Wednesday 3 February 2010

അണ്ട്രാവിയിട്ട വാര്‍ത്തകള്‍

ടെയ്‌ലറിങ്ങും പറ്റുമെങ്കില്‍ ഫാഷന്‍ ഡിസൈനിങ്ങും കൂടി ജേര്‍‌ണലിസം കോഴ്സിന്‍റെ ഭാഗമാക്കണമെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം. കാരണം ചില പത്രങ്ങളിലെ വാര്‍ത്തകള്‍ പലതുമിപ്പോള്‍ നിക്കറിട്ടാണ് വെളിച്ചം കാണുന്നത്. അബ്ദുള്‍ റൗഫ് എന്നൊരു പാവം വ്യവസായിയെ ഇക്കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്ക് വേണ്ടി അനുവദിക്കുന്ന ഭൂമിയില്‍‌ കുറച്ച് (1000 ഏക്കറോ മറ്റോ, ചുമ്മാ) അടിച്ചുമാറ്റിയത്രെ സാധു. സ്വന്തമായി ഭൂമിയില്ല, പട്ടിണിയാണ്, കിട്ടുന്ന ഭൂമില്‍ വല്ല ചേനയോ ചേമ്പോ നട്ടുണ്ടാക്കി വേവിച്ച് കൊടുത്തിട്ടുവേണം പൈതങ്ങള്‍ക്ക് വിശപ്പകറ്റാന്‍ എന്നൊക്കെ കരഞ്ഞു പറഞ്ഞ് നിക്കറിന്‍റെ കീശയും കാലിയായ പേര്‍‌സുമൊക്കെ കാണിച്ച്‌കൊടുത്തിട്ടും കേരളാവില്‍‌നിന്നുള്ള സര്‍ട്ടീറ്റ് തന്നെ വേണം എന്ന് വാശിപിടിച്ച മറാത്തികളാണ് തെറ്റുകാര്‍. കൃത്യാന്തരബാഹുല്യത്താല്‍ നട്ടം തിരിയുന്ന കേരളത്തിലെ ഉഗ്യോഗസ്ഥരെ ഇത്തരം ചീള് ചേന ചേമ്പ് സര്‍ട്ടീറ്റുകള്‍ക്കായി ശല്യം ചെയ്യുന്നത് നാടിന്‍റെ വികസനത്തേത്തന്നെ പിന്നോട്ടടിക്കും. അതുകൊണ്ട് നാടിന്‍റെ നന്മയെ കരുതി (അതുകൊണ്ട് മാത്രം) ആവശ്യമുള്ള കടലാസൊക്കെ എഴുതിയുണ്ടാക്കി ശ്ശടേന്ന് ഒരു സീലും തഹസില്‍‌ദാരുടെ ഒപ്പും സ്വയമങ്ങ് ചാര്‍ത്തി മറാത്തിക്ക് പണ്ടാറടങ്ങി. ഇതൊരു തെറ്റാണോ? ആണെന്നാണ് ഇപ്പോള്‍ പോലീസുകാര് പറയുന്നത്. എന്തായാലും വ്യാജരേഖാക്കേസില്‍ അവര് പൊക്കിയ റൗഫണ്ണനെ പിറ്റേന്ന് കോടതി പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡും ചെയ്തു.

