Tuesday 5 January 2010

മലയാള മര്യാദകള്‍

കേരളത്തിന്‍റെ സമ്പന്നമായ പൈതൃകത്തിന്‍റെയും തനതായ സം‌സ്ക്കാരത്തിന്‍റെയും ബ്രാന്‍ഡ് അമ്പാസഡര്‍‌മാര്‍ ആകേണ്ടവരാണ് നമ്മുടെ ഇളമുറക്കാര്‍. പക്ഷെ നിര്‍ഭാഗ്യവശാല്‍ തൊഴില്‍‌പരമായ സാഹചര്യങ്ങള്‍ ചെറുപ്രായത്തിലേ അവരെ പ്രവാസികളാക്കുന്നതുകൊണ്ട് കേരളീയസമൂഹവുമായി അടുത്തിടപഴകി നമ്മുടെ പൊതുശീലങ്ങള്‍ സ്വായത്തമാക്കാനുള്ള അവസരം അവര്‍ക്ക് നഷ്ടമാകുന്നുണ്ട്. കുളിക്കുന്നത് ആര്‍ഭാടമായും ചന്തി കഴുകുന്നത് അഹങ്കാരമായും ഗണിക്കപ്പെടുന്ന സായ്‌പ്പിന്‍റെ നാട്ടില്‍ എത്തിപ്പെടുന്ന നമ്മുടെ ചെറുപ്പക്കാരുടെ ആഭിമുഖ്യം ആ ദേശത്തെ ശീലങ്ങളോടാവുക സ്വാഭാവികം. വഴി മാറി സഞ്ചരിക്കുന്ന ഇത്തരക്കാര്‍ക്കായി മലയാളികളുടെ വ്യക്തിശുചിത്വത്തിന്‍റെ കാര്‍ക്കശ്യവും പൊതു ഇടങ്ങളിലെ തനതായ പെരുമാറ്റ മര്യാദകളും പരിചയപ്പെടുത്തിക്കൊടുക്കാനുള്ള എളിയ ശ്രമമാണ് ഈ കുറിപ്പ്.

നിയമം ഒന്ന്- അപാരമായ ഏകാഗ്രത ഇവിടെ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ചെയ്യുന്ന പ്രവൃത്തി നാലാള് കൂടുന്നിടത്താകുമ്പോള്‍‍ അത് വൃത്തിയായിത്തന്നെ നിര്‍‌വ്വഹിക്കണം. മൈതാനത്ത് മോതിരം തിരയുന്നവന്‍റെ ശ്രദ്ധയും പൊന്നുരുക്കുന്ന തട്ടാന്‍റെ സൂക്ഷ്മതയുമാണ് ആവശ്യം. പൊതുസ്ഥലത്ത് മൂക്കില്‍ വിരലിടുന്നതിനേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അതീവഗൗരവഭാവം മൂക്കില്‍ ഖനനം നടക്കുന്ന വേളയിലുടനീളം മുഖത്ത് നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തം കാല്‍‌പ്പാദത്തിലേക്ക് നൊക്കിക്കൊണ്ട് കണ്ണുകള്‍ പാതിയടഞ്ഞ ഒരു ഫീലിങ്സ് വരുത്തുകയാവും ഉത്തമം. മറ്റ് പല ഖനനപ്രവര്‍ത്തനങ്ങളിലും എന്നപോലെ നടുവിരലാണ് മൂക്കിലെ പര്യവേഷണത്തിനും യോജിക്കുക. കാലിയായ വിക്സ് കുപ്പിയില്‍‌നിന്നും അവശേഷിക്കുന്ന നനവ് തുടച്ചെടുക്കാന്‍ വിരല്‍ ചുഴറ്റുന്ന മട്ടില്‍‌വേണം പ്രയോഗം. കൈയ്യില്‍ തടയുന്ന ഉല്പന്നങ്ങളെ ‍താഴെയിടാതെ ശ്രദ്ധാപൂര്‍‌വ്വം ഒന്നൊന്നായി വിരലുകള്‍ക്കൊണ്ട് തിരുമ്മിയുരുട്ടി പൂര്‍ണ്ണ ഗോളാകൃതി കൈവരുത്തണം. എന്നിട്ട് ശാന്തിക്കാരന്‍ പൂജാപുഷ്പ്പങ്ങള്‍ അര്‍പ്പിക്കുന്ന മട്ടില്‍ കൈപ്പത്തി മലര്‍ത്തിപ്പിടിച്ച് വേണം അവയെ ഞൊട്ടിക്കളയേണ്ടത്. ഇത്രയും ചെയ്തുകഴിഞ്ഞാല്‍ ചുറ്റുമൊന്ന് കണ്ണോടിച്ച് പ്രേക്ഷകരുടെ അനുമോദന പാര്‍‌വ്വൈകള്‍ ഏറ്റുവാങ്ങാവുന്നതാണ്.

