പൊതുസമൂഹം മന്ദബുദ്ധികളല്ല
ഈയുള്ളവനൊരു ഹൈന്ദവനാണ്(സര്‍ട്ടിഫിക്കറ്റിലെങ്കിലും). എന്‍റെ കുടുംബത്തില്‍ കമ്യൂണിസ്റ്റുകാരുണ്ട്, കോണ്‍ഗ്രസ്സുകാരുണ്ട്, പിണറായി ഗ്രൂപ്പും അച്ചുതാനനന്ദന്‍ ഗ്രൂപ്പും ഏ ഗ്രൂപ്പും ഐ ഗ്രൂപ്പും എന്തിന് മുരളി ഗ്രൂപ്പും പോലുമുണ്ട്. പക്ഷെ മരുന്നിനു പോലും ഒരു സംഘപരിവാര്‍ അനുയായി ഇല്ല. അതിന്‍റെ കാരണമാലോചിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇതാണ്. ഇന്ത്യയെ ഹൈന്ദവരാജ്യമാക്കുക എന്നതാണ് പരിവാര അജണ്ഡ. നമ്മുടെ മതേതര രാജ്യത്തിന്‍റെ സമാധാനാന്തരീക്ഷം താറുമാറാക്കാന്‍ മാത്രമുപകരിക്കുന്ന ആശയപ്രചാരണങ്ങളാണ് അവരുടേത്. ന്യൂപക്ഷങ്ങളെ കൊന്നൊടുക്കിയിട്ടായാലും ഹൈന്ദവ രാഷ്ട്ര സ്ഥാപനം നടപ്പാക്കണമെന്നു ചിന്തിക്കുന്ന തീവ്രവാദികള്‍ അവരിലുണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ രാജ്യത്തിന്‍റെ ഭരണസംവിധാനങ്ങള്‍ പോലും ദുരുപയോഗം ചെയ്യുന്നു. മേല്പ്പറഞ്ഞ തരം പ്രവര്‍ത്തനങ്ങള്‍ മാനവികതക്ക് എതിരും സംസ്ക്കാരശൂന്യവും ദേവിരുദ്ധവുമാണെന്നുള്ള തിരിച്ചറിവാണ് എന്നെയും എന്‍റെ കുടുംബാംഗങ്ങളെയും സംഘപരിവാറില്‍നിന്നും അകറ്റിനിര്‍ത്തുന്നത്. വര്‍ഗ്ഗീയവാദത്തിന്‍റെ വിപത്ത് ഇളമുറക്കാരെ ബോദ്ധ്യപ്പെടുത്തുന്നതില്‍ കുടുംബത്തിലെ തല മുതിര്‍ന്നവര്‍ ശ്രദ്ധാലുക്കളായിരുന്നു. (ഇതിനായി വാഗമണ്ണില്‍ ക്ലാസ് നടത്തുന്ന ബദ്ധപ്പാടൊന്നുമില്ല. പരിവാരത്തിന്‍റെ ഏതെങ്കിലും വിക്രിയയേക്കുറിച്ചൊരു വാര്‍ത്ത രാവിലെ പത്രത്തില്‍ കാണുമ്പോള്‍ "നായിന്‍റെ മക്കള്‍" എന്നൊന്ന് ഉച്ചത്തില്‍ പിറുപിറുത്താല്‍ മതി. പിള്ളാര്‍ക്ക് കാര്യം മനസ്സിലാകും)
പരിവാരത്തിന്‍റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള അറിവുകള്‍ ഞങ്ങള്‍ക്ക് വെളിക്കിറങ്ങാനിരുന്നപ്പോള്‍ വെളിപാടായി കിട്ടിയതുമല്ല. ഇവിടുത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണസംവിധാനങ്ങളും ജുഡീഷ്യറിയുമൊക്കെയാണ് ഈ അറിവുകളുടെ സോര്‍സുകള്‍. പ്രജ്ഞാസിംഗ് ഠാക്കൂര്‍ എന്നൊരു ഹിന്ദു സന്യാസിനിയെ അറസ്റ്റു