വിഷയമതല്ല. ഈ പാവം വ്യവസായിയുടെ പേര് പത്രത്താളുകളില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ജനാബ് കുഞ്ഞാലിക്കുട്ടി സാഹിബും മാദകത്തിടമ്പ് റജീനാരാജകുമാരിയും തമ്മിലുള്ള XXX പ്രണയകാവ്യം ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരുന്ന കാലം. സാഹിബിന്‍റെ ഭാര്യാസഹോദരീഭര്‍ത്താവായ അദ്ബുള്‍ റൗഫ് സാക്ഷികളെ കൂറ് മാറ്റാന്‍ നടത്തിയ ഇടപെടലുകള്‍ മുതല്‍ കേസ് നടത്തിപ്പിന്‍റെ ചുക്കാന്‍ പിടിക്കുന്നതടക്കമുള്ള പഴയ വാര്‍ത്തകള്‍ വെബ്ബിലൊന്ന് തിരഞ്ഞാല്‍ ഗൂഗിളമ്മച്ചി കാണിച്ച് തരും. ഇദ്ദേഹവും സാഹിബുമായുള്ള കൂട്ടുകച്ചവടങ്ങളേക്കുറിച്ചുള്ള ഗോസിപ്പുകള്‍ കോഴിക്കോട്ടുകാര്‍ക്കെങ്കിലും പുതുമയല്ല. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണെന്ന കാര്യം കേരളത്തിലെ മിക്കവാറും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ നമ്മുടെ മാതൃഭൂമി മനോരമ പത്രങ്ങള്‍ മാത്രം ഇക്കാര്യമറിഞ്ഞില്ല. അറസ്റ്റ് നടന്ന വിവരം മറ്റെല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ മനോരമ പൂര്‍‌ണ്ണമായും വാര്‍ത്ത ഒഴിവാക്കി.(എവിടെയെങ്കിലും പ്രാദേശിക കോളത്തില്‍ വന്നിട്ടുണ്ടോ എന്നറിയില്ല). മാതൃഭൂമിയിലാകട്ടെ ഏതോ ഒരു റൗഫ് അറസ്റ്റില്‍ എന്ന മട്ടിലൊരു വാര്‍ത്ത കൊടുത്തു. ഇന്ന് രണ്ടാം ദിനം മറ്റ് പത്രങ്ങള്‍ക്കൊപ്പം തുടര്‍‌വാര്‍ത്ത കൊടുത്തപ്പോഴും കുഞ്ഞാലിക്കുട്ടിയുമായുള്ള റൗഫിന്‍റെ ബന്ധുത്വം മനോരമയും മാതൃഭൂമിയും അറിഞ്ഞിട്ടില്ല. ഇതാണത്രെ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ ഉദാത്ത മാതൃകകള്‍. റൗഫിന്‍റെ സ്ഥാനത്ത് സി പി എമ്മിലെ ഏതെങ്കിലുമൊരു ചോട്ടാ നേതാവിന്‍റെ മുള്ളിത്തെറിച്ച ബന്ധമെങ്കിലുമുള്ള ഒരുവനായിരുന്നു എങ്കില്‍ കാണേണ്ടിയിരുന്നു പുകില്‍. അവന്‍റെ മൂലവും പൂരാടവുമടക്കം ചൊറിഞ്ഞ് പുറത്തിട്ട് ആഘോഷമാക്കിയിട്ടുണ്ടാകും വീരവാനരന്മാരും മനോരമയും ഒപ്പം ചാനലുകളും.

മൂടുതാങ്ങുന്നത് ഒരു കലയാണ്. താങ്ങുന്ന മൂടുകളുടെ ജീര്‍ണ്ണിച്ച നഗ്നതയില്‍ മണ്ണും പുല്ലും തടഞ്ഞ് അലോസരമുണ്ടാകാതെ അണ്ട്രാവിയണിയിച്ച് സം‌രക്ഷിക്കേണ്ടത് നല്ല മൂടുതാങ്ങികളുടെ ബാദ്ധ്യതയത്രെ.

18 comments:

ബിനോയ്//HariNav 3 February 2010 at 14:40  

അണ്ട്രാവിയിട്ട വാര്‍ത്തകള്‍

പയ്യന്‍ / Payyan 3 February 2010 at 16:07  

ഇതൊക്കെ ഇപ്പൊ ആരെങ്കിലും നോക്കാറുണ്ടോ... മലയാളത്തിലെ ഏറ്റവും വലിയ പത്രങ്ങള്‍ തന്നെയാണ് മൂട് താങ്ങികള്‍ എന്നത് നാടുകാര്‍ക്ക് മുഴുവന്‍ അറിവുള്ളതല്ലേ...ഇത് പോലെ ഒരു വിധം എല്ലാ വാര്‍ത്തകളും അവരുടെ ഇഷ്ടം പോലെ അല്ലെ വളച്ചൊടിച്ചു പുറത്തിറക്കുന്നത്... ആളുകള്‍ പത്രം വായന നിര്‍ത്താനുള്ള സാധ്യത തള്ളി കളയാനാവില്ല... :P

Unknown 3 February 2010 at 20:36  

വാര്‍ത്തകള്‍ പലപ്പോഴും പത്രധര്‍മ്മത്തിന്‌ എതിരാണ്‌. എന്തു ചെയ്യാന്‍ കഴിയും..?
www.tomskonumadam.blogspot.com

രഞ്ജിത് വിശ്വം I ranji 4 February 2010 at 12:28  

ഇവന്മാരുടെയൊക്കെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനുള്ള നിയമം കൊണ്ടുവരണം

ഭായി 4 February 2010 at 13:34  

നര്‍മ്മ ബ്ലോഗുകളില്‍ പുതിയ പോസ്റ്റ് വരാന്‍ താമസിച്ചാല്‍, ചിരിക്കാനായി ഞാന്‍ ഇപ്പോള്‍ മുഖ്യധാരാ പത്രങളാണ് വായിക്കുന്നത്!
ചിരിച്ച് പണ്ടാരമടങും... :-)

പ്രദീപ്‌ 4 February 2010 at 21:53  

അണ്ണാ പറയുന്നത് മനസ്സിലാവുന്നുണ്ട് . പക്ഷെ പറഞ്ഞിട്ട് കാര്യമുണ്ടോന്നാ .....

