Thursday, 30 July 2009

കൂതറ കുറ്റപത്രത്തിന് സ്നേഹപൂര്‍‌വ്വം

ടു

പ്രൊഡ്യൂസര്‍

‍കൂതറകുറ്റപത്രം


ദൈവത്തിന് സ്തുതി. എന്‍റെ പേര് പാലക്കാത്തറ പാപ്പച്ചന്‍, വയസ്സ് 50, സ്ഥലം കോട്ടയം. കുറച്ച് റബ്ബര്‍ കൃഷിയും ചില്ലറ കച്ചവടവും ഒക്കെയായി കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ട് തരക്കേടില്ലതെ ജീവിക്കുന്നു. ഞാന്‍ തങ്കളുടെ "കൂതറകുറ്റപത്രം" എന്ന പരിപാടിയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്. ദുഷിച്ച രാഷ്ട്രീയവൃത്താന്തങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ വാര്‍ത്തകള്‍ ഞാന്‍ കാണാറില്ലെങ്കിലും "കൂതറകുറ്റപത്രം" ഒരു തവണപോലും മുടക്കാറില്ല. കൊടുംപാതകങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത മഹാപാപികളുടെ എണ്ണം എത്രമേല്‍ പെരുകിവരുന്നു എന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് കൂതറകുറ്റപത്രത്തിന്‍റെ ഓരോ എപ്പിസോഡും. നാടിന് നഷ്ടമായ സദാചാരബോധവും ദൈവഭയവും വീണ്ടെടുത്ത് പാപമുക്തി ഏകാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് എന്‍റെ അനുമോദനങ്ങള്‍ അറിയിക്കട്ടെ.

മദമിളകിയ ആന മൂന്നുപേരെ കൊന്ന സംഭവമായിരുന്നല്ലോ കഴിഞ്ഞ തിങ്കളാഴ്ചയിലെ കൂതറകുറ്റപത്രത്തിലെ പ്രധാന ഇനം. വളരെ നന്നായിരുന്നു ആ പരിപാടി. ഇത്ര വ്യക്തമായി, അടുത്തുനിന്ന് ധൈര്യത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നിങ്ങളുടെ ക്യാമറാമാനെ എന്‍റെ അഭിനന്ദനം അറിയിക്കണം. പാപ്പാന്‍റെ തലയില്‍ ആന ചവിട്ടിയപ്പോള്‍ വെളുത്തനിറത്തില്‍ ദൂരേക്കു തെറിച്ചത് മെഡുല ഒബ്ലാംഗട്ട ആണെന്നു തോന്നുന്നു. അതിന്‍റെ ഒരു ക്ലോസപ്പ് കൂടി ഉള്‍പ്പെടുത്താമായിരുന്നു. രണ്ടാമത്തെ അളെ കാലില്‍‌തൂക്കി മരത്തിലടിച്ചപ്പോല്‍ ഉറക്കെ കരഞ്ഞത് അയാളുടെ ഭാര്യ ആണോ?. അവരുമായി ഒരു അഭിമുഖം സാഹചര്യത്തിനിണങ്ങിയേനേ എന്നു തോന്നി. ഇത്തരം പരിപാടികള്‍ കാലേകൂട്ടി അറിയിച്ചശേഷം സം‌പ്രേഷണം ചെയ്താല്‍ നന്നായിരുന്നു. ആന അപകടകാരിയായ ജീവിയാണെന്ന് അറിഞ്ഞിരിക്കേണ്ടതിലേക്കായി മക്കളേയൊക്കെ വിളിച്ചു കാണിച്ചുകൊടുക്കാമല്ലോ

