Tuesday, 20 July 2010

ഷാര്‍ജാ ഡയറി

തിക്കും തിരക്കും ട്രാഫിക്ക് ജാമുമൊക്കെയാണ് നഗരജീവിതത്തിന്‍റെ താളം. ഷാര്‍ജയില്‍ ആ താളം മുറിയുന്ന കാലമാണ് വേനല്‍. സ്കൂളുകള്‍ പൂട്ടിയാല്‍‌പ്പിന്നെ കലാശക്കൊട്ടായി രണ്ടാഴ്ച്ച വരെ നീളുന്ന ഷോപ്പിങ്ങ് പരാക്രമം. പെട്ടിക്കണക്കിന് പൗഡറും സോപ്പും പെര്‍ഫ്യൂമും ടൈഗര്‍ ബാമും നിഡോയുമൊക്കെയായി കുടും‌ബങ്ങള്‍ ബഹുഭൂരിപക്ഷവും നാടുപിടിച്ചുകഴിഞ്ഞാല്‍ ആകെയൊരു ശാന്തതയാണ്. ആളൊഴിഞ്ഞ മൈതാനം പോലെ സൂപ്പര്‍ മാര്‍ക്കറ്റുകളും ഗിഫ്റ്റ് ഷോപ്പുകളും. ട്രാഫിക്ക് ലൈറ്റുകള്‍ക്കു പോലും ഒരു ഉഷാറില്ലെന്നു തോന്നും. കുറച്ചായി സൂപ്പര്‍ മാര്‍ക്കറ്റില്‍ നല്ല പാലക്കാടന്‍ മട്ട കിട്ടാത്തതുകൊണ്ട് റോളയിലെ സ്പൈസ് ഷോപ്പില്‍ ഒരുകൈ നോക്കാന്‍ പോയതാണ് രാത്രി പത്തു മണിക്ക്. കടയുടെ മുന്നില്‍‌ത്തന്നെ യധേഷ്ടം പാര്‍ക്കിങ്ങ്. കൈയ്യിലുള്ളത് ഒരു കാര്‍ മാത്രമായതുകൊണ്ട് ഒരു സ്പേസ് കൈയ്യേറി തൃപ്തിപ്പെട്ടു. പാര്‍ക്കിങ്ങ് കിട്ടാതെ അര മണിക്കൂര്‍ ചുറ്റിയടിക്കുക, ഒടുവില്‍ നോ പാര്‍ക്കിങ്ങ് ഏരിയയില്‍ ഹസാര്‍‌ഡ് ലൈറ്റിട്ട് വണ്ടി നിര്‍ത്തുക, ഫൈനടിക്കാനൊരുങ്ങുന്ന പാര്‍ക്കിങ്ങ് ഇന്‍സ്പെക്ടറോട് കെഞ്ചുക കരയുക ഏത്തമിടുക.. ഇതിന്‍റെയൊക്കെ ത്രല്ലില്ലെങ്കില്‍ എന്തു റോള!

