Tuesday, 11 May 2010

അമ്മൂമ്മ മാഹാത്മ്യം ഗുരുവായൂര്‍ ഖണ്ഡം

ഈ പോസ്റ്റിന്‍റെ ആദ്യ ഭാഗം ഇവിടെ വായിക്കാം. 'തുടരന്‍' ഒരു ബോറന്‍ തന്നെ. ഇതൊരു ശീലമാക്കില്ല എന്ന് ഏത്തമിട്ട് ഉറപ്പ് തരുന്നു.

നത്തോലി ഫ്രൈ ടച്ചിങ്സായി കിട്ടിയത്ര സന്തോഷത്തോടെ വല്യളിയന്‍ ചോറൂണിനുള്ള ടോക്കണുമായെത്തി. ഇനിയും നമ്മുടെ ഊഴം വരെ കാക്കണം. ഇതിനിടെ സുനിതേച്ചി പലവട്ടം പുറത്തുപ്പോയി തിരിച്ചെത്തി. (പോലീസുകാര്‍ക്കിപ്പോള്‍ ഞങ്ങടെ ടീമിനെ വല്യ റസ്പക്ടാണ്) ബാലേട്ടന്‍ ഇപ്പോഴും അമ്മയെ തേടി എന്ന തിരക്കഥയുടെ പണിപ്പുരയില്‍ തന്നെ. ഇത്രയുമായപ്പോഴേക്കും ഒന്നുറപ്പിച്ചു. അമ്മൂമ്മ ക്ഷേത്രത്തിനുള്ളില്‍ കടന്നിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളില്‍ ആരെങ്കിലുമൊരാള്‍ സ്ഥിരമായി പുറത്തേക്കുള്ള കവാടത്തിനരുകില്‍ അമ്മൂമ്മക്കുള്ള വാറണ്ടുമായി നില്‍‌പ്പുറപ്പിച്ചു. സെറ്റുടുത്ത് മലയാളി മങ്കമാരായി ഒരുങ്ങിവന്ന സ്ത്രീജനങ്ങളും കുട്ടികളും ഇതിനോടകം പിച്ചക്കാര്‍ തോല്‍ക്കുന്ന വേഷത്തിലായിട്ടുണ്ട്. കുഞ്ഞ്‌വാവമാര്‍ കരഞ്ഞ് തളര്‍ന്നുറങ്ങുന്നു.

കാത്തിരിപ്പിനിടയില്‍ വീണ്ടും ‘വഴി വഴി‘ എന്ന ആക്രോശം. തന്ത്രിമാരുടെ മറ്റൊരു സം‌ഘം. മുതിര്‍ന്ന കുട്ടികളെ ഈ യാത്രയില്‍ കൂട്ടേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. ഇപ്പോള്‍ കണ്ട ഏര്‍പ്പാട് പണ്ട് തെരുവില്‍ ചെയ്തിരുന്നതിനല്ലേ വിവേകാനന്ദസ്വാമികള്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതെന്ന് കുട്ടികളാരെങ്കിലും ചോദിക്കുമോ എന്ന് ഞാന്‍ ഭയന്നു. ചരിത്രപാഠപുസ്തകത്തിന്റെ പിഞ്ഞിത്തുടങ്ങിയ ഏടുകളില്‍ കണ്ടുമറന്ന പ്രാകൃത ആചാരങ്ങള്‍ പലതും ഇന്നും ചില തമോഗര്‍ത്തങ്ങളില്‍ നിലനില്‍ക്കുന്നു എന്നവര്‍ തിരിച്ചറിയുന്നുണ്ടാകണം.