നിയമം രണ്ട്- അല്പ്പം‌കൂടി ലാഘവത്തോടെ നിര്‍‌വ്വഹിക്കാവുന്ന കര്‍മ്മമാണ് പല്ലിടകുത്തല്‍. ഈ പ്രക്രീയ നടന്നുകൊണ്ടിരിക്കുമ്പോള്‍ തലയുയര്‍ത്തി ചുറ്റുപാടും വീക്ഷിക്കുകയും ജന്തുജാലങ്ങളാല്‍ സമ്പന്നമായതും പൊതു കം‌ഫര്‍ട്ട് സ്റ്റേഷനിലെ ക്ലോസറ്റിന്‍റെ നിറമുള്ള പല്ലുകള്‍ എറിഞ്ഞ് പിടിപ്പിച്ചമട്ടില്‍ വിന്യസിക്കപ്പെട്ടതുമായ വദനത്തിന്‍റെ സൗകുമാര്യം മാലോകര്‍ക്കായി തുറന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്യാവുന്നതാണ്. കുത്തല്‍ നടന്നുകൊണ്ടിരിക്കെത്തന്നെ വായിലെ മിനി വാക്വം ക്ലീനര്‍ നിര്‍ത്താതെ പ്രവര്‍ത്തിപ്പിച്ച് തട്ടിന്‍‌പുറത്ത് എലികള്‍ കുടും‌ബയോഗം ചേരുന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കണം കുത്തിയെടുക്കുന്ന വിഭവങ്ങള്‍ അഭിരുചിക്കനുസരിച്ച് വെജ് നോണ്‍‌വെജ് തരം‌തിരിച്ച് തുപ്പിക്കളയുകയോ നാക്കിലേക്ക് ആവാഹിച്ച് രുചിച്ച ശേഷം വിഴുങ്ങുകയോ ചെയ്യാം. തുപ്പിക്കളയുകയാണെങ്കില്‍ പരമാവധി ശബ്ദഘോഷങ്ങള്‍ സൃഷ്ടിക്കുകയും ഇതൊക്കെ നമുക്ക് എത്ര നിസ്സാരം എന്നൊരു ഭാവം മുഖത്ത് വരുത്തുകയും ചെയ്യുന്നത് ജനത്തിന്‍റെ ആരാധന വര്‍ദ്ധിക്കാന്‍ സഹായകമാകും

നിയമം മൂന്ന്- ജിം‌നാസ്റ്റിക്സിന്‍റെ ലാസ്യഭം‌ഗി ഇഴുക്കിച്ചേര്‍ക്കാവുന്ന കലയാണ് മൂക്ക് ചീറ്റല്‍. വ്യക്തിശുചിത്വത്തിലുള്ള നമ്മുടെ അതീവജാഗ്രത പ്രകടമാക്കാനായി മൂക്ക് എന്ന നികൃഷ്ടദ്വാരത്തെ ശരീരത്തിന്‍റെ മറ്റ് പാവനഭാഗങ്ങളില്‍‌നിന്നും പരമാവധി അകലേക്ക് മാറ്റേണ്ടതുണ്ട്. അതിനായി അരക്ക് മുകളിലേക്കുള്ള ശരീരഭാഗം തറക്ക് സമാന്തരമായി കൊണ്ടുവരണം. ഒരു കാല് കൂടി പിന്നോട്ടുയര്‍ത്തി ബാലന്‍സ് ചെയ്ത് നില്‍ക്കുന്നത് പ്രേക്ഷകരുടെ മതിപ്പേറ്റാന്‍ സഹായിക്കും. പ്രഷര്‍ കുക്കറിന്‍റെ സേഫ്റ്റി‌വാല്‍‌വ് അടിച്ചുപോയ ശബ്ദത്തിലുള്ള ചീറ്റലില്‍ ഞെട്ടിത്തിരിയുന്ന മാളോര്‍ക്ക് ഒരറ്റം മൂക്കിലും ഒരറ്റം തറയിലുമായി സ്റ്റേ വയര്‍ അടിച്ചിരിക്കുന്ന മട്ടില്‍ തൂങ്ങിക്കിടക്കുന്ന കൊഴുത്ത തീര്‍ത്ഥം കണ്ട് സായൂജ്യമടയാനുള്ള ഭാഗ്യമുണ്ടാകണം.

