Sunday 16 May 2010

നടത്തറ ശാന്തേച്ചീടെ അക്ഷയത്രികോണം

(അക്ഷയത്രിതീയ എന്ന ഉഡായിപ്പ് ഉത്സവം ആഘോഷിക്കാന്‍ കൂടുതല്‍ സഭ്യമായ മറ്റൊരു വഴി തെളിയാത്തതുകൊണ്ട്, മുമ്പൊരിക്കല്‍ ഫോട്ടോബ്ലൊഗില്‍ പോസ്റ്റ് ചെയ്തിരുന്ന 'ഗഥ' ചില ചില്ലറ മിനുക്ക് പണികളോട ഇവിടെയിടുന്നു)

നടത്തറ ശാന്തേച്ചിക്കാണ് നന്ദി പറയേണ്ടത്. ഇപ്പഴിപ്പം ജീവിക്കണേന് ഒരു രസമൊക്കെ തോന്നിത്തൊടങ്ങീട്ടൊണ്ട്. എന്നാ ഒടുക്കത്തെ കഷ്ടപ്പാടാരുന്നു അന്നൊക്കെ! വല്ല പട്ടിയോ പൂച്ചയോ ആയി ജനിച്ചാ മതിയാരുന്നൂന്ന് ശരിക്കും തോന്നീട്ടൊണ്ട്. കുഞ്ഞുന്നാളില് തിന്നാനും ഉടുക്കാനുമില്ലാത്തേന്‍റെ കഷ്ടപ്പാട്. കള്ളും കുടിച്ച് മുടിപ്പിച്ചു നടക്കണ തന്തേടെ തൊഴി വേറെ. കൊറച്ച് തൊലിവെളുപ്പ് ഒണ്ടായിപ്പോയതോണ്ട് അരേം മൊലേം ഒറച്ചപ്പമൊതല്‍ നാട്ടില്‍ ആണായിപ്പിറന്ന സകല തേണ്ടികളുടേം പരാക്രമം സഹിച്ചു. ഒടുക്കം തമ്മീ ഭേദമെന്നു തോന്നിയ ഒരുത്തന്‍ വെളുക്കെ ചിരിച്ചു കാണിച്ചപ്പം കൂടെയെറങ്ങി. ഒരുമിച്ചു പൊറുതി തൊടങ്ങീപ്പഴാ മനസ്സിലായത് കെട്ടിയോനു പണി കൂട്ടിക്കൊടുപ്പാണെന്ന്. സ്വന്തം തള്ളേ വരെ കൂട്ടിക്കൊടുക്കണ പട്ടീടെ മോന്‍. പിന്നൊരു മൂന്നാലു കൊല്ലം ജീവിച്ച പാട്.. ദെവസോം മൂന്നും നാലും പേരുടെ കൂടെ.. കാശു മുഴുവന്‍ കെട്ടിയോന്‍ കഴുവേറീടെ മോന്‍ വാങ്ങിച്ചെടുക്കും. ആരുടേന്നറിയാതെ മൂന്നു പിള്ളേരുംകൂടി ആയപ്പം ഈ പോക്ക് ശരിയാവില്ലെന്നു തോന്നി. അങ്ങനെ കെട്ടിയോനെ ചവുട്ടിപ്പുറത്താക്കി കച്ചോടമൊക്കെ നേരിട്ടാക്കി. അതീപ്പിന്നെയാണ് പിള്ളേര്‍ക്ക് വയറുനിറച്ച് തിന്നാന്‍ കൊടുക്കാന്‍ തൊടങ്ങിയത്. എന്നാലും സ്ഥലപ്പേരു ചേര്‍ത്ത് "പ്ലാമൂട് കോമളം"ന്ന് ആള്‍ക്കാരു പറേണ കേക്കുമ്പം സങ്കടം വരും.രാത്രി തലേ മുണ്ടിട്ട് കാര്യം നടത്താന്‍ വരണവനും പകല്‍‌വെളിച്ചത്തീ കണ്ടാ പരമപുച്ഛമാ. നാട്ടിലെ ശീലാവതിമാരുടെ കാര്യമാണേലോ.. ചെകുത്താന്‍ കുരിശു കണ്ടപോലെയാ കോമളത്തിനെ കണ്ടാല്‍. പിന്നെ കാശാണെങ്കില്‍ പത്തും ഇരുപതുമായിട്ട് ചെലവുകാശ് കിട്ടൂന്നല്ലാതെ ഒന്നും മിച്ചം പിടിക്കാന്‍ പറ്റാറില്ല. പൊരയൊന്നു കെട്ടിമേയണോങ്കി ചക്രശ്വാസം വലിക്കണം. അന്നും നടത്തറ ശാന്തേച്ചി മാത്രമാണ് സങ്കടം പറയാനുണ്ടായിരുന്നത്. ശാന്തേച്ചി എന്നേക്കാളൊക്കെ വളരെ പണ്ടേ പണി തൊടങ്ങിയതാ. മിടുക്കും ശുഷ്ക്കാന്തീം ഒള്ളതോണ്ട് ഇപ്പഴും പിടിച്ചു നിക്കണു. എത്ര തെരക്ക് പണിക്കെടേലും പത്രം വായിക്കും ശാന്തേച്ചി. നമ്മടെ പ്രസിടണ്ട് പണിക്കരുചേട്ടന് ശാന്തേച്ചീടങ്ങ് പറ്റുപടിയൊണ്ട്. ചേച്ചിക്കു വയ്യാത്തപ്പം എന്‍റടുത്തും വരാറുണ്ടെങ്കിലും ശാന്തേച്ചിയെ പിടിച്ചപിടിയാണ് പണിക്കരുചേട്ടന്. നാട്ടില് പ്രശ്നംവെയ്പ്പ്, മഷി നോട്ടം, കൂടോത്രം പോലുള്ള പണികള്‍ക്ക് പണിക്കരുചേട്ടനേക്കഴിഞ്ഞേ വേറെ ആളുള്ളൂ എന്നറിയാല്ലോ. ശാന്തേച്ചിയെ കണികണ്ടിറങ്ങി പത്രിക കൊടുത്ത് മെമ്പറായി ജയിച്ചേപ്പിന്നെയാണ് ചേട്ടന് ശാന്തേച്ചീനെ ഇത്രക്കങ്ങ് പിടുത്തമായത്. അങ്ങനെ സന്തോഷമായിട്ടിരിക്കണ ഏതോ നേരത്താണ് പണിക്കരുചേട്ടനോട് ചേച്ചി ചോദിച്ചത് ഞങ്ങളെ കണി കണ്ടാല്‍ ഇത്ര വിശേഷമാണെങ്കി ഞങ്ങക്കുകൂടി ഗുണമൊണ്ടാകണപോലെ എന്തേലുമൊരു സ്ഥിരം ഏര്‍പ്പാട് ചെയ്തുതരാമ്മേലേന്ന്. അങ്ങനെ ചേച്ചി നിര്‍ബന്ധം പിടിച്ചപ്പഴാണ് പണിക്കരുചേട്ടന്‍ ഈ പുത്തി പറഞ്ഞത്. ഞങ്ങളേപ്പോലുള്ള പെണ്ണുങ്ങള്‍ക്ക് ദക്ഷിണതന്ന് കണികാണുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ ഐശ്വര്യം ഒറപ്പാക്കാനൊരു ദിവസം ഒപ്പിച്ചെടുക്കുക. ഏതോ പൊസ്തകം നോക്കി സംസ്കൃതത്തില്‍ ചെല പാട്ടൊക്കെ പാടി കുറച്ച് ഞായങ്ങളും പറഞ്ഞു ചേട്ടന്‍. മശക്കണി കാണണ ദിവസത്തിന് പേരിട്ടതും ചേട്ടന്‍ തന്നെയാണ്. "അക്ഷയ ത്രികോണം". എനിക്കാദ്യം കേട്ടപ്പൊ നാണം വന്നു. ശാന്തേച്ചിയാ പറഞ്ഞുതന്നത് എളുപ്പം കാശുണ്ടാക്കണോങ്കി നാണം എന്നൊന്ന് ഒണ്ടാകാമ്പാടില്ലാന്ന്. കുനിഞ്ഞുനിന്ന് കാലിന്‍റെ എടേക്കൂടെ മേലോട്ട് നോക്കുമ്പം ചന്ദ്രനെ വെള്ളയായി കാണണ ദെവസമാണെന്നു പറഞ്ഞ് ഒരു നാളും കുറിച്ചു തന്നു ചേട്ടന്‍. അതു പിന്നെ എല്ലാ ദിവസോം ചന്ദ്രനെ വെളുത്തു തന്നല്ലേ കാണണേന്ന് ഞാനൊരു ദെവസം ചേട്ടനോട് ചോദിച്ചതാ. ചെയ്തോണ്ടിരുന്ന പണി നിര്‍ത്താണ്ട്തന്നെ ചേട്ടനെന്നെ നോക്കി കണ്ണുരുട്ടി. അങ്ങനെ ചോദിക്കുവോ സംശയിക്കുവോ ചെയ്താ പാപം കിട്ടും, നരകത്തീ പോകൂന്നൊരു പറച്ചിലും. സത്യം പറയാല്ലോ ഇത് ഞങ്ങളൊക്കെ ചേര്‍ന്നു തട്ടിക്കൂട്ടിയ ഉഡായിപ്പാണേലും പാപം നരകംന്നൊക്കെ കേട്ടപ്പൊ ഞാനുമൊന്ന് പേടിച്ചു. ഇനീപ്പം മതം ആചാരം‌ന്നൊക്കെ പറഞ്ഞ് വല്ലോരും കൊടിപിടിക്കാന്‍ വരുവോന്ന് ചേച്ചി പേടിച്ചതാ. പണിക്കരുചേട്ടനതപ്പഴേ ചിരിച്ചുതള്ളി. മുപ്പത്തിമുക്കോടി ദൈവങ്ങളേം മൊത്തമായോ ചില്ലറയായോ വിറ്റ് കാശാക്കാമെന്നൊള്ളതാ നമ്മടെ മതത്തിന്‍റെ ഒരു കൊണമെന്നാ ചേട്ടന്‍ പറയണത്. തീട്ടം പൊതിഞ്ഞ് കൊടുത്താലും എല്ലാം ശാസ്ത്രമാന്ന് പറഞ്ഞാ ആള്‍ക്കാര് വാങ്ങി വിഴുങ്ങിക്കോളും. ഒടുക്കം ഇങ്ങനെയൊരു ഏര്‍പ്പാടുണ്ടെന്ന് കരക്കാരെ അറിയിക്കണ കാര്യം ഞങ്ങള് വിചാരിച്ചേലുമൊക്കെ എളുപ്പം നടന്നു. ചേട്ടന്‍ മുട്ടിച്ചുതന്ന കൊറേ പത്രക്കാരേം ചാനലുകാരേമൊക്കെ ഞങ്ങള് നാലഞ്ച് പെണ്ണുങ്ങള് ശരിക്കങ്ങ് സല്‍ക്കരിച്ചു. ഇതു വല്ലോം ഞങ്ങക്കറിയാന്‍ മേലാത്ത പണിയാണോ. മൂവായിരം കൊല്ലം മുമ്പേ ഒള്ള ശാസ്ത്രപ്രകാരമൊള്ള ആചാരമാണെന്നാ പറഞ്ഞു പരത്തിയത്. അങ്ങനെ ആദ്യത്തെ "അക്ഷയ ത്രികോണം" വന്നപ്പൊ ടെന്‍ഷനാരുന്നു. രാവിലെ ഒറ്റക്കൊറ്റക്ക് ചെലരൊക്കെ വന്നു തൊടങ്ങി. വന്നവരൊക്കെ അമ്പതും നൂറുമൊക്കെ തന്നാണ് കണികണ്ടു പോയത്. അണിഞ്ഞൊരുങ്ങി കണി കാണിച്ചു നിന്നുകോടുക്കാന്‍ ഒരു ചളിപ്പുണ്ടായിരുന്നു. കാശുമായി ക്യൂ നില്‍ക്കണവനില്ലാത്ത ഉളുപ്പ് എനിക്കെന്തിനാന്ന് പിന്നെ വിചാരിച്ചു. ഉച്ചകഴിഞ്ഞപ്പഴേക്കും ഒരുവിധം തെരക്കായി. സന്ധ്യ കഴിഞ്ഞപ്പം ക്യൂ നില്‍ക്കാനാളായി. എന്തിനു പറയണു ആദ്യത്തെ അക്ഷയ ത്രികോണം കൊണ്ടുതന്നെ വീടിന്റെ ചായ്പ് ഞാന്‍ ഓടിട്ടു. ഇതിപ്പൊ അഞ്ചാമത്തെ കൊല്ലമാ. ഇപ്പഴിപ്പം തലേന്നേ തെരക്കു തൊടങ്ങും. സഹായിക്കാന്‍ അയലത്തൂന്നൊക്കെ കുറിയിട്ട് കാവിയുടുത്ത് പിള്ളാരു വരും. കിട്ടണ കാശെണ്ണിത്തീര്‍ക്കാന്‍ തന്നെവേണം ഒരു ദിവസം. നാട്ടുകാരൊന്നും ഇപ്പൊ പഴേപോലല്ല. ഭയങ്കര ബഹുമാനമാ. സ്ഥലപ്പേരു ചേര്‍ത്ത് അറിയണതുതന്നെ ഒരു ഗമയാ. പട്ടിണി കെടന്ന കാലത്ത് ഞാനും വിചാരിച്ചിട്ടൊണ്ട് ദൈവമൊന്നുമില്ലാന്ന്. ഇപ്പൊ എനിക്കു മനസ്സിലായി, ദൈവമൊണ്ട്. ഞങ്ങടെ വിളി കേട്ട ദൈവം അറിഞ്ഞുതന്ന സമ്മാനമാ ഈ അക്ഷയ ത്രികോണം. എന്നാലും നന്ദി പറയണ്ടത് നടത്തറ ശാന്തേച്ചിയോടാ. ശാന്തേച്ചിയില്ലായിരുന്നെങ്കില്‍..
താങ്ക്യൂ നടത്തറ ശാന്തേച്ചീ.. താങ്ക്യൂ.

സമര്‍പ്പണം: ത്രികോണശാസ്ത്രത്തിന്‍റെ വക്താക്കളായ കോവാലകൃഷ്ണന്മാര്‍ക്ക്.

Tuesday 11 May 2010

അമ്മൂമ്മ മാഹാത്മ്യം ഗുരുവായൂര്‍ ഖണ്ഡം

ഈ പോസ്റ്റിന്‍റെ ആദ്യ ഭാഗം ഇവിടെ വായിക്കാം. 'തുടരന്‍' ഒരു ബോറന്‍ തന്നെ. ഇതൊരു ശീലമാക്കില്ല എന്ന് ഏത്തമിട്ട് ഉറപ്പ് തരുന്നു.

