അണ്ട്രാവിയിട്ട വാര്‍ത്തകള്‍
ടെയ്‌ലറിങ്ങും പറ്റുമെങ്കില്‍ ഫാഷന്‍ ഡിസൈനിങ്ങും കൂടി ജേര്‍ണലിസം കോഴ്സിന്‍റെ ഭാഗമാക്കണമെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം. കാരണം ചില പത്രങ്ങളിലെ വാര്‍ത്തകള്‍ പലതുമിപ്പോള്‍ നിക്കറിട്ടാണ് വെളിച്ചം കാണുന്നത്. അബ്ദുള്‍ റൗഫ് എന്നൊരു പാവം വ്യവസായിയെ ഇക്കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്ക് വേണ്ടി അനുവദിക്കുന്ന ഭൂമിയില്‍ കുറച്ച് (1000 ഏക്കറോ മറ്റോ, ചുമ്മാ) അടിച്ചുമാറ്റിയത്രെ സാധു. സ്വന്തമായി ഭൂമിയില്ല, പട്ടിണിയാണ്, കിട്ടുന്ന ഭൂമില്‍ വല്ല ചേനയോ ചേമ്പോ നട്ടുണ്ടാക്കി വേവിച്ച് കൊടുത്തിട്ടുവേണം പൈതങ്ങള്‍ക്ക് വിശപ്പകറ്റാന്‍ എന്നൊക്കെ കരഞ്ഞു പറഞ്ഞ് നിക്കറിന്‍റെ കീശയും കാലിയായ പേര്‍സുമൊക്കെ കാണിച്ച്‌കൊടുത്തിട്ടും കേരളാവില്‍നിന്നുള്ള സര്‍ട്ടീറ്റ് തന്നെ വേണം എന്ന് വാശിപിടിച്ച മറാത്തികളാണ് തെറ്റുകാര്‍. കൃത്യാന്തരബാഹുല്യത്താല്‍ നട്ടം തിരിയുന്ന കേരളത്തിലെ ഉഗ്യോഗസ്ഥരെ ഇത്തരം ചീള് ചേന ചേമ്പ് സര്‍ട്ടീറ്റുകള്‍ക്കായി ശല്യം ചെയ്യുന്നത് നാടിന്‍റെ വികസനത്തേത്തന്നെ പിന്നോട്ടടിക്കും. അതുകൊണ്ട് നാടിന്‍റെ നന്മയെ കരുതി (അതുകൊണ്ട് മാത്രം) ആവശ്യമുള്ള കടലാസൊക്കെ എഴുതിയുണ്ടാക്കി ശ്ശടേന്ന് ഒരു സീലും തഹസില്‍ദാരുടെ ഒപ്പും സ്വയമങ്ങ് ചാര്‍ത്തി മറാത്തിക്ക് പണ്ടാറടങ്ങി. ഇതൊരു തെറ്റാണോ? ആണെന്നാണ് ഇപ്പോള്‍ പോലീസുകാര് പറയുന്നത്. എന്തായാലും വ്യാജരേഖാക്കേസില്‍ അവര് പൊക്കിയ റൗഫണ്ണനെ പിറ്റേന്ന് കോടതി പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡും ചെയ്തു.
വിഷയമതല്ല. ഈ പാവം വ്യവസായിയുടെ പേര് പത്രത്താളുകളില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ജനാബ് കുഞ്ഞാലിക്കുട്ടി സാഹിബും മാദകത്തിടമ്പ് റജീനാരാജകുമാരിയും തമ്മിലുള്ള XXX പ്രണയകാവ്യം ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരുന്ന കാലം. സാഹിബിന്‍റെ ഭാര്യാസഹോദരീഭര്‍ത്താവായ അദ്ബുള്‍ റൗഫ് സാക്ഷികളെ കൂറ് മാറ്റാന്‍ നടത്തിയ ഇടപെടലുകള്‍ മുതല്‍ കേസ് നടത്തിപ്പിന്‍റെ ചുക്കാന്‍ പിടിക്കുന്നതടക്കമുള്ള പഴയ വാര്‍ത്തകള്‍ വെബ്ബിലൊന്ന് തിരഞ്ഞാല്‍ ഗൂഗിളമ്മച്ചി കാണിച്ച് തരും. ഇദ്ദേഹവും സാഹിബുമായുള്ള കൂട്ടുകച്ചവടങ്ങളേക്കുറിച്ചുള്ള ഗോസിപ്പുകള്‍ കോഴിക്കോട്ടുകാര്‍ക്കെങ്കിലും പുതുമയല്ല. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണെന്ന കാര്യം കേരളത്തിലെ മിക്കവാറും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ നമ്മുടെ മാതൃഭൂമി മനോരമ പത്രങ്ങള്‍ മാത്രം ഇക്കാര്യമറിഞ്ഞില്ല. അറസ്റ്റ് നടന്ന വിവരം മറ്റെല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ മനോരമ പൂര്‍ണ്ണമായും വാര്‍ത്ത ഒഴിവാക്കി.(എവിടെയെങ്കിലും പ്രാദേശിക കോളത്തില്‍ വന്നിട്ടുണ്ടോ എന്നറിയില്ല). മാതൃഭൂമിയിലാകട്ടെ ഏതോ ഒരു റൗഫ് അറസ്റ്റില്‍ എന്ന മട്ടിലൊരു വാര്‍ത്ത കൊടുത്തു. ഇന്ന് രണ്ടാം ദിനം മറ്റ് പത്രങ്ങള്‍ക്കൊപ്പം തുടര്‍വാര്‍ത്ത കൊടുത്തപ്പോഴും കുഞ്ഞാലിക്കുട്ടിയുമായുള്ള റൗഫിന്‍റെ ബന്ധുത്വം മനോരമയും മാതൃഭൂമിയും അറിഞ്ഞിട്ടില്ല. ഇതാണത്രെ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ ഉദാത്ത മാതൃകകള്‍. റൗഫിന്‍റെ സ്ഥാനത്ത് സി പി എമ്മിലെ ഏതെങ്കിലുമൊരു ചോട്ടാ നേതാവിന്‍റെ മുള്ളിത്തെറിച്ച ബന്ധമെങ്കിലുമുള്ള ഒരുവനായിരുന്നു എങ്കില്‍ കാണേണ്ടിയിരുന്നു പുകില്‍. അവന്‍റെ മൂലവും പൂരാടവുമടക്കം ചൊറിഞ്ഞ് പുറത്തിട്ട് ആഘോഷമാക്കിയിട്ടുണ്ടാകും വീരവാനരന്മാരും മനോരമയും ഒപ്പം ചാനലുകളും.
മൂടുതാങ്ങുന്നത് ഒരു കലയാണ്. താങ്ങുന്ന മൂടുകളുടെ ജീര്‍ണ്ണിച്ച നഗ്നതയില്‍ മണ്ണും പുല്ലും തടഞ്ഞ് അലോസരമുണ്ടാകാതെ അണ്ട്രാവിയണിയിച്ച് സംരക്ഷിക്കേണ്ടത് നല്ല മൂടുതാങ്ങികളുടെ ബാദ്ധ്യതയത്രെ.