Tuesday 27 July 2010

പൊതുസമൂഹം മന്ദബുദ്ധികളല്ല

ഈയുള്ളവനൊരു ഹൈന്ദവനാണ്(സര്‍ട്ടിഫിക്കറ്റിലെങ്കിലും). എന്‍റെ കുടും‌ബത്തില്‍ കമ്യൂണിസ്റ്റുകാരുണ്ട്, കോണ്‍ഗ്രസ്സുകാരുണ്ട്, പിണറായി ഗ്രൂപ്പും അച്ചുതാനനന്ദന്‍ ഗ്രൂപ്പും ഏ ഗ്രൂപ്പും ഐ ഗ്രൂപ്പും എന്തിന് മുരളി ഗ്രൂപ്പും പോലുമുണ്ട്. പക്ഷെ മരുന്നിനു പോലും ഒരു സംഘപരിവാര്‍ അനുയായി ഇല്ല. അതിന്‍റെ കാരണമാലോചിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇതാണ്. ഇന്ത്യയെ ഹൈന്ദവരാജ്യമാക്കുക എന്നതാണ് പരിവാര അജണ്ഡ. നമ്മുടെ മതേതര രാജ്യത്തിന്‍റെ സമാധാനാന്തരീക്ഷം താറുമാറാക്കാന്‍ മാത്രമുപകരിക്കുന്ന ആശയപ്രചാരണങ്ങളാണ് അവരുടേത്. ന്യൂപക്ഷങ്ങളെ കൊന്നൊടുക്കിയിട്ടായാലും ഹൈന്ദവ രാഷ്ട്ര സ്ഥാപനം നടപ്പാക്കണമെന്നു ചിന്തിക്കുന്ന തീവ്രവാദികള്‍ അവരിലുണ്ട്. വിധ്വം‌സക പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ രാജ്യത്തിന്‍റെ ഭരണസം‌വിധാനങ്ങള്‍ പോലും ദുരുപയോഗം ചെയ്യുന്നു. മേല്പ്പറഞ്ഞ തരം പ്രവര്‍ത്തനങ്ങള്‍ മാനവികതക്ക് എതിരും സം‌സ്ക്കാരശൂന്യവും ദേവിരുദ്ധവുമാണെന്നുള്ള തിരിച്ചറിവാണ് എന്നെയും എന്‍റെ കുടും‌ബാം‌ഗങ്ങളെയും സം‌ഘപരിവാറില്‍‌നിന്നും അകറ്റി‌നിര്‍ത്തുന്നത്. വര്‍ഗ്ഗീയവാദത്തിന്‍റെ വിപത്ത് ഇളമുറക്കാരെ ബോദ്ധ്യപ്പെടുത്തുന്നതില്‍ കുടും‌ബത്തിലെ തല മുതിര്‍ന്നവര്‍ ശ്രദ്ധാലുക്കളായിരുന്നു. (ഇതിനായി വാഗമണ്ണില്‍ ക്ലാസ് നടത്തുന്ന ബദ്ധപ്പാടൊന്നുമില്ല. പരിവാരത്തിന്‍റെ ഏതെങ്കിലും വിക്രിയയേക്കുറിച്ചൊരു വാര്‍ത്ത രാവിലെ പത്രത്തില്‍ കാണുമ്പോള്‍ "നായിന്‍റെ മക്കള്‍" എന്നൊന്ന് ഉച്ചത്തില്‍ പിറുപിറുത്താല്‍ മതി. പിള്ളാര്‍ക്ക് കാര്യം മനസ്സിലാകും)