കഴിഞ്ഞ ഞായറാഴ്ച്ച സം‌പ്രേക്ഷണം ചെയ്ത, വയനാട്ടില്‍ ഒരു കുടും‌ബം ദുരൂഹ സാഹചര്യത്തില്‍ കൂട്ട ആത്മഹത്യ ചെയ്ത സം‌ഭവത്തേക്കുറിച്ചുള്ള പരിപാടി വളരെ നന്നായിരുന്നു. നാലുപേര്‍ ഒരേ മരത്തില്‍ തൂങ്ങി നിന്നാടുന്ന അപൂര്‍‌വ്വരം‌ഗം വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചത് വളരെ ആകര്‍‌ഷകമായി. ഞങ്ങളുടെ കുടുംബവക ബാങ്കില്‍‌നിന്നും വായ്പ എടുത്ത ഒരാള്‍ ഇതുപോലെ കുടുംബത്തോടെ തൂങ്ങിമരിച്ചതാണ് സ്മരണയില്‍ വന്നത്. ഓര്‍ക്കമ്പോഴൊക്കെ മനസ്സ് നീറുന്ന ഒരു സംഭവം. രൂപ ഒന്നരലക്ഷമാണ് പലിശ ഇനത്തില്‍ പൊലിഞ്ഞത്. ആത്മാവിന് ഒരിക്കലും നിത്യശാന്തി കിട്ടാത്ത മഹപാപമാണ് ആത്മഹത്യ എന്ന് ഈ സഹോദരങ്ങള്‍ എന്നാണ് മനസ്സിലാക്കുക! ചോദിക്കാന്‍ മറന്നു, ആ പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ കഴുത്തിനുതാഴെ ഒരു ചെറിയ പോറല്‍ കാണുവാനിടയായി‍. ആ മാലാഖയുടെ മറ്റു ശരീരഭാഗങ്ങളൊക്കെ ദൈവകൃപയാല്‍ പരിശുദ്ധമായിരുന്നു എന്നു കരുതട്ടെ.

അന്നുതന്നെ സം‌പ്രേഷണം ചെയ്ത, കൊടകര ഷാപ്പിലെ കത്തിക്കുത്ത് സംഭവം വളരെ നിലവാരം പുലര്‍ത്തി. കുത്തുകൊണ്ട് കിടക്കുന്നവന്‍റെ കുടല്‍‌മാല കീറി പുറത്തുവന്നിരിക്കുന്നത് കപ്പപ്പുഴുക്കാണെന്നു തോന്നുന്നു. ഞങ്ങള്‍ കപ്പയും പന്നിയിറച്ചിയും തിന്നുകൊണ്ടിരിക്കവേ ആണ് ഈ പരിപാടി കാണാനിടയായത് എന്നത് ദൈവത്തിന്‍റെ മറ്റൊരു അത്ഭുതപ്രവര്‍ത്തി. ഇത്തരം ക്ലോസപ്പ് ഷോട്ടുകള്‍ ഇനിയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ. പണ്ട് ഞങ്ങളുടെ തോട്ടത്തില്‍ അടക്ക മോഷ്ടിക്കാന്‍ കയറിയ ഒരു പാപിയെ അപ്പന്‍ ഓടിച്ചിട്ട് കുത്തിവീഴ്ത്തിയപ്പോള്‍ വയറ്റില്‍‌നിന്നും പിണ്ണാക്ക് പുറത്തുചാടിയ രസകരമായ ഒരു സം‌ഭവം പറഞ്ഞു കേട്ടിട്ടുണ്ട്.

കഴിഞ്ഞമാസം തിങ്കളാഴ്ച്ച കാണിച്ച, 15കാരിയായ കിളുന്ത് കുഞ്ഞിനെ വീട്ടില്‍‌കയറി ബലാല്‍സംഗം ചെയ്ത അഞ്ച് പയ്യന്മാരെ അറസ്റ്റ് ചെയ്ത സംഭവം വല്ലാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നായി. ആ മാലാഖക്കുട്ടിയുടെ മുഖം അവ്യക്തമാക്കിയാണ് കാണിച്ചതെങ്കിലും മനപ്പൂര്‍‌വ്വം ചില പഴുതുകളിട്ടത് ഉപകാരമായി. ഹെന്തു ചെയ്യാം, ചെലതൊക്കെ നമുക്കു മറച്ചല്ലേ പറ്റൂ.