നത്തോലി ഫ്രൈ ടച്ചിങ്സായി കിട്ടിയത്ര സന്തോഷത്തോടെ വല്യളിയന്‍ ചോറൂണിനുള്ള ടോക്കണുമായെത്തി. ഇനിയും നമ്മുടെ ഊഴം വരെ കാക്കണം. ഇതിനിടെ സുനിതേച്ചി പലവട്ടം പുറത്തുപ്പോയി തിരിച്ചെത്തി. (പോലീസുകാര്‍ക്കിപ്പോള്‍ ഞങ്ങടെ ടീമിനെ വല്യ റസ്പക്ടാണ്) ബാലേട്ടന്‍ ഇപ്പോഴും അമ്മയെ തേടി എന്ന തിരക്കഥയുടെ പണിപ്പുരയില്‍ തന്നെ. ഇത്രയുമായപ്പോഴേക്കും ഒന്നുറപ്പിച്ചു. അമ്മൂമ്മ ക്ഷേത്രത്തിനുള്ളില്‍ കടന്നിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളില്‍ ആരെങ്കിലുമൊരാള്‍ സ്ഥിരമായി പുറത്തേക്കുള്ള കവാടത്തിനരുകില്‍ അമ്മൂമ്മക്കുള്ള വാറണ്ടുമായി നില്‍‌പ്പുറപ്പിച്ചു. സെറ്റുടുത്ത് മലയാളി മങ്കമാരായി ഒരുങ്ങിവന്ന സ്ത്രീജനങ്ങളും കുട്ടികളും ഇതിനോടകം പിച്ചക്കാര്‍ തോല്‍ക്കുന്ന വേഷത്തിലായിട്ടുണ്ട്. കുഞ്ഞ്‌വാവമാര്‍ കരഞ്ഞ് തളര്‍ന്നുറങ്ങുന്നു.

കാത്തിരിപ്പിനിടയില്‍ വീണ്ടും ‘വഴി വഴി‘ എന്ന ആക്രോശം. തന്ത്രിമാരുടെ മറ്റൊരു സം‌ഘം. മുതിര്‍ന്ന കുട്ടികളെ ഈ യാത്രയില്‍ കൂട്ടേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. ഇപ്പോള്‍ കണ്ട ഏര്‍പ്പാട് പണ്ട് തെരുവില്‍ ചെയ്തിരുന്നതിനല്ലേ വിവേകാനന്ദസ്വാമികള്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതെന്ന് കുട്ടികളാരെങ്കിലും ചോദിക്കുമോ എന്ന് ഞാന്‍ ഭയന്നു. ചരിത്രപാഠപുസ്തകത്തിന്റെ പിഞ്ഞിത്തുടങ്ങിയ ഏടുകളില്‍ കണ്ടുമറന്ന പ്രാകൃത ആചാരങ്ങള്‍ പലതും ഇന്നും ചില തമോഗര്‍ത്തങ്ങളില്‍ നിലനില്‍ക്കുന്നു എന്നവര്‍ തിരിച്ചറിയുന്നുണ്ടാകണം.

കല്യാണം പോലുള്ള ശുഭകാര്യങ്ങള്‍ ഗുരുവായൂരില്‍ നടത്തുന്നത് ലളിതമായി പറഞ്ഞാല്‍ സ്വയം പീഡനവും പരപീഡനവുമാണ്. പറഞ്ഞറിയിക്കാനാകാത്തതാണ് തിരക്കുള്ള ദിനങ്ങളില്‍ വിവാഹാര്‍ത്ഥികള്‍ ഇവിടെയനുഭവിക്കുന്ന യാതന. ജീവിതത്തിലെ ഏറ്റവും മെമ്മറബിള്‍ ആയ ചടങ്ങുകളിലൊന്നാണിത് എന്നുകൂടി ഓര്‍ക്കണം. ഇന്ന് റിലീസായ അണ്ണന്റെ സിനിമക്ക് ചെന്നൈ സത്യം തിയറ്ററിനു മുന്‍പിലെ തിരക്കാണ് മണ്ഡപങ്ങള്‍ക്ക് ചുറ്റും. ചറപറാ വിവാഹങ്ങള്‍ നടന്നുകൊണ്ടിരിക്കും. ചെറുക്കനും പെണ്ണും മാറിപ്പോകുന്ന സിനിമാക്കഥയില്‍ ഒട്ടും അതിശയോക്തിയില്ല എന്ന് ഇവിടുത്തെ കോലാഹലം നേരിട്ട് കണ്ടാല്‍ മനസ്സിലാകും. നടന്നത് വിവാഹമോ റേപ്പോ എന്ന് ശങ്കിക്കും വിധമായിരിക്കും താലികെട്ട് കഴിഞ്ഞിറങ്ങുന്ന വധൂവരന്മാരുടെ അലങ്കോലമായ വേഷഭൂഷാദികളും അലങ്കാരപ്പണികളും. തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നെങ്കില്‍ അവരവരുടെ ഇഷ്ടം എന്ന് സമാധാനിക്കാം. ലോകരെ ക്ഷണിച്ച് നടത്തുന്ന ചടങ്ങുകള്‍ ഇത്തരത്തിലാകുന്നത് തികഞ്ഞ അന്യായമെന്നുതന്നെ പറയേണ്ടിവരും.
ഭഗവാന്‍ സര്‍വ്വവ്യാപിയായിരിക്കുമ്പോള്‍ എന്തിന് ഗുരുവായൂര്‍ എന്ന് ഭക്തര്‍ ചിന്തിക്കാത്തതെന്ത്? അറബിനാട്ടിലെ ഇസ്ലാം മണ്ണല്‍നിന്നും ശീമയിലെ നസ്രാണിയുടെ കമ്പനി കുഴിച്ചെടുത്ത പെട്രോള്‍ ജപ്പാനിലെ ബുദ്ധന്മാര്‍ നിര്‍മ്മിച്ച വാഹനത്തിലൂറ്റി വേണോ ഹിന്ദുദൈവങ്ങളിലെ സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ ഭക്തര്‍ കാസറഗോഡ് നിന്നും ഗുരുവായൂരിലെത്തേണ്ടത്? ഈ നാഷണല്‍ വെയ്സ്റ്റിന് തിരിച്ചറിയപ്പെടാതെ പോകുന്നതെന്തുകൊണ്ട്? അര നൂറ്റാണ്ട് മുമ്പ് ഈ ക്ഷേത്രത്തിന്റെ സമീപത്തെ പൊതുവഴികളില്‍ പോലും പ്രവേശമില്ലാതിരുന്ന വിഭാഗങ്ങളാണ് ഇന്നിവിടെ ഈച്ചകളേപ്പോലെ ആര്‍ക്കുന്നതില്‍ ഭൂരിപക്ഷവുമെന്നത് മറ്റൊരു വിരോധാഭാസം. സ്വന്തം അയല്‍‌പക്കത്ത് ഒരു ക്ഷേത്രമില്ലാത്ത ഏത് ഹൈന്ദവനുണ്ട് കേരളത്തില്‍? വെണ്ടിങ്ങ് മെഷീനുകളില്‍ പുണ്യം വില്‍ക്കുന്ന ഗുരുവായൂരും ശബരിമലയും പോലുള്ള എസ്റ്റാബ്ലിഷ്ഡ് കേന്ദ്രങ്ങളിലെ കുതന്ത്രിമാരുടെ ദുര്‍മേദസ്സിന് സം‌ഭാവന ചെയ്യുന്ന പണം സ്വന്തം നാട്ടിലെ കുഞ്ഞ് ക്ഷേത്രത്തിലേക്ക് വഴിതിരിച്ച് വിടാനുള്ള ഔചിത്യമെങ്കിലും ഭക്തര്‍ കാണിച്ചാല്‍ അര്‍ദ്ധപ്പട്ടിണിക്കാരായ കുറേ പൂജാരികള്‍ക്കെങ്കിലും വിശപ്പടക്കാനാകും. പകരമായി, വണ്ടിയിടിച്ച് വഴിയില്‍ കിടക്കുമ്പോള്‍ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തിക്കാനുള്ള മുഖപരിചയമെങ്കിലും അവര്‍ക്കുണ്ടാകും. വര്‍ണ്ണവെറിയുടെ അണയാക്കനലുകളായ പെരിയ തന്ത്രിമാര്‍ക്ക്, മതില്‍‌ക്കെട്ടിനുള്ളിലെ ഈ ഫ്യൂഡല്‍ പ്രഭുക്കള്‍ക്ക് അങ്ങനെയൊരു സൌമനസ്യം തോന്നാനിടയില്ല.

