Thursday, 21 January 2010

തൊഴിക്കുന്ന തൊഴിലുകള്‍

കഴിഞ്ഞ അവധിക്കാലത്താണ്. അടുത്ത ബന്ധുവിന്‍റെ മകള്‍ ബാം‌ഗ്ലൂരില്‍ നര്‍‌സിങ്ങിന് ചേരുന്നു. കുട്ടിക്ക് ഈ ജോലിയോടുള്ള താത്പര്യമാണോ തീരുമാനത്തിന് പിന്നിലെന്ന് വെറുതെ അവളുടെ അച്ഛനോട് ചോദിച്ചു. അങ്ങനെയൊന്നുമില്ല അയല്‍‌വാസിയായ അവളുടെ ബെസ്റ്റ് ഫ്രണ്ട് ഇതേ കോഴ്‌സിനാണ് ചേരുന്നത്, അതുകൊണ്ട് അവളും ആ വഴി പോകട്ടെ എന്ന് തീരുമാനിച്ചു എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ മറുപടി.
നമ്മുടെ സമൂഹത്തില്‍ പുതുമയല്ലാത്ത കാര്യം തന്നെ. തൊഴിലധിഷ്ടിത വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോള്‍ ഈയൊരു തീരുമാനത്തിന്‍റെ സത്തയാണ് ആ കുട്ടിയുടെ ശിഷ്ടമുള്ള ആയുസ്സിന് പ്രാണവായു പകരേണ്ടത് എന്ന പ്രധാനപ്പെട്ട വസ്തുത പലരും കണക്കിലെടുക്കാറില്ല. സ്വയം‌പര്യാപ്തതയും അതുവഴി സ്വതന്ത്രമായൊരു വ്യക്തിത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ഏറ്റവും അത്യന്താപേക്ഷിതമായ ഉപജീവനമാര്‍ഗ്ഗം നമ്മള്‍ തിരഞ്ഞെടുക്കുന്നത് തികച്ചും അശ്രദ്ധവും അശാസ്ത്രീയവുമായാണ് എന്ന് പറയാതെ വയ്യ. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സാമൂഹിക സാഹചര്യങ്ങളിലെ ചെറുപ്പക്കാര്‍ക്ക് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പരിമിതമാണ് എന്ന് അം‌ഗീകരിക്കുമ്പോള്‍‌ത്തന്നെ ലഭ്യമായ സാദ്ധ്യതകളെങ്കിലും നമ്മള്‍ ഔചിത്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു തൊഴില്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ച്ചയായും സാമ്പത്തികവും തൊഴില്‍‌പരവുമായ സുരക്ഷിതത്വം ഒരു പ്രധാന ഘടകമാണെങ്കിലും അത് ഒരേയൊരു മാനദണ്ഡമാകുന്നിടത്താണ് അപകടം. അച്ചാറില്ലെങ്കില്‍ അലുവ കഴിക്കാം എന്ന് പറയുന്നപോലെഒരേ വിദ്യാര്‍ത്ഥിയുടെ ചോയ്‌സ് ലിസ്റ്റില്‍ ഒന്നാമതായി മെഡിസിനും രണ്ടാമതായി മെക്കാനിക്കല്‍ എഞ്ചിനീറിങ്ങും മൂന്നാമതായി ബിസിനസ് മാനേജ്‌മെന്‍റും കടന്ന് വരുന്നതിലെ കോമാളിത്തം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അത്ഭുതകരമാംവിധം വ്യത്യസ്തങ്ങളായ അഭിരുചികള്‍ ഒളിഞ്ഞിരിക്കുന്ന ജീനുകള്‍ പേറുന്ന മനുഷ്യര്‍ക്കിടയില്‍ എന്തും ചെയ്യും സുകുമാരന്‍ മട്ടിലുള്ള സര്‍‌വ്വകലാവല്ലഭന്മാര്‍ വിരളമായിരിക്കും. ചിത്രം വരക്കുന്നവന്‍ പാട്ട് പാടണമെന്നില്ല, കണക്ക് വഴങ്ങുന്നവന്‍ ചിലപ്പോള്‍ കളിയില്‍ കുഴങ്ങും. ചിത്രത്തിലെ രേഖകളും രൂപങ്ങളും വായിച്ചെടുക്കാന്‍ ജന്മവാസനയില്ലാത്തവന്‍ എങ്ങനെയൊരു നല്ല സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറാകും, മനുഷ്യരെ ഭയക്കുന്ന അന്തര്‍‌മുഖന്‍ ബുദ്ധിജീവിയാണെങ്കിലും എങ്ങനെ നല്ലൊരു അദ്ധ്യാപകനാകും, മുന്ന് വരികള്‍‌ക്കപ്പുറം ലോജിക്കില്ലാത്തവന്‍ എങ്ങനെയൊരു നല്ല പ്രോഗ്രാമറാകും, സഹജീവികളോട് സഹാനുഭൂതിയില്ലാത്തവനെങ്ങനെ നല്ല ഡോക്ടറാകും. തെറ്റായ പ്രവര്‍ത്തിമണ്ഡലത്തില്‍ എത്തിപ്പെടുന്നവന്‍ പത്ത് മുപ്പത് കൊല്ലക്കാലം അവനവനു തന്നെയും സമൂഹത്തിനാകെയും ബാദ്ധ്യതയായി മാറുന്ന ദുരന്തമാവുകയാവും ഫലം. മറിച്ച് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ഒരു വിനോദമെന്നപോലെ പ്രീയത്തോടെ ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിക്ക് ഔദ്യോഗിക പദവിയും പ്രതിഫലവും ലഭിക്കുന്ന അവസ്ഥ എത്ര ആവേശകരമായിരിക്കുമെന്ന് കൂടി ചിന്തിക്കണം.