മാനം വിറ്റു ജീവിക്കുന്ന പാപിനികളായ പെണ്ണുങ്ങളെ കൊച്ചിയില്‍ പോലീസ് റെയ്ഡ് ചെയ്ത് പിടിച്ച സംഭവം വിശദമായി അവതരിപ്പിച്ചത് അഭിനന്ദനാര്‍ഹമാണ്. അന്യപുരുഷന്‍റെ മുന്‍പില്‍ തുണി അഴിക്കാന്‍ മടിക്കാത്ത ഈ കുലടകള്‍ ക്യാമറക്കു മുന്‍പില്‍ മുഖം മറക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എങ്കിലും നിങ്ങള്‍ ബുദ്ധിപൂര്‍‌വ്വം തിരിഞ്ഞും മറിഞ്ഞുമുള്ള ആംഗിളില്‍ കാണിച്ചപ്പോള്‍ മിക്കാവാറും മുഖങ്ങള്‍ ദൃശ്യമായിരുന്നു. അതില്‍ ഇറുകിയ മഞ്ഞ ബ്ലൗസിട്ട വെളുത്ത കുട്ടിയെ നല്ല മുഖപരിചയം തോന്നുന്നുണ്ട്. ബിസിനസ് സംബന്ധമായ യാത്രകളില്‍ എവിടെയെങ്കിലും‌‌വെച്ച് കണ്ടതായിരിക്കണം. ദൈവം അവരോട് പൊറുക്കുമാറാകട്ടെ.

ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു വിറ്റ കുറ്റത്തിന് വൃദ്ധന്‍ അറസ്റ്റിലായ വാര്‍ത്ത അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിച്ചതിനു നന്ദി. മനുഷ്യന്‍ എത്രമേല്‍ അത്യാഗ്രഹികളായിരിക്കുന്നു എന്നു നോക്കൂ. ബാങ്ക് കൊള്ള ചെയ്യുന്നതിലും കള്ളനോട്ടടിക്കുന്നതിലുമൊക്കെ ഒരു ന്യായമുണ്ട്. ഇതങ്ങനെയാണോ?! അത്യാര്‍ത്തി ഒന്നുകൊണ്ടുമാത്രമല്ലേ ഇയാള്‍ ലോട്ടറി ടിക്കറ്റ്തന്നെ മോഷ്ടിച്ചിരിക്കുന്നത്. ദുരാഗ്രഹിയായ ആ കെളവന്‍റെ മുഖം പല ആം‌ഗിളില്‍ ക്ലോസപ്പില്‍ കാണിക്കാന്‍ നിങ്ങള്‍ കാണിച്ച ധൈര്യം ഏതൊരു ചാനലിനും മാതൃകയാണ്.

ഈ രാഷ്ട്രീയക്കാര്‍ തമ്മിലുള്ള സംഘട്ടനങ്ങളും ലാത്തിച്ചാര്‍ജ്ജുമൊക്കെ ഉള്‍പ്പെടുത്തി നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്. അവന്മാര്‍ക്ക് എത്ര തല്ലുകൊള്ളുന്നതിലും എനിക്കു സന്തോഷമേയുള്ളു. പക്ഷേ രാഷ്ട്രിയവാര്‍ത്തകള്‍ കണ്ടാല്‍ പിള്ളാര് വഷളായിപ്പോകും. നാടു ഭരിക്കാന്‍ ഇങ്ങനെയൊരു കൂട്ടര്‍ വേണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം. നമ്മടെ തിരുമേനിമാര്‍ ഒരു രാഷ്ട്രീയക്കാരുടേം സഹായമില്ലാതല്ലേ തിരുസഭയുടെ സ്ഥാപനങ്ങള്‍ നല്ല കിണ്ണം കിണ്ണം പോലെ ഭരിക്കുന്നത്. പണ്ടു ഞങ്ങള്‍ ചില നിര്‍ദ്ധനസഹോദരിമാരുടെ ഉന്നമനത്തിനായി അവരെ വിദേശത്തേക്കു കയറ്റി അയച്ചത് കുറച്ചു വശപ്പെശകായപ്പോള്‍ ഈ മൈ.. ക്ഷമിക്കണം രാഷ്ട്രീയക്കാരെല്ലാം‌കൂടി ഞങ്ങളെ നക്ഷത്രമെണ്ണിച്ചു കളഞ്ഞു. തെണ്ടികള്‍.