ഗുരുവായൂരപ്പനെ കണികണ്ടുണരാം എന്ന റിയല്‍ എസ്റ്റേറ്റ് വാഗ്ദാനത്തില്‍ കുടുങ്ങി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഭക്തി വ്യവസായകേന്ദ്രത്തില്‍ സ്ഥിരതാമസമാക്കുന്നവര്‍ തെല്ലൊന്നുമല്ല ജാഗ്രത പാലിക്കേണ്ടത്. ഭാവിയില്‍ അവരുടെ മക്കള്‍ കണ്ണില്‍ ചോരയില്ലാത്ത ഒരു തട്ടിപ്പ് സംഘാം‌ഗമാകാനുള്ള സാധ്യത ഏറെയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പളനി ഒരുദാഹരണം. മഴവില്‍ക്കാവടിയിലെ നിഷ്ക്കളങ്കനായ നായകന്‍ പളനിയില്‍ കാലുകുത്തിയ ദിനം തന്നെ പോക്കറ്റടിക്കാരനായത് യാദൃശ്ചികമല്ല, മറിച്ച് സ്വാഭാവികമായ പരിണാമമാണ്. അനുഭവസ്ഥര്‍ക്കറിയാം, പളനിയില്‍ വണ്ടിയിറങ്ങുന്ന നിമിഷം തട്ടിപ്പുകാരാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന ഭക്തര്‍ ചവറും ചണ്ടിയുമായാണ് അവിടെനിന്നും തിരികെ യാത്രയാകുക. അവിടെ തൂണിലും തുരുമ്പിലുമുള്ളത് തട്ടിപ്പും പിടിച്ചുപറിയുമാണ്. നഗരഭരണത്തില്‍നിന്നും പളനിയാണ്ടവന്‍ എന്നേ പുറത്താക്കപ്പെട്ടിരിക്കുന്നു. ആ ദുര്‍ഗ്ഗതി ഗുരുവായൂരിന് സം‌ഭവിക്കാതിരിക്കട്ടെ.

കഥയിലേക്ക് തിരികെ വരാം. ചോറൂണിന് ഞങ്ങളുടെ ഊഴമെത്തി. അച്ഛന്‍റെ സ്ഥാനത്തുനിന്ന് മൂത്ത അളിയന്‍ വേണം ചടങ്ങ് നടത്താന്‍. വമ്പിച്ച തിരക്കാണ് ചോറൂണ് നടക്കുന്ന സ്ഥലത്ത്. ഒരേ സമയം ഡസനിലധികം കുട്ടികളെ നിരത്തിയിരുത്തിയാണ് പരിപാടി. ഇടിച്ച് നില്‍ക്കുന്ന രക്ഷിതാക്കളെയും ബന്ധുജനങ്ങളെയും മറികടന്ന് മുന്നിലേക്കെത്തണമെങ്കില്‍ റസ്ലിങ്ങ് പഠിക്കണം. ആദ്യശ്രമത്തില്‍ തന്നെ ഇടിയുടെ കാഠിന്യം രുചിച്ചറിഞ്ഞതോടെ ഞങ്ങളുടെ സംഘത്തിലെ പ്രായമായവരും കുട്ടികളും ആനന്ദപുളകിതരായി പിന്മാറി. അളിയനും ചോറൂണുകാരനും(അവനെ ഒഴിവാക്കാനാകില്ലല്ലോ) അവന്‍റെ അമ്മയും മാത്രം വല്ല വിധേനയും മുന്നിലെത്തി. മോശമാക്കാന്‍ പാടില്ലല്ലോ, ചോറൂണുകാരന്‍റെ ചേട്ടനുമായി ഞാനും പിന്നാലെ ഇടിച്ചുകയറി നോക്കി. കുഞ്ഞുങ്ങളോ സ്ത്രീകളോ എന്ന് പോലും നോക്കാത്ത തമിഴന്‍റെയും തെലുങ്കന്‍റെയും പരാക്രമം കട്ടിയെ ചതച്ചരക്കുമെന്നായപ്പോള്‍ ഞാനും പിന്‍‌വാങ്ങി. ഒരു ഡസനിലേറെ ആളുകള്‍ രണ്ടു ദിക്കില്‍ നിന്നും മെനക്കെട്ടിറങ്ങിയതാണ്. അതില്‍ രണ്ടുപേര്‍ക്കൊഴിച്ച് ആര്‍ക്കും ചടങ്ങ് കാണാനോ എന്തിന് വേദിയുടെ സമീപമൊന്ന് എത്താനോ പോലുമുള്ള അവസരമുണ്ടായില്ല. ഒരുകണക്കിന് ഞങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഞങ്ങളെവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അമൂമ്മയെവിടെയാണെന്ന് അമ്മൂമ്മക്കെങ്കിലും അറിയുമോ എന്ന് സം‌ശയം. പത്ത് മിനുറ്റ് കൊണ്ട് ചടങ്ങ് തീര്‍ത്ത് ആറടി രണ്ടിഞ്ചുകാരനായ അളിയന്‍റെ തോളിലേറി കരഞ്ഞുതളര്‍ന്ന കഥാനായകന്‍ തിരിച്ചെത്തി. തിരിച്ചറിവില്ലാത്ത പ്രായമായത് നന്നായി. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയേപ്പോലെ ഈ പീഡാനുഭവത്തിന്‍റെ ഓര്‍മ്മയില്‍ കുട്ടി ചോറ് കാണുമ്പോള്‍‍ അലറിവിളിക്കുന്ന അവസ്ഥയുണ്ടായേനെ.

