മത്തി വാഴ്ക, ചാള നീണാള്‍ വാഴ്ക
"അച്ഛാ മത്സ്യത്തിനൊരു പര്യായം പറഞ്ഞ് തരൂ"
ചാള
"ഛെ, അതല്ല, പര്യായം പര്യായം"
മത്തി
"ബെസ്റ്റ്.. എന്നാലും അച്ഛന്‍ തന്നെ ഭേദം. "മറ്റൊരു ചാള" എന്നാണ് അമ്മ പറഞ്ഞത്. ഇങ്ങനേണ്ടാവോ മത്തിപ്രാന്ത്!"
എടാ മത്തിയേക്കുറിച്ച് നിനക്കെന്തറിയാം?
"നാറുമെന്നറിയാം"
മകനേ, മത്തിയെന്നത് മലയാളികളുടെ തനതായ സ്വത്വബോധത്തിന്‍റെ....
"തേങ്ങാക്കൊലയാണ്"
എടാ, പുസ്തകം, മുതിര്‍ന്നവര്‍, മത്തി ഇവയെ നിന്ദിക്കരുതെന്ന് പഠിച്ചിട്ടില്ലേ?
"ആദ്യത്തെ രണ്ടെണ്ണം ഉണ്ട്"
എന്നാ ഇനി മൂന്നാമത്തേതും ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തോ
"അച്ഛാ ദിസ് ഈസ് റ്റൂ മച്ച്. മത്തിയോടുള്ള ആക്രാന്തം വല്ലാതെ കൂടുന്നുണ്ട്"
എടാ നിനക്കറിയോ മത്തികളും നുമ്മളേപ്പോലെ കമ്മ്യൂണിസ്റ്റുകാരാണ്.
"വാട്ട്?"
അതേഡേയ്. നെയ്മീന്‍, ആവോലി, സ്രാവ് തുടങ്ങിയ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികളോട് നിരന്തരം പോരാടി ജനമനസ്സുകളില്‍ ഇടം നേടിയ ധീരസഖാക്കളാണ് മത്തികള്‍.
"ഇനീപ്പൊ സഖാക്കള്‍ തായ്‌ലണ്ടീന്നും മലേഷ്യേന്നുമൊക്കെ വരാമ്പോണൂന്നാ കേട്ടത്"
ആസിയാന്‍ കരാറായിരിക്കും ഉദ്ദേശിച്ചത്. അതിനെതിരെ ഞങ്ങള്‍ സമരം ചെയ്യും
"അതെന്തേ അവിടത്തെ മത്തികള്‍ രാഘവന്‍റെ കമ്മ്യൂണിസ്റ്റാ?"
"......"പോഡേ പോഡേ മെനക്കെടുത്താതെ പോഡേ
"ബാക്കി കൂടി പറയ്"
മത്തി സുന്ദരസുരഭിലമനോജ്ഞമായ ഒരു സമ്പവമാകുന്നു
"ഓഹൊ"
അതൊരു പ്രസ്ഥാനം കൂടിയാണ്
"വലിച്ചുനീട്ടാതെ കാര്യം പറ"
മത്തിയെ സ്നേഹവാല്‍സല്യങ്ങളോടെ സമീപിക്കുമ്പോഴേ നമുക്കവരുടെ മഹത്വം മനസ്സിലാകൂ
"അതെങ്ങനെ"
ഉദാഹരണത്തിന് ഷാര്‍ജ്ജ ഫിഷ് മാര്‍ക്കറ്റിലെ നമ്മുടെ പതിവ് സ്ഥലമായ കൊടുങ്ങല്ലൂരുകാരന്‍ കാക്കായുടെ സ്റ്റാളിലെത്തുമ്പോള്‍, "സാറെ നല്ല ബെസ്റ്റ് മത്തീണ്ട്, ഒരു മന്ന് എടുക്ക്വല്ലേ? എന്ന സ്ഥിരം അഭിവാദ്യം വരും. " അഞ്ചു കൊല്ലായിട്ട് ഈ ചീള് മത്തിയല്ലാതെ വെലയൊള്ള ഒരു മീന്‍ വാങ്ങീട്ടില്ല, ശവം" എന്നായിരിക്കും കാക്കയുടെ മനസ്സില്‍. അതു കാര്യാക്കണ്ട. ജുമേറാ ബീച്ചിലെ മദാമ്മമാരെപ്പോലെ നല്ല ചുവന്നു തുടുത്ത നെയ്‌മത്തികള്‍ നിരന്നുകിടപ്പുണ്ടാകും ടേബിളില്‍..
"ഞങ്ങളെ കൂട്ടാതെ അച്ഛന്‍ ജുമേറ ബീച്ചില്‍ പോയീല്ലേ?"
