Sunday, 16 May 2010

നടത്തറ ശാന്തേച്ചീടെ അക്ഷയത്രികോണം

(അക്ഷയത്രിതീയ എന്ന ഉഡായിപ്പ് ഉത്സവം ആഘോഷിക്കാന്‍ കൂടുതല്‍ സഭ്യമായ മറ്റൊരു വഴി തെളിയാത്തതുകൊണ്ട്, മുമ്പൊരിക്കല്‍ ഫോട്ടോബ്ലൊഗില്‍ പോസ്റ്റ് ചെയ്തിരുന്ന 'ഗഥ' ചില ചില്ലറ മിനുക്ക് പണികളോട ഇവിടെയിടുന്നു)

നടത്തറ ശാന്തേച്ചിക്കാണ് നന്ദി പറയേണ്ടത്. ഇപ്പഴിപ്പം ജീവിക്കണേന് ഒരു രസമൊക്കെ തോന്നിത്തൊടങ്ങീട്ടൊണ്ട്. എന്നാ ഒടുക്കത്തെ കഷ്ടപ്പാടാരുന്നു അന്നൊക്കെ! വല്ല പട്ടിയോ പൂച്ചയോ ആയി ജനിച്ചാ മതിയാരുന്നൂന്ന് ശരിക്കും തോന്നീട്ടൊണ്ട്. കുഞ്ഞുന്നാളില് തിന്നാനും ഉടുക്കാനുമില്ലാത്തേന്‍റെ കഷ്ടപ്പാട്. കള്ളും കുടിച്ച് മുടിപ്പിച്ചു നടക്കണ തന്തേടെ തൊഴി വേറെ. കൊറച്ച് തൊലിവെളുപ്പ് ഒണ്ടായിപ്പോയതോണ്ട് അരേം മൊലേം ഒറച്ചപ്പമൊതല്‍ നാട്ടില്‍ ആണായിപ്പിറന്ന സകല തേണ്ടികളുടേം പരാക്രമം സഹിച്ചു. ഒടുക്കം തമ്മീ ഭേദമെന്നു തോന്നിയ ഒരുത്തന്‍ വെളുക്കെ ചിരിച്ചു കാണിച്ചപ്പം കൂടെയെറങ്ങി. ഒരുമിച്ചു പൊറുതി തൊടങ്ങീപ്പഴാ മനസ്സിലായത് കെട്ടിയോനു പണി കൂട്ടിക്കൊടുപ്പാണെന്ന്. സ്വന്തം തള്ളേ വരെ കൂട്ടിക്കൊടുക്കണ പട്ടീടെ മോന്‍. പിന്നൊരു മൂന്നാലു കൊല്ലം ജീവിച്ച പാട്.. ദെവസോം മൂന്നും നാലും പേരുടെ കൂടെ.. കാശു മുഴുവന്‍ കെട്ടിയോന്‍ കഴുവേറീടെ മോന്‍ വാങ്ങിച്ചെടുക്കും. ആരുടേന്നറിയാതെ മൂന്നു പിള്ളേരുംകൂടി ആയപ്പം ഈ പോക്ക് ശരിയാവില്ലെന്നു തോന്നി. അങ്ങനെ കെട്ടിയോനെ ചവുട്ടിപ്പുറത്താക്കി കച്ചോടമൊക്കെ നേരിട്ടാക്കി. അതീപ്പിന്നെയാണ് പിള്ളേര്‍ക്ക് വയറുനിറച്ച് തിന്നാന്‍ കൊടുക്കാന്‍ തൊടങ്ങിയത്. എന്നാലും സ്ഥലപ്പേരു ചേര്‍ത്ത് "പ്ലാമൂട് കോമളം"ന്ന് ആള്‍ക്കാരു പറേണ കേക്കുമ്പം സങ്കടം വരും.രാത്രി തലേ മുണ്ടിട്ട് കാര്യം നടത്താന്‍ വരണവനും പകല്‍‌വെളിച്ചത്തീ കണ്ടാ പരമപുച്ഛമാ. നാട്ടിലെ ശീലാവതിമാരുടെ കാര്യമാണേലോ.. ചെകുത്താന്‍ കുരിശു കണ്ടപോലെയാ കോമളത്തിനെ കണ്ടാല്‍. പിന്നെ കാശാണെങ്കില്‍ പത്തും ഇരുപതുമായിട്ട് ചെലവുകാശ് കിട്ടൂന്നല്ലാതെ ഒന്നും മിച്ചം പിടിക്കാന്‍ പറ്റാറില്ല. പൊരയൊന്നു കെട്ടിമേയണോങ്കി ചക്രശ്വാസം വലിക്കണം. അന്നും നടത്തറ ശാന്തേച്ചി മാത്രമാണ് സങ്കടം