കണ്ണനുണ്ണി 5 February 2010 at 07:17  

രണ്ജിതെ...
നിയമം എന്ന് പറഞ്ഞാല്‍ കാശ് ഉണ്ടെങ്കില്‍ എത്ര വട്ടം വേണേലും കൂറ് മാറുന്ന ഒരു കള്ള സാക്ഷി പോലെയായിരിക്കുന്നു ...

വാഴക്കോടന്‍ ‍// vazhakodan 5 February 2010 at 11:49  

താങ്ങുന്ന മൂടുകളുടെ ജീര്‍ണ്ണിച്ച നഗ്നതയില്‍ മണ്ണും പുല്ലും തടഞ്ഞ് അലോസരമുണ്ടാകാതെ അണ്ട്രാവിയണിയിച്ച് സം‌രക്ഷിക്കേണ്ടത് നല്ല മൂടുതാങ്ങികളുടെ ബാദ്ധ്യതയത്രെ.

ദന്നെ കാര്യം!

ഭൂമിപുത്രി 5 February 2010 at 19:43  

മലയാളം പത്രങ്ങളിൽക്കാണാത്ത പല കേരളീയ വാർത്തകളും ഇംഗ്ലീഷ് പത്രങ്ങളുടെ പ്രാദേശിക എഡിഷനിൽ നിന്നാണ് കിട്ടാറുള്ളതെന്നത് ഒരു സത്യം മാത്രം.

Unknown 6 February 2010 at 10:21  

മുതലാളികളുടെ തല്പ്പര്യത്തിനനുസരിച്ചു പേനയുന്തുമ്പോള്‍ വാര്‍ത്തകള്‍ക്ക് കളസമിട്ട് അവതരിക്കേണ്ടിവരുന്നു.

രഘുനാഥന്‍ 6 February 2010 at 12:13  

മൂടുതാങ്ങുന്നത് ഒരു കലയാണ്.
താങ്ങുന്ന മൂടുകളുടെ ജീര്‍ണ്ണിച്ച നഗ്നതയില്‍ മണ്ണും പുല്ലും തടഞ്ഞ് അലോസരമുണ്ടാകാതെ അണ്ട്രാവിയണിയിച്ച് സം‌രക്ഷിക്കേണ്ടത് നല്ല മൂടുതാങ്ങികളുടെ ബാദ്ധ്യതയത്രെ.

കലക്കി ബിനോയ്‌ ..ഉഗ്രന്‍ എഴുത്ത് ..ആശംസകള്‍

Suraj 6 February 2010 at 13:37  

എനിക്ക് ഇതല്ല അത്ഭുതം...മുസ്ലീം പേരുള്ള ഒരുത്തനെ സാമാന്യം മുയ്ത്ത ഒരു കേസില് പുടികിട്ടീട്ട് ലവനെ ഇപ്പഴും ബിന്‍ ലാദന്റെ വകേലനന്തരവനോ മദനിയുടെ തോട്ടത്തില്‍ പുല്ലുചെത്തിയ ബന്ധമോ ഇല്ലാതെ നില്‍ക്കുന്നു എന്നതാണ്! അതിനേക്കാളത്ഭുതം ഇയ്യാക്ക് ബിനീഷ് കോടിയേരിയുമായി ബന്ധമൊന്നും ഇതുവരെ കണ്ടില്ല എന്നതാണ് ;))

ആര്‍ദ്ര ആസാദ് 6 February 2010 at 21:44  

ചാനല്‍ വാര്‍ത്തകളിലെപ്പോഴോ ഈ പേരുകേട്ടിരുന്നു.ഈ ഗഡിക്ക് ഇങ്ങനെയൊരു connection കുഞ്ഞാലികുട്ടി സാഹിബുമായുണ്ടെന്ന് പോസ്റ്റ് വായിച്ചപ്പോഴാണ് അറിഞ്ഞത്.