പരിവാരത്തിന്‍റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള അറിവുകള്‍ ഞങ്ങള്‍ക്ക് വെളിക്കിറങ്ങാനിരുന്നപ്പോള്‍ വെളിപാടായി കിട്ടിയതുമല്ല. ഇവിടുത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണസം‌വിധാനങ്ങളും ജുഡീഷ്യറിയുമൊക്കെയാണ് ഈ അറിവുകളുടെ സോര്‍‌സുകള്‍. പ്രജ്ഞാസിം‌ഗ് ഠാക്കൂര്‍ എന്നൊരു ഹിന്ദു സന്യാസിനിയെ അറസ്റ്റു ചെയ്ത് അവരില്‍ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി ലക്ഷ്യമിട്ടുള്ള ബോം‌ബുസ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കി എന്ന കുറ്റം പോലീസ് ആരോപിച്ചപ്പോള്‍, ഹിന്ദുരാഷ്ട്ര സ്ഥാപനം ലക്ഷ്യമിട്ടുള്ള ഭൂരിപക്ഷ ഭീകരവാദം രാജ്യത്ത് വളരുന്നു എന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും വിളിച്ചു പറഞ്ഞപ്പോള്‍, എന്‍റെ മതവികാരമോ രോമമോ പോലും വ്രണപ്പെട്ടില്ല. മറിച്ച് ഞാനുള്‍പ്പെടുന്ന സമുദായത്തില്‍ വളര്‍ന്നു വരുന്ന ദുഷ്‌പ്രവണതകളേക്കുറിച്ച് സ്വയം ബോധവാനാകാനും അവയെ പ്രതിരോധിക്കുന്നതിന് മാനസ്സികമായി തയ്യാറെടുക്കുവാനും ഈ അറിവുകള്‍ സഹായകമാവുകയണു ചെയ്തത്.

പറഞ്ഞുവരുന്നതെന്താണെന്ന് മനസ്സിലായിട്ടുണ്ടാകുമല്ലോ. അദ്ധ്യാപകന്‍റെ കൈ വെട്ടിയ സം‌ഭവമുണ്ടായപ്പോള്‍ അതിനെ കാടത്തമെന്നും ഭീകരവാദമെന്നും ഇസ്ലാം‌വിരുദ്ധമെന്നുമൊക്കെ വിശേഷിപ്പിച്ച് പ്രസ്താവനകളിറക്കുകയും ബ്ലോഗ് പോസ്റ്റുകളിടുകയും ചെയ്ത സകലവരും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മുന്നിര്‍ത്തി സി പി എമ്മിനെതിരെ വാളോങ്ങുന്നതു കാണുമ്പോള്‍ മുന്‍പ് തീവ്രവാദികളെ തള്ളിപ്പറഞ്ഞതിനുള്ള പ്രായശ്ചിത്തമായി തോന്നിപ്പോകുന്നു. ഒരു ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ തീവ്രവാദ നയങ്ങളെ എതിര്‍ക്കുകയും അടുത്ത ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ആരോപണങ്ങള്‍ സമുദായത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന വിചിത്രമായ സര്‍ക്കസാണിവിടെ നടക്കുന്നത്. ഒരു തീവ്രവാദസം‌ഘടനക്കെതിരായുള്ള കുറ്റാരോപണത്തിന്‍റെ പേരില്‍ നാട്ടിലെ സമാധാനപ്രിയരായ ബഹുഭൂരിപക്ഷം മുസ്ലീമുകളേയും ഭീകരവാദികളായി മുദ്രകുത്താന്‍‌മാത്രം മന്ദബുദ്ധികളല്ല പൊതുസമൂഹമെന്നത് 'സമുദായ സ്നേഹികള്‍' ദയവായി തിരിച്ചറിയുക. ഒപ്പം മതസം‌രക്ഷകരുടെ കുപ്പായമണിഞ്ഞ സാമൂഹ്യവിരുദ്ധരുടെ ട്യൂഷന്‍ ക്ലാസും കഴിഞ്ഞ് അവര്‍ കൊടുത്ത ജനാധിപത്യവിരുദ്ധ 'സ്റ്റണ്ട്' പുസ്തകങ്ങളുമായി കൊച്ചുവെളുപ്പാന്‍‌കാലത്ത് വീട്ടില്‍ കയറിവരുന്ന ഇളമുറക്കാരെ പുളിവാറിനടിച്ച് നേര്‍‌വഴി നടത്തുക.