കല്യാണം പോലുള്ള ശുഭകാര്യങ്ങള്‍ ഗുരുവായൂരില്‍ നടത്തുന്നത് ലളിതമായി പറഞ്ഞാല്‍ സ്വയം പീഡനവും പരപീഡനവുമാണ്. പറഞ്ഞറിയിക്കാനാകാത്തതാണ് തിരക്കുള്ള ദിനങ്ങളില്‍ വിവാഹാര്‍ത്ഥികള്‍ ഇവിടെയനുഭവിക്കുന്ന യാതന. ജീവിതത്തിലെ ഏറ്റവും മെമ്മറബിള്‍ ആയ ചടങ്ങുകളിലൊന്നാണിത് എന്നുകൂടി ഓര്‍ക്കണം. ഇന്ന് റിലീസായ അണ്ണന്റെ സിനിമക്ക് ചെന്നൈ സത്യം തിയറ്ററിനു മുന്‍പിലെ തിരക്കാണ് മണ്ഡപങ്ങള്‍ക്ക് ചുറ്റും. ചറപറാ വിവാഹങ്ങള്‍ നടന്നുകൊണ്ടിരിക്കും. ചെറുക്കനും പെണ്ണും മാറിപ്പോകുന്ന സിനിമാക്കഥയില്‍ ഒട്ടും അതിശയോക്തിയില്ല എന്ന് ഇവിടുത്തെ കോലാഹലം നേരിട്ട് കണ്ടാല്‍ മനസ്സിലാകും. നടന്നത് വിവാഹമോ റേപ്പോ എന്ന് ശങ്കിക്കും വിധമായിരിക്കും താലികെട്ട് കഴിഞ്ഞിറങ്ങുന്ന വധൂവരന്മാരുടെ അലങ്കോലമായ വേഷഭൂഷാദികളും അലങ്കാരപ്പണികളും. തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നെങ്കില്‍ അവരവരുടെ ഇഷ്ടം എന്ന് സമാധാനിക്കാം. ലോകരെ ക്ഷണിച്ച് നടത്തുന്ന ചടങ്ങുകള്‍ ഇത്തരത്തിലാകുന്നത് തികഞ്ഞ അന്യായമെന്നുതന്നെ പറയേണ്ടിവരും.
ഭഗവാന്‍ സര്‍വ്വവ്യാപിയായിരിക്കുമ്പോള്‍ എന്തിന് ഗുരുവായൂര്‍ എന്ന് ഭക്തര്‍ ചിന്തിക്കാത്തതെന്ത്? അറബിനാട്ടിലെ ഇസ്ലാം മണ്ണല്‍നിന്നും ശീമയിലെ നസ്രാണിയുടെ കമ്പനി കുഴിച്ചെടുത്ത പെട്രോള്‍ ജപ്പാനിലെ ബുദ്ധന്മാര്‍ നിര്‍മ്മിച്ച വാഹനത്തിലൂറ്റി വേണോ ഹിന്ദുദൈവങ്ങളിലെ സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ ഭക്തര്‍ കാസറഗോഡ് നിന്നും ഗുരുവായൂരിലെത്തേണ്ടത്? ഈ നാഷണല്‍ വെയ്സ്റ്റിന് തിരിച്ചറിയപ്പെടാതെ പോകുന്നതെന്തുകൊണ്ട്? അര നൂറ്റാണ്ട് മുമ്പ് ഈ ക്ഷേത്രത്തിന്റെ സമീപത്തെ പൊതുവഴികളില്‍ പോലും പ്രവേശമില്ലാതിരുന്ന വിഭാഗങ്ങളാണ് ഇന്നിവിടെ ഈച്ചകളേപ്പോലെ ആര്‍ക്കുന്നതില്‍ ഭൂരിപക്ഷവുമെന്നത് മറ്റൊരു വിരോധാഭാസം. സ്വന്തം അയല്‍‌പക്കത്ത് ഒരു ക്ഷേത്രമില്ലാത്ത ഏത് ഹൈന്ദവനുണ്ട് കേരളത്തില്‍? വെണ്ടിങ്ങ് മെഷീനുകളില്‍ പുണ്യം വില്‍ക്കുന്ന ഗുരുവായൂരും ശബരിമലയും പോലുള്ള എസ്റ്റാബ്ലിഷ്ഡ് കേന്ദ്രങ്ങളിലെ കുതന്ത്രിമാരുടെ ദുര്‍മേദസ്സിന് സം‌ഭാവന ചെയ്യുന്ന പണം സ്വന്തം നാട്ടിലെ കുഞ്ഞ് ക്ഷേത്രത്തിലേക്ക് വഴിതിരിച്ച് വിടാനുള്ള ഔചിത്യമെങ്കിലും ഭക്തര്‍ കാണിച്ചാല്‍ അര്‍ദ്ധപ്പട്ടിണിക്കാരായ കുറേ പൂജാരികള്‍ക്കെങ്കിലും വിശപ്പടക്കാനാകും. പകരമായി, വണ്ടിയിടിച്ച് വഴിയില്‍ കിടക്കുമ്പോള്‍ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തിക്കാനുള്ള മുഖപരിചയമെങ്കിലും അവര്‍ക്കുണ്ടാകും. വര്‍ണ്ണവെറിയുടെ അണയാക്കനലുകളായ പെരിയ തന്ത്രിമാര്‍ക്ക്, മതില്‍‌ക്കെട്ടിനുള്ളിലെ ഈ ഫ്യൂഡല്‍ പ്രഭുക്കള്‍ക്ക് അങ്ങനെയൊരു സൌമനസ്യം തോന്നാനിടയില്ല.

