Sunday, 18 July 2010

ഗണപതിയുടെ (പ്ര) ഗുണ്ടായിസം

ഭക്തരുടെ മനം നിറച്ച് ആനയൂട്ട് ആഘോഷമായി
തൃശ്ശൂര്‍: വടക്കുംനാഥ സന്നിധിയിലെ ആനയൂട്ട് ആഘോഷമായി. 49 ആനകള്‍ ഇക്കുറി ഉണ്ണാനെത്തി. ആയിരങ്ങളെ സാക്ഷിനിര്‍ത്തി മേല്‍ശാന്തി കൊറ്റപിള്ളി നാരായണന്‍ നമ്പൂതിരിയില്‍നിന്ന് മൂന്നു വയസ്സുകാരന്‍ ചേറ്റുവ കണ്ണന്‍ ആദ്യ ഉരുള വാങ്ങി. 28-ാം തവണയാണ് മുടങ്ങാതെ ആനയൂട്ട് നടക്കുന്നത്.........


(മതൃഭൂമി വാര്‍ത്ത)


"പുണ്യമാസമായ കര്‍ക്കിടകത്തെ വരവേല്‍ക്കുന്നതിനായാണ്" ആനയൂട്ടെന്ന് ചിലര്‍. "പൊതുവെ ദുര്‍ഘട മാസമെന്ന് അറിയപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ വിഘ്നങ്ങള്‍ ഒന്നും വരുത്തരുതെന്ന് ഗണപതി ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നതിനും ഭഗവാനെ തൃപ്തിപ്പെടുത്തുന്നതിനുമായാണ് ഈ ചടങ്ങ് നടത്തുന്നതെന്ന്" മറ്റു ചിലര്‍. ചങ്ങലക്കിട്ട ആനകളെ പ്രത്യക്ഷ ഗണപതിയായി സങ്കല്പ്പിച്ചാണത്രെ ചടങ്ങ് നടത്തുന്നത്. എന്തരായാലും ഊണ് എല്ലിനിടയില്‍ കയറിയ ഒരു പ്രത്യക്ഷ ഗണപതി (അതോ കിട്ടിയ ശാപ്പാട്, നടന്ന ദൂരത്തിന് മുതലാകാഞ്ഞതുകൊണ്ടോ) ഇന്നലെ തൃശ്ശൂര്‍ നഗരത്തിലുണ്ടാക്കിയ അലമ്പ് ചില്ലറയല്ല. ഗണപതിയുടെ (പ്ര) കാലിലെ മുള്ളുചങ്ങല പാപ്പാന്‍ വലിച്ചതാണ് ഏടങ്ങേറാക്കിയതെന്നും കേള്‍ക്കുന്നുണ്ട്. പൂങ്കുന്നം പോസ്റ്റോഫീസിനു സമീപം ഇടഞ്ഞ ഗണപതി (പ്ര) ഡാഡി ശിവന്‍റെ മണിയോര്‍‌ഡര്‍ വല്ലതുമുണ്ടോയെന്ന് പോസ്റ്റുമാനോടന്വേഷിച്ച് നിരാശനായി മൂന്നുകുറ്റിയിലെത്തി. പിന്നീട് ഒരു ചെയ്ഞ്ചിനായി റെയില്‍‌വേ ട്രാക്കിലിറങ്ങിയായി ഓട്ടം. പിന്നാലെ പാപ്പാന്മാരും (അതാണല്ലോ അവരുടെ ഡ്യൂട്ടി). നേരെ തൃശ്ശൂര്‍ റെയില്‍‌വേ സ്റ്റേഷനിലെത്തിയ ഗണപതി (പ്ര) കൈലാസത്തിലേക്കുള്ള ട്രെയിന്‍ വൈകിയോടുന്നതറിഞ്ഞ് ക്ഷുഭിതനായി പുറത്തിറങ്ങി ആദ്യം കണ്ട രണ്ടു മാരുതി കാറുകള്‍ പൊക്കിയെടുത്ത് സിസര്‍ക്കട്ടടിച്ച് റിലാക്സ് ചെയ്തു. എന്തായാലും ഗണപതിയെ (പ്ര) മയക്കുവെടി വെച്ച് തളക്കുന്നതുവരെയുള്ള മണിക്കൂറുകള്‍ നഗരം മുള്‍‌മുനയിലായിരുന്നു. ക്ഷേത്രമേല്‍‌ശാന്തി പൂജിച്ച മയക്കുമരുന്നാണോ ഗണപതിയെ (പ്ര) വെടിവെയ്ക്കാന്‍ ഉപയോഗിച്ചത് എന്നതു സം‌ബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല. ഗണപതിയെ (പ്ര) വെടിവെച്ച ഡോക്‌ടര്‍ പാപ പരിഹാരത്തിനായി മൂന്നു റൗണ്ട് വെടിവഴിപാട് നേര്‍ന്നതായും കേള്‍ക്കുന്നുണ്ട്. ഇന്നലെ തന്നെ മറ്റൊരു ഗണപതി (പ്ര) ഗുരുവായര്‍ ആനക്കോട്ടയില്‍ കൂട്ടാനയുടെ കൂമ്പിടിച്ചു കലക്കി ഗുണ്ടായിസം കാട്ടിയതായും വാര്‍ത്ത.