17 comments:

ബിനോയ്//HariNav 27 July 2010 at 14:21  

പൊതുസമൂഹം മന്ദബുദ്ധികളല്ല

Anonymous 27 July 2010 at 15:38  

നല്ല പോസ്റ്റ്‌. വേറിട്ടതും.

ഉദാഹരണത്തിനു കള്ളന്‍മാരുടെ ഒരു സംഘടന കൂടുതല്‍ മലയാളികളെ തങ്ങളുടെ സംഘടനയില്‍ ചേര്‍ത്ത്‌ കേരളത്തെ ഒരു കള്ളന്‍മാരുടെ സംസ്ഥാനം ആക്കാന്‍ ശ്രമിക്കുന്നു എന്നു പറഞ്ഞാല്‍ അത്‌ എങ്ങിനെ കേരളീയര്‍ക്ക്‌ എതിരാകും. അതു കള്ളന്‍മാരുടെ സംഘടനക്ക്‌ മാത്രം എതിരായ ഒരു പ്രസ്താവനയാണ്‌. അതുപോലെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേവലം ഒരു മത തീവ്ര വാദ പാര്‍ട്ടിക്കെതിരെ ഉള്ളതാണെന്ന്‌ ആര്‍ക്കാണറിഞ്ഞുകുടാത്തത്‌. പക്ഷേ എല്ലാവരും തങ്ങള്‍ക്കെതിരെ അതുകൊണ്ട്‌ നമ്മള്‍ സംഘടിക്കണം എന്നു പ്രചരിപ്പിക്കാന്‍ വെമ്പുന്നവരും പത്തു നൂറു വോട്ടിനു വേണ്ടി സത്യങ്ങളെ വളച്ചു കെട്ടാന്‍ വെമ്പുന്ന ചില കക്ഷി രാഷ്ട്രീയ അതിബുദ്ധികളും ഇത്തരം കുപ്രചരണം നടത്താന്‍ ശ്രമിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതുമില്ല.

Salim PM 27 July 2010 at 15:41  

താങ്കളുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാലും ചില സംശയങ്ങള്‍:

മുഖ്യ മന്ത്രിയുടെ പ്രസ്താവനയിലെ ചില പരാമര്‍ശങ്ങള്‍ അല്പം പ്രകോപനപരമായിപ്പോയില്ലേ? ഉദാഹരണത്തിന്, "ഇരുപത് കൊല്ലം കഴിയുമ്പോള്‍ ഇന്ത്യ, കേരളം ഒരു മുസ്‌ലിം രാജ്യമാകും. ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ള ആളുകളെയെല്ലാംതന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുകാ... ആ തരത്തിലിങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്നുള്ള ഉദ്ദേശ്യത്തോടുകൂടിയിട്ട് ഉള്ളൊരു നീക്കമാണിവര് നടത്തുന്നത്. അതെല്ലാം പൊലീസ് മണത്തറിഞ്ഞ്, കണ്ടുപിടിച്ച് അതിനെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ്' -വി.എസ് അഭിപ്രായപ്പെട്ടു." (മാതൃഭൂമി) ഇപ്പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചു മാത്രമാണോ, അതോ പൊതുവെ മുസ്‌ലിം സമുദായത്തെക്കുറിച്ചാണോ എന്നൊരു ശങ്ക ആര്‍ക്കും വന്നുപോകാവുന്നതേയുള്ളൂ. ഇത്തരം കാര്യങ്ങള്‍ പരാമര്‍‍ശിക്കുമ്പോള്‍ സ്വല്പം കൂടി സൂക്ഷ്മത പാലിക്കുന്നതല്ലേ നല്ലത്? പ്രത്യേകിച്ച് മുഖ്യമന്ത്രിയെപ്പോലു‍ള്ള ഉന്നത പദവിയില്‍ ഇരിക്കുന്ന വ്യക്തിയാകുമ്പോള്‍. മാത്രമല്ല VS ന്‍റെ പല മുന്‍ പ്രസ്താവനകളും മുസ്‌ലിംകളെ ചൊടിപ്പിക്കുന്നതരത്തിലായിരുന്നു എന്നോര്‍ക്കുക; മലപ്പുറം ജില്ലയിലെ കുട്ടികള്‍ കോപ്പിയടിച്ചാണ് പരീക്ഷ ജയിക്കുന്നത് എന്നും മറ്റുമുള്ള പ്രസ്താവനകള്‍.

