Sunday, 13 September 2009

ഓം‌പ്രകാശളിയനും മറ്റേ മച്ചമ്പീം

മ്മടെ ഓം‌പ്രകാശിനേപ്പോലൊരു ചുള്ളനെ അളിയനായിക്കിട്ടാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. പെങ്ങള്‍ടെ കാര്യം പൊക ആയേക്കും എന്ന ചെറിയ ഒരു റിസ്ക്കൊഴിവാക്കിയാല്‍ അളിയന്‍റെ ചെലവില്‍ നുമ്മക്കൊന്ന് അര്‍മാദിക്കം എന്ന അറ്റ്രാക്ഷന്‍ ചെറുതല്ല. അല്ലേല് എന്തിന് കൊതിക്കുന്നു, ഏതോ ഒരു ഭാഗ്യം ചെയ്ത അളിയന്‍ ഇതിനകം അളിയനെ അളിയാനാക്കിക്കഴിഞ്ഞു. ബോളിവുഡ് ലുക്ക്, ആറരക്കട്ട ശരീരം, നാട്ടില്‍ നാലുപേരറിയണ ദിവ്യന്‍‌മാരുമായി ചങ്ങാത്തം, ടച്ചിങ്സ് ആയി സിലുമാനടികളുമായി സുഡാങ്കി.. ഹൊ! ഈ ഓം‌പ്രകാശളിയന്‍ ‍ ഒരു സമ്പവം തന്നെ. മനസാക്ഷിക്കൊരു ബൂസ്റ്റ് കിട്ടാന്‍ പണ്ടത്തെ ചില വിപ്ലവസ്മരണകളുമുണ്ട്. ഈ കേസും പുക്കാറുമൊക്കെ ഒന്നു കഴിഞ്ഞുകിട്ടിയാല്‍ അണ്ണനിനി വെച്ചടി വെച്ചടി കയറ്റമായിരിക്കും. നുമ്മടെ ബിസിനസ്സിന് അത്യാവശ്യം വേണ്ട റോ മെറ്റീരിയം മനുശ്ശമ്മാരുടെ പേടിയാണ്. അതിപ്പം ചാനലുകാരും പത്രക്കാരുമൊക്കെ കൈയ്യയച്ചു സഹായിച്ച് വേണ്ടുവോളം ഒത്തുകിട്ടീട്ടുണ്ട്. എന്തിനധികം! ചെല തലതിരിഞ്ഞ മന്ത്രിപുത്രന്മാരുടെ ചങ്ങായിയാണ് എന്ന പേര് മതിയാകും വിലപേശലില്ലാതെ കൊട്ടേഷന്‍ തേടിവരാന്‍.

വെറുമൊരു പിന്തിരിപ്പന്‍ ചുവ മാത്രമുണ്ടായിരുന്ന "മന്ത്രിപുത്രന്‍" എന്ന സാദാ മലയാളപദത്തിന് "ഗബ്ബാര്‍‌സിങ്", "കാലമാടന്‍" എന്നൊക്കെ പറയും‌പോലുള്ള മാരക എഫക്ട് ഉണ്ടാക്കിയെടുത്ത മറ്റേ കരുപ്പിനെ സമ്മതിക്കണം. സ്വന്തം പാര്‍ട്ടിക്കാരുതന്നെ തല്ലിക്കൊല്ലുന്നതിനു മുന്‍പ് കല്യാണഭാഗ്യമെങ്കിലും ഉണ്ടാകട്ടെ എന്നു കരുതിയാണെന്നുതോന്നുന്നു ചെക്കന്‍റെ നിശ്ചയച്ചടങ്ങ് കല്യാണം തന്നെയാക്കി മാറ്റിയത്. ഈ മൊതലിനെ സ്ഥിരമായി സഹിക്കുന്ന തന്ത അടുത്ത ഇലക്ഷനില്‍ സഹതാപവോട്ടിന്‍റെ മാത്രം ബലത്തില്‍ ജയിച്ചുകയറാന്‍ എല്ലാ സാധ്യതയുമുണ്ട്.