നിയമം നാല്- ചൊള ചെലവാക്കി വാങ്ങുന്ന പെയ്സ്റ്റുപയോഗിച്ച് ഡെയ്‌ലി പല്ല് തേക്കുന്ന ശീലമുള്ളത് നാലുപേര്‍ അറിഞ്ഞില്ലെങ്കില്‍ കോള്‍ഗേറ്റും കുമ്മായവും തമ്മിലെന്ത് വ്യത്യാസം? വീട്ടില്‍ വാഷ്‌ബേസിനുണ്ടെങ്കിലും പല്ലുതേപ്പ് പറമ്പില്‍ തന്നെ വേണം. ഗൃഹനാഥന്‍റെ കലാചാതുരി വിളിച്ചോതിക്കൊണ്ട് നാളെത്തെ കറിക്കുള്ള ചീരയും ഇന്നത്തെ കണിക്കുള്ള റോസാ പുഷ്പവും അടക്കമുള്ള വൈവിധ്യമാര്‍ന്ന കാന്‍‌വാസില്‍ വെളുത്ത ചായത്തിലുള്ള അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ തൊടിയെ അലങ്കരിക്കണം. അതിസാരം വന്ന കാക്ക മൂക്കിന്മേലിരുന്ന് തൂറിയ മട്ടില്‍ വായി‌ല്‍‌നിന്ന് ഒലിച്ചിറങ്ങുന്ന വെളുത്ത് കൊഴുത്ത ദ്രാവകവുമൊലിപ്പിച്ച് കൈയ്യില്‍ ബ്രഷുമേന്തിയുള്ള പരാക്രമം അങ്കക്കലി പൂണ്ട ചേകവരെ അനുസ്മരിപ്പിക്കണം. മള്‍ട്ടി ടാസ്കിങ്ങും പബ്ലിക്ക് റിലേഷന്‍‌സും ഇമ്പ്രൂവ് ചെയ്യാനായി ഈ സമയം വഴിയേ പോകുന്ന പരിചയക്കാരെ തടഞ്ഞ് നിര്‍ത്തി മുനിസിപ്പാലിറ്റിയുടെ ശുചിത്വമില്ലായ്മയേക്കുറിച്ചും ആരോഗ്യവകുപ്പിന്‍റെ പിടിപ്പുകേടിനേക്കുറിച്ചും ഘോരഘോരം പ്രസം‌ഗിക്കാവുന്നതാണ്.

നിയമം അഞ്ച്- പ്രവാചകര്‍ പൊതുവേ ലജ്ജാശീലരായതുകൊണ്ട് മാത്രം സ്വര്‍‌ഗ്ഗീയ സുഖങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ഒന്നാണ് പൃഷ്ടം ചൊറിയല്‍. അതിന്‍റെ സുഖം ആസ്വദിച്ചറിഞ്ഞവര്‍ കൃമിമരുന്നുകള്‍ നിര്‍ത്തലാക്കാന്‍ ഹര്‍ത്താലാചരിക്കും. ഏത് സമയത്തും ഏത് വേദിയിലും ഈ സ്വര്‍ഗ്ഗീയസുഖം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമാണ് 1947ല്‍ നമ്മള്‍ നേടിയെടുത്തത്. ഏത് കൈ കൊണ്ടാണോ ചൊറിയന്നത് അതിന് വിപരീത വശത്തുള്ള കാലിന്‍റെ ഉപ്പൂറ്റി തെല്ലൊന്നുയര്‍ത്തി ചെറുതായൊരു ലിഫ്റ്റ് കൊടുക്കുന്നത് നന്നായിരിക്കും. ചൊറിച്ചില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുമ്പോഴേക്കും പിടികൂടാനിടയുള്ള മയക്കം മുന്നില്‍‌ക്കണ്ട് ഒഴിവുള്ള കൈകൊണ്ട് ഇലക്ട്രിക്ക് പോസ്റ്റിലോ ബസ് ഷെല്‍ട്ടറിന്‍റെ തൂണിലോ സപ്പോര്‍ട്ട് കൊടുക്കാന്‍ ശ്രദ്ധിക്കണം. വേട്ടയാടിപ്പിടിച്ച പോത്തിന്‍റെ തല സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്നതുപോലെ, പൂര്‍ത്തിയാക്കിയ ധീരകൃത്യത്തിന്‍റെ വിളമ്പരമായി ഉടുവസ്ത്രം പൃഷ്ടത്തിന്‍റെ വിടവില്‍‌ത്തന്നെ നിലനിര്‍ത്തുന്നത് ജനത്തിന്‍റെ ബഹുമാനം ആര്‍ജ്ജിക്കാന്‍ ഉപകരിക്കും.