പറയാനുണ്ടായിരുന്നത്. ശാന്തേച്ചി എന്നേക്കാളൊക്കെ വളരെ പണ്ടേ പണി തൊടങ്ങിയതാ. മിടുക്കും ശുഷ്ക്കാന്തീം ഒള്ളതോണ്ട് ഇപ്പഴും പിടിച്ചു നിക്കണു. എത്ര തെരക്ക് പണിക്കെടേലും പത്രം വായിക്കും ശാന്തേച്ചി. നമ്മടെ പ്രസിടണ്ട് പണിക്കരുചേട്ടന് ശാന്തേച്ചീടങ്ങ് പറ്റുപടിയൊണ്ട്. ചേച്ചിക്കു വയ്യാത്തപ്പം എന്‍റടുത്തും വരാറുണ്ടെങ്കിലും ശാന്തേച്ചിയെ പിടിച്ചപിടിയാണ് പണിക്കരുചേട്ടന്. നാട്ടില് പ്രശ്നംവെയ്പ്പ്, മഷി നോട്ടം, കൂടോത്രം പോലുള്ള പണികള്‍ക്ക് പണിക്കരുചേട്ടനേക്കഴിഞ്ഞേ വേറെ ആളുള്ളൂ എന്നറിയാല്ലോ. ശാന്തേച്ചിയെ കണികണ്ടിറങ്ങി പത്രിക കൊടുത്ത് മെമ്പറായി ജയിച്ചേപ്പിന്നെയാണ് ചേട്ടന് ശാന്തേച്ചീനെ ഇത്രക്കങ്ങ് പിടുത്തമായത്. അങ്ങനെ സന്തോഷമായിട്ടിരിക്കണ ഏതോ നേരത്താണ് പണിക്കരുചേട്ടനോട് ചേച്ചി ചോദിച്ചത് ഞങ്ങളെ കണി കണ്ടാല്‍ ഇത്ര വിശേഷമാണെങ്കി ഞങ്ങക്കുകൂടി ഗുണമൊണ്ടാകണപോലെ എന്തേലുമൊരു സ്ഥിരം ഏര്‍പ്പാട് ചെയ്തുതരാമ്മേലേന്ന്. അങ്ങനെ ചേച്ചി നിര്‍ബന്ധം പിടിച്ചപ്പഴാണ് പണിക്കരുചേട്ടന്‍ ഈ പുത്തി പറഞ്ഞത്. ഞങ്ങളേപ്പോലുള്ള പെണ്ണുങ്ങള്‍ക്ക് ദക്ഷിണതന്ന് കണികാണുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ ഐശ്വര്യം ഒറപ്പാക്കാനൊരു ദിവസം ഒപ്പിച്ചെടുക്കുക. ഏതോ പൊസ്തകം നോക്കി സംസ്കൃതത്തില്‍ ചെല പാട്ടൊക്കെ പാടി കുറച്ച് ഞായങ്ങളും പറഞ്ഞു ചേട്ടന്‍. മശക്കണി കാണണ ദിവസത്തിന് പേരിട്ടതും ചേട്ടന്‍ തന്നെയാണ്. "അക്ഷയ ത്രികോണം". എനിക്കാദ്യം കേട്ടപ്പൊ നാണം വന്നു. ശാന്തേച്ചിയാ പറഞ്ഞുതന്നത് എളുപ്പം കാശുണ്ടാക്കണോങ്കി നാണം എന്നൊന്ന് ഒണ്ടാകാമ്പാടില്ലാന്ന്. കുനിഞ്ഞുനിന്ന് കാലിന്‍റെ എടേക്കൂടെ മേലോട്ട് നോക്കുമ്പം ചന്ദ്രനെ വെള്ളയായി കാണണ ദെവസമാണെന്നു പറഞ്ഞ് ഒരു നാളും കുറിച്ചു തന്നു ചേട്ടന്‍. അതു പിന്നെ എല്ലാ ദിവസോം ചന്ദ്രനെ വെളുത്തു തന്നല്ലേ കാണണേന്ന് ഞാനൊരു ദെവസം ചേട്ടനോട് ചോദിച്ചതാ. ചെയ്തോണ്ടിരുന്ന പണി നിര്‍ത്താണ്ട്തന്നെ ചേട്ടനെന്നെ നോക്കി കണ്ണുരുട്ടി. അങ്ങനെ ചോദിക്കുവോ സംശയിക്കുവോ ചെയ്താ പാപം കിട്ടും, നരകത്തീ പോകൂന്നൊരു പറച്ചിലും. സത്യം പറയാല്ലോ ഇത് ഞങ്ങളൊക്കെ ചേര്‍ന്നു തട്ടിക്കൂട്ടിയ ഉഡായിപ്പാണേലും പാപം