പലപ്പോഴും ഉപരിപ്ലവമായ പൊലിമയിലാണ് പല തൊഴില്‍മേഖലകളും വിലയിരുത്തപ്പെടുന്നത്. ഒന്നാമത്തെ ഉദാഹരണമാണ് ഡോക്ടറുടെ തൊഴില്‍. ജോലിക്കുവേണ്ടി സ്വകാര്യജീവിതത്തില്‍ ഇത്രയധികം ത്യാഗങ്ങള്‍ സഹിക്കുന്ന മറ്റൊരു വിഭാഗമുണ്ടെന്ന് തോന്നുന്നില്ല. ക്ലിപ്തതയില്ലാത്ത ജോലിസമയം, സമ്മര്‍ദ്ദങ്ങളും പിരിമുറുക്കവും ഒഴിയാത്ത തൊഴില്‍ മേഖല, പലപ്പോഴും Thankless എന്ന് തോന്നിക്കുന്ന ചുറ്റുപാടുകള്‍. എട്ടും പത്തും കൊല്ലം നീളുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനൊടുവില്‍ ജോലി തുടങ്ങുന്ന വൈദ്യന്മാര്‍ ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലാത്തവിധം അകപ്പെട്ട് പോകുന്ന തൃശങ്കു സ്വര്‍ഗ്ഗത്തിലെ പീഡകള്‍ കാരണമാണോ എന്നറിയില്ല, അവരുടെ ആയുസ്സ് പൊതുശരാശരിയിലും താഴെയാണെന്നുള്ള ഒരു പഠനവും കണ്ടിരുന്നു. അങ്ങേയറ്റത്തെ അര്‍‌പ്പണമനോഭാവവും ഇടവേളകളില്ലാത്ത തുടര്‍‌പഠനസന്നദ്ധതയും ഉള്ളവര്‍ക്ക് മാത്രമേ അപ്പോത്തിക്കിരിയുടെ ജോലി ആസ്വദിക്കാനും അതില്‍ വിജയിക്കാനും കഴിയൂ എന്നാണെന്‍റെ തോന്നല്‍.