ഗുരുവായൂരപ്പനെ കണികണ്ടുണരാം എന്ന റിയല്‍ എസ്റ്റേറ്റ് വാഗ്ദാനത്തില്‍ കുടുങ്ങി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഭക്തി വ്യവസായകേന്ദ്രത്തില്‍ സ്ഥിരതാമസമാക്കുന്നവര്‍ തെല്ലൊന്നുമല്ല ജാഗ്രത പാലിക്കേണ്ടത്. ഭാവിയില്‍ അവരുടെ മക്കള്‍ കണ്ണില്‍ ചോരയില്ലാത്ത ഒരു തട്ടിപ്പ് സംഘാം‌ഗമാകാനുള്ള സാധ്യത ഏറെയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പളനി ഒരുദാഹരണം. മഴവില്‍ക്കാവടിയിലെ നിഷ്ക്കളങ്കനായ നായകന്‍ പളനിയില്‍ കാലുകുത്തിയ ദിനം തന്നെ പോക്കറ്റടിക്കാരനായത് യാദൃശ്ചികമല്ല, മറിച്ച് സ്വാഭാവികമായ പരിണാമമാണ്. അനുഭവസ്ഥര്‍ക്കറിയാം, പളനിയില്‍ വണ്ടിയിറങ്ങുന്ന നിമിഷം തട്ടിപ്പുകാരാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന ഭക്തര്‍ ചവറും ചണ്ടിയുമായാണ് അവിടെനിന്നും തിരികെ യാത്രയാകുക. അവിടെ തൂണിലും തുരുമ്പിലുമുള്ളത് തട്ടിപ്പും പിടിച്ചുപറിയുമാണ്. നഗരഭരണത്തില്‍നിന്നും പളനിയാണ്ടവന്‍ എന്നേ പുറത്താക്കപ്പെട്ടിരിക്കുന്നു. ആ ദുര്‍ഗ്ഗതി ഗുരുവായൂരിന് സം‌ഭവിക്കാതിരിക്കട്ടെ.

കഥയിലേക്ക് തിരികെ വരാം. ചോറൂണിന് ഞങ്ങളുടെ ഊഴമെത്തി. അച്ഛന്‍റെ സ്ഥാനത്തുനിന്ന് മൂത്ത അളിയന്‍ വേണം ചടങ്ങ് നടത്താന്‍. വമ്പിച്ച തിരക്കാണ് ചോറൂണ് നടക്കുന്ന സ്ഥലത്ത്. ഒരേ സമയം ഡസനിലധികം കുട്ടികളെ നിരത്തിയിരുത്തിയാണ് പരിപാടി. ഇടിച്ച് നില്‍ക്കുന്ന രക്ഷിതാക്കളെയും ബന്ധുജനങ്ങളെയും മറികടന്ന് മുന്നിലേക്കെത്തണമെങ്കില്‍ റസ്ലിങ്ങ് പഠിക്കണം. ആദ്യശ്രമത്തില്‍ തന്നെ ഇടിയുടെ കാഠിന്യം രുചിച്ചറിഞ്ഞതോടെ ഞങ്ങളുടെ സംഘത്തിലെ പ്രായമായവരും കുട്ടികളും ആനന്ദപുളകിതരായി പിന്മാറി. അളിയനും ചോറൂണുകാരനും(അവനെ ഒഴിവാക്കാനാകില്ലല്ലോ) അവന്‍റെ അമ്മയും മാത്രം വല്ല വിധേനയും മുന്നിലെത്തി. മോശമാക്കാന്‍ പാടില്ലല്ലോ, ചോറൂണുകാരന്‍റെ ചേട്ടനുമായി ഞാനും പിന്നാലെ ഇടിച്ചുകയറി നോക്കി. കുഞ്ഞുങ്ങളോ സ്ത്രീകളോ എന്ന് പോലും നോക്കാത്ത തമിഴന്‍റെയും തെലുങ്കന്‍റെയും പരാക്രമം കട്ടിയെ ചതച്ചരക്കുമെന്നായപ്പോള്‍ ഞാനും പിന്‍‌വാങ്ങി. ഒരു ഡസനിലേറെ ആളുകള്‍ രണ്ടു ദിക്കില്‍ നിന്നും മെനക്കെട്ടിറങ്ങിയതാണ്. അതില്‍ രണ്ടുപേര്‍ക്കൊഴിച്ച് ആര്‍ക്കും ചടങ്ങ് കാണാനോ എന്തിന് വേദിയുടെ സമീപമൊന്ന് എത്താനോ പോലുമുള്ള അവസരമുണ്ടായില്ല. ഒരുകണക്കിന് ഞങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഞങ്ങളെവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അമൂമ്മയെവിടെയാണെന്ന് അമ്മൂമ്മക്കെങ്കിലും അറിയുമോ എന്ന് സം‌ശയം. പത്ത് മിനുറ്റ് കൊണ്ട് ചടങ്ങ് തീര്‍ത്ത് ആറടി രണ്ടിഞ്ചുകാരനായ അളിയന്‍റെ തോളിലേറി കരഞ്ഞുതളര്‍ന്ന കഥാനായകന്‍ തിരിച്ചെത്തി. തിരിച്ചറിവില്ലാത്ത പ്രായമായത് നന്നായി. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയേപ്പോലെ ഈ പീഡാനുഭവത്തിന്‍റെ ഓര്‍മ്മയില്‍ കുട്ടി ചോറ് കാണുമ്പോള്‍‍ അലറിവിളിക്കുന്ന അവസ്ഥയുണ്ടായേനെ.