യു ഏ ഇയില്‍ സാമ്പത്തികമാന്ദ്യം വീശിയടിച്ചപ്പോള്‍ കടപുഴകിയ ജീവിതങ്ങള്‍ ഏറെയാണ്. പിടിച്ചു നില്‍ക്കാനായവര്‍ അനുഭവിക്കുന്ന രണ്ട് ഗുണഫലങ്ങളും മാന്ദ്യത്തിന്‍റെ അക്കൗണ്ടില്‍ പെടുത്താനുണ്ട്. കുറഞ്ഞ വീട്ടുവാടകയും ഗതാഗതക്കുരുക്കും. റിയല്‍ എസ്റ്റേറ്റ് ഓഫീസുകളില്‍ വളെടുത്തവനെല്ലാം വെളിച്ചപ്പാടായിരുന്നു മുമ്പൊക്കെ. പണം മുടക്കുന്നവന്‍ പിച്ചക്കാരന്‍. കൂടുതല്‍ ഡയലോഗ് വേണ്ട, ഇത്രയാണ് റെന്‍റ്, സൗകര്യമുണ്ടെങ്കില്‍ എട്, ഇല്ലെങ്കില്‍ പോട് എന്നാണ് നയം. ഡോക്ടറും എഞ്ജിനീയറും കമ്പനി എക്സിക്ക്യൂട്ടവുകളുമടക്കം പഞ്ചപുച്ഛമടക്കി കൈമടക്കുമായി സ്വന്തം പേര് കൂട്ടിയെഴുതാനറിയാത്ത ബില്‍‌ഡിങ്ങ് വാച്ച്‌മാന്‍റെ മുന്നില്‍ ക്യൂ നിന്നിരുന്നത് ഒരു കാലം. മാളികമുകളേറിയ മന്നന്‍റെ.. എന്ന മട്ടായി ഇപ്പോള്‍. ഏത് ഏരിയയില്‍, ഏത് ഫ്ലോറില്‍, എത്ര റെന്‍റിന് വേണം സാര്‍.. എന്നായിരിക്കുന്നു. "അന്ന് കാറ് വാങ്ങാന്‍ പോയ ദിവസം ഏമ്മാന്നേ എന്നല്ലല്ലോ വിളിച്ചത്" എന്നു കിലുക്കത്തില്‍ തിലകന്‍ ചോദിച്ചത് ഓര്‍മ്മ വരുന്നത് സ്വാഭാവികം.

അവിടുത്തേപ്പോലെ ഇവിടെയും എന്നല്ല, ഒരു കാര്യം അവിടുത്തേതിലും കടുപ്പമാണിവിടെ എന്നുതന്നെ പറയാം. ഷാര്‍ജയിലിത് കറണ്ടുകട്ടിന്‍റെ കാലമാണ്. മുന്നറിയിപ്പില്ലാതെ എട്ടും പത്തും മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബ്ലാക്കൗട്ടുകള്‍ തുടങ്ങിയിട്ട് മാസമൊന്നു കഴിഞ്ഞെങ്കിലും അതിന്‍റെ അഹങ്കാരമൊന്നും ഞങ്ങള്‍ക്കില്ല. പതിവിനു വിരുദ്ധമായി സം‌ഗതി പത്രമാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ടെങ്കിലും ഇരുട്ടടി ഉഷാറായി നടക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയകളില്‍ സ്ഥാപനങ്ങള്‍ പലതും പ്രതിസന്ധിയിലാണ്. തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്നു, റസ്റ്ററണ്ടുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ കേടാകുന്നു.. പകല്‍സമയങ്ങളില്‍ ചൂട് അമ്പതിനടുത്താണ്. രാത്രി പോലും നാല്പ്പതില്‍ കുറയില്ല. ഏ സി ഇല്ലാതെ അരമണിക്കൂര്‍ വീട്ടിലിരുന്നാല്‍ ഇഡ്ഡലിപ്പാത്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളേക്കുറിച്ച് ഉപന്യാസമെഴുതാനുള്ള ജ്ഞാനമുണ്ടാക്കാം. ഹ്യുമിഡിറ്റി ഏറിയും കുറഞ്ഞുമിരിക്കുന്നെങ്കിലും നാട്ടിലെ അത്രതന്നെ വിയര്‍പ്പില്ല. കഴിഞ്ഞ മാസം കറന്‍റുബില്ല് കൈയ്യില്‍ കിട്ടിയപ്പോഴാണ് ഒടുവില്‍ വെട്ടിവിയര്‍ത്തത് .