വീണ്ടും ബാലേട്ടനെ ബന്ധപ്പെട്ട് അമ്മൂമ്മ ഇപ്പോഴും റേഞ്ചിലില്ല എന്ന് ഉറപ്പ് വരുത്തി ഞങ്ങള്‍ പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ത്തന്നെ അന്വേഷണത്തിനിറങ്ങി. അരമണിക്കൂറോളം റോന്ത് ചുറ്റിക്കഴിഞ്ഞപ്പോഴാണ് അളിയന്‍ ഒരു ചെറുചിരിയോടെ എന്‍റെ തോളില്‍തട്ടി ഒരു കാഴ്ച്ച കണിച്ചുതന്നത്. അല്പം ഉയര്‍ന്ന ഒരു തറയില്‍ ക്ഷേത്രത്തൂണില്‍ കെട്ടിപ്പിടിച്ചുനിന്ന്, മരം‌ചുറ്റിക്കളിക്കുന്ന എഴുപതുകളിലെ ഷീലയേപ്പോലെ ഒരു കാല്‍ മുന്നോട്ടും പിന്നോട്ടുമാട്ടി ജില്‍ ജില്ലെന്ന് നില്‍ക്കുന്നു അമ്മൂമ്മ ദ ഗ്രേറ്റ്! ഞങ്ങളെ കണ്ടയുടെനെ ഐസ്‌ക്രീം കണ്ട കുട്ടിയേപ്പോലെ നിഷ്ക്കളങ്കമായൊരു ചിരിയുമായി ഉര്‍‌വ്വശി സ്റ്റൈലില്‍ ഓടിവന്നു അമ്മൂമ്മ. മണിക്കൂറുകള്‍ നീണ്ട അലച്ചില്‍ കാരണം തെല്ലൊന്ന് ക്ഷീണിച്ചിട്ടുണ്ടെങ്കിലും അള്‍ ഉഷാറില്‍ തന്നെ. മൂത്രപ്പുരയില്‍‌നിന്നിറങ്ങി ബാലേട്ടനെ കാണാതയപ്പോള്‍ ക്യൂവില്‍ ഞങ്ങളെ കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നത്രെ. ക്യൂ മാറിപ്പോയതുകൊണ്ടോ എന്തോ നടന്നില്ല. (ദര്‍‌ശനത്തിനും വഴിപാടിനും രണ്ട് ക്യൂവാണ്). എല്ലായിടവും തിരഞ്ഞ് നടക്കുന്നതിനിടയില്‍ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തുവരെ പോയിനോക്കി കക്ഷി. ഒടുവില്‍ ക്യൂ നിന്ന് ക്ഷേത്രത്തിനുള്ളില്‍ കടന്നിട്ടിപ്പോള്‍ കുറേ മണിക്കൂറുകളായി. ഇതിനിടയില്‍ തന്നെ തിരഞ്ഞ് നടക്കുന്നവര്‍ക്ക് കാഴ്ച്ച എളുപ്പമാക്കാന്‍ കല്യാണമണ്ഡപങ്ങളിലൊന്നില്‍ വലിഞ്ഞ് കയറി നില്‍ക്കുകയും ചെയ്തു കുറേ സമയം.

കൊച്ചിക്കാര്‍ക്ക് സ്റ്റാമിന അല്പം കൂടുതലായതുകൊണ്ട് അവര്‍ വീണ്ടും ദര്‍ശനത്തിനായുള്ള ക്യൂവിലേക്ക് നീങ്ങാന്‍ പരിപാടിയിട്ടുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ഇരിങ്ങാലക്കുട ടീം യജ്ഞം മതിയാക്കി ക്ഷേത്രത്തില്‍‌നിന്നിറങ്ങി. രാവിലെ കണ്ട വധുക്കളിലൊരാള്‍ തന്‍റെ പുതുമണവാളനുമായി തോളുകള്‍ കൊണ്ട് പറ്റാവുന്ന നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ട് നടന്ന് നീങ്ങുന്നു. പെണ്‍കുട്ടി ഉടുത്തിരിക്കുന്ന സാരിയുടെ അവസ്ഥയും തലയിലെ മുല്ലപ്പൂ അവശിഷ്ടങ്ങളും കണ്ടപ്പോള്‍ എന്തുകൊണ്ടോ ടി ജി രവിയെ ഓര്‍മ്മ വന്നു.

കല്യാണമണ്ഡപത്തില്‍ കയറിനിന്ന അമ്മൂമ്മയുടെ തീക്കളിയേക്കുറിച്ചായിരുന്നു തിരികെയുള്ള യാത്രയിലത്രയും എന്‍റെ ചിന്ത. 'ഒരു പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെയൊക്കെ വേണ്ടിവന്നു മക്കളേ' എന്നുപറഞ്ഞ് കൈയ്യില്‍ ബൊക്കെയും കഴുത്തില്‍ മാലയും അരികിലൊരു മാരനുമായി മോണകാട്ടി നാണിച്ച് നില്‍ക്കുന്ന അമ്മൂമ്മയെ സങ്കല്പ്പത്തില്‍ കണ്ടതിന്‍റെ ഞെട്ടലില്‍ ഞാന്‍ ആക്സിലറേറ്റര്‍ ആഞ്ഞ് ചവുട്ടി.. ഗുരുവായൂരില്‍‌നിന്നും ദൂരേക്ക്..

വാല്‍‌ക്കഷ്ണം: വൈകിട്ട് ഫോണ്‍ ചെയത്പ്പോഴാണറിഞ്ഞത്. അമ്മൂമ്മ വീണ്ടുമൊരിക്കല്‍‌ക്കൂടി മിസ് ആയത്രെ. കണ്ടുപിടിക്കാന്‍ രണ്ടു മണിക്കൂറെടുത്തു പോലും. അമ്മൂമ്മ ഉണ്ണിക്കണ്ണനുമായി സാറ്റ് കളിക്കുന്നതാകണം. പാവം.

Sunday 9 May 2010

ഗുരുവായൂരിൽ മിസ് അമ്മൂമ്മ

ഒരു ഗുരുവായൂർ യാത്രയേക്കുറിച്ചാണ്. ഇവിടെ ക്ഷേത്രദർശനം ശീലമുള്ളവർ പുതുമയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ലേഖകനും ക്ഷേത്രങ്ങളും തമ്മിലുള്ള ബന്ധം കേരളാ കോണ്‍ഗ്രസ്സും ആദർശവും പോലെയേ ഉള്ളൂ എന്നതിനാൽ ഈ കുറിപ്പ് തികച്ചും വ്യക്തിപരമായ കൌതുകം എന്ന് കണ്ടാൽ മതി. ക്ഷമാശീലർക്ക് സ്വാഗതം.

മിഥുനമാസത്തിലെ അവസാന ഞായറാഴ്ച്ച. കഴിഞ്ഞ വർഷമാണ്. നിൽക്കുന്നത് ഗുരുവായൂരിലാകുമ്പോൾ ഈ ദിനത്തിനൊരു പ്രത്യേകതയുണ്ട്. വരുന്നത് കർക്കിടകം. കല്യാണങ്ങൾ‌ക്കോ മറ്റ് ശുഭകാര്യങ്ങൾ‌ക്കോ യോജിക്കാത്ത മാസം. അതുകൊണ്ടുതന്നെ ഗുരുവായൂരപ്പൻ ലോങ്ങ്‌ലീവിൽ പ്രവേശിക്കുന്നതിന് മുൻപ് ശുഭകാര്യങ്ങൾ നടത്തിയെടുക്കാനുള്ള അവസാന ചാൻസെന്ന നിലയിൽ ഭക്തജനങ്ങൾ ഇരമ്പിയെത്തുന്ന ദിനമാ‍ണിത്. ഇന്ന് ഇവിടെയാണ് ദേവൂട്ടന്റെ ചോറൂണ്. എന്റെ അളിയനും പ്രീയസുഹൃത്തുമായ അവന്റെ അച്ഛൻ അങ്ങ് ദുബായിൽ ലീവും കാൻസൽ ചെയ്ത് റിസഷനിൽ കുടുങ്ങിക്കിടക്കുന്നു. ഇവിടെ ഞങ്ങൾ അവൈലബിൾ പി ബി വേണം ചടങ്ങ് നടത്താൻ.