വീണ്ടും ബാലേട്ടനെ ബന്ധപ്പെട്ട് അമ്മൂമ്മ ഇപ്പോഴും റേഞ്ചിലില്ല എന്ന് ഉറപ്പ് വരുത്തി ഞങ്ങള്‍ പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ത്തന്നെ അന്വേഷണത്തിനിറങ്ങി. അരമണിക്കൂറോളം റോന്ത് ചുറ്റിക്കഴിഞ്ഞപ്പോഴാണ് അളിയന്‍ ഒരു ചെറുചിരിയോടെ എന്‍റെ തോളില്‍തട്ടി ഒരു കാഴ്ച്ച കണിച്ചുതന്നത്. അല്പം ഉയര്‍ന്ന ഒരു തറയില്‍ ക്ഷേത്രത്തൂണില്‍ കെട്ടിപ്പിടിച്ചുനിന്ന്, മരം‌ചുറ്റിക്കളിക്കുന്ന എഴുപതുകളിലെ ഷീലയേപ്പോലെ ഒരു കാല്‍ മുന്നോട്ടും പിന്നോട്ടുമാട്ടി ജില്‍ ജില്ലെന്ന് നില്‍ക്കുന്നു അമ്മൂമ്മ ദ ഗ്രേറ്റ്! ഞങ്ങളെ കണ്ടയുടെനെ ഐസ്‌ക്രീം കണ്ട കുട്ടിയേപ്പോലെ നിഷ്ക്കളങ്കമായൊരു ചിരിയുമായി ഉര്‍‌വ്വശി സ്റ്റൈലില്‍ ഓടിവന്നു അമ്മൂമ്മ. മണിക്കൂറുകള്‍ നീണ്ട അലച്ചില്‍ കാരണം തെല്ലൊന്ന് ക്ഷീണിച്ചിട്ടുണ്ടെങ്കിലും അള്‍ ഉഷാറില്‍ തന്നെ. മൂത്രപ്പുരയില്‍‌നിന്നിറങ്ങി ബാലേട്ടനെ കാണാതയപ്പോള്‍ ക്യൂവില്‍ ഞങ്ങളെ കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നത്രെ. ക്യൂ മാറിപ്പോയതുകൊണ്ടോ എന്തോ നടന്നില്ല. (ദര്‍‌ശനത്തിനും വഴിപാടിനും രണ്ട് ക്യൂവാണ്). എല്ലായിടവും തിരഞ്ഞ് നടക്കുന്നതിനിടയില്‍ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തുവരെ പോയിനോക്കി കക്ഷി. ഒടുവില്‍ ക്യൂ നിന്ന് ക്ഷേത്രത്തിനുള്ളില്‍ കടന്നിട്ടിപ്പോള്‍ കുറേ മണിക്കൂറുകളായി. ഇതിനിടയില്‍ തന്നെ തിരഞ്ഞ് നടക്കുന്നവര്‍ക്ക് കാഴ്ച്ച എളുപ്പമാക്കാന്‍ കല്യാണമണ്ഡപങ്ങളിലൊന്നില്‍ വലിഞ്ഞ് കയറി നില്‍ക്കുകയും ചെയ്തു കുറേ സമയം.