ബിനോയ്//HariNav 27 July 2010 at 16:49  

കല്‍‌ക്കി, തീര്‍ച്ചയായും താങ്കളുടെ അഭിപ്രായത്തിന്‍റെ പോസിറ്റീവ് വശം മനസ്സിലാക്കുന്നു. വി എസ് ന്‍റെ പ്രതികരണം മുഴുവന്‍ ശ്രദ്ധിച്ചവര്‍ക്ക് അദ്ദേഹം ആരെയാണു പരാമര്‍ശിച്ചതെന്ന് തീര്‍ച്ചയായും മനസ്സിലായിട്ടുണ്ടാകും(തെറ്റായ വീക്ഷണകോണ്‍ നിര്‍ബന്ധമാക്കിയവര്‍ക്കൊഴികെ). എങ്കിലും വസ്തുതകള്‍ വളച്ചൊടിച്ച് മുതലെടുപ്പ് നടത്താന്‍ പ്രതിലോമശക്തികള്‍ കാത്തിരിക്കുകയാണ് എന്ന വസ്തുത തിരിച്ചറിഞ്ഞ് കൂടുതല്‍ വ്യക്തതയോടു കൂടി അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടിയിരുന്നു എന്നത് അം‌ഗീകരിക്കാവുന്ന വാദമാണ്. വിഷയം സെന്‍സിറ്റീവ് ആയതുകൊണ്ട് ഓരോ വാചകത്തിലും പോപ്പുലര്‍ ഫ്രണ്ടിനെ പരമര്‍ശിച്ചാലും അധികമാകുമായിരുന്നില്ല. പക്ഷെ രണ്ടു നാളായി കണ്ട തെറ്റിദ്ധാരണാജനകമായ കൂട്ട ആക്രണത്തിന് വി എസ് ന്‍റെ ശൈലീവൈകല്യം ഒരു ന്യായീകരണമല്ല. അതിന്‍റെ ലക്ഷ്യം മറ്റെന്തോ മുതലെടുപ്പാണെന്നു തന്നെ വിശ്വസിക്കേണ്ടി വരും. വായനക്ക് നന്ദി :)

Noushad Vadakkel 27 July 2010 at 18:07  

>>>>അദ്ധ്യാപകന്‍റെ കൈ വെട്ടിയ സം‌ഭവമുണ്ടായപ്പോള്‍ അതിനെ കാടത്തമെന്നും ഭീകരവാദമെന്നും ഇസ്ലാം‌വിരുദ്ധമെന്നുമൊക്കെ വിശേഷിപ്പിച്ച് പ്രസ്താവനകളിറക്കുകയും ബ്ലോഗ് പോസ്റ്റുകളിടുകയും ചെയ്ത സകലവരും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മുന്നിര്‍ത്തി സി പി എമ്മിനെതിരെ വാളോങ്ങുന്നതു കാണുമ്പോള്‍ മുന്‍പ് തീവ്രവാദികളെ തള്ളിപ്പറഞ്ഞതിനുള്ള പ്രായശ്ചിത്തമായി തോന്നിപ്പോകുന്നു. ഒരു ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ തീവ്രവാദ നയങ്ങളെ എതിര്‍ക്കുകയും അടുത്ത ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ആരോപണങ്ങള്‍ സമുദായത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന വിചിത്രമായ സര്‍ക്കസാണിവിടെ നടക്കുന്നത്.<<<
പ്രിയ ബിനോയ്‌ , താന്കള്‍ തെറ്റിദ്ധരിച്ചു എന്ന് കരുതി അല്പം എഴുതട്ടെ ...
സമുദായത്തില്‍ പുതിയൊരു കക്ഷി ഉദയം കൊള്ളുമ്പോള്‍ അതിന്റെ നിലപാടുകളും ആദര്‍ശങ്ങളും സസൂക്ഷ്മം വിലയിരുത്തുകയും മതത്തിനും , രാജ്യത്തിനും അപകടകരമായ കാര്യങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരില്‍ ജാഗ്രത പാലിക്കുന്നതില്‍ മുന്‍പന്തിയിലുണ്ട് മുസ്ലിം സമുദായത്തിലെ പ്രധാനപ്പെട്ട സംഘടനകള്‍ .
എന്നാല്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും കേരളത്തിന്റെ ബൌദ്ധിക നിലവാരത്തിന് ഉള്‍ക്കൊള്ളാനാവാത്തതുമായ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത് .