ഈയുള്ളവനും ഒരു വയസ്സ് തികയാത്ത മകളും എഴുപത് കഴിഞ്ഞ അമ്മായിയമ്മയും ഇന്നലത്തെ ആറ് പെഗ്ഗ്iന്‍റെ ഹാങ്ങ് ഓവറിൽ ഉണർന്ന മൂത്ത അളിയനും മറ്റ് സ്ത്രീജനങ്ങളുമൊക്കെ അടങ്ങുന്ന സം‌ഘം കൊച്ചുവെളുപ്പാൻ‌കാലത്ത് തന്നെ കുളിച്ചൊരുങ്ങി ഇരിങ്ങാലക്കുടയില്‍‌നിന്നും ഗുരുവായൂരിൽ എത്തിയിരിക്കുകയാണ്. ചോറൂണുകാരൻ കഥാനായകൻ അവന്റെ അമ്മയുടെ നാടായ എറണാകുളത്തുനിന്നും പരിവാരസമേതം പുറപ്പെട്ടിട്ടുണ്ട്. പുലർച്ചെ ആറരയായപ്പോഴേക്കും നഗരം തിരക്കിലമർന്നിരിക്കുന്നു. പെയ്ഡ് പാർക്കിങ്ങുകളൊക്കെ ഹൗസ്‌ഫുൾ. ഒടുവിൽ കുയിൽ കാക്കക്കൂട്ടിൽ മുട്ടയിടുന്നപോലെ, മുന്നിൽക്കണ്ട ഒരു വിവാഹ സം‌ഘത്തിൽ നുഴഞ്ഞ് കയറി കല്യാണ മണ്ഡപത്തിന്‍റെ പാർക്കിങ്ങിൽ വണ്ടിയുപേക്ഷിച്ച് തമിഴ്‌നാട്ടിലെ ഒരു പഞ്ചായത്തിൽ വിരിഞ്ഞ മൊത്തം മുല്ലപ്പൂവും തലയിൽ ചൂടിയ വധുവിനും സംഘത്തിനും പിന്നലെ ക്ഷേത്രത്തിലേക്ക് നടന്നു. ദര്‍ശനത്തിനുള്ള ക്യൂ ആനക്കൊണ്ട പോലെ വളഞ്ഞ് പുളഞ്ഞ് പന്തൽ നിറഞ്ഞിട്ടുണ്ട്. പറഞ്ഞ സമയം കഴിഞ്ഞിട്ടും കൊച്ചിക്കാരെ കാണാഞ്ഞ് വിളിച്ച് നോക്കിയപ്പോൾ വഴിയിൽ മറ്റേതോ അമ്പലത്തിൽ തൊഴാൻ കയറിയിരിക്കുന്നു സൈന്യം. മഗധം ലക്ഷ്യമാക്കി പട നയിച്ച അലക്സാണ്ടർ പോകുന്ന പോക്കിൽ വഴിയിൽക്കണ്ട ചെല ചീള് നാട്ടുരാജാക്കന്‍‌മാരെ ചുമ്മാ മസില് കാട്ടി വിരട്ടി സാമന്തന്മാരാക്കിയ പോലെ.

വീണുകിട്ടിയ സമയം കൊണ്ട് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ആദ്യം കണ്ട ബ്രാഹ്‌മിണ്‍സ് ഹോട്ടലിൽ ഇടിച്ചുകയറി. ( ഇന്ത്യൻ‍ സെക്യുലറിസത്തിന്‍റെ ഒരു രീതിവെച്ച്‍ സർക്കാരിന്റെ പങ്കാളിത്തത്തിൽ തിയ്യൻസ്, പുലയൻസ്, മാപ്ലാസ്.. എന്നിങ്ങനെ തീനിടങ്ങൾ ആരം‌ഭിക്കാൻ ഇടത് പാർട്ടികളെങ്കിലും മുൻകൈ എടു‍ക്കേണ്ടതാണ്) ഓരോ ഇഞ്ച് തറയും ക്ഷേത്രമുറ്റത്തെ അഴുക്കും വാഷ്‌റൂമിൽ നിന്നുള്ള വെള്ളവും ചേർന്ന മിശ്രിതത്തിൽ കുതിർന്നിരിക്കുകയാണ്. ചെരിപ്പുകൾ എല്ലാവരും ബുദ്ധിപൂർ‌വ്വം വണ്ടിയിൽ അഴിച്ച് വെച്ചതുകൊണ്ട് ആണിരോഗം പിടിപെട്ടവരേപ്പോലെ കാല്‍ തറയിൽ തൊട്ടും തൊടാതെയുമിരുന്ന് ഭക്ഷണം കഴിച്ചെന്ന് വരുത്തി. ദോഷം പറയരുതല്ലോ ഇഡ്ഡലിയും ഇടിക്കട്ടയും ദോശയും പശയും എല്ലാം ഒന്നാണെന്ന് തോന്നിക്കുന്ന, സർവ്വവും മായയാണെന്ന് ഭക്തരെ ഓര്‍മ്മിപ്പിക്കുന്ന മാരക ടേസ്റ്റ്.