അന്ന് അച്ചുമാമനെ തോല്പ്പിച്ച് ആഭ്യന്തരം പിടിച്ചുവാങ്ങി കോക്കിരി കാട്ടിയപ്പോള്‍‍ ഇമ്മാതിരി പാരയാവും എന്ന് കരുതിയില്ല. കലിപ്പ് കൂട്ടാനുംവേണ്ടി പിണറായി സഖാവ് ഈയിടെയായി പിടവിട്ട ഒരു മിസ്റ്ററി ലൈനിലാണ്. പത്രസമ്മേളനങ്ങള് നടത്തി എന്തരൊക്കെയോ പറയുന്നു. വഴിയേ പോകുന്നവന്‍റെയൊക്കെ വായില്‍ കോലിട്ടുകുത്തി സുഭിക്ഷമായി തെറിവിളി കേള്‍ക്കുന്നു, ഒരുവീതം പാര്‍ട്ടിക്കാരെയും കേള്‍പ്പിക്കുന്നു. കൈരളി തുറക്കുമ്പോള്‍ മനോരമവിഷന്‍ കാണുന്നു, ഏഷ്യനെറ്റ് വെക്കുമ്പോള്‍ കൈരളി കാണുന്നു.. ആകെ കണ്‍ഫൂസനായല്ലോ എന്ന് അണികളും. നമ്മുടെ പാര്‍ട്ടിക്ക് ഇതിലെന്താ കാര്യം. പോള്‍ ജോര്‍ജ്ജിനെ കൊന്നത് കാരിയോ ഓം‌പ്രകാശോ കൊല്ലനോ സിനിമാനടിയോ അതുമല്ലെങ്കില്‍ ഷക്കീലയോ!? ഇവരിലാരാ നമ്മടെ പാര്‍ട്ടി!


ഓ.ടോ. പാര്‍ട്ടിയെ ചൊറിഞ്ഞു കളിക്കരുത് എന്ന് ഇന്നലെ ഫോണ്‍ ചെയ്തപ്പോഴും അച്ഛന്‍ പറഞ്ഞതാണ്. പക്ഷേ... ഇത്തവണ കൂടി സോറിയാക്കൂ മൈ ഡാഡ് സോറിയാക്കൂ..