വിസ്താരഭയത്താല്‍ തല്‍ക്കാലം ചുരുക്കുന്നു. പ്രധാനപ്പെട്ട പോയിന്‍റുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ മറ്റ് പൈതൃകസംരക്ഷകര്‍ ഇടപെട്ട് പൂര്‍ത്തിയാക്കണമെന്ന് അപേക്ഷ. ദൈവത്തിന്‍റെ സ്വന്തം നാട് ടൂറിസം വ്യവസായത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇത്തരം പെരുമാട്ടച്ചട്ടങ്ങള്‍ക്ക് വന്‍ പ്രസക്തിയുണ്ട്.

36 comments:

ബിനോയ്//HariNav 5 January 2010 at 08:35  

ദൈവത്തിന്‍റെ സ്വന്തം നാട് ടൂറിസം വ്യവസായത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന കാലഘട്ടത്തില്‍..

Jayesh/ജയേഷ് 5 January 2010 at 08:48  

ഇതൊക്കെ ഏത് നാട്ടുകാര്‍ ക്കും ബാധകമല്ലേ? അതോ മലയാളികള്‍ ക്ക് മാത്രമാണോ?

ശ്രീ 5 January 2010 at 08:49  

തന്നെ. തീര്‍ച്ചയായും പ്രസക്തമായ വിഷയം ;)

കേരളത്തില്‍ താമസിയ്ക്കുന്ന മലയാളികള്‍ക്ക് ദിവസത്തില്‍ ഒരിയ്ക്കലെങ്കിലും ഇതിലേതെങ്കിലും ഒരു 'കല' കാണാന്‍ അവസരമുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.

ബിനോയ്//HariNav 5 January 2010 at 10:22  

തീര്‍ച്ചയായും ജയേഷ്‌ജി. പക്ഷെ ദിനവുമുള്ള കുളി എന്ന ഒറ്റ ആര്‍‌ഭാടത്തിന്‍റെ അഹങ്കാരത്തില്‍ മറുനാട്ടുകാരുടെ ശീലങ്ങളോട് നമുക്ക് പണ്ടേ പരമ പുച്ഛമാണല്ലോ. അതുമല്ല തമിഴനും തെലുങ്കനും നന്നായിട്ട് നമുക്ക് നന്നാകാം എന്നും കരുതുക വയ്യ. വായനക്ക് നന്ദി :)
ശ്രീ, നന്ദി

Baiju Elikkattoor 5 January 2010 at 10:27  

ha ha.....

nadannu pokumbol yathoru prakopanavum illathe sidilakku kaarithuppunna kaariyavum ithilpedum. mathullavarude tholilo kaalilo evidanu vishunnathennu nokkare illa. pathanja thuppal purathu!

രഞ്ജിത് വിശ്വം I ranji 5 January 2010 at 11:14  

അക്രമ എഴുത്താണല്ലോ ബിനോയീ.. സൂക്ഷം നിരീക്ഷണം കഠിന വിമര്‍ശനം. സംഭവം അത്യുഗ്രന്‍

വശംവദൻ 5 January 2010 at 13:08  

“മൈതാനത്ത് മോതിരം തിരയുന്നവന്‍റെ ശ്രദ്ധയും പൊന്നുരുക്കുന്ന തട്ടാന്‍റെ സൂക്ഷ്മതയും

ഹ..ഹ.. നന്നായിട്ടുണ്ട്

Unknown 5 January 2010 at 13:20  

തീഷ്ണം, ശരിക്കും കുറിക്കു കൊള്ളുന്നത്‌.