11 comments:

ബിനോയ്//HariNav 20 July 2010 at 13:28  

ഷാര്‍ജാ ഡയറി

Vimoj 20 July 2010 at 13:38  

hi,
nice writting
visit this sit
http://gk-myvisual.blogspot.com
good storys are avilable

ഹാരിസ് 20 July 2010 at 16:44  

ഒന്നു പതുക്കെ.നാട്ടിലൊള്ളോരു കേക്കണ്ട.അവിടെയൊക്കെ ഫുള്‍ റ്റൈം കരന്റുണ്ട്.അല്ലെങ്കിലും പഴയ ഡിമാന്റില്ല നാട്ടില് ദുബായിക്കാര്‍ക്കിപ്പോ."നീ അവിടെ എന്നാത്തിന് പോയി കെടക്കുവാടാ"എന്നാ ഒരപ്പാപ്പന്‍ കഴിഞ്ഞ തവണ പോയപ്പോ ചോദിച്ചത്.ഇനി കൈപ്പള്ളി നാട്ടില്‍ പോയി കൊറേ കുണ്ടും കുഴീം പോട്ടം പിടിച്ച് ബ്ലോഗിലിട്ടാലെ നാട്ടിലൊള്ളോരോട് പിടിച്ച് നിക്കാന്‍ പറ്റൂ.

ദീപു 20 July 2010 at 18:13  

മെയ്‌ മാസത്തിലെ ഭീകരമായ പവർ കട്ടിനു ശേഷം ഇനിയുണ്ടാവില്ലെന്നു കരുതി..
അന്ന്‌ ദുബായിലേക്ക്‌ മാറിപ്പോയ എന്റെ അയൽ വാ സിക്ക്‌ ഇന്നലെ എന്നെ വിളിക്കുമ്പോൾ ഭയങ്കര സന്തോഷം..

ശ്രീ 20 July 2010 at 19:38  

രസമായി വായിച്ചു വന്നതായിരുന്നു, പെട്ടെന്നങ്ങ് നിര്‍ത്തി.

എറക്കാടൻ / Erakkadan 21 July 2010 at 15:16  

ഫാഗ്യം നുമ്മ ദുഫായിലായത്

Jishad Cronic 21 July 2010 at 16:18  

അവിടെ കറണ്ട്കട്ട് ആയാല്‍ ഇവിടെ എന്‍റെ ചങ്ക് ഇടിക്കും.. കാരണം ഞങ്ങളുടെ ഒരു 2 -3 സ്ഥാപനങ്ങള്‍ അവിടെ ഉണ്ട് അവിടെ എന്തെങ്കിലും നഷ്ടങ്ങള്‍ സംഭവിച്ചാല്‍ എനിക്ക് പണി കൂടി കിട്ടും.ഒന്ന് രണ്ടു പ്രാവിശ്യം പനികിട്ടിയതാ ഈ വര്‍ഷം അവിടന്ന് .

Anil cheleri kumaran 22 July 2010 at 19:24  

യധേഷ്ടം എന്നത് യഥേഷ്ടം എന്നു തിരുത്തട്ടെ..

ഭായി 25 July 2010 at 10:07  

കുമാരന് കാര്യം മനസ്സിലായല്ലോ..!!! അപ്പോൾ പിന്നെന്തിനാ തിരുത്തുന്നത്? :)
ഒരു കാര്യത്തിലും ഒരു പ്ലാനിംഗുമില്ലാത്ത ഒരു സ്ഥലമാണ് ഷാർജ :(

ബിനോയ്//HariNav 25 July 2010 at 12:13  

കുമാരന്‍‌മാഷേ തിരുത്തിന് നന്ദി. പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് വായിച്ചു നോക്കിയപ്പോള്‍ ആ വാക്കിലൊന്ന് തപ്പിത്തടഞ്ഞതാണ്. പക്ഷെ കിഡ്നി വര്‍ക്ക് ചെയ്തില്ല. ഈയിടെയായി തന്മാത്രരോഗത്തിന്‍റെ അസ്ക്കിത ഏറുന്നുണ്ടോ എന്ന് സം‌ശയം. :)

ഒഴാക്കന്‍. 27 July 2010 at 13:05  

ഡയറി കൊള്ളാം ഷാര്ജയെ എനിക്കറിയില്ല