ഇവിടെയാണ് ഫ്രാങ്ക് പാര്‍‌സണ്‍‌സ് (Frank Parsons)എന്ന വെള്ളക്കാരന്‍ വാദ്ധ്യാരേക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത്. occupational/career guidance എന്ന സേവനമേഖലയുടെ പിതാവായാണ് ഈ സായ്‌വ് അറിയപ്പെടുന്നത്. 1854 മുതല്‍ 1908 വരെ ജീവിച്ചിരുന്ന ഈ അമേരിക്കക്കാരെന്‍റെ Choosing a Vocation എന്ന പുസ്തകമാണ് ഇന്നും കരിയര്‍ ഡവലപ്മെന്‍റിന്‍റെ ബൈബിള്‍ ആയി ഗണിക്കപ്പെടുന്നത്. അദ്ധ്യാപനം, സാമൂഹ്യസേവനം, എഞ്ചിനീയറിങ്ങ് എന്നിങ്ങനെ വിവിധ മേഖലകളിലായി തുടര്‍ന്ന ഔദ്യോഗിക ജീവിതത്തിന്‍റെ അവസാനപാദത്തിലാണ് പാര്‍സണ്‍‌സ് തന്‍റെ ജീവിതനിയോഗം തിരിച്ചറിഞ്ഞത്. കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ടിരുന്ന ഉദ്യോഗാര്‍ത്ഥികളെ തങ്ങളുടെ കഴിവുകളെയും ദൗര്‍ബ്ബല്യങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുകയും അവര്‍ക്ക് യോജിച്ച തൊഴില്‍‌മേഖല തിരഞ്ഞെടുക്കുന്നതിന് ശാസ്ത്രീയവും നിയതവുമായ ഒരു മാര്‍ഗ്ഗരേഖ സൃഷ്ടിക്കുകയുമാണ് പിന്നീടദ്ദേഹം ചെയ്തത്. വളരെ പെട്ടന്നുതന്നെ അദ്ദേഹത്തിന്‍റെ വിശകലനരീതികള്‍ വ്യാപകമായ അം‌ഗീകാരം നേടിയെടുക്കുകയും പ്രശസ്തമായ പല സര്‍‌വ്വകലാശാലകളും career guidance തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു. ഇന്ന് കാലോചിതമായ പരിഷ്ക്കാരങ്ങളോടെ ഈ സേവനം മിക്കവാറും വികസിത രാജ്യങ്ങളില്‍ ഔദ്യോഗിക പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയിട്ടുള്ളത് കൂടാതെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും career guidance & councelling സേവനദാതാക്കളായുണ്ട്.

നമ്മുടെ നാട്ടില്‍ ഇപ്പോഴും വലിയ നഗരങ്ങളില്‍ മാത്രം ലഭ്യമായതും ഭൂരിപക്ഷത്തിന് കിട്ടാക്കനിയുമായ ഒരു സേവനമാണ് career guidance എന്നാണ് അറിവ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നഗരപ്രദേശങ്ങളില്‍ ഉള്ളതായി കേട്ടിരുന്നു. ഇത്തരം സൗകര്യങ്ങള്‍ പൊതുവിദ്യാഭാസത്തിന്‍റെ ഭാഗമാക്കുന്നതിനേക്കുറിച്ച് ഭരണതലത്തില്‍ എന്തെങ്കിലും ആലോചനപോലും നടക്കുന്നതായി കേട്ടിട്ടില്ല. ലക്ഷ്‌യ ബോധമില്ലാത്ത ആട്ടിന്‍‌പറ്റത്തേപ്പോലെ സ്കൂളുകളുടെ കവാടങ്ങള്‍ തുറന്ന് പുറത്തേക്കൊഴുകുന്ന പുതുതലമുറ നേരും നെറിയും കെട്ട വിദ്യാഭ്യാസക്കച്ചവടക്കാരുടെ വലയില്‍‌ കുടുങ്ങി ജീവിതം നരകതുല്യമാക്കുകയാണ് പലപ്പോഴും. മന്ദഗതിയിലുള്ള നമ്മുടെ വികസനപാതയില്‍ Career guidance പോലുള്ള സേവനങ്ങള്‍ പൊതുസംവിധാനങ്ങളുടെ ഭാഗമാകുന്നതിന് ഇനിയും ഒരു ദശാബ്ദമെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം. എങ്കിലും വിഷയത്തിന്‍റെ ശാസ്ത്രീയതയേക്കുറിച്ചും അനിവാര്യതയേക്കുറിച്ചും തിരിച്ചറിവുള്ളവര്‍ കുറച്ചൊന്നദ്ധ്വാനിച്ചാല്‍ പിന്‍‌തലമുറക്കായി പലതും ചെയ്യാനാകും. എന്‍‌ട്രന്‍സ് കോച്ചിങ്ങിനായി ചെലവാക്കുന്ന തുകയുടെ ഒരു ചെറിയ ഭാഗം ഇത്തരം സേവനങ്ങള്‍ക്കായി ചിലവാക്കുന്നതും നഷ്ടമാകാനിടയില്ല. ഈ വിഷയത്തില്‍ ആധികാരികമായ മാര്‍ഗ്ഗനിര്‍‌ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രാപ്തരായവര്‍ നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകണം. ഇന്‍റര്‍‌നെറ്റില്‍ത്തന്നെ ഈ സേവനമേഖലയേക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. താരത്മ്യേന ലളിതമായി തോന്നിയ ചില വൊക്കേഷണല്‍ ടെസ്റ്റുകളുടെ സാമ്പിള്‍ ചോദ്യാവലി ഇവിടെ കൊടുക്കുന്നു. ഇത്തരം ടെസ്റ്റുകളുടെ കൂടെ ഘട്ടങ്ങളായുള്ള കൗണ്‍സലിങ്ങും ചേര്‍ന്നതാണ് വിശകലനരീതി. ഓര്‍മ്മിക്കുക ലിങ്കിലുള്ളത് നമ്മുടെ സാമൂഹ്യ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഒരു സമ്പൂര്‍ണ്ണ പരിശോധനാ സഹായി അല്ല. ലളിതമായ ഒരുദാഹരണം മാത്രം.
Test A
Test B
Scoring
Mini Job Chart
പറഞ്ഞുവന്നത് ഇങ്ങനെ ചുരുക്കാം മിഥ്യാഭിമാനത്തിന്‍റെ സായൂജ്യം തേടി ലക്ഷങ്ങള്‍ കോഴകൊടുത്ത് മക്കള്‍‌ക്കായി പട്ടങ്ങള്‍ ലേലത്തില്‍ പിടിക്കുന്ന മാതാപിതാക്കള്‍ ഒരു കാര്യം ഓര്‍മ്മിക്കേണ്ടതുണ്ട് പിന്നീടൊരു മൂന്നോ നാലോ ദശാബ്ദക്കാലം ആ ചെറുപ്പക്കാരെ കൊല്ലാതെ കൊല്ലുന്ന പീഡനയന്ത്രങ്ങളാകരുത് നിങ്ങള്‍ വില കൊടുത്ത് വാങ്ങുന്ന മുള്‍ക്കിരീടങ്ങള്‍. ഇനിയും തെളിച്ച് പറഞ്ഞാല്‍ ജോലിയൊരു പണിയാകരുത് എന്ന്.
Career Guidanceന്‍റെ ചിരിത്രത്തേക്കുറിച്ചും Frank Parsonsന്‍റെ സം‌ഭാവനകളേക്കുറിച്ചുമുള്ള ഒരു ചെറുലേഖനം ഇവിടെ കാണാം