കൊച്ചിക്കാര്‍ക്ക് സ്റ്റാമിന അല്പം കൂടുതലായതുകൊണ്ട് അവര്‍ വീണ്ടും ദര്‍ശനത്തിനായുള്ള ക്യൂവിലേക്ക് നീങ്ങാന്‍ പരിപാടിയിട്ടുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ഇരിങ്ങാലക്കുട ടീം യജ്ഞം മതിയാക്കി ക്ഷേത്രത്തില്‍‌നിന്നിറങ്ങി. രാവിലെ കണ്ട വധുക്കളിലൊരാള്‍ തന്‍റെ പുതുമണവാളനുമായി തോളുകള്‍ കൊണ്ട് പറ്റാവുന്ന നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ട് നടന്ന് നീങ്ങുന്നു. പെണ്‍കുട്ടി ഉടുത്തിരിക്കുന്ന സാരിയുടെ അവസ്ഥയും തലയിലെ മുല്ലപ്പൂ അവശിഷ്ടങ്ങളും കണ്ടപ്പോള്‍ എന്തുകൊണ്ടോ ടി ജി രവിയെ ഓര്‍മ്മ വന്നു.

കല്യാണമണ്ഡപത്തില്‍ കയറിനിന്ന അമ്മൂമ്മയുടെ തീക്കളിയേക്കുറിച്ചായിരുന്നു തിരികെയുള്ള യാത്രയിലത്രയും എന്‍റെ ചിന്ത. 'ഒരു പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെയൊക്കെ വേണ്ടിവന്നു മക്കളേ' എന്നുപറഞ്ഞ് കൈയ്യില്‍ ബൊക്കെയും കഴുത്തില്‍ മാലയും അരികിലൊരു മാരനുമായി മോണകാട്ടി നാണിച്ച് നില്‍ക്കുന്ന അമ്മൂമ്മയെ സങ്കല്പ്പത്തില്‍ കണ്ടതിന്‍റെ ഞെട്ടലില്‍ ഞാന്‍ ആക്സിലറേറ്റര്‍ ആഞ്ഞ് ചവുട്ടി.. ഗുരുവായൂരില്‍‌നിന്നും ദൂരേക്ക്..

വാല്‍‌ക്കഷ്ണം: വൈകിട്ട് ഫോണ്‍ ചെയത്പ്പോഴാണറിഞ്ഞത്. അമ്മൂമ്മ വീണ്ടുമൊരിക്കല്‍‌ക്കൂടി മിസ് ആയത്രെ. കണ്ടുപിടിക്കാന്‍ രണ്ടു മണിക്കൂറെടുത്തു പോലും. അമ്മൂമ്മ ഉണ്ണിക്കണ്ണനുമായി സാറ്റ് കളിക്കുന്നതാകണം. പാവം.

22 comments:

ബിനോയ്//HariNav 11 May 2010 at 08:43  

അമ്മൂമ്മ ഉണ്ണിക്കണ്ണനുമായി സാറ്റ് കളിക്കുന്നതാകണം. പാവം.

കണ്ണനുണ്ണി 11 May 2010 at 09:18  

അറബിനാട്ടിലെ ഇസ്ലാം മണ്ണല്‍നിന്നും ശീമയിലെ അറബിനാട്ടിലെ ഇസ്ലാം മണ്ണല്‍നിന്നും ശീമയിലെ നസ്രാണിയുടെ കമ്പനി കുഴിച്ചെടുത്ത പെട്രോള്‍ ജപ്പാനിലെ ബുദ്ധന്മാര്‍ നിര്‍മ്മിച്ച വാഹനത്തിലൂറ്റി വേണോ ഹിന്ദുദൈവങ്ങളിലെ സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ ഭക്തര്‍ കാസറഗോഡ് നിന്നും ഗുരുവായൂരിലെത്തേണ്ടത്?