ഇന്ത്യ അല്ലെങ്കില്‍ കേരളം ഒരു മുസ്ലിം , അല്ലെങ്കില്‍ ,ഹിന്ദു ,അല്ലെങ്കില്‍ മറ്റേതെങ്കിലും ആളുകള്‍ ഭൂരിപക്ഷമാകുന്നതിനു നമ്മള്‍ എതിരാണോ ? ഞാന്‍ എതിരല്ല . കാരണം ഇന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷം ആളുകള്‍ക്കും മേല്‍ പറഞ്ഞ ഏതെന്കിലും മതങ്ങളിലോ , തത്വ സംഹിതകളിലോ വിശ്വസിക്കുന്നതിനു യാതൊരു തടസ്സവുമില്ല . ഇനിയൊരു ഇരുപതു കൊല്ലം കഴിഞ്ഞു ഇന്ത്യ അല്ലെങ്കില്‍ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശം ആയാല്‍ അതിനു കാരണം >>>ചെറുപ്പക്കാരായിട്ടുള്ള ആളുകളെയെല്ലാംതന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുകാ... ആ തരത്തിലിങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക<<< എന്നതാണെന്ന് വിശ്വസിക്കുന്നത് എതിര്‍ക്കപ്പെടെണ്ടാതല്ലേ ?

സത്യത്തില്‍ ഭൂരിപക്ഷ സമുദായത്തിലെ ചില ആളുകളെ സുഖിപ്പിക്കുക എന്നാ ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി 'എഴുതി കൊടുത്തത് വായിച്ചത് '. പോപ്പുലര്‍ ഫ്രന്റ്‌ മുസ്ലിം സമുദായത്തിനും , രാജ്യത്തിനും ആപതാണെന്ന കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല . എന്നാല്‍ >>ചെറുപ്പക്കാരായിട്ടുള്ള ആളുകളെയെല്ലാംതന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുകാ... ആ തരത്തിലിങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക<<< എന്ന പ്രചാരണം പോപ്പുലര്‍ ഫ്രോന്റിന്റെ പ്രവര്തനഗല്‍ വീക്ഷിച്ചിട്ടുള്ള നിക്ഷ്പക്ഷമതികള്‍ വിശ്വസിക്കില്ല .മതത്തിന്റെ പേരില്‍ തീവ്രവാദികളാകുന്നവരെ മത പ്രമാണങ്ങള്‍ ചൂണ്ടി കാണിച്ചു വേണം തിരുത്തുവാന്‍ ശ്രമിക്കേണ്ടത് . അല്ലാതെ തെറ്റിദ്ധാരണാജനകവും ,ബാലിശവുമായ ആരോപണങ്ങള്‍ ഉയര്തിയല്ല .