15 comments:

ബിനോയ്//HariNav 21 January 2010 at 08:57  

ഇനിയും തെളിച്ച് പറഞ്ഞാല്‍ ജോലിയൊരു പണിയാകരുത് എന്ന്..

ഭായി 21 January 2010 at 10:05  

മക്കളുടെ കഴിവുകളും കഴിവുകേടുകളും വിശകലനം ചെയ്യാതെ, അവരുടെ ഇഷ്ടവും അഭിരുചികളും ചുരുട്ടിക്കെട്ടി കിണറ്റിലെറിഞ് സമൂഹത്തില്‍ പൊങച്ചം വിളംബാന്‍ വേണ്ടി മക്കളെ തല്ലിപ്പടിപ്പിക്കുന്ന ആധുനീക മതാപിതാക്കള്‍ക്കിട്ടുള്ള ‘പണി’!

ബിനോയ് നന്നായി ഈ ലേഖനം.

അഭിനന്ദനങള്‍.

വശംവദൻ 21 January 2010 at 15:10  

"സഹജീവികളോട് സഹാനുഭൂതിയില്ലാത്തവനെങ്ങനെ നല്ല ഡോക്ടറാകും?"

ഒരിക്കലും ആകാൻ കഴിയില്ല.

നല്ല എഴുത്ത് ബിനോയ്. ആശംസകൾ

രഞ്ജിത് വിശ്വം I ranji 21 January 2010 at 18:54  

സ്വയം ഇഷ്ടപ്പെടാതെ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഏതു തൊഴിലും എല്ലാ കാലത്തും മനുഷ്യനെ സമ്മര്‍ദ്ദത്തിലാക്കും. നമ്മുടെയൊക്കെ മക്കള്‍ക്കെങ്കിലും അവരുടെ അഭിരുചിക്കൊത്ത് തൊഴില്‍ ചെയ്തു ജീവിക്കാന്‍ അവസരം ലഭിക്കട്ടെ.
വീട്ടില്‍ ടി വിയും കണ്ട് ഭാര്യയോട് കൊച്ചു വര്ത്താനവും പറഞ്ഞിരിക്കാനാണ് എനിക്ക് അഭിരുചി ബിനോയീ.. എന്തു ചെയ്യാം പറ്റുന്ന ജോലികളൊന്നും തന്നെ കിട്ടുന്നില്ല. :-)

Suraj 22 January 2010 at 08:00  

വളരെ അത്യാവശ്യമുള്ള ഒരു പോസ്റ്റ് ബിനോയ് ഭായ് !