നരകംന്നൊക്കെ കേട്ടപ്പൊ ഞാനുമൊന്ന് പേടിച്ചു. ഇനീപ്പം മതം ആചാരം‌ന്നൊക്കെ പറഞ്ഞ് വല്ലോരും കൊടിപിടിക്കാന്‍ വരുവോന്ന് ചേച്ചി പേടിച്ചതാ. പണിക്കരുചേട്ടനതപ്പഴേ ചിരിച്ചുതള്ളി. മുപ്പത്തിമുക്കോടി ദൈവങ്ങളേം മൊത്തമായോ ചില്ലറയായോ വിറ്റ് കാശാക്കാമെന്നൊള്ളതാ നമ്മടെ മതത്തിന്‍റെ ഒരു കൊണമെന്നാ ചേട്ടന്‍ പറയണത്. തീട്ടം പൊതിഞ്ഞ് കൊടുത്താലും എല്ലാം ശാസ്ത്രമാന്ന് പറഞ്ഞാ ആള്‍ക്കാര് വാങ്ങി വിഴുങ്ങിക്കോളും. ഒടുക്കം ഇങ്ങനെയൊരു ഏര്‍പ്പാടുണ്ടെന്ന് കരക്കാരെ അറിയിക്കണ കാര്യം ഞങ്ങള് വിചാരിച്ചേലുമൊക്കെ എളുപ്പം നടന്നു. ചേട്ടന്‍ മുട്ടിച്ചുതന്ന കൊറേ പത്രക്കാരേം ചാനലുകാരേമൊക്കെ ഞങ്ങള് നാലഞ്ച് പെണ്ണുങ്ങള് ശരിക്കങ്ങ് സല്‍ക്കരിച്ചു. ഇതു വല്ലോം ഞങ്ങക്കറിയാന്‍ മേലാത്ത പണിയാണോ. മൂവായിരം കൊല്ലം മുമ്പേ ഒള്ള ശാസ്ത്രപ്രകാരമൊള്ള ആചാരമാണെന്നാ പറഞ്ഞു പരത്തിയത്. അങ്ങനെ ആദ്യത്തെ "അക്ഷയ ത്രികോണം" വന്നപ്പൊ ടെന്‍ഷനാരുന്നു. രാവിലെ ഒറ്റക്കൊറ്റക്ക് ചെലരൊക്കെ വന്നു തൊടങ്ങി. വന്നവരൊക്കെ അമ്പതും നൂറുമൊക്കെ തന്നാണ് കണികണ്ടു പോയത്. അണിഞ്ഞൊരുങ്ങി കണി കാണിച്ചു നിന്നുകോടുക്കാന്‍ ഒരു ചളിപ്പുണ്ടായിരുന്നു. കാശുമായി ക്യൂ നില്‍ക്കണവനില്ലാത്ത ഉളുപ്പ് എനിക്കെന്തിനാന്ന് പിന്നെ വിചാരിച്ചു. ഉച്ചകഴിഞ്ഞപ്പഴേക്കും ഒരുവിധം തെരക്കായി. സന്ധ്യ കഴിഞ്ഞപ്പം ക്യൂ നില്‍ക്കാനാളായി. എന്തിനു പറയണു ആദ്യത്തെ അക്ഷയ ത്രികോണം കൊണ്ടുതന്നെ വീടിന്റെ ചായ്പ് ഞാന്‍ ഓടിട്ടു. ഇതിപ്പൊ അഞ്ചാമത്തെ കൊല്ലമാ. ഇപ്പഴിപ്പം തലേന്നേ തെരക്കു തൊടങ്ങും. സഹായിക്കാന്‍ അയലത്തൂന്നൊക്കെ കുറിയിട്ട് കാവിയുടുത്ത് പിള്ളാരു വരും. കിട്ടണ കാശെണ്ണിത്തീര്‍ക്കാന്‍ തന്നെവേണം ഒരു ദിവസം. നാട്ടുകാരൊന്നും ഇപ്പൊ പഴേപോലല്ല. ഭയങ്കര ബഹുമാനമാ. സ്ഥലപ്പേരു ചേര്‍ത്ത് അറിയണതുതന്നെ ഒരു ഗമയാ. പട്ടിണി കെടന്ന കാലത്ത് ഞാനും വിചാരിച്ചിട്ടൊണ്ട് ദൈവമൊന്നുമില്ലാന്ന്. ഇപ്പൊ എനിക്കു മനസ്സിലായി, ദൈവമൊണ്ട്. ഞങ്ങടെ വിളി കേട്ട ദൈവം അറിഞ്ഞുതന്ന സമ്മാനമാ ഈ അക്ഷയ ത്രികോണം. എന്നാലും നന്ദി പറയണ്ടത് നടത്തറ ശാന്തേച്ചിയോടാ. ശാന്തേച്ചിയില്ലായിരുന്നെങ്കില്‍..
താങ്ക്യൂ നടത്തറ ശാന്തേച്ചീ.. താങ്ക്യൂ.