ആനയൂട്ടിന് വിളമ്പുന്ന അവില്‍, ശര്‍ക്കര, പഴം, മലര്‍ തുടങ്ങിയ വിഭവങ്ങളുടെ കോമ്പിനേഷന്‍, ആനകള്‍ക്ക് പ്രത്യേകിച്ച് കുട്ടിയാനകള്‍ക്ക് മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി ഒരു ആരോപണം മുന്‍പ് കേട്ടിരുന്നു. ചെരിഞ്ഞ ചില ആനകളുടെ കുടലില്‍‌നിന്നും കോണ്‍ക്രീറ്റു പോലെ ഉറച്ച ഈ മിശ്രിതം കണ്ടെത്തിയത്രെ. എന്തായാലും തൃശ്ശുരുകാര്‍ക്ക് ആനയുമായി ബന്ധപ്പെട്ടതെന്തും ആഘോഷമാണ്. വഴിയേ പോകുന്നവന്‍റെ കുടും‌ബത്തിന്‍റെ അന്നം മുട്ടിക്കാതെ ഊട്ടും ഓട്ടവുമൊക്കെ നടത്തേണ്ട ഉത്തരവാദിത്ത്വം ആഘോഷക്കാരില്‍ നിക്ഷിപ്തമാക്കേണ്ടതാണ്.

വാല്‍‌ക്കഷണം: "ഭക്തരുടെ മനം നിറച്ച് ആനയൂട്ട് ആഘോഷമായി" എന്ന് മാതൃഭൂമിയുടെ തലക്കെട്ട്. ആനപ്പിണ്ഡം പ്രസാദമാക്കിയിരുന്നെങ്കില്‍ ഭക്തര്‍ക്ക് വയറുകൂടി നിറക്കാമായിരുന്നു എന്ന് കൂട്ടത്തിലൊരു ഗണപതി (പ്ര) പിറുപിറുത്തത്രേ.

ചിതത്തിനു കടപ്പാട് http://www.deepika.com/

8 comments:

ബിനോയ്//HariNav 18 July 2010 at 13:13  

ഗണപതിയുടെ (പ്ര) ഗുണ്ടായിസം

അലി 18 July 2010 at 13:16  

ഇന്നലെ ഇടഞ്ഞ ഒരാന (ഇതാണോ എന്നറിയില്ല) കുമാരി ജയലളിത നടയ്ക്കിരുത്തിയതാണത്രെ. അതുകൊണ്ടായിരിക്കും ഇത്ര കുറുമ്പ്!

ബിനോയ്//HariNav 18 July 2010 at 13:31  

അലീ, ജയലളിത നടക്കിരുത്തിയത് ഇടഞ്ഞ ആനയല്ല. ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഇടഞ്ഞ ആനയുടെ പൂശ് കിട്ടിയത് ജയലളിത നടക്കിരുത്തിയ ഒറ്റക്കൊമ്പനാണ്. ചെന്നൈയില്‍ കരുണാനിധി ഗണപതിഹോമം നടത്തിയതിന്‍റെ എഫക്ട് ആയിരിക്കുമോ എന്തോ :)

Jishad Cronic 18 July 2010 at 14:26  

അപ്പോള്‍ ജയലളിതക്ക് വീറും വാശിയും പോരല്ലേ ?

c.k.babu 18 July 2010 at 17:54  

"ഭക്തരുടെ മനം നിറച്ച് ആനയൂട്ട് ആഘോഷമായി" എന്ന് മാതൃഭൂമിയുടെ തലക്കെട്ട്.

ഭക്തരുടെ 'മലം' നിറച്ചായിരുന്നു ആനയൂട്ടെങ്കില്‍ ഇതിലും ആഘോഷമായേനെ.

"കണ്ടാലറിയാം കണിയാന്‍മാര്‍ക്ക്
കൊണ്ടാലും അറിയില്ല കൊശവന്‍മാര്‍ക്ക്"
എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്.

കൊശവന്‍ എന്നാല്‍ കേരളീയന്‍ എന്നാണോ പോലും അര്‍ത്ഥം?

സുരേഷ് ബാബു വവ്വാക്കാവ് 18 July 2010 at 18:50  

ആനയെ രക്ഷിക്കാൻ ഒരു പരിസ്ഥിതിവാദിയുമില്ലേ

സ്വതന്ത്രന്‍ 19 July 2010 at 18:39  

ആന ഒരു വളര്‍ത്തു മൃഗമല്ല ...അതുകൊണ്ട്
അത് കാറ്റില്‍ തന്നെ ജീവികട്ടെ ....

ദിവാരേട്ടN 21 July 2010 at 14:33  

അവലും, മലരും കഴിയുമെങ്കില്‍ ആനക്ക് കൊടുക്കാതിരിക്കുകയാണ് നല്ലത്. ഇതും കാത്ത് ആന കര്‍ക്കിടകമാസം വരുന്നതും നോക്കി ഇരിക്കുകയാണെന്ന് തോന്നും ഇവരുടെ രീതി കണ്ടാല്‍. ഈ "അഭയാര്‍ഥി കഞ്ഞി" കുടിക്കാന്‍ ആണ് തന്നെ കൊണ്ടുവന്നതെന്ന് മനസ്സിലാക്കാന്‍ ഉള്ള ബുദ്ധി ആനക്ക് ഇല്ലാതെ പോയതുകൊണ്ട് ആണ് ആന ഊട്ട് നടത്താന്‍ അടുത്ത കൊല്ലവും ഇവര്‍ ജീവിച്ചിരിക്കുന്നത്‌ തന്നെ.