അധികം വൈകാതെ കൊച്ചിപ്പട എത്തിച്ചേര്‍ന്നു. ടീമം‌ഗങ്ങളെ ഒന്ന് പരിചയപ്പെടുത്തേണ്ടതുണ്ട്. ദേവൂട്ടൻ (ചോറൂണുകാരൻ), അവന്റെ ചേട്ടൻ (പേട്രോമാക്സ് പരുവം), ഇവരുടെ അമ്മ, സുനിതേച്ചി(ചോറൂണുകാരന്‍റെ അമ്മയുടെ ചേച്ചി), ഭൂകമ്പം റിക്ടർ സ്കെയ്ലിൽ എട്ടടിക്കുമ്പോൾ കസേരയുടെ കാലുറപ്പിക്കാൻ ചുറ്റിക തപ്പുന്ന ടൈപ്പ് ബലേട്ടൻ(സുനിതേച്ചിയുടെ ഹസ്)‍, ഇവരുടെ മക്കള്‍ രെണ്ടെണ്ണം(മെയ്‌ൽ ആന്റ് ഫീമെയ്‌ൽ ചാത്തൻ‌സ്), ഓടിക്കോ സുനാമി വരണൂ എന്ന് പറഞ്ഞാൽ ‘ബക്കറ്റിലിത്തിരി വെള്ളം പിടിച്ചേച്ച് വന്നേക്കാം മക്കളെ‘ എന്ന് പറയുന്ന ടൈപ് അമ്മൂമ്മ ഒരെണ്ണം(ബാലേട്ടന്‍റെ അമ്മ). അങ്ങനെ കോറം തികഞ്ഞ് എല്ലാവരും ആനക്കൊണ്ടയുടെ വാലറ്റത്ത് സ്ഥാനം പിടിച്ചു. നിന്നും നിരങ്ങിയും നീങ്ങുന്ന ക്യൂവില്‍ അര മണിക്കൂർ പിന്നിട്ടപ്പോൾ ശങ്ക കലശലായ അമ്മൂമ്മയെ കൂട്ടി മൂത്രപ്പുരയിലേക്ക് പോയത് ബാലേട്ടനാണ്. ഒരു പതിനഞ്ച് മിനുറ്റ് കഴിഞ്ഞപ്പോൾ കക്ഷി ഒരു മൂളിപ്പാട്ടൊക്കെ പാടി തിരികെയെത്തി, തനിയെ! അമ്മൂമ്മയെവിടെ എന്ന് ചോദിച്ചതിന് ഒരു നിമിഷം ബ്ലാങ്കായി നിന്നിട്ട് ഹീറോ ഹാപ്പിയായി പറഞ്ഞു, ‘മൂത്രോഴിച്ചിട്ട് എറങ്ങീപ്പോ അമ്മേടെ കാര്യം ഞാമ്മറന്ന് പോയി‘. ഭേഷ്! ഒരു ഇമാജിനറി റിവോൾവിങ് ലൈറ്റ് തലയിൽ ഫിറ്റ് ചെയ്ത് ബാലേട്ടനെ ട്രെയ്ലറാക്കി ജനത്തെ ഇടിച്ചുതെറിപ്പിച്ച് സുനിതേച്ചി മൂത്രപ്പുരയിലേക്ക് പാഞ്ഞു. സം‌ഭവസ്ഥലം അകവും പുറവും പരിസരവുമൊക്കെ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. കാര്യമുറപ്പിച്ചു, അമ്മൂമ്മ ഈസ് മിസ്സിങ്ങ്. ഈ ടൈമിങ്ങിനാണ് കാശ്. റെക്കോഡ് തിര‍ക്കിലാണ് ക്ഷേത്രപരിസരം. ഒരുപിടി മണ്ണിട്ടാല്‍ നിലത്ത് വീഴില്ല. എല്ലാവരും ഇനിയെന്ത് എന്ന പരിഭ്രമത്തിലായപ്പോള്‍ സുനിതേച്ചിയാണ് പറഞ്ഞത്. ആരും ക്യൂവില്‍ നിന്ന് മാറണ്ട. ബാലേട്ടന്‍ പുറത്തുതന്നെ നിന്ന് അന്വേഷണം തുടരട്ടെ. ചെറിയ തീയിലൊന്നും വാടുന്ന ഇനമല്ല അമ്മൂമ്മയെന്ന ആശ്വാസവുമുണ്ട്. മുക്കാല്‍ മണിക്കൂറോളം വിണ്ടും കടന്നുപോയി. ബാലേട്ടന്‍ വെറും കൈയ്യോടെ വന്നും പോയുമിരിക്കുന്നുണ്ട്. ക്യൂ ക്ഷേത്രത്തിന് സമീപമെത്തിയതോടെ എല്ലാവരുടെയും മൊബൈല്‍ ഫോണുകൾ ക്ലോക്ക് റൂമിൽ ഏൽ‌പ്പിക്കേണ്ടിയും വന്നു. അങ്ങനെ അകത്ത് കടന്നതോടെ ബാലേട്ടനുമായുള്ള ലൈവ് കമ്മ്യൂണീക്കേഷൻ മുറിഞ്ഞു.

പൂരത്തിരക്കാണ് ക്ഷേത്രത്തിനുള്ളിൽ. അസഹനീയമായ ചൂടിന് ബോണസായി ഉയര്‍ന്ന ഹ്യുമിഡിറ്റിയും. കവാടത്തിലെ തിക്കും തിരക്കും പല വെറൈറ്റി വിയർപ്പുകളുടെ മണവും ഗുണവും തൊട്ടറിയാനും ചിലപ്പോഴൊക്കെ രുചിച്ച് തന്നെ അറിയാനുമുള്ള അസുലഭാവസരമാണ്. എല്ലാം ഹൈന്ദവ വിയർപ്പുകളായതുകൊണ്ട് അശുദ്ധമില്ല എന്നതാണൊരാശ്വാസം. അകത്ത് കടന്നപ്പോൾ മലയാളവും തെലുങ്കും തമിഴും ശരണം വിളിയും വഴക്കും കുട്ടികളുടെ കരച്ചിലും എല്ലാമായി ഭക്തിസാന്ദ്രമായ അന്തരീക്ഷം. കുട്ടിക്ക് ചോറു കൊടുക്കാൻ ടോക്കൺ എടുക്കേണ്ടതുണ്ട്. അതിന് മറ്റൊരു ക്യൂവാണ്. ആനക്കൊണ്ടയല്ലെങ്കിലും രാജവെമ്പാല തന്നെ. വല്യളിയൻ ദൗത്യമേറ്റ് ടോക്കണെടുക്കാൻ പോയിരിക്കുന്നു. പരിചയമില്ലാത്ത തിരക്കും ചൂടുമൊക്കെക്കൊണ്ട് ചെറിയ കുട്ടികൾ കരച്ചിൽ ആരം‌ഭിച്ചിട്ടുണ്ട്. കുഞ്ഞുവാവകൾക്ക് പാല് കൊടുക്കാൻ പറ്റിയ ഒഴിഞ്ഞ സ്ഥലമുണ്ടോ എന്ന് നോക്കൂ എന്ന് ഭാര്യ. ശരിക്കൊന്ന് ശ്വാസം വിടണമെങ്കിൽ അമ്പലത്തിന്‍റെ ഒരു കിലോമീറ്റര്‍ ദൂരെയെത്തണം, പിന്നെയാണ് ഒഴിഞ്ഞ സ്ഥലം! ഒന്ന് കറങ്ങിനോക്കിയപ്പോൾ സ്ത്രീസാന്ദ്രത കൂടിയ ഒരിടം കണ്ടെത്തി. രണ്ട് വശം തുറന്ന ഒരു പഴയ എടുപ്പാണ്. അതിനുള്ളില്‍‌ത്തന്നെ ഒരു പ്രത്യേകഭാഗത്ത് ശര്‍ക്കരയിൽ ഈച്ച പൊതിഞ്ഞിരിക്കുന്നതുപോലെ കുറേ സ്ത്രീകള്‍ വിയർത്തൊലിച്ച് തൊട്ടുരുമിയിരിക്കുന്നു. ഇതെന്ത് കഥ എന്ന് അതിശയിച്ചപ്പോഴാണ് കണ്ടത്, മുകളിൽ തിരിഞ്ഞ് കളിക്കുന്ന ഒരു പങ്കയുടെ ചെറുകാറ്റാണ് തരുണികളുടെ ഒരുമക്ക് നിദാനം. എന്തായാലും കരച്ചിൽ ഉച്ചസ്ഥായിയിലാക്കിയ കുട്ടികളെയും സ്ത്രീജനങ്ങളെയും കൂട്ടിക്കൊണ്ടുവന്ന് പുതിയ ഷെല്‍ട്ടറിലാക്കി. അമ്മൂമ്മ മിസ് ആയിട്ടിപ്പോൾ രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ട്. ‘ബാലേട്ടനിപ്പോൾ ആളെ കണ്ടുപിടിച്ചിട്ടുണ്ടാകുമല്ലേ‘ എന്ന് ആരോ ചോദിച്ചത് ഒരാശ്വാസത്തിനാണ്. ‘ഹും, അങ്ങേരിപ്പോൾ എവിടെയെങ്കിലും പത്രം വായിച്ചിരിക്കുന്നുണ്ടാകും‘ എന്ന് സുനിതേച്ചിയുടെ മറുപടി. വിളിച്ച് നോക്കാനാണെങ്കിൽ മൊബൈലും കൈയ്യിലില്ല. പുറത്തിറങ്ങിയാൽ വീണ്ടും അകത്ത് കയറണമെങ്കിൽ ക്യൂ നിൽക്കണം. ഒടുവിൽ ചെവിയിൽ ചവീട് മൂളുന്ന ശല്യം സഹിക്കാതായപ്പോൾ ക്യൂ നിയന്ത്രിക്കുന്ന പോലീസുകാർ സുനിതേച്ചിക്ക് മാത്രം പുറത്ത് പോയിവരാനുള്ള അനുവാദം കൊടുത്തു.