- എനിക്കിതങ്ങ് ഇഷ്ടപ്പെട്ടു . പക്ഷെ കേട്ടാല്‍ ചിലര് പറയും.. ഇത് മതമൈത്രിയുടെ ഉത്തമ ഉദാഹരണം എന്ന് :)

>>

Rare Rose 11 May 2010 at 09:36  

അമ്മൂമ്മ മാഹാത്മ്യം രണ്ടു ഭാഗം കൂടി ഒരുമിച്ചാ വായിച്ചത്.എന്തായാലും ആ തിരക്കില്‍ അമ്മൂമ്മയെ തിരിച്ചു കിട്ടിയല്ലോന്നറിഞ്ഞപ്പോള്‍ തന്നെ സമാധാനം.സംഭവം നന്നായി രസിച്ചു.ഇടയ്ക്കൊക്കെ ഇരുത്തി ചിന്തിപ്പിച്ചു.:)

ചേച്ചിപ്പെണ്ണ്‍ 11 May 2010 at 10:06  

:)
THANKS ..
AMMOOMENE KANDALLO ATHUMATHI..
KEEP WRITING LIKE THIS ..
I 'LL BE HERE AGAIN ..

Unknown 11 May 2010 at 11:02  

അമ്മൂമ്മ സാറ്റ്‌ കളിക്കുകയാകും, പാവം!

ശ്രീക്കുട്ടന്‍ 11 May 2010 at 11:10  

ഗുരുവായൂരപ്പനെ കണ്ടുതൊഴുക എന്നത് ഒരു ഭഗീര്‍ഥപ്രയത്നം തന്നെയാണു. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ക്യൂ അല്‍പ്പം കടുപ്പം തന്നെ. അവിടത്തെ കല്യാണത്തിരക്കും മറ്റും അസഹനീയം തന്നെയാണു. പിന്നെ അമ്മൂമ്മയെ ആപത്തൊന്നും കൂടാതെ തിരിച്ചുകിട്ടിയല്ലോ.അതു മതി

"അര നൂറ്റാണ്ട് മുമ്പ് ഈ ക്ഷേത്രത്തിന്റെ സമീപത്തെ പൊതുവഴികളില്‍ പോലും പ്രവേശമില്ലാതിരുന്ന വിഭാഗങ്ങളാണ് ഇന്നിവിടെ ഈച്ചകളേപ്പോലെ ആര്‍ക്കുന്നതില്‍ ഭൂരിപക്ഷവുമെന്നത് മറ്റൊരു വിരോധാഭാസം". ഈ ഭാഗം അത്രക്കങ്ങട്ട് ദഹിച്ചില്ല. എന്താണുദ്ദേശിച്ചതെന്ന്‍ ഒന്നു വ്യക്തമാക്കാമോ.

ഒഴാക്കന്‍. 11 May 2010 at 13:55  

:)

വശംവദൻ 11 May 2010 at 15:20  

രണ്ട് ഖണ്ഡങ്ങളും ഒന്നിച്ചാണ് വായിച്ചത്. ചില പ്രയോഗങ്ങൾ നന്നായി ചിരിപ്പിച്ചു.

★ Shine 11 May 2010 at 15:23  

ഹഹാ...
കൊള്ളാം..ചിരിയും ചിന്തയും..

Unknown 11 May 2010 at 17:07  

ഈ അമ്മൂമ്മ ആളൊരു സംഭവം തന്നെ....എന്തായാലും അമ്മൂമ്മയെ കിട്ടിയല്ലോ... ആദ്യത്തെ ഭാഗം കഴിഞ്ഞ് അധികം വൈകാതെ തന്നെ രണ്ടാം ഭാഗവും പോസ്റ്റിയത് നന്നായി.

Anil cheleri kumaran 11 May 2010 at 19:52  

രാവിലെ കണ്ട വധുക്കളിലൊരാള്‍ തന്‍റെ പുതുമണവാളനുമായി തോളുകള്‍ കൊണ്ട് പറ്റാവുന്ന നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ട് ..

കൊള്ളാം.