Monday, 31 August 2009

അമ്മാവന്‍‌സിന്‍‌ഡ്രം ഓണക്കാലത്ത്

ഓണക്കാലമായാല്‍ ഓര്‍മ്മകളുണരണം. ദൗത്യം മത്സരബുദ്ധിയോടെ ഏറ്റെടുക്കുന്നത് ആനുകാലികങ്ങളുടെ ഓണപ്പതിപ്പുകളാണ്. പണ്ടേപോലല്ല. കോമ്പറ്റീഷന്‍ കടുപ്പം. പത്ത് മുന്നൂറ് പേജ് നിറച്ചെടുക്കാനുള്ള് പാട് ചെറുതല്ല. കുറേ ചെറുകഥകളും ഒന്നോ രണ്ടോ നോവലുകള്‍ തന്നെയും പുതിയ പിള്ളേരോട് എഴുതിവാങ്ങാം. പക്ഷെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പഴയ മോഡല്‍ സിംഹങ്ങള്‍ തന്നെ വേണം. വിശ്രമജീവിതത്തിന്‍റെ അര്‍ദ്ധമയക്കത്തില്‍‌നിന്നും തലയും ഓര്‍മ്മയും കുടഞ്ഞുണര്‍ന്ന് അയവിറക്കല്‍ തുടങ്ങും അമ്മാവന്മാര്‍. സാഹിത്യകാരന്‍‌മാര്‍ മാത്രമല്ല കളത്തിലുള്ളത്. ജീവിതസായാഹ്നമായിട്ടും സ്വന്തമായൊരു തട്ടകം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട് "സാംസ്ക്കാരിക നായകന്‍" എന്ന ഫ്രീസൈസ് കുപ്പായത്തിന്‍റെ ബലത്തില്‍ അരി മേങ്ങി കഴിയുന്ന പ്രേതങ്ങളെയും വായനക്കാര്‍ സഹിക്കണം. ഓര്‍മ്മക്കുറിപ്പുകളുടെ അടിസ്ഥാന രസന്ത്രം പുതുതലമുറയെ പുലയാട്ട് നടത്തുകയാണെന്ന് ധരിച്ച് വശായിരിക്കുന്ന അമ്മാവന്മാരേപ്പറ്റിയാണ് പറഞ്ഞുവരുന്നത്. പഴയതെല്ലാം നന്ന് പുതിയതൊക്കെ മ്ലേച്ഛം എന്ന് പറയാതെ പറഞ്ഞുവെക്കുന്ന രീതി. വരികള്‍ക്കിടയിലെങ്ങും ഞരമ്പുകളില്‍ മായാതെ ശേഷിക്കുന്ന മാടമ്പിത്തരത്തോടുള്ള ആരാധന. പടികടന്നെത്തിയിരുന്ന കാഴ്ച്ചകളുടെ വലിപ്പത്തെപ്പറ്റി, ആനയെപ്പറ്റി, തഴമ്പിനെപ്പറ്റി ഗീര്‍‌വാണങ്ങള്‍. സാംസ്ക്കാരിക അധപ്പതനത്തെക്കുറിച്ച്, അധിനിവേശത്തേക്കുറിച്ച് മൂക്ക് പിഴിച്ചിലുകള്‍. സദാചാരഭ്രംശത്തേക്കുറിച്ചുള്ള ആശങ്കകള്‍ ചവച്ച് തുപ്പുമ്പോള്‍ മതമൗലികവാദത്തോളം ചവര്‍പ്പ്. കാലത്തിന്‍റെ മാറ്റം ഉള്‍കൊള്ളുന്നതില്‍ പരാജയപ്പെട്ട ദുരന്തങ്ങളുടെ സ്വരത്തിന് ജീവനോപാധിയേക്കുറിച്ച് ഉത്ക്കണ്ഠാകുലനായ പുരോഹിതന്‍റേതിന് തുല്യമായ തരംഗദൈര്‍ഘ്യം. അധിനിവേശപ്രധിരോധത്തിന്‍റെ അവശ്യഘട്ടങ്ങളില്‍ കാക്കാ പിടിക്കാന്‍ നടന്നതിന്‍റെ ആത്മകഥാവഴികള്‍ സൗകര്യപൂര്‍‌വ്വം മറന്നുകളയാം. അമ്മാവന്മാരുടെ ക്ഷയിച്ച കുതിരശക്തിയെക്കുറിച്ചുള്ള വിഹ്വലതകള്‍ക്കും മെനാപോസിന്‍റെ വിഭ്രാന്തികള്‍ക്കും വിലയിട്ട് വില്‍ക്കുന്ന സീസണല്‍ കച്ചവടം.

തൂലികയുടെ മാസ്മരിക സ്പര്‍‌ശത്താല്‍ ‍ മണ്ണിന്‍റെ ഗുണവും മണവും വായനക്കാരന്‍റെ സിരകളില്‍ മായാമുദ്രയായി പതിപ്പിച്ച പിതൃതുല്യരായ മലയാളത്തിലെ അനേകം എഴുത്തുകാര്‍ പൊറുക്കുക. പറഞ്ഞതത്രയും നിങ്ങളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവരെക്കുറിച്ചാണ്.
-----------------------------------------------------------------------------------
"പണ്ടത്തെ ഓണ‌ല്ലേ ഓണം കുട്ടാരേ!"
"ശര്യാമ്പ്രാ"
"ദേ പോണ ചെക്കനേതാ?"
"ഇവിടുത്തന്നെ മ്പ്രാ. പാര്‍ഗ്ഗവിപ്പെങ്ങടെ ഏഴാമത്തേത്."
"ഓള്‍‌ടെ രാമന്‍ ഇപ്പളും വരവുണ്ടോ"
"ഉവ്വ്, കഴിഞ്ഞാഴ്ചേം ചൂട്ട് കണ്ടു"
"ഓണായിട്ട് നേരമ്പോക്കൊന്നൂല്ലല്ലോ കുട്ടാരേ"
"ഓ"
"നങ്ങേലീണ്ടോ വീട്ടില്"
"ഓള് പൊറത്താമ്പ്രാ"
"കഷ്ടായി!"