പെട്ടന്നാണ് ഞങ്ങൾ നിന്നിരുന്ന ഭാഗത്ത് ആൾക്കൂട്ടത്തിന് ഒരു ചലനമുണ്ടായത്. ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ തന്ത്രിമാരുടെ സം‌ഘം ഈറനുമുടുത്തുള്ള വരവാണ്. തീണ്ടൽ ഒഴിവാക്കാനായി ‘വഴി വഴി‘ എന്ന് ഉറക്കെ വിളിച്ച് മുൻപിൽ നടന്നൊരാൾ വഴിയൊരുക്കുന്നു. ഭക്തർ ഭയഭക്തിബഹുമാനത്തോടെ ചിതറിമാറുന്നു, കുട്ടികളുടെ കണ്ണുകളിൽ പരിഭ്രമം. നനഞ്ഞ ഒറ്റമുണ്ടിലെ അശ്ലീല പ്രദർശനത്തിൽനിന്ന് സ്ത്രീകൾ മുഖം തിരിക്കുന്നു. ഇതിൽ ഏത് കൌപീനധാരിയാണാവോ സ്ത്രീകളുടെ ചുരിദാറിൽ ഗുരുവായൂരപ്പനുള്ള അനിഷ്ടം കണ്ടുപിടിച്ചത്!

ക്ലോക്ക് റൂമില്‍ നിന്നും മൊബൈലെടുത്ത് ബാലേട്ടനെ വിളിച്ച ശേഷം സുനിതേച്ചി തിരികെയെത്തി. അമ്മൂമ്മ ഇപ്പോഴും ഔട്ട് ഓഫ് റേഞ്ച് തന്നെ. ബാലേട്ടൻ സേർച്ച് തുടരുന്നുണ്ട്. ഇതിനകം അമ്മൂമ്മ ക്ഷേത്രത്തിനുള്ളിൽ കടന്നിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഞങ്ങളും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉയരം കുറഞ്ഞ അമ്മൂമ്മയെ ജനക്കൂട്ടത്തിനിടയിൽ തിരയുന്നതും ശ്രമകരം. തുലാഭാരത്തിനും ചോറൂണിനുമാണ് തിരക്കേറെ. തുലാഭാരം ഒന്നു കാണേണ്ട കാഴ്ച്ച തന്നെയാണ്. കൃത്യമായി പണമടച്ചാൽ തടിക്ക് സമം തൂക്കേണ്ട ഐറ്റം‌സ്- അരി, ശര്‍ക്കര, പഞ്ചാര തുടങ്ങി നാണയം വരെ- എല്ലാം പന്തലില്‍ റെഡി. അനിയന്ത്രിതമായ തിരക്ക് കാരണം ഏതാനം സെക്കന്‍റുകൾ മാത്രമേ ഓരോ വഴിപാടുകാരനും അനുവദിക്കുന്നുള്ളു. ആക്രിക്കടയിൽ പാട്ട തൂക്കുന്ന മട്ടിൽ ‍കാര്യങ്ങൾ നീക്കുന്ന ദേവസ്വം ജോലിക്കാർ തട്ടിൽ കയറിയിരിക്കുന്ന ഭക്തന്മാരോട് വഴിയിൽ തൂറാനിരിക്കുന്നവനോടുള്ള അനുഭാവം പോലും കാണിക്കാത്തത് സ്വാഭാവികം. പണം വാങ്ങി പുണ്യം വില്‍ക്കുന്ന കച്ചവടത്തിന്‍റെ അകവും പുറവും അറിയുന്നവരല്ലോ അവർ. അതല്ലെങ്കിൽ അരിക്കും പിണ്ണാക്കിനും പകരം തട്ടിൽ വെക്കാൻ സ്വർണ്ണവും വെള്ളിയുമായി വരട്ടെ- ഏത് കാട്ടുകള്ളനാണെങ്കിലും- മൂത്ത തന്ത്രിയടക്കം വന്ന് ഓച്ഛാനിച്ച് നില്‍ക്കും.

തുലാഭാരക്കാരുടെ തിരക്കില്‍‌നിന്നും പുറത്ത് ചാടിയപ്പോൾ കണ്ടത് മറ്റൊരു ദയനീയ കാഴ്ച്ചയാണ്. ഒരു കൽ‌മണ്ഡപത്തോട് ചേർന്ന തറയിൽക്കിടന്ന് ദീനമായി കരയുന്നു അമ്പതിന് മുകളില്‍ പ്രായമുള്ള ഒരു സ്ത്രീ. കുറച്ച്‌കൂടി ചെറുപ്പമായൊരുത്തി സമീപമിരുന്ന് വീശിക്കൊടുക്കുന്നുണ്ട്. കാര്യമന്വേഷിച്ചപ്പോൾ നെഞ്ചുവേദനയെന്ന് മറുപടി. കൂടെയുള്ളവർ ദര്‍‌ശനത്തിനായി പോയിരിക്കുന്നു. അവർ വന്നിട്ട് ജീവനുണ്ടെങ്കിൽ ചികിത്സയേക്കുറിച്ച് ആലോചിക്കാം. മറിച്ചായാൽ മക്കൾ വഴിയാധാരമാകുമെങ്കിലും കണ്ണന്‍റെ സവിധത്തിലായതുകൊണ്ട് ആത്മാവിന് മോക്ഷമുറപ്പ്.
ഓരൊ കൊല്ലവും ഗുരുവായൂരും ശബരിമലയും വേളാങ്കണ്ണിയും പോലുള്ള തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് ഉറക്കമൊഴിച്ചുള്ള യാത്രക്കിടയിൽ റോഡുകളിൽ പൊലിയുന്ന ജീവനുകൾ എത്രയുണ്ടാകും. ശാന്തി തേടി തങ്ങളുടെ സവിധത്തിലേക്ക് ശരണം വിളിച്ചെത്തുന്ന ഭക്തരുടെ പ്രാണൻ കാക്കാനുള്ള സാമാന്യ മര്യാദ പോലും ഈ ദൈവങ്ങൾ കാണിക്കാത്തതെന്ത്!
(തുടരും)
ഈ പോസ്റ്റിന്‍റെ ബാക്കി ഭാഗം ഇവിടെ വായിക്കാം
സോറി. ഒരു ചെറുകുറിപ്പിൽ അധികം ഉദ്ദേശിച്ചിരുന്നതല്ല. എഴുതിവന്നപ്പോൾ റബ്ബർ ബാൻഡ് പോലെ നീണ്ടു പോയി. ബാക്കി ഭാഗം മറ്റൊരു പോസ്റ്റാക്കിയിടാം.