ബിനോയ്//HariNav 11 May 2010 at 20:19  

കണ്ണനുണ്ണി, Rare Rose, ചേച്ചിപ്പെണ്ണ്, തെച്ചിക്കോടൻ, വായനക്ക് നന്ദി:)

ശ്രീക്കുട്ടൻ, ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അവർണ്ണരെയാണ് ഉദ്ദേശിച്ചത്. വായനക്ക് നന്ദി:)

ഒഴാക്കൻ, വശംവദൻ, വായനക്ക് നന്ദി:)

ജിമ്മി, കുമാരൻ, വായനക്ക് നന്ദി:)

ശ്രീ 12 May 2010 at 04:59  

ഹാവൂ... അങ്ങനെ വലിയ (ഇതിലും വല്യ എന്ത് അല്ലേ?) കഷ്ടപ്പാടൊന്നും കൂടാതെ അമ്മൂമ്മയെ കണ്ടെടുത്തല്ലോ... ഭാഗ്യം :)

ഒരു കാര്യം കൂടി പറയാതിരിയ്ക്കാന്‍ വയ്യ,
"ഭഗവാന്‍ സര്‍വ്വവ്യാപിയായിരിക്കുമ്പോള്‍ എന്തിന് ഗുരുവായൂര്‍ എന്ന് ഭക്തര്‍ ചിന്തിക്കാത്തതെന്ത്? "

ഇത് വളരെ സത്യം തന്നെ...

Suraj 12 May 2010 at 17:41  

കാതുകുത്തിന്റേം ചോറൂണു ചടങ്ങിന്റേം "സയന്റിഫിക് " ശ്രീ കോവാലേഷ്ണന്‍ സാറ് തന്നെ പറഞ്ഞിട്ടൊണ്ട്.അണ്ണന്റെ ഗീര്‍‌വാണം ഇംഗ്രീസിലാക്കിയ പൊത്തഹനില്‍ (SCIENTIFIC AND TECHNOLOGICAL HERITAGE OF HINDUS) Physiologically beneficial customs and rituals എന്ന തലക്കെട്ടില്‍ പറയുന്നത് ഇങ്ങനെ : [...] "Choodaakarna" the ceremony connected with wearing of the ear ring is just like giving the first vaccination and "annapraasana", the first food giving ceremony is like the first inoculation to the baby through the hands of different people (the ear ring in the former and food in the latter carries little dirt/germs which leads to augmenting the immunity in the body of the baby).

കേട്ടല്ലോ. ഇനി മിണ്ടര്ത്. തന്ത്രീട കുണ്ടി നോക്കി കമന്റും അടിക്കല്ല്. തന്ത്രി കുണ്ടികാണിച്ച് കുനിഞ്ഞ് നിക്കണതും "സയന്റിഫിക് " ചോറൂണും സയന്റിഫിക്, അമ്മൂമ്മയെ കളഞ്ഞുപോയാല്‍ അതും സയന്റിഫിക്ക് !OT: കാമഡി മോശമായില്ലാ ;))

ബിനോയ്//HariNav 12 May 2010 at 19:09  

എന്റെ പോത്തുകാലമ്മച്ചീ.. അല്ല അപ്പച്ചീ.. സോറി അപ്പാ.. ഞാനിത്രേം വിചാരിച്ചില്ലല്ലും. ഇനീപ്പൊ പോസ്റ്റങ്ങ് ഡിലീറ്റിയാലോ.. അല്ലേ വേണ്ട ഏത്തമിട്ടാലോ.. അല്ലേല് കൌപീനത്തിന്റെ ശാസ്ത്രീയതയേക്കുറിച്ച് ലേഖനമെഴുതിയാലോ.. അല്ലേലിതൊന്നും വേണ്ട, ചക്കപ്പുഴുക്കുകൊണ്ട് ഒരു തുലാഭാരം നേരാം. ചക്കപ്പുഴുക്കിൽ പ്രസാദിക്കാത്ത അവതാരമുണ്ടോ ?

സൂരജ്ഭായ് വായനക്ക് നന്ദി :)

രഞ്ജിത് വിശ്വം I ranji 12 May 2010 at 21:44  

ബിനോയീ.. വായിച്ച് ചിരിപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റ്. വിശ്വാസം തെറ്റല്ല. പക്ഷേ വിശ്വാസത്തെ കച്ചവടവല്ക്കരിക്കുമ്പോള്‍ ഭഗവാനെ കാണാന്‍ സിനിമാ തീയേറ്ററിലെ പോലെ ടിക്കറ്റെടുക്കേണ്ടി വരുമ്പോള്‍ ടിക്കറ്റെടുക്കുന്ന വിശ്വാസി കസ്റ്റമര്‍ക്ക് അത്യാവശ്യം മുടക്കു കാശിന് തത്തുല്യമെങ്കിലും സൌകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടതാണ്..