ഈ ചോദ്യം സന്ദര്‍ഭത്തിനും നിന്‍റെ പ്രായത്തിനും ചേരുന്നതല്ല
"സോറി"
അങ്ങനെ നമ്മള്‍ നാലോ അഞ്ചോ കിലോ മത്തിവാങ്ങി പണം കൊടുക്കുന്നു. ഇനിയാണ് പ്രധാനപ്പെട്ട കാര്യം. മദാമ്മമാരെയും ബാഗിലാക്കി പുറത്തേക്കിറങ്ങുമ്പോള്‍ ഫിഷ് ക്ലീന്‍ ചെയ്യുന്ന പാക്കിസ്ഥാനികള്‍ കൈ നീട്ടും. ജീവന്‍ പോയാലും കൊടുക്കരുത്. തരുണീമണികളുടെ തരളമേനിയെ അവന്മാര്‍ നാനാവിധമാക്കിക്കളയും. എത്രയുംപെട്ടന്ന് കന്യകമാരെ ഡിക്കിയിലാക്കി വീടുപിടിച്ചോണം. വേണമെങ്കില്‍ ആ നെലവിളി ശബ്ദവുമിടാം.
"എന്നിട്ട്?"
വീട്ടിലെത്തിയാല്‍ ഒട്ടും വൈകാതെ ക്ലീനിങ് തുടങ്ങണം.
"ആ പേരില്‍ രണ്ട് പെഗ്ഗും ഒഴിക്കാം"
ഡേ ഡേയ് ഓവറാവല്ലേ
"സോറി"
ഇനി അരുമയായി എല്ലാ സുന്ദരികളുടെയും ചെതുമ്പല്‍ നീക്കിയ ശേഷം ആവേശോജ്ജ്വലമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
"എന്താണത്?"
അതായത് നമ്മള്‍ സകല മല്‍സ്യാവതാരങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ആദ്യത്തെ മത്തിയുടെ വയറ് തുറക്കുന്നു. ഠിം! അവിടെ ഇടത്തരം നത്തോലിയുടെ വലിപ്പമുള്ള രണ്ടു രസികന്‍ മുട്ടകള്‍ നമ്മളെ നോക്കി ചിരിക്കുന്നുണ്ടോ.. എങ്കില്‍ ഇന്നത്തെ മത്തിക്കച്ചവടം സക്സസ്. പന്നിമലത്ത് കളിക്കുന്ന ത്രില്ലാണ് പിന്നീടങ്ങോട്ട്. പ്രത്യക്ഷപ്പെടുന്ന ഓരോ മുട്ടയുടെയും വലിപ്പത്തിനനുസരിച്ച് ചെറുതായി തുള്ളിച്ചാടിയോ ശൂളമടിച്ചൊ സന്തോഷം പ്രകടിപ്പിക്കാം.
"ഹും..!"
ഇനി ഇന്‍സ്റ്റന്‍റായി വറുത്തെടുക്കാന്‍ പത്തോ പതിനഞ്ചോ മദാമ്മമാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ലൈനിടണം (അതല്ല). മത്തിയെടുത്ത് കൈവെള്ളയില്‍ വെച്ചശേഷം നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെറുതായി ഒന്നു വരയുക. നല്ല ശുദ്ധമായ ചന്ദനത്തിന്‍റെ നിറമുള്ള നെയ്യ് മുറിപ്പാടിലൂടെ പനിച്ചുവരുന്ന നയനാനന്ദകരമായ ദൃശ്യത്തിന്‍റെ ആലസ്യം മാറുന്നതുവരെ ഭിത്തയില്‍ തലചായ്ച്ച് ഊറിച്ചിരിച്ച് നില്‍ക്കണം.
"..കഷ്ടം"
ഇങ്ങനെ ലൈനടിച്ച മത്തികളെയെല്ലാം അരപ്പുകൊണ്ട് ഫേഷ്യല്‍ ചെയ്ത് റെഡിയാക്കി വറുത്തെടുക്കുന്ന പണി നിന്‍റെ അമ്മയെ ഏല്പ്പിച്ച് കുളിക്കാന്‍ പോകാം. വറുക്കുമ്പോല്‍ അടുക്കളയിലെ എക്സോസ്റ്റ് ഓണ്‍ ചെയ്യരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കണം.
"*#@*$"
കുളിച്ച് കുട്ടപ്പനായി വരുമ്പോഴേക്കും വറുത്ത മത്തിയുടെ അതുല്യസുന്ദരമായ സൗരഭ്യം വീടാകെ പരന്നിട്ടുണ്ടാകും. നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുത്തപ്പോള്‍ മദാമ്മമാരൊക്കെ അതിസുന്ദരികളായ കാപ്പിരിപ്പെണ്ണുങ്ങളായി മേശമേലങ്ങനെ നിരന്നിരിക്കുന്നു. അവരെ പുണര്‍ന്നുറങ്ങുന്ന കുഞ്ഞുകാപ്പിരികളായി മുട്ടകളും. ഇനി വെച്ചു താമസിപ്പിക്കരുത്. ഒരു കസേരയടുപ്പിച്ച് അവര്‍ക്കു മുന്‍പിലിരിക്കണം. ...ഹൊ!....എന്നിട്ട്....
"എന്നിട്ട്?"
.... എന്നിട്ട്....എന്നിട്ടു പൊട്ടിപ്പൊട്ടിയങ്ങ് കരയണം മകനേ.. പൊട്ടിപ്പൊട്ടിയങ്ങ് കരയണം
"പുവര്‍ മാന്‍. ആക്രാന്തം മൂത്ത് സോഫ്റ്റ്വേര്‍ കറപ്റ്റായി. കഷ്ടം!
ശുഭം.