സമര്‍പ്പണം: ത്രികോണശാസ്ത്രത്തിന്‍റെ വക്താക്കളായ കോവാലകൃഷ്ണന്മാര്‍ക്ക്.

14 comments:

ബിനോയ്//HariNav 16 May 2010 at 08:36  

ത്രികോണശാസ്ത്രത്തിന്‍റെ വക്താക്കളായ കോവാലകൃഷ്ണന്മാര്‍ക്ക്.

Unknown 16 May 2010 at 14:08  

ഈ അക്ഷയത്രികോണ പുരാണം കലക്കി, ഹൌ !

Suraj 16 May 2010 at 21:40  

"മുപ്പത്തിമുക്കോടി ദൈവങ്ങളേം മൊത്തമായോ ചില്ലറയായോ വിറ്റ് കാശാക്കാമെന്നൊള്ളതാ നമ്മടെ മതത്തിന്‍റെ ഒരു കൊണമെന്നാ ചേട്ടന്‍ പറയണത്. തീട്ടം പൊതിഞ്ഞ് കൊടുത്താലും എല്ലാം ശാസ്ത്രമാന്ന് പറഞ്ഞാ ആള്‍ക്കാര് വാങ്ങി വിഴുങ്ങിക്കോളും."

;)))))))))))))))))))))))))))))))))

Unknown 17 May 2010 at 17:41  

അപ്പോ സ്വര്‍ണ നാണയമൊക്കെ വാങ്ങിയോ...? കുറിക്ക് കൊള്ളുന്ന പുരാണം... കലക്കിട്ടുണ്ട് ട്ടാ...

കരീം മാഷ്‌ 17 May 2010 at 18:18  

മൂർച്ചയുള്ള സറ്റയർ!

സ്വയം പ്രസാധകനാകുന്ന മീഡിയകളിൽ മാത്രം പ്രതീക്ഷിക്കാവുന്നത്.

സുശീല്‍ കുമാര്‍ 17 May 2010 at 20:27  

"കാശുമായി ക്യൂ നില്‍ക്കണവനില്ലാത്ത ഉളുപ്പ് എനിക്കെന്തിനാന്ന് പിന്നെ വിചാരിച്ചു."

ഈ ഉളുപ്പുതീരെയില്ലാത്തവര്‍ ഉള്ളിടത്തോളം അക്ഷയത്രികോണങ്ങള്‍ ഇനിയുമുണ്ടാകും. സറ്റയര്‍ കലക്കി.