Suvis 13 May 2010 at 13:18  

Binoy,
നന്നായി ചിരിപ്പിച്ച ഒരു പോസ്റ്റ്‌. പിന്നെ വിവാഹങ്ങളും ചോറുനുകളും ഗുരുവായുരപ്പന്റെ സവിധത്തില്‍ നടത്തണമെന്നത് പലര്‍ക്കും ഒരു മോഹമായിരിക്കും.അങ്ങനെ ചെയ്യുമ്പോള്‍ ഗുരുവായുരപ്പന്റെ അനുഗ്രഹം കൂടെയുണ്ടാകും എന്നാണ് അവരുടെ വിശ്വാസം. (അല്ലെങ്കില്‍ ഉണ്ടാകില്ല എന്ന് ഇതിനു അര്‍ത്ഥമില്ല കേട്ടോ). അതിനെ കുറ്റം പറയാന്‍ പറ്റില്ല.പിന്നെ ഇപ്പോഴത്തെ ഈ തിരക്ക് കാണുമ്പൊള്‍ ഒരു വഴി സ്വീകരിക്കാവുന്നതാണ്. അതായതു മുഹൂര്‍ത്തം നോക്കുമ്പോള്‍ ഒരു പാട് നല്ല മുഹുര്‍ത്തങ്ങള്‍ ഉള്ള വിശേഷ ദിവസം തിരഞ്ഞെടുക്കതിരിക്കുക. എന്റെ വിവാഹവും മോളുടെ ചോരൂണും എഴുതിനിരുതലും എല്ലാം ഗുരുവായൂരില്‍ വച്ചു തന്നെയാണ് നടന്നത്. പക്ഷെ ഒരു കാര്യം സമ്മതിക്കാതെ വയ്യ. ഇത്രയും വരുമാനമുണ്ടയിട്ടും ദിനം പ്രതി വര്‍ധിച്ചു വരുന്ന ഭക്ത ജനങ്ങള്‍ക്ക്‌ വേണ്ടി ദേവസ്വം ഒന്നും ചെയ്യുന്നില്ല

Typist | എഴുത്തുകാരി 13 May 2010 at 13:30  

രണ്ടും കൂടി ഒരുമിച്ചാ വായിച്ചത്. പറഞ്ഞതെല്ലാം കാര്യമായ കാര്യങ്ങള്‍. നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞിരിക്കുന്നു.

ആ അമ്മൂമ്മയുടെ മേല്‍ ഒരു കണ്ണുണ്ടാവുന്നതു് നല്ലതാ. മിസ്സിങ്ങ് ഒരു ശീലമാക്കിയാല്‍ പ്രശ്നാവും!

ആര്‍ദ്ര ആസാദ് / Ardra Azad 14 May 2010 at 16:08  

:)
“അമ്മൂമ്മ ഉണ്ണിക്കണ്ണനുമായി സാറ്റ്
കളിക്കുന്നതാകണം.“

പലയാവര്‍ത്തി ഉരുവിട്ടാല്‍ ഈ കഥയും ഗുരുവായൂര്‍ ഭക്കതര്‍ പാടി നടന്നുകൊള്ളും. ഗുരുവായൂര്‍ ബിസിനസ്സുകാര്‍ ഏറ്റെടുത്ത് പൊലിപ്പിച്ചു കൊള്ളുകയും ചെയ്യും...

കുക്കു.. 17 May 2010 at 17:52  
This comment has been removed by the author.
കുക്കു.. 17 May 2010 at 17:55  

ബിനോയ്‌ ചേട്ടാ..നല്ല ഒരു പോസ്റ്റ്‌...
ചിരിപ്പിക്കുന്നതിനോടൊപ്പം കുറെ കാര്യങ്ങള്‍ പറയുകയും ചെയ്തു...
അല്ലാ ഗുരുവായൂര്‍ പോയിട്ടുള്ള ആരും സമ്മതിക്കുന്ന കാര്യങ്ങള്‍ തന്നെ ഇതൊക്കെ...
:)

ഷാ 25 October 2010 at 18:03  

ജ്ജാതി അലക്കാണ്‍ല്ലോ ഗഡീ....!!