ചെയ്ത് അവരില്‍ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി ലക്ഷ്യമിട്ടുള്ള ബോംബുസ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കി എന്ന കുറ്റം പോലീസ് ആരോപിച്ചപ്പോള്‍, ഹിന്ദുരാഷ്ട്ര സ്ഥാപനം ലക്ഷ്യമിട്ടുള്ള ഭൂരിപക്ഷ ഭീകരവാദം രാജ്യത്ത് വളരുന്നു എന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും വിളിച്ചു പറഞ്ഞപ്പോള്‍, എന്‍റെ മതവികാരമോ രോമമോ പോലും വ്രണപ്പെട്ടില്ല. മറിച്ച് ഞാനുള്‍പ്പെടുന്ന സമുദായത്തില്‍ വളര്‍ന്നു വരുന്ന ദുഷ്‌പ്രവണതകളേക്കുറിച്ച് സ്വയം ബോധവാനാകാനും അവയെ പ്രതിരോധിക്കുന്നതിന് മാനസ്സികമായി തയ്യാറെടുക്കുവാനും ഈ അറിവുകള്‍ സഹായകമാവുകയണു ചെയ്തത്.
പറഞ്ഞുവരുന്നതെന്താണെന്ന് മനസ്സിലായിട്ടുണ്ടാകുമല്ലോ. അദ്ധ്യാപകന്‍റെ കൈ വെട്ടിയ സംഭവമുണ്ടായപ്പോള്‍ അതിനെ കാടത്തമെന്നും ഭീകരവാദമെന്നും ഇസ്ലാംവിരുദ്ധമെന്നുമൊക്കെ വിശേഷിപ്പിച്ച് പ്രസ്താവനകളിറക്കുകയും ബ്ലോഗ് പോസ്റ്റുകളിടുകയും ചെയ്ത സകലവരും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മുന്നിര്‍ത്തി സി പി എമ്മിനെതിരെ വാളോങ്ങുന്നതു കാണുമ്പോള്‍ മുന്‍പ് തീവ്രവാദികളെ തള്ളിപ്പറഞ്ഞതിനുള്ള പ്രായശ്ചിത്തമായി തോന്നിപ്പോകുന്നു. ഒരു ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ തീവ്രവാദ നയങ്ങളെ എതിര്‍ക്കുകയും അടുത്ത ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ആരോപണങ്ങള്‍ സമുദായത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന വിചിത്രമായ സര്‍ക്കസാണിവിടെ നടക്കുന്നത്. ഒരു തീവ്രവാദസംഘടനക്കെതിരായുള്ള കുറ്റാരോപണത്തിന്‍റെ പേരില്‍ നാട്ടിലെ സമാധാനപ്രിയരായ ബഹുഭൂരിപക്ഷം മുസ്ലീമുകളേയും ഭീകരവാദികളായി മുദ്രകുത്താന്‍മാത്രം മന്ദബുദ്ധികളല്ല പൊതുസമൂഹമെന്നത് 'സമുദായ സ്നേഹികള്‍' ദയവായി തിരിച്ചറിയുക. ഒപ്പം മതസംരക്ഷകരുടെ കുപ്പായമണിഞ്ഞ സാമൂഹ്യവിരുദ്ധരുടെ ട്യൂഷന്‍ ക്ലാസും കഴിഞ്ഞ് അവര്‍ കൊടുത്ത ജനാധിപത്യവിരുദ്ധ 'സ്റ്റണ്ട്' പുസ്തകങ്ങളുമായി കൊച്ചുവെളുപ്പാന്‍കാലത്ത് വീട്ടില്‍ കയറിവരുന്ന ഇളമുറക്കാരെ പുളിവാറിനടിച്ച് നേര്‍വഴി നടത്തുക.