സായ്പ്പിന്റെ നാട്ടിലെ തൊഴില്‍/കോഴ്സ് തെരഞ്ഞെടുപ്പ് രീതികള്‍ കാണുമ്പോള്‍ അത്ഭുതം ഏറുന്നു. മെഡിസിന്‍ ഭാവി കരിയറായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹൈസ്കൂള്‍ കാലം മുതല്‍ക്കുതന്നെ വെക്കേയ്ഷനും പഠന പ്രൊജക്റ്റുകളുടെ ഭാഗമായും മെഡിക്കല്‍ കോളെജുകളിലോ ആശുപത്രികളിലോ ക്ലിനിക്കുകളിലോ സൌജന്യമെഡിക്കല്‍ ക്യാമ്പുകളിലോ പോയി ഹ്രസ്വകാല exposure നേടുന്ന സമ്പ്രദായമുണ്ട്. പില്ക്കാലത്ത് ഈ പ്രൊഫഷന്‍ തനിക്കിണങ്ങുമോ, ഇതെത്രകണ്ട് ആസ്വാദ്യമാണ് എന്നൊക്കെയുള്ള ഒരു ടെസ്റ്റിംഗ് കൂടിയാണ് ഈ ചെറു ഇന്റേണ്‍ഷിപ്പുകള്‍. കോളെജ് കോഴ്സ് കഴിയാതെ, നമ്മൂടെ നാട്ടിലെ പോലെ പ്ലസ് ടൂ കഴിഞ്ഞ് എണ്ട്രന്‍സ് എഴുതി മെഡിസിന്‍ എടുക്കാന്‍ മിക്ക പാശ്ചാത്യ രാജ്യങ്ങളും സമ്മതിക്കയില്ല. കോളെജില്‍ ചേരുമ്പോള്‍ മെഡിസിനില്‍ കൂടുതല്‍ ഫോക്കസ്ഡ് ആയാല്‍, അതുമായി ബന്ധപ്പെട്ട റീസേര്ച്ചുകള്‍ തെരഞ്ഞെടുക്കുന്നു. ഇത് സി.വി ബില്‍ഡ് അപ്പിനു മാത്രമല്ല, അതാത് ഫീല്‍ഡിലെ ശാസ്ത്ര രീതികളുമായി ആഴത്തില്‍ പരിചയപ്പെടുക എന്നതിനു കൂടി സഹായിക്കുന്നവയാണ്. ഇതോടൊപ്പം പരിചയമുള്ള ഡോക്ടര്‍മാരുടെ കൂടെ നിന്നും ക്ലിനിക്കുകളിലും ആശുപത്രികളിലും ഒബ്സര്‍വര്‍ ആയും ഒക്കെ കൂടുതല്‍ പരിചയം നേടിയശേഷമാണ് മെഡിക്കല്‍ കോളെജ് അഡ്മിഷന്‍ ടെസ്റ്റ്(എം-ക്യാറ്റ്) പോലുള്ള പരീക്ഷകള്‍ എഴുതി പ്രവേശനം ഉറപ്പിക്കുന്നത്. ചുമ്മാ എണ്ട്രന്‍സില്‍ വലിയ മാര്‍ക്ക് വാങ്ങിയാലും കാര്യമില്ല.അപേക്ഷകന്‍ പ്രവേശനം നേടാനാഗ്രഹിക്കുന്ന മെഡിക്കല്‍ കോളെജുകളില്‍ ആപ്ലിക്കേഷന്‍ കല്‍കുകയും തുടര്‍ന്ന് സമഗ്രമായ വ്യകതിത്വ പരിശോധന ലക്ഷ്യമാക്കിയുള്ള ഇന്റര്‍വ്യൂവും മറ്റും കഴിഞ്ഞ്, വെറുതേ കാണാതെ പഠിക്കാനുള്ള കഴിവിന്റെ പുറത്തല്ല പ്രവേശനം തേടുന്നതെന്നും തൊഴിലിനിണങ്ങുന്ന വ്യക്തിത്വമാണ് അപേക്ഷകന്റേതെന്നും ഉറപ്പാക്കിയിട്ടേ അവര്‍ അഡ്മിഷന്‍ നല്‍കാറുള്ളൂ.