ഹാരിസ് 5 January 2010 at 13:24  

എഴുതിയത് വൃത്തികേടാണെങ്കിലും നിരീക്ഷണപാടവം അപാരം.
ഭക്ഷണം കഴിക്കുമ്പോള്‍ ഒച്ചയുണ്ടാക്കുന്നവരെക്കുറിച്ചുകൂടി പ്രതീക്ഷിച്ചു.

വൃത്തികെട്ടവന്‍..!

Unknown 5 January 2010 at 13:28  

അക്രമം അണ്ണാ അക്രക്രമം :-)

ഉഗ്രന്‍ 5 January 2010 at 15:33  

ഇതക്രമമല്ല! കൊലയല്ലേ അരുംകൊല!!!
നമിച്ചണ്ണോ നമിച്ചു...

:)

ഉഗ്രന്‍ 5 January 2010 at 15:33  

tracking!

നരസിംഹം 5 January 2010 at 15:59  

പറഞ്ഞു പോകും കേരളത്തിനു 'വെളിക്ക് ഇറങ്ങി' ജീവിച്ചിട്ട് വന്നാലേ ഈ വിത്യാസം കണ്ണില്‍ പെടൂ. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങി ഒരഞ്ചു മിനിട്ട് ആവും മുന്നെ മുണ്ട് പൊക്കി വഴിയിറമ്പില്‍ മൂത്രമൊഴിക്കുന്നതോ? സ്വന്തമൂത്രം തീര്‍ത്ഥം എന്ന ഭാവത്തില്‍ !

Irshad 5 January 2010 at 18:41  

ബെസ്റ്റ് കണ്ണാ ബെസ്റ്റ്.

നല്ല കാഴ്ചകള്‍

Anil cheleri kumaran 5 January 2010 at 20:02  

പതുക്കെ കൊല്ലാമായിരുന്നു...

ബിനോയ്//HariNav 5 January 2010 at 20:32  

ബൈജു, രഞ്ജിത്ത്, വശം‌വദന്‍, തെച്ചിക്കോടന്‍, വായനക്ക് നന്ദി :)

ഹാരിസ്, ആ വിഷയത്തില്‍ നിന്നെ നായകനാക്കി ഞാനൊരു നോവല്‍ എഴുതുന്നുണ്ട് :)

suchand scs, ഉഗ്രന്‍, നരസിം‌ഹം, പഥികന്‍, വായനക്ക് നന്ദി :)

കുമാരന്‍, എനിക്കാ കമന്‍റങ്ങ് ബോധിച്ചു. "പതുക്കെ കൊല്ലാമായിരുന്നു" എന്ന് പിറുപിറുത്തുകൊണ്ട് തിരിഞ്ഞ് നടന്നുപോകുന്ന കുമാരന്‍റെ വിഷ്വലാണ് മനസ്സില്‍ വന്നത്. പലരും തീക്ഷ്ണം മാരകം എന്നൊക്കെ പറയുന്നുണ്ട്. വിഷയം പ്രണയമാണെങ്കിലും നുമ്മക്ക് ഇങ്ങനയേ എഴുതാനറിയൂ എന്ന രഹസ്യം ആരോടും പറയണ്ട. പിന്നെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കലകളില്‍ ഈയുള്ളവനും തരക്കേടില്ലാത്ത നൈപുണ്യമുണ്ട്. മക്കളെയെങ്കിലും നന്നാക്കാനുള്ള ശ്രമമായി കണ്ടാല്‍ മതി ഈ കുറിപ്പ്. പറ്റിയാല്‍ സ്വയം നന്നാകുകയും ചെയ്യാം :)

കണ്ണനുണ്ണി 5 January 2010 at 20:54  

ബിനോയി മാഷെ...അടിപൊളി പോസ്റ്റ്‌ ...
ഫോര്‍വേഡ് ആയി കറങ്ങി നടക്കാനുള്ള വിധി ഈ പോസ്റ്റിനു കാണുന്നുണ്ട് :)

വാഴക്കോടന്‍ ‍// vazhakodan 5 January 2010 at 22:37  

ബിനോയിയും ഹാരീസും നല്ല അയല്‍ക്കാരായിരുന്നു.ഹാരീസിനെ കുറിച്ച് ബിനോയ് എഴുതിയ നോവല്‍ പ്രസിദ്ധീകരിച്ചതിന് ശേഷം അവര്‍ പിന്നെ നേരില്‍ കാണുകയോ മിണ്ടുകയോ ചെയ്തിട്ടില്ല!
അപ്പോ ബിനോയി എപ്പഴാ നോവല്‍ എഴുതാന്‍ തുടങ്ങുന്നത്??:)

എഴുതുമ്പോള്‍ ഇതു പോലെ തന്നെ എഴുതണേ..എന്റമ്മോ!