മറ്റു ചാനലുകളുടെ "കലിപ്പ് FIR", "തരിപ്പ് ട്രയല്‍" തുടങ്ങിയ പരിപാടികള്‍ കൂതറക്കുറ്റപത്രവുമായി മല്‍‌സരത്തിലാണെന്നറിയാം. പക്ഷേ ഈ ഏര്‍പ്പാടില്‍ നമ്മള്‍ കോട്ടയത്തുകാരോട് ജയിക്കാന്‍ ആര്‍ക്കും കഴിയില്ലായെന്നത് ഉറപ്പാണല്ലോ. താങ്കളുടെ പരിപാടിയുടെ വിജയത്തിലേക്കായി ധാരാളം വിഷയങ്ങള്‍ ദിനവും ലഭിക്കുമാറാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിച്ചുകൊണ്ട്
പാലക്കാത്തറ പാപ്പച്ചന്‍

‍കോട്ടയം

16 comments:

ബിനോയ്//HariNav 30 July 2009 at 07:37  

പാലക്കാത്തറ പാപ്പച്ചന്‍‍
കോട്ടയം

ജോ l JOE 30 July 2009 at 07:39  

ഒരു "കൂതറ" അംഗം എന്ന നിലയില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. പ്രസ്തുത പോസ്റ്റില്‍ നിന്നും "കൂതറ " എന്ന വാക്ക് നീക്കം ചെയ്യേണ്ടതാണ്...:)....:)...:) ദൈവമേ , ഇത് കൂതറ തിരുമേനി കാണാതിരുന്നാല്‍ മതിയായിരുന്നു

:)

ബിനോയ്//HariNav 30 July 2009 at 07:52  

അയ്യോ! ആ കൂതറ അല്ല ഈ കൂതറ. ഇത് വെറും കൂ"തറ".

നന്ദി ജോ :)

നാട്ടുകാരന്‍ 30 July 2009 at 07:53  

അഭിനന്ദനങ്ങള്‍ നാട്ടുകാരാ... (എന്റെ നാട്ടുകാരനല്ലേ)

എനിക്കിതെല്ലാം പറയണമെന്ന് തോന്നിയിട്ട് കുറെയായതാ.....
പക്ഷെ ഇത്ര നല്ല ഭാഷ വശമില്ല.
വളരെ നന്നായിരിക്കുന്നു.

വല്ലപ്പോഴും ടി.വി. മുറിയിലൂടെ കടന്നു പോകുമ്പൊള്‍ ഇങ്ങനെ കാണാറുണ്ട്‌.
എനിക്കറപ്പാണ് ഈ പരിപാടികള്‍. മനുഷ്യ ജീവിതം വിട്ടു കാശാക്കുന്നവര്‍!
വേശ്യകള്‍ എത്രയോ ഭേദം ! അവര്‍ സ്വന്തം ശരീരം ആണ് വില്‍ക്കുന്നത്. ഇവരോ?

നമ്മുടെ മാധ്യമങ്ങള്‍ എന്നെങ്കിലും നന്നാവുമോ?

ഞാന്‍ ഇന്നലെ ഇതുപോലെ ഒരു പോസ്സ്ട്ടിട്ടിട്ടുണ്ട് . അത് ഇവിടെ വായിക്കാം.

വശംവദൻ 30 July 2009 at 08:04  

അർമാദിച്ചിരിക്കുകയാണല്ലോ !!

നല്ല സ്റ്റൈലിൽ എഴുതിയിട്ടുണ്ട്‌.

"ബിസിനസ് സംബന്ധമായ യാത്രകളില്‍ എവിടെയെങ്കിലും‌‌വെച്ച് കണ്ടതായിരിക്കണം. ദൈവം അവരോട് പൊറുക്കുമാറാകട്ടെ"

ഹ...ഹ..

ശ്രീ 30 July 2009 at 08:18  

:)

ഹാരിസ് 30 July 2009 at 08:38  

ഒളിമ്പിക്സ് വന്നാല്‍ കാലുകവച്ചു നില്ക്കുന്ന ജിംനാസ്റ്റിക് പെണ്കൊടിമാരുടെ പടം മാത്രം സ്പോട്സ് പേജില്‍ കൊടുക്കുന്ന ആ പത്രമുത്തശിയ്ക്കും അടിപ്പാവാടയുടെ വള്ളി എത്ര തരത്തില്‍ കെട്ടാം എന്നതിനെക്കുറിച്ച് അന്ച് പേജില്‍ സചിത്രലേഖനം കൊടുക്കുന്ന, രതിമൂറ്ച്ഛയില്‍ വര്ഷങ്ങളായി സ്പെഷ്യലൈസു ചെയ്യുന്ന ആ വനിത മാസികയ്ക്കും ഇവരുമായി എന്തെങ്കിലും ബന്ധമുണ്ടോ...?