ഇത്രയൊക്കെയായാല്‍ പോലും വ്യക്തിത്വ സംഘര്‍ഷവും ജീവിതശൈലീപ്രശ്നങ്ങളും മൂലം കോഴ്സില്‍ നിന്ന് ഡ്രോപ് ഔട്ട് ചെയ്യുന്നവര്‍ ധാരാളമുണ്ട്. അതിനും കൌണ്‍സലിംഗും മറ്റും ലഭ്യമാണ്. ബേസിക് ഗ്രാജുവേഷനു ശേഷം പോസ്റ്റ് ഗ്രാജുവേഷന് അപേക്ഷിക്കുമ്പോഴും ഇതേ കടമ്പകളെല്ലാം കടക്കേണ്ടതുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ പോസ്റ്റില്‍ പറയുമ്പോലെ, “ജോലി ജോലിചെയ്യുന്നവനു” മാത്രമല്ല, “ജോലിചെയ്യിക്കുന്നവനു” കൂടി “ഒരു പണിയാവരുത്” എന്ന സമൂഹത്തിന്റെ ഇച്ഛയാണ് ഈ അരിപ്പകളില്‍ പ്രതിഫലിക്കേണ്ടത്. ഇല്ലെങ്കില്‍ "എഞ്ചിനിയറിംഗിനു കിട്ടാത്തവന്‍" ഡോക്ടറും, "മെഡിസിനു കിട്ടാത്തവന്‍" നേഴ്സും, "യൂജീസി കിട്ടാത്തവന്‍" ഹൈസ്കൂള്‍ അധ്യാപകനും ആകുന്ന പ്രതിഭാസങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും...

രഘുനാഥന്‍ 22 January 2010 at 09:41  

ബിനോയീ
വളരെ പ്രസക്തമായ ഒരു വിഷയം വസ്തുനിഷ്ടമായിത്തന്നെ വിശകലം ചെയ്തിരിക്കുന്നു.. തുടരുക...ആശംസകള്‍

Unknown 23 January 2010 at 16:53  

മക്കള്‍ക്ക്‌ മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കാന്‍ ഇപ്പോള്‍ മതാപ്പിതാക്കള്‍ക്ക് അറിവുണ്ട്, പ്രാപ്തിയുണ്ട്, പണ്ട് അത്രയും ഉണ്ടായിരുന്നില്ല. അത് കൂടിക്കൂടി മക്കളുടെ വിദ്യാഭ്യാസം തങ്ങളുടെ അന്തസ്സിന്റെ പ്രശ്നമായി മാറുമ്പോഴാണ് ഇത് ശരിക്കും ഒരു പണിയായി മാറുന്നത്.

നല്ല ലേഖനം. അഭിനന്ദനങ്ങള്‍

ആര്‍ദ്ര ആസാദ് / Ardra Azad 23 January 2010 at 23:13  

ബിനോയ്,
പ്രസക്തമായ ചിന്തകള്‍, പല അഭിപ്രായങ്ങളോടും യോ‍ജിക്കുന്നു.

പക്ഷെ അഭിരുചിക്കനുസരിച്ച കരിയറൊക്കെ ജോര്‍ജ്ജൂട്ടി കൈയ്യിലുള്ളവനു പറഞ്ഞിട്ടുള്ളതല്ലെ?
കാര്‍ന്നോരുണ്ടാക്കിയ കടം വീട്ടല്‍, കെട്ടിക്കാന്‍ റെഡിയായ പെങ്ങള്‍‌മാര്‍,ചോര്‍ച്ചയില്ലാത്ത വീട് ഇതൊക്കെയാണ് ഒരു സാധാരണ ചെറുപ്പകാരന്, ഇഷ്ടപെട്ട കരിയറിനെക്കാള്‍ പ്രാധാന്യമാവെണ്ടതെന്ന് ഞാന്‍ കരുതുന്നു.

Typist | എഴുത്തുകാരി 24 January 2010 at 09:47  

അഭിരുചിക്കനുസരിച്ചുള്ള ജോലിയല്ല ഇപ്പോള്‍ മിക്കവാറും ആരും ചെയ്യുന്നതു്. ഉദാഹരണത്തിനു ടീച്ചര്‍മാര്‍, പണ്ടൊക്കെ ടീച്ചര്‍മാര്‍ പഠിപ്പിക്കാനുള്ള താത്പര്യം കൊണ്ട് ആ രംഗത്തേക്കു വന്നവരായിരുന്നു. അതുപോലെ തന്നെ നഴ്സുമാരും.

ബിനോയ്//HariNav 24 January 2010 at 17:58  

ഭായ്, വശം‌വദന്‍, വായനക്ക് നന്ദി :)

രഞ്ജിത്തേ നോം രാജാവായി കിരീടമണിയുന്ന അന്ന് താങ്കളുടെ അഭിരുചിക്കിണങ്ങുന്ന ഒരു "പണി" ഏര്‍പ്പാടാക്കുന്നതാണെന്ന് വാഗ്ദാനിച്ചിരിക്കുന്നു :)