Anonymous 27 July 2010 at 18:36  

"ഈയുള്ളവനൊരു ഹൈന്ദവനാണ്(സര്‍ട്ടിഫിക്കറ്റിലെങ്കിലും). എന്‍റെ കുടും‌ബത്തില്‍ കമ്യൂണിസ്റ്റുകാരുണ്ട്, കോണ്‍ഗ്രസ്സുകാരുണ്ട്, പിണറായി ഗ്രൂപ്പും അച്ചുതാനനന്ദന്‍ ഗ്രൂപ്പും ഏ ഗ്രൂപ്പും ഐ ഗ്രൂപ്പും എന്തിന് മുരളി ഗ്രൂപ്പും പോലുമുണ്ട്. പക്ഷെ മരുന്നിനു പോലും ഒരു സംഘപരിവാര്‍ അനുയായി ഇല്ല."

ഹഹ കിട്ടപ്പോരൊന്നും ഇല്ല അല്ലേ... സര്‍ട്ടിഫിക്കറ്റില്‍ മാത്രം ഹൈന്ദവനെന്നു പറയുന്ന താങ്കള്‍ക്ക് സംഘപരിവാരമെന്നത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ നടക്കുന്നവരായേ തോന്നൂ. സംഘപരിവാര്‍ ഇല്ലാതാകുന്ന അന്ന് സര്‍ട്ടിഫിക്കറ്റില്‍ പോലും താങ്കള്‍ ഹിന്ദുവാണെന്നു കാണില്ല. അത്ര തന്നേ.

ഷിബിന്‍ 27 July 2010 at 19:16  

സത്യമാണ് ബിനോയ്‌.. ഇപ്പൊ ഇവിടെ അധ്യാപകന്റെ കൈ വെട്ട്ടിയതോ പള്ളികള്‍ ആയുധ പുരകള്‍ ആക്കിയതോ ട്രെയിന്‍ അട്ടിമറിക്കാന്‍ നോക്കിയതോ അല്ല പ്രശ്നം... മുഖ്യന്‍ നടത്തിയ ഒരു പ്രസ്താവന , അതും ഒരു തീവ്രവാദി സംഘടനയെ കുറിച്ച്, അത് എങ്ങനെയൊക്കെ വളച്ചൊടിച്ചു മൊത്തം മുസ്ലിം സമുധായതിനെതിരെ ആക്കാന്‍ പറ്റും എന്നതാണ് ഇപ്പൊ എല്ലാവരുടെയും നോട്ടം... മുസ്ലിം സമുദായ സംരക്ഷകന്മാരുടെ കുപ്പായമിട്ടിരിക്കുന്ന പലരോടും ഒന്നേ പറയാനുള്ളൂ... ഇത്ര പെട്ടന്ന് വ്രണപ്പെടുന്ന ഒരു സാധനമോന്നുമല്ല ഞങ്ങളുടെ വിശ്വാസം... ചക്കും കൊക്കും തിരിച്ചറിയാനുള്ള വിവരവും ഞങ്ങള്‍ക്കുണ്ട്...

Unknown 27 July 2010 at 19:53  

excuse me for english
binoy, well done
media and people have taken this new issue.
let the public not discuss oil pricing being liberalised(corporatised)
let the public not discuss Bhopal and Anderson let off
let the public not discuss PSUs being privatised
let the public not discuss land grabs and marginaling of dalits and adivasis all over india
let the public not discuss the proposed liability bills
let the public not discuss the fate of women res bill
let the public not discuss several international agreements which may harm the common people
no we should never have time to discuss these important things and make up our minds
elections are coming, media and the industry who really controlls this nation and every nation will not allow us tho discus these things,
they will make us discuss only what they allow us to do
now you know who is behind this drama and who is funding and fuelling it
good luck

Anonymous 27 July 2010 at 20:49  

"പരിവാരത്തിന്‍റെ ഏതെങ്കിലും വിക്രിയയേക്കുറിച്ചൊരു വാര്‍ത്ത രാവിലെ പത്രത്തില്‍ കാണുമ്പോള്‍ "നായിന്‍റെ മക്കള്‍" എന്നൊന്ന് ഉച്ചത്തില്‍ പിറുപിറുത്താല്‍ മതി. പിള്ളാര്‍ക്ക് കാര്യം മനസ്സിലാകും)"