അപ്പൂട്ടൻ 18 May 2010 at 09:30  

ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ഉഡായിപ്പേജ്‌ സയൻസസ്‌ എന്ന മഹാസ്ഥാപനത്തിന്റെ സ്ഥാപകനും ഉപജാപകനും ആയ മഹദ്‌വ്യക്തി എഴുതിയ ഓലഗ്രന്ഥത്തിൽ എവിടെയെങ്കിലും പറയുന്നുണ്ടോ ഈ (3)കോണ(ക)ത്തെക്കുറിച്ച്‌? ഉണ്ടാവുമല്ലേ? മൂവായിരം കൊല്ലം മുൻപ്‌ ദിഗംബരരായ സന്യാസിമാർ ഉടുത്തിരുന്ന കോണകമല്യോ, ഒരു കഷ്ണമെങ്കിലും ഉഡായിപ്പേജിനു കിട്ടിക്കാണും.

ബൈദബൈ, ഇവർക്ക്‌ മൂവായിരം വർഷങ്ങൾക്കു മുൻപുള്ള കഥ മാത്രമേ ദഹിക്കൂ എന്നുണ്ടോ? ഒന്ന് ചുരുക്കി മുന്നൂറാക്ക്യാൽ ഇക്കണ്ട കോണകങ്ങളൊക്കെ ദ്രവിച്ചതാണ്‌ എന്നതുകൊണ്ടായിരിക്കും.

മൂവായിരം വർഷങ്ങൾക്ക്‌ മുൻപ്‌ ദ്രവിക്കാത്ത കോണകം കണ്ടുപിടിച്ച ആർഷൻമാഷേ, നമസ്കാരം.

Rajeeve Chelanat 18 May 2010 at 09:36  

ഗംഭീരമായിട്ടുണ്ട് ബിനോയ്...ഭാഷയുടെ മൂര്‍ച്ചയും അപാരം...അഭിവാദ്യങ്ങളൊടെ

Sapna Anu B.George 18 May 2010 at 13:15  

കര്‍ത്താവേ.... ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യം കേള്‍ക്കുന്നത്. സ്വര്‍ണ്ണം വില്‍ക്കാനുള്ള അടവ്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി എന്നൊക്കെ പറയുന്നതിനു മുന്‍പ്,നമ്മുടെ നാട്ടിലെ പാവപ്പെട്ടവന്റെ മനസ്സു വായിക്കൂ.... ഒരു പവന്‍ ഇന്നു വാങ്ങിവെച്ചാല്‍ നാളെ എന്റെ മകളെ കെട്ടിക്കാന്‍ ഒരഞ്ചു പവന്‍ ദൈവം വെറുതെ തരും.അതു വെറുതെയാണ് എന്നു പറഞ്ഞു മനസ്സിലാക്കാന്‍,ഞാനും ബിനോയ് താനും ഒന്നും ആലുക്കാസിന്റെയും ഡമാസിന്റെയും വാതിലില്‍ പോയി നില്‍ക്കുകയോ,അല്ലെങ്കില്‍ ഒരു പവന്‍ ഈ പാവപ്പെട്ട് അമ്മക്കോ അഛനോ ഫ്രീ ആയിട്ട് കൊടുക്കുകയും ഇല്ല്ലല്ലോ!!!ഇത്തിരി സെന്റിമെന്റ് അടിച്ചാലും ഒരു നല്ല കാര്യത്തിനല്ലെ??എനിക്കു കിട്ടിയില്ലെ ഒരു ബ്ലൊഗറെക്കൂടി,അല്ലെങ്കി ഒന്നു കൂടി പിടിച്ചാല്‍...ഒരു സുഹൃത്തിനെ???

Anil cheleri kumaran 18 May 2010 at 19:44  

നല്ലൊരു മാര്‍ക്കറ്റിങ്ങ് തന്ത്രമല്ലേ അത്..!

Jijo 21 May 2010 at 02:34  

നമിച്ചണ്ണോ, നമിച്ച്!

ഐ.പി.മുരളി|i.p.murali 24 May 2010 at 15:18  

ബിനോയ്,
കലക്കി...
ചൂണ്ടിക്കാട്ടിയതിനു രാജീവേട്ടനു പ്രത്യേകം നന്ദി...

Unknown 24 May 2010 at 15:50  

കലക്കി :)

സുരേഷ് ബാബു വവ്വാക്കാവ് 17 June 2010 at 19:09  

ഉഗ്രനായിട്ടുണ്ട്