ബഷീർ 7 February 2010 at 13:27  

>>മൂടുതാങ്ങുന്നത് ഒരു കലയാണ്. താങ്ങുന്ന മൂടുകളുടെ ജീര്‍ണ്ണിച്ച നഗ്നതയില്‍ മണ്ണും പുല്ലും തടഞ്ഞ് അലോസരമുണ്ടാകാതെ അണ്ട്രാവിയണിയിച്ച് സം‌രക്ഷിക്കേണ്ടത് നല്ല മൂടുതാങ്ങികളുടെ ബാദ്ധ്യതയത്രെ. <<

ഇത് എടുത്തെഴുതാതെ നിവൃത്തിയില്ല..:)

സൂരജിന്റെ അത്ഭുതവും അസ്ഥാ‍നത്തല്ല :)

ബിനോയ്//HariNav 7 February 2010 at 14:09  

പയ്യന്‍, റ്റോം‌സ്, കുമാരന്‍, രഞ്ജിത്ത്, ഭായ്, വായനക്ക് നന്ദി :)

വാഴ, ഭൂമിപുത്രി, തെച്ചിക്കോടന്‍, രഘുനാഥന്‍, വായനക്ക് നന്ദി :)

സൂരജ്, ശരിയായ സം‌ശയം തന്നെ. ഈ ആം‌ഗിളില്‍ ചിന്തിച്ചിരുന്നില്ല. ആളും തരവും നോക്കിയാണല്ലോ കാളകൂടപ്രയോഗം. നന്ദി :)

ആര്‍‌ദ്ര ആസാദ്, ബഷീര്‍ പി.ബി.വെള്ളറക്കാട്‌, വായനക്ക് നന്ദി :)

ബോണ്‍സ് 7 February 2010 at 21:39  

അണ്ട്രാവി തയച്ചു കൊടുക്കുന്നവനെ പറ്റി വാര്‍ത്ത വന്നാല്‍ പിന്നെ എന്താ ചെയ്യാ?

റോഷ്|RosH 7 February 2010 at 22:09  

അതങ്ങനല്ല ബിനോയേട്ടാ..
മാതൃഭുമിയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ ഈ രൌഫിനെ അറസ്റ്റ് ചെയ്ത ദിവസം ഹോം പേജില്‍ തന്നെ ഉണ്ടായിരുന്നു വാര്‍ത്ത. "കുഞ്ഞാലികുട്ടിയുടെ ബന്ധു അരെസ്റ്റില്‍' എന്ന്. പക്ഷെ പിറ്റേ ദിവസം e-പേപ്പറില്‍ വന്നതിലും, തുടര്‍ന്ന് വന്ന വാര്‍ത്തകളിലും കുഞ്ഞാലികുട്ടി പാര്‍ട്ട്‌ കാണാനേ ഇല്ല. ആദ്യം ഏതേലും പാവം നേര്ബുദ്ധിക്കാരനായ റിപ്പോര്‍ട്ടര്‍ക്കോ സബ് എഡിറ്ററിനോ പറ്റിയ അബദ്ധം പിന്നെ തിരുത്തിയതാവാം. അല്ലാതെ പറ്റില്ലല്ലോ. യു ഡി എഫ് തറവാടിലെ രണ്ടാം കാരണവരായ കുഞ്ഞാലിക്കയെ പിണക്കിയിട്ട്, പുത്തനച്ചിയായ വീരന് മനസമാധാനത്തോടെ കഴിയാനോക്കുമോ?
പുത്തനച്ചിയുടെ പുരപ്പുറം തൂപ്പുകള്‍ ഇഷ്ടം പോലെ വേറെയും കാണാം മാതൃഭുമിയുടെ ഉമ്മറത്ത്‌. യൂത്തന്‍ ലിജുവിനെ പോലീസുകാര്‍ തല്ലുന്ന ഫോട്ടോയും, അന്തോണിച്ചായന്‍ മാഡത്തിനോപ്പമിരിക്കുന്നതും, സെലെബ്രിടി രാഹുല്‍ജിയുമൊക്കെയാണ് മാതൃഭുമിയുടെ ഒന്നാം പേജിലെ പുത്തന്‍ താരങ്ങള്‍. പിന്നെ തിരക്കേറിയ ബസില്‍ ആരെങ്കിലും അധോവായു വിട്ടാല്‍ അതും സി പി എമ്മുകാരെന്ന ആരോപണ'വാര്‍ത്തകളും'

Unknown 9 February 2010 at 10:47  

ആനയ്ക്ക്‌ അണ്ട്രാവി തയ്പ്പിക്കുന്ന പോലെ ഒരെണ്ണം മുഖത്തണിയിച്ചു കൊടുക്കാൻ തോന്നും...