സൂരജ്, അറിവുകള്‍ക്ക് നന്ദി. വളരെക്കാലം മുന്‍പേതന്നെ സൂരജ് പറഞ്ഞ രീതിയുലുള്ള തിരഞ്ഞെടുപ്പ് രീതികള്‍ വികസിത രാജ്യങ്ങളില്‍ നിലവിലുണ്ട് എന്ന്‍ തോന്നുന്നു. എന്നിട്ടും നമ്മള്‍ എന്തുകൊണ്ട് ദയനീയമാം‌വിധം പിന്നിലായിപ്പോയി എന്നറിയില്ല. തീര്‍ച്ചയായും പരിമിതികള്‍ മനസ്സിലാക്കുന്നു. എങ്കിലും ഞാന്‍ മുന്‍പ് പറഞ്ഞപോലെ ലഭ്യമായ സാദ്ധ്യതകള്‍ പോലും നാം വിവേകത്തോടെ ഉപയോഗിക്കുന്നില്ല എന്നതാണ് സങ്കടം. ഈ വിഷയം മറ്റു പലരോടും സം‌സാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായ കാര്യം ഇത്തരം ഒരു തൊഴില്‍ തെരഞ്ഞെടുപ്പ് രീതി ഒരു അനാവശ്യ ആര്‍ഭാടമായാണ് പലരും കാണുന്നതെന്നാണ്. ഈ മാര്‍ഗ്ഗം അവലം‌ബിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രൊഡക്റ്റിവിറ്റി വര്‍ദ്ധന നാം കാണാതെ പോകുന്നു. നന്ദി :)

ബിനോയ്//HariNav 24 January 2010 at 20:32  

രഘുനാഥന്‍, തെച്ചിക്കോടന്‍,വായനക്ക് നന്ദി :)

"..കാര്‍ന്നോരുണ്ടാക്കിയ കടം വീട്ടല്‍, കെട്ടിക്കാന്‍ റെഡിയായ പെങ്ങള്‍‌മാര്‍,ചോര്‍ച്ചയില്ലാത്ത വീട് ഇതൊക്കെയാണ് ഒരു സാധാരണ ചെറുപ്പകാരന്, ഇഷ്ടപെട്ട കരിയറിനെക്കാള്‍ പ്രാധാന്യമാവെണ്ടതെന്ന് ഞാന്‍ കരുതുന്നു.."
ആര്‍ദ്രആസാദ്,തീര്‍ച്ചയായും. "പരിമിതികള്‍‌ക്കുള്ളില്‍ നിന്നുകൊണ്ട് സാധിക്കുന്നത്" എന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ആര്‍ദ്ര ആസാദ് പറഞ്ഞപോലുള്ള ബാദ്ധ്യതക്കാരായ ചെറുപ്പക്കാര്‍ നിലാവത്ത് അഴിച്ചുവിട്ട കോഴികളേപ്പോലെ കമ്പോളത്തിലേക്ക് ഇറങ്ങുന്നതിനുപകരം പഠനം പൂര്‍ത്തിയാകുമ്പോള്‍‌ത്തന്നെ അവര്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന മേഖലകളേക്കുറിച്ചുള്ള ബോധ്യത്തോടെ തൊഴില്‍ തേടാന്‍‍ ഉതകുന്ന ഒരു സം‌വിധാനം എത്ര നന്നായിരിക്കും എന്നാലോചിച്ച് നോക്കൂ. ഒരു ഉദാഹരണം പറയാം. എഞ്ചിനീയറിങ്ങ് എന്ന സാമാന്യ നാമത്തിന് കീഴില്‍ വരുന്ന പല സാങ്കേതിക പിരിവുകള്‍ക്കും തമ്മില്‍ ആടും ആഴിയും തമ്മിലുള്ള ബന്ധമേ ഉള്ളൂ. സിവില്‍ എഞ്ചിനീയറിങ്ങും ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങും തമ്മില്‍ എന്ത് ബന്ധം. ഈ ലേഖകന്‍ സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളായതുകൊണ്ട് ഉറപ്പിച്ച് പറയാന്‍ കഴിയും ജൈവികമായ അഭിരുചിക്ക് ഈ രം‌ഗങ്ങളിലെ വിജയസാദ്ധ്യതയില്‍ വലിയ പങ്കുണ്ട്. പക്ഷെ പല കുട്ടികളും പൊട്ടക്കണ്ണന്‍റെ മാവേലേറ് പോലെയാണ് കോഴ്സ് തിരഞ്ഞെടുക്കുന്നത്. ഇവിടെയാണ് career guidanceന്‍റെ പ്രസക്തി. ഇത് എഞ്ചിനീയറിങ്ങ് ഡിഗ്രിക്ക് മാത്രമല്ല, താങ്കള്‍ പറഞ്ഞതുപോലെ ജോര്‍ജ്ജ്കുട്ടി കൈയ്യിലില്ലാത്തവര്‍ ആശ്രയിക്കാറുള്ള ITI, ITC കോഴ്സുകള്‍ക്കും ബാധകമാണ്. മറ്റൊന്ന് കൂടി career guidance and Councelling ഉദ്യോഗാര്‍ത്ഥികളെ മാത്രമല്ല തൊഴിലില്‍ പ്രശനങ്ങള്‍ നേരിടുന്നവരും മാറ്റം ആഗ്രഹിക്കുന്നവരുമായ തൊഴിലാളികളേക്കൂടി ലക്ഷ്യ്ം വെച്ചുള്ളതാണ്. വായനക്ക് നന്ദി :)