ഷിബിന്‍ 5 January 2010 at 23:00  

ഛെ... മോശം... ഞാന്‍ ഇങ്ങനെയൊന്നും ചെയ്യാറില്ല. മലയാളിയാണെങ്കിലും ഞാന്‍ തികച്ചും europian മാതൃകയിലെ ജീവിക്കാറുള്ളൂ.. ഇതൊക്കെ ലോക്കല്‍ മലയാളീസ് ചെയ്യുന്നതല്ലേ?? ലക്ഞാവ്ഹം ....

പകല്‍കിനാവന്‍ | daYdreaMer 5 January 2010 at 23:33  

വിലപ്പെട്ട ഈ പോസ്റ്റ് എങ്ങാനും കാണാതെ പോയിരുന്നെങ്കില്‍! നന്ദി ബിനോയ് നന്ദി.. :):)

ശ്രീക്കുട്ടന്‍ 6 January 2010 at 09:18  

ഗംഭീരമായിട്ടുണ്ട് മാഷേ. സത്യം.വിളിച്ചു പറഞ്ഞത് മലയാളികളുടെ സ്വന്തം ശീലങ്ങള്‍ തന്നെ.അതില്‍ നമ്മളഹങ്കരിക്കുകയും ചെയ്യുന്നു.നെറ്റിചുളിക്കുന്നവമ്മാരോടു പോകാന്‍ പറ.കൂതറകള്‍...

സുമേഷ് | Sumesh Menon 6 January 2010 at 12:13  

നിരീക്ഷണ പാടവം ഗംഭീരം...

നന്നായി എഴുതിയിരിക്കുന്നു...

കുറിക്കു കൊള്ളുന്നവ തന്നെ...
ആശംസകള്‍...:)

ആര്‍ദ്ര ആസാദ് / Ardra Azad 6 January 2010 at 13:14  

നല്ല നിരീക്ഷണവും ഭാഷയും.
പക്ഷെ, പൊതുവിൽ മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളെല്ലാം കൊണ്ടാടുന്ന ഈ ശീലങ്ങളെ “ മലയാളി മര്യാദയാക്കി” ചിത്രികരിച്ചിരിക്കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.

ബിനോയ്//HariNav 6 January 2010 at 14:16  

കണ്ണനുണ്ണി, നന്ദി :)

വാഴേ, നോവലിലെ "കശ്മലന്‍" വില്ലനായി നിന്നെയാ കണ്ടിരിക്കണത് :)

കൊസ്രാ കൊള്ളി, തന്നെ തന്നെ. ഞാനും അങ്ങനെതന്നെ

പകലാ, ഡാങ്ക്യു ഡാങ്ക്യു :)

ശ്രീക്കുട്ടന്‍, സുമേഷ് മേനോന്‍, വായനക്ക് നന്ദി :)

ആര്‍ദ്ര ആസാദ്, താങ്കളുടെ അഭിപ്രായത്തിന്‍റെ പോസിറ്റീവ് വശം മനസ്സിലാക്കുന്നു. അനാരോഗ്യകരം എന്ന് പരിഷ്കൃതസമൂഹം വിലയിരുത്തുന്ന ശീലങ്ങള്‍ മറ്റ് പലരും പങ്കിടുന്നു എന്നതുകൊണ്ട് അത് മലയാളിയുടെ ശീലം അല്ലാതാകുന്നില്ല. മേല്പ്പറഞ്ഞ മൂന്നാം ലോകരാജ്യങ്ങളിലെ പ്രജകളേക്കാളൊക്കെ പരിഷ്ക്കൃതരാണ് തങ്ങളെന്നാണ് ശരാശരി മലയാളിയുടെ മനോഭാവം എന്നെനിക്ക് തോന്നി. അതുകൊണ്ടായിരിക്കാം ഭാഷയുടെ പാരുഷ്യം ഏറിപ്പോയത്. പ്രതികരണത്തിന് നന്ദി :)