സിഖുകാരെ കോണ്‍ഗ്രസ്സുകാര്‍ കൂട്ടക്കൊല നടത്തിയപ്പോഴും, അധ്യാപകനെ കുട്ടികളുടെ മുന്നിലിട്ടു വെട്ടിക്കോന്നപ്പോഴും, സിങൂരും, നന്ധിഗ്രാമും ഒക്കെ രാവിളെ പത്രത്തില്‍ കണ്ടപ്പോളും ഒക്കെ താങ്കളുടെ വീട്ടുകാര്‍ “ബലേ ഭേഷ്” എന്ന് അലറിക്കൂവുമായിരിക്കും അല്ലേ... അതായിരിക്കും പിള്ളാര്‍ക്ക് ഇത്ര --- ...

|santhosh|സന്തോഷ്| 27 July 2010 at 21:24  

ഹഹഹഹഹ്
ഇപ്പോ എങ്ങിനെയുണ്ട് ബിനോയ്?? സംഗതി കലക്കിയില്ലെ? അദ്ദാണ്!!!! :)
അതായത്, മുഖ്യമന്ത്രിയുടേയും താങ്കളുടേയുമൊന്നും വിവരണങ്ങള്‍, വിശദീകരണങ്ങള്‍ ഒന്നും മനസ്സിലാവാഞ്ഞിട്ടല്ല, പക്ഷെ ഇതൊക്കെ ഞങ്ങള്‍ ഇങ്ങിനയേ വായിക്കൂ, മനസ്സിലാക്കൂ, പ്രതികരിക്കൂ എന്നു വെച്ചാല്‍ എന്തുചെയ്യാന്‍ പറ്റും?! പോപ്പുലര്‍ ഫ്രണ്ടിനോടുള്ള പ്രതിപത്തിയോ ആദര്‍ശശുദ്ധിയോ ഒന്നുമല്ല ഇത്, രാജ്യം കുട്ടിച്ചോറാക്കാന്‍ അപ്പുറത്ത് നിന്ന് അയച്ചുകൊടുത്ത കാശിനോടുള്ള കൂറാണിത്. രാജ്യസുരക്ഷക്കും സ്നേഹത്തിനും മറീകടന്നുള്ള സമൂദായിക സ്നേഹമാണിത്. മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്നു 24 മണിക്കുറൂം ഓരിയിട്ട് ജനസമൂഹത്തെ, രാഷ്ട്രത്തെ തെറ്റിദ്ധരിപ്പിക്കുക, നാശം വിതക്കുക എന്നു മാത്രമേ ലക്ഷ്യമുള്ളൂ..
ഹെന്ത് ചെയ്യാം. ചികിത്സിക്കാന്‍ സാധികുന്ന മനോരോഗമാണെങ്കില്‍ അങ്ങിനെ ചെയ്യാമായിരുന്നു., ഇതിപ്പോ അതിനും സാധിക്കില്ലല്ലോ!!

|santhosh|സന്തോഷ്| 27 July 2010 at 21:25  

പറയാന്‍ വിട്ടു
മുഖ്യനു അഭിവാദനങ്ങള്‍.
ഈ കാര്യങ്ങള്‍ ഇപ്പോഴല്ലായിരുന്നു. വിവരങ്ങള്‍ സംസ്ഥാനത്തിനു കിട്ടിയ പണ്ടേ ഇതൊക്കെ വിളിച്ചുപറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ. എല്ലാവിധ അനുഭാവങ്ങളും..

JiVi 27 July 2010 at 23:00  

പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കാന്‍ ‘മതേതരമുസ്ലീങ്ങള്‍‘ ഒരു ഉപായം കണ്ടെത്തിയിരിക്കയാണ്.