Typist | എഴുത്തുകാരി, ശരിതന്നെ. അദ്ധ്യാപനം തീരെ ആകര്‍‌ഷകമല്ലാത്ത തൊഴിലായിരിക്കുന്നു ഇപ്പോള്‍. മറ്റ് തൊഴിലുകളില്‍ വിജയിക്കാത്ത പേടുകളാണ് പലപ്പോഴും ടീച്ചിങ്ങ് തിരഞ്ഞെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസരം‌ഗത്ത് പ്രത്യേകിച്ചും. വായനക്ക് നന്ദി :)

പയ്യന്‍ / Payyan 27 January 2010 at 15:08  

ശ്രീ ബിനോയ്‌, താങ്കളുടെ ലേഖനം ഞാന്‍ നേരത്തെ കണ്ടിരുന്നു.. അത് കണ്ടപ്പോള്‍ കൂടിയാണ് എന്റെ ആ അനുഭവത്തെ കുറിച്ച് എഴുതുവാന്‍ തോന്നിയത് എന്ന് പറഞ്ഞു കൊള്ളട്ടെ... :)നല്ലൊരു ലേഖനത്തിനും നല്ലൊരു പ്രചോദനത്തിനും നന്ദി... :)

വെഞ്ഞാറന്‍ 29 January 2010 at 12:06  

എന്റെ സഹപ്രവര്‍ത്തകന്‍ ഇന്ന് (മാസാവസാനമായതിനാല്‍) കടം വാങ്ങിയ പണവുമായി പോണ്ടിച്ചേരിക്കു പോയിരിക്കുകയാണ് - എഞ്ചിനീറിങ് വിദ്യാര്‍ത്ഥിയായ മകന്റെ കാര്യങ്ങളില്‍ കോളേജധികൃതരോട് സമാധാനം ബോധിപ്പിക്കാന്‍. മൂപ്പരെ പോകാന്‍ ഇപ്പൊ നിര്‍ബന്ധിതനാക്കിയത് മകനാണ് ; പണ്ട് മകനെ അങ്ങോട്ടു പോകാന്‍ നിര്‍ബന്ധിച്ചത് മൂപ്പരും!

ബിനോയ്//HariNav 31 January 2010 at 11:47  

പയ്യന്‍, വെഞ്ഞാറന്‍, വായനക്ക് നന്ദി :)

Unknown 3 February 2010 at 11:10  

ബിനോയ്‌... സത്യസന്ധമായ ഒരു അവലോകനം തന്നെ. ഇന്ന് മക്കളുടെ പഠനവും മറ്റും അച്ഛനമ്മമാർക്ക്‌ സ്റ്റാറ്റസിനെ വല്ലാതെ ബാധിക്കുന്ന കാര്യം തന്നെ. ഒരുപരിധി വരെ പ്രത്യേകിച്ച്‌ നമ്മൾ മലയാളികൾ കുട്ടികളുടെ അഭിരുചി നോക്കാറില്ല. നീ ഇതിന്‌ പോയാൽ മതി എന്നായിരിക്കും പറയുക. ഇപ്പോൾ കുട്ടികളൊക്കെ ജനിക്കുന്നതിന്‌ മുൻപ്‌ തന്നെ ഡോക്ടർമാരും എഞ്ജിനീയർമാരുമൊക്കെയായല്ലേ ജനിക്കുന്നത്‌. ജീവിതകാലം മുഴുവൻ ഇഷ്ടമല്ലാത്ത ജോലി ചെയ്ത്‌ ജീവിക്കുക എന്ന അവസ്തയേക്കുറിച്ചൊന്ന് ആലോചിച്ച്‌ നോക്കൂ. ഇതിലും വലിയ ശിക്ഷ ഉണ്ടോ. വരും തലമുറയെങ്കിലും രക്ഷപെടട്ടെ...