Sunday, 9 May 2010

ഗുരുവായൂരിൽ മിസ് അമ്മൂമ്മ

ഒരു ഗുരുവായൂർ യാത്രയേക്കുറിച്ചാണ്. ഇവിടെ ക്ഷേത്രദർശനം ശീലമുള്ളവർ പുതുമയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ലേഖകനും ക്ഷേത്രങ്ങളും തമ്മിലുള്ള ബന്ധം കേരളാ കോണ്‍ഗ്രസ്സും ആദർശവും പോലെയേ ഉള്ളൂ എന്നതിനാൽ ഈ കുറിപ്പ് തികച്ചും വ്യക്തിപരമായ കൌതുകം എന്ന് കണ്ടാൽ മതി. ക്ഷമാശീലർക്ക് സ്വാഗതം.

മിഥുനമാസത്തിലെ അവസാന ഞായറാഴ്ച്ച. കഴിഞ്ഞ വർഷമാണ്. നിൽക്കുന്നത് ഗുരുവായൂരിലാകുമ്പോൾ ഈ ദിനത്തിനൊരു പ്രത്യേകതയുണ്ട്. വരുന്നത് കർക്കിടകം. കല്യാണങ്ങൾ‌ക്കോ മറ്റ് ശുഭകാര്യങ്ങൾ‌ക്കോ യോജിക്കാത്ത മാസം. അതുകൊണ്ടുതന്നെ ഗുരുവായൂരപ്പൻ ലോങ്ങ്‌ലീവിൽ പ്രവേശിക്കുന്നതിന് മുൻപ് ശുഭകാര്യങ്ങൾ നടത്തിയെടുക്കാനുള്ള അവസാന ചാൻസെന്ന നിലയിൽ ഭക്തജനങ്ങൾ ഇരമ്പിയെത്തുന്ന ദിനമാ‍ണിത്. ഇന്ന് ഇവിടെയാണ് ദേവൂട്ടന്റെ ചോറൂണ്. എന്റെ അളിയനും പ്രീയസുഹൃത്തുമായ അവന്റെ അച്ഛൻ അങ്ങ് ദുബായിൽ ലീവും കാൻസൽ ചെയ്ത് റിസഷനിൽ കുടുങ്ങിക്കിടക്കുന്നു. ഇവിടെ ഞങ്ങൾ അവൈലബിൾ പി ബി വേണം ചടങ്ങ് നടത്താൻ.

ഈയുള്ളവനും ഒരു വയസ്സ് തികയാത്ത മകളും എഴുപത് കഴിഞ്ഞ അമ്മായിയമ്മയും ഇന്നലത്തെ ആറ് പെഗ്ഗ്iന്‍റെ ഹാങ്ങ് ഓവറിൽ ഉണർന്ന മൂത്ത അളിയനും മറ്റ് സ്ത്രീജനങ്ങളുമൊക്കെ അടങ്ങുന്ന സം‌ഘം കൊച്ചുവെളുപ്പാൻ‌കാലത്ത് തന്നെ കുളിച്ചൊരുങ്ങി ഇരിങ്ങാലക്കുടയില്‍‌നിന്നും ഗുരുവായൂരിൽ എത്തിയിരിക്കുകയാണ്. ചോറൂണുകാരൻ കഥാനായകൻ അവന്റെ അമ്മയുടെ നാടായ എറണാകുളത്തുനിന്നും പരിവാരസമേതം പുറപ്പെട്ടിട്ടുണ്ട്. പുലർച്ചെ ആറരയായപ്പോഴേക്കും നഗരം തിരക്കിലമർന്നിരിക്കുന്നു. പെയ്ഡ് പാർക്കിങ്ങുകളൊക്കെ ഹൗസ്‌ഫുൾ. ഒടുവിൽ കുയിൽ കാക്കക്കൂട്ടിൽ മുട്ടയിടുന്നപോലെ, മുന്നിൽക്കണ്ട ഒരു വിവാഹ സം‌ഘത്തിൽ നുഴഞ്ഞ് കയറി കല്യാണ മണ്ഡപത്തിന്‍റെ പാർക്കിങ്ങിൽ വണ്ടിയുപേക്ഷിച്ച് തമിഴ്‌നാട്ടിലെ ഒരു പഞ്ചായത്തിൽ വിരിഞ്ഞ മൊത്തം മുല്ലപ്പൂവും തലയിൽ ചൂടിയ വധുവിനും സംഘത്തിനും പിന്നലെ ക്ഷേത്രത്തിലേക്ക് നടന്നു. ദര്‍ശനത്തിനുള്ള ക്യൂ ആനക്കൊണ്ട പോലെ വളഞ്ഞ് പുളഞ്ഞ് പന്തൽ നിറഞ്ഞിട്ടുണ്ട്. പറഞ്ഞ സമയം കഴിഞ്ഞിട്ടും കൊച്ചിക്കാരെ കാണാഞ്ഞ് വിളിച്ച് നോക്കിയപ്പോൾ വഴിയിൽ മറ്റേതോ അമ്പലത്തിൽ തൊഴാൻ കയറിയിരിക്കുന്നു സൈന്യം. മഗധം ലക്ഷ്യമാക്കി പട നയിച്ച അലക്സാണ്ടർ പോകുന്ന പോക്കിൽ വഴിയിൽക്കണ്ട ചെല ചീള് നാട്ടുരാജാക്കന്‍‌മാരെ ചുമ്മാ മസില് കാട്ടി വിരട്ടി സാമന്തന്മാരാക്കിയ പോലെ.

വീണുകിട്ടിയ സമയം കൊണ്ട് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ആദ്യം കണ്ട ബ്രാഹ്‌മിണ്‍സ് ഹോട്ടലിൽ ഇടിച്ചുകയറി. ( ഇന്ത്യൻ‍ സെക്യുലറിസത്തിന്‍റെ ഒരു രീതിവെച്ച്‍ സർക്കാരിന്റെ പങ്കാളിത്തത്തിൽ തിയ്യൻസ്, പുലയൻസ്, മാപ്ലാസ്.. എന്നിങ്ങനെ തീനിടങ്ങൾ ആരം‌ഭിക്കാൻ ഇടത് പാർട്ടികളെങ്കിലും മുൻകൈ എടു‍ക്കേണ്ടതാണ്) ഓരോ ഇഞ്ച് തറയും ക്ഷേത്രമുറ്റത്തെ അഴുക്കും വാഷ്‌റൂമിൽ നിന്നുള്ള വെള്ളവും ചേർന്ന മിശ്രിതത്തിൽ കുതിർന്നിരിക്കുകയാണ്. ചെരിപ്പുകൾ എല്ലാവരും ബുദ്ധിപൂർ‌വ്വം വണ്ടിയിൽ അഴിച്ച് വെച്ചതുകൊണ്ട് ആണിരോഗം പിടിപെട്ടവരേപ്പോലെ കാല്‍ തറയിൽ തൊട്ടും തൊടാതെയുമിരുന്ന് ഭക്ഷണം കഴിച്ചെന്ന് വരുത്തി. ദോഷം പറയരുതല്ലോ ഇഡ്ഡലിയും ഇടിക്കട്ടയും ദോശയും പശയും എല്ലാം ഒന്നാണെന്ന് തോന്നിക്കുന്ന, സർവ്വവും മായയാണെന്ന് ഭക്തരെ ഓര്‍മ്മിപ്പിക്കുന്ന മാരക ടേസ്റ്റ്.

അധികം വൈകാതെ കൊച്ചിപ്പട എത്തിച്ചേര്‍ന്നു. ടീമം‌ഗങ്ങളെ ഒന്ന് പരിചയപ്പെടുത്തേണ്ടതുണ്ട്. ദേവൂട്ടൻ (ചോറൂണുകാരൻ), അവന്റെ ചേട്ടൻ (പേട്രോമാക്സ് പരുവം), ഇവരുടെ അമ്മ, സുനിതേച്ചി(ചോറൂണുകാരന്‍റെ അമ്മയുടെ ചേച്ചി), ഭൂകമ്പം റിക്ടർ സ്കെയ്ലിൽ എട്ടടിക്കുമ്പോൾ കസേരയുടെ കാലുറപ്പിക്കാൻ ചുറ്റിക തപ്പുന്ന ടൈപ്പ് ബലേട്ടൻ(സുനിതേച്ചിയുടെ ഹസ്)‍, ഇവരുടെ മക്കള്‍ രെണ്ടെണ്ണം(മെയ്‌ൽ ആന്റ് ഫീമെയ്‌ൽ ചാത്തൻ‌സ്), ഓടിക്കോ സുനാമി വരണൂ എന്ന് പറഞ്ഞാൽ ‘ബക്കറ്റിലിത്തിരി വെള്ളം പിടിച്ചേച്ച് വന്നേക്കാം മക്കളെ‘ എന്ന് പറയുന്ന ടൈപ് അമ്മൂമ്മ ഒരെണ്ണം(ബാലേട്ടന്‍റെ അമ്മ). അങ്ങനെ കോറം തികഞ്ഞ് എല്ലാവരും ആനക്കൊണ്ടയുടെ വാലറ്റത്ത് സ്ഥാനം പിടിച്ചു. നിന്നും നിരങ്ങിയും നീങ്ങുന്ന ക്യൂവില്‍ അര മണിക്കൂർ പിന്നിട്ടപ്പോൾ ശങ്ക കലശലായ അമ്മൂമ്മയെ കൂട്ടി മൂത്രപ്പുരയിലേക്ക് പോയത് ബാലേട്ടനാണ്. ഒരു പതിനഞ്ച് മിനുറ്റ് കഴിഞ്ഞപ്പോൾ കക്ഷി ഒരു മൂളിപ്പാട്ടൊക്കെ പാടി തിരികെയെത്തി, തനിയെ! അമ്മൂമ്മയെവിടെ എന്ന് ചോദിച്ചതിന് ഒരു നിമിഷം ബ്ലാങ്കായി നിന്നിട്ട് ഹീറോ ഹാപ്പിയായി പറഞ്ഞു, ‘മൂത്രോഴിച്ചിട്ട് എറങ്ങീപ്പോ അമ്മേടെ കാര്യം ഞാമ്മറന്ന് പോയി‘. ഭേഷ്! ഒരു ഇമാജിനറി റിവോൾവിങ് ലൈറ്റ് തലയിൽ ഫിറ്റ് ചെയ്ത് ബാലേട്ടനെ ട്രെയ്ലറാക്കി ജനത്തെ ഇടിച്ചുതെറിപ്പിച്ച് സുനിതേച്ചി മൂത്രപ്പുരയിലേക്ക് പാഞ്ഞു. സം‌ഭവസ്ഥലം അകവും പുറവും പരിസരവുമൊക്കെ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. കാര്യമുറപ്പിച്ചു, അമ്മൂമ്മ ഈസ് മിസ്സിങ്ങ്. ഈ ടൈമിങ്ങിനാണ് കാശ്. റെക്കോഡ് തിര‍ക്കിലാണ് ക്ഷേത്രപരിസരം. ഒരുപിടി മണ്ണിട്ടാല്‍ നിലത്ത് വീഴില്ല. എല്ലാവരും ഇനിയെന്ത് എന്ന പരിഭ്രമത്തിലായപ്പോള്‍ സുനിതേച്ചിയാണ് പറഞ്ഞത്. ആരും ക്യൂവില്‍ നിന്ന് മാറണ്ട. ബാലേട്ടന്‍ പുറത്തുതന്നെ നിന്ന് അന്വേഷണം തുടരട്ടെ. ചെറിയ തീയിലൊന്നും വാടുന്ന ഇനമല്ല അമ്മൂമ്മയെന്ന ആശ്വാസവുമുണ്ട്. മുക്കാല്‍ മണിക്കൂറോളം വിണ്ടും കടന്നുപോയി. ബാലേട്ടന്‍ വെറും കൈയ്യോടെ വന്നും പോയുമിരിക്കുന്നുണ്ട്. ക്യൂ ക്ഷേത്രത്തിന് സമീപമെത്തിയതോടെ എല്ലാവരുടെയും മൊബൈല്‍ ഫോണുകൾ ക്ലോക്ക് റൂമിൽ ഏൽ‌പ്പിക്കേണ്ടിയും വന്നു. അങ്ങനെ അകത്ത് കടന്നതോടെ ബാലേട്ടനുമായുള്ള ലൈവ് കമ്മ്യൂണീക്കേഷൻ മുറിഞ്ഞു.

പൂരത്തിരക്കാണ് ക്ഷേത്രത്തിനുള്ളിൽ. അസഹനീയമായ ചൂടിന് ബോണസായി ഉയര്‍ന്ന ഹ്യുമിഡിറ്റിയും. കവാടത്തിലെ തിക്കും തിരക്കും പല വെറൈറ്റി വിയർപ്പുകളുടെ മണവും ഗുണവും തൊട്ടറിയാനും ചിലപ്പോഴൊക്കെ രുചിച്ച് തന്നെ അറിയാനുമുള്ള അസുലഭാവസരമാണ്. എല്ലാം ഹൈന്ദവ വിയർപ്പുകളായതുകൊണ്ട് അശുദ്ധമില്ല എന്നതാണൊരാശ്വാസം. അകത്ത് കടന്നപ്പോൾ മലയാളവും തെലുങ്കും തമിഴും ശരണം വിളിയും വഴക്കും കുട്ടികളുടെ കരച്ചിലും എല്ലാമായി ഭക്തിസാന്ദ്രമായ അന്തരീക്ഷം. കുട്ടിക്ക് ചോറു കൊടുക്കാൻ ടോക്കൺ എടുക്കേണ്ടതുണ്ട്. അതിന് മറ്റൊരു ക്യൂവാണ്. ആനക്കൊണ്ടയല്ലെങ്കിലും രാജവെമ്പാല തന്നെ. വല്യളിയൻ ദൗത്യമേറ്റ് ടോക്കണെടുക്കാൻ പോയിരിക്കുന്നു. പരിചയമില്ലാത്ത തിരക്കും ചൂടുമൊക്കെക്കൊണ്ട് ചെറിയ കുട്ടികൾ കരച്ചിൽ ആരം‌ഭിച്ചിട്ടുണ്ട്. കുഞ്ഞുവാവകൾക്ക് പാല് കൊടുക്കാൻ പറ്റിയ ഒഴിഞ്ഞ സ്ഥലമുണ്ടോ എന്ന് നോക്കൂ എന്ന് ഭാര്യ. ശരിക്കൊന്ന് ശ്വാസം വിടണമെങ്കിൽ അമ്പലത്തിന്‍റെ ഒരു കിലോമീറ്റര്‍ ദൂരെയെത്തണം, പിന്നെയാണ് ഒഴിഞ്ഞ സ്ഥലം! ഒന്ന് കറങ്ങിനോക്കിയപ്പോൾ സ്ത്രീസാന്ദ്രത കൂടിയ ഒരിടം കണ്ടെത്തി. രണ്ട് വശം തുറന്ന ഒരു പഴയ എടുപ്പാണ്. അതിനുള്ളില്‍‌ത്തന്നെ ഒരു പ്രത്യേകഭാഗത്ത് ശര്‍ക്കരയിൽ ഈച്ച പൊതിഞ്ഞിരിക്കുന്നതുപോലെ കുറേ സ്ത്രീകള്‍ വിയർത്തൊലിച്ച് തൊട്ടുരുമിയിരിക്കുന്നു. ഇതെന്ത് കഥ എന്ന് അതിശയിച്ചപ്പോഴാണ് കണ്ടത്, മുകളിൽ തിരിഞ്ഞ് കളിക്കുന്ന ഒരു പങ്കയുടെ ചെറുകാറ്റാണ് തരുണികളുടെ ഒരുമക്ക് നിദാനം. എന്തായാലും കരച്ചിൽ ഉച്ചസ്ഥായിയിലാക്കിയ കുട്ടികളെയും സ്ത്രീജനങ്ങളെയും കൂട്ടിക്കൊണ്ടുവന്ന് പുതിയ ഷെല്‍ട്ടറിലാക്കി. അമ്മൂമ്മ മിസ് ആയിട്ടിപ്പോൾ രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ട്. ‘ബാലേട്ടനിപ്പോൾ ആളെ കണ്ടുപിടിച്ചിട്ടുണ്ടാകുമല്ലേ‘ എന്ന് ആരോ ചോദിച്ചത് ഒരാശ്വാസത്തിനാണ്. ‘ഹും, അങ്ങേരിപ്പോൾ എവിടെയെങ്കിലും പത്രം വായിച്ചിരിക്കുന്നുണ്ടാകും‘ എന്ന് സുനിതേച്ചിയുടെ മറുപടി. വിളിച്ച് നോക്കാനാണെങ്കിൽ മൊബൈലും കൈയ്യിലില്ല. പുറത്തിറങ്ങിയാൽ വീണ്ടും അകത്ത് കയറണമെങ്കിൽ ക്യൂ നിൽക്കണം. ഒടുവിൽ ചെവിയിൽ ചവീട് മൂളുന്ന ശല്യം സഹിക്കാതായപ്പോൾ ക്യൂ നിയന്ത്രിക്കുന്ന പോലീസുകാർ സുനിതേച്ചിക്ക് മാത്രം പുറത്ത് പോയിവരാനുള്ള അനുവാദം കൊടുത്തു.

പെട്ടന്നാണ് ഞങ്ങൾ നിന്നിരുന്ന ഭാഗത്ത് ആൾക്കൂട്ടത്തിന് ഒരു ചലനമുണ്ടായത്. ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ തന്ത്രിമാരുടെ സം‌ഘം ഈറനുമുടുത്തുള്ള വരവാണ്. തീണ്ടൽ ഒഴിവാക്കാനായി ‘വഴി വഴി‘ എന്ന് ഉറക്കെ വിളിച്ച് മുൻപിൽ നടന്നൊരാൾ വഴിയൊരുക്കുന്നു. ഭക്തർ ഭയഭക്തിബഹുമാനത്തോടെ ചിതറിമാറുന്നു, കുട്ടികളുടെ കണ്ണുകളിൽ പരിഭ്രമം. നനഞ്ഞ ഒറ്റമുണ്ടിലെ അശ്ലീല പ്രദർശനത്തിൽനിന്ന് സ്ത്രീകൾ മുഖം തിരിക്കുന്നു. ഇതിൽ ഏത് കൌപീനധാരിയാണാവോ സ്ത്രീകളുടെ ചുരിദാറിൽ ഗുരുവായൂരപ്പനുള്ള അനിഷ്ടം കണ്ടുപിടിച്ചത്!

ക്ലോക്ക് റൂമില്‍ നിന്നും മൊബൈലെടുത്ത് ബാലേട്ടനെ വിളിച്ച ശേഷം സുനിതേച്ചി തിരികെയെത്തി. അമ്മൂമ്മ ഇപ്പോഴും ഔട്ട് ഓഫ് റേഞ്ച് തന്നെ. ബാലേട്ടൻ സേർച്ച് തുടരുന്നുണ്ട്. ഇതിനകം അമ്മൂമ്മ ക്ഷേത്രത്തിനുള്ളിൽ കടന്നിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഞങ്ങളും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉയരം കുറഞ്ഞ അമ്മൂമ്മയെ ജനക്കൂട്ടത്തിനിടയിൽ തിരയുന്നതും ശ്രമകരം. തുലാഭാരത്തിനും ചോറൂണിനുമാണ് തിരക്കേറെ. തുലാഭാരം ഒന്നു കാണേണ്ട കാഴ്ച്ച തന്നെയാണ്. കൃത്യമായി പണമടച്ചാൽ തടിക്ക് സമം തൂക്കേണ്ട ഐറ്റം‌സ്- അരി, ശര്‍ക്കര, പഞ്ചാര തുടങ്ങി നാണയം വരെ- എല്ലാം പന്തലില്‍ റെഡി. അനിയന്ത്രിതമായ തിരക്ക് കാരണം ഏതാനം സെക്കന്‍റുകൾ മാത്രമേ ഓരോ വഴിപാടുകാരനും അനുവദിക്കുന്നുള്ളു. ആക്രിക്കടയിൽ പാട്ട തൂക്കുന്ന മട്ടിൽ ‍കാര്യങ്ങൾ നീക്കുന്ന ദേവസ്വം ജോലിക്കാർ തട്ടിൽ കയറിയിരിക്കുന്ന ഭക്തന്മാരോട് വഴിയിൽ തൂറാനിരിക്കുന്നവനോടുള്ള അനുഭാവം പോലും കാണിക്കാത്തത് സ്വാഭാവികം. പണം വാങ്ങി പുണ്യം വില്‍ക്കുന്ന കച്ചവടത്തിന്‍റെ അകവും പുറവും അറിയുന്നവരല്ലോ അവർ. അതല്ലെങ്കിൽ അരിക്കും പിണ്ണാക്കിനും പകരം തട്ടിൽ വെക്കാൻ സ്വർണ്ണവും വെള്ളിയുമായി വരട്ടെ- ഏത് കാട്ടുകള്ളനാണെങ്കിലും- മൂത്ത തന്ത്രിയടക്കം വന്ന് ഓച്ഛാനിച്ച് നില്‍ക്കും.

തുലാഭാരക്കാരുടെ തിരക്കില്‍‌നിന്നും പുറത്ത് ചാടിയപ്പോൾ കണ്ടത് മറ്റൊരു ദയനീയ കാഴ്ച്ചയാണ്. ഒരു കൽ‌മണ്ഡപത്തോട് ചേർന്ന തറയിൽക്കിടന്ന് ദീനമായി കരയുന്നു അമ്പതിന് മുകളില്‍ പ്രായമുള്ള ഒരു സ്ത്രീ. കുറച്ച്‌കൂടി ചെറുപ്പമായൊരുത്തി സമീപമിരുന്ന് വീശിക്കൊടുക്കുന്നുണ്ട്. കാര്യമന്വേഷിച്ചപ്പോൾ നെഞ്ചുവേദനയെന്ന് മറുപടി. കൂടെയുള്ളവർ ദര്‍‌ശനത്തിനായി പോയിരിക്കുന്നു. അവർ വന്നിട്ട് ജീവനുണ്ടെങ്കിൽ ചികിത്സയേക്കുറിച്ച് ആലോചിക്കാം. മറിച്ചായാൽ മക്കൾ വഴിയാധാരമാകുമെങ്കിലും കണ്ണന്‍റെ സവിധത്തിലായതുകൊണ്ട് ആത്മാവിന് മോക്ഷമുറപ്പ്.
ഓരൊ കൊല്ലവും ഗുരുവായൂരും ശബരിമലയും വേളാങ്കണ്ണിയും പോലുള്ള തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് ഉറക്കമൊഴിച്ചുള്ള യാത്രക്കിടയിൽ റോഡുകളിൽ പൊലിയുന്ന ജീവനുകൾ എത്രയുണ്ടാകും. ശാന്തി തേടി തങ്ങളുടെ സവിധത്തിലേക്ക് ശരണം വിളിച്ചെത്തുന്ന ഭക്തരുടെ പ്രാണൻ കാക്കാനുള്ള സാമാന്യ മര്യാദ പോലും ഈ ദൈവങ്ങൾ കാണിക്കാത്തതെന്ത്!
(തുടരും)
ഈ പോസ്റ്റിന്‍റെ ബാക്കി ഭാഗം ഇവിടെ വായിക്കാം
സോറി. ഒരു ചെറുകുറിപ്പിൽ അധികം ഉദ്ദേശിച്ചിരുന്നതല്ല. എഴുതിവന്നപ്പോൾ റബ്ബർ ബാൻഡ് പോലെ നീണ്ടു പോയി. ബാക്കി ഭാഗം മറ്റൊരു പോസ്റ്റാക്കിയിടാം.

Monday, 29 March 2010

നൂർ സമീറുമാർ നമുക്കായി ചെയ്യുന്നത്

വാർത്തകളിൽ അറിഞ്ഞത്..

കോട്ടയം താഴത്തങ്ങാടിയിൽ നിയന്ത്രണം വിട്ട ഒരു സ്വകാര്യ ബസ് പൊട്ടിവീണ വൈദ്യുതക്കമ്പികളുമായി മീനച്ചിലാറിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നപ്പോൾ വൈദ്യുതാഘാതം ഭയന്ന് ദൃക്സാക്ഷികൾ രക്ഷാപ്രവർത്തനത്തിനിറങ്ങാനാകാതെ പകച്ചു നിന്നു. പക്ഷെ കൺമുൻപിൽ മരണക്കയത്തിലേക്ക് മുങ്ങിത്താഴുന്ന മനുഷ്യജീവനുകളുടെ പിടച്ചിലിന് മുൻപിൽ നിസ്സംഗനാകാൻ സാധിച്ചില്ല കുമ്മനം വാലാവില് സതീഷ് എന്ന നാൽപ്പത്തിരണ്ടുകാരന്. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനായി ആദ്യം പുഴയിലേക്ക് ചാടിയ ധീരൻമാരിൽ ഒരാളായി സതീഷ്. പിന്നീട് പല തവണയായി നാലോ അഞ്ചോ വിദ്യാർത്ഥികളെ സതീഷ് രക്ഷപെടുത്തി കരക്കെത്തിച്ചെന്ന് ദൃക്സാക്ഷികൾ. ഇതിനിടെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹം തിരികെ വീട്ടിലെത്തി ഭാര്യ മിനിയേയും കൂട്ടി കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ചികിത്സ നേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹജീവികളുടെ പ്രാണനുവേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായി ആ മനുഷ്യസ്നേഹി.
താഴത്തങ്ങാടിയിൽ ധീരതയുടെയും മനസ്സാന്നിദ്ധ്യത്തിന്രെയും സഹാനുഭൂതിയുടെയും ഉദാത്ത മാതൃകകളായ എത്രയോ പേർ ഇനിയുമുണ്ട്. കടത്തുകാരൻ ആലുംമൂട് അറുപുഴചിറയില് കബീർ, ദുരന്തത്തിൽ അകപ്പെടുകയും സഹയാത്രികരായിരുന്ന കൂട്ടുകാരികളെ രക്ഷപെടുത്തുകയും ചെയ്ത സൂര്യ, കുമ്മനം തെങ്ങുംപറമ്പില് എം.കെ.ഷിയാദ്, ദുരന്ത ഭൂമികളിൽ പതിവായി സൌജന്യ സേവനം നടത്തുന്ന ഇന്റർഡൈവ് എന്ന മുങ്ങൽവിദഗ്ധരായ യുവാക്കളുടെ സംഘം..

ഇനി നമുക്ക് ഹൈറേഞ്ചിലേക്ക് പോകാം. പൂർണ്ണ ഗർഭിണിയായ ഒരു ആദിവാസി സ്ത്രീ ചികിത്സ നിഷേധിക്കപ്പെട്ട് പ്രസവവേദയോടെ 240 കിലോമീറ്റർ ബസിലും ഓട്ടോറിക്ഷയിലുമായി യാത്ര ചെയ്യുകയും ഒടുവിൽ നാൽപ്പത് മണിക്കൂർ നീണ്ട അലച്ചിലിനൊടുവിൽ കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയായി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയതത് വാർത്തയായിരുന്നു. ( ഈ വിഷയത്തിൽ ചിത്രകാരന്റെ പോസ്റ്റ് ) സ്റ്റെതസ്ക്കോപ്പിനു പകരം കാലപാശം കഴുത്തിലണിഞ്ഞ, കൃത്യവിലോപത്തിൽ മാത്രം ഡോക്ടർ പട്ടത്തിന് അർഹരായ വെള്ളക്കോട്ടണിഞ്ഞ നരാധമന്മാരേക്കുറിച്ച് ഇവിടെയൊന്നും പറയുന്നില്ല. കാരണം ഈ പോസ്റ്റ് മനസ്സാക്ഷി ജീർണ്ണിച്ച ഇത്തരം അഹങ്കാരിപ്പരിഷകളുടെ ദുർഗന്ധത്താൽ മലിനമാക്കാനുള്ളതല്ല. സഹായം നൽകാൻ ബാദ്ധ്യസ്തരായ സർക്കാർ സംവിധാനങ്ങൾ കൈവിട്ടിടത്ത് നിരാലംബരായ ആ കുടുംബത്തിന് ആശ്രയമായത് അനീഷ് എന്ന സാധാരണക്കാരനായ ഒരു ഓട്ടോ തൊഴിലാളിയാണ്. കാട്ടാനശല്യത്താൽ വലിയ വാഹനങ്ങൾ പോലും റോഡിലിറങ്ങാൻ മടിക്കുന്നിടത്താണ് രാത്രി 12 മണിക്ക് ഹൈറേഞ്ചിലെ പൈനാവിൽ നിന്നും കാനനപാതയിലൂടെ തൊടുപുഴയിലേക്കും പിന്നീട് വെളുപ്പിന് രണ്ടരക്ക് 25 കി. മി. അകലെയുള്ള മുവാറ്റുപുഴയിലേക്കും വീണ്ടും 55 കി മി. ദൂരെയുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്കും ഈ യുവാവ് തന്റെ സ്നേഹരഥം തെളിച്ചത്. നിർദ്ധനരും നിരാശ്രയരുമായ ഒരു ആദിവാസി കുടുംബത്തെ പിൻസീറ്റിലിരുത്തി 136 കി. മി തന്റെ കുടുകുടുവണ്ടിയോടിക്കാൻ അനീഷിന് ഇന്ധനമായത് മരവിപ്പ് ബാധിക്കാത്ത മനസ്സാക്ഷി ഒന്നുമാത്രം.

തൊടുപുഴയിലേക്ക് ഒരിക്കൽക്കൂടി തിരികെ പോകാം. തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായി വേഷം മാറിയ പിശാചിന്റെ വികൃതിയിൽ ദൈവത്തിന്റെ മാനം കപ്പൽ കയറാതെ കഷ്ടിച്ച് രക്ഷപെടുത്തിയെടുത്തതിന്റെ തൊട്ടുപിറ്റേന്ന് ശനിയാഴ്ച. നഗരത്തിൽ ട്രാഫിക്ക് ഡ്യൂട്ടിയിലായിരുന്ന നൂർ സമീർ എന്ന ട്രാഫിക് കോൺസ്റ്റബിൾ തൊടുപുഴയാറിന് കുറുകെയുള്ള പാലത്തിലെ ജനക്കൂട്ടത്തിന്റെ കാരണമന്വേഷിച്ചെത്തിയപ്പോൾ കണ്ടത് താഴെ പുഴയിലൂടെ ഒഴുകിപ്പോകുന്ന ഒരു പുരുഷനെയാണ്. കൈയ്യിലുണ്ടായിരുന്ന വാക്കി ടോക്കിയും ഷൂസും തൊപ്പിയും ഊരിവെച്ച് പുഴയിലേക്ക് എടുത്തുചാടാൻ നൂർ സമീർ എന്ന ചെറുപ്പക്കാരന് രണ്ടാമതൊന്ന് അലോചിക്കേണ്ടി വന്നില്ല. മുകളിലെ കടവിൽ കുളിക്കാനിറങ്ങി അപകടത്തിൽ‌പ്പെട്ട മാനത്തൂർ പുത്തൻപുരക്കൽ ജോസിന്റെ പിന്നാലെ നീന്തിയെത്തിയ നൂർ സമീർ അദ്ദേഹത്തെ കരക്കടുപ്പിച്ചു. ജോസ് ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നു.(( ഈ വിഷയത്തിൽ മരമാക്രിയുടെ പോസ്റ്റ് )


ഈ മനുഷ്യർ നമുക്കായി ചെയ്യുന്നതെന്താണ്? കാര്യക്ഷമമായ പൊതുസംവിധാനങ്ങളുടെ അപര്യാപ്തതയാൽ ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങൾ, ദിശാബോധം നഷ്ടപ്പെട്ട പ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയും അസംബന്ധ വാചാടോപങ്ങൾ, രക്തരൂക്ഷിതമായ ഗുണ്ടാവിളയാട്ടങ്ങൾ, വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്ന മത സമുദായ വാറോലകൾ എന്നിങ്ങനെ പ്രതിലോമകരമായ വാർത്തകൾ പേജുകൾ നിറക്കുമ്പോൾ ഈ മനുഷ്യസ്നേഹികൾ സൃഷ്ടിക്കുന്ന ബോക്സ് ന്യൂസുകൾ സമൂഹമനസാക്ഷിക്കുള്ള മൃതസഞ്ജീവനികളാകുന്നുണ്ട്. സ്വന്തം ജീവൻ പണയപ്പെടുത്തി ദുരന്തമുഖങ്ങളിലേക്ക് എടുത്ത് ചാടുന്നവർക്ക് പ്രചോദനമാകുന്നത് കറ കളഞ്ഞ മനുഷ്യത്വം ഒന്നു മാത്രം. അത് ചെയ്യാതിരിക്കാൻ അവർക്കാവില്ല തന്നെ. അത്ര മോശം സമൂഹത്തിലൊന്നുമല്ല നമ്മൾ ജീവിച്ചിരിക്കുന്നതെന്ന ബോധമുണർത്തിയതിന്, നന്മയുടെയും നിസ്വാർത്ഥതയുടെയും ഇത്തിരിവെട്ടം പുതുതലമുറക്കായി തെളിച്ചു വെച്ചതിന് നിങ്ങൾക്ക് പ്രണാമം. നരബലിയിൽ സം‌പ്രീതരാകുന്ന ദൈവങ്ങളുടെയും മനുഷ്യന്റെ കുടൽ‌മാല ഹാരമാക്കുന്ന അവതാരങ്ങളുടെയും കെട്ടുകഥകൾക്കു പകരം ഊഷ്മളമായ മാനവസ്നേഹത്തിന്റെ ഈ നിർമ്മല ഗാഥകൾ നമ്മുടെ കുഞ്ഞുങ്ങൾക്കായി കാത്തുവെക്കാം. അവർ ഭയമകന്നുറങ്ങട്ടെ.