Salim PM 28 July 2010 at 08:31  
This comment has been removed by the author.
Salim PM 28 July 2010 at 08:32  

{{{"എങ്കിലും വസ്തുതകള്‍ വളച്ചൊടിച്ച് മുതലെടുപ്പ് നടത്താന്‍ പ്രതിലോമശക്തികള്‍ കാത്തിരിക്കുകയാണ് എന്ന വസ്തുത തിരിച്ചറിഞ്ഞ് കൂടുതല്‍ വ്യക്തതയോടു കൂടി അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടിയിരുന്നു എന്നത് അം‌ഗീകരിക്കാവുന്ന വാദമാണ്."}}}

ഇത്ര മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ ബിനോയ്. സെന്‍സിറ്റീവ് ആയിട്ടുള്ള വിഷയം ആയതുകൊണ്ട് കുറച്ചു കൂടി സൂക്ഷ്മത വേണ്ടിയിരുന്നു. ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ചുള്ള ധാരണ VS ന്‍റെ പ്രസ്താവനകളില്‍ പലപ്പോഴും കാണാറില്ല; അങ്ങേരുടെ ശുദ്ധത്തരമായിരിക്കാം. പക്ഷേ, പലപ്പോഴും അത് വിപരീത ഫലം ചെയ്യുന്നു. എന്തൊക്കെയായാലും താങ്കളുടെ നിഷ്പക്ഷതയെ കടുകിടപോലും ഞാന്‍ സംശയിക്കുന്നില്ല എന്നിവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. കലികാലമല്ലേ, എന്തും തെറ്റിദ്ധരിക്കപ്പെടാനുള്ള പ്രവണതയാണിപ്പോള്‍ കൂടുതല്‍.

Baiju Elikkattoor 28 July 2010 at 16:47  

Vivekapoornam..!

ഭൂതത്താന്‍ 31 July 2010 at 23:30  

"ഒപ്പം മതസം‌രക്ഷകരുടെ കുപ്പായമണിഞ്ഞ സാമൂഹ്യവിരുദ്ധരുടെ ട്യൂഷന്‍ ക്ലാസും കഴിഞ്ഞ് അവര്‍ കൊടുത്ത ജനാധിപത്യവിരുദ്ധ 'സ്റ്റണ്ട്' പുസ്തകങ്ങളുമായി കൊച്ചുവെളുപ്പാന്‍‌കാലത്ത് വീട്ടില്‍ കയറിവരുന്ന ഇളമുറക്കാരെ പുളിവാറിനടിച്ച് നേര്‍‌വഴി നടത്തുക."

അതെ ഇതാണ് ചെയ്യേണ്ടത് ...നമ്മള്‍ ഇനിയും താമസ്സിച്ചിട്ടില്ല എന്നാണ് എനിക്ക് പറയാനുള്ളത്

chithrakaran:ചിത്രകാരന്‍ 2 August 2010 at 17:46  

വളരെ നല്ല പോസ്റ്റ്. പ്രീണിപ്പിക്കുന്ന, കേള്‍ക്കാന്‍
ഇമ്പമാര്‍ന്ന വാക്കുകളേക്കാള്‍ അപകടത്തില്‍ നിന്നും നമ്മെ രക്ഷിക്കുന്ന പരുഷ്മായ ഒരു ശകാരത്തിന് മൂല്യമുണ്ട്.
പക്ഷേ, ആ മൂല്യം ബോധ്യപ്പെടണമെങ്കില്‍, അതു മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തി നല്‍കണമെങ്കില്‍ സ്വന്തം സമൂഹത്തില്‍ ആര്‍ക്കെങ്കിലും
ആ സംസ്ക്കാരത്തെക്കുറിച്ച് അറിവുണ്ടാകണം.
ഇസ്ലാം നേരിടുന്നത് അതാണ്. ഇസ്ലാമിന്റെ ശത്രുവും
അവരുടെ അറിവുകേടിന്റെ ദുരഭിമാനം മാത്രമാണ്.
സത്യം തുടക്കത്തില്‍ അസുഖകരമെന്നു തോന്നുമെങ്കിലും, സത്യത്തിനു മാത്രമേ മുന്നോട്ടു നടക്കാന്‍ സഹായിക്കു.
...............
ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !