്നത് എല്ലാ മേഖലയില്‍ നിന്നും അപ്രത്യക്ഷമാകുന്നു. വിദ്യാഭ്യാസത്തില്‍ പോലും താങ്കള്‍ പറഞ്ഞപോലെ സ്ഥാപിത താത്പര്യങ്ങളാണ് പരിരക്ഷിക്കപ്പെടുന്നത്. വളരെ അപകടകരമായ ഒരു അവസ്ഥയിലേയ്ക്കാണ് സമൂഹം പൊയ്ക്കൊണ്ടിരിക്കുന്നത്! അല്ലേ?

ജിവി/JiVi 7 June 2010 at 17:14  

ബിനോയിയുടെ നാട്ടിലെ ആന്റിനാ പരീത് തന്റെ കച്ചവടം ഉറപ്പിച്ചശേഷം സ്റ്റൈല്‍ മാറ്റുകയായിരുന്നു. ആഗോളീകരണകാലത്തെ ഇന്ത്യയില്‍ ആന്റിനാപരീതുമാര്‍ തുടക്കം മുതലേ അധീശത്വം സ്ഥാപിക്കുന്നു. കാരണം അവരാണ് സ്റ്റെയ്റ്റ്.

ബിനോയ്//HariNav 7 June 2010 at 18:36  

രഞ്ജിത്ത്, സുശീല്‍ കുമാര്‍, ഉപഭോക്താവിന് ഒരു choice പോലുമില്ലാത്തവിധം പൂര്‍ണ്ണമായും അടിമകളാക്കുക. അതിനായി സാങ്കേതികവിദ്യ, മാദ്ധ്യമങ്ങള്‍, വിദ്യാലയങ്ങള്‍, ഭരണകൂടങ്ങള്‍ എന്തിനെയും ഉപയോഗപ്പെടുത്താന്‍ കുത്തകകള്‍ക്ക് മടിയില്ല. വായനക്ക് നന്ദി :)

ജനശക്തി, ഒഴാക്കന്‍, വായനക്ക് നന്ദി :)

കൊസ്രാ കൊള്ളി, എല്ലാവര്‍ക്കും ഇതൊരു പുനര്‍ വിചിന്തനത്തിനുള്ള അവസരമാണ്. ലോകമെങ്ങും. താങ്കളുടെയും ആഗ്രഹം പോലെ ഒരു സര്‍ക്കാര്‍ ജോലിയുടെ സൗഖ്യം ആശംസിക്കുന്നു. (സര്ക്കാര്‍ ജോലിക്ക് പഴയ സുഖമൊന്നുമില്ലാട്ടാ. എല്ലായിടവും പഞ്ചിങ്ങ് മെഷീനുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു) :)

സമാന്തരന്‍, വായനക്ക് നന്ദി :)

സൂരജ്, ഈ സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ തുടങ്ങിയതഅണ് ഈ ചാണകം തളി. മന്തിസഭ സത്യപ്രതിജ്ഞ് ചെയ്ത ആഴ്ച്ചയില്‍ തന്നെ ഒരു പടപ്പ് മെയിലില്‍ കിട്ടി. നിയമബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള മന്ത്രിമാരെ വരെ സ്കൂള്‍ ഡ്രോപ്പൗട്ടുകളായി ചിത്രീകരിച്ചുകൊണ്ടാണ് തലേക്കെട്ടുകാര്‍ അധികാരക്കസേരയില്‍ ഏറിയതിലുള്ള കലിപ്പ് ചില തമ്പുരാക്കന്മാര്‍ കരഞ്ഞുതീര്‍ത്തത്. കേരളാ സര്‍ക്കാരിന്‍റെ വെബ്സൈറ്റൊന്ന് തുറന്ന് നോക്കാനുള്ള ബോധം പോലുമില്ലാതെ ഇത്തരം പ്രാക്കുകള്‍ ഫോര്‍‌വാര്‍ഡ് ചെയ്യാന്‍ ചില വിഡ്ഡികളും. സൂരജ് പറഞ്ഞപോലെ കുപ്പായം തുന്നിയിരിക്കുന്ന 'മെഗാ പാഴുകള്‍' അധികാരത്തിലേറി കൊല്ലം തികയുന്നതിനുമുന്നേ തനിക്കൊണം കാണിക്കാന്‍ തുടങ്ങുമ്പോള്‍ എല്ലാവനും കുശിയാകും.

രഘു, ജീവി, വായനക്ക് നന്ദി :)

Anil cheleri kumaran 8 June 2010 at 05:59  

'കമ്പി ആന്‍റിന' എന്ന വലവിരിച്ചു പിടിച്ച് ബൂസ്റ്റ് കൊടുത്ത് വളര്‍ത്തി വലുതാക്കി..

:)

Unknown 9 June 2010 at 18:24  

ശരിക്കും ചിന്തിക്കേണ്ട ഒരു വിഷയം തന്നെ. രഘു പറഞ്ഞതുപോലെ നന്മ എന്നത് എല്ലാ മേഖലയില്‍ നിന്നും അപ്രത്യക്ഷമാകുന്നു. കുത്തകയും, പൂഴ്ത്തി വയ്പും, അഴിമതിയും, മൂല്യച്യുതിയും വന്ന് കുത്തഴിഞ്ഞ നമ്മുടെ സമൂഹത്തിന് പുത്തനൊരു സ്വാതന്ത്ര്യ സമരം തന്നെ വേണ്ടി വരും, ഉണര്‍ന്നെണീക്കാന്‍..

Unknown 10 June 2010 at 18:39  

വായിച്ചു...
ചിന്തനീയമായ വിഷയം തന്നെ