പ്രദീപ്‌ 6 January 2010 at 19:18  

എന്‍റെ അണ്ണാ, ഇച്ചിരി റേഞ്ച് കൂടിപ്പോയി . ഹഹഹ

Unknown 6 January 2010 at 21:51  

ഹ ഹാ
നിരീക്ഷണം ഗംഭീരം
ചില ഉപമകളൊക്കെ സൂപ്പർ

Unknown 7 January 2010 at 14:28  

ഹ.. ഹ.. ബിനോയീ... തീര്‍ച്ചയായും പ്രസക്തമായ വിഷയം... ഇതിലും കൃത്യമായി ഈ അഞ്ച്‌ കാര്യങ്ങൾ എങ്ങനെ വിവരിക്കാൻ പറ്റും...?? അക്രമം അണ്ണാ അക്രമം...

Suraj 7 January 2010 at 19:26  

കാലത്തേ ജോഗിങ്ങിന് പോകുന്ന വഴിയേ ഷോട്ട്പുട്ട്കാര് കറക്കിയെറിയുന്ന പോലെ ചവര്‍ പൊതി എറിയല്... ബസിലിരുന്ന് ബൈക്കേല്‍ പോകുന്നവന്റെ മോന്തയ്ക്ക് കാറിത്തുപ്പല്... നാലു ദിവസം മുന്‍പ് കഴിച്ചതിന്റെ നാറ്റം വരെ അന്തരീക്ഷത്തില്‍ പരക്കും വണ്ണം വിടുന്ന ഏമ്പക്കം... എത്രതിരക്കുള്ള റോഡിന്റെയും ഒരു മൂലയ്ക്ക് കുന്തിച്ചിരുന്നു മുണ്ടുപൊക്കിയുള്ള കാര്യസാധ്യം... ലിസ്റ്റങ്ങനെ നീണ്ട് കെടക്ക്വല്ലേ ;))

സുനിൽ കൃഷ്ണൻ(Sunil Krishnan) 7 January 2010 at 21:11  

ഹ ഹ ...കൊള്ളാം..നല്ല നിരീക്ഷണം...ഇനിയും പോരട്ടെ ഇങ്ങനെ!

ആശംസകള്‍!

G.MANU 8 January 2010 at 06:38  

thakarthu
3rd law is so super

ബിനോയ്//HariNav 10 January 2010 at 08:07  

പ്രദീപ്, പുള്ളിപ്പുലി, ജിമ്മി വായനക്ക് നന്ദി :)

സൂരജ്, ഹ ഹ ലിസ്റ്റെടുക്കാന്‍ നിന്നാല്‍ നേരം വെളുക്കും. നന്ദി :)

സുനില്‍ കൃഷ്ണന്‍, മനുജി, വായനക്ക് നന്ദി :)

Seema Menon 13 January 2010 at 20:46  

ha ha ha!
Varaan vaikiyathinu kshamikkane.

സാക്ഷ 20 January 2010 at 20:27  

പ്രിയ ബിനോയ്‌,
മലയാളിക്ക്‌ നഷ്ടപ്പെട്ട ആ വി . കെ.എന്‍. ശൈലി
താങ്കളിളൂടെ നിലനില്‍ക്കുമെന്നു താങ്കളുടെ ഒരൊ പോസ്റ്റും
തെളിയിക്കുന്നു. വിഷയം തെരഞ്ഞെടുക്കല്‍ , അതിനനുയോജ്യമായ
ഭാഷ ഘടിപ്പിക്കല്‍, എന്നിവയില്‍ താങ്കള്‍ അസാധ്യ കൈയ്യടക്കം
കാണിക്കുന്നു!
നന്മകള്‍

ബിനോയ്//HariNav 21 January 2010 at 07:51  

സീമാജി, നോ സോറി ജി. നന്ദി:

സാക്ഷ, വി കെ എന്‍!!! അദ്ദേഹത്തിന്‍റെ വായനക്കാര്‍ പൊറുക്കില്ലാട്ടാ.(ഞാനടക്കം) വായനക്ക് നന്ദി :)

Kamal Kassim 21 January 2010 at 22:01  

Manoharam.

Villagemaan/വില്ലേജ്മാന്‍ 10 January 2011 at 17:52  

ഫയങ്കരന്‍ എന്നെ പറയാനുള്ളൂ ! ഹി ഹി

വരാന്‍ അല്പം താമസിച്ചു..
വീണ്ടും വരാം..!