കാസിം തങ്ങള്‍ 30 July 2009 at 08:45  

നന്നായി പറഞ്ഞിരിക്കുന്നു ബിനോയ് , അഭിനന്ദന്നങ്ങള്‍

Junaiths 30 July 2009 at 09:04  

hats off macha....

ജോണ്‍ ചാക്കോ, പൂങ്കാവ് 30 July 2009 at 09:20  

കൊള്ളാം..
എന്തും കാണിക്കാന്‍ തങ്ങള്‍ക്കു അവകാശം ഉണ്ടെന്നാണ്‌ മാധ്യമ ധാരണ.ഇതിനെതിരെ ആരെങ്കിലും ഒക്കെ കോടതിയില്‍ പോയെ പറ്റു
മാധ്യമ സ്വാതന്ത്ര്യവും വ്യക്തികളുടെ സ്വകാര്യതയും.

ദീപക് രാജ്|Deepak Raj 30 July 2009 at 12:24  

ദീപസ്തംഭം മഹാചര്യം നമുക്കും കിട്ടണം പണം.

രഞ്ജിത് വിശ്വം I ranji 30 July 2009 at 16:49  

ഇത്തരം കൂതറ പരിപാടികളോട്‌ ഇങ്ങനെ തന്നെ വേണം പ്രതികരിക്കാൻ. പണ്ടു മനോരയും മംഗളവും പ്രചാര വർദ്ധനവിനായി നടത്തിയ അതേ പരിപാടിയാണ് റേറ്റിങ്ങ്‌ കൂട്ടാൻ ഇവരും പ്രയോഗിക്കുന്നത്‌. പ്രതികരിച്ചതു നന്നായി ബിനോയി,

ജിവി/JiVi 1 August 2009 at 13:41  

ഇവരിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.

എത്ര വിമര്‍ശിക്കപ്പെട്ടിട്ടും ഇത് തുടരുന്നതില്‍നിന്നും മനസ്സിലാക്കേണ്ടതെന്താ?

ഈ കൂതറ കുറ്റപത്രത്തേക്കാള്‍ കൂതറകളായ കുറെയെണ്ണം ഇതിനൊക്കെ കൈയ്യടിക്കാനുണ്ട്.

വാഴക്കോടന്‍ ‍// vazhakodan 1 August 2009 at 18:02  

ഗെഡീ ഞാന്‍ ഇതൊരു പോസ്റ്റ്‌ ഇടണം എന്ന് കരുതി ഇരിക്കയായിരുന്നു. ഇനി പറഞ്ഞിട്ടെന്താ കാര്യം? ഞാന്‍ പറയാന്‍ ഉദ്ധെശിച്ചതൊക്കെ നീ പറഞ്ഞു. കൊള്ളാം!
ഇവിടെ നെറ്റൊക്കെ ബുദ്ധിമുട്ടാടാ :)

വിഷ്ണു | Vishnu 2 August 2009 at 20:28  

കലക്കീട്ടുണ്ട് ട്ടോ ...

ബിനോയ്//HariNav 3 August 2009 at 15:30  

നാട്ടുകാരനായ നാട്ടുകാരാ നന്ദി :)

വശം‌വദന്‍, ശ്രീ :)

ഹാരിസ്, ഛായ്! ഞാന്‍ പറഞ്ഞത് ന്യൂയോര്‍ക്ക് ടൈം‌സ് പത്രത്തേക്കുറിച്ചാ :)

junaith,ജോണ്‍ ചാക്കോ, പൂങ്കാവ്, രഞ്ജിത്ത്, ജിവി/JiVi വായനക്ക് നന്ദി :)

ബായക്കോടാ അനക്ക് നെറ്റ് കണക്ഷന്‍ തരണ്ടാന്ന് ഞാന്‍ BSNL കാരോട് പറഞ്ഞിട്ടുണ്ട് :)

വിഷ്ണു, നന്ദി :)